Thursday, March 15, 2012

മൂക്കുകയറില്ലാതെ ഭൂമാഫിയ; വയലുകള്‍ക്ക് ചരമഗീതം

മലപ്പുറം ജില്ലയില്‍ വയല്‍നികത്തല്‍ വ്യാപകം. ഏക്കര്‍കണക്കിന് പാടമാണ് ആറുമാസത്തിനുള്ളില്‍ ഭൂമാഫിയ മണ്ണിട്ട് തൂര്‍ത്തത്. ഭരണത്തിന്റെ മറവില്‍ പൊലീസ്þറവന്യൂ വകുപ്പുകളുടെ ഒത്താശയോടെയാണ് ഈ "മാഫിയാരാജ്". മണ്ണുമായി ചീറിപ്പായുന്ന ടിപ്പറുകള്‍ നിത്യകാഴ്ച. ശക്തമായ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താനും നിരവധി തവണ ശ്രമങ്ങളുണ്ടായി. പക്ഷേ ഇത്തരം സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തതല്ലാതെ ഒരാളെപ്പോലും അറസ്റ്റ്ചെയ്തിട്ടില്ല. ജില്ലയില്‍ ഇപ്പോള്‍ പതിനഞ്ച് ഹെക്ടറില്‍ താഴെയേ വയലുള്ളൂ. മലപ്പുറത്ത് കലക്ടറേറ്റില്‍ നിന്ന് വിളിപ്പാടകലെ മേല്‍മുറിയിലും കോട്ടപ്പടിയിലും ചെറാട്ടുകുഴി പനച്ചിക്കല്‍ ചിറക്ക് സമീപത്തും നിയമം കാറ്റില്‍ പറത്തി വ്യാപകമായി വയല്‍ നികത്തുകയാണ്. ദേശീയപാതയോരത്തെ വയല്‍നികത്തല്‍ കണ്ടിട്ടും നടപടിയെടുക്കാതെ റവന്യൂ അധികൃതര്‍ കണ്ണടക്കുകയാണ്. മാഫിയകളുടെ അക്രമം ഭയന്ന് നേരിട്ട് പരാതി നല്‍കാന്‍ നാട്ടുകാരും മടിക്കുന്നു.

കോട്ടക്കലില്‍ പുത്തൂര്‍ ചിനക്കല്‍ ബൈപാസിനോട് ചേര്‍ന്നാണ് മാഫിയകള്‍ "സജീവം". വന്‍കിട കച്ചവടക്കാരും ഭൂവുടമകളും വരാന്‍പോകുന്ന വികസനം മുന്നില്‍ക്കണ്ടാണ് സമീപത്തെ വയലുകള്‍ ചുളുവിലയ്ക്ക് വാങ്ങി മണ്ണിട്ട് നികത്തുന്നത്. എടവണ്ണ പഞ്ചായത്തിലെ പത്തപ്പിരിയം, പന്നിപ്പാറ, ഐന്തൂര്‍ , കുണ്ടുതോട്, ഒതായി ഭാഗങ്ങളിലും നേരം പുലരുമ്പോഴേക്കും പാടങ്ങള്‍ പറമ്പായി മാറിയ കാഴ്ച കാണാം. ഇരിമ്പിളിയം കോട്ടപ്പുറം പാടശേഖരം പ്ലോട്ടുകളായി തരംതിരിച്ചാണ് നികത്തുന്നത്. ഇതിനെതിരെ കെസ്കെടിയു നേതൃത്വത്തില്‍ ശക്തമായ സമരം നടത്തുകയും കൈയേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. വയല്‍നികത്തലിന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കൈയേറ്റക്കാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയെങ്കിലും തള്ളി. കൊട്ടാരം, എടയൂര്‍ , തിണ്ടലം, പൂക്കാട്ടിരി പാടശേഖരങ്ങള്‍ , വളവന്നൂരിലെ അല്ലൂര്‍ , മാറാക്കരയിലെ മൂര്‍ക്കനാട്, കീഴ്മുറി പാടശേഖരങ്ങള്‍ , കല്‍പ്പകഞ്ചേരിയിലെ മണ്ടായപ്പുറംപടി പാടശേഖരം തുടങ്ങി ഏക്കര്‍ കണക്കിന് വയലാണ് ഭൂമാഫിയയുടെ നേതൃത്വത്തില്‍ മണ്ണിട്ട് നികത്തിക്കൊണ്ടിരിക്കുന്നത്. എടപ്പാളും പരിസരപ്രദേശവും ശവപ്പറമ്പിന് സമാനമാണിപ്പോള്‍ . നന്നംമുക്ക്, കാലടി, വട്ടംകുളം, ആലങ്കോട്, മാറഞ്ചേരി, വെളിയങ്കോട് എന്നിവിടങ്ങളില്‍ പാടം പാടെ മാഞ്ഞു.

