Thursday, March 15, 2012

കഴിവുകേട് മറയ്ക്കാന്‍ ജനദ്രോഹം: സിപിഐ എം

ട്രെയിന്‍ യാത്രാനിരക്ക് വര്‍ധനയിലും റെയില്‍ ബജറ്റിലെ ജനവിരുദ്ധനിര്‍ദേശങ്ങളിലും ശക്തിയായി പ്രതിഷേധിക്കാന്‍ സിപിഐ എം ആഹ്വാനംചെയ്തു. മാര്‍ച്ച് ആറിന് കല്‍ക്കരി, രാസവളം, ഭക്ഷ്യധാന്യം, ഉരുക്ക്, സിമന്റ് എന്നിവയുടെ കടത്തുകൂലി വര്‍ധിപ്പിച്ചതിനുപിന്നാലെയാണ് യാത്രാക്കൂലി കൂട്ടല്‍ .റെയില്‍വേയെ പാപ്പരാക്കിയ കഴിവുകേട് മൂടിവയ്ക്കാനാണ് ജനങ്ങള്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്നതെന്ന് പാര്‍ടി പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

100 കിലോമീറ്ററിന് സെക്കന്‍ഡ് ക്ലാസില്‍ മൂന്ന് രൂപയും സ്ലീപ്പര്‍ ക്ലാസില്‍ അഞ്ച് രൂപയുമാണ് വര്‍ധന. ഇത് നൂറുകണക്കിന് കിലോമീറ്റര്‍ സഞ്ചരിക്കുന്ന ലക്ഷക്കണക്കിന് ഗ്രാമീണ കുടിയേറ്റ തൊഴിലാളികളെയും ജീവനക്കാരെയും ചെറുകിട സംരംഭകരെയും പ്രതികൂലമായി ബാധിക്കും. ചരക്കുകടത്തുകൂലിയില്‍ വരുത്തിയ 20 ശതമാനം വര്‍ധനയും കൂടിച്ചേരുമ്പോള്‍ ജീവിതച്ചെലവ് വന്‍തോതില്‍ ഉയരും. ഇന്ധനവില വര്‍ധനയ്ക്കനുസരിച്ച് നിരക്ക് കൂട്ടുമെന്ന പ്രഖ്യാപനം റെയില്‍വേ ബജറ്റിന്റെ ജനവിരുദ്ധത വ്യക്തമാക്കുന്നു. ആധുനികവല്‍ക്കരണ, സുരക്ഷാമേഖലകളില്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളല്ലാതെ ഒന്നും നടപ്പായിട്ടില്ല. അതിവേഗ ഇടനാഴിയുടെ സാധ്യതാപഠനത്തിനുശേഷം രണ്ട് വര്‍ഷമായി മറ്റൊന്നും നടക്കുന്നില്ല. ചരക്ക് ഇടനാഴിയും സ്തംഭനത്തിലാണ്. ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ തെളിയിച്ചുകഴിഞ്ഞു. 80,000 പേര്‍ക്ക് ഈ സാമ്പത്തികവര്‍ഷം നിയമനം നല്‍കിയെന്ന മന്ത്രിയുടെ പ്രസ്താവന വിശ്വസിക്കാനാകില്ല. ബജറ്റ് രേഖകളില്‍ അതില്ലെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു- പിബി പറഞ്ഞു.

