ഭരണം നിലനിര്‍ത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിന്റെയും നേതൃത്വത്തില്‍ അരങ്ങേറിയ കുതിരക്കച്ചവടത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളും രംഗത്ത്. ആര്‍ സെല്‍വരാജിനെ നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ഥിയാക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ തുറന്നടിച്ചു. അവിടെ പാരമ്പര്യമുള്ള കോണ്‍ഗ്രസ് നേതാക്കളുണ്ട്- മുരളീധരന്‍ എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഇതിനിടെ, യുഡിഎഫിലേക്ക് പോകാനാണ് എംഎല്‍എ സ്ഥാനം രാജിവച്ചതെന്ന് സെല്‍വരാജ് വെളിപ്പെടുത്തി. നെയ്യാറ്റിന്‍കരയില്‍ മത്സരിക്കുമെന്നും സെല്‍വരാജ് മാധ്യമങ്ങളോടു പറഞ്ഞു. കുതിരക്കച്ചവടത്തിന്റെ ഉന്നതതല ഗൂഢാലോചനയും ഉള്ളുകളികളും കൂടുതല്‍ വ്യക്തമാവുകയാണ്. സെല്‍വരാജിനെ പുറത്തുചാടിക്കാനുള്ള ഗൂഢാലോചനയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പി സി ജോര്‍ജാണ് ചുക്കാന്‍പിടിച്ചത്. പേഴ്സണല്‍ സ്റ്റാഫംഗവും സന്തതസഹചാരിയുമായ സണ്ണിയുടെ കാറില്‍ ജോര്‍ജാണ് വെള്ളിയാഴ്ച ചുലര്‍ച്ചെ സെല്‍വരാജിനെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കൊണ്ടുപോയത്. രാജിക്കു പിന്നിലെ ഉന്നതതല ഗൂഢാലോചനയ്ക്ക് ജോര്‍ജിന്റെ മല്ലപ്പള്ളി പ്രസംഗവും തെളിവായി. എംഎല്‍എ ഹോസ്റ്റലിലും തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലുമായി പലതവണ ജോര്‍ജും സെല്‍വരാജും ഒത്തുകൂടിയിരുന്നു. മാര്‍ച്ച് നാലുമുതല്‍ ഒമ്പതുവരെ ഗസ്റ്റ് ഹൗസില്‍ ജോര്‍ജ് രണ്ട് സ്യൂട്ട് ബുക്കുചെയ്തു. അഞ്ചിനു രാത്രിയും ആറിനും ഇവിടെ ജോര്‍ജും സെല്‍വരാജും ചര്‍ച്ച നടത്തി. യുഡിഎഫില്‍ ചേരുന്നതിലും നല്ലത് ആത്മഹത്യയാണെന്ന് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ സെല്‍വരാജ് ശനിയാഴ്ച കാലത്താണ് താന്‍ യുഡിഎഫിനൊപ്പം പോകുന്നതായി അറിയിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും ജയിച്ചാല്‍ മന്ത്രിയും ആകുന്നതിനെക്കുറിച്ച് അവസരം വന്നാല്‍ ആലോചിക്കുമെന്നു സൂചിപ്പിച്ച് വെള്ളിയാഴ്ച രാത്രി തന്നെ സെല്‍വരാജ് മലക്കംമറിഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ വസതിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അവസാനവട്ട കൂടിയാലോചനയില്‍ രൂപപ്പെട്ട കരാറനുസരിച്ചാണ് രാജിയെന്ന്, ഇനി യുഡിഎഫിനൊപ്പമാണെന്ന സെല്‍വരാജിന്റെ പ്രഖ്യാപനത്തോടെ തെളിഞ്ഞിരിക്കയാണ്. സെല്‍വരാജ് ആഗ്രഹം പ്രകടിപ്പിച്ചാല്‍ യുഡിഎഫില്‍ എടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. അഞ്ചുദിവസംകൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നെയ്യാറ്റിന്‍കര മണ്ഡലത്തിലേക്ക് 25 കോടിയോളം രൂപ കഴിഞ്ഞദിവസം അനുവദിച്ചതില്‍ അസ്വാഭാവികതയില്ലെന്നും വികസനപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലെന്നും പിറവത്ത് വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.സെല്‍വരാജിനെ യുഡിഎഫില്‍ കൊണ്ടുവരുന്നത് ഗൗരവത്തോടെ കാണുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആരുവന്നാലും സ്വാഗതം ചെയ്യുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തനും പറഞ്ഞു. എന്നാല്‍ , ഇവര്‍ക്ക് മറുപടിയായാണ് മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ മുരളീധരന്‍ സെല്‍വരാജിനെതിരെ ആഞ്ഞടിച്ചത്.