വയല്‍ നികത്താനായി ഇടനിലക്കാരെ ഏര്‍പ്പെടാക്കി മണ്ണ് മാഫിയക്ക് കൊടുക്കുന്ന സംഘം ശക്തമാണ്. ഇവര്‍ പൊലീസിന്റെ സ്വന്തക്കാരാണെന്ന ആക്ഷേപവുമുണ്ട്. ഏജന്റുമാര്‍ നേരിട്ട് പൊലീസ്സ്റ്റേഷനില്‍ എത്താതെ മൊബൈല്‍ഫോണിലൂടെ വിവിധ സ്ഥലങ്ങളില്‍ ഇടപാട് നടത്താറാണ് പതിവ്. എസ്ഐ പരിശോധനക്ക് ഇറങ്ങുമ്പോള്‍ ആ വിവരം ഏജന്റുമാരെ അറിയിക്കുന്ന പൊലീസുകാരുമുണ്ട്. പെരിന്തല്‍മണ്ണയില്‍ ഭൂമാഫിയാ നേതൃത്വത്തില്‍ നടക്കുന്ന ഭൂമിനികത്തല്‍ തടയാന്‍ ശ്രമിക്കുന്ന റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തല്‍ പതിവാണ്. മങ്കട, കടന്നമണ്ണ, കൂട്ടിലങ്ങാടി, തിരൂര്‍ക്കാട്, വലമ്പൂര്‍ , അങ്ങാടിപ്പുറം, വൈലോങ്ങര, കട്ടുപ്പാറ, പുലാമന്തോള്‍ , താഴെക്കോട്, പെരിന്തല്‍മണ്ണ, പാതായ്ക്കര, ആനമങ്ങാട് എന്നിവിടങ്ങളില്‍ വയല്‍ ഓര്‍മമാത്രം. തിരൂരങ്ങാടിയിലെ വെഞ്ചാലിപ്പാടം, കരിമ്പിലെ ഏലംകൃഷിപ്പാടം, പതിനാറുങ്ങലെ കണ്ണാടിത്തടം, കക്കാട് കുന്നുമ്മല്‍പ്പാടം, പൂക്കുളങ്ങര മാലിലക്കല്‍പ്പാടം എന്നിവിടങ്ങളിലായി ഏക്കര്‍ കണക്കിന് വയലാണ് നികത്തിയത്. അരിയല്ലൂരിലെ മുദിയം കായല്‍ നികത്താനുള്ള നീക്കം ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടുകാര്‍ തടഞ്ഞത്.

പരപ്പനങ്ങാടിയിലെ പുത്തരിക്കലും ഉള്ളണത്തും നികത്തല്‍ വ്യാപകമാണ്. കൊണ്ടോട്ടിയിലെ കുന്നുകള്‍ ഇടിച്ച് നിരത്തിയാണ് മണ്ണുകടത്ത്. ഭൂമാഫിയകളാണ് വയല്‍നികത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. നെല്ലും വാഴയും കൃഷിചെയ്ത ഏക്കര്‍കണക്കിന് വയലുകള്‍ കെട്ടിടങ്ങള്‍ക്ക് വഴിമാറി. വാഴയൂരിലും വാഴക്കാട് പഞ്ചായത്തിലും മാത്രമാണ് നേരിയതോതില്‍ വയലുകള്‍ അവശേഷിക്കുന്നത്. ഓരോ പഞ്ചായത്തിലും ഉണ്ടായിരുന്ന വയലുകള്‍ മൂന്നിലൊന്നായി ചുരുങ്ങി. ഏറനാട് താലൂക്കില്‍ വയല്‍നികത്തല്‍ വ്യാപകമാണ്. ആനക്കയത്ത് രണ്ടേക്കറോളം വയല്‍നികത്തുന്നതിനെതിരെ നാട്ടുകാര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ട് അധികമായില്ല. കീഴുപറമ്പ് കല്ലിങ്ങലില്‍ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ കൊടുത്തശേഷവും ഒരേക്കര്‍ വയല്‍ നികത്തുന്നത് തുടരുകയാണ്.

