Sunday, March 11, 2012

മലപ്പുറത്ത് പ്രതിമാസം 350ലേറെ ബാല്യവിവാഹങ്ങള്‍

ബാല്യവിവാഹത്തിന്റെ ചീത്തപ്പേര് വിട്ടൊഴിയാതെ മലപ്പുറം. മുന്‍വര്‍ഷത്തെ കണക്കെടുപ്പിലും ജില്ലയായിരുന്നു മുന്നില്‍ . ഔദ്യോഗിക കണക്കനുസരിച്ച് 2011ല്‍ 4289 ബാല്യ വിവാഹങ്ങള്‍ - അതായത് പ്രതിമാസം 357. ഇതിലുമെത്രയോ ഇരട്ടിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതെന്ന് സാമൂഹ്യക്ഷേമ ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. 2011ലെ കണക്കുപ്രകാരം 11നും 18നും ഇടയില്‍ പ്രായമുള്ള 3,06,139 പെണ്‍കുട്ടികളാണുള്ളത്. ഇവരില്‍ 4289 പേരെ രക്ഷിതാക്കള്‍ വിവാഹം ചെയ്തയച്ചു. 3651 പേര്‍ മുസ്ലിം മതവിഭാഗക്കാരും 332 പേര്‍ പട്ടികജാതിക്കാരും 32 പേര്‍ പട്ടികവിഭാഗക്കാരുമാണ്. 274 പേര്‍ മറ്റുവിഭാഗത്തില്‍പ്പെടുന്നു. 15നും 18നും ഇടയിലുളളവരാണ് ഏറെയും വിവാഹിതരായത്. 11നും 18നും ഇടയില്‍ പ്രായമുള്ളവരില്‍ 20,762 പട്ടികജാതിക്കാരും 999 പട്ടികവര്‍ഗക്കാരും 2,01,528 മുസ്ലിങ്ങളും 82,850 പേര്‍ മറ്റുമതസ്ഥരുമാണ്. 2010ല്‍ നടന്ന 4358 ബാല്യവിവാഹങ്ങളില്‍ 109 പേര്‍ വിവാഹമോചിതരായെന്നും ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. കണക്കില്‍പ്പെടാത്ത വിവാഹമോചിതര്‍ ഇതിന്റെ എത്രയോ മടങ്ങാണ്.

പ്രായം തികയാതെ പെണ്‍കുട്ടികളെ കല്യാണം കഴിച്ചയക്കുന്നതിന്റെ യഥാര്‍ഥ കണക്ക് സര്‍ക്കാര്‍ നല്‍കുന്ന ഔദ്യോഗിക വിവരങ്ങള്‍ക്കപ്പുറമാണ്. ബാല്യവിവാഹങ്ങള്‍ക്കെതിരെ ആരും പരാതിപ്പെടാത്തതാണ് നിയമത്തിന്റെ കണ്ണില്‍പ്പെടാതെ രക്ഷപ്പെടാനുള്ള കാരണം. ബ്ലോക്ക് ഓഫീസിന് കീഴിലുള്ള ഐസിഡിഎസ് പ്രോജക്ട് ഓഫീസര്‍ക്കാണ് ഇതുസംബന്ധിച്ച പരാതി നല്‍കേണ്ടത്. നാട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ പൊതുപ്രവര്‍ത്തകര്‍ക്കോ പരാതി ഉന്നയിക്കാം. പരാതി ലഭിച്ചാല്‍ കോടതിക്ക് റിപ്പോര്‍ട്ട് കൈമാറുകയും വിവാഹം വിലക്കുകയുമാണ് പതിവ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം താനൂരിലും മഞ്ചേരിയിലുമായി നാല് പരാതികള്‍ മാത്രമാണ് ലഭിച്ചത്.

പ്ലസ്ടു പഠനം പാതിവഴിയില്‍ നിര്‍ത്തി കുടുംബജീവിതത്തിലേക്ക് പ്രവേശിച്ച നിരവധി കുട്ടികള്‍ ജില്ലയിലുള്ളതായി ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. ചെറുപ്രായത്തില്‍ വിവാഹിതരാകുന്നതില്‍ പെണ്‍കുട്ടികള്‍ പൊതുവെ തല്‍പ്പരരല്ല. എന്നാല്‍ രക്ഷിതാക്കളുടെ അജ്ഞതയും സാമ്പത്തിക പരാധീനതയുംമൂലം അവര്‍ ഇതിന് നിര്‍ബന്ധിതരാവുകയാണ്. ഔദ്യോഗിക നിരീക്ഷണം കര്‍ശനമാണെങ്കിലും പരാതിപ്പെട്ടാല്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്നതിനാല്‍ ഇതിന് സാമൂഹ്യപ്രവര്‍ത്തകരും തയ്യാറാവുന്നില്ല.

ബാല്യ വിവാഹത്തിനെതിരായി ലഭ്യമായ അവസരങ്ങളിലെല്ലാം പ്രതികരിക്കാറുണ്ടെന്ന് വനിതാ കമീഷന്‍ അംഗം പി കെ സൈനബ പറഞ്ഞു. വനിതാ കമീഷന് മുമ്പാകെ നേരിട്ട് പരാതി ലഭിക്കാറില്ല. എങ്കിലും ഇതുസംബന്ധിച്ച് അറിയിപ്പ് കിട്ടിയാല്‍ നടപടിയെടുക്കാറുണ്ട്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക, രക്ഷിതാക്കളെ ബോധവല്‍ക്കരിക്കുക, നിയമനടപടികളെക്കുറിച്ച് ധാരണയുണ്ടാക്കുക, നിയമം കര്‍ശനമായി നടപ്പാക്കുക എന്നീ വഴികളിലൂടെയേ ബാല്യ വിവാഹനിരക്ക് കുറയ്ക്കാനാവുകയുള്ളുവെന്നും അവര്‍ പറഞ്ഞു.
(ബിജു കാര്‍ത്തിക്)

deshabhimani 080312

No comments:

Post a Comment