Sunday, March 27, 2011
പോരാട്ടം കന്നിയങ്കക്കാര്‍ തമ്മില്‍
നാദാപുരം: രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത് പലപ്പോഴും നാദാപുരത്തുനിന്നുള്ള വാര്‍ത്തകളിലേക്കാണ്. തെറ്റിദ്ധാരണകള്‍ പരത്തി തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടാന്‍ യുഡിഎഫ് നടത്തിയ ഗൂഢാലോചനയുടെ പരീക്ഷണഭൂമി. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരുവംപറമ്പ് മാനഭംഗക്കഥ പ്രചരിപ്പിച്ചാണ് യുഡിഎഫ് അധികാരത്തിലേറിയത്. എന്നാല്‍ പ്രചാരണ കോലാഹലങ്ങളിലൊന്നും ഈ നാടിന്റെ മനസ്സ് മാറില്ല. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നാദാപുരത്തിന്റെ മനസ്സ് എന്നും ഹൃദയപക്ഷത്തായിരുന്നു. ഇടതുപക്ഷ സാരഥികള്‍ മണ്ഡലത്തിന് തുടര്‍ച്ചയായി നേതൃത്വം നല്‍കിയതിന്റെ അമ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേള. സാമൂഹികാസമത്വത്തിനും ജന്മിത്വവാഴ്ചയ്ക്കുമെതിരെ പോരാട്ടം നടത്തിയ മണ്ണ്. ജനവിധി തേടുന്നത് എല്‍ഡിഎഫിലും യുഡിഎഫിലും കന്നി അങ്കക്കാരാണ്. ഇവിടെ അങ്കത്തട്ടില്‍ പോരാട്ടത്തിനായി കച്ചമുറുക്കി മുന്നണി പ്രവര്‍ത്തകര്‍ ഒരുങ്ങിക്കഴിഞ്ഞു.
എണ്ണമറ്റ സമരങ്ങളുടെ പോരാട്ടവീര്യവുമായാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ കെ വിജയന്‍ നാദാപുരത്തിന്റെ സാരഥിയാവുന്നത്. ഏറെ അനിശ്ചിതത്വത്തിനൊടുവില്‍ സ്ഥാനാര്‍ഥിത്വത്തിന് മുന്‍നിരയിലുണ്ടായിരുന്ന ഐ മൂസയെ പിന്തള്ളിയാണ് മറ്റൊരു ഡിസിസി സെക്രട്ടറിയും കക്കട്ട് സ്വദേശിയുമായ വി എം ചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായത്. സിപിഐ സംസ്ഥാന കൌണ്‍സില്‍ അംഗമാണ് 56 കാരനായ ഇ കെ വിജയന്‍. നാദാപുരം മണ്ഡലത്തില്‍നിന്നാണ് ആദ്യമായി ജനവിധി തേടുന്നത്. രാഷ്ട്രീയ രംഗത്തും പൊതുജീവിതത്തിലും കൈവരിച്ച സംശുദ്ധ വ്യക്തിത്വവുമായാണ് തെരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്നത്.
വിദ്യാര്‍ഥി- യുവജന പ്രസ്ഥാനത്തിലൂടെയാണ് വിജയന്‍ പൊതുരംഗത്ത് എത്തിയത്. എഐഎസ്എഫ്, എഐവൈഎഫ് എന്നിവയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റായും സംസ്ഥാന ജോ. സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 15 വര്‍ഷം സിപിഐ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ട്രേഡ് യൂണിയന്‍ രംഗത്തും സജീവ സാന്നിധ്യമായി. കൊയിലാണ്ടി കോമത്ത് ബാലകൃഷ്ണകിടാവിന്റെയും കമലാക്ഷിഅമ്മയുടെയും മകനാണ്. വടകര മണിയൂരില്‍ ഇരുമ്പനക്കണ്ടി വീട്ടിലാണ് താമസം. ഭാര്യ: അനിത. മക്കള്‍: അര്‍ജുന്‍, അജയ്.
