Wednesday, March 30, 2011

സ്‌പെക്ട്രം: രാജയ്‌ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് സി ബി ഐ

ന്യൂഡല്‍ഹി: സ്‌പെക്ട്രം അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രിയും ഡി എം കെ നേതാവുമായ എ രാജയ്‌ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് സി ബി ഐ സുപ്രിം കോടതിയെ അറിയിച്ചു. അഴിമതി, വ്യാജരേഖയുണ്ടാക്കല്‍,  വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് രാജ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി. കേസില്‍ 80,000 പേജോളം വരുന്ന കുറ്റപത്രം അടുത്ത മാസം രണ്ടിന് സി ബി ഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കും.

കോര്‍പ്പറേറ്റ് ഇടനിലക്കാരി നിരാ റാഡിയ പ്രമുഖ ബിസിനസുകാരുമായും രാഷ്ട്രീയ നേതാക്കളുമായും നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളുടെ രേഖകള്‍ കുറ്റപത്രത്തോടൊപ്പം ചേര്‍ത്തിട്ടുണ്ടെന്ന് സി ബി ഐ അറിയിച്ചു. സ്‌പെക്ട്രം ഇടപാടില്‍ വിദേശ നാണ്യ വിനിയമ ചട്ടം വ്യാപകമായി ലംഘിച്ചിട്ടുണ്ട്. സ്വാന്‍, ലൂപ്പ് ടെലികോം തുടങ്ങിയവ ബിനാമി ഇടപാടുകളിലൂടെയാണ് പണ കൈമാറ്റം നടത്തിയിട്ടുള്ളത്. സ്‌പെക്ട്രം ലൈസന്‍സ് ലഭിക്കുന്നതിനായി രാജ്യത്തെ വിവിധ കമ്പനികളുടെ മുഖംമൂടികളായി പ്രവര്‍ത്തിക്കുകയായിരുന്നു ഇവ ചെയ്തത്. കേസില്‍ പുതിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സി ബി ഐയും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും ജസ്റ്റിസുമാരായ ജി എസ് സിംഘ്‌വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ബഞ്ചിനു മുന്നില്‍ സമര്‍പ്പിച്ചു.

റിലയന്‍സ്, എസ്സാര്‍ തുടങ്ങിയവയുടെ മുഖംമൂടികളാണ് സ്വാനും ലൂപ്പും ലൈസന്‍സ് നേടിയത്. കമ്പനികളുടെ യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവയ്ക്കുകയാണ് സ്വാനും ലൂപ്പും ചെയ്തത്. ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന നയം രാജ നേരിട്ട് ഇടപെട്ട് അട്ടിമറിച്ചതിന് തെളിവുണ്ടെന്ന് സി ബി ഐയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ അറിയിച്ചു. സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് സ്വാന്‍ ടെലികോം പ്രമോട്ടര്‍ ഷാഹിദ് ഉസ്മാന്‍ ബല്‍വ നേരത്തെ അറസ്റ്റിലായിരുന്നു. റിലയന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനിയെയും എസ്സാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പ്രശാന്ത് റുയിയയെയും സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കേസില്‍ അനുബന്ധ കുറ്റപത്രം അടുത്ത മാസം 25ന് സമര്‍പ്പിക്കുമെന്നും അന്വേഷണം മെയ് 31 ഓടെ പൂര്‍ത്തിയാക്കുമെന്നും സി ബി ഐ കോടതിയെ അറിയിച്ചു.

ജനയുഗം 300311

1 comment:

  1. സ്‌പെക്ട്രം അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രിയും ഡി എം കെ നേതാവുമായ എ രാജയ്‌ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് സി ബി ഐ സുപ്രിം കോടതിയെ അറിയിച്ചു. അഴിമതി, വ്യാജരേഖയുണ്ടാക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് രാജ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി. കേസില്‍ 80,000 പേജോളം വരുന്ന കുറ്റപത്രം അടുത്ത മാസം രണ്ടിന് സി ബി ഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കും.

    ReplyDelete