Monday, August 31, 2020

‘യുവാക്കളുടെ രോഷത്തിന്റെയും അമ്മമാരുടെ കണ്ണീരിന്റെയും മുന്നിൽ കോൺഗ്രസിന് സമാധാനം പറയേണ്ടി വരും. കേരളമത് പറയിപ്പിയ്ക്കും’

 തിരുവനന്തപുരം> ചോരക്കൊതിയുടെ അധമ രാഷ്ട്രീയത്തെ വെറുപ്പോടെ ആട്ടിയോടിയ്ക്കണമെന്നും അന്നേ നാട്ടിൽ സമാധാനമുണ്ടാവൂ എന്നും എം സ്വരാജ് എംഎൽഎ.

സ്വരാജിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌ താഴെ:

 ചോരയിൽ കേരളത്തെ മുക്കിക്കൊല്ലുന്ന കോൺഗ്രസ്.

ജീവിതത്തിൻ്റെ വസന്ത കാലത്ത് നാടിന് പ്രിയങ്കരരായ രണ്ടു ചെറുപ്പക്കാർ കൊല്ലപ്പെട്ടിരിയ്ക്കുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട്‌ DYFI ഭാരവാഹികളായ സഖാക്കൾ മിഥ്‌ലാജും ഹക്ക് മുഹമ്മദുമാണ് ഇന്നലെ രാത്രിയിൽ അരുംകൊല ചെയ്യപ്പെട്ടത്. കോൺഗ്രസിൻ്റെ കൊലയാളി സംഘമാണ് സഖാക്കളെ വെട്ടിനുറുക്കിയത്. രാഷ്ട്രീയ വിരോധം മൂത്ത് എതിരാളികളെ കൊന്നു തീർക്കാൻ കച്ചകെട്ടിയിറങ്ങിയ കൊലയാളി സംഘം ഇന്നലെ ലക്ഷ്യം കണ്ടു.

ഇക്കഴിഞ്ഞ പെരുന്നാൾ ദിവസം DYFl മേഖലാ ജോ: സെക്രട്ടറി സ .ഫൈസലിനെ കൊല്ലാൻ ശ്രമിച്ച അതേ കോൺഗ്രസ് ക്രിമിനലുകളാണ് ജയിലിൽ നിന്നിറങ്ങിയ ശേഷം ഇപ്പോൾ മിഥ്‌ലാജിനെയും ഹക്കി നെയും അരുംകൊല ചെയ്തത്. ഫൈസൽ അന്ന് തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെടുകയാണുണ്ടായത്.

കൊലപാതകങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ RSS നോട് മത്സരിയ്ക്കാൻ കഴിയുന്നവരാണ് കോൺഗ്രസ്. പക്ഷേ അവർ തമ്മിലൊരിടത്തും പറയത്തക്ക സംഘർഷമുണ്ടാവുകയുമില്ല. ആർ എസ് എസിനോടൊപ്പം ചേർന്ന് ആയിരങ്ങളെ കൊന്നൊടുക്കിയ സിഖ് കൂട്ടക്കൊലയിലുൾപ്പെടെ കോൺഗ്രസിൻ്റെ ഭീകരമുഖം ഇന്ത്യ കണ്ടതാണ്.

കേരളത്തിലെ കോൺഗ്രസിൻ്റെ ചരിത്രം നിറയെ ചോര മാത്രമാണുള്ളത്. കൊന്നു തീർത്ത കമ്യൂണിസ്റ്റുകാരുടെ ചോര കുടിച്ചു വളർന്ന കൊലയാളി കൂട്ടമാണിവിടുത്തെ കോൺഗ്രസ്.

രാഷ്ട്രീയ വിരോധം മൂലം മാത്രമല്ല ഗ്രൂപ്പ് വിരോധം കൊണ്ടും മനുഷ്യരെ കൊല്ലാൻ മടിയില്ലാത്ത അധമ സംസ്കാരമാണ് കോൺഗ്രസിൻ്റേത്. കൂടെ കൊടി പിടിയ്ക്കുന്ന സഹപ്രവർത്തകരെപ്പോലും ഗ്രൂപ്പ് വൈരം കൊണ്ട് വെട്ടിനുറുക്കിക്കൊന്ന പാരമ്പര്യമുള്ള നീചന്മാർക്ക് രാഷ്ട്രീയ പ്രതിയോഗികളെ അരിഞ്ഞു തള്ളാൻ മടിയുണ്ടാവുമോ ?

പി.വി ബഷീർ , ഔസേപ്പ് , ശ്രീവത്സൻ , ലാൽജി , മധു , ഹനീഫ എത്രയെത്ര കോൺഗ്രസ് പ്രവർത്തകരാണ് കോൺഗ്രസുകാരാൽ കൊല്ലപ്പെട്ടിട്ടുള്ളത് . ചോര കണ്ട് അറപ്പ് തീർന്ന ചോരക്കൊതിയന്മാർക്ക് ആയുധത്തിൻ്റെ ഭാഷ മാത്രമേ അറിയൂ.

മനുഷ്യരെന്നാൽ അവർക്ക് കൊന്നു തള്ളാനുള്ള ശരീരങ്ങൾ മാത്രമാണ്.

നാടിൻ്റെ കാവൽക്കാരായി നിലയുറപ്പിച്ചവരാണ് DYFl പ്രവർത്തകർ .

കോവിഡ് കാലത്ത് രാഷ്ട്രീയ മുതലെടുപ്പിനായി ഖദർ ചുളിയാതെ അസംബന്ധ നാടകം കളിയ്ക്കുന്ന അപഹാസ്യകഥാപാത്രങ്ങൾക്കിടയിൽ വേറിട്ടുനിന്ന് നാടിൻ്റെ കാവൽക്കാരായ ചെറുപ്പക്കാരാണ് തിരുവോണ മുറ്റത്ത് ചോരയിൽകുളിച്ചു കിടക്കുന്നത്.

പാഴ് വസ്തുക്കൾ പെറുക്കിയെടുത്ത് വിറ്റും മണ്ണ് ചുമന്നും കൃഷിയിറക്കിയും പതിനൊന്നു കോടി രൂപ കേരളത്തിനു നൽകിയ ചെറുപ്പക്കാരിൽ രണ്ടു പേരാണീ ചലനമറ്റു കിടക്കുന്നത്.

കായംകുളത്ത്സ.സിയാദിനെ കൊന്നു തള്ളിയത് കഴിഞ്ഞ ദിവസമാണ്. ദുരന്തകാലത്തു പോലും ആയുധം താഴെ വെയ്ക്കാത്ത കോൺഗ്രസ് കേരളത്തിന് ഭീഷണിയാണ്.

കൊലയാളികളെ ഒറ്റപ്പെടുത്തിക്കൊണ്ടും കൊലപാതക രാഷ്ട്രീയത്തെ തുറന്നു കാണിച്ചും സമാധാനത്തിൻ്റെ പതാക മുറുകെ പിടിച്ചും നാടൊന്നായി പ്രതികരിയ്ക്കേണ്ട സന്ദർഭമാണിത്.

ആയിരം കാലവർഷം തോരാതെ പെയ്താലും കേരളത്തിലെ ചെറുപ്പക്കാരുടെ മനസിൽ ഇന്നു കത്തിയ തീ അണഞ്ഞു പോവില്ല . യുവാക്കളുടെ രോഷത്തിൻ്റെയും അമ്മമാരുടെ കണ്ണീരിൻ്റെയും മുന്നിൽ കോൺഗ്രസിന് സമാധാനം പറയേണ്ടി വരും. കേരളമത് പറയിപ്പിയ്ക്കും .തീർച്ച

ചോര മണക്കുന്ന ഖദറുമായി ചതുരവടിവിൽ അസംബന്ധം പുലമ്പുന്ന കൊലയാളിക്കൂട്ടങ്ങളെ അറപ്പോടെ കേരളം അകറ്റി നിർത്തണം . ചോരക്കൊതിയുടെ അധമ രാഷ്ട്രീയത്തെ വെറുപ്പോടെ ആട്ടിയോടിയ്ക്കണം . അന്നേ നമ്മുടെ നാട്ടിൽ സമാധാനമുണ്ടാവൂ.

കൊന്നു തള്ളിയിട്ടും പക തീരാതെ ചെന്നിത്തല: കൊല്ലപ്പെട്ടവരെ അപമാനിക്കുന്ന പ്രസ്താവന പിന്‍വലിക്കണമെന്ന് ഡിവൈഎഫ്‌ഐ

 തിരുവനന്തപുരം: രണ്ടുചെറുപ്പക്കാരെ അരുംകൊല ചെയ്തിട്ട് ന്യായീകരിക്കാനും കൊല്ലപ്പെട്ട സഖാക്കളെ അപമാനിക്കാനും കോണ്‍ഗ്രസ് നേതൃത്വം ഇറങ്ങുന്നത് കൊലപാതകത്തേക്കാള്‍ ഭീകരമാണെന്ന് ഡിവൈഎഫ്‌ഐ.

