Thursday, March 31, 2011

നിയമസഭാ തെരഞ്ഞെടുപ്പും രാഷ്ട്രീയ പ്രശ്നങ്ങളും - മൂന്നാം ഭാഗം

ഒന്നാം ഭാഗം, രണ്ടാം ഭാഗം

ബദല്‍നയങ്ങളുമായി എല്‍ഡിഎഫ്

സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന ആഗോളവല്‍ക്കരണ നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. അതേ നയങ്ങള്‍ സ്വീകരിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കേരളം ഭരിച്ചത്. കേരളം അന്നേവരെയുണ്ടാക്കിയ നേട്ടങ്ങള്‍ തകര്‍ക്കാനാണ് ആ സര്‍ക്കാര്‍ ശ്രമിച്ചത്. കര്‍ഷക ആത്മഹത്യകള്‍ നിത്യസംഭവമായി. പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലായി എന്നു മാത്രമല്ല, അവ സ്വകാര്യവല്‍ക്കരിക്കാനും ശ്രമം നടന്നു. ക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശികയായി. പരമ്പരാഗത വ്യവസായമേഖല തകര്‍ന്നു. കടലോരം വറുതിയിലായി. നിയമനങ്ങള്‍ നിരോധിച്ചു. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നു. കേരളത്തിന്റെ വിശ്വപ്രസിദ്ധമായ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെ തളര്‍ത്തി. എസ്എസ്എല്‍സി പരീക്ഷയും എന്‍ട്രന്‍സ് പരീക്ഷയും അട്ടിമറിക്കപ്പെട്ടു. അധികാര വികേന്ദ്രീകരണത്തിന് തുരങ്കംവച്ചു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വൈദ്യുതി മിച്ച സംസ്ഥാനമാക്കിയ കേരളത്തില്‍ പവര്‍കട്ടും ലോഡ്ഷെഡ്ഡിങ്ങും കൊണ്ടുവന്നു. മതസൌഹാര്‍ദത്തിന് പേരുകേട്ട നമ്മുടെ സംസ്ഥാനത്ത് വര്‍ഗീയസംഘര്‍ഷങ്ങളില്‍ 18 പേര്‍ കൊല്ലപ്പെട്ടു. നഗരങ്ങള്‍ മാഫിയാ സംഘങ്ങളുടെ കൈകളിലായി. പെണ്‍വാണിഭസംഘങ്ങള്‍ നാട്ടില്‍ വട്ടമിട്ടു പറന്നു. മുത്തങ്ങയില്‍ ആദിവാസികള്‍ക്കു നേരെ വെടിവയ്പുണ്ടായി. തൃക്കുന്നപ്പുഴ സെമിനാരിയില്‍ കയറി പൊലീസ് അതിക്രമം നടത്തി. തിരുവനന്തപുരം ജില്ലയിലെ കിള്ളിയില്‍ പൊലീസ് അഴിഞ്ഞാടി. അഴിമതി സാര്‍വത്രികമാകുന്ന നിലയുണ്ടായി. സാമ്പത്തികപ്രതിസന്ധിയില്‍ കേരളം നട്ടംതിരിഞ്ഞു.

