Wednesday, March 14, 2012

തീ...വണ്ടി

രൂക്ഷമായ വിലക്കയറ്റത്തില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് കടുത്ത ആഘാതമേല്‍പ്പിച്ച് ട്രെയിന്‍ യാത്രാനിരക്കും ഗണ്യമായി വര്‍ധിപ്പിച്ചു. ഇനി ഇന്ധനവിലയിലെ വര്‍ധനയനുസരിച്ച് നിരക്ക് കൂട്ടാന്‍ റെയില്‍വേ താരിഫ് റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി ദിനേശ് ത്രിവേദി അവതരിപ്പിച്ച റെയില്‍ബജറ്റില്‍ പറഞ്ഞു. എണ്ണവിലയുടെ വര്‍ധനയുടെ ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞ മാര്‍ഗം റെയില്‍വെയിലും നടപ്പാക്കാനാണ് നീക്കം.

ചരക്ക് കടത്തുകൂലി 20 ശതമാനം വര്‍ധിപ്പിച്ച് കഴിഞ്ഞ് ആറിന് റെയില്‍വെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പ്ലാറ്റ്ഫോം ടിക്കറ്റിന്റെ നിരക്ക് മൂന്നില്‍നിന്ന് അഞ്ച് രൂപയാക്കുമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. സബര്‍ബന്‍ , പാസഞ്ചര്‍ ട്രെയിനുകളില്‍ കിലോമീറ്ററിന് രണ്ട് പൈസ, മെയില്‍/എക്സ്പ്രസ് ട്രെയിനുകളില്‍ സെക്കന്‍ഡ് ക്ലാസിന് മൂന്ന് പൈസ, സ്ലീപ്പര്‍ ക്ലാസില്‍ അഞ്ച് പൈസ, എസി ചെയര്‍കാര്‍/എസി ത്രീ ടയര്‍/ഫസ്റ്റ് ക്ലാസ് എന്നിവയ്ക്ക് കിലോമീറ്ററിന് 10 പൈസ, എസി ടു ടയറിന് 15 പൈസ, എസി ഫസ്റ്റ് ക്ലാസിന് 30 പൈസ എന്നിങ്ങനെ യാത്രാനിരക്ക് കൂട്ടി. ദീര്‍ഘദൂര യാത്രക്കാര്‍ ആശ്രയിക്കുന്ന സ്ലീപ്പര്‍ , തേഡ് എസി ക്ലാസുകളില്‍ നിരക്ക് കുത്തനെ ഉയരും. എട്ടു വര്‍ഷത്തിനു ശേഷമാണ് രാജ്യത്ത് ട്രെയിന്‍ യാത്രാനിരക്ക് കൂട്ടുന്നത്. ഏപ്രില്‍ മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. ചില്ലറക്ഷാമം പരിഹരിക്കാനെന്ന പേരില്‍ യാത്രാനിരക്ക് അഞ്ചിന്റെ ഗുണിതങ്ങളായി നിശ്ചയിക്കാനും തീരുമാനിച്ചു. ഒന്ന്, ആറ് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന തുക തൊട്ടു താഴെയുള്ള അഞ്ചിന്റെ ഗുണിതമാക്കി നിശ്ചയിക്കും. 12, 13, 14 എന്നീ സംഖ്യകളിലവസാനിക്കുന്ന തുക 15 ആക്കി നിശ്ചയിക്കും.11ല്‍ അവസാനിക്കുന്ന തുക 10 ആയും 16, പതിനഞ്ചായും മാറ്റും. റെയില്‍വെയ്ക്ക് ആദായകരവും യാത്രക്കാര്‍ക്ക് വന്‍നഷ്ടം വരുത്തുന്നതുമാണ് ഈ ക്രമീകരണം. സെക്കന്‍ഡ് ക്ലാസ് സബര്‍ബന്‍ ട്രെയിനുകളില്‍ കുറഞ്ഞ നിരക്ക് അഞ്ച് രൂപയായിരിക്കും.

