Saturday, March 26, 2011

കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രമക്കേട്: ഷീലാ ദീക്ഷിതിനും പങ്കെന്ന് അന്വേഷണ സമിതി

കോമണ്‍വെല്‍ത്ത് ഗെയിംസ് പദ്ധതികളുമായി ബന്ധപ്പെട്ട് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ തേജീന്ദര്‍ ഖന്നയും മുഖ്യമന്ത്രി ഷീലാ ദീക്ഷിതും നടപടിക്രമങ്ങള്‍ ലംഘിച്ചതായി പ്രധാനമന്ത്രി നിയോഗിച്ച ഷുങ്ഗ്ലു കമ്മിറ്റി കണ്ടെത്തി. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിസ് വേദികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഗെയിംസ് വില്ലേജ് ഉള്‍പ്പടെയുള്ളവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നതായും ഷ്ങ്ഗ്ലു കമ്മിറ്റി സമര്‍പ്പിച്ച രണ്ട് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

പി ഡബ്ല്യു ഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ കെ ശര്‍മ, അന്നത്തെ പി ഡബ്ല്യു ഡി എന്‍ജിനീയര്‍ ആര്‍ സുബ്രഹ്മണ്യന്‍, ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പരിമള്‍ റായ്, ഡല്‍ഹി വികസന അതോറിറ്റി വൈസ് ചെയര്‍മാന്‍ അശോക് കുമാര്‍, ധനകാര്യ കമ്മിറ്റി അംഗം നന്ദലാല്‍, ഡല്‍ഹി വികസന അതോറിറ്റി എന്‍ജിനീയറിംഗ് വിഭാഗം അംഗം എ കെ ബജാജ്, ഗെയിംസ് പദ്ധതികളുടെ ചുമതലയുണ്ടായിരുന്ന നഗരവികസനകാര്യ മന്ത്രാലയം സെക്രട്ടറി എം ജയചന്ദ്രന്‍ എന്നീ ഉന്നത ഉദ്യോഗസ്ഥരുടെയും പേരുകള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഗെയിംസ് വില്ലേജില്‍ താമസ സൗകര്യങ്ങള്‍ ഒരുക്കിയതുമായി ബന്ധപ്പെട്ട് ഡല്‍ഹി വികസന അതോറിറ്റി 300 കോടിരൂപയുടെയും അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വൈകിപ്പിച്ചതിലൂടെ 900 കോടി രൂപയുടെയും നഷ്ടം ഉണ്ടായതായി കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ കണക്കാക്കുന്നുണ്ട്.

ഗെയിംസ് വില്ലേജിലെ താമസത്തിന് 1.100 ഫ്‌ളാറ്റുകള്‍ നിര്‍മിക്കുന്നതിന് സ്വീകരിച്ച നടപടി ക്രമങ്ങളെ ചോദ്യം ചെയ്ത കമ്മിറ്റി ഇതിനായി റിയല്‍എസ്റ്റേറ്റ് സ്ഥാപനമായ എമ്മാര്‍ എം ജി എഫിനെ തിരഞ്ഞെടുത്തത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി. ഗെയിംസ് വില്ലേജിന്റെ നിര്‍മാണം എമ്മാര്‍ എം ജി എഫിന് നല്‍കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ഷുങ്ഗ്ലു കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. അറിഞ്ഞുകൊണ്ട് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് എമ്മാര്‍ എം ജി എഫിനെതിരെയും ചില കമ്പനികളെ ഒഴിവാക്കുകയും ചിലവയില്‍നിന്നും കമ്മിഷന്‍ കൈപ്പറ്റിതിനും നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും ഡല്‍ഹി വികസന അതോറിറ്റിയോടും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.

ലഫ്റ്റനന്റ് ഗവര്‍ണര്‍ എക്‌സ് ഒഫിഷ്യോ ചെയര്‍മാനായി തല്‍സ്ഥാനത്ത് തുടരുന്നതിനെയും ഡല്‍ഹി വികസന അതോറിറ്റിയുടെ രൂപം സംബന്ധിച്ചും പുനരാലോചിക്കണമെന്നും അതിന്റെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.

വിവിധ കക്ഷികള്‍ ഉള്‍പ്പെട്ടിട്ടുള്ള കമ്മിഷന്‍ കൈപ്പറ്റല്‍ കമ്പനികളുടെ ഒഴിവാക്കല്‍ നടപടികളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ആദായനികുതി വകുപ്പ് ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിലൂടെ പുറത്തുവരും. ഗെയിംസ് വില്ലേജിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യത്തെക്കുറിച്ചും അന്വേഷണം നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെടുന്നുണ്ട്. ഗെയിംസിലെ വിവിധ പദ്ധതികളിലെ മോശം മേല്‍നോട്ടത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ പേരുപറഞ്ഞ് സൂചിപ്പിക്കുന്നുണ്ട്.