റെയില്‍വേ ബജറ്റിന്റെ വിശ്വാസ്യത ഇല്ലാതായി: പിബി

ന്യൂഡല്‍ഹി: പ്രഖ്യാപനങ്ങള്‍ നടപ്പാക്കാത്തത് റെയില്‍വേ ബജറ്റിന്റെ വിശ്വാസ്യത ഇല്ലാതാക്കിയെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ചൂണ്ടിക്കാട്ടി. ലോകനിലവാരമുള്ള 50 സ്റ്റേഷനുകള്‍ , ആറ് കുടിവെള്ള ബോട്ടിലിങ് പ്ലാന്റുകള്‍ , അഞ്ച് സ്പോര്‍ട്സ് അക്കാദമികള്‍ , 40 മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയടക്കം 522 ആശുപത്രികള്‍ , 50 കേന്ദ്രീയ വിദ്യാലയങ്ങള്‍ , ഏഴ് കോച്ച്/ലോക്കോ ഫാക്ടറികള്‍ തുടങ്ങി 2010 മുതലുള്ള ബജറ്റുകളിലെ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. ഈ ബജറ്റുകള്‍ അവതരിപ്പിച്ച മമത ബാനര്‍ജി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ റെയില്‍വേ സ്റ്റേഷന്‍ വികസന കോര്‍പറേഷന്‍ , ലോജിസ്റ്റിക് കോര്‍പറേഷന്‍ തുടങ്ങിയ സ്വകാര്യവല്‍ക്കരണനടപടികളിലേക്ക് നീങ്ങിയത്. 2011-12ല്‍ റെയില്‍വേയുടെ പ്രവര്‍ത്തനാനുപാതം 91.1 ശതമാനമായിരുന്നു. ഇപ്പോഴത് 95 ശതമാനമായി ഉയര്‍ന്നത് റെയില്‍വേയുടെ കഴിവുകേടാണ് തെളിയിക്കുന്നത്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് റെയില്‍വേക്ക് മിച്ചമുണ്ടായിരുന്നു. രണ്ടാം യുപിഎയുടെ കാലത്ത് ഇതില്‍ വലിയ കുറവുവന്നതിന് പ്രധാനമന്ത്രി വിശദീകരണം നല്‍കണം. പ്രവര്‍ത്തനാനുപാതം 2012-13ല്‍ 85 ശതമാനത്തില്‍ താഴെയാക്കുമെന്നും 12-ാം പഞ്ചവത്സരപദ്ധതിയുടെ അവസാനത്തോടെ 75 ശതമാനമാക്കുമെന്നുമുള്ള പ്രഖ്യാപനങ്ങളെ ഗൗരവമായെടുക്കാന്‍ കഴിയില്ല. സമ്പദ്വ്യവസ്ഥയില്‍ 7-8 ശതമാനം വളര്‍ച്ചയുണ്ടായിട്ടും റെയില്‍വേയുടെ ചരക്കുകടത്തില്‍ 2.30 കോടി ടണ്ണിന്റെ കുറവുവന്നത് ഗൗരവമായ പ്രശ്നമാണ്. ഗതാഗതവരുമാനത്തില്‍ 2000 കോടി രൂപയുടെ കുറവാണ് വന്നത്.

കടുത്ത അവഗണന: പിണറായി

പിറവം: ഇന്ത്യയുടെ റെയില്‍ ഭൂപടത്തില്‍ കേരളം ഇല്ല എന്നതിന്റെ തെളിവാണ് ബുധനാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ച റെയില്‍ ബജറ്റെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അത്രത്തോളം അവഗണനയാണ് യുപിഎ സര്‍ക്കാര്‍ കേരളത്തോടു കാണിച്ചത്. ചാര്‍ജ്വര്‍ധനയടക്കം കനത്ത ആഘാതം ജനങ്ങള്‍ക്കുമേല്‍ ഏല്‍പ്പിച്ചിരിക്കുന്നു. ഇതിനെതിരെ എല്ലാവിഭാഗം ജനങ്ങളും ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു പിണറായി.

