വീണ്ടും ഭരണം വേണമെന്നാവശ്യപ്പെടുന്ന യുഡിഎഫ്, ഭരണമുണ്ടായിരുന്ന നാളുകളില്‍ അതെന്തിനു വേണ്ടിയാണ് വിനിയോഗിച്ചത് എന്നത് ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ തെളിയുകയാണ്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഭരണം എന്താണെന്നും എങ്ങനെയാണെന്നും എന്തിനുള്ളതാണെന്നുമുള്ളതിന് യുഡിഎഫിലെ നേതാക്കള്‍തന്നെ നിത്യേന ജനങ്ങള്‍ക്കുമുമ്പില്‍ തെളിവുനിരത്തുന്നു. ഏറ്റവും ഒടുവിലായി പുറത്തുവന്നിട്ടുള്ളത് കോണ്‍ഗ്രസ് നേതാവ് കെ കെ രാമചന്ദ്രന്റെ വെളിപ്പെടുത്തലുകളാണ്.
മുഖ്യമന്ത്രിയായിരിക്കെ തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ കോടികളുടെ അഴിമതി നടത്താന്‍ ഉമ്മന്‍ചാണ്ടി കളമൊരുക്കിയതിനെക്കുറിച്ചാണ് കെ കെ രാമചന്ദ്രന്‍ പത്രസമ്മേളനത്തില്‍ വിവരിച്ചത്. 226 കോടി രൂപയുടെ വെട്ടിപ്പിനാണ് ശ്രമം നടന്നതെന്നും രാമചന്ദ്രന്‍ പറയുന്നു. അതിനെ എതിര്‍ത്തതുകൊണ്ടാണ് തന്നെ മന്ത്രിസഭയില്‍നിന്ന് നീക്കിയതെന്നുകൂടി രാമചന്ദ്രന്‍ വിശദീകരിക്കുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യമില്ല. കാരണം, കെ കെ രാമചന്ദ്രന്‍ ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലുണ്ടായിരുന്ന ആളാണ്; കോൺഗ്രസിന്റെ നേതൃനിരയിലുള്ള ആളാണ്. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയ ഉള്ളറകളെക്കുറിച്ച് നല്ല പിടിപാടുള്ള വ്യക്തിയാണ്. എതിര്‍പക്ഷത്തുനിന്ന് ഇങ്ങനെയൊരു ആരോപണം ഉയര്‍ന്നാല്‍ രാഷ്ട്രീയപ്രേരിതമാണെന്ന് പറയും ഉമ്മന്‍ചാണ്ടിയും കൂട്ടരും. എന്നാല്‍, സ്വന്തം പക്ഷത്തുനിന്നുതന്നെ, സ്വന്തം പാര്‍ടിയില്‍നിന്നുതന്നെ; സ്വന്തം മന്ത്രിസഭയില്‍ അംഗമായിരുന്ന ആളില്‍നിന്നുതന്നെ ആരോപണം ഉയരുമ്പോള്‍ ഉമ്മന്‍ചാണ്ടി എന്തുപറയും?
ആരോപണം ശ്രദ്ധയില്‍പ്പെട്ടില്ല എന്നുപറഞ്ഞ് എത്ര നാള്‍ അദ്ദേഹത്തിന് ഒഴിഞ്ഞു നില്‍ക്കാനാകും. ആരോപണം അസംബന്ധമാണെന്ന് പറഞ്ഞ് അദ്ദേഹത്തിന് എങ്ങനെ സ്വയം ന്യായീകരിക്കാനാകും? ഉമ്മന്‍ചാണ്ടിയില്‍നിന്ന് വസ്തുതാവിവരങ്ങളടങ്ങിയ കൃത്യമായ മറുപടിക്ക് കാത്തിരിക്കുകയാണ് രാഷ്ട്രീയകേരളം. സ്വന്തം മന്ത്രിസഭയില്‍ അംഗമായിരുന്ന വ്യക്തിയില്‍നിന്നുതന്നെ പരസ്യമായി അഴിമതിആരോപണം നേരിടുന്ന വ്യക്തിക്ക് മുന്നണിയെ നയിക്കാന്‍ ധാര്‍മികമായി എന്ത് രാഷ്ട്രീയ അവകാശമാണുള്ളത് എന്നത് ശ്രദ്ധാപൂര്‍വം നോക്കിയിരിക്കുകയാണ് രാഷ്ട്രീയകേരളം.
പാമൊലിന്‍ കേസില്‍ അന്വേഷണം നേരിടുകയായിട്ടും തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന വ്യക്തിയാണ് ഗുരുതരമായ മറ്റൊരു ആരോപണംകൂടി ഇപ്പോള്‍ നേരിടുന്നത് എന്നോര്‍ക്കണം. രാഷ്ട്രീയ ധാര്‍മികതയെക്കുറിച്ചുള്ള വാഗ്ധോരണിക്ക് കുറവില്ലാത്ത ഉമ്മന്‍ചാണ്ടി ഇപ്പോള്‍ വിശദീകരിക്കാന്‍ വാക്കുകളില്ലാതെ വിഷമിക്കുന്നതിനുപിന്നിലെ യാഥാര്‍ഥ്യം മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളവരല്ല കേരളത്തിലെ ജനങ്ങള്‍.
