Thursday, March 15, 2012

റെയില്‍വേ ഐസിയുവിലേക്ക്

പോക്ക് "സ്വകാര്യപാള"ത്തില്‍

ദിനേശ് ത്രിവേദിയുടെ കന്നി ബജറ്റ് പ്രസംഗത്തില്‍ നിറഞ്ഞുനിന്നത് സ്വകാര്യവല്‍ക്കരണത്തിനുള്ള വെമ്പല്‍ . റെയില്‍വേ കടുത്ത സാമ്പത്തികപ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനാല്‍ സ്വകാര്യമേഖലയുടെ സഹായം സ്വീകരിക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന വാദമാണ് ത്രിവേദി ഉയര്‍ത്തിയത്. നിരക്ക് വര്‍ധന ഉള്‍പ്പടെയുള്ള ജനദ്രോഹനടപടികള്‍ക്കും ന്യായീകരണമായി റെയില്‍വേയുടെ മോശം സാമ്പത്തികാവസ്ഥയാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തം, മാര്‍ക്കറ്റിങ് എന്നീ വിഷയങ്ങള്‍ക്കായി മാത്രം ഒരംഗത്തെ ഉള്‍പ്പെടുത്തി റെയില്‍വേ ബോര്‍ഡ് പുനഃസംഘടിപ്പിക്കുമെന്ന പ്രഖ്യാപനം വ്യക്തമായ സൂചനയാണ്. പാലക്കാട് കോച്ച് ഫാക്ടറിയടക്കം ഭാവിയില്‍ റെയില്‍വേ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാന പദ്ധതികളെല്ലാം പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി ) മാതൃകയിലാണ്. സുപ്രധാന പദ്ധതികളില്‍ നിന്ന് റെയില്‍വേ ഘട്ടംഘട്ടമായി പിന്‍വാങ്ങുന്നതിന്റെ ആദ്യ സൂചനകളായി ഇതിനെ കാണാം.

പിപിപി സംരംഭങ്ങളിലൂടെ കൂടുതല്‍ ഫണ്ട് ആകര്‍ഷിക്കാനാണ് റെയില്‍വേയുടെ ശ്രമമെന്ന് മന്ത്രി ത്രിവേദി അവകാശപ്പെട്ടു. പിപിപി പദ്ധതികളില്‍ ഗണ്യമായ വര്‍ധന വരുത്തും. 12-ാം പദ്ധതിക്കായി ആസൂത്രണകമീഷന്‍ തയ്യാറാക്കിയ സമീപനരേഖയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇതുവരെയുള്ള പിപിപി ശ്രമങ്ങള്‍ ആശാവഹമല്ലെന്ന് ബജറ്റ്പ്രസംഗത്തില്‍ മന്ത്രി സമ്മതിച്ചു. ഇത് കണക്കിലെടുത്ത് സ്വകാര്യസ്ഥാപനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തും. കല്‍ക്കരി, ഊര്‍ജം, ഷിപ്പിങ്, ഉരുക്ക് എന്നിവയുമായി ബന്ധപ്പെട്ട റെയില്‍പാത പദ്ധതികളില്‍ സ്വകാര്യസംരംഭകരെ ആകര്‍ഷിക്കും. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ സ്വകാര്യപങ്കാളിത്തതോടെ വാണിജ്യസംരംഭങ്ങള്‍ ആരംഭിക്കാനും പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു.

സ്വകാര്യവല്‍ക്കരണത്തിന് വഴിയൊരുക്കാന്‍ സാം പിത്രോദ കമ്മിറ്റി

റെയില്‍വേയുടെ ആധുനികവല്‍ക്കരണ പരിപാടിക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ സാം പിത്രോദ അധ്യക്ഷനായി സമിതിയെ നിയോഗിച്ചു. നേരത്തേ ആധുനികവല്‍ക്കരണം സംബന്ധിച്ച് പിത്രോദയുടെ നിര്‍ദേശം ആരാഞ്ഞിരുന്നു. സ്വകാര്യവല്‍ക്കരണംവഴി ആധുനികവല്‍ക്കരണം നടത്താനാണ് പിത്രോദയുടെ നിര്‍ദേശം. അതനുസരിച്ച് കൂടുതല്‍ വ്യക്തമായ സ്വകാര്യവല്‍ക്കരണ പരിപാടികള്‍ക്ക് രൂപം നല്‍കാനാണ് പിത്രോദയെത്തന്നെ അധ്യക്ഷനാക്കി ആധുനികവല്‍ക്കരണസമിതിയെ നിയോഗിച്ചിരിക്കുന്നത്.

