Wednesday, March 14, 2012

അയ്യങ്കാളിയുടെ സ്വപ്നങ്ങള്‍ക്ക് കുതിപ്പേകിയ കാലം

സാമൂഹ്യപരിഷ്കര്‍ത്താവും നവോത്ഥാന നായകനുമായ അയ്യങ്കാളിയുടെ ശ്രീമൂലം പ്രജാസഭാ പ്രവേശനത്തിന്റെ ശതാബ്ദി ആഘോഷിക്കുകയാണ് കേരളം. അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്ക് കരുത്തുപകര്‍ന്ന ആ ചരിത്രസംഭവത്തിന്റെ പിന്തുടര്‍ച്ചയായിരുന്നു കേരളത്തിലെ പല സാമൂഹ്യമുന്നേറ്റങ്ങളും. ദളിതരുടെ മനുഷ്യാവകാശങ്ങള്‍ക്കും സാമൂഹ്യസമത്വത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച അയ്യങ്കാളിയെ ശ്രീമൂലം സഭയിലേക്ക് നാമനിര്‍ദേശം ചെയ്തത് 1911 ഡിസംബര്‍ അഞ്ചിനായിരുന്നു. 1941 വരെ സഭാംഗമായി തുടര്‍ന്ന അദ്ദേഹം അധഃസ്ഥിതരുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തി. നിയമനിര്‍മാണസഭയിലെത്തിയ ആദ്യത്തെ അധഃസ്ഥിതവര്‍ഗ പോരാളിയായ അയ്യങ്കാളിയുടെ പോരാട്ടങ്ങള്‍ വിദ്യാഭ്യാസസ്വാതന്ത്യം, ഉദ്യോഗസ്ഥസംവരണം തുടങ്ങിയവയ്ക്കു വേണ്ടിയായിരുന്നു.

മഹത്തായ അധഃസ്ഥിതവര്‍ഗ പോരാട്ടങ്ങളുടെ ശാശ്വതസ്മരണ നിലനിര്‍ത്തുന്നതായിരുന്നു കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഈ രംഗത്തെ സംഭാവനകള്‍ . തലസ്ഥാനത്ത് അയ്യങ്കാളിക്ക് സ്മാരകം പണിത എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ സമഗ്രപുരോഗതി ലക്ഷ്യമാക്കിയുള്ള നിരവധി പദ്ധതികള്‍ നടപ്പാക്കി. പട്ടികവര്‍ഗ വകുപ്പിന്റെ ഓഫീസായി "അയ്യങ്കാളി ഭവന്‍" മാറി. സര്‍ക്കാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന വിശ്വാസം പട്ടികവിഭാഗങ്ങളിലുണ്ടാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. പദ്ധതിത്തുക ചെലവിടുന്നതില്‍ മുന്‍കാലങ്ങളിലുണ്ടായ പരാതികളും അഴിമതികളും ഇല്ലാതാക്കാന്‍ എ കെ ബാലന്‍ മന്ത്രിയായിരുന്ന ആ കാലത്ത് കഴിഞ്ഞു. പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ഗുണഭോക്തൃസഹകരണം ഉറപ്പാക്കാന്‍ ഇതിലൂടെ കഴിഞ്ഞു.

