Wednesday, March 14, 2012

കൃഷിഭൂമി കൃഷിഭൂസ്വാമികള്‍ക്കെന്ന് കേന്ദ്രം

ചെറുകിട-ഇടത്തരം കര്‍ഷകര്‍ ഭൂമി വന്‍കിടക്കാരെ ഏല്‍പ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ചെറുകിട-ഇടത്തരം കര്‍ഷകര്‍ അവരുടെ കൃഷിഭൂമി വന്‍കിട കര്‍ഷകര്‍ക്ക് പാട്ടത്തിന് കൈമാറണമെന്ന് കേന്ദ്രസര്‍ക്കാര്‍ . 12-ാം പഞ്ചവല്‍സര പദ്ധതിയുടെ സമീപനരേഖയിലാണ് ഭൂപരിഷ്കരണ നടപടികള്‍ പൂര്‍ണമായും ഉപേക്ഷിച്ച് പഴയ ജന്മി-കുടിയാന്‍ വ്യവസ്ഥയും പാട്ടവ്യവസ്ഥയും തിരിച്ചുകൊണ്ടുവരണമെന്ന് ആസൂത്രണ കമീഷന്‍ ആവശ്യപ്പെടുന്നത്. ഉല്‍പ്പാദനക്ഷമത കൂട്ടാന്‍ ഏക പോംവഴിയെന്ന നിലയിലാണ് ആസൂത്രണ കമീഷന്‍ ഈ നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നത്. കേന്ദ്ര മന്ത്രിസഭയും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ പങ്കെടുത്ത ദേശീയ വികസന കൗണ്‍സിലും ഈ നയം അംഗീകരിച്ചതായും സമീപനരേഖയില്‍ പറയുന്നുണ്ട്. കൃഷി ഭൂമി കൃഷിക്കാരന് എന്ന നയം അട്ടിമറിച്ച് റിലയന്‍സ് ഉള്‍പ്പെടെയുള്ള ദേശീയ കുത്തകകള്‍ക്കും വിദേശ കുത്തകകള്‍ക്കും കൃഷിഭൂമി കൈയടക്കാന്‍ അവസരമൊരുക്കുന്ന കേന്ദ്രനയത്തിന്റെ ഭാഗമായാണീ നീക്കം.

സമീപനരേഖയുടെ ഏഴാം അധ്യായത്തില്‍ 67 മുതല്‍ 79 വരെ പേജുകളിലാണ് കാര്‍ഷിക മേഖലയെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഇതില്‍ ഭൂമിയും കുടിയാന്‍ പരിഷ്കാരങ്ങളും എന്ന തലക്കെട്ടില്‍ 7-34, 7-35 ഖണ്ഡികകളിലായാണ് കാര്‍ഷിക മേഖലയില്‍ അതിഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്ന നിര്‍ദേശങ്ങള്‍ ഉള്ളത്. പുതിയ കാഴ്ചപ്പാടോടെ കുടിയാന്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കണമെന്നാണ് 7-35 ഖണ്ഡികയില്‍ പറയുന്നത്. ഉല്‍പ്പാദന ക്ഷമത കൂട്ടാന്‍ ചെറുകിട കര്‍ഷകര്‍ കൃഷിഭൂമി വന്‍കിട കര്‍ഷകര്‍ക്ക് പാട്ടത്തിന് നല്‍കണം. ചെറുകിട-ഇടത്തരം കൃഷി ഭൂമി ഉടമകളായ ഇവര്‍ക്ക് വേണമെങ്കില്‍ പുതിയ പാട്ടകൃഷിക്കാരന്റെ ഭൂമിയില്‍ ജോലിചെയ്ത് ജീവിക്കാം. ഭൂമിയുടെ ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ടുതന്നെ ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്ക് പാട്ടക്കാരില്‍നിന്ന് പണം സ്വീകരിക്കാം.

