Monday, March 28, 2011

പ്രതിരോധവകുപ്പ് ഭൂമി ഹോട്ടലിന് നല്‍കിയത് ആന്റണിയറിഞ്ഞ്

തലസ്ഥാനനഗരിയില്‍ പ്രതിരോധവകുപ്പിന്റെ ഉടമസ്ഥതയിലുള്ള കണ്ണായ സ്ഥലവും കെട്ടിടവും ചട്ടങ്ങള്‍ മറികടന്ന് സ്വകാര്യ ഹോട്ടല്‍ഗ്രൂപ്പിന് വാടകയ്ക്ക് കൊടുത്തത് പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ അറിവോടെ. പ്രതിരോധമേഖലയില്‍ ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റഡീസ് ആന്‍ഡ് അനാലിസിസ് (ഐഡിഎസ്എ) എന്ന സ്വയംഭരണസ്ഥാപനത്തിന് പ്രതിരോധവകുപ്പ് പാട്ടത്തിന് നല്‍കിയ കെട്ടിടവും സ്ഥലവുമാണ് ഹോട്ടല്‍ഗ്രൂപ്പിന് കൈമാറിയത്. ചട്ടങ്ങള്‍ മറികടന്ന് സ്ഥലവും കെട്ടിടവും കൈമാറാന്‍ തീരുമാനമെടുത്തത് എ കെ ആന്റണി അധ്യക്ഷനായ ഐഡിഎസ്എ ഭരണസമിതിയാണ്. ഇടപാടില്‍ ക്രമക്കേട് നടന്നതായി സിഎജിയാണ് കണ്ടെത്തിയത്.

ഐഡിഎസ്എ ഗവേഷകര്‍ക്ക് താമസത്തിനായി അനുവദിച്ച കെട്ടിടവും 0.55 ഏക്കര്‍ സ്ഥലവും 2008 ഫെബ്രുവരിയിലാണ് സ്വകാര്യഹോട്ടല്‍ ഗ്രൂപ്പിന് കൈമാറിയത്. പ്രതിരോധപഠനങ്ങള്‍ക്കും മറ്റുമെത്തുന്ന വിദേശ ഗവേഷകര്‍ക്ക് താമസിക്കാന്‍ സ്വകാര്യ സേവനദാതാവിന് കെട്ടിടവും സ്ഥലവും പാട്ടത്തിന് നല്‍കുകയാണെന്നായിരുന്നു ഐഡിഎസ്എയുടെ വിശദീകരണം. ഐഡിഎസ്എ ഗവേഷകരടക്കം താമസത്തിന് സ്ഥലമില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് വിദേശത്തുനിന്നെത്തുന്ന ഗവേഷകരുടെ താമസത്തിനെന്ന പേരില്‍ കെട്ടിടം സ്വകാര്യഗ്രൂപ്പിന് കൈമാറിയത്. പ്രതിരോധവകുപ്പ് 30 വര്‍ഷത്തേക്കാണ് ഭൂമിയും കെട്ടിടവും ഐഡിഎസ്എയ്ക്ക് പാട്ടത്തിന് നല്‍കിയത്. ഉപപാട്ടം പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചാണ് ഐഡിഎസ്എ ഇത് കൈമാറ്റം ചെയ്തതെന്ന് സിഎജി കണ്ടെത്തി. മാത്രമല്ല, കെട്ടിടത്തിനും സ്ഥലത്തിനും വാടക- സെക്യൂരിറ്റി ഇനങ്ങളില്‍ പിരിച്ച തുക സര്‍ക്കാര്‍ഖജനാവിലേക്ക് ചെന്നിട്ടില്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും സിഎജി റിപ്പോര്‍ട്ടിലുണ്ട്. 78 ലക്ഷം രൂപയാണ് പ്രതിവര്‍ഷം വാടക നിശ്ചയിച്ചിരുന്നത്. സെക്യൂരിറ്റി ഇനത്തില്‍ 1.17 കോടിയും വാങ്ങിയിട്ടുണ്ട്. വാടക- സെക്യൂരിറ്റി ഇനത്തില്‍ പിരിച്ച കോടിക്കണക്കിന് രൂപ എവിടെ പോയെന്ന ചോദ്യത്തിന് പ്രതിരോധമന്ത്രിയെന്നനിലയില്‍ ആന്റണി മറുപടി പറയേണ്ടിവരും.

