ഏപ്രില്‍ പതിമൂന്നിന് നടക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു നയങ്ങളും സമീപനങ്ങളുമാണ് ഏറ്റുമുട്ടുന്നത്. സത്യവും അസത്യവും, നീതിയും അനീതിയും, ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള യുദ്ധമാണ് ഈ ജനാധിപത്യ മാമാങ്കത്തില്‍ അരങ്ങേറുന്നത്.
രണ്ട് ഭരണ സംവിധാനങ്ങളുടെ താരതമ്യമാണ് ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ നടത്തുവാന്‍ പോകുന്നത്. 2001 മുതല്‍ 2006വരെ കേരളത്തില്‍ നിലവിലിരുന്ന യു ഡി എഫ് ഭരണ സംവിധാനത്തേയും 2006 മുതല്‍ 2011 വരെ ഭരണം തുടര്‍ന്ന ഇടതുപക്ഷ ഭരണത്തേയും തുലനം ചെയ്തുകൊണ്ടായിരിക്കും കേരളത്തിലെ സാധാരാണ സമാന്യ ജനവിഭാഗം ഇലക്‌ട്രോണിക് വോട്ടിംഗ് മെഷിനുകളെ അഭിമൂഖീകരിക്കുന്നത്.
ലോകത്തെ ഞെട്ടിപ്പിക്കുന്ന അഴിമതി രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അരങ്ങേറിയതിന്റെ വ്യക്തമായ വസ്തുതകള്‍ ജനങ്ങളുടെ മുന്നില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. യു പി എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്കാകെ മൂന്ന് രൂപയ്ക്ക് അരി നല്‍കുമെന്ന് വാഗ്ദാനം നല്‍കുന്ന പ്രകടന പത്രിക അവതരിപ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് പൊതുതിരഞ്ഞെടുപ്പില്‍ വോട്ട് അഭ്യര്‍ഥിച്ചത്. അധികാരത്തില്‍ യു പി എ എത്തിച്ചേര്‍ന്നെങ്കിലും ആ പ്രകടന പത്രികാ വാഗ്ദാനം സാക്ഷാത്കരിക്കുവാന്‍ ഞൊടിയിടപോലും സന്നദ്ധമായില്ല.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മുന്നു രൂപക്ക് അരി നല്‍കാന്‍ രാജ്യത്തിന്റെ ഖജനാവില്‍ പണം ഇല്ലെന്നാണ് മന്‍മോഹന്‍ സിംഗും സോണിയാ ഗാന്ധിയും പിന്നീട് പ്രഖ്യാപിച്ചത്. രാജ്യത്തിലെ 78 ശതമാനം മനുഷ്യര്‍ പ്രതിദിനം എട്ട് രൂപയ്ക്കും ഇരുപത് രൂപയ്ക്കും ഇടയില്‍ വരുമാനമുള്ളവരാണെന്ന് കണ്ടെത്തിയത് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നിയോഗിച്ച അര്‍ജുന്‍ സിംഗ് ഗുപ്ത കമ്മിഷനാണ്. ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാത്ത പണമാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന മനുഷ്യരുടെ വരുമാനം.
സ്വാതന്ത്ര്യലബ്ദിക്ക് 64 സംവത്സരങ്ങള്‍ പ്രായം ചെല്ലുമ്പോഴും ഇന്ത്യ വെളിച്ചമില്ലാത്ത, ഭക്ഷണമില്ലാത്ത , അക്ഷര സൗഹൃദമില്ലാത്ത രാജ്യമായി കഴിഞ്ഞുകൂടുകയാണ്. രാജ്യത്തിന്റെ ഭരണാധികാരികള്‍ ഇത്തരം മൗലികമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നില്ല എന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി കണ്ട മഹാസ്വപ്നം സ്വാശ്രയത്വത്തിലും സ്വയംപര്യപ്തതയിലും അധിഷ്ടിതമായ ഇന്ത്യയെ ആയിരുന്നു. ഗാന്ധിജിയുടെ സ്വപ്നം സഫലീകരിക്കുവാനായില്ല. ദാരിദ്ര്യ രഹിതവും സമ്പൂര്‍ണ ക്ഷേമമാര്‍ന്നതുമായ ഇന്ത്യ സ്വതന്ത്ര്യത്തിന്റെ അറുപത്തി നാലാം വര്‍ഷത്തിലും ഇന്ത്യയ്ക്ക് കേവലം കിനാവ് മാത്രമാണ്.
തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങള്‍ പെരുമഴയായി പെയ്യിക്കുക കോണ്‍ഗ്രസിന്റേയും അവര്‍ നേതൃത്വം നല്‍കുന്ന യു ഡി എഫിന്റേയും പതിവ് പരിപാടിയാണ്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്കാകെ ഒരു രൂപയ്ക്ക് അരി എന്ന വാഗ്ദാനം യു ഡി എഫ് വോട്ട് പിടിക്കുന്നതിനായി ജനങ്ങള്‍ക്ക് മുന്‍പാകെ അവതരിപ്പിച്ചിട്ടുണ്ട്. എ പി എല്‍ വിഭാഗക്കാര്‍ക്ക് രണ്ട് രൂപയ്ക്ക് അരി എന്ന വാഗ്ദാനവും പ്രകടന പത്രികയിലൂടെ യു ഡി എഫ് മുന്നോട്ട് വച്ചിട്ടുണ്ട്. പ്രകടന പത്രികാ വാഗ്ദാനങ്ങള്‍ യു ഡി എഫിന് കേവലം തമാശകളാണെന്ന് എത്രയോ കാലമായി വ്യക്തമായിട്ടുള്ളതാണ്. വാഗ്ദാനം നല്‍കുകയും അധികാരത്തിലെത്തിയാല്‍ പ്രകടന പത്രികാ വാഗ്ദാനങ്ങല്‍ മറക്കുകയും ചെയ്യുക എന്നത് യു ഡി എഫിന്റെ പതിവ് ശീലമാണ്. രണ്ടാം യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും നല്‍കിയിരുന്ന വാഗ്ദാനം തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ 35 കിലോ അരി മൂന്ന് രൂപാ നിരക്കില്‍ വിതരണം ചെയ്യുമെന്നായിരുന്നു. പാവപ്പെട്ട മനുഷ്യര്‍ക്ക് ആവിധം അരി വിതരണം ചെയ്തില്ലെന്ന് മാത്രമല്ല കര്‍ഷക തൊഴിലാളി ക്ഷേമ പെന്‍ഷനുകളുടെ വിതരണം അസ്ഥിരപ്പെടുത്തുകയും ചെയ്തു.
ജനസമൂഹത്തെയാകെ കബളിപ്പിക്കുകയും അവരുടെ കണ്ണില്‍ പൊടിവാരിയിടുകയും ചെയ്യുക എന്നത് യു ഡി എഫ് നയമാണെങ്കിലും അതിനെതിരായി ഫലപ്രദമായ നിലപാടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇത്തരുണത്തില്‍ കൈക്കൊണ്ടത് എന്നത് വ്യക്തമാണ്.
എല്ലാപേര്‍ക്കും വീട് എല്ലാവര്‍ക്കും ഭൂമി എന്ന മഹനീയ ലക്ഷ്യത്തിലേയക്കാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ കുതിക്കുന്നത്. ഐശ്വര്യ സമ്പൂര്‍ണമായ കേരളം എന്ന വാഗ്ദാനം ഇടതുപക്ഷ ജനാധിപത്യ മുന്നണി എക്കാലവും മുന്നോട്ട് വച്ചിരുന്നതാണ്. എല്ലാ വീടുകളിലും വൈദ്യതി എന്ന സ്വപ്‌നസാക്ഷാത്ക്കാരം ഇടതുമുന്നണി യാഥാര്‍ത്യമാക്കിയെങ്കിലും എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും വീട് എന്ന യാഥാര്‍ത്യത്തിലേക്ക് കേരള സംസ്ഥാനം നടന്നുകയറുകയാണ്.
രണ്ട് സര്‍ക്കാരുകളുടേയും രണ്ട് മുന്നണികളുടേയും നയ സമീപനങ്ങളെ കുറിച്ചുള്ള താരതമ്യ പഠനമായിരിക്കും ജനങ്ങള്‍ നടത്തുക. 2001 മുതല്‍ 2006 വരെയുള്ള യു ഡി എഫ് ഭരണത്തില്‍ കേരളം അക്ഷരാര്‍ഥത്തില്‍ ശവപറമ്പായി മാറുകയായിരുന്നു.
