ധനമന്ത്രി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക വളര്‍ച്ചാ നിരക്ക് വരുന്ന രണ്ട് വര്‍ഷങ്ങളില്‍ 7-8 ശതമാനത്തില്‍ എത്തിക്കുകയെന്നതുതന്നെയാണ്. അതേസമയം ഉദാരവല്‍ക്കരണ നയം പിന്തുടര്ന്നതിനുശേഷം നാണയപ്പെരുപ്പം അത്യന്തം രൂക്ഷമായിരിക്കുന്ന സന്ദര്‍ഭമാണിത്. ജനപ്രീതി ലക്ഷ്യമിട്ട് വളരെയേറെ ആനുകൂല്യങ്ങളും ധനമന്ത്രിക്ക് പ്രഖ്യാപിക്കേണ്ടതായിവരും. ഈ രണ്ട് കാര്യങ്ങളും കൂടി സമന്വയിപ്പിക്കുന്ന ഒരു രാഷ്ട്രീയ അഭ്യാസമായിരിക്കും കേന്ദ്രബജറ്റ്.
പദ്ധതിയിതര ചിലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിനു തന്നെയായിരിക്കും പ്രാധാന്യം നല്‍കുക. (സബ്സിഡികള്‍ കുറയ്ക്കുന്നതിനുപുറമെ, സൈനിക ചിലവുകളിലും കുറവ് വരുത്തിയേക്കും).
അതേസമയം ഗവണ്മെന്റിന്റെ പ്രധാനപ്പെട്ട പരിപാടികള്‍ക്കായുള്ള തുകയില്‍ നാമമാത്രമായ വര്‍ധനവും വരുത്തിയേക്കും. ഭക്ഷ്യസുരക്ഷ, സാര്‍വത്രിക ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, പ്രത്യേകമായ കഴിവുകളുടെ വികസനം എന്നിവയെല്ലാം ഇതില്‍പ്പെടും. തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കുന്നതിനുള്ള ചില പദ്ധതികളും പ്രഖ്യാപിച്ചേക്കും.
റവന്യൂ വരുമാനം വര്‍ധിപ്പിക്കുന്നതിലായിരിക്കും ധനമന്ത്രിയുടെ ശ്രദ്ധ. അധിക വിഭവ സമാഹരണത്തോടൊപ്പം തന്നെ ചിലവുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.
സമ്പദ്ഘടനയില്‍ ഇന്നാവശ്യമായിട്ടുള്ളത് മെച്ചപ്പെട്ട ധനനയമാണ്. സുസ്ഥിരമായ വളര്‍ച്ചയ്ക്കായി ഘടനാപരമായ മേഖലകളില്‍ കൂടുതല്‍ പൊതുനിക്ഷേപം ആവശ്യമായിരിക്കും. ധനസ്ഥിതി സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത് തീരുമാനിക്കുക.
ബജറ്റിനുമുന്നോടിയായി ബാങ്കുകളുടെ ധനകരുതല് അനുപാതം റിസര്‍വ് ബാങ്ക് ഗണ്യമായി വെട്ടിച്ചുരുക്കി. ആറ് ശതമാനത്തില്‍ നിന്നും 4.75 ശതമാനമായിട്ടാണ് താഴ്ത്തിയിട്ടുള്ളത്. ജനുവരി 28 നും മാര്‍ച്ച് 10 നും ഇടയില്‍ രണ്ട് ഘട്ടങ്ങളായാണ് ഇത് നടപ്പാക്കിയത്. അതിലൂടെ 80,000 കോടിരൂപയാണ് ധനകമ്പോളത്തിലേക്കെത്തിയത്. ഇങ്ങനെയുള്ള പണം ഉല്പ്പാദനമേഖലയിലേയ്ക്ക് സുഗമമായി ഒഴുകിയെത്താന്‍ അനുവദിക്കുമെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. എന്നാല്‍ ബാങ്കിംഗ് മേഖലയില്‍ ചില പ്രശ്നങ്ങള്‍ അവശേഷിക്കുന്നു. ഏപ്രില്‍ അവസാനത്തോടുകൂടി 2012-13 ലേക്കുള്ള ധനനയം റിസര്‍വ് ബാങ്ക് പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.