കുറഞ്ഞ ദൂരത്തില്‍ മാറ്റമില്ല. നോണ്‍ സബര്‍ബന്‍ സെക്കന്‍ഡ് ക്ലാസ് നിരക്കുകള്‍ അഞ്ചിന്റെ ഗുണിതങ്ങളിലായിരിക്കും. സെക്കന്‍ഡ് ക്ലാസ് മെയില്‍/എക്സ്പ്രസ് നിരക്കുകളില്‍ കുറഞ്ഞ ദൂരം 60 കിലോമീറ്ററായി നിശ്ചയിച്ചു. തിരുവനന്തപുരം-കൊല്ലം ടിക്കറ്റിന്റെ നിരക്കുതന്നെ തിരുവനന്തപുരം-വര്‍ക്കല വരെയുള്ള യാത്രയ്ക്കും നല്‍കണം. തേഡ് എസിയില്‍ കുറഞ്ഞ നിരക്കിനുള്ള കുറഞ്ഞ ദൂരം 300 കിലോമീറ്ററായി നിശ്ചയിച്ചു. തിരുവനന്തപുരത്തുനിന്ന് കോട്ടയം വരെ തേഡ് എസിയില്‍ യാത്രചെയ്യണമെങ്കില്‍ തിരുവനന്തപുരം-തൃശൂര്‍ നിരക്ക് കൊടുക്കണം. എസി ചെയര്‍കാറില്‍ ഈ ദൂരം 150 കിലോമീറ്ററാണ്. അതായത് തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള നിരക്കുതന്നെ തിരുവനന്തപുരം-കൊല്ലം യാത്രയ്ക്കും നല്‍കേണ്ടിവരും. സെക്കന്‍ഡ് എസി, ഫസ്റ്റ് എസി എന്നിവയിലും കുറഞ്ഞ ദൂരം 300 കിലോമീറ്ററാണ്. രാജധാനി, തുരന്തോ, ശതാബ്ദി, ജനശതാബ്ദി ട്രെയിനുകളിലും ആനുപാതികമായി നിരക്ക് വര്‍ധിക്കും. സബര്‍ബന്‍ സര്‍വീസുകളില്‍ 150 കിലോമീറ്റര്‍ യാത്രയ്ക്ക് അഞ്ച് രൂപയുടെ വര്‍ധനയുണ്ടാകും. എസി ഫസ്റ്റ് ക്ലാസ് യാത്രയ്ക്ക് കുറഞ്ഞ നിരക്ക് 955 രൂപയാകും. 90 രൂപയുടെ വര്‍ധനയാണിത്. സെക്കന്‍ഡ് എസിക്ക് കുറഞ്ഞ നിരക്ക് 560 രൂപയാകും. 46 രൂപയുടെ വര്‍ധനയാണിത്. തേഡ് എസിയില്‍ കുറഞ്ഞ നിരക്ക് 405 രൂപയാകും. വര്‍ധന 33 രൂപ.
(വി ജയിന്‍)

കേരളത്തിന് 0

കേന്ദ്രസര്‍ക്കാരിന്റെ ക്രൂരമായ അവഗണനയില്‍ റെയില്‍ബജറ്റില്‍ കേരളത്തിന് ലഭിച്ചത് വട്ടപ്പൂജ്യം. പ്രതിവാര എക്സ്പ്രസ് വണ്ടിയും രണ്ട് മെമു ട്രെയിന്‍ പ്രഖ്യാപനവും ഒഴിച്ചാല്‍ ദിനേശ് ത്രിവേദിയുടെ ആദ്യ ബജറ്റില്‍ കേരളത്തിന് ഒന്നുമില്ല. പാലക്കാട് കോച്ച് ഫാക്ടറി, തിരുവനന്തപുരം- കാസര്‍കോട് അതിവേഗ ഇടനാഴി പദ്ധതികളെക്കുറിച്ച് പരാമര്‍ശമുണ്ടെന്നതല്ലാതെ കാര്യമായി ഫണ്ട് നീക്കിവച്ചിട്ടില്ല. കോട്ടയത്തും നേമത്തും പുതിയ കോച്ച്് ടെര്‍മിനലുകള്‍ സ്ഥാപിക്കുമെന്ന മുന്‍ തീരുമാനം ബജറ്റില്‍ ആവര്‍ത്തിച്ചു.

കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ 11 പേജ് നിവേദനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംഘവും ഡല്‍ഹിയിലെത്തി ദിനേശ് ത്രിവേദിക്ക് കൈമാറിയിരുന്നു. ത്രിവേദി കേരളത്തില്‍ എത്തി വിപുലമായ യോഗം വിളിച്ച് സ്ഥിതിഗതി ചര്‍ച്ച ചെയ്തിട്ടും ബജറ്റില്‍ അതിന്റെ പ്രതിഫലനം ഉണ്ടായില്ല. തിരുവനന്തപുരം- കാസര്‍കോട് അതിവേഗ പാതയ്ക്ക് റെയില്‍വേ പണം മുടക്കില്ലെന്നും വ്യക്തമായി. കേരളം അവതരിപ്പിച്ച പദ്ധതിയായി ത്രിവേദി പ്രസംഗത്തില്‍ പരാമര്‍ശിച്ച പദ്ധതിക്കായി റെയില്‍വേ പണം മുടക്കില്ലെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനയ് മിത്തല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റെയില്‍വേ സാങ്കേതികസഹായം നല്‍കിയാല്‍ മതിയെന്നും പണം മുടക്കുന്നത് കേരളമാണെന്നും ചെയര്‍മാന്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളും കേരളത്തിന്റെ മാതൃക പിന്തുടര്‍ന്ന് സ്വന്തം നിലയില്‍ പണം മുടക്കി പദ്ധതി നടപ്പാക്കണമെന്ന് ഉപദേശിക്കാനും ചെയര്‍മാന്‍ മുതിര്‍ന്നു. പാലക്കാട് കോച്ച് ഫാക്ടറിക്ക് 34 കോടി രൂപ ബജറ്റില്‍ നീക്കിവച്ചെങ്കിലും ഇതില്‍ 33 കോടി രൂപ സ്ഥലമെടുക്കുന്നതിനുവേണ്ടിയാണ്. പദ്ധതിക്കായി അവശേഷിക്കുന്നത് ഒരു കോടിമാത്രം. ചേര്‍ത്തലയിലെ വാഗണ്‍ഫാക്ടറിയുടെ സ്ഥിതിയും സമാനം. ബജറ്റില്‍ അനുവദിച്ചത് ഒരു കോടി രൂപമാത്രം. 28 പുതിയ ട്രെയിന്‍ അനുവദിക്കണമെന്നായിരുന്നു ഉമ്മന്‍ചാണ്ടി റെയില്‍മന്ത്രിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ , യശ്വന്ത്പുര്‍ - കൊച്ചുവേളി എക്സ്പ്രസ് മാത്രമാണ് കേരളത്തിനുള്ളത്. ഇതാകട്ടെ ഉമ്മന്‍ചാണ്ടിയുടെ നിവേദനത്തില്‍ ഉണ്ടായിരുന്നില്ല.

ഡല്‍ഹി- തിരുവനന്തപുരം എക്സ്പ്രസ് ട്രെയിന്‍ , കൊല്ലം- അജ്മീര്‍ എക്സ്പ്രസ്, കൊങ്കണ്‍വഴി തിരുവനന്തപുരം- മുംബൈ പ്രതിദിന വണ്ടി, പാലക്കാട്- എറണാകുളം മെമു, പാലക്കാട്- മംഗലാപുരം മെമു, കൊല്ലം-നാഗര്‍കോവില്‍ തുടങ്ങിയവയായിരുന്നു കേരളത്തിന്റെ പ്രധാന ആവശ്യം. ബജറ്റില്‍ ആകെ 39 ട്രെയിന്‍ സര്‍വീസ് നീട്ടിയപ്പോള്‍ കേരളത്തിന് ലഭിച്ചത് രണ്ടെണ്ണംമാത്രം. 13 ട്രെയിനിന്റെ സര്‍വീസ് നീട്ടണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. ഒമ്പതു ട്രെയിനിന്റെ സര്‍വീസുകളുടെ എണ്ണം കൂട്ടണമെന്ന് കേരളം ആവശ്യപ്പെട്ടപ്പോള്‍ ബംഗ്ലൂര്‍ - കൊച്ചുവേളി എക്സ്പ്രസ് പ്രതിദിനം ആക്കുകമാത്രമാണുണ്ടായത്. ചെന്നൈ-ബംഗളൂരു-കോയമ്പത്തൂര്‍ - എറണാകുളം-തിരുവനന്തപുരം അതിവേഗ റെയില്‍ഇടനാഴി എന്ന ആവശ്യവും അവഗണിച്ചു. കേരളത്തിന്റെ അവഗണിക്കപ്പെട്ട മറ്റ് പ്രധാന ആവശ്യങ്ങള്‍ : തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ സ്റ്റേഷനുകള്‍ ലോകോത്തരമാക്കുക. കണ്ണൂരും കോഴിക്കോട്ടും കോച്ചിങ് ഡിപ്പോ, ചെങ്ങന്നൂരില്‍ ചെറിയനാട്ടിനടുത്ത് സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രി, തിരുവനന്തപുരത്ത് കുടിവെള്ള ബോട്ടിലിങ് പ്ലാന്റ്. പഴയ എറണാകുളം ടെര്‍മിനസ് സ്റ്റേഷന്‍ സബര്‍ബന്‍ ട്രെയിന്‍ ഹബ്ബാക്കി വികസിപ്പിക്കുക. കേരളത്തിലെയും തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും ഡിവിഷനുകള്‍ യോജിപ്പിച്ച് പ്രത്യേക പെനിന്‍സുലര്‍ സോണ്‍ . സ്റ്റേഷനുകളില്‍ വൈഫൈ സംവിധാനം. തിരുവനന്തപുരം സെന്‍ട്രല്‍സ്റ്റേഷന്‍ വികസനത്തിന് സാധ്യതാപഠനം.
(എം പ്രശാന്ത്)