ടൈറ്റാനിയം കമ്പനിക്ക് 100 കോടിയുടെ മുതല്‍മുടക്കാണുള്ളത്. ഇതിന്മേലാണ് 256 കോടി രൂപയുടെ തട്ടിപ്പുപദ്ധതി അടിച്ചേല്‍പ്പിച്ച് അഴിമതി നടത്താന്‍ നോക്കിയത്. കമ്പനിയുടെ മാലിന്യപ്രശ്നങ്ങള്‍ മുപ്പതു കോടി രൂപയ്ക്ക് പരിഹരിക്കാമെന്ന് ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്‍ അറിയിച്ചിരിക്കെ ഇതേ കാര്യത്തിന് എൺപത് കോടി രൂപ വകയിരുത്തിക്കൊണ്ടുള്ള പ്രത്യേക പദ്ധതി തയ്യാറാക്കിയത് എന്തിന് എന്നത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഉമ്മന്‍ചാണ്ടിക്ക് ബാധ്യതയുണ്ട്. 100 കോടിയുടെമാത്രം മുതല്‍മുടക്കുള്ള പദ്ധതിക്കുമേല്‍ 256 കോടിയുടെ അധികച്ചെലവ് അടിച്ചേല്‍പ്പിച്ചാല്‍ അത് കമ്പനിക്ക് താങ്ങാനാവില്ല എന്ന് സ്വാഭാവികമായും വിലയിരുത്തപ്പെടുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ പദ്ധതിയെ എതിര്‍ത്തതുകൊണ്ടാണ് തന്നെ മന്ത്രിസഭയില്‍നിന്ന് ഗൂഢാലോചന നടത്തി പുറത്താക്കിയതെന്നാണ് രാമചന്ദ്രന്‍ പറയുന്നത്.
രാമചന്ദ്രനെ മന്ത്രിസഭയില്‍നിന്ന് നീക്കിയതിനുശേഷം ഉമ്മന്‍ചാണ്ടി ആ പദ്ധതി നടപ്പാക്കിയെടുത്തു എന്നുകൂടി അറിയുമ്പോള്‍ രാമചന്ദ്രന്‍ പറഞ്ഞത് വിശ്വാസയോഗ്യമാണെന്ന് വരുന്നു; ആരോപണം തെളിവോടെ സ്ഥിരീകരിക്കപ്പെടുകയും ചെയ്യുന്നു. ആസ്തിയുടെ രണ്ടര ഇരട്ടിവരുന്ന അധികച്ചെലവ് പദ്ധതി കമ്പനിക്ക് നഷ്ടമേ ഉണ്ടാക്കൂ എന്ന വിലയിരുത്തല്‍ പിന്നീട് തെളിയുകയുംചെയ്തു. അഞ്ച് കോടി രൂപയുടെ ബാങ്ക് ഗാരന്റി കണ്ടുകെട്ടുന്ന അവസ്ഥ സൃഷ്ടിച്ചുകൊണ്ട് അധികച്ചെലവ് പദ്ധതി പൊളിഞ്ഞു. ഇതെല്ലാം ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കാണിക്കുന്നു.
രാമചന്ദ്രന്റെ വിശ്വാസ്യത എത്രയെന്നതല്ല, ആരോപണത്തിന് അക്കമിട്ട് മറുപടി നല്‍കാന്‍ ഉമ്മന്‍ചാണ്ടിയുടെ പക്കല്‍ വല്ലതുമുണ്ടോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. 'അസംബന്ധം' എന്ന ഒറ്റ വാക്കുകൊണ്ട് മറച്ചുപിടിക്കാവുന്നതല്ല, മന്ത്രിസഭയിലെ പഴയ സഹപ്രവര്‍ത്തകന്റെ ആരോപണം. എന്തായാലും ഗൌരവാവഹമായ അന്വേഷണം ഈ കാര്യത്തില്‍ കൂടിയേ തീരൂ. പക്ഷേ, ജീര്‍ണിച്ചുകഴിഞ്ഞ കോൺഗ്രസില്‍ പാര്‍ടിതലത്തില്‍പോലും അത്തരമൊരു നീക്കമുണ്ടാകുമെന്ന് തലയ്ക്ക് വെളിവുള്ള ആരും കരുതുന്നില്ല. പകരം, കോൺഗ്രസിന് സംഭവിക്കുക, ആരോപണമുന്നയിച്ച രാമചന്ദ്രനെതിരെ നടപടി എടുക്കലാകും. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയില്‍നിന്ന് ആ വഴിക്കുള്ള സൂചനകള്‍ ഇതിനകംതന്നെ വന്നുകഴിഞ്ഞു.
