Sunday, March 11, 2012

സൂര്യനെല്ലി കേസിലെ ഇര ചോദിക്കുന്നു; ഞങ്ങളെങ്ങനെ ജീവിക്കും

"എന്റെയും വീട്ടിലുള്ളവരുടെയും ജീവിതം പിച്ചിച്ചീന്തി. ഭാവിയെന്തെന്ന് എത്തും പിടിയുമില്ല. ഞങ്ങളെ ഇങ്ങനെയാക്കിയവര്‍ എനിക്കുള്ള ജോലിയും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. നിരപരാധിയായ എന്നെ പണാപഹരണക്കേസില്‍ കുടുക്കി. ജോലി പോകുമെന്ന് "സാറു"മ്മാര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ ഭയന്ന് പണം അടച്ചു. അന്ന് സ്ഥലം മാറ്റി. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇതെല്ലാം ശത്രുക്കള്‍ക്ക് വേണ്ടിയാണ്"... നിറകണ്ണുകളോടെ സൂര്യനെല്ലി കേസിലെ ഇര പറയുന്നു. ഇവരുടെ പ്യൂണ്‍ ജോലി ഇല്ലാതായിട്ട് ശനിയാഴ്ച ഒരു മാസമാകുന്നു. "ഒന്നിടവിട്ട ശനിയാഴ്ച്ചകളില്‍ സ്റ്റേഷനിലെത്തി ഒപ്പിടണം. പൊലീസുകാര്‍ തോന്നുതെല്ലാം ചോദിക്കും. ചിലതിന് മറുപടി എഴുതി വാങ്ങും. എങ്ങനെയിനി ജീവിതം മുന്നോട്ടു കൊണ്ടുപോകും എന്നറിയില്ല." അച്ഛനും അമ്മയും വെളിപ്പെടുത്തുന്നു.

പണാപഹരണ കേസില്‍ അറസ്റ്റിലായശേഷം ഈ കുടുംബം മാധ്യമങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയായിരുന്നു. ആദ്യമായി ഇവര്‍ തങ്ങളുടെ രണ്ടാം പീഡന കഥ "ദേശാഭിമാനി"യോട് വെളിപ്പെടുത്തി. വീണ്ടും എല്ലാവരുടെയും പിന്തുണയോടെ മറ്റൊരു പേരാട്ടത്തിനൊരുങ്ങുകയാണ് കുടുംബം. ആദ്യ പടിയായി പണാപഹരണ കേസില്‍ വീണ്ടും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും മഹിളാ സംഘടനകള്‍ക്കും തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥകള്‍ സംബന്ധിച്ച് പരാതി കൈമാറും.

ചങ്ങനാശ്ശേരി വാണിജ്യ നികുതി ഓഫീസില്‍ ജോലിനോക്കവെ പല ഘട്ടങ്ങളിലായി 2,26,006 രൂപയുടെ തിരിമറി നടത്തിയെന്നാണ് കേസ്. കേസില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്ത് വാണിജ്യ നികുതി വകുപ്പ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ നാലിന് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ആദ്യ ഘട്ടത്തില്‍ കുറ്റക്കാരായി കണ്ടെത്തിയ മൂന്നുപേരെ കേസില്‍ നിന്ന് ഒഴിവാക്കി. ഓഫീസിലേക്ക് പോകും വഴി ഫെബ്രുവരി ആറിന് സൂര്യനെല്ലി കേസിലെ ഇരയെ മാത്രം അറസ്റ്റ് ചെയ്തു. 18 വരെ ജയിലിലടച്ചു. ജയിലില്‍ കിടന്നതിന്റെ പേരില്‍ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പുതിയ കേസില്‍ കുടുക്കി വകുപ്പുതല അന്വേഷണത്തിലൂടെ ജോലി തന്നെ ഇല്ലാതാക്കാന്‍ നീക്കങ്ങള്‍ തുടങ്ങിയതായാണ് സൂചന. വകുപ്പിലെ ജോയിന്റ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം ഫെബ്രുവരി 10 മുതല്‍ പെണ്‍കുട്ടി സസ്പെന്‍ഷനിലാണ്.

പീഡനത്തിനിരയായി ഭാവി ഇരുളടഞ്ഞ കുട്ടിക്ക് ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരാണ് ജോലി നല്‍കിയത്. സൂര്യനെല്ലി കേസിന്റെ അന്തിമ വിധി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ കേസിലെ ഇരക്കെതിരെ പുതിയ കേസ് വരുത്തി സുപ്രീം കോടതിയില്‍ പ്രതികള്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കുകയാണ് ആസൂത്രകരുടെ ലക്ഷ്യം.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ കേസിനെക്കുറിച്ച് വ്യാഴാഴ്ച നിയമസഭയില്‍ പറഞ്ഞതും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. നഷ്ടപ്പെട്ട പണത്തിന് ഉന്നത ഉദ്യേഗസ്ഥരടക്കം നാലുപേര്‍ ഉത്തരവാദികളാണെന്നാണ് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയത്. അവരെ അന്ന് സ്ഥലംമാറ്റുകയും വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാരിനോട് വകുപ്പ് ശുപാര്‍ശ ചെയ്യുകയുംചെയ്തിരുന്നു. കേസ് പൊടുന്നനെ ക്രൈബ്രാഞ്ചിന് കൈമാറിയത് ഉമ്മന്‍ചാണ്ടിയാണ്. കേസ് അന്വേഷണത്തിന് നിയോഗിക്കപ്പെട്ടത് പ്രതികളുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥനാണെന്ന വിവരവും പുറത്തായി. രണ്ടു വര്‍ഷം മുമ്പ് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ അച്ഛനും ഒരു വര്‍ഷം മുമ്പ് ആന്‍ജിയോപ്ലാസ്റ്റിന്് വിധേയയായ അമ്മയുമാണ് സൂര്യനെല്ലികേസിലെ ഇരയ്ക്ക് കൂട്ട്.
(എസ് മനോജ്)

deshabhimani 110312

1 comment:

  1. "എന്റെയും വീട്ടിലുള്ളവരുടെയും ജീവിതം പിച്ചിച്ചീന്തി. ഭാവിയെന്തെന്ന് എത്തും പിടിയുമില്ല. ഞങ്ങളെ ഇങ്ങനെയാക്കിയവര്‍ എനിക്കുള്ള ജോലിയും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. നിരപരാധിയായ എന്നെ പണാപഹരണക്കേസില്‍ കുടുക്കി. ജോലി പോകുമെന്ന് "സാറു"മ്മാര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ ഭയന്ന് പണം അടച്ചു. അന്ന് സ്ഥലം മാറ്റി. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇതെല്ലാം ശത്രുക്കള്‍ക്ക് വേണ്ടിയാണ്"... നിറകണ്ണുകളോടെ സൂര്യനെല്ലി കേസിലെ ഇര പറയുന്നു. ഇവരുടെ പ്യൂണ്‍ ജോലി ഇല്ലാതായിട്ട് ശനിയാഴ്ച ഒരു മാസമാകുന്നു. "ഒന്നിടവിട്ട ശനിയാഴ്ച്ചകളില്‍ സ്റ്റേഷനിലെത്തി ഒപ്പിടണം. പൊലീസുകാര്‍ തോന്നുതെല്ലാം ചോദിക്കും. ചിലതിന് മറുപടി എഴുതി വാങ്ങും. എങ്ങനെയിനി ജീവിതം മുന്നോട്ടു കൊണ്ടുപോകും എന്നറിയില്ല." അച്ഛനും അമ്മയും വെളിപ്പെടുത്തുന്നു.

    ReplyDelete