Sunday, March 27, 2011

കുണ്ടറ കാതോര്‍ക്കുന്നു; വിജയത്തിന്റെ വിളംബരം

കുണ്ടറ: കുണ്ടറയില്‍ വിജയിക്കുന്ന കക്ഷി കേരളം ഭരിക്കുമെന്നാണ് മുന്‍ തെരഞ്ഞെടുപ്പുകളിലെ ചരിത്രം. അങ്ങനെയെങ്കില്‍ ഇക്കുറിയും ഭരണം എല്‍ഡിഎഫിനു തന്നെയെന്ന് ഉറപ്പിക്കുന്നവരില്‍ യുഡിഎഫുകാരുമുണ്ട്. വിളംബരത്തിന്റെ നാട്ടില്‍ വികസനവിപ്ളവം സൃഷ്ടിച്ച വിദ്യാഭ്യാസ, സാംസ്കാരിക മന്ത്രി എം എ ബേബിയുടെ വിജയം ജനങ്ങള്‍ നേരത്തെതന്നെ ഉറപ്പിച്ചുകഴിഞ്ഞു. മണ്ഡലത്തിന്റെ വികസനകാര്യത്തില്‍ പോരായ്മ പറയാന്‍ യുഡിഎഫുകാര്‍ പോലും തയ്യാറാകാത്ത അവസ്ഥയില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടാന്‍ എല്‍ഡിഎഫ് കരുതലോടെ മുന്നേറുന്നു. വൈകിവന്ന എതിരാളി ഇനിയും രംഗത്തിറങ്ങാന്‍ അറച്ചുനില്‍ക്കുമ്പോള്‍ മണ്ഡലത്തിലെ തൊഴില്‍മേഖലകളിലും വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വോട്ട് അഭ്യര്‍ഥിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെത്തി. ചുവരെഴുത്ത് ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് പ്രചാരണം ദിവസങ്ങള്‍ക്കുമുമ്പേ പൂര്‍ത്തിയായി. പഞ്ചായത്ത് കണ്‍വന്‍ഷനുകളും പൂര്‍ത്തിയായി.

'കുണ്ടറയില്‍ ഇങ്ങനെയൊരു വികസനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതേയില്ല. ഇത്രകാലവും കോണ്‍ഗ്രസിനല്ലാതെ വോട്ട് ചെയ്തിട്ടില്ല. എന്നാല്‍, ഇത്തവണ എല്‍ഡിഎഫിനാണ് വോട്ട്' എന്നൊക്കെയുള്ള വോട്ടര്‍മാരുടെ ആവേശകരമായ പ്രതികരണങ്ങള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ഐഎന്‍ടിയുസിയില്‍പ്പെട്ട കശുവണ്ടിത്തൊഴിലാളികളും തങ്ങളുടെ തൊഴിലും കൂലിയും നിലനിര്‍ത്താന്‍ ഇത്തവണ വോട്ട് എല്‍ഡിഎഫിനു തന്നെയെന്ന് വാക്കുനല്‍കുന്നു. കുണ്ടറയില്‍ എവിടെയും എല്‍ഡിഎഫ് തരംഗം ദൃശ്യമാണ്.

ടെക്നോപാര്‍ക്കും ഫാഷന്‍ ഇന്‍സ്റിറ്റ്യൂട്ടും നെടുമ്പനയില്‍ സ്ഥാപിക്കുന്ന മാസ് കമ്യൂണിക്കേഷന്‍ ഇന്‍സ്റിറ്റ്യൂട്ടും എംബിഎ കോളേജും ഒന്നും എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്നില്ല. ശിലാഫലകങ്ങളില്‍ വികസനമൊതുങ്ങിയ കുണ്ടറയില്‍ പുതിയ ചരിത്രമാണ് എം എ ബേബി എഴുതിച്ചേര്‍ത്തത്. ഇതിനകം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച അലിന്‍ഡ് ഉടന്‍ പ്രവര്‍ത്തനസജ്ജമാകും.