800 കായിക താരങ്ങളുടെ താമസത്തിനായി അക്ഷര്‍ധാം ക്ഷേത്രത്തിനു സമീപം 63.5 ഏക്കറില്‍ ഗെയിംസ് ഗ്രാമം നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഡല്‍ഹി വികസന അതോറിറ്റിക്ക് ലഭ്യമായിരുന്ന മറ്റ് സ്ഥലങ്ങള്‍ പരിശോധിക്കാതെയാണ് സ്ഥലത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തത്. ഈ സ്ഥലത്തിന്  നിരവധി പോരായ്മകളും അനിശ്ചിതത്വങ്ങളും ഉണ്ടായിരുന്നിട്ടും കണക്കിലെടുക്കാതെ 633.06 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

എമ്മാര്‍ എം ജി എഫ് ഗ്രൂപ്പിന് നിര്‍മാണ ജോലികള്‍ പാക്കേജായി അനുവദിച്ചതിനെ ചോദ്യം ചെയ്യുന്ന റിപ്പോര്‍ട്ട് 300 കോടി രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന ഭൂമി വെറും 321 കോടി രൂപയ്ക്ക് നല്‍കുകയായിരുന്നു. എന്നാല്‍ മത്സര ടെന്‍ഡര്‍ ക്ഷണിച്ചിരുന്നെങ്കില്‍ വന്‍തുക ലഭിക്കുമായിരുന്നെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.

വിപണി സമ്മര്‍ദത്തിലായിരിക്കുമ്പോഴും സ്‌ക്വയര്‍ഫീറ്റിന് 11,000 എന്ന കണക്കിനാണ് താമസ സ്ഥലങ്ങള്‍ ഡല്‍ഹി വികസന അതോറിറ്റി വാങ്ങിയത്. ഇത് കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് അനാവശ്യ ലാഭമുണ്ടാക്കിക്കൊടുക്കുന്നതിന് കാരണമായി. ഗെയിംസിന്റെ ഭാഗമായി നഗരത്തിലെ റോഡ്, ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും ഡല്‍ഹി സര്‍ക്കാര്‍ നടത്തിയില്ലെന്നും കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തു.

വിവിധ കരാറുകളുടെ ചെലവ് എങ്ങനെ ഉപജാപങ്ങളിലൂടെ മാറ്റംവരുത്തിയെന്നത് ഷുങ്ഗ്ലു പാനല്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തൊരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാറിലൂടെ 63.20 കോടി രൂപയുടെ ലാഭം കരാറുകാര്‍ക്ക് ഉണ്ടാക്കിക്കൊടുത്തു. നഗരം മോടിപിടിപ്പക്കുന്നതിനുള്ള കരാര്‍ തുകയില്‍ വര്‍ധന വരുത്തി കരാറുകാരന് 16 കോടിരൂപയോളം ലാഭം നേടിക്കൊടുത്തതായും റിപ്പോര്‍ട്ട് പറയുന്നു.

പദ്ധതികള്‍ സംവിധാനം ചെയ്യുന്നതിലും ഒഴിവാക്കുന്നതിലും മുഖ്യമന്ത്രി വ്യക്തിതാല്‍പര്യം പ്രകടിപ്പിച്ചു. എന്നാല്‍ നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിന് നേതൃത്വം നല്‍കുകയും പ്രവര്‍ത്തനങ്ങളുടെ ഒഴിവാക്കലും ഉള്‍പ്പെടുത്തലിന്റെയുമെല്ലാം പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംപ്രഷണവുമായി ബന്ധപ്പെട്ട അഴിമതി സംബന്ധിച്ച ആദ്യറിപ്പോര്‍ട്ട് ഷുങ്ഗ്ലു കമ്മിറ്റി ജവുവരി 31ന് സമര്‍പ്പിക്കുകയും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രസാര്‍ഭാരതി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി എസ് ലാലി, ദൂരദര്‍ശന്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ അരുണ ശര്‍മ എന്നിവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.

ജനയുഗം 260311

1 comment:

  1. കോമണ്‍വെല്‍ത്ത് ഗെയിംസ് പദ്ധതികളുമായി ബന്ധപ്പെട്ട് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ തേജീന്ദര്‍ ഖന്നയും മുഖ്യമന്ത്രി ഷീലാ ദീക്ഷിതും നടപടിക്രമങ്ങള്‍ ലംഘിച്ചതായി പ്രധാനമന്ത്രി നിയോഗിച്ച ഷുങ്ഗ്ലു കമ്മിറ്റി കണ്ടെത്തി. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിസ് വേദികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഗെയിംസ് വില്ലേജ് ഉള്‍പ്പടെയുള്ളവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നതായും ഷ്ങ്ഗ്ലു കമ്മിറ്റി സമര്‍പ്പിച്ച രണ്ട് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

    ReplyDelete