ഡിവൈഎഫ്‌ഐ പ്രസ്താവന: രണ്ട് ചെറുപ്പക്കാരെ അരുംകൊല ചെയ്തിട്ട് ന്യായീകരിക്കാനും കൊല്ലപ്പെട്ട സഖാക്കളെ അപമാനിക്കാനും കോണ്‍ഗ്രസ് നേതൃത്വം ഇറങ്ങുന്നത് കൊലപാതകത്തേക്കാള്‍ ഭീകരം.

തിരുവോണനാളില്‍ പ്രിയപ്പെട്ട സഖാക്കളെ വെട്ടി നുറുക്കിയ വാര്‍ത്ത കേട്ട് വിങ്ങിപ്പൊട്ടി നില്‍ക്കുന്ന ചെറുപ്പത്തിന്റെ ക്ഷമ പരീക്ഷിക്കരുത്. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് കൊല്ലപ്പെട്ട സഖാക്കളെ നിന്ദ്യമായ ഭാഷയിലാണ് അപമാനിക്കാന്‍ ശ്രമിച്ചത്.

കൊലയാളികള്‍ കോണ്‍ഗ്രസ്സ് അല്ല എന്ന് പറയാന്‍ അസാമാന്യമായ തൊലിക്കട്ടി വേണം. കഴിഞ്ഞ കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഫൈസല്‍ എന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഇതേ ക്രിമിനലുകള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അന്ന് ഈ ക്രിമിനലുകളെ സഹായിക്കാന്‍ ഇറങ്ങിയത് അടൂര്‍ പ്രകാശ് എം പി ആയിരുന്നു.

ഡിസിസി വൈസ് പ്രസിഡന്റ് ആനക്കുഴി ഷാനവാസും, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് പുരുഷോത്തമനും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കളും പ്രതികളും തമ്മിലുള്ള ബന്ധം നാട്ടില്‍ അന്വേഷിച്ചാല്‍ മനസിലാകും.

ഫൈസല്‍ വധ ശ്രമക്കേസില്‍ പ്രതികളായ ഇതേ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ജാമ്യത്തില്‍ ഇറക്കാനും സ്റ്റേഷനില്‍ പോയതും ജയിലില്‍ പോയപ്പോള്‍ അവര്‍ക്ക് അവശ്യ സാധനങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ പോയതും ഇതേ നേതാക്കളാണ്. അതില്‍ ഒരു പ്രതിക്ക് അന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തുടര്‍ന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ കൂട്ടത്തോടെ ക്വാറന്റയിനില്‍ പോയത് ഈ നാട്ടില്‍ ഏവര്‍ക്കും അറിയാവുന്നതാണ്. ഫൈസല്‍ വധ ശ്രമ കേസിലെ പ്രതികളെ ഒളിവില്‍ താമസിപ്പിച്ചിരുന്നത് യൂത്ത് കോണ്‍ഗ്രസ്സ് പാര്‍ലമെന്റ് സെക്രട്ടറി അരുണ്‍രാജന്റെ പാലോട്ടെ വസതിയില്‍ ആയിരുന്നു.

ഇരട്ടക്കൊലപാതകത്തേക്കാള്‍ ഭയാനകമാണ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന. ഒരു നിമിഷം പോലും വൈകാതെ കൊല്ലപ്പെട്ടവരെ അപമാനിക്കുന്ന പ്രസ്താവന പിന്‍വലിക്കാന്‍ രമേശ് ചെന്നിത്തല തയ്യാറാകണം എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് അരുംകൊല: സംസ്ഥാനമാകെ പ്രതിഷേധം; ഡിവൈഎഫ്‌ഐ മാര്‍ച്ചിന് നേരെ യൂത്ത് കോണ്‍ഗ്രസ് അക്രമം

വെഞ്ഞാറമൂടിലെ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് ക്രിമിനലുകള്‍ വെട്ടി കൊലപ്പെടുത്തിയതില്‍ സംസ്ഥാനമാകെ പ്രതിഷേധം.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്കും ഹരിപ്പാടുള്ള വീട്ടിലേക്കും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടു. സംഘര്‍ഷത്തില്‍ 2 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

തിരുവേണ ദിനത്തില്‍ മിഥിലാജ് ഹഖ് മുഹമ്മദ് എന്നീ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രൂരമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി പ്രതി ഷേധം സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലേക്കും ഹരിപ്പാട്ടെ സ്വന്തം വീട്ടിലേക്കും ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തി

തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമിച്ചു. മെഡിക്കല്‍ കോളേജിലേക്ക് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മാര്‍ച്ചിനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പട്ടത്തുവച്ച് കല്ലെറിയുകയായിരുന്നു.

ഷാഫി പറമ്പിലും ശബരിനാഥും ഉള്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് സംഘമാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അക്രമിച്ചത്. ഒടുവില്‍ പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. അക്രമത്തില്‍ 2 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുടെ അറിവോടെ അല്ലാതെ ഇത്ര നിഷ്ഠൂരമായ കൊലപാതകം നടക്കില്ല; ഗൂഢാലോചനക്കാരെയും കണ്ടെത്തി ശിക്ഷിക്കണമെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുടെ അറിവോടെ അല്ലാതെ ഇത്ര നിഷ്ഠൂരമായ ഇരട്ട കൊലപാതകം നടക്കുകയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

മന്ത്രി കടകംപള്ളിയുടെ വാക്കുകള്‍: തിരുവോണ തലേന്ന് രാത്രിയില്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. മിഥിലാജ്, ഹക്ക് മുഹമ്മദ് എന്ന രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ചെറുപ്പക്കാരെ നെഞ്ചില്‍ കുത്തിയും നിരവധി തവണ വെട്ടിയുമാണ് കൊലപ്പെടുത്തിയത്. വളരെ ആസൂത്രിതമായാണ് കൊലപാതകം നടത്തിയിരിക്കുന്നത്.

പ്രദേശത്തെ ചില വിദ്യാര്‍ഥികളും യുവാക്കളും അടുത്തിടെ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നത് കോണ്‍ഗ്രസിനെയും യൂത്ത് കോണ്‍ഗ്രസിനെയും വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതിന് മുമ്പും ഇതേ സ്ഥലത്ത് കോണ്‍ഗ്രസ് ഗുണ്ടകള്‍ കൊലക്കത്തി ഉയര്‍ത്തിയിട്ടുണ്ട്.

നാടിനാകെ പ്രിയപ്പെട്ട ഈ രണ്ട് യുവാക്കളുടെ കുടുംബങ്ങളെയും, സുഹൃത്തുക്കളെയും , സഖാക്കളെയും ഈ തിരുവോണ ദിനത്തില്‍ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ് ഖദറിട്ട ചെന്നായ്ക്കള്‍. കോണ്ഗ്രസ് സംസ്ഥാന-ജില്ലാ നേതാക്കളുടെ അറിവോടെ അല്ലാതെ ഈ സമയത്ത് ഇത്ര നിഷ്ഠൂരമായ ഇരട്ട കൊലപാതകം നടക്കുകയില്ല. കൊലയാളികളെ മാത്രമല്ല ഗൂഢാലോചനക്കാരെയും കണ്ടെത്തി ശിക്ഷിക്കണം.

ധീര രക്തസാക്ഷികളായ മിഥിലാജിന്റെയും , ഹക്കിന്റെയും ഓര്‍മ്മകള്‍ക്ക് മുന്നില്‍ രക്ത പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.

ഇഎംഎസും‌ ഉറച്ചുനിന്നു; മാപ്പ്‌ പറയാതെ

 കോട്ടയം>കോടതിയലക്ഷ്യക്കേസിൽ  മാപ്പു പറയാതെ തന്റെ ബോധ്യത്തിൽ  ഇഎംഎസ്‌ ഉറച്ചുനിന്ന കേസ്‌ അരനൂറ്റാണ്ടു മുമ്പ്‌ കോളിളക്കം സൃഷ്ടിച്ചതാണ്‌. ‌ മാർക്സിസവും ലെനിനിസവും  സുപ്രിം കോടതിയിൽ വരെ തലനാരിഴകീറി   പരിശോധിച്ച കേസ്‌ ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ പ്രധാന്യമർഹിക്കുന്നു.

1967  നവംബർ 9ന്‌  തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി  ഇഎംഎസ് നടത്തിയ ‌ പത്രസമ്മേളനമാണ്‌ വിവാദത്തിനു തിരികൊളുത്തിയത്‌. മാർക്സിനെയും എംഗൽസിനെയും ഉദ്ധരിച്ച്‌ ഇഎംഎസ്‌ പറഞ്ഞു:  ‘‘കോടതി മർദ്ദനോപകരണമാണ്. ‌ ജഡ്‌ജിമാർ വർഗ്ഗവിദ്വേഷത്താലും വർഗ്ഗ താൽപ്പര്യത്താലും  വർഗ്ഗ മുൻവിധികളാലും നയിക്കപ്പെടുന്നവരാണ്‌. നന്നായി വസ്‌ത്രം ധരിച്ച കുടവയറനായ പണക്കാരനും കീറിപ്പറിഞ്ഞ വസ്‌ത്രം ധരിച്ച നിരക്ഷരനായ വ്യക്തിക്കും തെളിവുകൾ ഒരുപോലെ  ബാധകമാണെങ്കിൽ കോടതി  സഹജമായും  പണക്കാരന്‌ അനുകൂലമായി നിൽക്കും. ’’ ഭരണവർഗ്ഗത്തിന്റെ ഭാഗമായി നിൽക്കുന്ന കോടതി തൊഴിലാളികൾക്കും കർഷകർക്കും എതിരെ പ്രവർത്തിക്കുന്നുവെന്നും  നിയമവും നീതിന്യായ സംവിധാനവും  ചൂഷകവർഗ്ഗത്തെ സേവിക്കുന്നുവെന്നും കൂടി അദ്ദേഹം പറഞ്ഞു.