ദീര്‍ഘദൂര യാത്രക്കാര്‍ക്ക് കനത്ത ഭാരം

റെയില്‍വേ യാത്രക്കൂലിയില്‍ നാമമാത്ര വര്‍ധനമാത്രമാണ് വരുത്തിയതെന്ന് റെയില്‍മന്ത്രിയും കേന്ദ്രസര്‍ക്കാരും ഒരുപോലെ വാദിക്കുമ്പോഴും ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഇത് കനത്ത ഭാരമാകും. കിലോമീറ്ററിന് രണ്ടുമുതല്‍ 30 പൈസവരെയുള്ള വര്‍ധന ചെറുതെന്നു തോന്നുമെങ്കിലും ദൂരം കൂടുന്നതനുസരിച്ച് ഇതില്‍ പതിയിരിക്കുന്ന അപകടം വ്യക്തമാകും. നിലവില്‍ , എക്സ്പ്രസ് ട്രെയിനില്‍ തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് സ്ലീപ്പര്‍ ക്ലാസില്‍ യാത്രചെയ്യാന്‍ 252 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. വര്‍ധന നടപ്പായാല്‍ 297 രൂപ നല്‍കേണ്ടി വരും. മംഗലാപുരത്തേക്കുള്ള ഫസ്റ്റ് ക്ലാസ് എസി ടിക്കറ്റ് നിരക്ക് 930ല്‍ നിന്ന് 1100 രൂപയാകും. സെക്കന്‍ഡ് എസി 771 രൂപയില്‍നിന്ന് 821 ആയും തേര്‍ഡ് എസി 678 രൂപയില്‍നിന്ന് 768 ആയും വര്‍ധിക്കും.

തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രനിരക്ക് വിവിധ ക്ലാസുകളിലായി 94 രൂപമുതല്‍ 933 രൂപവരെ വര്‍ധിക്കും. ഡല്‍ഹി-എറണാകുളം തുരന്തോ എക്സ്പ്രസിന് 173 രൂപമുതല്‍ 511 രൂപവരെയും ഡല്‍ഹി-എറണകുളം രാജധാനിക്ക് 317 രൂപമുതല്‍ 937 രൂപവരെയും വര്‍ധിക്കും. തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്ക് സ്ലീപ്പര്‍ ക്ലാസില്‍ 150 രൂപ വര്‍ധിക്കും. എസി ടു ടയറിന് 900 രൂപയാണ് വര്‍ധിക്കുക. തിരുവനന്തപുരത്തുനിന്ന് ചെന്നെയിലേക്ക് സ്ലീപ്പര്‍ ക്ലാസ്സില്‍ 337 രൂപയ്ക്ക് പകരം 382 രൂപ നല്‍കണം. ഫസ്റ്റ് എസി ടിക്കറ്റ് 2041ല്‍നിന്ന് 2314 രൂപയായി ഉയരും. സെക്കന്‍ഡ് എസി ടിക്കറ്റ് നിരക്ക് 1214ല്‍നിന്ന് 1351 ആവും. തേര്‍ഡ് എസി നിരക്ക് 892ല്‍നിന്ന് 983 ആവും. തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് സ്ലീപ്പര്‍ ടിക്കറ്റ് 496ല്‍നിന്ന് 599 ആവും. സെക്കന്‍ഡ് എസി ടിക്കറ്റ് 1762ല്‍ നിന്ന് 2069 ആകും. തേര്‍ഡ് എസി ടിക്കറ്റ് 1277ല്‍നിന്ന് 1482 ആയി ഉയരും.

