Monday, March 28, 2011

പത്രികാപ്രകടനം

ഇത് തട്ടിക്കൂട്ടാന്‍ പെട്ട പാട് ഇവര്‍ക്കേ അറിയൂ. ഇനി ഇപ്പോള്‍ ഹെലിക്കോപ്റ്റര്‍ ഇല്ലാതെങ്ങനെ എല്ലാ മണ്ഡലത്തിലും എത്തും?
വീണ്ടുമിതാ യുഡിഎഫിന്റെ 'പ്രകടനപത്രിക', പേര് വികസനവും കരുതലും. പത്രിക 'പ്രകടനം' മാത്രമാകുമ്പോള്‍ വാഗ്ദാനങ്ങള്‍ വാതോരാതെ നല്‍കാമെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ പ്രകടനപത്രികയും. 2001ലും ഇതുപോലൊരു പത്രിക യുഡിഎഫ് പുറത്തിറക്കി. ആ പ്രകടനപത്രികയില്‍ പറഞ്ഞത് ഇങ്ങനെ: "അധികാരം കിട്ടുമ്പോള്‍ പ്രകടനപത്രികയും വാഗ്ദാനങ്ങളും വിസ്മരിക്കില്ലെന്ന് യുഡിഎഫ് ഉറപ്പുനല്‍കുന്നു. ഭരണത്തിന്റെ മാര്‍ഗരേഖയായ പ്രകടനപത്രിക കര്‍മപഥത്തിലെത്തിക്കാന്‍ മുഖ്യമന്ത്രി ചെയര്‍മാനായി ഇംപ്ളിമെന്റേഷന്‍ കമ്മിറ്റി രൂപീകരിക്കും''. എന്നാല്‍, ഇംപ്ളിമെന്റേഷന്‍ കമ്മിറ്റി പോലും അന്നുണ്ടായില്ല. പിന്നെ ഇംപ്ളിമെന്റേഷന്റെ കാര്യം പറയേണ്ടതില്ലല്ലോ. ഇത്തവണത്തെ പ്രകടനപത്രികയിലും പറയുന്നു നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിരംസമിതി രൂപീകരിക്കുമെന്ന്. അഞ്ചുവര്‍ഷം ഭരണം ലഭിച്ചിട്ടും വാഗ്ദാനങ്ങളൊന്നുപോലും നടപ്പാക്കാത്തവരാണ് ഇത്തവണ 'വികസനവും കരുതലുമായി' വീണ്ടും ഇറങ്ങുന്നത്.

2001ലെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം 27,000 കോടി രൂപ കടമുണ്ടായിരുന്ന കേരളത്തെ രക്ഷിച്ച് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി അകറ്റുമെന്നായിരുന്നു. എന്നാല്‍, അഞ്ചുവര്‍ഷത്തെ ഭരണത്തിനുശേഷം മൊത്തം കടം 60,000 കോടി രൂപയില്‍ അധികമായാണ് വര്‍ധിച്ചത്. ധൂര്‍ത്തും അഴിമതിയും അവസാനിപ്പിക്കുമെന്നു പറഞ്ഞവര്‍ പുറത്തിറങ്ങുമ്പോള്‍ അഴിമതി സാര്‍വത്രികമായ കാഴ്ച കേരളം കണ്ടു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ലോകായുക്തയുടെ വിമര്‍ശം, ഒട്ടുമിക്ക മന്ത്രിമാരും അഴിമതിയില്‍ മുങ്ങിക്കുളിച്ചു. പല മന്ത്രിമാരുടെയും കേസുകള്‍ ഇന്നും കോടതിയിലാണ്്. അഞ്ചുവര്‍ഷംകൊണ്ട് 3000 കോടിയുടെ അഴിമതി നടത്തി റെക്കോഡിട്ടു. രണ്ടു മന്ത്രിമാര്‍ അഴിമതി കേസില്‍ പുറത്തുമായി. 15 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നു പ്രകടനപത്രികയില്‍ പറഞ്ഞവരാണ് കേരളത്തില്‍ നിയമന നിരോധനം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ യുഡിഎഫ് കാലയളവില്‍ സര്‍ക്കാര്‍ സര്‍വീസില്‍ 75,000 പേരുടെ കുറവുണ്ടായി. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി 90,000 പേര്‍ക്കും ചെറുകിട വ്യവസായമേഖലയില്‍ കാല്‍ലക്ഷംപേര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു. കാര്‍ഷികപ്രതിസന്ധി ഒന്നരലക്ഷംപേര്‍ക്കും പരമ്പരാഗതമേഖലയില്‍ നാലുലക്ഷത്തിലേറെ പേര്‍ക്ക് സ്ഥിരം തൊഴില്‍ നഷ്ടപ്പെടുത്തിയ കാഴ്ചയാണ് കേരളം കണ്ടത്. ഇത്തവണ 35 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് വാഗ്ദാനം.