സ്ഥാനാര്‍ഥിത്വം മോഹിച്ച് ആരും കോണ്‍ഗ്രസിലേക്ക് വരേണ്ടെന്നും മുരളി വ്യക്തമാക്കി. നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജിനോടു പരാജയപ്പെട്ട കോണ്‍ഗ്രസ് നേതാവും ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാരനുമായ തമ്പാനൂര്‍ രവിയും എതിര്‍പ്പുമായി രംഗത്തിറങ്ങി. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ഉണ്ടാവണമെന്നും പാര്‍ടി അക്കാര്യം തീരുമാനിക്കുമെന്നും തമ്പാനൂര്‍ രവി പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ യുഡിഎഫ് തീരുമാനമെടുത്തിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. നയപ്രഖ്യാപനപ്രസംഗത്തിന്റെ നന്ദിപ്രമേയചര്‍ച്ച പൂര്‍ത്തിയായാലുടന്‍ നിയമസഭയില്‍ രാജി പ്രഖ്യാപിക്കാനാണ് ഇവര്‍ പദ്ധതി തയ്യാറാക്കിയിരുന്നത്. ഉമ്മന്‍ചാണ്ടിയും പി സി ജോര്‍ജും സെല്‍വരാജും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ , വി എ അരുണ്‍കുമാറിനെതിരെ വി ഡി സതീശന്‍ അധ്യക്ഷനായ നിയമസഭാസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുമൂലം രാജി വെള്ളിയാഴ്ചയിലേക്ക് മാറ്റി. രാജി പ്രഖ്യാപിച്ചാല്‍ പിറവം ലക്ഷ്യമാക്കി തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടിന്റെ വാര്‍ത്താപ്രാധാന്യം പോകുമെന്നു കണ്ടായിരുന്നു ഇത്. സിപിഐ എമ്മിനെ ആക്ഷേപിച്ച് സെല്‍വരാജ് വിതരണം ചെയ്ത മൂന്നു പേജ് പ്രസ്താവനയും വ്യാഴാഴ്ചതന്നെ തയ്യാറാക്കിയിരുന്നു.
എംഎല്‍എയെ ഇറച്ചിവിലയ്ക്ക് മുഖ്യമന്ത്രി വാങ്ങി: വൈക്കം വിശ്വന്‍
പാലാ: പ്രതിപക്ഷ എംഎല്‍എയെ "ഇറച്ചിവിലയ്ക്ക് തൂക്കി വാങ്ങിയ" യുഡിഎഫ് നടപടി ജനാധിപത്യത്തിന്റെ അസ്ഥിവാരം തോണ്ടുന്നതിനു തുല്യമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. കച്ചവടത്തിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. പിറവം തങ്ങളുടെ കൈയില്‍ നിന്ന് നഷ്ടപ്പെടുമെന്ന പേടിയാണ് എംഎല്‍എയെ വിലയ്ക്കു വാങ്ങാന്‍ യുഡിഎഫിനെ പ്രേരിപ്പിച്ചത്. പാലായില്‍ എസ്എഫ്ഐ കോട്ടയം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പിറവത്ത് എന്തുസംഭവിച്ചാലും മന്ത്രിസഭയ്ക്ക് മാറ്റം വരില്ലെന്ന് മുഖ്യമന്ത്രി പറയാന്‍ കാരണം ഈ കച്ചവടം കൊണ്ടാണെന്ന് ഇപ്പോള്‍ തെളിഞ്ഞു. യുഡിഎഫിന്റെ ഇത്തരം നീക്കങ്ങളൊന്നും പിറവം തെരഞ്ഞെടുപ്പില്‍ ഫലിക്കില്ല. ഏതൊക്കെ വേല വച്ചാലും പിറവത്തെ ജനങ്ങള്‍ അത് തിരിച്ചറിയുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
സെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വം: ഉത്തരം പറയാതെ മുഖ്യമന്ത്രി
പിറവം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ശെല്‍വരാജിനെ സ്ഥാനാര്‍ഥിയാക്കുമോ എന്ന ചോദ്യത്തില്‍നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒഴിഞ്ഞുമാറി. അത്തരം സാഹചര്യങ്ങള്‍ ഉരുത്തിരിഞ്ഞിട്ടില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സെല്‍വരാജ് ദക്ഷിണ കേരളത്തിലെ മുതിര്‍ന്ന പ്രവര്‍ത്തകനാണ്. രാജിക്കു മുമ്പ് അദ്ദേഹം തന്നെ കണ്ടിട്ടില്ല. അഞ്ചുദിവസംകൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നെയ്യാറ്റിന്‍കര മണ്ഡലത്തിലേക്ക് 25 കോടിയോളം രൂപ കഴിഞ്ഞദിവസം അനുവദിച്ചതില്‍ അസ്വാഭാവികതയില്ല. ധൃതിപിടിച്ച് എടുത്ത ഈ തീരുമാനം സെല്‍വരാജിന്റെ രാജിക്കു മുന്നോടിയായല്ലേ എന്ന ചോദ്യത്തിന്, വികസനപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലെന്ന പതിവു മറുപടി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു.