ഇത്‌ പല പത്രങ്ങളിലും അച്ചടിച്ചുവന്നു. ഹൈക്കോടതിയുടെ മൂന്നംഗ ബഞ്ച്‌ കോടതിയലക്ഷ്യ നടപടികർ ഏറ്റെടുത്തപ്പോൾ  ഇഎംഎസ്‌ സത്യവാങ്‌മൂലം സമർപ്പിച്ചു.  താൻ പുതിയ ഒരു കാര്യവും പറഞ്ഞിട്ടില്ലെന്നും സിപിഐ എമ്മിന്റെ പാർട്ടി പരിപാടിയിലെ അഞ്ചാം അധ്യായത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വിശദീകരിക്കുക മാത്രമാണ്‌ ചെയ്‌തതെന്നും അദ്ദേഹം വ്യക്തമാക്കി.  ഇഎംഎസ്‌ മാപ്പ്‌ പറയാൻ തയ്യാറായില്ല.

കേസിൽ ഇഎംസിനെ ആയിരം രൂപ പിഴയടയ്‌ക്കാനും അല്ലാത്തപക്ഷം ഒരു മാസം തടവിനും ശിക്ഷിച്ചു. ജസ്‌റ്റിസ്‌ രാമൻ നായർ, ജസ്‌റ്റിസ്‌ കൃഷ്ണമൂർത്തി അയ്യർ എന്നിവരുടെ ഭൂരിപക്ഷവിധിയായിരുന്നു. ജസ്‌റ്റിസ്‌ കെ കെ  മാത്യു വിയോജനക്കുറിപ്പ്‌ എഴുതി.

സുപ്രിം കോടതിയിൽ ഇഎംഎസിനു വേണ്ടി ഹാജരായത്‌   മുൻ പ്രതിരോധമന്ത്രി കൂടിയായ വി കെ കൃഷ്ണമേനോനായിരുന്നു.  കോടതിയലക്ഷ്യ നിയമം ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വതന്ത്ര്യത്തിൽ കടന്നുകയറ്റം നടത്താതെ പരിശോധിക്കണമെന്ന്‌ അദ്ദേഹം വാദിച്ചു.

ജസ്‌റ്റിസ്‌ എം ഹിദായത്തുള്ളയുടെ ബെഞ്ച്‌   ശിക്ഷയിൽ ഇളവുവരുത്തി.   50 രൂപയായി കുറച്ചു. അല്ലാത്തപക്ഷം ഒരാഴ്‌ച തടവ്‌.

ഇഎംഎസിനെ ശിക്ഷിക്കരുതായിരുന്നു എന്നാണ്‌ തന്റെ അഭിപ്രായമെന്ന്‌ ഒരിക്കൽ മുൻ സുപ്രിം കോടതി ജഡ്‌ജി കെ ടി തോമസ്‌ അഭിപ്രായപ്പെട്ടു. ഇഎംഎസ്‌ ഒരു ജഡ്‌ജിയെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. കോടതിയുടെ സമ്പ്രദായം മാറ്റണമെന്നു മാത്രമാണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടത്‌. ഇന്ത്യൻ ഭരണഘടന നിലവിൽ വരുന്നതിനു മുമ്പ്‌ ഒരു സാക്ഷിയെ വിസ്‌തരിക്കാൻ കൊണ്ടുവന്നാൽ അവസാനം ചോദിച്ചിരുന്ന ചോദ്യം നിങ്ങൾ എത്ര ഭൂനികുതി കൊടുക്കുന്നുണ്ടെന്നായിരുന്നു. ഇഎംഎസിന്റെ ആരോപണം പരമാർഥമാണെന്ന്‌ പറയുന്നത്‌ അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ലെനി ജോസഫ്‌

അന്ന്‌ കൃഷ്ണയ്യർ പറഞ്ഞു: ‘ യേശുക്രിസ്‌തു ഇന്നും ക്രൂശിക്കപ്പെടുന്നു’ മത്തായി മാഞ്ഞൂരാൻ പിഴയടയ്‌ക്കാതെ ജയിലിൽ പോയി

വി ആര്‍ കൃഷ്ണയ്യര്‍, മത്തായി മാഞ്ഞൂരാന്‍,പാലോളി മുഹമ്മദ്‌ കുട്ടി,എം വി ജയരാജൻ

കോടതിയെ ശക്തമായ വാക്കുകൾ കൊണ്ട്‌ പ്രഹരിക്കുന്നത്‌ മുൻ സുപ്രിം കോടതി ജഡ്ജി തന്നെ ആയാലോ?  അത്തരമൊരു സംഭവമായിരുന്നു 1981 ഒക്ടോബര്‍ 31ന് ഹൈക്കോടതിയുടെ മുറ്റത്തു നടന്നത്‌. വേദി ഹൈക്കോടതിയുടെ രജതജൂബിലിച്ചടങ്ങായതിനാൽ ഗൗരവംകൂടി.

 സുപ്രീംകോടതി മുന്‍ ജഡ്ജിയും ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ നിയമമന്ത്രിയുമായിരുന്ന വി ആര്‍ കൃഷ്ണയ്യര്‍ക്കെതിരെ കേസ്‌ വന്നത്‌ അങ്ങനെയാണ്‌.

"ഡല്‍ഹി കഴ്സണ്‍ റോഡിലെ ഉത്തുംഗമായ ചെങ്കല്‍സൗധം (സുപ്രീംകോടതി) ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത കാലം വരും. ഇവിടെ യേശുക്രിസ്തു ഇന്നും ക്രൂശിക്കപ്പെടുന്നു. ജഡ്ജിമാര്‍ ബറാബസിനെ വെറുതെവിടുന്നു. സോഷ്യലിസത്തിലും മതനിരപേക്ഷയിലും വിശ്വാസമില്ലാത്ത ജഡ്ജിമാര്‍ രാജിവച്ച് സ്ഥലംവിടുകയാണു വേണ്ടത്. നീതിന്യായപീഠത്തില്‍ ചടഞ്ഞുകൂടരുത്..’ എന്നിങ്ങനെയായിരുന്നു രണ്ടുമണിക്കൂര്‍ പ്രസംഗം.

പബ്ലിക് ഇന്ററസ്റ്റ് ലോ എന്ന സംഘടനയുടെ സെക്രട്ടറി അഡ്വ. വിന്‍സന്റ് പാനികുളങ്ങര കൃഷ്ണയ്യര്‍ക്കെതിരെ ഹൈക്കോടതിയിലെത്തി. കേസ് ഫയലില്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച് ജസ്റ്റിസ് സുബ്രഹ്മണ്യന്‍പോറ്റിയും ജസ്റ്റിസ് പരിപൂര്‍ണനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നടത്തിയ നിരീക്ഷണം ഇങ്ങനെ: പ്രമുഖ ന്യായാധിപനും ലോ കമീഷന്‍ അംഗവുമായ നിയമപണ്ഡിതനായ കൃഷ്ണയ്യരുടെ അഭിപ്രായങ്ങള്‍ ദുരുദ്ദേശ്യപരമാണെന്ന് ആലോചിക്കാനാവില്ല. ജനങ്ങളെ നിയമസംവിധാനം സംബന്ധിച്ച് ജാഗരൂകരാക്കാനാകും അദ്ദേഹം ശ്രമിച്ചത്. ബന്ധപ്പെട്ട കക്ഷി (ജസ്റ്റിസ് കൃഷ്ണയ്യര്‍) പരിചയമുള്ളയാളാകുമ്പോള്‍ കേസ് കേള്‍ക്കാതിരിക്കുന്നതാണ് ഉചിതം. എന്നാല്‍ , അദ്ദേഹം എല്ലാവര്‍ക്കും സുപരിചിതനായതിനാല്‍ അഡ്വക്കറ്റ് ജനറലിന്റെയും ഹര്‍ജിക്കാരന്റെയും സാന്നിധ്യത്തില്‍ കേസ് കേള്‍ക്കുകമാത്രമാണ് കോടതി ചെയ്തത്.