2001ല്‍ അധികാരത്തിലേറുംമുമ്പ് ഒരുകാര്യം യുഡിഎഫ് തിരിച്ചറിഞ്ഞിരുന്നു. കടക്കെണിയിലായ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്ന്. അവരെ രക്ഷിക്കാന്‍ പദ്ധതികള്‍ കൊണ്ടുവരുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, അഞ്ചുവര്‍ഷം കഴിയുമ്പോള്‍ ഏകദേശം 1300 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. മാത്രമല്ല ജീവനൊടുക്കിയ കര്‍ഷകരുടെ യഥാര്‍ഥ കണക്ക്് കേന്ദ്രസര്‍ക്കാരില്‍നിന്നു മറച്ചുവച്ച് പരിമിതമായ സഹായംപോലും ഇല്ലാതാക്കി. റേഷന്‍ സമ്പ്രദായം എന്തുവന്നാലും നിലനിര്‍ത്തുമെന്നും റേഷന്‍ വ്യാപാരികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും പറഞ്ഞ് അധികാരത്തിലേറിയവര്‍ കേരളത്തിലെ പൊതുവിതരണ സമ്പ്രദായമാകെ തകര്‍ത്തു. റേഷന്‍ കടകളെ ജനം തിരിഞ്ഞു നോക്കാതായി. റേഷന്‍ വ്യാപാരികള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്ത അപൂര്‍വ കാഴ്ചയും മലയാളി കണ്ടു.

രസകരമായ മറ്റൊരു വാഗ്ദാനം പത്രമാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടാകുന്ന ഭീഷണിയും കൈയേറ്റവും അവസാനിപ്പിക്കുമെന്നായിരുന്നു. പിന്നീട് അഞ്ചുവര്‍ഷം കേരളം കണ്ടത് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നിരന്തരം നടന്ന ആക്രമണങ്ങളാണ്. കോഴിക്കോട് വിമാനത്താവളത്തില്‍ മുസ്ളിംലീഗുകാരുടെ അതിക്രമം ഇനിയും മറക്കാറായിട്ടില്ല. നിയമസഭാ നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍പോലും മാധ്യമപ്രവര്‍ത്തകര്‍ക്ക് സമരം വേണ്ടിവന്നു.

250 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും മൂന്നുകൊല്ലത്തിനുള്ളില്‍ 1882 മെഗാവാട്ട് ജലവൈദ്യുതി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുമെന്നും പറഞ്ഞവര്‍ കേരളത്തെ പവര്‍കട്ടിന്റെയും ലോഡ്ഷെഡിങ്ങിന്റെയും നാടാക്കി. കശുവണ്ടി തൊഴിലാളികള്‍ക്ക് കൂടുതല്‍ ദിവസം തൊഴില്‍ വാഗ്ദാനവും കശുവണ്ടി തോട്ടവിളയാക്കുമെന്ന വാഗ്ദാനവും വാഗ്ദാനമായിത്തന്നെ തുടര്‍ന്നു. ഭൂരഹിതരായ എല്ലാ ആദിവാസികള്‍ക്കും ഭൂമി വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവര്‍ മുത്തങ്ങയില്‍ ആദിവാസിയെ വെടിവച്ചു കൊന്നതിനും കേരളം സാക്ഷിയായി. പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം യഥാസമയം വിതരണം ചെയ്യുമെന്നു പറഞ്ഞവര്‍ രജനി എസ് ആനന്ദ് എന്ന എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യക്കും വഴിയൊരുക്കി.