സെല്‍വരാജ് അന്യനല്ല: പി സി ജോര്‍ജ്
കട്ടപ്പന: എംഎല്‍എ സ്ഥാനം രാജിവച്ച സെല്‍വരാജ് തനിക്ക് അന്യനല്ലെന്നും കാര്യങ്ങളെല്ലാം അറിയുന്നുണ്ടായിരുന്നുവെന്നും ചീഫ് വിപ്പ് പി സി ജോര്‍ജ് കട്ടപ്പനയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ ബോംബ് പൊട്ടുമെന്ന് താന്‍ പറഞ്ഞത് ശരിയാണെന്നും ഇനിയും പൊട്ടുമെന്നും അത്ഭുതം സംഭവിക്കുമെന്നും ജോര്‍ജ് പറഞ്ഞു. സെല്‍വരാജ് കൊളുത്തിയ മാലപ്പടക്കത്തിന്റെ അവസാനയാള്‍ വി എസ് അച്യുതാനന്ദനായിരിക്കും. എസ്എഫ്ഐയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് വെട്ടുകത്തി സെല്‍വം എന്നാണ് സെല്‍വരാജിനെ വിളിച്ചിരുന്നത്. താനോ തന്റെ പിഎയോ സെല്‍വരാജിനെ കാണാന്‍ പോയിട്ടില്ല. നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജിനെ പിന്തുണയ്ക്കുമോയെന്ന ചോദ്യത്തിന് അപ്പോള്‍ പറയാമെന്നും പി സി ജോര്‍ജ് പറഞ്ഞു.
എംഎല്‍എയെ രാജിവയ്പ്പിച്ചത് പിറവത്തെ ജനങ്ങളെ വിശ്വാസമില്ലാത്തതിനാല്‍ : പ്രേമചന്ദ്രന്‍
ആലപ്പുഴ: പിറവത്തെ ജനങ്ങളില്‍ വിശ്വാസമില്ലാത്തതിനാലാണ് യുഡിഎഫ് സെല്‍വരാജിനെ രാജിവെപ്പിച്ച് നാടകം കളിപ്പിച്ചതെന്ന് ആര്‍എസ്പി ദേശീയ എക്സിക്യൂട്ടിവ് അംഗം എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ആര്‍എസ്പി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവിധി ഭയന്ന് യുഡിഎഫ് ആസൂത്രിതമായി നടത്തിയ നീക്കമാണ് എംഎല്‍എയെ വിലക്കെടുത്തത്്. രാജിയ്ക്കു പിന്നിലെ ദുരൂഹത അന്വേഷിക്കണം. പിറവത്ത് ജനവിധി അനുകൂലമാക്കാന്‍ സര്‍വജാതി-മത സമുദായികശക്തികളെയും കൂട്ടുപിടിച്ച യുഡിഎഫ് തീകൊള്ളികൊണ്ട് തലചൊറിയുകയാണ്. ജനാധിപത്യ മൂല്യങ്ങള്‍ക്ക് ഒരു വിലയും നല്‍കാതെ അധികാര ദുര്‍വിനിയോഗം ചെയ്യുന്ന യുഡിഎഫിനെ ജനം തിരിച്ചറിയുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് 2 മാസത്തിനകം
ന്യൂഡല്‍ഹി: ആര്‍ സെല്‍വരാജ് രാജിവച്ച ഒഴിവ് നികത്തുന്നതിന് നെയ്യാറ്റിന്‍കരയില്‍ രണ്ടുമാസത്തിനകം ഉപതെരഞ്ഞെടുപ്പുണ്ടാകും. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍പ്രകാരം ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് മതിയെങ്കിലും നെയ്യാറ്റിന്‍കരയില്‍ മെയ് പകുതിയോടെ വോട്ടെടുപ്പുണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈയിലാണ്. അതിനുമുമ്പ് നിയമസഭകളിലെ എല്ലാ ഒഴിവുകളും നികത്തേണ്ടതുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പെങ്കിലും ഇത്തരം പ്രക്രിയകള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ സാധാരണഗതിയില്‍ പൂര്‍ത്തിയാക്കും. സെല്‍വരാജിന്റെ രാജി സ്വീകരിച്ചെന്ന സ്പീക്കറുടെ അറിയിപ്പ് ലഭിക്കുന്നതോടെ രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുമ്പായി ഉപതെരഞ്ഞെടുപ്പ് വേണ്ട മണ്ഡലങ്ങളുടെ പട്ടികയില്‍ നെയ്യാറ്റിന്‍കരയെയും ഉള്‍പ്പെടുത്തും.
(എം പ്രശാന്ത്)
deshabhimani 110312
ഭരണം നിലനിര്‍ത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിന്റെയും നേതൃത്വത്തില്‍ അരങ്ങേറിയ കുതിരക്കച്ചവടത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളും രംഗത്ത്. ആര്‍ സെല്‍വരാജിനെ നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ഥിയാക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ തുറന്നടിച്ചു. അവിടെ പാരമ്പര്യമുള്ള കോണ്‍ഗ്രസ് നേതാക്കളുണ്ട്- മുരളീധരന്‍ എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ReplyDelete