കക്കട്ട് സ്വദേശിയായ വി എം ചന്ദ്രന്‍ (49) വട്ടോളി നാഷനല്‍ ഹൈസ്കൂളില്‍ കെഎസ്യു യൂണിറ്റ് പ്രസിഡന്റായാണ് രാഷ്ട്രീയ രംഗത്ത് എത്തുന്നത്. കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് താലൂക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. വടകര താലൂക്ക് അഗ്രികള്‍ച്ചറല്‍ റൂറല്‍ ഡവലപ്മെന്റ് ബാങ്ക് ജീവനക്കാരനാണ്. വടക്കെ മൊയോത്ത് ചാലില്‍ പരേതനായ കണാരന്റെയും മാതുവിന്റെയും മകനാണ്. ഭാര്യ അജിത. മക്കള്‍ അര്‍ച്ചന ചന്ദ്രന്‍, അര്‍ജുന്‍ ചന്ദ്രന്‍. വിജയപ്രതീക്ഷ ഇല്ലെങ്കിലും ബിജെപി സ്ഥാനാര്‍ഥി അഡ്വ. പ്രകാശ് ബാബുവിന് ഇത് രണ്ടാമൂഴമാണ്. 31കാരനായ പ്രകാശ് നരിപ്പറ്റ സ്വദേശിയും നാദാപുരം കോടതിയിലെ അഭിഭാഷകനുമാണ്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. എബിവിപിയിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തുന്നത്. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റാണ്. നരിപ്പറ്റ കുറ്റിപൊരിച്ച പറമ്പത്ത് കണ്ണന്റെയും മാണിയുടെയും മകനാണ്. അവിവാഹിതനാണ്.
വികസനക്കുതിപ്പില്‍ നാദാപുരം അഭൂതപൂര്‍വമായ മൂന്നേറ്റമുണ്ടാക്കി. അഞ്ഞൂറ് കോടിയില്‍പ്പരം രൂപയുടെ സമഗ്ര വികസനം. ഒരു പതിറ്റാണ്ടായി നാദാപുരത്തിന്റെ മനസ്സായി മാറിയ മന്ത്രി ബിനോയ് വിശ്വത്തിന്റെ പിന്‍മുറക്കാരന്‍ ഇ കെ വിജയനാകുമെന്നത് തീര്‍ച്ചയാണ്.
(കെ കെ ശ്രീജിത്)
ദേശാഭിമാനി
Subscribe to:
Post Comments (Atom)
രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത് പലപ്പോഴും നാദാപുരത്തുനിന്നുള്ള വാര്‍ത്തകളിലേക്കാണ്. തെറ്റിദ്ധാരണകള്‍ പരത്തി തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടാന്‍ യുഡിഎഫ് നടത്തിയ ഗൂഢാലോചനയുടെ പരീക്ഷണഭൂമി. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരുവംപറമ്പ് മാനഭംഗക്കഥ പ്രചരിപ്പിച്ചാണ് യുഡിഎഫ് അധികാരത്തിലേറിയത്. എന്നാല്‍ പ്രചാരണ കോലാഹലങ്ങളിലൊന്നും ഈ നാടിന്റെ മനസ്സ് മാറില്ല. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നാദാപുരത്തിന്റെ മനസ്സ് എന്നും ഹൃദയപക്ഷത്തായിരുന്നു. ഇടതുപക്ഷ സാരഥികള്‍ മണ്ഡലത്തിന് തുടര്‍ച്ചയായി നേതൃത്വം നല്‍കിയതിന്റെ അമ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേള. സാമൂഹികാസമത്വത്തിനും ജന്മിത്വവാഴ്ചയ്ക്കുമെതിരെ പോരാട്ടം നടത്തിയ മണ്ണ്. ജനവിധി തേടുന്നത് എല്‍ഡിഎഫിലും യുഡിഎഫിലും കന്നി അങ്കക്കാരാണ്. ഇവിടെ അങ്കത്തട്ടില്‍ പോരാട്ടത്തിനായി കച്ചമുറുക്കി മുന്നണി പ്രവര്‍ത്തകര്‍ ഒരുങ്ങിക്കഴിഞ്ഞു.
ReplyDelete