Monday, March 28, 2011

രജനി: വികലനയത്തിനുമേല്‍ പുരണ്ട പ്രതിഷേധത്തിന്റെ ചോരപ്പാട്

രജനി എസ് ആനന്ദ്; ഒരിക്കലും മറക്കാത്ത ആ പേര് മലയാളി മനസ്സിന് എക്കാലവും നീറുന്ന ഓര്‍മയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ വികല വിദ്യാഭ്യാസനയങ്ങള്‍ സമ്മാനിച്ച ദുരന്തത്തിലൊന്നാണ് ഈ പെണ്‍കുട്ടിയുടെ മരണം. സ്വാശ്രയ വിദ്യാഭ്യാസക്കാരുടെ ധനാര്‍ത്തിക്ക് വേട്ടപ്പട്ടികളെപ്പോലെ കൂട്ടുനിന്ന യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനുമേല്‍ പടര്‍ന്ന മായാത്ത ചോരക്കറയായിരുന്നു രജനിയുടെ ദാരുണാന്ത്യം. വികസിത മുതലാളിത്ത രാജ്യങ്ങളോടുപോലും കിടപിടിക്കാന്‍ കഴിഞ്ഞ നമ്മുടെ വിദ്യാഭ്യാസരംഗം ആത്മഹത്യയുടെ ദുരന്തഭൂമിയാക്കി മാറ്റി യുഡിഎഫ് സര്‍ക്കാര്‍. രണ്ടു സെന്റ് ഭൂമിയില്‍ മണ്ണുപൊത്തി കുത്തിമറച്ച കുടിലിനുള്ളില്‍ രജനിയെപ്പോലെ നൂറുകണക്കിനു വിദ്യാര്‍ഥികള്‍ കണ്ട സ്വപ്നങ്ങള്‍ക്ക് അവര്‍ പട്ടടയൊരുക്കി. പ്രതീക്ഷയുടെ ഗോപുരത്തില്‍നിന്നു ശക്തിയേറിയ ഒരു പതനം. അതില്‍ അവസാനിച്ചത് ആ പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍, ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍.


തിരുവനന്തപുരം വെള്ളറട നെല്ലിക്കുന്ന് പാട്ടകക്കുടിവിള വീട്ടില്‍ ശിവാനന്ദന്റെയും ശാന്തയുടെയും മകള്‍ രജനി 2004 ജൂലൈ 22നാണ് തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാകമീഷണറുടെ ഓഫീസ് കെട്ടിടത്തില്‍ നിന്നു ചാടി ജീവനൊടുക്കിയത്. അലക്കുകാരനായ അച്ഛന്റെയും വീടുകളില്‍ അടുക്കളപ്പണിയെടുത്തിരുന്ന അമ്മയുടെയും തുച്ഛവരുമാനത്തില്‍ ഇഴഞ്ഞു നീങ്ങുകയായിരുന്നു രജനിയുടെ കുടുംബം. വയറു നിറച്ച് ആഹാരമില്ലാതിരുന്നിട്ടും മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ തളരാതെ പഠിച്ച് രജനി എസ്എസ്എല്‍സിക്ക് ഫസ്റ് ക്ളാസും പ്രീഡിഗ്രിക്ക് ഡിസ്റിങ്ഷനും നേടി. പൊതുപ്രവേശന പരീക്ഷയില്‍ മികച്ച റാങ്ക്. 2003ല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഐഎച്ച്ആര്‍ഡിയുടെ അടൂരിലെ എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം കിട്ടി. ആറുമാസം കഴിഞ്ഞിട്ടും ഫീസ് അടയ്ക്കാത്തതിനെ തുടര്‍ന്ന് കോളേജില്‍നിന്നു പുറത്താക്കി. ആറുമാസം കോളേജില്‍ പോയില്ല. അടുത്ത അധ്യയനവര്‍ഷം ഒന്നാംവര്‍ഷ ക്ളാസില്‍ ചേര്‍ന്നു പഠനം തുടരാന്‍ ആഗ്രഹിച്ചിരുന്നു. ഫീസ് അടയ്ക്കാനും പഠനച്ചെലവുകള്‍ക്കുമായി ബാങ്കിന്റെ വിദ്യാഭ്യാസവായ്പയ്ക്ക് അപേക്ഷിച്ചു. എന്നാല്‍, രണ്ടു സെന്റ് സ്ഥലവും ഓലമേഞ്ഞ വീടും വായ്പ തിരിച്ചുപിടിക്കുന്നതിനുള്ള ഈടായി ബാങ്ക് കണക്കാക്കിയില്ല.