ഇന്ധനവില അനുസരിച്ച് നിരക്ക് കൂട്ടും: റെയില്‍വേ

ഇന്ധവില വര്‍ധിപ്പിക്കുന്നതിന് ആനുപാതികമായി റെയില്‍വേനിരക്കുകള്‍ കൂട്ടുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനയ് മിത്തല്‍ പറഞ്ഞു. നിരക്കുവര്‍ധന നേരത്തെ വേണ്ടതായിരുന്നു. ഇപ്പോഴെങ്കിലും വര്‍ധന വരുത്താന്‍ മന്ത്രി ധൈര്യപൂര്‍വം തയ്യാറായി. ഇതിലൂടെ 7000 കോടി രൂപ അധികവരുമാനം പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റെയില്‍വേയുടെ ഇന്ധനച്ചെലവില്‍ കുറവുണ്ടായിട്ടുണ്ട്. 2004-05ല്‍ റെയില്‍വേയുടെ മൊത്തം ചെലവിന്റെ 19 ശതമാനമായിരുന്ന ഇന്ധനചെലവ് 2011-12ല്‍ 18 ശതമാനമായി കുറഞ്ഞു. റെയില്‍വേയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും വികസനത്തിനും വിഭവസമാഹരണത്തിന് സ്വകാര്യമേഖലയുടെ സഹായം തേടും. നിരക്കുവര്‍ധനകൊണ്ടുമാത്രം റെയില്‍വേയുടെ വിഭവപ്രതിസന്ധി പരിഹരിക്കാനാകില്ല. പൊതു-സ്വകാര്യ പങ്കാളിത്തംവഴി വിഭവസമാഹരണം നടത്തും. സര്‍ക്കാരിന്റെ ബജറ്റ് വിഹിതവും ആവശ്യമാണ്. റെയില്‍വേസ്റ്റേഷനുകളുടെ വികസനത്തിന് സ്വകാര്യമേഖലയുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തും. സ്വതന്ത്രമായ സുരക്ഷാ അതോറിറ്റി സ്ഥാപിച്ച് റെയില്‍വേ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തും. നിലവിലുള്ള റെയില്‍പ്പാതകള്‍ക്ക് ഇപ്പോഴുള്ള ട്രെയിന്‍ഗതാഗതം താങ്ങാനുള്ള ശേഷിയില്ല. റെയില്‍പ്പാളങ്ങള്‍ ശക്തിപ്പെടുത്തണം. ആധുനികവല്‍ക്കരണത്തിനും പശ്ചാത്തലസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും സ്വകാര്യപങ്കാളിത്തം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാഗ്ദാനങ്ങളുടെ ആവര്‍ത്തനം

ദിനേശ് ത്രിവേദിയുടെ കന്നി ബജറ്റില്‍ കേരളത്തിനുള്ളത് കഴിഞ്ഞ ബജറ്റുകളില്‍ പ്രഖ്യാപിച്ച് നടപ്പാക്കാത്ത പദ്ധതികളുടെ ആവര്‍ത്തനം. തറക്കല്ലിട്ട് കഴിഞ്ഞ പാലക്കാട് കോച്ച് ഫാക്ടറി നിര്‍മിക്കുമെന്ന പ്രഖ്യാപനത്തില്‍ പുതുമയില്ല. കര്‍ണാടകത്തിലെ കോലാറിലും ഗുജറാത്തിലെ കച്ചിലും കോച്ച് നിര്‍മാണത്തിന് അധിക യൂണിറ്റുകള്‍ നിര്‍മിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നേമത്തും കോട്ടയത്തും കോച്ച് ടെര്‍മിനല്‍ സ്ഥാപിക്കുമെന്നത് കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമാണ്. കേരളത്തിന് അനുവദിച്ച രണ്ട് മെമുവില്‍ ഒന്ന് നേരത്തെ അനുവദിച്ചതാണ്. പാലക്കാട്ടു നിന്ന് കോയമ്പത്തൂരിലേക്കുള്ള മെമു ഈറോഡിലേക്ക് നീട്ടിയതാണ് പുതിയ സര്‍വീസായി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച രണ്ട് മെമു ഇനിയും ഓടിയിട്ടില്ല.