1500ലേറെ കര്‍ഷകര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്ത കാലഘട്ടമായിരുന്നു അത്. എല്ലാ പ്രഭാതങ്ങളിലും മലയാളികള്‍ പത്രങ്ങളെ അഭിമുഖീകരിച്ചത് ഹൃദയവേദനയോടെയും കണ്ണീരോടെയും ആയിരുന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് വിഷം കൊടുത്ത ശേഷം ആത്മഹത്യയെ വരിച്ച രക്ഷിതാക്കളുടെ ദുരന്തകാലമായിരുന്നു യു ഡി എഫ് ഭരണകാലം. കര്‍ഷക സമൂഹത്തെ അപമാനിക്കുകയും ആത്മഹത്യയിലേയ്ക്ക് ആനയിക്കുകയും ചെയ്ത യു ഡി എഫ് ഭരണം നിന്ദ്യവും നിഷേധാത്മകവുമായ സമീപനമാണ് കര്‍ഷകരോട് തുടര്‍ന്നിരുന്നത്. കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ ഇല്ലെന്നും ആത്മഹത്യ ചെയ്യുന്നവര്‍ മാനസിക നില തെറ്റിയവരെന്നുമായിരുന്നു അന്നത്തെ ഭരണപക്ഷത്തിന്റെ ഭാഷ്യം. എന്നാല്‍ കേരളം വേദനയോടെ അനുഭവിച്ചറിഞ്ഞത് ആത്മാഹൂതിയെ അനുദിനം അഭിമുഖീകരിച്ച കര്‍ഷക സമൂഹത്തെയാണ്. അത്തരം ഒരു ഘട്ടത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിന്റെ അധികാരസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. ഇന്ന് ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യകള്‍ ഇല്ലാത്ത ഏക സംസ്ഥാനമായി കേരളത്തെ മാറ്റിത്തീര്‍ക്കുവാന്‍ ഇടതുപക്ഷ ഭരണ സംവിധാനത്തിന് കഴിഞ്ഞു. ആത്മഹത്യാമുനമ്പില്‍ നിന്ന് കര്‍ഷക സമൂഹത്തെ ജീവിതത്തിന്റെ വെള്ളിവെളിച്ചം വിതറുന്ന പ്രത്യാശ ലോകത്തിലേയ്ക്ക് നയിക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് കഴിഞ്ഞു. കര്‍ഷകരുടെ വായ്പകളാകെ എഴുതിതള്ളുകയും പലിശ രഹിത വായ്പ ഉറപ്പുവരുത്തുകയും ചെയ്തത് ഇടതുപക്ഷ മുന്നണി സര്‍ക്കാരാണ്. ചെണ്ടകൊട്ടിയുള്ള ജപ്തി അവസാനിപ്പിച്ചതും രാജ്യത്തിന്റെ ഇതപര്യന്തമുള്ള ചരിത്രത്തില്‍ ഇദംപ്രദമമായി കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ നിലവില്‍ വന്നതും ഇടതുപക്ഷ മുന്നണി സര്‍ക്കാരിന്റെ കര്‍ഷക അനുകൂല സമീപനത്തിന്റെ ഭാഗമായിട്ടായിരുന്നു. ഇത്തരം നയ സമീപനങ്ങള്‍ പ്രത്യാശ നഷ്ടപ്പെട്ട് ആത്മഹത്യാ മുനമ്പിലെത്തിയ കര്‍ഷക സമൂഹത്തിന് താങ്ങും തണലുമായി ഒരു സര്‍ക്കാരുണ്ടെന്ന്, ഒരു പ്രസ്ഥാനമുണ്ടെന്ന് തിരിച്ചറിവുണ്ടാക്കി.