1959 ലെ മത്തായി മാഞ്ഞൂരാന്‍ കേസ്  ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്തായിരുന്നു.  തൃശൂര്‍ വരന്തരപ്പിള്ളിയിൽ  അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ കെ എസ്‌പി നേതാവ്‌  മത്തായി മാഞ്ഞൂരാന്റെ  ‘കേരളപ്രകാശം' ദിനപത്രത്തില്‍ വന്ന വാർത്തയാണ്‌ ഹൈക്കോടതിയുടെ  കോടതിയലക്ഷ്യ കേസിന്‌ കാരണമായത്‌.   കോടതിയിലെത്തിയ മാഞ്ഞൂരാൻ താൻ തെറ്റൊന്നും ചെയ്‌തില്ലെന്ന്‌ പറഞ്ഞു. മാപ്പ്‌ പറയാൻ കൂട്ടാക്കാത്ത അദ്ദേഹത്തെ 100 രൂപ പിഴയടയ്‌ക്കാനും അല്ലാത്തപക്ഷം ഒരു മാസം തടവിനും ശിക്ഷിച്ചു. പിഴയടയ്‌ക്കാൻ അദ്ദേഹം തയ്യാറായില്ല. വിയ്യൂർ സെൻട്രൽ ജയിലിൽ  ശിക്ഷ അനുഭവിച്ചു.

വരന്തരപ്പള്ളി  കേസിൽ അഭിപ്രായം പറഞ്ഞതിന്  മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിനെതിരെ കോടതിയലക്ഷ്യത്തിന്‌ കേസെടുത്തു. പിന്നീട്‌ അദ്ദേഹത്തെ വെറുതെ വിട്ടു.

കോടതി മടിശീലയുടെ കനവും നോട്ടുകെട്ടുകളും നോക്കിയാണ്‌ വിധി പ്രസ്‌താവിക്കുന്നത്‌ എന്ന പരാമർശത്തിന്റെ പേരിൽ 2007 ൽ മുൻ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടിക്കെതിരെയും കോടതിയലക്ഷ്യത്തിന്‌ കേസെടുത്തു.

പാതയോരത്ത്‌ യോഗം ചേരുന്നതിനെതിരെ വിധി പറഞ്ഞ ജഡ്‌ജിയെ ശുംഭൻ എന്ന്‌ പരാമർശിച്ചതിന്റെ പേരിലാണ്‌ ഹൈക്കോടതി എം വി ജയരാജനെതിരെ കേസെടുത്തത്‌. മാപ്പ്‌ പറയാൻ തയ്യാറാകാതിരുന്ന അദ്ദേഹത്തെ ആറു മാസം തടവിന്‌ ശിക്ഷിച്ചു. സുപ്രിം കോടതിയിലും അദ്ദേഹം മാപ്പ്‌ പറഞ്ഞില്ല. സുപ്രിം കോടതി ശിക്ഷ നാലാഴ്‌ചയായി കുറച്ചു.

1982ല്‍ കോട്ടയത്തു നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് വയലാര്‍ രവിക്കെതിരെ നവാബ് രാജേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. കോടതികള്‍ പ്രതിപക്ഷപാര്‍ടികളെപ്പോലെ സര്‍ക്കാരിനോട് പെരുമാറരുതെന്നായിരുന്നു പ്രസംഗം. എന്നാല്‍ , പരാമര്‍ശം കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍വരില്ലെന്ന തീര്‍പ്പോടെ ഹൈക്കോടതി ഹര്‍ജി തള്ളി.

ലെനി ജോസഫ്‌

ഇരട്ടകൊലപാതകത്തിന് നേതൃത്വം നൽകിയവരെ പിടികൂടാൻ സമഗ്രമായ അന്വേഷണം നടത്തും: മുഖ്യമന്ത്രി

 തിരുവനന്തപുരം> വെഞ്ഞാറമ്മൂട്ടിൽ DYFI നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊന്ന സംഭവത്തെ മുഖ്യമന്ത്രി  ശക്തമായി അപലപിച്ചു.


ഇരട്ടകൊലപാതകത്തിന് നേതൃത്വം നൽകിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടൈന്ന്‌ അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് കാരണമായ വിഷയങ്ങളേയും പിന്നിൽ പ്രവർത്തിച്ചവരേയും കണ്ടെത്തുന്നതിനുതകുന്ന അന്വേഷണം നടത്തും. ഹഖ് മുഹമ്മദിനും, മിഥിലാജിനും ആദരാഞ്ജലികൾ അർപ്പിക്കുന്നു.

തിരുവോണ പൂക്കളത്തിന് പകരം കോൺഗ്രസ്‌ ഒരുക്കിയത്‌ ചോരപ്പൂക്കളം; ബഹുജനവികാരം ഉയരണം: കോടിയേരി

തിരുവനന്തപുരം> അക്രമവും കൊലപാതകവും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള കോൺഗ്രസ്‌ ശ്രമത്തിനെതിരെ ശക്തമായ ബഹുജനവികാരം ഉയർന്നുവരണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അഭ്യർത്ഥിച്ചു.

തിരുവോണ നാളിൽ കോൺഗ്രസ് ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണെന്ന്‌ അദ്ദേഹം ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു .തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ തിരുവോണ ദിവസം പുലരുമ്പോഴാണ് രണ്ട് ചെറുപ്പക്കാരെ കോൺഗ്രസ് ഗുണ്ടാസംഘം പൈശാചികമായി വെട്ടിക്കൊന്നത്. ഡി വൈ എഫ് ഐ പ്രവർത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വടിവാൾ കൊണ്ട് വെട്ടിയരിഞ്ഞ് കൊന്നുതള്ളിയ കോൺഗ്രസ്, തിരുവോണ പൂക്കളത്തിന് പകരം ചോരപ്പൂക്കളമൊരുക്കിയാണ് ലോകമെങ്ങുമുള്ള മലയാളികൾക്ക് ആശംസ നേരുന്നത്.

കോൺ‌ഗ്രസിൻ്റെ വടിവാൾ രാഷ്ട്രീയത്തിൽ ഇല്ലാതായ രണ്ട് ചെറുപ്പക്കാരുടെയും കുടുംബത്തിൻ്റെ ദുഖം വിവരണാതീതമാണ്. അവരുടെ പ്രതീക്ഷകളെല്ലാം കൊലപാതക രാഷ്ട്രീയം കൊണ്ട് കോൺഗ്രസ് ഇല്ലാതാക്കി. കോവിഡ് മഹാമാരിയുടെ ഈ അസാധാരണ കാലത്ത് അതിജീവനത്തിൻ്റെ കരുതലോടെ നമ്മൾ മുന്നോട്ടു പോവുമ്പോൾ, കൊലക്കത്തിയുമായി ജീവനെടുക്കാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസ് സംസ്കാരം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.

ഇത് ആസൂത്രിതമായ കൊലപാതകമാണ്. ഇതിനായി ഉന്നതതലത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ട്. നേരത്തെ ഈ പ്രദേശത്ത് വധശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൻ്റെ തുടർച്ചയാണ് ഈ കൊലപാതകം. കോൺഗ്രസിൻ്റെ ഉന്നത നേതൃത്വത്തിന് ഈ കൊലപാതകത്തിൽ പങ്കുണ്ട്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം.

കോൺഗ്രസ് നേതൃത്വം വികലമായ പ്രവൃത്തികൾ കൊണ്ടും പ്രസ്താവനകൾ കൊണ്ടും ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കേരളത്തിൽ അക്രമവും കൊലപാതകവും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഈ നീക്കത്തിനെതിരെ ശക്തമായ ബഹുജനവികാരം ഉയർന്നുവരണം.

ധീര രക്തസാക്ഷികളായ സഖാക്കൾ മിഥിലാജിനും ഹഖ് മുഹമ്മദിനും കോടിയേരി ആദരാഞ്ജലികൾ അർപ്പിച്ചു.

കേരളത്തിൽ ആകമാനം കലാപം സൃഷ്ടിക്കാനാണ് കോൺഗ്രസിൻെറ ശ്രമം: എസ് രാമചന്ദ്രൻ പിള്ള

തിരുവനന്തപുരം>  കേരളത്തിൽ ആകമാനം കലാപം സൃഷ്ടിക്കാനാണ്  കോൺഗ്രസിൻ്റെ ശ്രമമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു.

തിരുവോണദിനത്തിൽ വെഞ്ഞാറമൂട്ടിലെ രണ്ട് സിപിഐ എം -ഡിവൈഎഫ്ഐ പ്രവർത്തകരെ അരുംകൊല ചെയ്തതിലൂടെ കോൺഗ്രസിൻ്റെ കൊലപാതക രാഷ്ട്രീയം തുറന്നുകാട്ടപ്പെട്ടിരിക്കയാണ്. കോൺഗ്രസ്   കേരള രാഷ്ട്രീയത്തിൽ തികച്ചും ഒറ്റപ്പെട്ടതോടെയാണ് കൊലപാതക രാഷ്ട്രീയം അഴിച്ചുവിട്ടിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് കായംകുളത്ത് സിപിഐ എം പ്രവർത്തകൻ സിയാദിനെ കൊല ചെയ്യാൻ കൂട്ടുനിന്നത് കോൺഗ്രസ് നേതാക്കളാണ്. അതിന് പിന്നാലെയാണ് ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ കോൺഗ്രസ് ക്രിമിനലുകൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. തികച്ചും അപലപനീയമായ ഈ ഇരട്ടക്കൊലപാതകത്തിനെതിരെ പ്രതിഷേധിക്കാൻ എല്ലാ ജനാധിത്യവിശ്വാസികളും രംഗത്തുവരണമെന്ന് എസ് ആർ പി പ്രസ്താവനയിൽ പറഞ്ഞു.

