Monday, March 28, 2011

പാരവയ്പ്പില്‍ പിജി എടുത്തവര്‍

പാരവെപ്പില്‍ ബിരുദാനന്തര ബിരുദം നേടിയവരുടെ വന്‍ നിരയുമായാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് ഗോദയില്‍ അങ്കം മുറുക്കുന്നത്. രണ്ടാഴ്ചക്കാലം എന്തെല്ലാം പാരകളായിരുന്നു അത്യുത്തര കേരളത്തില്‍ മാത്രം കണ്ടത്. പാരവെപ്പിന് കൊഴുപ്പ് കൂട്ടാന്‍ പോസ്റ്റര്‍ പ്രചാരണം, കോലം കത്തിക്കല്‍ തുടങ്ങി മേമ്പൊടികളും ഉണ്ടായി. പരാതികള്‍ ഫാക്സായും ഓലൈനായും തുരുതുരാ പാഞ്ഞു. ഒടുവില്‍ പ്രമുഖരെല്ലാം തെറിച്ചു. ഇച്ഛാഭംഗവുമായി പാരക്ക് മൂര്‍ച്ച കൂട്ടാനുള്ള ആലോചനയിലാണ് ചിലരെന്നാണ് അണികള്‍ സ്വകാര്യം പറയുന്നത്.

സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുണ്ടെന്ന് ഏതെങ്കിലും മാധ്യമക്കാര്‍ പറഞ്ഞാല്‍ ഉടനെ അയാള്‍ക്കെതിരെ പ്രതിഷേധവുമായി മറ്റേക്കൂട്ടര്‍ രംഗത്തിറങ്ങുന്ന കാഴ്ചയായിരുന്നു ഒരാഴ്ചക്കാലം. പോസ്റ്റര്‍ യുദ്ധം, പ്രകടനം, ഹൈക്കമാന്‍ഡിനും പാണക്കാട്ടേക്കും പരാതി അയക്കല്‍....... ഇങ്ങനെ നീണ്ട വേലവെപ്പില്‍ നിര്‍ദിഷ്ടന്റെ കൊള്ളരുതായ്മകള്‍ ഓരോന്നായി അങ്ങാടിപ്പാട്ടായി. സ്ഥാനാര്‍ഥിയാകാന്‍ കൊള്ളുന്ന ഒരാള്‍പോലും കോണ്‍ഗ്രസിലും ലീഗിലും ഇല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയത് എതിര്‍പക്ഷമായിരുന്നില്ല, സ്വപക്ഷക്കാര്‍ തന്നെയായിരുന്നു. സ്വന്തം പാര്‍ടിയിലുള്ളവരുടെ പിന്തുണപോലും ഇല്ലാത്തവര്‍ക്ക് ജനപ്രതിനിധിയാകാന്‍ എന്ത് യോഗ്യതയാണെന്ന് വോട്ടര്‍മാര്‍ ചോദിച്ചാല്‍ അവരെ കുറ്റം പറയാനാവുമോ? പാര്‍ടിക്കാര്‍ പ്രചരിപ്പിച്ച കാര്യങ്ങളില്‍ അല്‍പമെങ്കിലും സത്യമുണ്ടെങ്കില്‍ ഇവരെങ്ങനെ ജനത്തെ നയിക്കും. അഴിമതിക്കാരും പണം കൊടുത്ത് സീറ്റ് വാങ്ങിയവരും സ്വന്തം വികസനം മാത്രം കാണുന്നവരും എംഎല്‍എയായാല്‍ നാടിന്റെ സ്ഥിതിയെന്താവും. ഇതിനാണോ നാം ജനാധിപത്യം എന്ന് വിളിക്കുന്നത്.

പണം കൊടുത്ത് സ്ഥാനാര്‍ഥിയായാല്‍ മകനും വീറ് കൂടുമെന്നും ഗോദയില്‍ കണ്ടു. സ്ഥാനാര്‍ഥിയായ അച്ഛന്റെ ഫോട്ടോ പെന്‍ഡ്രൈവില്‍ ശേഖരിച്ച് വന്നാല്‍ അത് പത്രം ഓഫീസിലെ കംപ്യൂട്ടറില്‍ കയറ്റിയില്ലെങ്കില്‍ ലേഖകന്റെ കാല് തല്ലി ഒടിക്കുമെന്നും പുറത്തിറങ്ങാന്‍ വിടില്ലെന്നുമൊക്കെയായിരുന്നു സ്നേഹ പ്രകടനം. അച്ഛന്റെ മകന്‍ തന്നെ. റെയ്ഡിനെത്തുന്ന പൊലീസുകാരെ ശിങ്കിടികളെ ഇറക്കി തല്ലിയോടിക്കുന്ന പാരമ്പര്യം എങ്ങനെ മറക്കാന്‍ കഴിയും. സംഗതി മോശമായെന്ന് ഏതോ കുബുദ്ധി ഉപദേശിച്ചതുകൊണ്ടാണെന്ന് തോന്നുന്നു രാത്രിയില്‍ ലേഖകനെ വിളിച്ച് അച്ഛന്‍ ക്ഷമ പറഞ്ഞുവെന്നാണ് കേള്‍വി. ഏതായാലും ആര്‍ക്കും പരാതി ഇല്ലാതെ സംഗതി ഒതുങ്ങി. യുഡിഎഫിനെ എങ്ങനെയും വിജയിപ്പിക്കാനുള്ള ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത പത്രത്തിന്റെ കംപ്യൂട്ടറില്‍ പെന്‍ഡ്രൈവ് കുത്താന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ എങ്ങനെ പൊറുക്കാന്‍ പറ്റും.

deshabhimani 280311

1 comment:

  1. സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുണ്ടെന്ന് ഏതെങ്കിലും മാധ്യമക്കാര്‍ പറഞ്ഞാല്‍ ഉടനെ അയാള്‍ക്കെതിരെ പ്രതിഷേധവുമായി മറ്റേക്കൂട്ടര്‍ രംഗത്തിറങ്ങുന്ന കാഴ്ചയായിരുന്നു ഒരാഴ്ചക്കാലം. പോസ്റ്റര്‍ യുദ്ധം, പ്രകടനം, ഹൈക്കമാന്‍ഡിനും പാണക്കാട്ടേക്കും പരാതി അയക്കല്‍....... ഇങ്ങനെ നീണ്ട വേലവെപ്പില്‍ നിര്‍ദിഷ്ടന്റെ കൊള്ളരുതായ്മകള്‍ ഓരോന്നായി അങ്ങാടിപ്പാട്ടായി. സ്ഥാനാര്‍ഥിയാകാന്‍ കൊള്ളുന്ന ഒരാള്‍പോലും കോണ്‍ഗ്രസിലും ലീഗിലും ഇല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയത് എതിര്‍പക്ഷമായിരുന്നില്ല, സ്വപക്ഷക്കാര്‍ തന്നെയായിരുന്നു.

    ReplyDelete