ആസൂത്രണ കമീഷന്റെ അംഗീകാരത്തിനു സമര്‍പ്പിച്ച ശബരിമല- ചെങ്ങന്നൂര്‍ പാത വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചതാണ്. ഓരോ ബജറ്റിലും ഇത് പരാമര്‍ശിക്കുന്നതല്ലാതെ പ്രാവര്‍ത്തികമാക്കാന്‍ ആത്മാര്‍ഥ ശ്രമമില്ല. ചേര്‍ത്തലയില്‍ വാഗണ്‍ ഫാക്ടറി സ്ഥാപിക്കുമെന്ന 2007ലെ ബജറ്റ് പ്രഖ്യാപനം ഈ ബജറ്റിലും ആവര്‍ത്തിക്കുന്നു. വകയിരുത്തിയത് തുച്ഛമായ തുക. കണ്ണൂര്‍ - മട്ടന്നൂര്‍ പാതയ്ക്കായി സര്‍വേ നടത്തുമെന്ന പ്രഖ്യാപനവും കഴിഞ്ഞ ബജറ്റിലേതാണ്. കണ്ണൂര്‍ - കണ്ണൂര്‍ എയര്‍പോര്‍ട്ട് ലിങ്ക് എന്ന പേരിലാണ് ഇപ്രാവശ്യത്തെ ബജറ്റില്‍ സര്‍വേ തീരുമാനം. കൊല്ലങ്കോട്- തൃശൂര്‍ , അങ്ങാടിപ്പുറം- ഒറ്റപ്പാലം, ചെങ്ങന്നൂര്‍ -തിരുവനന്തപുരം സര്‍വേ വാഗ്ദാനവും പഴയതുതന്നെ. അങ്കമാലി-കാലടി പാത പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനത്തിനും പഴക്കമേറെ. മാവേലിക്കര- ചെങ്ങന്നൂര്‍ പാത ഇരട്ടിപ്പിക്കുമെന്ന പ്രഖ്യാപനവും ആവര്‍ത്തിക്കുന്നു.

റെയില്‍വേ ഐസിയുവിലേക്ക്

രാജ്യത്തെ ഏറ്റവും പ്രമുഖ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേ നേരിടുന്നത് കടുത്ത സാമ്പത്തികപ്രതിസന്ധിയെ. ബജറ്റ് പ്രസംഗത്തില്‍ മന്ത്രി ദിനേശ് ത്രിവേദിതന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. നിരക്കുകള്‍ കുത്തനെ കൂട്ടിയില്ലെങ്കില്‍ റെയില്‍വേയെ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടി വരുമെന്നാണ് ബജറ്റ് അവതരണത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞത്. പ്രവര്‍ത്തനമികവിന് അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ പഠനവിധേയമാക്കിയ ഇന്ത്യന്‍ റെയില്‍വേ ചുരുങ്ങിയകാലത്തിനിടെ എങ്ങനെ ദുരവസ്ഥയിലെത്തിയെന്ന് മന്ത്രി വിശദീകരിച്ചില്ല.

റെയില്‍വേയുടെ പ്രവര്‍ത്തന അനുപാതം (നൂറുരൂപ വരുമാനത്തിന് ശരാശരി മുടക്കേണ്ട തുക) 95 ശതമാനമായി ഉയര്‍ന്നതില്‍നിന്ന് പ്രതിസന്ധിയുടെ ആഴം വ്യക്തമാകും. പ്രവര്‍ത്തന അനുപാതം 91 ശതമാനമായി കുറയ്ക്കാനാണ് കഴിഞ്ഞ ബജറ്റില്‍ ലക്ഷ്യമിട്ടത്. ഇത് പാലിക്കാനായില്ലെന്നു മാത്രമല്ല അനുപാതത്തില്‍ വലിയ വര്‍ധന വരികയുംചെയ്തു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് വലിയ മിച്ചമുണ്ടായിരുന്ന റെയില്‍വേയാണ് ഇപ്പോള്‍ കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത്.

ചരക്കുകടത്തിന്റെ തോതും റെയില്‍വേയുടെ പ്രവര്‍ത്തനത്തിലെ പോരായ്മ വെളിപ്പെടുത്തുന്നതാണ്. 99.3 കോടി ടണ്‍ ലക്ഷ്യമിട്ട സ്ഥാനത്ത് 97 കോടി ടണ്ണാണ് കടത്താനായത്. യാത്രക്കാരുടെ എണ്ണത്തിലും പ്രതീക്ഷിച്ച വര്‍ധനയില്ല. പ്രതീക്ഷിച്ച വരുമാനത്തേക്കാള്‍ 1656 കോടി കുറഞ്ഞു. സര്‍ക്കാരിനുള്ള വിഹിതംകൂടി കഴിഞ്ഞാല്‍ ഭാവി വികസനപദ്ധതികള്‍ക്ക് റെയില്‍വേയുടെ പക്കല്‍ ശേഷിക്കുന്നത് വെറും 1492 കോടി രൂപയാണ്. സുരക്ഷാ പദ്ധതികളും മറ്റും നടപ്പാക്കുന്നതിന് കേന്ദ്രത്തില്‍നിന്ന് മൂവായിരം കോടി രൂപ വായ്പ വാങ്ങേണ്ട സ്ഥിതിയിലേക്ക് റെയില്‍വേ ശോഷിച്ചു.