കോണ്‍ഗ്രസ്സ് നരവേട്ട: 2 ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്നു

 വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കോൺഗ്രസ് ഗുണ്ടാസംഘം വെട്ടിക്കൊന്നു. ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിൻമുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് ഞായറാഴ്ച അർദ്ധരാത്രി 12.30ഓടെ കോൺഗ്രസ് ഗുണ്ടാസംഘം വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

 

 തിരുവോണ തലേന്ന് മിഥിലാജിന്റെ വീട്ടിലേയ്ക്ക് ബൈക്കിൽ പോവുകയായിരുന്നു ഇരുവരും. വെഞ്ഞാറമൂട് തേമ്പാംമൂടിൽ വെച്ച് ഇരുവരെയും കോൺഗ്രസ് ഗുണ്ടാസംഘം തടഞ്ഞ് നിർത്തി മുഖത്തും നെഞ്ചിലും വെട്ടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. 

രണ്ട് മാസങ്ങൾക്ക് മുമ്പ് ഡിവെഎഫ്ഐ നേതാവായ ഫൈസലിനെ തേമ്പാംമൂട് വെച്ച് കോൺഗ്രസ് ഗുണ്ടാസംഘം വെട്ടിപരിക്കേൽപ്പിച്ചിരുന്നു.

കേസിൽ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമികളെത്തിയ ബൈക്കും വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബൈക്കിന്റെ ഉടമയാണ്‌ പിടിയിലായ ഒരാൾ.

പ്രതികൾ സജീവ കോൺഗ്രസ്‌ പ്രവർത്തകർ: തെളിവുകൾ പുറത്ത്‌

തിരുവനന്തപുരം> വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്ന കേസിലെ പ്രതികളുടെ രാഷ്ട്രീയ ബന്ധം തെളിയിക്കുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസ്‌ പുറത്തുവിട്ടു.

കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് പരിപാടിയിൽ പ്രതികൾ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് കൈരളി ന്യൂസിന് ലഭിച്ചത്. പ്രതികൾ ആയ സജീവും, ഷാജിക്കും വെഞ്ഞാറംമൂട്ടിലെ പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രമാണ് കെെരളി ന്യൂസിന് ലഭിച്ചത്.

വെള്ള ഷർട്ട്‌ ഇട്ട മൂന്നാമത്തെ ആളിന്റെ പിന്നിൽ ഇരിക്കുന്നത് സജീവ്

ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിൻമുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് ഞായറാഴ്ച അർദ്ധരാത്രി 12.30ഓടെ കോൺഗ്രസ് ഗുണ്ടാസംഘം വടിവാൾ ഉപയോഗിച്ച് വെട്ടികൊല്ലപ്പെടുത്തിയത്.

തിരുവോണ തലേന്ന് മിഥിലാജിന്റെ വീട്ടിലേയ്ക്ക് ബൈക്കിൽ പോവുകയായിരുന്നു ഇരുവരും. വെഞ്ഞാറമൂട് തേമ്പാംമൂടിൽ വെച്ച് ഇരുവരെയും കോൺഗ്രസ് ഗുണ്ടാസംഘം തടഞ്ഞ് നിർത്തി മുഖത്തും നെഞ്ചിലും വെട്ടുകയായിരുന്നു.

സെൽഫി എടുക്കുന്നയാളാണ് ഷജിത്.

ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

കോൺഗ്രസ് ക്രിമിനൽ സംഘങ്ങളായ വെള്ളി സജീവിനെ നേതൃത്വത്തിലുള്ള സംഘം ആണ് കൊലപാതകം നടത്തിയത്.

രണ്ട് മാസങ്ങൾക്ക് മുമ്പ് ഡിവെഎഫ്ഐ നേതാവായ ഫൈസലിനെ തേമ്പാംമൂട് വെച്ച് കോൺഗ്രസ് ഗുണ്ടാസംഘം വെട്ടിപരിക്കേൽപ്പിച്ചിരുന്നു.

ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകം: 6 കോൺഗ്രസ് പ്രവർത്തകർ കസ്‌റ്റഡിയിൽ

തിരുവനന്തപുരം> വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ  വെട്ടിക്കൊന്ന കേസിൽ കോൺഗ്രസ് പ്രവർത്തകരായ ആറു പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യ പ്രതി സജീവ് ഒളിവിലാണ്. ഇയാളുടെ കൂട്ടുകാരനും ഐഎൻടിയുസി പ്രാദേശിക നേതാവുമായ സജിത് പിടിയിലായിട്ടുണ്ട്.

വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ തിരുവോണനാൾ പുലർച്ചെയാണ്‌ കോൺഗ്രസ് ഗുണ്ടാസംഘം വെട്ടിക്കൊന്നത്‌. ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിൻമുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് 12.30ഓടെ കോൺഗ്രസ് ഗുണ്ടാസംഘം വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

തിരുവോണ തലേന്ന് മിഥിലാജിന്റെ വീട്ടിലേയ്ക്ക് ബൈക്കിൽ പോവുകയായിരുന്നു ഇരുവരും. വെഞ്ഞാറമൂട് തേമ്പാംമൂടിൽ വെച്ച് ഇരുവരെയും കോൺഗ്രസ് ഗുണ്ടാസംഘം തടഞ്ഞ് നിർത്തി മുഖത്തും നെഞ്ചിലും വെട്ടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. 

രണ്ട് മാസങ്ങൾക്ക് മുമ്പ് ഡിവെഎഫ്ഐ നേതാവായ ഫൈസലിനെ തേമ്പാംമൂട് വെച്ച് കോൺഗ്രസ് ഗുണ്ടാസംഘം വെട്ടിപരിക്കേൽപ്പിച്ചിരുന്നു.

അക്രമികളെത്തിയ ബൈക്കും വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബൈക്കിന്റെ ഉടമയാണ്‌ പിടിയിലായ ഒരാൾ.

റെഡ്‌ ക്രസന്റിനെതിരായ ആക്ഷേപം‌ തിരിച്ചടിയാകും

 രാജ്യാന്തരതലത്തിൽ സന്നദ്ധപ്രവർത്തനം നടത്തുന്ന എമിറേറ്റ്‌സ്‌ റെഡ്‌ ക്രസന്റിനെതിരെ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല അടക്കം നടത്തിവരുന്ന അപവാദപ്രചാരണം ഇന്ത്യക്ക്‌ തിരിച്ചടിയാകും.  റെഡ്‌ക്രോസ്‌ ഇന്റർനാഷണലിന്റെ  സഹപ്രസ്ഥാനമാണ്‌ റെഡ്‌ ക്രസന്റ്‌. ഇന്ത്യയിൽ റെഡ്‌ ക്രോസും റെഡ്‌ ക്രസന്റും പങ്കാളികളാണ്‌.  കേരളത്തിലെ ഭവനപദ്ധതിയുടെ പേരിൽ റെഡ്‌ ക്രസന്റ്‌ വൻതോതിൽ പിരിവ്‌ നടത്തിയെന്നും ഇതിൽ ക്രമക്കേടുണ്ടായെന്നുമാണ്‌ ചെന്നിത്തലയുടെ  ആരോപണം. അടിസ്ഥാനരഹിതമായ ഇത്തരം ആക്ഷേപങ്ങൾ മാധ്യമങ്ങൾ ഏറ്റുപിടിക്കുന്നതോടെ വികൃതമാകുന്നത്‌ രാജ്യത്തിന്റെ മുഖമാണ്‌.

തുടർച്ചയായി  ദുരിതാശ്വാസ–- സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ്‌ എമിറേറ്റ്‌സ്‌ റെഡ്‌ ക്രസന്റ്‌. 1983ൽ സ്ഥാപിതമായ ഇത്‌  1986ൽ രാജ്യാന്തര റെഡ്‌ ക്രസന്റ്‌, റെഡ്‌ ക്രോസ്‌ സൊസൈറ്റികളുടെ ഭാഗമായി. 