ജില്ലയിലെ 10 മണ്ഡലത്തിലും യുഡിഎഫില്‍ സ്ഥാനാര്‍ഥിമോഹികളുടെ നീണ്ടനിരയുണ്ടായപ്പോഴും കുണ്ടറ ആരും താല്‍പ്പര്യപ്പെട്ടില്ല. ഒടുവില്‍ കരുനാഗപ്പള്ളി സ്വദേശിയായ സി ആര്‍ മഹേഷിനെ രമേശ് ചെന്നിത്തല സ്ഥാനാര്‍ഥിയായി നിശ്ചയിച്ചു. മഹേഷിനെ സ്വാഗതം ചെയ്ത് യുഡിഎഫുകാര്‍ ബാനര്‍ കെട്ടി. ഫ്ളക്സ് ബോര്‍ഡും പോസ്ററും തയ്യാറാക്കി കാത്തിരുന്ന യുഡിഎഫുകാരെ ഇളിഭ്യരാക്കി ഉമ്മന്‍ചാണ്ടിയുടെ നോമിനി ജര്‍മിയാസ് രംഗത്തെത്തി. മണ്ഡലത്തിലെ താമസക്കാരനും കെ കരുണാകരന്റെ അനുയായിയുമായ കെ കരുണാകരന്‍പിള്ളയെ മത്സരിപ്പിക്കണമെന്നായിരുന്നു ഏഴില്‍ അഞ്ച് മണ്ഡലം കമ്മിറ്റിയുടെയും ആവശ്യം. ജര്‍മിയാസിനെ ഉള്‍ക്കൊള്ളാന്‍ അവരാരും തയ്യാറല്ല. മഹേഷിനെയും കരുണാകരന്‍പിള്ളയെയും സ്വാഗതം ചെയ്യുന്ന ബാനറുകള്‍ നീക്കംചെയ്തുവേണം ഇനി തേവലക്കാരന്‍ ജര്‍മിയാസിന് മണ്ഡലത്തിലേക്ക് പ്രവേശിക്കാന്‍. ആകെ 1,76,839 വോട്ടര്‍മാരാണുള്ളത്. 93,352 സ്ത്രീകളും 83,487 പുരുഷന്മാരും.
(കെ ബി ജോയി)

deshabhimani 270311

1 comment:

  1. കുണ്ടറയില്‍ വിജയിക്കുന്ന കക്ഷി കേരളം ഭരിക്കുമെന്നാണ് മുന്‍ തെരഞ്ഞെടുപ്പുകളിലെ ചരിത്രം. അങ്ങനെയെങ്കില്‍ ഇക്കുറിയും ഭരണം എല്‍ഡിഎഫിനു തന്നെയെന്ന് ഉറപ്പിക്കുന്നവരില്‍ യുഡിഎഫുകാരുമുണ്ട്. വിളംബരത്തിന്റെ നാട്ടില്‍ വികസനവിപ്ളവം സൃഷ്ടിച്ച വിദ്യാഭ്യാസ, സാംസ്കാരിക മന്ത്രി എം എ ബേബിയുടെ വിജയം ജനങ്ങള്‍ നേരത്തെതന്നെ ഉറപ്പിച്ചുകഴിഞ്ഞു. മണ്ഡലത്തിന്റെ വികസനകാര്യത്തില്‍ പോരായ്മ പറയാന്‍ യുഡിഎഫുകാര്‍ പോലും തയ്യാറാകാത്ത അവസ്ഥയില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടാന്‍ എല്‍ഡിഎഫ് കരുതലോടെ മുന്നേറുന്നു. വൈകിവന്ന എതിരാളി ഇനിയും രംഗത്തിറങ്ങാന്‍ അറച്ചുനില്‍ക്കുമ്പോള്‍ മണ്ഡലത്തിലെ തൊഴില്‍മേഖലകളിലും വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വോട്ട് അഭ്യര്‍ഥിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെത്തി. ചുവരെഴുത്ത് ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് പ്രചാരണം ദിവസങ്ങള്‍ക്കുമുമ്പേ പൂര്‍ത്തിയായി. പഞ്ചായത്ത് കണ്‍വന്‍ഷനുകളും പൂര്‍ത്തിയായി

    ReplyDelete