2008 ഫെബ്രുവരിയില്‍ മൂന്നുവര്‍ഷത്തെ പാട്ടത്തിനാണ് സ്ഥലവും കെട്ടിടവും റസിഡന്‍സി എന്ന ഹോട്ടല്‍ഗ്രൂപ്പിന് ഐഡിഎസ്എ കൈമാറിയത്. പാട്ടക്കാലാവധി 2011 ഫെബ്രുവരിയില്‍ അവസാനിച്ചെങ്കിലും പുതുക്കി നല്‍കി. റസിഡന്‍സി എന്ന പേരില്‍ മാറ്റം വന്നുവെന്നുമാത്രം. ഇന്‍സ്റിറ്റ്യൂട്ട് സര്‍വീസ് ലിമിറ്റഡ് എന്ന പുതിയ പേരിലാണ് ഹോട്ടല്‍ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. നടത്തിപ്പുകാര്‍ പഴയ ആളുകള്‍തന്നെ. ടെന്‍ഡര്‍പോലും കൂടാതെയാണ് ഐഡിഎസ്എ മേധാവികള്‍ പഴയ ഹോട്ടല്‍ഗ്രൂപ്പുകാര്‍ക്കുതന്നെ കെട്ടിടവും സ്ഥലവും വിട്ടുകൊടുത്തത്. വിവാദം ഒഴിവാക്കുന്നതിനാണ് പേരുമാറ്റമെന്നാണ് സൂചന. ആന്റണി തലവനായ ഐഡിഎസ്എ ഭരണസമിതിയില്‍ പ്രതിരോധസെക്രട്ടറി പ്രദീപ്കുമാര്‍, വിദേശസെക്രട്ടറി നിരുപമ റാവു എന്നിവര്‍ എക്സ് ഒഫീഷ്യോ അംഗങ്ങളാണ്. പ്രതിരോധവകുപ്പില്‍ നേരത്തെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച നരേന്ദ്ര എസ് സിദോദിയയാണ് സമിതി സെക്രട്ടറി. ഇടപാടില്‍ കോടികളുടെ അഴിമതി നടന്നെന്ന് ബോധ്യപ്പെട്ടിട്ടും പ്രതിരോധവകുപ്പ് നടപടി എടുക്കാത്തതില്‍ ദുരൂഹതയുണ്ട്. സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും പ്രതിരോധവകുപ്പ് പ്രതികരിച്ചിട്ടില്ല.
(എം പ്രശാന്ത്)

ദേശാഭിമാനി 280311

1 comment:

  1. തലസ്ഥാനനഗരിയില്‍ പ്രതിരോധവകുപ്പിന്റെ ഉടമസ്ഥതയിലുള്ള കണ്ണായ സ്ഥലവും കെട്ടിടവും ചട്ടങ്ങള്‍ മറികടന്ന് സ്വകാര്യ ഹോട്ടല്‍ഗ്രൂപ്പിന് വാടകയ്ക്ക് കൊടുത്തത് പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ അറിവോടെ. പ്രതിരോധമേഖലയില്‍ ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റഡീസ് ആന്‍ഡ് അനാലിസിസ് (ഐഡിഎസ്എ) എന്ന സ്വയംഭരണസ്ഥാപനത്തിന് പ്രതിരോധവകുപ്പ് പാട്ടത്തിന് നല്‍കിയ കെട്ടിടവും സ്ഥലവുമാണ് ഹോട്ടല്‍ഗ്രൂപ്പിന് കൈമാറിയത്. ചട്ടങ്ങള്‍ മറികടന്ന് സ്ഥലവും കെട്ടിടവും കൈമാറാന്‍ തീരുമാനമെടുത്തത് എ കെ ആന്റണി അധ്യക്ഷനായ ഐഡിഎസ്എ ഭരണസമിതിയാണ്. ഇടപാടില്‍ ക്രമക്കേട് നടന്നതായി സിഎജിയാണ് കണ്ടെത്തിയത്.

    ReplyDelete