കേരളത്തിൽ 2018ൽ പ്രളയമുണ്ടായപ്പോൾ ധനസഹായം നൽകാൻ ഇവർ സന്നദ്ധരായി. എന്നാൽ, സംസ്ഥാനസർക്കാർ വിദേശത്തുനിന്ന്‌ ‌ പണം  സ്വീകരിക്കുന്നത്‌ കേന്ദ്രസർക്കാർ വിലക്കി. പിന്നീടാണ്‌ ഭവനനിർമാണത്തിന്‌ റെഡ്‌ക്രസന്റ്‌  സഹായം നൽകിയത്‌‌. ഗുജറാത്ത്‌, കർണാടക, തമിഴ്‌നാട്‌, ബിഹാർ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ കുടിവെള്ള വിതരണപദ്ധതികൾക്ക്‌ റെഡ്‌ക്രസന്റ്‌ സാമ്പത്തികസഹായം നൽകുന്നു. റിലീഫ്‌ ആൻഡ്‌ ചാരിറ്റബിൾ ഫൗണ്ടേഷൻ ഓഫ്‌ ഇന്ത്യയുമായി സഹകരിച്ച്‌ വിദൂരഗ്രാമങ്ങളിൽ 1700ൽപ്പരം  കിണറുകൾ സ്ഥാപിച്ചു.  ഇപ്പോൾ കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളിലും സഹായിക്കുന്നു. യമൻ, സിറിയ, ഇറാഖ്‌, ലെബനൻ തുടങ്ങിയ രാജ്യങ്ങളിൽ സംഘർഷങ്ങളും യുദ്ധങ്ങളും ദുരിതങ്ങളും ഉണ്ടായപ്പോഴും റെഡ്‌ക്രസന്റ്‌ സഹായം എത്തിച്ചു. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ്‌ എന്നിവിടങ്ങളിലെ റെഡ്ക്രോസ്‌, റെഡ്‌ ക്രസന്റ്‌ സൊസെറ്റികൾ യുദ്ധ–-സമാധാന കാലങ്ങളിൽ സഹകരിച്ചാണ്‌ പ്രവർത്തിക്കുന്നത്‌. ഇത്തരം രാജ്യാന്തര സഹകരണങ്ങൾക്കുമേൽ കരിനിഴൽ പടർത്തുന്ന രീതിയിലാണ്‌ സങ്കുചിത രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ആക്ഷേപങ്ങൾ.

സാജൻ എവുജിൻ

യൂണിഫോം സേനകളിലെ റാങ്ക് ലിസ്‌റ്റ്‌ഒരുവർഷമാക്കിയത് യുഡിഎഫ്; കാലാവധി നീട്ടിയത് ഇപ്പോൾ ആദ്യം

 എക്സൈസ്, പൊലീസ് തുടങ്ങിയ സേനകളിലേക്കുള്ള യൂണിഫോം തസ്തികയിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒറ്റ വർഷമാക്കിയത് കഴിഞ്ഞ യുഡിഎഫ് സർക്കാർ. ഇതോടെ കാലാവധി നീട്ടിനൽകുന്ന പിഎസ്‌സിയുടെ ഉത്തരവുകൾ ഇത്തരം തസ്തികകൾക്ക് ബാധകമല്ലാതായി. ഒറ്റവർഷ കാലാവധിയുള്ള യൂണിഫോം തസ്തികയുടെ റാങ്ക് ലിസ്റ്റിനും കാലാവധി നീട്ടലിന്റെ ആനുകൂല്യം ആദ്യമായി നൽകിയത് ഇപ്പോഴാണ്.

ആത്മഹത്യ ചെയ്ത യുവാവ് ഉൾപ്പെട്ട സിവിൽ എക്സൈസ് ഓഫീസർ ലിസ്റ്റ് 2019 ഏപ്രിൽ എട്ടിനാണ് നിലവിൽ വന്നത്. 2020 ഏപ്രിൽ ഏഴിന് കാലാവധി അവസാനിക്കേണ്ടതായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ റാങ്ക് ലിസ്റ്റുകളും നീട്ടിയപ്പോൾ ഇത്തവണ ഇതടക്കം യൂണിഫോം തസ്തികകളുടെ ഒറ്റവർഷ ലിസ്റ്റും നീട്ടി നൽകി.

അങ്ങനെയാണ് ജൂൺ 19 വരെ കാലാവധി ലഭിച്ചത്. 72 പേർക്ക് നിയമനം ലഭിച്ചു. ലിസ്റ്റ് രണ്ടര മാസത്തോളം നീട്ടി നൽകിയ സമയത്താണ് അഞ്ചിലേറെ പേർക്ക് നിയമനം ലഭിച്ചതും. ഓപ്പൺ ലിസ്റ്റിൽ 68 റാങ്കുവരെ നിയമനം ലഭിച്ചിട്ടുണ്ട്. ഇതേ തസ്തികയിൽ ഇതിന് മുമ്പുള്ള ലിസ്റ്റുകളിൽനിന്ന് 50 പേർക്കായിരുന്നു നിയമനം.

ഏതെങ്കിലും ഒരു ലിസ്റ്റ് മാത്രമായി പ്രത്യേക താൽപ്പര്യമെടുത്ത് കാലാവധി നീട്ടി നൽകാൻ പിഎസ്‌‌സിക്ക് ചട്ടം അനുവദിക്കുന്നില്ല. മറിച്ച് ഒരു നിശ്ചിത കാലാവധിയിലേക്ക് എല്ലാ ലിസ്റ്റുകളും നീട്ടാൻ മാത്രമേ സാധിക്കൂ. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഇത്തരത്തിൽ എല്ലാ ലിസ്റ്റുകളും നീട്ടി നൽകിയപ്പോൾ യൂണിഫോം തസ്തികയുടെ ലിസ്റ്റും നീട്ടി. ഒരു വർഷത്തെ ലിസ്റ്റിന് ഇത്തരത്തിൽ ആനുകൂല്യം ലഭിക്കുന്നത് ഇതാദ്യമാണ്. ഉമ്മൻചാണ്ടി അവകാശപ്പെടുന്ന റാങ്ക് ലിസ്റ്റ് നീട്ടലിലും ഒറ്റ വർഷമാക്കിയ യൂണിഫോം തസ്തികയുടെ ലിസ്റ്റ് നീട്ടിയിരുന്നില്ല. ചുരുക്കത്തിൽ യുഡിഎഫ് രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിക്കുന്ന ലിസ്റ്റ് നീട്ടുന്നതിന് തടസ്സം അവരുടെ തന്നെ കാലത്ത് കൊണ്ടുവന്ന പരിഷ്കാരമാണ്.

ഖാദിയുടെ കഥയും കഴിയുന്നു ; സ്വകാര്യവൽക്കരിക്കാൻ കേന്ദ്രം

 സബ്‌സിഡി ഇല്ലാതാക്കുക എന്ന പ്രഖ്യാപിതലക്ഷ്യത്തോടെ രാജ്യത്തെ ഖാദിവസ്‌ത്ര ഉൽപ്പാദന യൂണിറ്റുകളെ സ്വകാര്യവൽക്കരിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നോട്ട്. തൊഴിലാളികളുടെ വേതനം നിശ്‌ചയിക്കുന്നതുമുതൽ തുണിത്തരങ്ങളുടെ ഉൽപ്പാദനവും വിപണനവുംവരെ സ്വകാര്യ നിയന്ത്രണത്തിലാക്കുന്ന റോസ്‌ഗാർ യുക്ത ഗാവോൺ എന്ന പദ്ധതിയാണ്‌ നടപ്പാക്കുന്നത്‌. യൂണിറ്റുകൾ ഏറ്റെടുത്തുനടത്താൻ സ്വകാര്യ സംരംഭകരെ ക്ഷണിച്ച്‌ കേന്ദ്ര ചെറുകിട, ഇടത്തരം, സൂക്ഷ്‌മ വ്യവസായമന്ത്രാലയത്തിന്റെ പരസ്യം ഞായറാഴ്‌ച മാധ്യമങ്ങളിൽ വന്നു. ഖാദിവസ്‌ത്ര വ്യവസായത്തിലെ സർക്കാർ സബ്‌സിഡികൾ അവസാനിപ്പിക്കലാണ്‌ പദ്ധതിയുടെ ലക്ഷ്യമെന്ന്‌ സംരംഭകർക്കുള്ള താൽപ്പര്യപത്രത്തിൽ വ്യക്തമാക്കുന്നു. സർക്കാർ സൗകര്യമൊരുക്കുന്ന ഏജൻസിമാത്രമാകും. ആദ്യഘട്ടമായി രാജ്യത്തെ 50 യൂണിറ്റുകൾ സ്വകാര്യവൽക്കരിക്കും. പതിനായിരം ചർക്കകളും രണ്ടായിരം തറികളും ഇതിൽ ഉൾപ്പെടും. രാജ്യത്താകെ 15 ലക്ഷത്തോളം ഖാദിത്തൊഴിലാളികളാണുള്ളത്‌. കേരളത്തിൽ ഖാദി നൂൽനൂൽപ്പിലും നെയ്‌ത്തിലുമായി 13,500 പേർ തൊഴിലെടുക്കുന്നു.