എല്ലാ വിഭാഗക്കാരെയും പ്രീതിപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍പ്പോലും നിലവിലുള്ള അസംതൃപ്തികള്‍ രൂക്ഷമാകാതിരിക്കുന്നതിനാകും രാഷ്ട്രീയമായി കോണ്‍ഗ്രസ് (ഐ) കൂടുതല്‍ ശ്രദ്ധിക്കുക. കോണ്‍ഗ്രസ് (ഐ) ഇതര സംസ്ഥാനങ്ങള്‍ സംഘടിതമായ രൂപത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ നീങ്ങുന്ന പശ്ചാത്തലത്തില്‍ അത്തരം നയങ്ങള്‍ മുറുകെപ്പിടിച്ച് ഭിന്നതകള്‍ രൂക്ഷമാകാതിരിക്കാന്‍ രണ്ടാം യു പി എ സര്‍ക്കാര്‍ തയ്യാറായേക്കുമെന്നാണ് സൂചന.
രാഷ്ട്രീയമായി രണ്ട് കാര്യങ്ങളിലൂന്നിയുള്ളതായിരിക്കും കേന്ദ്ര ബജറ്റ്. സമ്പദ്ഘടനയെ കരുത്തുറ്റതാക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കുന്നത് തന്നെയാണ് ഒന്നാമത്തെ കാര്യം. ചില നയങ്ങള്‍ ഉപേക്ഷിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്തുകൊണ്ട് പ്രാദേശിക പാര്‍ട്ടികളുമായി ഭാവിയില്‍ സഖ്യത്തിനുള്ള ഒരു പാലം തീര്‍ക്കുകയെന്നതാണ് രണ്ടാമത്തെ കാര്യം. സബ്സിഡികളുടെ നിയന്ത്രണം ലോക് പാല് നിയമനിര്‍മാണം, ഭൂമി - ഖനനം എന്നിവയെ സംബന്ധിച്ച നിയമം, പെന്ഷന്, ഇന്‍ഷ്വറന്‍സ് ബില്ലുകള്‍ എന്നിവയെല്ലാം ഇതില്‍പ്പെടുന്നു.
രാജ്യത്തിന്റെ കമ്മി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വ്യാപാരക്കമ്മി സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 11 മാസങ്ങളില്‍ത്തന്നെ 16600 കോടി ഡോളറെത്തി. അവസാനമാസത്തില്‍ 18000 കോടി ഡോളറായി അത് ഉയര്‍ന്നേക്കും. ഗണ്യമായി മൂലധനനിക്ഷേപം ഉണ്ടാകേണ്ടതിനൊപ്പം തന്നെ നിലവിലെ വിടവ് നികത്തുകയും വേണം. അതിനാല്‍ നിക്ഷേപങ്ങളെ നേരിടുന്നതും അല്ലാത്തതും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം. അമേരിക്കയില്‍ സാമ്പത്തിക സ്ഥിതി അല്പ്പാല്പമായി കരകയറാന്‍ തുടങ്ങുന്നുവെന്നതില് തന്നെയാകും മുഴുവന്‍ പ്രതീക്ഷയും.
റവന്യൂ കമ്മി കുറച്ചുകൊണ്ടുവരുന്നതിന് പുതിയ വിഭവങ്ങള്‍ സമാഹരിക്കേണ്ടതുണ്ട്. ഈ ശ്രമത്തിനിടയിലും വ്യക്തികള്‍ക്കുളള ആദായനികുതിയുടെ പരിധി മൂന്നു ലക്ഷമാക്കി ഉയര്‍ത്തിയേക്കും. മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുളള പ്രത്യക്ഷ നികുതി സംബന്ധിച്ച കമ്മിറ്റി ഇത്തരത്തില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ആദായനികുതി 30 ശതമാനത്തില്‍ ഒതുക്കി നിര്‍ത്തിയേക്കാനാണ് സാധ്യത.
