Wednesday, March 14, 2012

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; കേന്ദ്രമന്ത്രി റാവത്ത് രാജി നല്‍കി

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി വിജയ് ബഹുഗുണയെ നിശ്ചയിച്ച എഐസിസി തീരുമാനത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര കൃഷി പാര്‍ലമെന്ററി സഹമന്ത്രി ഹരീഷ് റാവത്ത് രാജിവച്ചു. രാജിക്കത്ത് പ്രധാനമന്ത്രിക്ക് നല്‍കിയ റാവത്ത് കാര്യം വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കത്തെഴുതി. പ്രധാനമന്ത്രി രാജി സ്വീകരിച്ചതായി സ്ഥിരീകരിച്ചിട്ടില്ല. റാവത്ത് ബിജെപി നേതൃത്വവുമായി ആശയവിനിമയം നടത്തി. നിലവില്‍ ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് ഒരു എംഎല്‍എ നഷ്ടപ്പെട്ടാല്‍പോലും വലിയ തലവേദനയാകും. 17 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്നാണ് റാവത്ത് അവകാശപ്പെടുന്നത്.

ചൊവ്വാഴ്ച വൈകിട്ട് നടന്ന ബഹുഗുണയുടെ സത്യപ്രതിജ്ഞാചടങ്ങ് റാവത്തും അനുയായികളും ബഹിഷ്കരിച്ചു. 32 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 15 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇവരുടെ പിന്തുണ മാത്രമേ ബഹുഗുണയ്ക്കുള്ളൂ എന്ന് വ്യക്തമായി. 70 അംഗ നിയമസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. കോണ്‍ഗ്രസിന് 32ഉം ബിജെപിക്ക് 31ഉം സീറ്റാണ് ലഭിച്ചത്. മൂന്ന് ബിഎസ്പി അംഗങ്ങളുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് ഭരണത്തിന് അവകാശവാദം ഉന്നയിച്ചത്. റാവത്ത് വിഭാഗത്തെ പിണക്കി ബഹുഗുണയ്ക്ക് അധികകാലം സര്‍ക്കാരിനെ നയിക്കാനാകില്ല. മുഖ്യമന്ത്രിസ്ഥാനത്തേക്ക് തന്നെ പരിഗണിക്കുമെന്നാണ് റാവത്ത് പ്രതീക്ഷിച്ചത്. പത്ത് വര്‍ഷം മുമ്പ് റാവത്ത് മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ , അവസാനനിമിഷം ഹൈക്കമാന്‍ഡ് എന്‍ ഡി തിവാരിയെ മുഖ്യമന്ത്രിയാക്കി.

തിങ്കളാഴ്ച ബഹുഗുണയെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം തെരഞ്ഞെടുത്തപ്പോള്‍ത്തന്നെ റാവത്ത് വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. റാവത്തിന്റെ ഡല്‍ഹിയിലെ വീടിനു മുന്നില്‍ ഒത്തുചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹൈക്കമാന്‍ഡിനെതിരെ മുദ്രാവാക്യം മുഴക്കി. വൈകിട്ടത്തെ സത്യപ്രതിജ്ഞാചടങ്ങിന് മുമ്പേ റാവത്ത് രാജിക്കത്ത് നല്‍കിയതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ സോണിയ ഗാന്ധിയുടെ വസതിയില്‍ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നു. ഗുലാം നബി ആസാദും ഉത്തരാഖണ്ഡില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു. വിജയ് ബഹുഗുണ തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കോണ്‍ഗ്രസ് വക്താവ് ജനാര്‍ദന്‍ ദ്വിവേദി യോഗശേഷം അറിയിച്ചു. തുടര്‍ന്നാണ് വൈകിട്ട് അഞ്ചിന് ഡെറാഡൂണില്‍ സത്യപ്രതിജ്ഞാചടങ്ങുകള്‍ നടന്നത്. ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വ സത്യവാചകം ചൊല്ലിക്കൊടുത്തു.

തെഹ്രി ഗഢ്വാള്‍ മണ്ഡലത്തില്‍നിന്നുള്ള എംപിയായ 65 കാരനായ വിജയ് ബഹുഗുണ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എച്ച് എന്‍ ബഹുഗുണയുടെ മകനാണ്. യുപി കോണ്‍ഗ്രസ് അധ്യക്ഷ റീത്ത ബഹുഗുണ സഹോദരിയാണ്. അഭിഭാഷകനായിരുന്ന ബഹുഗുണ ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിസിസി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 12 വര്‍ഷം മുമ്പ് നിലവില്‍വന്ന ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ആറാമത് മുഖ്യമന്ത്രിയാണ് ബഹുഗുണ.ഉത്തരാഖണ്ഡ് പിസിസി പ്രസിഡന്റായിരുന്ന റാവത്ത് നിലവില്‍ ഹരിദ്വാറില്‍നിന്നുള്ള ലോക്സഭാംഗമാണ്.
(വി ജയിന്‍)

deshabhimani 140312

1 comment:

  1. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി വിജയ് ബഹുഗുണയെ നിശ്ചയിച്ച എഐസിസി തീരുമാനത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര കൃഷി പാര്‍ലമെന്ററി സഹമന്ത്രി ഹരീഷ് റാവത്ത് രാജിവച്ചു. രാജിക്കത്ത് പ്രധാനമന്ത്രിക്ക് നല്‍കിയ റാവത്ത് കാര്യം വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കത്തെഴുതി. പ്രധാനമന്ത്രി രാജി സ്വീകരിച്ചതായി സ്ഥിരീകരിച്ചിട്ടില്ല. റാവത്ത് ബിജെപി നേതൃത്വവുമായി ആശയവിനിമയം നടത്തി. നിലവില്‍ ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് ഒരു എംഎല്‍എ നഷ്ടപ്പെട്ടാല്‍പോലും വലിയ തലവേദനയാകും. 17 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്നാണ് റാവത്ത് അവകാശപ്പെടുന്നത്.

    ReplyDelete