ആഗോളവല്‍ക്കരണനയങ്ങളുടെ ഭാഗമായി തകര്‍ന്ന കേരളത്തെ രക്ഷിക്കുക എന്ന ദൌത്യമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ആഗോളവല്‍ക്കരണ നയസമീപനങ്ങള്‍ക്കു ബദലായി ജനകീയ വികസനനയം മുന്നോട്ടുവച്ചു. അതിന്റെ ഫലമായി വിവിധ മേഖലകളില്‍ പുത്തന്‍ ഉണര്‍വ് ദൃശ്യമായി. കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതായി. ഇന്ത്യക്കാകമാനം മാതൃകയായ കാര്‍ഷിക കടാശ്വാസ നിയമം നടപ്പാക്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ മുന്നൂറോളം കോടി രൂപ ലാഭത്തിലായി എന്നു മാത്രമല്ല, പുതിയ വ്യവസായസ്ഥാപനങ്ങള്‍ ഈ മേഖലയില്‍ ആരംഭിക്കുകയുംചെയ്തു. പരമ്പരാഗതമേഖലയില്‍ റിബേറ്റ് പുനഃസ്ഥാപിച്ചു. മത്സ്യ കടാശ്വാസനിയമം നടപ്പാക്കി തൊഴിലാളികളുടെ ആനുകൂല്യങ്ങളും ക്ഷേമ പെന്‍ഷനുകളും വിതരണംചെയ്തു. പെന്‍ഷനുകള്‍ മൂന്നിരട്ടിയിലേറെയായി വര്‍ധിപ്പിച്ചു. നിയമനനിരോധം എടുത്തുമാറ്റി. ഒന്നരലക്ഷം പേര്‍ക്ക് പിഎസ്സി മുഖാന്തരം നിയമനം നല്‍കി. യുഡിഎഫ് കവര്‍ന്നെടുത്ത ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തിരിച്ചുനല്‍കി. അധികാര വികേന്ദ്രീകരണ പ്രക്രിയ ശക്തിപ്പെടുത്തി. പവര്‍കട്ടും ലോഡ് ഷെഡ്ഡിങ്ങും ഒഴിവാക്കി. വര്‍ഗീയസംഘര്‍ഷങ്ങള്‍ ഇല്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റി. ഗുണ്ടകളെ ഒതുക്കാന്‍ ഗുണ്ടാ ആക്ട് കൊണ്ടുവന്നു. പെണ്‍വാണിഭസംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു. ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്തി. ധനമാനേജ്മെന്റ് കാര്യക്ഷമമായി നടപ്പാക്കി സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു കേരളത്തെ രക്ഷപ്പെടുത്താനുള്ള നയസമീപനം സ്വീകരിച്ചു. പൊതുവിദ്യാഭ്യാസത്തെയും ആരോഗ്യത്തെയും ശക്തിപ്പെടുത്തുന്നതിനുള്ള നയങ്ങള്‍ നടപ്പാക്കി. പുതിയ ആശുപത്രി കെട്ടിടങ്ങള്‍, ആധുനിക ഉപകരണങ്ങള്‍, സ്റാഫിന്റെ എണ്ണത്തിലുള്ള വര്‍ധന, മെഡിക്കല്‍ കോര്‍പറേഷന്‍ വഴിയുള്ള മരുന്ന് വിതരണം എന്നിവയെല്ലാം ആരോഗ്യമേഖലയില്‍ ഉണര്‍വിന്റെ അന്തരീക്ഷം രൂപപ്പെടുത്തി.

പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ന്നതിന്റെ തെളിവാണ് എസ്എസ്എല്‍സി പരീക്ഷയിലെ വിജയശതമാനത്തിലുണ്ടായ വര്‍ധന. 2002ല്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് മോഡറേഷന്‍ ഇല്ലാതെ വിജയിച്ചവര്‍ 42.89 ശതമാനം ആയിരുന്നെങ്കില്‍ 2010ല്‍ മോഡറേഷനില്ലാതെ ജയിച്ചവര്‍ 90.72 ശതമാനമായി. ഉന്നത വിദ്യാഭ്യാസരംഗത്തെ നിക്ഷേപത്തില്‍ വന്‍ വര്‍ധന ഇക്കാലത്തുണ്ടായി. 2005-06ല്‍ 790.34 കോടി രൂപയായിരുന്നു ഉന്നത വിദ്യാഭ്യാസരംഗത്ത് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ ധനസഹായം. എന്നാല്‍, 2010-11 ആകുമ്പോള്‍ അത് 2300 കോടി രൂപയായി എല്‍ഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. 4000 കോടി രൂപയുടെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആരംഭിക്കുകയുംചെയ്തു. ഭക്ഷ്യസബ്സിഡി ഇനത്തില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പ്രതിവര്‍ഷം 34 കോടി രൂപ ചെലവഴിച്ചിടത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ചത് 235 കോടി രൂപയാണ്. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ഈ നയം നടപ്പാക്കുമ്പോള്‍ അതിന്റെ ഭാരം ആരുടെയും ചുമലില്‍ കയറ്റിവയ്ക്കുന്നതിന് സര്‍ക്കാര്‍ തയ്യാറായില്ല. പകരം നികുതിപിരിവ് കാര്യക്ഷമമാക്കി ഖജനാവ് ശക്തിപ്പെടുത്തി. 7000 കോടി രൂപയായിരുന്നു യുഡിഎഫിന്റെ കാലത്തെ നികുതിവരുമാനമെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അത് 16,000 കോടി രൂപയാക്കി വര്‍ധിപ്പിച്ചു. ട്രഷറി അടച്ചുപൂട്ടാത്ത സ്ഥിതി സംസ്ഥാനത്ത് സംജാതമാക്കി.