പരോക്ഷ നികുതിയുടെ കാര്യത്തില്‍ സേവന നികുതി എല്ലാ തുറകളിലേക്കും വ്യാപിപ്പിച്ചേക്കും. ചില സേവന തുറകളെ ഒഴിവാക്കണമെന്ന് സംസ്ഥാന ഗവണ്മെന്റുകള് ആവശ്യപ്പെട്ടിട്ടുള്ള പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ ഒരു നെഗറ്റീവ് ലിസ്റ്റും പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. എക്സൈസ് തീരുവ ഉയര്‍ത്തുമെന്നാണ് കരുതുന്നത്. നിലവില്‍ 10 ശതമാനമെന്നത് 12 ശതമാനമാക്കി ഉയര്‍ത്തും. പരോക്ഷ നികുതികള്‍ സംബന്ധിച്ച് ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ധനമന്ത്രിയുടെ മുന്നിലുണ്ടെങ്കിലും ഭക്ഷ്യവിലക്കയറ്റം ഉണ്ടാകാതെ നോക്കേണ്ട ബാധ്യതയും അദ്ദേഹത്തിനുണ്ട്.
സുസ്ഥിരമായ നിക്ഷേപ വളര്‍ച്ചയ്ക്ക് നാണയപ്പെരുപ്പം നിയന്ത്രിക്കുകയും താഴ്ത്തിക്കൊണ്ടുവരികയും ചെയ്യേണ്ടതിന്റെ ആവശ്യകത ഐ എം എഫും ലോക ബാങ്കും ഇന്ത്യയെ ധരിപ്പിച്ചിട്ടുണ്ട്. ഉയര്‍ന്ന തോതിലുള്ളതും സ്ഫോടനാത്മകവുമായ നാണയപ്പെരുപ്പമാണ് കോര്‍പ്പറേറ്റ് നിക്ഷേപങ്ങള്‍ കുറയുന്നതിലേയ്ക്ക് നയിച്ചതെന്നാണ് ഐ എം എഫ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ഘടനാപരമായ വന്പരിഷ്ക്കാരങ്ങള്ക്ക് ലോകബാങ്കും ഐ എം എഫും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ അവ നടപ്പാക്കുന്നത് രാഷ്ട്രീയമായ വന്‍ പ്രത്യാഘാതങ്ങള്ക്കിടയാക്കാമെന്ന് കോണ്‍ഗ്രസ് (ഐ) നേതൃത്വം ഭയക്കുന്നു. നാണയപ്പെരുപ്പം 5 മുതല്‍ 6 ശതമാനത്തില്‍ ഒതുക്കി നിര്‍ത്താമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. എന്നാല്‍ അത് പ്രയാസകരമായിരിക്കും. മാര്‍ച്ച് 14 ന് അവതരിപ്പിക്കുന്ന റയില്‍ ബജറ്റിനു മുമ്പു തന്നെ ചരക്ക് കടത്തുകൂലി വര്‍ധിപ്പിച്ചു. ഇത് രാസവളങ്ങള്‍, സിമന്റ്, കല്‍ക്കരി, ഉരുക്ക് എന്നിവയുടെ വിലയില്‍ ഭീമമായ വര്‍ധനവുണ്ടാക്കും. പല സംസ്ഥാനങ്ങളും വൈദ്യുതി നിരക്കില്‍ വന്‍വര്‍ധനയ്ക്ക് ഒരുങ്ങുന്നതിനിടയിലാണ് റയില്‍വേ ചരക്കുകൂലിയിലെ വര്‍ധനവുണ്ടായത്.
ചുരുക്കത്തില്‍ യു പി എയുടെ നിലനില്‍പ്പ് ലക്ഷ്യമാക്കിയുള്ള ഒരു രാഷ്ട്രീയ അഭ്യാസ പ്രകടനം മാത്രമാകും കേന്ദ്രബജറ്റ്.
janayugom 140312
മാര്‍ച്ച് 16 ന് പാര്‍ലമെന്റില്‍ 2012-13 സാമ്പത്തിക വര്‍ഷത്തിലേയ്ക്കുള്ള ബജറ്റ് ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിക്കുകയാണ്. കേന്ദ്രഭരണകക്ഷിയായ യു പി എയുടെ ഭാവിതന്നെ വലിയൊരളവില്‍ ഈ ബജറ്റിനെ ആശ്രയിച്ചാണിരിക്കുന്നത്. സമ്പദ്ഘടന അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയില്‍ നിന്നു കരകയറുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടുന്നതിനുപുറമെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ രണ്ട് വര്‍ഷം മാത്രം അകലെ നില്ക്കുന്ന ലോകസഭ പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്നതിനുകൂടി ഗവണ്മെന്റിനെയും യു പി എയും സജ്ജമാക്കുകയും കൂടി ചെയ്യണം.
ReplyDelete