റെയില്‍മന്ത്രി ഇവിടെവന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി; മുഖ്യമന്ത്രി അങ്ങോട്ടുപോയി ചര്‍ച്ച നടത്തി എന്നൊക്കെയാണ് കേട്ടത്. പക്ഷേ ബജറ്റ് വന്നപ്പോള്‍ ഒന്നും കണ്ടില്ല. 21 പാസഞ്ചര്‍ ട്രെയിന്‍ അനുവദിച്ചതില്‍ കേരളത്തിന് ഒന്നുപോലുമില്ല. ഒരു പ്രതിവാര ട്രെയിനാണ് ആകെയുള്ളത്. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ മെമു ഇതുവരെ ഓടിത്തുടങ്ങിയിട്ടില്ല. കേരളത്തിന് പുതിയ പദ്ധതികളില്ല; പഴയ പദ്ധതികള്‍ക്ക് പണവുമില്ല. ദിവസങ്ങള്‍ക്കു മുമ്പ് ചരക്കുകൂലി വര്‍ധന നടപ്പാക്കി. അതിനു പുറമെയാണ് യാത്രാക്കൂലിയിലെ വര്‍ധന. വര്‍ധന ലളിതമാണെന്നു തോന്നാം. പക്ഷേ തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിക്ക് സാധാരണ സ്ലീപ്പര്‍ ക്ലാസില്‍ യാത്രചെയ്യാന്‍ 150 രൂപ അധികം നല്‍കണം. ഈ വര്‍ധനയ്ക്ക് ന്യായീകരണമില്ല. റെയില്‍വേയുടെ അടിസ്ഥാന ഘടനതന്നെ മാറ്റുന്ന ബജറ്റാണിത്. ഇനിമുതല്‍ റെയില്‍വേ പുതിയ പദ്ധതികള്‍ ഏറ്റെടുക്കില്ല. എല്ലാറ്റിനും സ്വകാര്യപങ്കാളിത്തമാണ്. പേരിന് സംസ്ഥാന പങ്കാളിത്തം എന്നു പറയുന്നുണ്ട്. പക്ഷേ, സ്വകാര്യ പങ്കാളിത്തത്തിനാണ് ഊന്നല്‍ . റെയില്‍വേ പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കാനാണ് നീക്കം - പിണറായി പറഞ്ഞു.

സംസ്ഥാനത്തിന് അവഗണന,പരിഹാസം: വി എസ്

സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ അവഗണനയാണ് റെയില്‍വേ ബജറ്റില്‍ കേരളത്തോട് കാണിച്ചതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ചരക്കുകൂലി വര്‍ധിപ്പിച്ചതിന് പുറമെ ഇപ്പോള്‍ യാത്രക്കൂലി വര്‍ധിപ്പിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞതുപോലെ വലിയ ചതി റെയില്‍വേയുടെ കാര്യത്തിലും വരാന്‍ പോകുന്നു. യാത്രക്കൂലിയും ചരക്കുകൂലിയും നിശ്ചയിക്കുന്നതിന് താരിഫ് അതോറിറ്റി രൂപീകരിക്കാനുള്ള നിര്‍ദേശം ഭാവിയില്‍ വരാനിരിക്കുന്ന ചതിയാണ് സൂചിപ്പിക്കുന്നതെന്ന് വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ കേരളത്തെ പരിഹസിക്കുകയായിരുന്നു. കാസര്‍കോട്- തിരുവനന്തപുരം അതിവേഗ പാത കേരളം ആവശ്യപ്പെടുന്നുണ്ട്. അതിനെല്ലാം വലിയ പണച്ചെലവല്ലേ എന്നാണ് പരിഹാസപൂര്‍വം ചോദിച്ചിരിക്കുന്നത്. പാലക്കാട് കോച്ച് ഫാക്ടറി ആരംഭിക്കുന്ന കാര്യം കൃത്യമായി പറയുകയോ പണം നീക്കിവയ്ക്കുകയോ ചെയ്തില്ല. അഞ്ചുകൊല്ലം മുമ്പ് ചേര്‍ത്തലയില്‍ ഓട്ടോകാസ്റ്റുമായി ചേര്‍ന്ന് വാഗണ്‍ നിര്‍മാണശാല തുടങ്ങാന്‍ നിശ്ചയിച്ചതും പണം നീക്കിവച്ചതുമാണ്. ഇപ്പോഴും അത് അവഗണിച്ചിരിക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ പറഞ്ഞത് കേരളത്തില്‍ റെയില്‍വേ വികസനം വന്നുവെന്നാണ്. മന്ത്രി ത്രിവേദിയെ തിരുവനന്തപുരത്ത് കൊണ്ടുവന്ന് വാഗ്ദാനം ചൊരിയിച്ചു. സാംപിട്രോഡയെ കൊണ്ടുവന്ന് കുറെ പ്രഖ്യാപനം നടത്തി.

