ആഴ്ചകള്‍ നീണ്ട തര്‍ക്കം പരിഹരിച്ച് പ്രഖ്യാപനം വന്നപ്പോഴാണ് വീരന്‍ ജനതയിലെ അണികള്‍ ഞെട്ടിയത്. യുഡിഎഫ് അനുവദിച്ച നെന്മാറ കോണ്‍ഗ്രസിന് വിട്ടുകൊടുത്തു. ഏഴു വേണ്ട ആറു സീറ്റ് മതിയെന്നു പറഞ്ഞ് വീരന്‍ മഹാമനസ്കത കാട്ടിയെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വെളിപ്പെടുത്തല്‍. യുഡിഎഫില്‍ സീറ്റ് കിട്ടുന്നതാണ് ബുദ്ധിമുട്ടെന്ന് കരുതിയവര്‍ക്ക് തെറ്റി. കിട്ടിയ സീറ്റ് കൈയൊഴിയുന്നതാണത്രേ ഏറെ ശ്രമകരം. അതിനാണ് ആഴ്ചകള്‍ നീണ്ട ചര്‍ച്ചകളും കൂടിക്കാഴ്ചകളുമായി വീരനും സംഘവും ഇന്ദിരാഭവന്റെ തിണ്ണനിരങ്ങിയത്. ഒടുവില്‍ നെന്മാറ ഏറ്റെടുത്തുകൊള്ളാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചപ്പോഴാണത്രേ വീരന് സമാധാനമായത്.
'വലിയ വിട്ടുവീഴ്ച ചെയ്ത എം പി വീരേന്ദ്രകുമാറിനോടും എം വി രാഘവനോടും നന്ദിയുണ്ട്'. ഉമ്മന്‍ചാണ്ടിയുടെ നന്ദിവാക്കുകൂടി കേട്ടതോടെ വീര രാഘവന്മാര്‍ക്ക് മനസ്സ് നിറഞ്ഞു. ആനന്ദാശ്രുക്കള്‍കൊണ്ട് കണ്ണ് നിറഞ്ഞതായും കണ്ടുനിന്നവര്‍ അടക്കം പറഞ്ഞിട്ടുണ്ട്. അണികള്‍ തലയില്‍ കൈവച്ചുനില്‍ക്കുമ്പോള്‍ നെഞ്ചത്ത് കൈവച്ചുപോകുകയാണ് സോഷ്യലിസ്റ് ജനത സെക്രട്ടറി ജനറല്‍ കെ കൃഷ്ണന്‍കുട്ടി. 'എങ്കിലും വീരാ എന്നോട് ഇത് ചെയ്തല്ലോ' എന്ന് ആത്മഗതവും.
ചിറ്റൂര്‍ സീറ്റ് മോഹിപ്പിച്ച് കൂടെ കൊണ്ടുനടന്ന് എന്തെല്ലാം ചെയ്യിച്ചു. ഒടുവില്‍ കിട്ടിയ നെന്മാറയും വേണ്ടെന്നുവച്ചു. അങ്കത്തട്ടില്‍ മാറ്റച്ചുരിക കൊടുക്കാത്ത വടക്കന്‍പാട്ടിലെ ചതിപോലും തോറ്റുപോകും.
സിഎംപിയുടെ ജീവാത്മാവും പരമാത്മാവുമായ എം വി രാഘവനും കലികാലംതന്നെ. അങ്കത്തുണ പോയവര്‍തന്നെയാണത്രെ രാഘവനെയും ചതിച്ചത്. അഴീക്കോട് സീറ്റ് തട്ടിപ്പറിച്ച് ആദ്യം ലീഗ് ചതിച്ചു. തിരുവനന്തപുരം കൊടുക്കാതെ കോണ്‍ഗ്രസും. ഒടുവില്‍ ഉറപ്പുള്ള സീറ്റൊന്നും കൊടുത്തേക്കല്ലേ എന്ന് ചെന്നിത്തലയുടെ കാതില്‍ രഹസ്യം പറഞ്ഞ് കുന്ദംകുളത്തെ അരുമശിഷ്യനും ചതിച്ചു. തോല്‍വി ഏറ്റുവാങ്ങാനായി ഒടുവില്‍ 'ചന്തു' നെന്മാറയില്‍ അങ്കംകുറിക്കുകയാണ്. അതിനിടയില്‍ ധര്‍മടത്ത് ചൂര്യയി ചന്ദ്രനെയും നാട്ടികയില്‍ വികാസ് ചക്രപാണിയെയും വച്ചുമാറ്റിയുള്ള പകിടകളി. ചുമ്മാ ഒരു നേരമ്പോക്കിന്.
ദേശാഭിമാനി 27031
സീറ്റ് തര്‍ക്കം തീര്‍ന്നെന്ന് പ്രഖ്യാപനം വന്നപ്പോഴാണ് യുഡിഎഫില്‍ അടിയുടെ പൊടിപൂരം. നാട്ടിക വേണ്ടെന്ന് പറഞ്ഞ് കൈയൊഴിഞ്ഞ സിഎംപി ധര്‍മടത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചശേഷം വീണ്ടും നാട്ടികയ്ക്കായി വാശിപിടിക്കുന്നു. എന്നാല്‍,നാട്ടികയില്‍ സിഎംപി വേണ്ടെന്ന് പറഞ്ഞ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതിഷേധം. ഒടുവില്‍ റിബല്‍ സ്ഥാനാര്‍ഥിയുടെ രംഗപ്രവേശം. വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ് ജനതയുടെ വാശിയാണ് യഥാര്‍ഥ വാശി. 12 സീറ്റ് കട്ടായം പറഞ്ഞാണ് തുടങ്ങിയത്. ഏഴ് സീറ്റെന്നതില്‍ വിട്ടുവീഴ്ചയില്ലാതെ കോണ്‍ഗ്രസും. ചിറ്റൂര്‍ നോക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തീര്‍ത്തുപറഞ്ഞു.
ReplyDelete