വിവിധമേഖലകളില്‍ സംസ്ഥാനസര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ കേന്ദ്രസര്‍ക്കാരും മറ്റ് ഏജന്‍സികളും അംഗീകരിക്കുന്ന നിലയുണ്ടായി. അഖിലേന്ത്യാതലത്തില്‍ നിരവധി അവാര്‍ഡുകള്‍ കേരളത്തിന് ലഭിച്ചു. അധികാരവികേന്ദ്രീകരണം, ക്രമസമാധാനം, ശുദ്ധജലവിതരണം, സര്‍വശിക്ഷാ അഭിയാന്‍, ഊര്‍ജസംരക്ഷണ പ്രവര്‍ത്തനം, ശുചിത്വപരിപാലനം, വനസംരക്ഷണം, രാഷ്ട്രീയ സ്വാസ്ഥ്യ ഭീമാ യോജന, ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് ഏകജാലകം, സോഫ്റ്റ്വെയര്‍ വികസനം, നികുതിവകുപ്പിലെ ഇ-ഗവേണന്‍സ്, ടൂറിസം തുടങ്ങിയ മേഖലകളില്‍ അവാര്‍ഡ് ലഭിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയെ കണ്ട് അവാര്‍ഡുകള്‍ നല്‍കരുതെന്നു പറയുന്ന നില വരെയുണ്ടായി. എല്ലാ മേഖലയിലും മുന്നേറ്റമുണ്ടാക്കിയതുകൊണ്ടുതന്നെ കേരളത്തിലെ പ്രതിപക്ഷത്തിന് ഈ സര്‍ക്കാരിനെതിരെ രംഗത്തിറങ്ങാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ തങ്ങള്‍ മൃദുസമീപനം മാറ്റുകയാണെന്ന് പ്രഖ്യാപിച്ച് ഇല്ലാ കഥകളുമായി യുഡിഎഫ് രംഗത്തിറങ്ങിയത്. സാംസ്കാരിക കേരളത്തിന് അപമാനമുണ്ടാക്കുന്നവിധം കള്ളക്കഥകള്‍ മെനയുന്നതിനുവേണ്ടി ഒരു കമ്മിറ്റിതന്നെ ഉണ്ടാക്കിയ സംഭവത്തിനും കേരളം സാക്ഷ്യം വഹിച്ചു.

തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന രാഷ്ട്രീയപ്പാര്‍ടികളും കൂട്ടുകെട്ടുകളും തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ നടപ്പാക്കുന്ന പരിപാടികള്‍ വിശദീകരിച്ച് പ്രകടനപത്രിക ഇറക്കാറുണ്ട്. അതിലെ കാര്യങ്ങളാണ് പൊതുവില്‍ നടപ്പാക്കുക. അവ നടപ്പാക്കിയില്ല എന്ന ആക്ഷേപവും ഉയര്‍ന്നുവരാറുണ്ട്. എന്നാല്‍, അതിനെയെല്ലാം മറികടന്നുകൊണ്ട് പ്രകടനപത്രികയില്‍ പറഞ്ഞതിനേക്കാളേറെ കാര്യങ്ങള്‍ നടപ്പാക്കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. ക്ഷേമനിധി പെന്‍ഷനുകള്‍ 200 രൂപയാക്കാമെന്നായിരുന്നു വാഗ്ദാനം. അത് 400 രൂപയാക്കി ഉയര്‍ത്തുകയാണ് ചെയ്തത്. ബിപിഎല്‍ ലിസ്റിലുള്ളവര്‍ക്ക് സൌജന്യനിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണംചെയ്യുന്ന കാര്യമേ പറഞ്ഞിരുന്നുള്ളൂ. എന്നാല്‍, എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കുന്നതിന് സര്‍ക്കാര്‍ തയ്യാറായി. ഗ്രാമീണമേഖലയിലെ തൊഴിലുറപ്പിനെക്കുറിച്ചാണ് പ്രകടനപത്രിക പറഞ്ഞിരുന്നതെങ്കില്‍ അത് നഗരത്തില്‍ക്കൂടി വ്യാപിപ്പിച്ചു. നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിക്കുമെന്നായിരുന്നു പറഞ്ഞത്. അത് ഏഴു രൂപയില്‍നിന്ന് 14 രൂപയായി ഇരട്ടിപ്പിച്ചു. നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച നല്‍കുന്ന കാര്യപരിപാടിയുമായാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കാര്‍ഷിക-വ്യാവസായിക മേഖല ശക്തിപ്പെടുത്താനും സാമൂഹ്യസുരക്ഷാ സമ്പ്രദായങ്ങള്‍ കാര്യക്ഷമമാക്കാനുമുള്ള കാര്യപരിപാടിയാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. എല്ലാ ക്ഷേമപെന്‍ഷനുകളും വാര്‍ധക്യകാല പെന്‍ഷനും 1000 രൂപയാക്കുകയും ക്ഷേമപെന്‍ഷനുകള്‍ ഇല്ലാത്ത എല്ലാവര്‍ക്കും അതിന്റെ നാലിലൊന്ന് പെന്‍ഷനെങ്കിലും നല്‍കുകയുംചെയ്യും. എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കുന്നതിനുള്ള പദ്ധതി അതിലുണ്ട്. പാവപ്പെട്ടവരെയെല്ലാം ബിപിഎല്‍ ആയി പരിഗണിക്കും.
ആരാധനാലയങ്ങളിലെ ജീവനക്കാര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും വിഭാവനം ചെയ്യുന്ന എല്‍ഡിഎഫ് പ്രകടനപത്രിക വിശ്വാസികളുടെ താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണനയാണ് നല്‍കുന്നത്. തീരദേശത്ത് 5000 കോടി രൂപയുടെ പ്രത്യേക പാക്കേജ് മുന്നോട്ടു വയ്ക്കുന്നു. പ്രവാസികളുടെ ക്ഷേമത്തിനായി കോര്‍പറേഷന്‍ രൂപീകരിക്കും. നെല്‍കൃഷി ശക്തിപ്പെടുത്തുന്നതിന് അരിശ്രീപദ്ധതി, മലയോരകര്‍ഷകര്‍ക്ക് പട്ടയം, പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണം, കേരള റീട്ടെയില്‍ എന്ന പുതിയ ബ്രാന്‍ഡ്, ജലവൈദ്യുതപദ്ധതിയെയും പാരമ്പര്യേതര ഊര്‍ജത്തെയും വികസിപ്പിക്കുന്നതിനുള്ള പദ്ധതി എന്നിവ പ്രകടനപത്രികയിലുണ്ട്. പൊതുമേഖലയിലെ ഉല്‍പ്പാദനശേഷി അഞ്ചിരട്ടിയാക്കും. ഒപ്പം സ്വകാര്യമൂലധനത്തെ ആകര്‍ഷിക്കും. ഐടി-ബിടി, ടൂറിസം തുടങ്ങിയ പുത്തന്‍ വികസനമേഖലകളുടെ വികാസവും പ്രകടനപത്രിക ലക്ഷ്യംവയ്ക്കുന്നു. പാവപ്പെട്ടവര്‍ക്ക് മുഴുവന്‍ സൌജന്യ ചികിത്സ ഉറപ്പു വരുത്തുന്ന പദ്ധതികളാണ് ആരോഗ്യമേഖലയ്ക്കായി വിഭാവനം ചെയ്തിട്ടുള്ളത്. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക, മാതൃഭാഷാ പഠനത്തിന് പ്രോത്സാഹനം നല്‍കുക എന്നിവയ്ക്കും ഊന്നല്‍ നല്‍കിയിട്ടുണ്ട്. സേവനാവകാശ നിയമം കൊണ്ടുവന്ന് സിവില്‍ സര്‍വീസിനെ ജനകീയതാല്‍പ്പര്യത്തിന് അനുയോജ്യമായി മാറ്റിത്തീര്‍ക്കും. അതില്‍ സര്‍ക്കാരിന് ലഭിക്കുന്ന വിവിധങ്ങളായ നിവേദനങ്ങള്‍ അവയുടെ സ്വഭാവമനുസരിച്ച് നിശ്ചിത സമയത്തിനുള്ളില്‍ തീര്‍പ്പ് കല്‍പ്പിച്ച് പരാതിക്കാരനെ അറിയിക്കണമെന്ന് വ്യവസ്ഥചെയ്യുന്നു. അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്തും. പൊലീസിന് നല്‍കിയ പരാതിയിന്മേല്‍ എടുത്ത നടപടി പൊതുജനങ്ങളെ അറിയിക്കുന്നതിന് ഡിജിറ്റല്‍ പെറ്റീഷന്‍ മോണിറ്ററിങ് സംവിധാനം കൊണ്ടുവരും. പൊതുപ്രവര്‍ത്തകരെക്കുറിച്ചും അവരുടെ സ്വത്തുവിവരങ്ങളെക്കുറിച്ചും ജനങ്ങള്‍ക്ക് സുതാര്യവും വിശ്വാസയോഗ്യവുമായ വിവരം ലഭിക്കുന്നതിന് കേരള ലോകായുക്താനിയമത്തിലും ചട്ടങ്ങള്‍ക്കും ആവശ്യമായ പരിഷ്കാരങ്ങളും നടപ്പാക്കി പൊതു ജീവിതത്തിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടാനുള്ള നിയമത്തിന്റെ രൂപീകരണവും പ്രകടനപത്രിക വിഭാവനംചെയ്യുന്നുണ്ട്.