സുരക്ഷയ്ക്ക് പ്രത്യേക അതോറിറ്റി

സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കുമെന്നാണ് റെയില്‍ ബജറ്റില്‍ പ്രഖ്യാപനമെങ്കിലും കാര്യമായ തുക വകയിരുത്തിയില്ല. സ്വതന്ത്ര റെയില്‍വേ സുരക്ഷ അതോറിറ്റി രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. സുരക്ഷ വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് റെയില്‍വേ ഗവേഷണ വികസന കൗണ്‍സില്‍ രൂപീകരിക്കും. കാകോദ്കര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ പ്രകാരമായിരിക്കുമിത്. ആധുനികവല്‍ക്കരണത്തിനും വിഭവസമാഹരണത്തിനുമായി സാം പിത്രോദയുടെ നേതൃത്വത്തില്‍ വിദഗ്ധസമിതിക്ക് രൂപം നല്‍കിയിരുന്നു. ഇവര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ 5.60 ലക്ഷംകോടി ആവശ്യമായി വരും. ആധുനികവല്‍ക്കരണപദ്ധതികള്‍ ദൗത്യമെന്ന നിലയില്‍ നടപ്പാക്കാന്‍ ഉന്നതതല സമിതിക്ക് രൂപംനല്‍കും.

5 വര്‍ഷത്തിനകം ആളില്ലാലെവല്‍ ക്രോസ് ഇല്ലാതാക്കും

അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിനായി റെയില്‍ റോഡ് ഗ്രേഡ് സെപ്പറേഷന്‍ കോര്‍പറേഷന്‍ രൂപീകരിക്കും. അപകട മരണങ്ങളില്‍ 70 ശതമാനവും ഗുരുതര ട്രെയിന്‍ അപകടങ്ങളില്‍ 40 ശതമാനവും സംഭവിക്കുന്നത് ആളില്ലാ ലെവല്‍ ക്രോസുകളിലാണെന്ന് മന്ത്രി പറഞ്ഞു. റെയില്‍വേയുടെ സുരക്ഷാനിലവാരം പഠിക്കാന്‍ നിയോഗിച്ച ഡോ. കസ്തൂരിരംഗന്റെയും ഡോ. അനില്‍ കാകോദ്കറിന്റെയും നേതൃത്വത്തിലുള്ള സമിതി ഫെബ്രുവരി 17ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ദീര്‍ഘകാലനടപടി ആവിഷ്കരിക്കണമെന്നാണ് നിര്‍ദേശം.

