Thursday, March 15, 2012

ഇ എം എസ് ദിനം സമുചിതം ആചരിക്കുക: സിപിഐ എം


മാര്‍ക്സിസം-ലെനിനിസത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോഗിക്കുന്നതിന് ഉജ്വലസംഭാവന നല്‍കിയ ഇ എം എസിന്റെ പതിനാലാം ചരമവാര്‍ഷികം 19ന് സമുചിതമായി ആചരിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനംചെയ്തു.

സാമൂഹ്യ-നവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടാണ് ഇ എം എസ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് കോണ്‍ഗ്രസുകാരനായി രാഷ്ട്രീയജീവിതത്തിലേക്ക് അദ്ദേഹം പ്രവേശിച്ചു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തി. കോഴിക്കോട്ട് രൂപംകൊണ്ട ആദ്യ കമ്യൂണിസ്റ്റ് ഗ്രൂപ്പില്‍ സഖാവും അംഗമായിരുന്നു. 1934ലും 1938-40ലും കെപിസിസി സെക്രട്ടറിയായി. കമ്യൂണിസ്റ്റ് പാര്‍ടി രഹസ്യമായി സംഘടിപ്പിച്ചപ്പോള്‍ അതിലും അംഗമായി. സിപിഐ എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മരണംവരെ പാര്‍ടി കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും അംഗമായിരുന്നു. കേരളത്തിലെ രണ്ട് മന്ത്രിസഭയെ നയിച്ച് കേരളവികസനത്തിന് അടിത്തറയിടുന്നതിനും ഇ എം എസിന്റെ നേതൃപരമായ ഇടപെടലുണ്ടായിരുന്നു. എ കെ ജി പഠനഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതിന് നേതൃപരമായ പങ്കുവഹിച്ച് പില്‍ക്കാല കേരളവികസനത്തിന് രൂപരേഖ തയ്യാറാക്കുന്നതിനും ഇ എം എസ് സജീവമായി ഇടപെട്ടു.

സാര്‍വദേശീയരംഗത്ത് മുതലാളിത്തം വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് ഇ എം എസ് ദിനം ആചരിക്കുന്നത്. മുതലാളിത്തത്തിന് ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് മാര്‍ക്സിസ്റ്റ് വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ഇ എം എസ് എന്നും ഓര്‍മിപ്പിച്ചിരുന്നു. ആഗോളവല്‍ക്കരണനയങ്ങള്‍ അതേപോലെ തുടരുന്ന യുപിഎ സര്‍ക്കാരിന്റെ നടപടികള്‍ ജനങ്ങളില്‍ വലിയ അസംതൃപ്തി ഉണ്ടാക്കിയിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ ഉള്‍പ്പെടെ ഇപ്പോള്‍ നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ ഫലം അതാണ് കാണിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ആഗോളവല്‍ക്കരണനയം ശക്തമായി നടപ്പാക്കി കേരളത്തിന്റെ നേട്ടങ്ങള്‍ തകര്‍ക്കുകയാണ്. ഭൂപരിഷ്കരണം അട്ടിമറിക്കാനും പൊതുമേഖലാസ്ഥാപനങ്ങളെ തകര്‍ക്കാനുമാണ് യുഡിഎഫ് ശ്രമിക്കുന്നത്. ജനകീയ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ഉയര്‍ത്താനാണ് സിപിഐ എം പരിശ്രമിക്കുന്നത്. ഇത്തരം സമരപോരാട്ടങ്ങള്‍ക്ക് ജീവിതം ജനങ്ങള്‍ക്കായി ഉഴിഞ്ഞുവച്ച ഇ എം എസിന്റെ ഓര്‍മകള്‍ കരുത്തുപകരും. ദിനാചരണപരിപാടികള്‍ വിജയകരമായി സംഘടിപ്പിക്കാന്‍ എല്ലാ പാര്‍ടി ഘടകങ്ങളും പ്രസ്ഥാനത്തിന്റെ ബന്ധുക്കളും രംഗത്തിറങ്ങണമെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനംചെയ്തു.

deshabhimani 150312

1 comment:

  1. മാര്‍ക്സിസം-ലെനിനിസത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോഗിക്കുന്നതിന് ഉജ്വലസംഭാവന നല്‍കിയ ഇ എം എസിന്റെ പതിനാലാം ചരമവാര്‍ഷികം 19ന് സമുചിതമായി ആചരിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനംചെയ്തു.

    ReplyDelete