ആന്റണി ചൊവ്വാഴ്ച പറഞ്ഞത് ചോദിക്കുന്നതെന്തും ചുരത്തുന്ന കാമധേനുവാണ് യുപിഎ സര്‍ക്കാര്‍ എന്നാണ് കേന്ദ്രത്തിലും കേരളത്തിലും ഒരേ കക്ഷി ഭരിച്ചാല്‍ ഇവിടെ പാലും തേനും ഒഴുകുമെന്ന് പറഞ്ഞു. അത്തരം അവകാശപ്രകടനങ്ങള്‍ക്കുള്ള മുഖമടച്ചുള്ള പ്രഹരമാണ് റെയില്‍വേ ബജറ്റ്. മനുഷ്യന് യാത്രചെയ്യാന്‍ കഴിയാത്ത വൃത്തികെട്ട കപാര്‍ട്മെന്റുകളാണ് കേരളത്തിലെ ട്രെയിനുകളില്‍ . പുതിയ പദ്ധതികളൊന്നുമില്ല. പുതിയ വണ്ടികളില്ല. വണ്ടി തൂത്തുവൃത്തിയാക്കാത്ത, കഴുകാത്ത, മാറാലകള്‍ തുടച്ചുകളയാത്ത, കക്കൂസില്‍ വെള്ളം ലഭ്യമാക്കാത്ത റെയില്‍വേയാണ് സ്റ്റേഷനുകള്‍ വിമാനത്താവളം പോലെയാക്കുമെന്ന് പറയുന്നത്. ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിക്കുകയും സ്വകാര്യവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുകയും കേരളത്തെ പൂര്‍ണമായും അവഗണിക്കുകയും ചെയ്ത ജനവിരുദ്ധ ബജറ്റിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ മുഴുവന്‍ കേരളീയരും പ്രതികരിക്കണം. റെയില്‍വേ ബജറ്റിന്റെ പ്രതിഫലനം പിറവത്ത് ഉണ്ടാകുമെന്നുറപ്പാണ്- വി എസ് പറഞ്ഞു.

സ്വകാര്യവല്‍ക്കരണം ശക്തമാകും: പി കരുണാകരന്‍

ബജറ്റ് സ്വകാര്യവല്‍ക്കരണം ശക്തിപ്പെടുത്തും. റെയില്‍വേ സ്റ്റേഷനുകള്‍ നിര്‍മിക്കാനുള്ള കോര്‍പറേഷനുകള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് രൂപീകരിക്കുക. റെയില്‍വേയുടെ പശ്ചാത്തലസൗകര്യങ്ങള്‍ സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കാനുള്ള അജന്‍ഡയാണ് ഇതിന് പിന്നില്‍ . സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെ യാത്രക്കൂലി കൂട്ടിയ തീരുമാനം അംഗീകരിക്കാനാകില്ല. മംഗലാപുരം- പാലക്കാട് എക്സ്പ്രസ് കോയമ്പത്തൂരിലേക്കും ചെന്നൈ-കൊച്ചുവേളി എക്സ്പ്രസ് കന്യാകുമാരിയിലേക്കും നീട്ടിയതോടെ ഈ രണ്ട് വണ്ടികളും കേരളത്തിന്റേത് അല്ലാതായി. കോച്ച് ഫാക്ടറിക്കും വാഗണ്‍ ഫാക്ടറിക്കും നിസാരതുകയാണ് വകയിരുത്തിയത്. ഷൊര്‍ണൂര്‍ -മംഗലാപുരം വൈദ്യുതീകരണത്തിന് ആവശ്യമായ പണം നല്‍കിയിട്ടില്ല. പുതിയ പാതകളുടെ സര്‍വേ പ്രഖ്യാപിച്ചതും ചില സ്റ്റേഷനുകളെ ആദര്‍ശ് സ്റ്റേഷനുകളായി ഉയര്‍ത്തിയതും സ്വാഗതാര്‍ഹമാണ്. കാഞ്ഞങ്ങാട്- പാണത്തൂര്‍ , ശബരിമല- ചെങ്ങന്നൂര്‍ പാതകളുടെ സര്‍വേകള്‍ ആസൂത്രണ കമീഷന്റെ അംഗീകാരത്തിന് നല്‍കിയതും സ്വാഗതം ചെയ്യുന്നു.

കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഒന്നിനും ഫണ്ടില്ല: വിജയകുമാര്‍

കൊച്ചി: കഴിഞ്ഞ ബജറ്റില്‍ കേരളത്തിനു പ്രഖ്യാപിച്ച ഒന്നിനും ഈ വര്‍ഷം റെയില്‍ ബജറ്റില്‍ ഫണ്ട് നീക്കിവച്ചിട്ടില്ലെന്ന് റെയില്‍വേയുടെ ചുമതലയുണ്ടായിരുന്ന മുന്‍ മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. ബജറ്റില്‍ കേരളത്തെ പാടേ അവഗണിച്ചതായും സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗംകൂടിയായ വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ബജറ്റിലെ മിക്കവാറും ട്രെയിനുകള്‍ ഇനിയും ഓടി ത്തുടങ്ങിയിട്ടില്ല. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ നിരന്തരം ആവശ്യപ്പെട്ട പദ്ധതികള്‍ക്കുപോലും അനുമതി നല്‍കിയില്ല. വീണ്ടും ചില പ്രഖ്യാപനങ്ങള്‍മാത്രമാണ് ഉണ്ടായിട്ടുള്ളത്. കേരളത്തോടുള്ള ഈ അവഗണനയ്ക്കെതിരെ പ്രതിഷേധം ശക്തമായി ഉയരും. പിറവം ഉപതെരഞ്ഞെടുപ്പില്‍വരെ ഈ പ്രതിഷേധം പ്രതിഫലിക്കും.

ആദര്‍ശ് സ്റ്റേഷനുകളെക്കുറിച്ചും റെയില്‍വേ മെഡിക്കല്‍ കോളേജിനെക്കുറിച്ചും ബോട്ട്ലിങ് പ്ലാന്റിനെക്കുറിച്ചുമെല്ലാം കഴിഞ്ഞ റെയില്‍വേ ബജറ്റുകളില്‍ പറഞ്ഞിരുന്നെങ്കിലും അവ നടപ്പായില്ല. ശബരി റെയില്‍പ്പാതയെക്കുറിച്ചുപോലും ഒന്നും പറയാതെ ശബരിമല-ചെങ്ങന്നൂര്‍ പാതയെക്കുറിച്ചാണ് ഇപ്പോള്‍ ബജറ്റില്‍ പറയുന്നത്. ബജറ്റിലെ പദ്ധതികള്‍ നടപ്പാക്കിക്കിട്ടാനും ഫണ്ട് കൃത്യമായി ചെലവഴിക്കുന്നതിനുമായി മോണിറ്ററിങ്സമിതി സംസ്ഥാനത്ത് രൂപീകരിക്കണം. ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഒരു ദേശീയനയമില്ലാതായിരിക്കുന്നു. വകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രിയെമാത്രം ആശ്രയിച്ചാണ് കാര്യങ്ങള്‍ നടക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ ഭൂപടം ചെന്നൈയില്‍ അവസാനിക്കുകയാണ്. അതില്‍ കേരളമില്ല. കേരളത്തിന് റെയില്‍വേ സോണ്‍ അടുത്തകാലതൊന്നും വരാത്തരീതിയിലുള്ള പാരകൂടിയാണ് ബജറ്റിലുള്ളതെന്നും വിജയകുമാര്‍ പറഞ്ഞു. സ്വകാര്യവല്‍ക്കരണത്തിലേക്കുള്ള നയവ്യതിയാനത്തിന് തുടക്കം കുറിക്കുന്നതാണ് ഇത്തവണത്തെ ബജറ്റ്. റെയില്‍വേ നഷ്ടത്തിലാണെന്ന പ്രചാരവേല നടത്തി യാത്രക്കൂലി വര്‍ധിപ്പിക്കുകയും റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികളുമാണ് ത്രിവേദിയുടെ ബജറ്റിലുള്ളത്. റെയില്‍വേപദ്ധതികള്‍ കേന്ദ്രസര്‍ക്കാരിന്റെ ചുമതലയാണ്. റെയില്‍വേ സേവനമേഖലയില്‍നിന്ന് ഒഴിവായി സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ പുതിയ പദ്ധതികള്‍ വേണമെന്ന നിര്‍ദേശം ആപത്കരമാണ്- വിജയകുമാര്‍ പറഞ്ഞു.