ആ കുടുംബം കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി എംഎല്‍എയുടെ വീട്ടില്‍ കയറിയിറങ്ങിയത് 27 തവണ. ഓരോ തവണയും വാഗ്ദാനത്തിനപ്പുറം ഒരു നടപടിയും നേതാവില്‍ നിന്നുണ്ടായില്ല. അങ്ങനെ എല്ലാവഴിയും തനിക്കു മുന്നില്‍ അടയുന്നതറിഞ്ഞാണ് രജനി ജീവനൊടുക്കിയത്. അക്ഷരവ്യാപാരികളോടും അവര്‍ക്ക് ചൂട്ടുപിടിച്ച ഭരണകൂടത്തോടുമുള്ള പ്രതിഷേധാഗ്നിയില്‍സ്വജീവന്‍ കൊണ്ടുള്ള തര്‍പ്പണം.

മെറിറ്റ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പിന്നോക്ക സമുദായാംഗവും നിര്‍ധനയുമായ രജനിക്ക് പഠനം തുടരാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസനയവും പട്ടികജാതി വികസനവകുപ്പിന്റെ അനാസ്ഥയുമായിരുന്നു. എന്നാല്‍, ഈ വികലനയം തിരുത്താന്‍ തയ്യാറാകാതിരുന്ന സര്‍ക്കാര്‍, സംഭവത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെയും നേതാക്കളെയും തെരുവില്‍ തല്ലിച്ചതച്ചു, അകാരണമായി അറസ്റുചെയ്തു, കള്ളക്കേസില്‍ കുടുക്കി. രജനിയുടെ മൃതദേഹം പോസ്റുമോര്‍ട്ടം ചെയ്തപ്പോള്‍ കന്യകാത്വ പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്‍കി. ആത്മഹത്യ ചെയ്ത രജനി അപഥ സഞ്ചാരിണിയാണെന്നു പോലും വരുത്തിത്തീര്‍ക്കാന്‍ നിയമസഭയില്‍ ആര്യാടന്‍ മുഹമ്മദ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനയും കേരളം ഞെട്ടലോടെയാണ് കേട്ടത്.
(മില്‍ജിത് രവീന്ദ്രന്‍)

ദേശാഭിമാനി 280311

1 comment:

  1. രജനി എസ് ആനന്ദ്; ഒരിക്കലും മറക്കാത്ത ആ പേര് മലയാളി മനസ്സിന് എക്കാലവും നീറുന്ന ഓര്‍മയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ വികല വിദ്യാഭ്യാസനയങ്ങള്‍ സമ്മാനിച്ച ദുരന്തത്തിലൊന്നാണ് ഈ പെണ്‍കുട്ടിയുടെ മരണം. സ്വാശ്രയ വിദ്യാഭ്യാസക്കാരുടെ ധനാര്‍ത്തിക്ക് വേട്ടപ്പട്ടികളെപ്പോലെ കൂട്ടുനിന്ന യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനുമേല്‍ പടര്‍ന്ന മായാത്ത ചോരക്കറയായിരുന്നു രജനിയുടെ ദാരുണാന്ത്യം. വികസിത മുതലാളിത്ത രാജ്യങ്ങളോടുപോലും കിടപിടിക്കാന്‍ കഴിഞ്ഞ നമ്മുടെ വിദ്യാഭ്യാസരംഗം ആത്മഹത്യയുടെ ദുരന്തഭൂമിയാക്കി മാറ്റി യുഡിഎഫ് സര്‍ക്കാര്‍. രണ്ടു സെന്റ് ഭൂമിയില്‍ മണ്ണുപൊത്തി കുത്തിമറച്ച കുടിലിനുള്ളില്‍ രജനിയെപ്പോലെ നൂറുകണക്കിനു വിദ്യാര്‍ഥികള്‍ കണ്ട സ്വപ്നങ്ങള്‍ക്ക് അവര്‍ പട്ടടയൊരുക്കി. പ്രതീക്ഷയുടെ ഗോപുരത്തില്‍നിന്നു ശക്തിയേറിയ ഒരു പതനം. അതില്‍ അവസാനിച്ചത് ആ പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍, ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍.

    ReplyDelete