കേരളത്തിന് ഒരു പ്രതിവാര ട്രെയിന്‍ മാത്രം

ബജറ്റില്‍ പുതിയ 75 എക്സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് ഒന്നു മാത്രം. യശ്വന്ത്പുര്‍ - കൊച്ചുവേളി പ്രതിവാര എസി എക്സ്പ്രസാണ് കേരളത്തിന് അനുവദിച്ചത്. എറണാകുളം- തൃശ്ശൂര്‍ മെമു അനുവദിച്ചു. പാലക്കാട്ടുനിന്ന് കോയമ്പത്തൂരേക്കുള്ള മെമു ഈറോഡിലേക്ക് നീട്ടി പുതിയ സര്‍വീസായി പ്രഖ്യാപിച്ചു. പാലക്കാട്- മംഗലാപുരം എക്സ്പ്രസ് (22609/22610) കോയമ്പത്തൂരേക്കും മംഗലാപുരം- തിരുവനന്തപുരം (16649/16650) നാഗര്‍കോവിലിലേക്കും നീട്ടി. ആഴ്ചയില്‍ ആറുദിവസമുണ്ടായിരുന്ന ചെന്നൈ- മംഗലാപുരം എക്സ്പ്രസ് (12685/12686) ഏഴു ദിവസമാക്കി. ബാംഗ്ലൂര്‍ - കൊച്ചുവേളി എക്സ്പ്രസ് (16315/ 16316) മൂന്നു ദിവസത്തില്‍നിന്ന് പ്രതിദിനമാക്കി മാറ്റി. നിലവില്‍ യശ്വന്ത്പുര്‍ - കൊച്ചുവേളി റൂട്ടില്‍ ആഴ്ചയില്‍ മൂന്നുദിവസം ഗരീബ് രഥ് സര്‍വീസ് നടത്തുന്നുണ്ട്. ഇതേ റൂട്ടിലാണ് പുതിയ പ്രതിവാര ട്രെയിന്‍ അനുവദിച്ചത്. പുതിയ ട്രെയിന്‍ എന്ന് ബജറ്റില്‍ കാര്യമായി പ്രഖ്യാപിക്കുമ്പോള്‍ ഗരീബ്രഥ് ഒരു ദിവസം കൂടി സര്‍വീസ് നടത്തുന്ന ഫലമേ ലഭിക്കുന്നുള്ളു.

അടുത്ത സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന പുതിയ 45 പാതകളില്‍ കേരളത്തില്‍നിന്ന് അങ്കമാലി- കാലടി പാത മാത്രം. ആസൂത്രണ കമീഷന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ച 84 പാതകളുടെ പട്ടികയില്‍ കാഞ്ഞങ്ങാട്- പാണത്തൂര്‍ പാതയും ശബരിമല- ചെങ്ങന്നൂര്‍പാതയും ഉള്‍പ്പെടുന്നു. അടുത്ത സാമ്പത്തികവര്‍ഷം നടത്തുന്ന 111 പാതകളുടെ സര്‍വേയില്‍ കേരളത്തില്‍നിന്ന് മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ചവ ഉള്‍പ്പെടെ അഞ്ച് പാത ഉള്‍പ്പെടുത്തി. അനുമതി കിട്ടിയ പുതിയ 11 പാതകളില്‍ കേരളത്തിന്് ഒന്നുമില്ല. ഈ വര്‍ഷം പൂര്‍ത്തിയാക്കേണ്ട 19 ഗേജ്മാറ്റങ്ങളില്‍ പൊള്ളാച്ചി- പാലക്കാട് പാതയുണ്ട്. അടുത്തവര്‍ഷം പൂര്‍ത്തിയാക്കേണ്ട 17 ഗേജുമാറ്റങ്ങളില്‍ ഇടമണ്‍ - പുനലൂര്‍ പാതയും മുതലമട- പാലക്കാട് പാതയുമുണ്ട്. ഗേജ്മാറ്റത്തിനുള്ള പുതിയ പദ്ധതികളിലും ആസൂത്രണകമീഷന്റെ അനുമതിയ്ക്കായി സമര്‍പ്പിച്ച പട്ടികയിലും കേരളം ഇടംപിടിച്ചില്ല. ഈ വര്‍ഷം ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കേണ്ട 55 പാതകളുടെ പട്ടികയില്‍ മാവേലിക്കര- ചെങ്ങന്നൂര്‍ പാതയുണ്ട്. അടുത്ത സാമ്പത്തികവര്‍ഷം പൂര്‍ത്തിയാക്കേണ്ട 67 പാതയിരട്ടിപ്പിക്കല്‍ പദ്ധതികളില്‍ സംസ്ഥാനം ഉള്‍പ്പെടുന്നില്ല. റെയില്‍ വൈദ്യുതീകരണപദ്ധതിയിലും സംസ്ഥാനത്തിന്റെ സ്ഥാനം പുറത്ത്.

ബംഗളൂരു മലയാളികള്‍ക്കും നിരാശ

ബംഗളൂരു മലയാളികളെയും റെയില്‍വേ ബജറ്റ് നിരാശരാക്കി. മലയാളി സംഘടനകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങളോട്് ബജറ്റ് മുഖംതിരിച്ചു. മലബാര്‍ അടക്കമുള്ള മേഖലകളിലേക്ക് പുതിയ വണ്ടി അനുവദിക്കണമെന്ന ആവശ്യവും നിറവേറ്റപ്പെട്ടില്ല. തുരന്തോ എക്സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ എന്നിവ അനുവദിക്കുമെന്നായിരുന്നു ബംഗളൂരു മലയാളികളുടെ പ്രതീക്ഷ. ആഴ്ചയില്‍ മൂന്നുദിവസമുള്ള ബംഗളൂരു-കൊച്ചുവേളി വണ്ടി പ്രതിദിനമാക്കിയതും പുതുതായി യശ്വന്തപുരം-കൊച്ചുവേളി പ്രതിവാര ട്രെയിന്‍ അനുവദിച്ചതുമാണ് ആശ്വസിക്കാനുള്ളത്.