നിരക്കുവര്‍ധനയെ എതിര്‍ക്കുക: സിഐടിയു, ഡിവൈഎഫ്ഐ

ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റിലെ നിരക്കുവര്‍ധനയിലും സ്വകാര്യവല്‍ക്കരണ നടപടികളിലും ശക്തിയായി പ്രതിഷേധിക്കാന്‍ സിഐടിയു കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ചരക്കുകൂലി വന്‍തോതില്‍ വര്‍ധിപ്പിച്ചശേഷമാണ് യാത്രക്കൂലിയും വര്‍ധിപ്പിച്ചത്. ഇന്ധനവില വര്‍ധനയ്ക്കനുസരിച്ച് നിരക്ക് കാലാകാലങ്ങളില്‍ കൂട്ടുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. നിരക്കുവര്‍ധനയ്ക്ക് അതോറിറ്റി രൂപീകരിക്കുന്നത് വിപണിയുടെ നിയന്ത്രണത്തിന് വിട്ടുകൊടുക്കാനാണ്. സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യത്തിനു വേണ്ടി റെയില്‍വേ ഫണ്ട് ദുരുപയോഗം ചെയ്തതുകൊണ്ടാണ് മൂന്നുവര്‍ഷമായി റെയില്‍വേ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നത്. അത് പരിഹരിക്കാന്‍ നിരക്കുവര്‍ധനയും സ്വകാര്യവല്‍ക്കരണവുമാണ് ഇവര്‍ കാണുന്ന പരിഹാരം. 80000 പേര്‍ക്ക് നിയമനം നല്‍കിയെന്ന മന്ത്രിയുടെ അവകാശവാദം തെറ്റാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. നിരക്കുവര്‍ധനയില്‍ ശക്തിയായി പ്രതിഷേധിക്കാന്‍ ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി ആഹ്വാനംചെയ്തു. ഒരു ലക്ഷം പേര്‍ക്കു കൂടി നിയമനം നല്‍കുമെന്ന പ്രഖ്യാപനവും വിശ്വസനീയമല്ല. സ്വകാര്യവല്‍ക്കരണത്തിലൂടെ സുരക്ഷ, തൊഴിലവസരങ്ങള്‍ എന്നിവ നേടാന്‍ കഴിയില്ല. റെയില്‍വേയുടെ ജനവിരുദ്ധ, യുവജനവിരുദ്ധ നയങ്ങളില്‍ ശക്തിയായി പ്രതിഷേധിക്കാന്‍ ഡിവൈഎഫ്ഐ അഭ്യര്‍ഥിച്ചു.

deshabhimani 150312

1 comment:

  1. ട്രെയിന്‍ യാത്രാനിരക്ക് വര്‍ധനയിലും റെയില്‍ ബജറ്റിലെ ജനവിരുദ്ധനിര്‍ദേശങ്ങളിലും ശക്തിയായി പ്രതിഷേധിക്കാന്‍ സിപിഐ എം ആഹ്വാനംചെയ്തു. മാര്‍ച്ച് ആറിന് കല്‍ക്കരി, രാസവളം, ഭക്ഷ്യധാന്യം, ഉരുക്ക്, സിമന്റ് എന്നിവയുടെ കടത്തുകൂലി വര്‍ധിപ്പിച്ചതിനുപിന്നാലെയാണ് യാത്രാക്കൂലി കൂട്ടല്‍ .റെയില്‍വേയെ പാപ്പരാക്കിയ കഴിവുകേട് മൂടിവയ്ക്കാനാണ് ജനങ്ങള്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്നതെന്ന് പാര്‍ടി പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

    ReplyDelete