വാങ്ങുന്നത് ചുളുവിലയ്ക്ക്; തരംമാറ്റി വില്‍പ്പനയിലൂടെ ലക്ഷങ്ങള്‍

തിരൂരങ്ങാടി: വയല്‍ നികത്തലിന് പിന്നിലുള്ള ഭൂമാഫിയ വയല്‍ കൈക്കലാക്കുന്നത് ചുളുവിലയ്ക്ക്. വര്‍ഷങ്ങളായി നല്ല നിലയില്‍ നെല്‍കൃഷി ചെയ്യുന്ന പാടങ്ങളാണ് വ്യാപകമായി തരംമാറ്റുന്നത്. ചുളുവിലയ്ക്ക് കൈക്കലാക്കുന്ന ഭൂമി തരംമാറ്റിയ ശേഷം മറിച്ചുവിറ്റ് ഭൂമാഫിയ ലക്ഷങ്ങളാണ് കീശയിലാക്കുന്നത്. കൃഷി ആദായകരമല്ലെന്ന പ്രചാരണത്തിലൂടെയാണ് ഇവര്‍ കര്‍ഷകരെ വലയിലാക്കുന്നത്. മെച്ചപ്പെട്ട വില നല്‍കാമെന്ന പ്രലോഭനത്തില്‍ സെന്റിന് 5000 മുതല്‍ 15,000 രൂപ വരെ നല്‍കിയാണ് മാഫിയാസംഘം പലയിടത്തും വയല്‍ സ്വന്തമാക്കുന്നത്. മണ്ണിട്ട് തരംമാറ്റിയശേഷം കഷ്ണം മുറിച്ച് ഒന്നര ലക്ഷം മുതല്‍ രണ്ടുലക്ഷം വരെ സെന്റിന് ഈടാക്കിയാണ് മറിച്ചുവില്‍ക്കുന്നത്. റവന്യൂ അധികൃതരുടെ ഒത്താശയോടെയാണ് ഇത്.

അവധിദിനങ്ങളാണ് കൂടുതലും വയല്‍ നികത്തലിന് തെരഞ്ഞെടുക്കുന്നത്. ഉദ്യോഗസ്ഥരെ കബളിപ്പിച്ച് വയല്‍ പറമ്പാക്കിമാറ്റുന്ന വിരുതന്മാരുമുണ്ട്. വര്‍ഷങ്ങള്‍ വളര്‍ച്ചയെത്തിയ തെങ്ങും മറ്റും വയലില്‍ വച്ചുപിടിപ്പിച്ചാണ് ഇത്തരക്കാര്‍ രേഖ സംഘടിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്ന വ്യാജേനയാണ് വയല്‍ പറമ്പാക്കി രേഖയുണ്ടാക്കുന്നത്. ഒറ്റരാത്രികൊണ്ടാണ് പല വയലുകളിലും വര്‍ഷങ്ങള്‍ വളര്‍ച്ചയെത്തിയ തെങ്ങ് ഉയരുന്നത്. ചുരുങ്ങിയ സമയത്തിനകം നടത്തുന്ന മറിച്ചുവില്‍പ്പനയിലൂടെ ലക്ഷങ്ങളാണ് മാഫിയാസംഘത്തിന്റെ കീശയില്‍ വരുന്നത്. ഓട്ടുകമ്പനികള്‍ക്ക് മണ്ണെടുക്കുന്നതിന്റെ മറവിലും വയല്‍ നികത്തല്‍ വ്യാപകമാണ്. എടുത്ത കളിമണ്ണിന് പകരം ചെമ്മണ്ണ് നിറയ്ക്കണമെന്ന നിബന്ധന മറയാക്കിയാണ് നികത്തല്‍ .