ദേശാഭിമാനി 280311

2 comments:

  1. വീണ്ടുമിതാ യുഡിഎഫിന്റെ 'പ്രകടനപത്രിക', പേര് വികസനവും കരുതലും. പത്രിക 'പ്രകടനം' മാത്രമാകുമ്പോള്‍ വാഗ്ദാനങ്ങള്‍ വാതോരാതെ നല്‍കാമെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ പ്രകടനപത്രികയും. 2001ലും ഇതുപോലൊരു പത്രിക യുഡിഎഫ് പുറത്തിറക്കി. ആ പ്രകടനപത്രികയില്‍ പറഞ്ഞത് ഇങ്ങനെ: "അധികാരം കിട്ടുമ്പോള്‍ പ്രകടനപത്രികയും വാഗ്ദാനങ്ങളും വിസ്മരിക്കില്ലെന്ന് യുഡിഎഫ് ഉറപ്പുനല്‍കുന്നു. ഭരണത്തിന്റെ മാര്‍ഗരേഖയായ പ്രകടനപത്രിക കര്‍മപഥത്തിലെത്തിക്കാന്‍ മുഖ്യമന്ത്രി ചെയര്‍മാനായി ഇംപ്ളിമെന്റേഷന്‍ കമ്മിറ്റി രൂപീകരിക്കും''. എന്നാല്‍, ഇംപ്ളിമെന്റേഷന്‍ കമ്മിറ്റി പോലും അന്നുണ്ടായില്ല. പിന്നെ ഇംപ്ളിമെന്റേഷന്റെ കാര്യം പറയേണ്ടതില്ലല്ലോ. ഇത്തവണത്തെ പ്രകടനപത്രികയിലും പറയുന്നു നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിരംസമിതി രൂപീകരിക്കുമെന്ന്. അഞ്ചുവര്‍ഷം ഭരണം ലഭിച്ചിട്ടും വാഗ്ദാനങ്ങളൊന്നുപോലും നടപ്പാക്കാത്തവരാണ് ഇത്തവണ 'വികസനവും കരുതലുമായി' വീണ്ടും ഇറങ്ങുന്നത്.

    ReplyDelete
  2. മലമ്പുഴയില്‍ വി എസ് അച്ചുതാനന്ദനെതിരെ കോ- ബിജെപി സഖ്യം മറ നീക്കി പുറത്തായി : സിപിഐ എം
    മലമ്പുഴയില്‍ വി എസ് അച്ചുതാനന്ദനെതിരെ കോ- ബിജെപി സഖ്യം മറ നീക്കി പുറത്തായി : സിപിഐ എം മലമ്പുഴയില്‍ വി എസ് അച്ചുതാനന്ദനെതിരെ കോ- ബിജെപി സഖ്യം മറ നീക്കി പുറത്തായി : സിപിഐ എം പാലക്കാട്: വി എസ് അച്യുതാനന്ദന്‍ മത്സരിക്കുന്ന മലമ്പുഴ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി മത്സരിക്കാത്തത് കോഗ്രസ്- ബിജെപി ബന്ധം മറനീക്കി പുറത്തുവന്നതിന്റെ തെളിവാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ഉണ്ണി വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ വരുന്ന മിക്ക പഞ്ചായത്തുകളിലും ജില്ലയില്‍ ആകെയും എല്‍ഡിഎഫിനെതിരെ പൊതുസ്ഥാനാര്‍ഥികളെ നിര്‍ത്തിയാണ് കോഗ്രസും ബിജെപിയും മത്സരിച്ചത്. മണ്ഡലത്തില്‍പ്പെടുന്ന പുതുശേരി പഞ്ചായത്തില്‍ ബിജെപിയും കോഗ്രസും യോജിച്ചാണ് ഇപ്പോഴും ഭരിക്കുന്നത്. തൊട്ടടുത്ത എലപ്പുള്ളി പഞ്ചായത്തിലും കോഗ്രസ് -ബിജെപി പൊതുസ്ഥാനാര്‍ഥികളാണ് എല്‍ഡിഎഫിനെതിരെ മത്സരിച്ചത്. കണ്ണാടി പഞ്ചായത്തില്‍ കോഗ്രസും ബിജെപിയും യോജിച്ച് പൌരമുന്നണി എന്ന പേരിലാണ് ഭരിക്കുന്നത്. ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് വാര്‍ഡില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ ഈ അവിശുദ്ധ ബന്ധം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രകടമായി. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തലയും നടത്തിയ പ്രസ്താവന മലമ്പുഴ മണ്ഡലത്തിലെ അവിശുദ്ധ ബന്ധം കോഗ്രസ് സംസ്ഥാന നേതൃത്വം തന്നെ ഉണ്ടാക്കിയതാണെന്ന് വ്യക്തമാക്കുന്നു. വി എസിനെതിരെ തെരഞ്ഞെടുപ്പില്‍ ആരുമായും ബന്ധം സ്ഥാപിക്കുന്നതിന് മടിയില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ മലമ്പുഴയിലെ ജനങ്ങള്‍ ഈ കാപട്യം തിരിച്ചറിയുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete