Thursday, March 15, 2012

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ; മാഫിയകള്‍ യുഡിഎഫിന്റെ കീശയില്‍

പിറവം ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഉദ്ദിഷ്ടകാര്യപ്രാപ്തിക്ക് ഉപകാരസ്മരണയുമായി മണ്ഡലത്തില്‍ തമ്പടിച്ചിട്ടുള്ള മദ്യമുതലാളിമാരും മണ്ണ് -മണല്‍മാഫിയയും തിരക്കിട്ട അവസാനവട്ട ആലോചനകളിലാണ്. സംസ്ഥാന മന്ത്രിമാര്‍ ആലുവ പാലസില്‍ വിശ്രമിച്ചിട്ടാണ് പിറവത്തേക്ക് പറക്കുക എന്നറിയാവുന്നതിനാല്‍ ഏത് കല്പനയും ശിരസ്സാവഹിക്കാന്‍ തയ്യാറായി അവിടെയും ചുറ്റിത്തിരിയുന്നുണ്ട് അവരില്‍ പലരും.

കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കഴുത്ത് ഞെരിക്കാന്‍ രൂപം കൊണ്ട അവസരവാദ കൂട്ടുക്കെട്ടിന്റെ പുനരവതാരത്തെ പിറവത്തെ ജനങ്ങള്‍ ഇതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞു.ആ സഖ്യത്തിന്റെ വിചിത്ര സന്തതിയായി ഒരു വിമോചന സമരം ജനിച്ചുവെങ്കില്‍, പിറവത്ത് ഭൂജാതനാവുക ചാപ്പിള്ളയാവും എന്നുറപ്പിച്ച് കഴിഞ്ഞു വോട്ടര്‍മാര്‍. അന്നത്തെപ്പോലെ ജാതിമത വര്‍ഗ്ഗീയ സംഘടനകള്‍ ഒപ്പമുണ്ട്.

ഉപരിതലം ശാന്തം എന്ന് തോന്നുമെങ്കിലും സംഘര്‍ഷഭരിതമാണ് യുഡിഎഫിലെ അന്തരീക്ഷം. മുന്നണി നേരിയ ഭൂരിപക്ഷത്തില്‍ തന്നെ ഭരണത്തില്‍ തുടരണമെന്നതാണ് വിലപേശല്‍ ആഗ്രഹിക്കുന്ന ചെറുകക്ഷികളുടെ ഉള്ളിലിരുപ്പ്. പിറവത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പതനം അവരാഗ്രഹിക്കുക സ്വാഭാവികം. ഈ കുട്ടിപ്പാര്‍ട്ടികള്‍ക്ക് നെയ്യാറ്റിന്‍കരയിലെ കുതിരക്കച്ചവടം ഒട്ടും രസിച്ചിട്ടുമില്ല.

പിറവത്ത് തോറ്റുകിട്ടിയിട്ടു വേണം മുസ്ലീംലീഗിന് അവരുടെ അഞ്ചാം മന്ത്രിക്ക് വേണ്ടി കടുംപിടുത്തത്തിനിറങ്ങാന്‍. യുഡിഎഫിന് നിയമസഭയില്‍ അംഗബലം കൂടുന്നതിനെ ആശങ്കയോടെ കാണുന്നവരില്‍ ലീഗുമുണ്ട്. ഭീഷണിപ്പെടുത്തി കാര്യം നേടുന്നതിനുള്ള ലീഗിന്റെ തന്ത്രങ്ങള്‍ക്ക് അംഗബലം കൂടുന്നത് തടസ്സമാകും. എത്ര കാലമെന്ന് വച്ചാണ് മഞ്ഞളാംകുഴിയെ സമാധാനിപ്പിച്ച് കൂടെ നിര്‍ത്തുക. മുന്നണിയിലെ ഘടകകക്ഷി എന്നൊക്കെ കനത്തില്‍ എല്ലാവരും പറയുന്നുണ്ടെങ്കിലും ഒരു എംഎല്‍എ പോലും ഇല്ലാത്തതിനാല്‍ വാക്കുകള്‍ക്ക് വിലയില്ലാത്തവരാണ് സിഎംപിയും ജെ എസ് എസും. ഭരണം എത്രയും വേഗം നഷ്ടപ്പെട്ട് സംസ്ഥാനത്ത് ഒരു ഉപതിരഞ്ഞെടുപ്പ് വന്നുഭവിക്കാന്‍ ആറ്റുനോറ്റ് കാത്തിരിക്കുന്നവരാണവര്‍. അഞ്ചുകൊല്ലം വരെ കാത്തിരിക്കുക എന്നത് അസഹനീയം തന്നെ. മാതൃസംഘടനയില്‍ നിന്ന് പി ജെ ജോസഫും ടി എം ജേക്കബും പുറത്തുചാടിയത് മുമ്പും പിമ്പുമായാണ്. രണ്ടുപേരും ചേര്‍ന്നൊരു പാര്‍ട്ടിയുണ്ടാക്കിയെങ്കിലും ഇടക്കാലത്ത് ജോസഫിനെ തള്ളിപ്പറഞ്ഞ് ജേക്കബ് പുറത്തുപോയി. ജോസഫിന് ആ ചൊരുക്ക് ഇന്നും തീര്‍ന്നിട്ടില്ല.

ശെല്‍വരാജിന്റെ രാജി യുഡിഎഫിന്റെ കരുത്ത് വര്‍ദ്ധിപ്പിച്ചു എന്ന  കൊട്ടിയാഘോഷിക്കലും ആഹ്ലാദവും കുത്തക പത്രങ്ങള്‍ക്കേയൂള്ളൂ. പിറവത്തെ വോട്ടര്‍മാര്‍ക്കില്ല.
ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് മത്സ്യത്തൊഴിലാളികളുടെ നേരെ വെടിയുതിര്‍ത്ത സംഭവം ഗൗരവത്തോടെ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ഉപേക്ഷകാണിച്ചതിനു പിന്നില്‍ രഹസ്യ ഇടപാടുകള്‍ നടന്നിട്ടിട്ടുണ്ടെന്ന ചിന്തയും പിറവത്തെ വോട്ടര്‍മാര്‍ക്കിടയില്‍ പ്രബലമാണ്.

പിറവത്ത് എല്ലാ പഴുതുകളും അടച്ചുകൊണ്ടുള്ള ചിട്ടയായ പ്രവര്‍ത്തനമാണ് തുടക്കം മുതല്‍ എല്‍ഡിഎഫ് ആസൂത്രണം ചെയ്തത്. ഇടതുമുന്നണിയിലെ ഘടകകക്ഷികളുടെ നേതാക്കളും പ്രവര്‍ത്തകരും വര്‍ഗ്ഗ ബഹുജന സംഘടനകളുടെ പ്രവര്‍ത്തകരും ഒക്കെ സജീവമായി പ്രവര്‍ത്തനരംഗത്ത് ഉണ്ടായിരുന്നു. ഇങ്ങനെ ഒരു ശൈലി പിറവത്തിന് പുതിയ ഒരു അനുഭവമാണെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി ഇ എ കുമാരന്‍ വിലയിരുത്തി.

വിപണിയില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടാത്തതു മൂലം ഇഞ്ചിയും ചുക്കും മഞ്ഞളും കപ്പയും വീട്ടുമുറ്റങ്ങളില്‍ കൂമ്പാരമായി കൂടിക്കിടക്കുന്നത് ആരുടെയും മനസ്സ് വിഷമിപ്പിക്കുന്ന കാഴ്ചയാണ്. തീര്‍ത്തും നിരാശരാണ് പിറവത്തെ കര്‍ഷകര്‍. ഇത്തരം ഘട്ടങ്ങളില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ഫലപ്രദമായി നടപടികള്‍ സ്വീകരിച്ചിരുന്നത് അവര്‍ ഓര്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇടതുമുന്നണിയില്‍ അവര്‍ക്ക് പ്രതീക്ഷയുണ്ട്.

കഴിഞ്ഞ പ്രാവശ്യം നിസാരവോട്ടുകള്‍ക്ക് എം ജെ ജേക്കബ് തോറ്റുപോയതില്‍ ദുഃഖിക്കുന്നവരാണ് വോട്ടര്‍മാരില്‍ ഭൂരിഭാഗവും. ആ കൈപ്പിഴ ഇത്തവണ തിരുത്താനുള്ള തീരുമാനത്തിലാണവര്‍. ദിവസങ്ങളായി നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ മുന്‍മന്ത്രിയും സിപിഐ നേതാവുമായ കെ പി രാജേന്ദ്രന്‍ അവസാന വിലയിരുത്തലായി 'ജനയുഗ'ത്തോട് പറഞ്ഞു.

janayugom 150312

1 comment:

  1. പിറവം ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഉദ്ദിഷ്ടകാര്യപ്രാപ്തിക്ക് ഉപകാരസ്മരണയുമായി മണ്ഡലത്തില്‍ തമ്പടിച്ചിട്ടുള്ള മദ്യമുതലാളിമാരും മണ്ണ് -മണല്‍മാഫിയയും തിരക്കിട്ട അവസാനവട്ട ആലോചനകളിലാണ്. സംസ്ഥാന മന്ത്രിമാര്‍ ആലുവ പാലസില്‍ വിശ്രമിച്ചിട്ടാണ് പിറവത്തേക്ക് പറക്കുക എന്നറിയാവുന്നതിനാല്‍ ഏത് കല്പനയും ശിരസ്സാവഹിക്കാന്‍ തയ്യാറായി അവിടെയും ചുറ്റിത്തിരിയുന്നുണ്ട് അവരില്‍ പലരും

    ReplyDelete