യുഡിഎഫ് ഭരണം എങ്ങനെയായിരുന്നുവെന്നത് ജനങ്ങളെ അതിന്റെ നേതാക്കള്‍തന്നെ ഇടയ്ക്കിടെ ഓര്‍മിപ്പിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. യുഡിഎഫിനെ നയിക്കുന്ന ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ഘടകകക്ഷികളില്‍ ഒന്നിന്റെ നേതാവായ ടി എം ജേക്കബ് മുമ്പ് നിയമസഭയില്‍ പറഞ്ഞത് സംസ്ഥാന ഖജനാവ് കൊള്ളയടിക്കുന്നയാള്‍ എന്നാണ്. സൈന്‍ബോര്‍ഡ് അഴിമതിയില്‍ 500 കോടി രൂപയുടെ തിരിമറി നടത്തിയെന്ന ജേക്കബ്ബിന്റെ ആരോപണം സഭാരേഖകളില്‍ കിടപ്പുണ്ട്. സ്മാര്‍ട്ട്സിറ്റി, സുനാമി ഫണ്ട്, ലോട്ടറി, ചന്ദനം, മദ്യം, സിവില്‍ സപ്ളൈസ്, വൈദ്യുതി, പട്ടയം, ഭൂമിതട്ടിപ്പ് തുടങ്ങി എന്തെല്ലാം വിഷയങ്ങള്‍ മുന്‍നിര്‍ത്തി ടി എം ജേക്കബ്ബും മറ്റും ഉമ്മന്‍ചാണ്ടിയെയും യുഡിഎഫിനെയും സഭാതലത്തില്‍ തുറന്നുകാട്ടിയിരിക്കുന്നു. പാമൊലിന്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്കുള്ള പങ്ക് മന്ത്രിസഭാംഗമായിരുന്ന ടി എച്ച് മുസ്തഫതന്നെ തുറന്നുകാട്ടിയിരിക്കുന്നു. ടി എം ജേക്കബ്ബും ടി എച്ച് മുസ്തഫയുമൊക്കെ ചൂണ്ടിക്കാട്ടിയിട്ടുള്ള കാര്യങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി മറുപടി പറയേണ്ടതുണ്ട്.
ബാലകൃഷ്ണപിള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നുവന്നപ്പോള്‍ അദ്ദേഹത്തെ ഉപദേശിച്ച് പിന്തിരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചത് പിള്ള മത്സരിക്കുന്നത് രാഷ്ട്രീയമായി യുഡിഎഫിന് വന്‍ തിരിച്ചടി ഉണ്ടാക്കുമെന്നതിനാലാണ്. അതല്ലാതെ രാഷ്ട്രീയ ധാര്‍മികത മുന്‍നിര്‍ത്തിയൊന്നുമല്ല. രാഷ്ട്രീയ ധാര്‍മികതയെക്കുറിച്ച് ഉമ്മന്‍ചാണ്ടി നടത്തുന്ന വാചകമടി വെറും രാഷ്ട്രീയ കസര്‍ത്തുകള്‍ മാത്രമാണെന്ന് ആവര്‍ത്തിച്ച് തെളിയുകയാണ്. അതല്ലെങ്കില്‍, സ്വന്തം മന്ത്രിസഭയിലെ അംഗത്തില്‍നിന്നുതന്നെ അഴിമതി ആരോപണം നേരിട്ടിട്ടും, പാമൊലിന്‍ ഇറക്കുമതി കേസില്‍ അന്വേഷണം നേരിടുകയായിരുന്നിട്ടും ഒഴിഞ്ഞുനില്‍ക്കാമെന്ന് കരുതാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുന്നില്ലല്ലോ. അതാണ് ഉമ്മന്‍ചാണ്ടിയുടെ ധാര്‍മികതയും രാഷ്ട്രീയവും.
ദേശാഭിമാനി മുഖപ്രസംഗം 310311
വീണ്ടും ഭരണം വേണമെന്നാവശ്യപ്പെടുന്ന യുഡിഎഫ്, ഭരണമുണ്ടായിരുന്ന നാളുകളില്‍ അതെന്തിനു വേണ്ടിയാണ് വിനിയോഗിച്ചത് എന്നത് ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ തെളിയുകയാണ്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഭരണം എന്താണെന്നും എങ്ങനെയാണെന്നും എന്തിനുള്ളതാണെന്നുമുള്ളതിന് യുഡിഎഫിലെ നേതാക്കള്‍തന്നെ നിത്യേന ജനങ്ങള്‍ക്കുമുമ്പില്‍ തെളിവുനിരത്തുന്നു. ഏറ്റവും ഒടുവിലായി പുറത്തുവന്നിട്ടുള്ളത് കോണ്‍ഗ്രസ് നേതാവ് കെ കെ രാമചന്ദ്രന്റെ വെളിപ്പെടുത്തലുകളാണ്.
ReplyDelete