യുഡിഎഫ് ഭരണത്തില്‍ മാഫിയകളുടെ അഴിഞ്ഞാട്ടം: ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറി ടി സത്യനെ മണല്‍ മാഫിയ ടിപ്പര്‍ ലോറി കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ മാഫിയകള്‍ അഴിഞ്ഞാടുകയാണ്. കഴിഞ്ഞദിവസം കോട്ടയം പുതുപ്പള്ളിയില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഫിലിപ്പ് ജോണിനെ കഞ്ചാവ് മാഫിയ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉത്തരേന്ത്യന്‍ മോഡല്‍ കൊല വര്‍ധിച്ചിട്ടും പൊലീസ് നിഷ്ക്രിയത്വം പാലിക്കുകയാണ്. സാധാരണക്കാരുടെ ജീവിതത്തിന് ഭീഷണിയുയര്‍ത്തി ഗുണ്ടാമാഫിയ സംഘങ്ങള്‍ വിഹരിക്കുമ്പോഴും പൊലീസ് നടപടി സ്വീകരിക്കുന്നില്ല. ടി സത്യനെ കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. അടിയന്തരമായി അന്വേഷണം നടത്തി അക്രമികളെ പിടികൂടണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

ഭരണത്തിന്റെ തണലില്‍ അഴിഞ്ഞാടുന്ന ഗുണ്ടാþമാഫിയ സംഘങ്ങളെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്ന് ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറിയറ്റും ആവശ്യപ്പെട്ടു. ഹൈവേ പൊലീസിന്റെ നൈറ്റ് പട്രോളിങ് നടക്കുന്ന ദേശീയ പാതയോരത്ത് മൂന്ന് ദിവസംകൊണ്ട് ഏക്കര്‍ കണക്കിന് പാടശേഖരമാണ് മണ്ണിട്ട് നികത്തിയത്. ഇത് പൊലീസ് ഒത്താശയോടെയാണ്. രാത്രി പന്ത്രണ്ടിനും പുലര്‍ച്ചെ മൂന്നിനും ഇടയില്‍ മണ്ണ് കടത്തുന്ന വാഹനങ്ങള്‍ പൊലീസ് തടയാത്തത് ഒത്തുകളിയുടെ ഭാഗമാണ്. കഴിഞ്ഞവര്‍ഷം അവസാനം ടിപ്പര്‍ ലോറിയിടിച്ച് യുവാവ് മരിച്ചിട്ട് ഇതുവരെ വാഹനം കസ്റ്റഡിയിലെടുത്തിട്ടില്ല. സത്യന്റെ ദേഹത്ത് കയറ്റാന്‍ശ്രമിച്ച വാഹനവും പിടികൂടിയിട്ടില്ല. സംഭവസ്ഥലത്ത്നിന്ന് കണ്ടെത്തിയ മൊബൈല്‍ഫോണ്‍ സൈബര്‍സെല്ലിനെക്കൊണ്ട് പരിശോധിപ്പിക്കണം. മണ്ണ്  മണല്‍ മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ്ചെയ്യണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ എടപ്പാള്‍ ഏരിയാകമ്മിറ്റിയും ശക്തിയായി പ്രതിഷേധിച്ചു.

പാടം തൂര്‍ക്കല്‍ : സ്ഥലം ഉടമ പിടിയില്‍

എടപ്പാള്‍ : പള്ളിക്കര കാളപൂട്ട് കണ്ടത്തിനടുത്ത് നികത്തുന്ന പാടത്തിന്റെ ഉടമയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഞായറാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം. മണ്ണ് മാഫിയ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയെ ടിപ്പറിടിച്ച് കൊല്ലാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ചങ്ങരംകുളത്ത് പ്രകടനം നടത്തി പിരിഞ്ഞുവരവെ പ്രവര്‍ത്തകര്‍ വയലിന്റെ ഉടമ കല്ലൂര്‍മ സ്വദേശി തലേക്കര ദിനേശനെ കണ്ടു. ഇതോടെ ചങ്ങരംകുളം എടപ്പാള്‍ റോഡിലുള്ള കടയില്‍ കയറി ഒളിച്ചു. വിവരമറിയിച്ചതനുസരിച്ച് എത്തിയ പൊലീസ് കടയില്‍നിന്ന് സ്ഥലമുടമയെ കസ്റ്റഡിയിലെടുത്തു. പള്ളിക്കര കാളപൂട്ട് കണ്ടത്തിനടുത്തുനിന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പിടികൂടിയ രണ്ട് മോട്ടോര്‍ ബൈക്കുകളില്‍ ഒന്ന് സ്ഥലമുടമയുടേതാണ്. പിടിയിലായ ഇയാളെ ചോദ്യംചെയ്താല്‍ മണ്ണ് മാഫിയയെക്കുറിച്ച് വിവരം ലഭിക്കുമെന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞു. സ്ഥലമുടമയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

deshabhimani news

No comments:

Post a Comment