ബംഗളൂരു-കോഴിക്കോട് റൂട്ടില്‍ പുതിയ ഇന്റര്‍സിറ്റി അനുവദിക്കുക, യശ്വന്തപുരം-മംഗളൂരു, യശ്വന്തപുരം-കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനുകള്‍ കോഴിക്കോട്ടേക്ക് നീട്ടുക, അല്ലെങ്കില്‍ പാലക്കാടുവഴി കണ്ണൂരിലേക്കോ കാസര്‍കോട്ടേക്കോ പുതിയ ട്രെയിന്‍ അനുവദിക്കുകതുടങ്ങിയ ആവശ്യങ്ങള്‍ വര്‍ഷങ്ങളായുള്ളതാണ്. ഈ ആവശ്യങ്ങള്‍ക്കൊന്നും ഒരു പരിഗണനയും ഇത്തവണ ലഭിച്ചില്ല.

ബന്ദിപ്പുരില്‍ രാത്രിയാത്ര നിരോധം നിലവില്‍ വന്നതോടെ മലബാര്‍ മേഖലയിലുള്ള യാത്രക്കാര്‍ കടുത്ത ദുരിതം നേരിടുകയാണ്. യാത്രദുരിതം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ബംഗളൂരു മലയാളികള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. കഴിഞ്ഞമാസം നോര്‍ക്ക റൂട്ട്സ് സംഘടിപ്പിച്ച മുഖാമുഖത്തിലും പ്രധാനമായി ഉയര്‍ന്നത് യാത്രക്ലേശമായിരുന്നു. കേന്ദ്രസര്‍ക്കാരിലും റെയില്‍വേമന്ത്രിയിലും കേരള സര്‍ക്കാര്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയിട്ടുണ്ടെന്നും യാത്രാദുരിതം പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി കെ സി ജോസഫ് മലയാളി സംഘടനകള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.

deshabhimani 150312

1 comment:

  1. ദിനേശ് ത്രിവേദിയുടെ കന്നി ബജറ്റ് പ്രസംഗത്തില്‍ നിറഞ്ഞുനിന്നത് സ്വകാര്യവല്‍ക്കരണത്തിനുള്ള വെമ്പല്‍ . റെയില്‍വേ കടുത്ത സാമ്പത്തികപ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനാല്‍ സ്വകാര്യമേഖലയുടെ സഹായം സ്വീകരിക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന വാദമാണ് ത്രിവേദി ഉയര്‍ത്തിയത്. നിരക്ക് വര്‍ധന ഉള്‍പ്പടെയുള്ള ജനദ്രോഹനടപടികള്‍ക്കും ന്യായീകരണമായി റെയില്‍വേയുടെ മോശം സാമ്പത്തികാവസ്ഥയാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തം, മാര്‍ക്കറ്റിങ് എന്നീ വിഷയങ്ങള്‍ക്കായി മാത്രം ഒരംഗത്തെ ഉള്‍പ്പെടുത്തി റെയില്‍വേ ബോര്‍ഡ് പുനഃസംഘടിപ്പിക്കുമെന്ന പ്രഖ്യാപനം വ്യക്തമായ സൂചനയാണ്. പാലക്കാട് കോച്ച് ഫാക്ടറിയടക്കം ഭാവിയില്‍ റെയില്‍വേ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാന പദ്ധതികളെല്ലാം പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി ) മാതൃകയിലാണ്. സുപ്രധാന പദ്ധതികളില്‍ നിന്ന് റെയില്‍വേ ഘട്ടംഘട്ടമായി പിന്‍വാങ്ങുന്നതിന്റെ ആദ്യ സൂചനകളായി ഇതിനെ കാണാം.

    ReplyDelete