ഖാദി ബിസിനസ്‌ പാർട്‌ണർ എന്ന പേരിലാണ്‌ സ്വകാര്യ സംരംഭകരെ അനുവദിക്കുന്നത്‌. തൊഴിലാളികളുടെ വേതനം നിശ്‌ചയിക്കാനും ഏതുതരം വസ്‌ത്രം ഉൽപ്പാദിപ്പിക്കണമെന്ന്‌ തീരുമാനിക്കാനും ആഭ്യന്തര, വിദേശ വിപണികൾ കൈകാര്യം ചെയ്യാനുമുള്ള അവകാശവും സ്വകാര്യ ഉടമയ്‌ക്കാണ്‌. വാർഷിക അറ്റാദായത്തിലെ 75 ശതമാനം ഉടമയ്‌ക്കും 25 ശതമാനം തൊഴിലാളികൾക്കുമാണെന്നാണ്‌ വ്യവസ്ഥ. സ്വകാര്യ ഉടമസ്ഥതയിലാകുന്നതോടെ ഖാദിവസ്‌ത്രങ്ങൾക്കുള്ള സംസ്ഥാന സർക്കാർ സബ്‌സിഡിയും നഷ്‌ടമായേക്കും. നിലവിൽ വർഷത്തിൽ 108 ദിവസത്തെ വിൽപ്പനയ്‌ക്ക്‌ 20 ശതമാനം സംസ്ഥാന സബ്‌സിഡിയുണ്ട്‌. ഈവർഷം 15 കോടിയാണ്‌ ഈയിനത്തിൽ സംസ്ഥാന സർക്കാർ നൽകിയത്‌.  10 ശതമാനംമാത്രമാണ്‌ കേന്ദ്ര സബ്‌സിഡി. ഉൽപ്പാദനച്ചെലവ്‌ കൂടുതലായതിനാലാണ്‌ ഖാദിക്ക്‌ മറ്റു തുണിത്തരങ്ങളേക്കാൾ വിലയുള്ളത്‌.

അതുകൊണ്ടുതന്നെ സബ്‌സിഡിയുള്ള ഉത്സവകാലങ്ങളിലാണ്‌ കൂടുതൽ വിൽപ്പന. സബ്‌സിഡി ഒഴിവാക്കുന്നതോടെ വില ഉയരാനും വിൽപ്പന ഇടിയാനുമുള്ള സാധ്യതയേറും. തൊഴിലാളികൾക്ക്‌ ഇപ്പോൾത്തന്നെ ഏറ്റവും കുറഞ്ഞ വേതനമാണുള്ളത്‌. ന്യായമായ വേതനം നൽകണമെന്നുമാത്രമാണ്‌ പുതിയ പദ്ധതിയിൽ വ്യവസ്ഥയുള്ളത്‌. സ്വകാര്യ ഉടമയ്‌ക്കുകീഴിൽ വേതനം ഇനിയും കുറഞ്ഞേക്കുമെന്ന ആശങ്കയും ഉയരുന്നു.

എം എസ‌് അശോകൻ

ജിഎസ്‌ടി കുടിശ്ശിക കേന്ദ്രം നൽകണം

 പ്രതീക്ഷയും പ്രത്യാശയും പകരുന്ന വേളയാണ്‌ ഓണക്കാലം. സമൃദ്ധിയുടെ സന്ദേശവും അതു നൽകുന്നു. എന്നാൽ, കേരളത്തിന്റെ വളർച്ചയെയും വികസനത്തെയും പിന്നോട്ടടിപ്പിക്കുന്ന നീക്കങ്ങളാണ്‌ ഈ ഓണക്കാലത്തും കേന്ദ്ര സർക്കാരിൽനിന്ന്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. അതിൽ ഏറ്റവും അവസാനത്തേതാണ്‌ ചരക്കുസേവന നികുതി (ജിഎസ്‌ടി)വിഹിതം നൽകാനാകില്ലെന്ന നരേന്ദ്ര മോഡി സർക്കാരിന്റെ നിലപാട്‌. സംസ്ഥാനങ്ങളുടെ പ്രത്യേകിച്ചും കേരളത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലൊടിക്കുന്ന നയമാണ്‌ കേന്ദ്രത്തിന്റേത്‌. സംസ്ഥാനങ്ങൾക്ക്‌ മൊത്തം 2.35 ലക്ഷം കോടി രൂപയാണ്‌ കേന്ദ്രം ജിഎസ്‌ടി ഇനത്തിൽ കുടിശ്ശിക വരുത്തിയിട്ടുള്ളത്‌. ഏപ്രിൽ ഒന്നുമുതൽ ജൂലൈ 31 വരെ കേരളത്തിനുമാത്രം കുടിശ്ശികയായി ലഭിക്കേണ്ടത്‌ 7100 കോടിയാണ്‌. ആഗസ്‌ത്‌ ഒന്നുമുതൽ ഡിസംബർ 31 വരെ പ്രതീക്ഷിത വിഹിതം 9000 കോടി വരും. അതായത്‌ 16000 കോടി രൂപയോളമാണ്‌ ഈ വർഷംമാത്രം കുടിശ്ശിക വരുന്നത്‌. ഇത്രയും തുക ലഭിക്കാത്തപക്ഷം നിത്യനിദാന ചെലവുകൾക്കുപോലും സംസ്ഥാനത്തിന്‌ പണമുണ്ടാകില്ലെന്നർഥം. ശമ്പളവും പെൻഷനും മറ്റാനുകൂല്യങ്ങളും നൽകാൻ കഴിയാതെ കേരളം ഞെരിഞ്ഞമരും. കടുത്ത പ്രതിസന്ധിയിലേക്കാണ്‌ സംസ്ഥാനത്തെ കേന്ദ്രം വലിച്ചിടുന്നത്‌.

കൊട്ടും കുരവയുമായാണ്‌ 2017 ജൂലൈ ഒന്നിന്‌ ജിഎസ്‌ടി രാജ്യത്ത്‌ നടപ്പാക്കിയത്‌. സ്വാതന്ത്ര്യം ലഭിച്ചത്‌ ഒരു അർധരാത്രിയാണെങ്കിൽ നികുതി രംഗത്ത്‌ ‘സ്വാതന്ത്ര്യം’ കിട്ടിയത്‌ 2017 ജൂൺ 30ന്‌ അർധരാത്രിയാണെന്നായിരുന്നു മോഡിയുടെ പ്രഖ്യാപനം. നെഹ്‌റുവിന്റെ ‘വിധിയുമായി മുഖാമുഖ’ പ്രസംഗത്തിന്‌ സമാനമായിരുന്നു ജിഎസ്‌ടി നടപ്പാക്കിക്കൊണ്ടുള്ള മോഡിയുടെ പാർലമെന്റിൽ നടത്തിയ പ്രസംഗമെന്നും വിലയിരുത്തപ്പെട്ടു. പക്ഷേ, അന്നുതന്നെ സിപിഐ എം പോലുള്ള പാർടികൾ ഇത്‌ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുമെന്ന ആശങ്ക പങ്കുവച്ചിരുന്നു. നികുതി നിശ്‌ചയിക്കാനും നികുതി പിരിക്കാനുമുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നഷ്ടപ്പെടുകയും അത്‌ കേന്ദ്രം ഏറ്റെടുക്കുകയും ചെയ്‌തത്‌ ഈ നിയമനിർമാണത്തിലൂടെയായിരുന്നു. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി ദുർബലമാക്കുന്നതിലേക്കാണ്‌ ഈ നിയോലിബറൽ പരിഷ്‌കാരം നയിക്കുക എന്ന വിമർശനവും ഉയരുകയുണ്ടായി. ഇത്തരം നിരീക്ഷണങ്ങൾ ‌ പൂർണമായും ശരിവയ്‌ക്കുന്ന സമീപനമാണ്‌ ജിഎസ്‌ടി നടപ്പാക്കിയതുമുതൽ കേന്ദ്ര സർക്കാരിൽനിന്ന്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. നികുതി കുടിശ്ശിക തരാനാകില്ലെന്ന ഇപ്പോഴത്തെ കേന്ദ്ര സമീപനവും അതുതന്നെയാണ്‌ തെളിയിക്കുന്നത്‌.