യു ഡി എഫ് ഭരണത്തിലെ കേരളത്തിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിന്റെ ശാപകടലില്‍ പെട്ടുപോയിരുന്നു. പൊതുമേഖലാ വ്യവസായങ്ങളെ വിറ്റ് തുലച്ച് കൈകഴുകണമെന്നും അതുവഴി സംസ്ഥാന ഖജനാവിനെ രക്ഷപ്പെടുത്തണമെന്നുമായിരുന്നു യു ഡി എഫിന്റെ വാദം. ചൗധരി കമ്മിഷനെ നിയോഗിച്ച് പൊതുമേഖലാ വ്യവസായങ്ങളെ സ്വകാര്യ കുത്തക മുതലാളിമാര്‍ക്ക് വിറ്റ് രക്ഷ നേടണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെയ്ക്കുകയും ചെയ്തു. എന്നാല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണത്തിന്‍ കീഴില്‍ പൊതുമേഖലാ വ്യവസായങ്ങളാലെ ലാഭത്തിലാകുകയും പിരിച്ചുവിടപ്പെട്ട തൊഴിലാളികള്‍ക്ക് തൊഴില്‍ സ്ഥിരത ഉറപ്പുവരുത്തുകയും ചെയ്തു. നിലവിലുള്ള പൊതുമേഖലാ വ്യവസായങ്ങളുടെ ലാഭവിഹിതം വിനിയോഗിച്ച് എട്ട് പുതിയ പൊതുമേഖലാ വ്യവസായങ്ങള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ആരംഭിക്കുകയും ചെയ്തു.
പരമ്പരാഗത വ്യവസായങ്ങളെ തകര്‍ത്ത് തരിപ്പണമാക്കുകയായിരുന്നു യു ഡി എഫ് സര്‍ക്കാര്‍ ചെയ്തത്. കയര്‍, കശുഅണ്ടി, കൈത്തറി, മത്സ്യ ബന്ധനം, ഓട് എന്നീ മേഖലകളില്‍ വിനാശത്തിന്റെ വിഷവിത്തുകളാണ് യു ഡി എഫ് വിതറിയത്. എല്‍ ഡി എഫ് ഭരണത്തില്‍ പരമ്പരാഗത വ്യവസായങ്ങളെയാകെ പുനരുദ്ധരിച്ചു. യു ഡി എഫ് ഭരണകാലത്ത് തിരുവോണ നാളില്‍ പോലും കയര്‍, കശുഅണ്ടി തൊഴിലാളികള്‍ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന് മുന്നില്‍ പട്ടിണി കിടന്ന് സമരം ചെയ്തു.
പൊന്നോണ നാളില്‍ പോലും സ്വന്തം കുഞ്ഞുങ്ങല്‍ക്ക് ഒരുപിടി ചോറ് നല്‍കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പരമ്പരാഗത വ്യവസായ മേഖലയിലെ തൊഴിലാളികള്‍. അതുകൊണ്ടാണ് അവര്‍ പട്ടിണി സമരം അനുഷ്ടിച്ചത്.
തോട്ടം തൊഴിലാളികളുടെ അനുഭവവും വ്യത്യസ്തമായിരുന്നില്ല. യു ഡി എഫ് ഭരണകാലത്ത് തോട്ടങ്ങളാകെ അടച്ചുപൂട്ടി. തോട്ടം തൊഴിലാളികള്‍ പട്ടിണി കിടന്ന് മരണത്തെ പ്രാപിക്കുന്ന ദുരന്തങ്ങള്‍ ഉണ്ടായി. എന്നാല്‍ എല്‍ ഡി എഫ് ഭരണത്തില്‍ പരമ്പരാഗത വ്യവസായ തൊഴിലാളികള്‍ക്കാകെ ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും തൊഴില്‍ ദിനങ്ങള്‍ ഉറപ്പ് വരുത്തുകയും ചെയ്തു. യു ഡി എഫ് ഭരണകാലത്ത് അടച്ചുപൂട്ടിയ തോട്ടങ്ങള്‍ എല്‍ ഡി എഫ് ഭരണത്തില്‍ തുറക്കുകയും തോട്ടം തൊഴിലാളികളുടെ ജീവിത സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്തു. പാവപ്പെട്ടവരുടേയും തൊഴിലാളികളുടേയും പക്ഷത്താണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്ന് ആവര്‍ത്തിച്ച് തെളിയിച്ച ഭരണ സംവിധാനമാണ് അഞ്ച് വര്‍ഷക്കാലം പൂര്‍ത്തീകരിച്ചത്.
രണ്ട് സര്‍ക്കാരുകളുടേയും രണ്ട് മുന്നണികളുടേയും നയ സമീപനങ്ങളെ കുറിച്ചുള്ള താരതമ്യ പഠനമായിരിക്കും ജനങ്ങള്‍ നടത്തുക. 2001 മുതല്‍ 2006 വരെയുള്ള യു ഡി എഫ് ഭരണത്തില്‍ കേരളം അക്ഷരാര്‍ഥത്തില്‍ ശവപറമ്പായി മാറുകയായിരുന്നു.
ReplyDelete