Thursday, March 31, 2011

ലീഗിന്റെ ജീര്‍ണരാഷ്ട്രീയത്തിനെതിരെ ജനം വിധിയെഴുതും

തലശേരി: ന്യൂനപക്ഷജനവിഭാഗങ്ങള്‍ക്ക് ഇത്രയേറെ സുരക്ഷിതത്വം ലഭിച്ച കാലം മുമ്പുണ്ടായിട്ടില്ലെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പില്‍. എല്‍ഡിഎഫ് ഭരണത്തില്‍ മുസ്ളിംജനവിഭാഗത്തിന് വലിയ പരിഗണനയാണ് ലഭിച്ചത്. തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കും. ജീര്‍ണത ബാധിച്ച മുസ്ളിംലീഗ് രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തുകൂടിയാകും ഈ തെരഞ്ഞെടുപ്പെന്നും ദേശാഭിമാനിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പുതിയവളപ്പില്‍ പറഞ്ഞു.

? എല്‍ഡിഎഫിന്റെ സാധ്യത.

രാഷ്ട്രീയസാഹചര്യം എല്‍ഡിഎഫിന് അനുകൂലമാണ്. വലിയഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍വരും. യുഡിഎഫിലെ തമ്മിലടി വരുംദിവസങ്ങളില്‍ ശക്തിപ്പെടും. മുസ്ളിംലീഗിലും ഉരുള്‍പൊട്ടലുണ്ടാകും. അഴിമതിക്കാരും പെണ്‍വാണിഭക്കാരുമാണ് യുഡിഎഫില്‍ കൂട്ടമായി മത്സരത്തിനിറങ്ങുന്നത്. ഇതെല്ലാം കാണുന്ന ജനങ്ങള്‍ സംശുദ്ധരാഷ്ട്രീയത്തിന്റെ പ്രതീകമായ എല്‍ഡിഎഫിനെയല്ലാതെ മറ്റാരെയാണ് സ്വീകരിക്കുക.

? എല്‍ഡിഎഫ് ഭരണം മുസ്ളിംസമൂഹത്തിലുണ്ടാക്കിയ മാറ്റം.

പാലോളി കമീഷന്റിപ്പോര്‍ട്ട് അതിന്റെ തെളിവാണ്. റിപ്പോര്‍ട്ട് പരമാവധി നടപ്പാക്കി. മദ്രസാധ്യാപക ക്ഷേമനിധി, ന്യൂനപക്ഷസെല്‍, മുസ്ളിംപെണ്‍കുട്ടികളുടെ സ്കോളര്‍ഷിപ്, അലിഗഢ് സര്‍വകലാശാലാ ക്യാമ്പസ്, ന്യൂനപക്ഷ കമീഷന്‍, കരിപ്പൂരില്‍ ഹജ്ജ് ഹൌസ്... അങ്ങനെ എന്തൊക്കെ പദ്ധതികള്‍.

? റൌഫിന്റെ വെളിപ്പെടുത്തലും മുസ്ളിംലീഗിന്റെ നിസ്സംഗതയും.

പൊതുപ്രവര്‍ത്തകര്‍ പുലര്‍ത്തേണ്ട ധാര്‍മികമൂല്യങ്ങളും നിലപാടുകളുമുണ്ട്. അതൊന്നും ലീഗിന് ബാധകമല്ലേ എന്നാണ് പൊതുസമൂഹം ചിന്തിക്കുന്നത്. ഇത്രയും ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അസാമാന്യ തൊലിക്കട്ടി വേണം. സമുദായത്തിനുതന്നെ നാണക്കേടാണിത്.

? മുസ്ളിംലീഗിലെ പേമെന്റ് സീറ്റിനെക്കുറിച്ച്.

മുസ്ളിംലീഗില്‍ പ്രവര്‍ത്തനപാരമ്പര്യവും കഴിവുമല്ല മാനദണ്ഡം. നേതാക്കളുടെ താല്‍പ്പര്യമനുസരിച്ചാണ് വീതംവയ്പ്. കണ്ണൂരിലെ നേതാക്കളെ തഴഞ്ഞാണ് അഴീക്കോട്ട് കെ എം ഷാജിയെ ഇറക്കിയത്. ഗുരുവായൂരടക്കമുള്ള മറ്റുമണ്ഡലങ്ങളിലുമിത് കാണാം. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലത്തിലെ ലീഗുകാര്‍ പേമെന്റ് സീറ്റിനെക്കുറിച്ചാണിപ്പോള്‍ വിലപിക്കുന്നത്.
(പി ദിനേശന്‍)

ദേശാഭിമാനി 310311

1 comment:

  1. ന്യൂനപക്ഷജനവിഭാഗങ്ങള്‍ക്ക് ഇത്രയേറെ സുരക്ഷിതത്വം ലഭിച്ച കാലം മുമ്പുണ്ടായിട്ടില്ലെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പില്‍. എല്‍ഡിഎഫ് ഭരണത്തില്‍ മുസ്ളിംജനവിഭാഗത്തിന് വലിയ പരിഗണനയാണ് ലഭിച്ചത്. തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കും. ജീര്‍ണത ബാധിച്ച മുസ്ളിംലീഗ് രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തുകൂടിയാകും ഈ തെരഞ്ഞെടുപ്പെന്നും ദേശാഭിമാനിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പുതിയവളപ്പില്‍ പറഞ്ഞു.

    ReplyDelete