ത്രിവേദിയെ മാറ്റാന്‍ മമതയുടെ ഫാക്സ് (നാടകം)

കൊല്‍ക്കത്ത/ന്യൂഡല്‍ഹി: റെയില്‍ ബജറ്റിനെതിരായ ജനവികാരം ശക്തമായതോടെ, മന്ത്രി സ്ഥാനത്തുനിന്ന് ദിനേശ് ത്രിവേദിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജി ബുധനാഴ്ച രാത്രി പ്രധാനമന്തി മന്‍മോഹന്‍സിങിന് ഫാക്സ് സന്ദേശം അയച്ചു. ത്രിവേദിക്ക് പകരം തൃണമൂല്‍ എംപി മുകുല്‍ റോയിയെ റെയില്‍മന്ത്രിയാക്കണമെന്നാണ് മമതയുടെ ആവശ്യം. ഇത് യുപിഎ സര്‍ക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കയാണ്.

സ്വന്തം പാര്‍ടിയുടെ മന്ത്രി ദിനേശ് ത്രിവേദി അവതരിപ്പിച്ച റെയില്‍വേ ബജറ്റിനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നാണ് മമതയുടെ വാദം. നിരക്ക് വര്‍ധിപ്പിക്കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നങ്കിലും മന്ത്രി അത് പാലിച്ചില്ലെന്ന് മമത ആരോപിച്ചു. ത്രിവേദി അവതരിപ്പിച്ച ബജറ്റ് ജനവിരുദ്ധമാണന്ന് മമതയും മറ്റു നേതാക്കളും പറഞ്ഞു. ബുധനാഴ്ച രാവിലെയും മന്ത്രിയുമായി സംസാരിച്ചു. അപ്പോഴും അദ്ദേഹം ഒരു സൂചനയും നല്‍കിയില്ല. ത്രിവേദിയുടെ തീരുമാനം പാര്‍ടിയുടെ തീരുമാനമല്ല. നിരക്ക് വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്നും മമത ആവശ്യപ്പെട്ടു. നന്ദിഗ്രാമില്‍ പൊതുയോഗത്തിലും മമത ത്രിവേദിയെയും ബജറ്റിനെയും രൂക്ഷമായി വിമര്‍ശിച്ചു. റെയില്‍മന്ത്രി മറ്റുള്ളവരെ തൃപ്തിപെടുത്താനാണ് പ്രവര്‍ത്തിക്കുന്നത്. നിരക്ക് കൂട്ടിയതിനെതിരെ പ്രക്ഷോഭം നടത്തും. പാര്‍ടിയെ ധിക്കരിച്ച് ആരും ഭരിക്കാനും ആളാകാനും നോക്കണ്ടെന്നും മമത പറഞ്ഞു. എന്നാല്‍ പ്രതിച്ഛായ നഷ്ടമായ മമതയുടെ രാഷ്ട്രീയ നാടകമായാണ് പുതിയ സംഭവവികാസങ്ങളെ രാഷ്ട്രീയവൃത്തങ്ങള്‍ കാണുന്നത്.

deshabhimani 150312

1 comment:

  1. രൂക്ഷമായ വിലക്കയറ്റത്തില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് കടുത്ത ആഘാതമേല്‍പ്പിച്ച് ട്രെയിന്‍ യാത്രാനിരക്കും ഗണ്യമായി വര്‍ധിപ്പിച്ചു. ഇനി ഇന്ധനവിലയിലെ വര്‍ധനയനുസരിച്ച് നിരക്ക് കൂട്ടാന്‍ റെയില്‍വേ താരിഫ് റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി ദിനേശ് ത്രിവേദി അവതരിപ്പിച്ച റെയില്‍ബജറ്റില്‍ പറഞ്ഞു. എണ്ണവിലയുടെ വര്‍ധനയുടെ ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞ മാര്‍ഗം റെയില്‍വെയിലും നടപ്പാക്കാനാണ് നീക്കം.

    ReplyDelete