ഓരോ സമുദായത്തിനും അര്‍ഹതപ്പെട്ട സംവരണാനുകൂല്യങ്ങള്‍ ഉറപ്പുവരുത്തും. അതോടൊപ്പം മുന്നോക്കസമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണവും നടപ്പാക്കുന്നതിന് ഇടപെടും. ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതിവിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കും. ഈ സര്‍ക്കാരിന്റെ ഇടപെടലിന്റെ ഫലമായി നേട്ടമുണ്ടാകാത്ത ഒരു കുടുംബംപോലും കേരളത്തില്‍ ഉണ്ടാകില്ലെന്ന് അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും പറയാനാകും. ഈ വികസന ക്കുതിപ്പ് തുടരുന്നതിന് ഭരണത്തുടര്‍ച്ച സംസ്ഥാനത്ത് അനിവാര്യമാണ്. അതിനായി ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണം എന്നാണ് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നത്.

പിണറായി വിജയന്‍ ദേശാഭിമാനി 310311

1 comment:

  1. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന ആഗോളവല്‍ക്കരണ നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. അതേ നയങ്ങള്‍ സ്വീകരിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കേരളം ഭരിച്ചത്. കേരളം അന്നേവരെയുണ്ടാക്കിയ നേട്ടങ്ങള്‍ തകര്‍ക്കാനാണ് ആ സര്‍ക്കാര്‍ ശ്രമിച്ചത്. കര്‍ഷക ആത്മഹത്യകള്‍ നിത്യസംഭവമായി. പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലായി എന്നു മാത്രമല്ല, അവ സ്വകാര്യവല്‍ക്കരിക്കാനും ശ്രമം നടന്നു. ക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശികയായി. പരമ്പരാഗത വ്യവസായമേഖല തകര്‍ന്നു. കടലോരം വറുതിയിലായി. നിയമനങ്ങള്‍ നിരോധിച്ചു. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നു. കേരളത്തിന്റെ വിശ്വപ്രസിദ്ധമായ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെ തളര്‍ത്തി. എസ്എസ്എല്‍സി പരീക്ഷയും എന്‍ട്രന്‍സ് പരീക്ഷയും അട്ടിമറിക്കപ്പെട്ടു. അധികാര വികേന്ദ്രീകരണത്തിന് തുരങ്കംവച്ചു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വൈദ്യുതി മിച്ച സംസ്ഥാനമാക്കിയ കേരളത്തില്‍ പവര്‍കട്ടും ലോഡ്ഷെഡ്ഡിങ്ങും കൊണ്ടുവന്നു. മതസൌഹാര്‍ദത്തിന് പേരുകേട്ട നമ്മുടെ സംസ്ഥാനത്ത് വര്‍ഗീയസംഘര്‍ഷങ്ങളില്‍ 18 പേര്‍ കൊല്ലപ്പെട്ടു. നഗരങ്ങള്‍ മാഫിയാ സംഘങ്ങളുടെ കൈകളിലായി. പെണ്‍വാണിഭസംഘങ്ങള്‍ നാട്ടില്‍ വട്ടമിട്ടു പറന്നു. മുത്തങ്ങയില്‍ ആദിവാസികള്‍ക്കു നേരെ വെടിവയ്പുണ്ടായി. തൃക്കുന്നപ്പുഴ സെമിനാരിയില്‍ കയറി പൊലീസ് അതിക്രമം നടത്തി. തിരുവനന്തപുരം ജില്ലയിലെ കിള്ളിയില്‍ പൊലീസ് അഴിഞ്ഞാടി. അഴിമതി സാര്‍വത്രികമാകുന്ന നിലയുണ്ടായി. സാമ്പത്തികപ്രതിസന്ധിയില്‍ കേരളം നട്ടംതിരിഞ്ഞു.

    ReplyDelete