കൃഷിഭൂമിക്ക് പരിധി ഏര്‍പ്പെടുത്തിയുള്ള നിയമം കൊണ്ട് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനോ പ്രഖ്യാപിത ലക്ഷ്യത്തിലെത്താനോ കഴിഞ്ഞില്ലെന്നും ആസുത്രണ കമീഷന്‍ കുറ്റപ്പെടുത്തുന്നു. ഭൂമി വിതരണം നിയമക്കുരുക്കില്‍പ്പെട്ട നിരവധി സംഭവങ്ങളുണ്ടായതുകൊണ്ടാണിത്. ആദിവാസി-ദളിത് ജനവിഭാഗം പരമ്പരാഗത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കൃഷിഭൂമിയുടെ അവകാശവും ഒരു പ്രധാന പ്രശ്നമാണെന്ന് സമീപനരേഖ പറയുന്നു. ഇത്തരം കൃഷിഭൂമികളിലെല്ലാം ഉല്‍പ്പാദനക്ഷമത കൂട്ടാനുള്ള നടപടി വേണം.

ദളിതരും ആദിവാസികളും ഉള്‍പ്പെടെ പാവപ്പെട്ടവരും ചെറുകിട-ഇടത്തരക്കാരുമായ ലക്ഷക്കണക്കിന് ജനവിഭാഗങ്ങളുടെ കോടിക്കണക്കിന് ഏക്കര്‍ വരുന്ന കൃഷിഭൂമി വന്‍കിട കുത്തകകള്‍ക്ക് കൈമാറി പാട്ടകൃഷി പ്രോല്‍സാഹിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ഈ നയസമീപനത്തിന് പിന്നില്‍ . കാര്‍ഷിക മേഖലയില്‍ ഇടപെട്ട് ഭക്ഷ്യോല്‍പ്പാദനവും വിതരണവും ഉള്‍പ്പെടെ കൈപ്പിടിയിലൊതുക്കാന്‍ കുത്തകകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ചെറുകിട വ്യാപാര മേഖലയില്‍ വിദേശ കുത്തകകളുടെ കടന്നുവരവിന് പച്ചക്കൊടി വീശിയ കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക മേഖലകൂടി തുറന്നുകൊടുക്കാന്‍ മുതിരുകയാണ്.
(എം രഘുനാഥ്)

deshabhimani 140312

1 comment:

  1. ചെറുകിട-ഇടത്തരം കര്‍ഷകര്‍ അവരുടെ കൃഷിഭൂമി വന്‍കിട കര്‍ഷകര്‍ക്ക് പാട്ടത്തിന് കൈമാറണമെന്ന് കേന്ദ്രസര്‍ക്കാര്‍ . 12-ാം പഞ്ചവല്‍സര പദ്ധതിയുടെ സമീപനരേഖയിലാണ് ഭൂപരിഷ്കരണ നടപടികള്‍ പൂര്‍ണമായും ഉപേക്ഷിച്ച് പഴയ ജന്മി-കുടിയാന്‍ വ്യവസ്ഥയും പാട്ടവ്യവസ്ഥയും തിരിച്ചുകൊണ്ടുവരണമെന്ന് ആസൂത്രണ കമീഷന്‍ ആവശ്യപ്പെടുന്നത്. ഉല്‍പ്പാദനക്ഷമത കൂട്ടാന്‍ ഏക പോംവഴിയെന്ന നിലയിലാണ് ആസൂത്രണ കമീഷന്‍ ഈ നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നത്. കേന്ദ്ര മന്ത്രിസഭയും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ പങ്കെടുത്ത ദേശീയ വികസന കൗണ്‍സിലും ഈ നയം അംഗീകരിച്ചതായും സമീപനരേഖയില്‍ പറയുന്നുണ്ട്. കൃഷി ഭൂമി കൃഷിക്കാരന് എന്ന നയം അട്ടിമറിച്ച് റിലയന്‍സ് ഉള്‍പ്പെടെയുള്ള ദേശീയ കുത്തകകള്‍ക്കും വിദേശ കുത്തകകള്‍ക്കും കൃഷിഭൂമി കൈയടക്കാന്‍ അവസരമൊരുക്കുന്ന കേന്ദ്രനയത്തിന്റെ ഭാഗമായാണീ നീക്കം

    ReplyDelete