ഭൂരഹിത-ഭവനരഹിതരായ എല്ലാ പട്ടികവിഭാഗ കുടുംബങ്ങള്‍ക്കും സ്വന്തമായി ഭൂമിയും വീടും നല്‍കുന്ന പദ്ധതി, ആദിവാസി ഗോത്രസമൂഹത്തിന് എല്ലാ ആധുനിക ചികിത്സാസൗകര്യങ്ങളും സൗജന്യമായി നല്‍കുന്ന സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി, പട്ടിക വിഭാഗങ്ങള്‍ക്കും പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ക്കും കടാശ്വാസപദ്ധതി, ബാങ്ക് എടിഎം വഴി ലംപ്സം ഗ്രാന്റും സ്റ്റൈപെന്‍ഡും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്ന ഇ-ഗ്രാന്റ് പദ്ധതി തുടങ്ങിയവ അധഃസ്ഥിതവിഭാഗങ്ങളുടെ ജീവിതത്തില്‍ പുതിയ വെളിച്ചമായി. മുന്‍ സര്‍ക്കാര്‍ കുടിശ്ശികയാക്കിയതുള്‍പ്പെടെ വിദ്യാര്‍ഥികളുടെ ആനുകൂല്യം പൂര്‍ണമായി നല്‍കി. ഒബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ആദ്യമായി പ്രതിമാസ സ്റ്റൈപെന്‍ഡ് ഏര്‍പ്പെടുത്തി. 80 ശതമാനം സീറ്റും പട്ടികവിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത് വയനാട്ടില്‍ പി കെ കാളന്‍ സ്മാരക അപ്ലെഡ് സയന്‍സ് കോളേജ് ആരംഭിച്ചു. മിശ്രവിവാഹിതര്‍ക്കുള്ള ധനഹായം 20,000 രൂപയില്‍നിന്ന് അരലക്ഷമാക്കി. പട്ടികവിഭാഗ പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം നാലിരട്ടിയാക്കി.

സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമീഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. 877 കോളനികളില്‍ കുടിവെള്ളപദ്ധതിയും 1366 കോളനികളില്‍ വൈദ്യുതീകരണവും പൂര്‍ത്തിയാക്കി. 26960 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കായി 30661.54 ഏക്കര്‍ ഭൂമി വിതരണം ചെയ്തു. വനാവകാശ നിയമ പ്രകാരം 14758 കുടുംബങ്ങള്‍ക്കായി 18135 ഏക്കര്‍ ഭൂമി നല്‍കിയതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളാണ്. പട്ടികവിഭാഗം പ്രെമോട്ടര്‍മാരുടെ ഓണറേറിയം 2500 രൂപയായി വര്‍ധിപ്പിച്ചു. പട്ടികവിഭാഗ വികസന കോര്‍പറേഷന്‍ 10898 പേര്‍ക്കായി 60 കോടി രൂപ വായ്പ നല്‍കി. സ്വയംതൊഴിലിന് 86447 പേര്‍ക്ക് 415 കോടി രൂപ, പരിവര്‍ത്തിത ക്രൈസതവ ശുപാര്‍ശിത വികസന കോര്‍പറേഷന്‍ വഴി 6500 പേര്‍ക്ക് വായ്പ, പിന്നോക്കസമുദായ വികസന കോര്‍പറേഷന്‍ വഴി 120219 പേര്‍ക്ക് വായ്പ തുടങ്ങിയവയും അധഃസ്ഥിതരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചു.

deshabhimani 140312

1 comment:

  1. സാമൂഹ്യപരിഷ്കര്‍ത്താവും നവോത്ഥാന നായകനുമായ അയ്യങ്കാളിയുടെ ശ്രീമൂലം പ്രജാസഭാ പ്രവേശനത്തിന്റെ ശതാബ്ദി ആഘോഷിക്കുകയാണ് കേരളം. അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്ക് കരുത്തുപകര്‍ന്ന ആ ചരിത്രസംഭവത്തിന്റെ പിന്തുടര്‍ച്ചയായിരുന്നു കേരളത്തിലെ പല സാമൂഹ്യമുന്നേറ്റങ്ങളും. ദളിതരുടെ മനുഷ്യാവകാശങ്ങള്‍ക്കും സാമൂഹ്യസമത്വത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച അയ്യങ്കാളിയെ ശ്രീമൂലം സഭയിലേക്ക് നാമനിര്‍ദേശം ചെയ്തത് 1911 ഡിസംബര്‍ അഞ്ചിനായിരുന്നു. 1941 വരെ സഭാംഗമായി തുടര്‍ന്ന അദ്ദേഹം അധഃസ്ഥിതരുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തി. നിയമനിര്‍മാണസഭയിലെത്തിയ ആദ്യത്തെ അധഃസ്ഥിതവര്‍ഗ പോരാളിയായ അയ്യങ്കാളിയുടെ പോരാട്ടങ്ങള്‍ വിദ്യാഭ്യാസസ്വാതന്ത്യം, ഉദ്യോഗസ്ഥസംവരണം തുടങ്ങിയവയ്ക്കു വേണ്ടിയായിരുന്നു.

    ReplyDelete