ജിഎസ്‌‌ടി നടപ്പാക്കുന്നതുവഴി സംസ്ഥാനങ്ങൾക്കുള്ള നഷ്ടം കേന്ദ്രം നികത്തുമെന്നായിരുന്നു വാഗ്‌ദാനം. എന്നാൽ, ആ വാഗ്‌ദാനത്തിൽ നിന്നാണ്‌ കേന്ദ്രം ഇപ്പോൾ പിറകോട്ട്‌ പോകുന്നത്‌. മാത്രമല്ല, സംസ്ഥാനങ്ങൾ കടമെടുത്ത്‌ ചെലവ്‌ നടത്തണമെന്ന വിചിത്രവാദമാണ്‌ കേന്ദ്രം ഇപ്പോൾ ഉയർത്തുന്നത്‌. വരുമാന നഷ്ടത്തെ രണ്ടായിത്തിരിച്ച്‌ അതിൽ ഒരുഭാഗം സംസ്ഥാനത്തിന്റെ തലയിൽ കെട്ടിവയ്‌ക്കാനുള്ള നീക്കമാണ്‌ കേന്ദ്രം നടത്തുന്നത്‌. ജിഎസ്‌ടി വഴിയുള്ള വരുമാന നഷ്ടമെന്നും കോവിഡ്‌ മഹാമാരിമൂലമുള്ള വരുമാന നഷ്ടമെന്നും രണ്ടായിത്തിരിച്ച്‌ കോവിഡ്‌‌മൂലമുള്ള വരുമാന നഷ്ടം മുഴുവൻ സംസ്ഥാനങ്ങൾ കടമെടുത്ത്‌ നികത്തണമെന്നാണ്‌ കേന്ദ്രത്തിന്റെ വാദം. ഇതിനായി വായ്‌പാപരിധി അര ശതമാനംകൂടി ഉയർത്തി നൽകാമെന്നും കേന്ദ്രം പറയുന്നു. എന്നാൽ, അര ശതമാനം വായ്‌പാപരിധി ഉയർത്തി നൽകിയാൽപോലും സംസ്ഥാനങ്ങൾക്ക്‌ വരുമാനനഷ്ടം നികത്താനാകില്ലെന്നതാണ്‌ യാഥാർഥ്യം. ഇത്രയും വലിയ നികുതി കുടിശ്ശിക തരില്ലെന്ന്‌ മാത്രമല്ല അത്‌ തരാനുള്ള ബാധ്യതയും തങ്ങൾക്കില്ലെന്ന ക്രൂരമായ സമീപനമാണ്‌ കേന്ദ്രം കൈക്കൊള്ളുന്നത്‌.

പ്രളയം, പ്രകൃതിക്ഷോഭങ്ങൾ, മഹാമാരി എന്നിവയെല്ലാംതന്നെ കേരളത്തെ ഗ്രസിക്കുമ്പോൾ സംസ്ഥാനത്തിന്‌ കൂടുതൽ സാമ്പത്തിക സഹായം നൽകുകയാണ്‌ കേന്ദ്രം ചെയ്യേണ്ടത്‌. അതിന്‌ തയ്യാറാകുന്നില്ലെന്ന്‌ മാത്രമല്ല അർഹമായ നികുതിവിഹിതംപോലും നൽകില്ലെന്ന കണ്ണിൽ ചോരയില്ലാത്ത സമീപനമാണ്‌ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നത്‌. ഇത്‌ കേരളത്തിലെ ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്‌. നികുതി കുടിശ്ശിക നൽകണമെന്നത്‌ കേന്ദ്രത്തിന്റെ ഭരണഘടനാപരവും നിയമപരവുമായ ബാധ്യതയാണ്‌. അത്‌ നിറവേറ്റാൻ കേന്ദ്രം തയ്യാറാകണം. വായ്‌പയെടുത്ത്‌ കേന്ദ്രം സംസ്ഥാനങ്ങൾക്കുള്ള കുടിശ്ശിക ഉടൻ കൊടുത്തുതീർക്കണം. സംസ്ഥാനങ്ങൾ വായ്‌പയെടുക്കുന്നതിനേക്കാൾ കുറവു പലിശ മാത്രമേ കേന്ദ്രം വായ്‌പയെടുത്താൽ നൽകേണ്ടതുള്ളൂ. കേരളം ഉൾപ്പെടെയുള്ള ഭൂരിപക്ഷം സംസ്ഥാനങ്ങളുടെ ആവശ്യമാണിത്‌. തിങ്കളാഴ്‌ച സംസ്ഥാന ധനമന്ത്രിമാർ ഇക്കാര്യം ചർച്ചചെയ്യാനിരിക്കുകയാണ്‌. അതിനാൽ മഹാമാരിയുടെ ഈ കാലത്തെങ്കിലും സംസ്ഥാനങ്ങളുടെ കണ്ണീരൊപ്പാനുള്ള നടപടികൾ കേന്ദ്രം കൈക്കൊള്ളണം. അല്ലാത്തപക്ഷം ഫെഡറൽതത്വങ്ങളെ കാറ്റിൽപറത്തുന്ന മോഡി സർക്കാരിന്റെ സമീപനത്തിനെതിരെ വൻ ജനകീയ പ്രക്ഷോഭംതന്നെ ഉയർന്നുവരും.

deshabhimani editorial 31082020

ജിഎസ്‌ടി നഷ്ടപരിഹാരം : കേന്ദ്രത്തിന് ബാധ്യതയില്ലെന്ന് ധനസെക്രട്ടറി

കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ജിഎസ്‌ടി നഷ്ടപരിഹാരത്തിൽ ഭരണഘടനാ ബാധ്യത  കൈയ്യൊഴിഞ്ഞ് കേന്ദ്രസര്‍ക്കാര്‍. നഷ്ടപരിഹാരത്തിന്‌ പണം കണ്ടെത്തുക കേന്ദ്ര ബാധ്യതയല്ലെന്നുകാട്ടി‌  ധന സെക്രട്ടറി സംസ്ഥാനങ്ങൾക്ക്‌ കത്തയച്ചു.

നഷ്ടപരിഹാരത്തുക നല്‍കുന്നതില്‍ കേന്ദ്രം മുന്നോട്ടുവച്ച നിര്‍ദേശങ്ങളുടെ വിശദീകരണമെന്ന പേരിലാണ്‌ കത്ത്‌. സംസ്ഥാനങ്ങൾക്ക്‌ നഷ്ടപരിഹാരത്തിന്‌ അവകാശമുണ്ട്‌, ഇതിന്‌ നഷ്ടപരിഹാര നിധിയിൽ ആവശ്യമായ തുക ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ജിഎസ്‌ടി കൗൺസിലിനാണ്. പണം ലഭ്യമാക്കാന്‍‌ സെസ്‌ പിരിവ്‌ കാലാവധി നീട്ടാൻ കൗൺസിലിന്‌ തീരുമാനിക്കാം. ഇത്‌ നടപ്പാക്കാനുള്ള സഹായം ഉറപ്പാക്കുകമാത്രമാണ്‌ കേന്ദ്രസര്‍ക്കാരിന്റെ ബാധ്യത–- കത്തിൽ പറഞ്ഞു.

വേർതിരിവ്‌ ഭരണഘടനാ വിരുദ്ധം

കോവിഡുമൂലം ഉണ്ടായത്‌, ജിഎസ്ടി നടപ്പാക്കിയതുകൊണ്ടുള്ളത്‌ എന്നിങ്ങനെ വരുമാനനഷ്ടം വേർതിരിക്കുന്നത്‌ ഭരണഘടനാവിരുദ്ധമാണ്‌.  ജിഎസ്ടി നടപ്പാക്കിയതിലെ വരുമാനനഷ്ടമായ 97,000 കോടി നികത്താൻ കേന്ദ്രം കടമെടുക്കും. ബാക്കി 1.38 ലക്ഷം കോടി സംസ്ഥാനങ്ങൾ കടമെടുക്കണം. ധനമന്ത്രാലയം ഏർപ്പെടുത്തുന്ന ഏകജാലകംവഴി വായ്‌പ എടുത്താലും രണ്ടു ശതമാനംവരെ അധിക പലിശ സംസ്ഥാനങ്ങൾ നൽകണം. നേരിട്ടാണെങ്കിൽ ഇതിലും കൂടും. ഈ നിർദേശത്തിൽ 6350 കോടി രൂപയായിരിക്കും കേരളത്തിന്‌ കടമെടുക്കാനാകുക.

നഷ്ടപരിഹാരത്തിനുള്ള തുക 2,35,000 കോടിയും സംസ്ഥാനങ്ങൾ കടമെടുക്കുകയാണ്‌ രണ്ടാമത്തെ നിർദേശം. പലിശയും സംസ്ഥാനം വഹിക്കണം. നിധിയിൽനിന്ന്‌ മുതൽമാത്രമായിരിക്കും തിരിച്ചടയ്‌ക്കുക. ഇതിൽ 97,000 കോടി രൂപമാത്രമായിരിക്കും സംസ്ഥാനങ്ങളുടെ  കടമെടുപ്പ്‌ അവകാശത്തിൽനിന്ന്‌ ഒഴിവാക്കുക. കേരളത്തിന്‌ 8000 കോടിയായിരിക്കാം വായ്‌പാവകാശമാകുക.

Sunday, August 30, 2020

സ്വര്‍ണക്കടത്ത് കേസ്: അനില്‍ നമ്പ്യാരെ ചോദ്യം ചെയ്ത കസ്റ്റംസ് അസി. കമീഷണറെ നീക്കി

 കൊച്ചി> സ്വര്‍ണക്കടത്ത് കേസില്‍ ജനം ടി വി മേധാവി അനില്‍ നമ്പ്യാരെ ചോദ്യം ചെയ്ത കസ്റ്റംസ് സംഘത്തിലെ അസി. കമീഷണറെ നീക്കി. കേസില്‍ ഇതുവരെ നടന്ന റെയ്ഡുകള്‍ക്കു നേതൃത്വം നല്‍കിയ പ്രിവന്റീവ് വിഭാഗത്തിലെ അസി. കമീഷണര്‍ എന്‍ എസ് ദേവിനെയാണ് നീക്കിയത്. കസ്റ്റംസ് ലീഗല്‍ സെല്ലിലേക്ക് മാറ്റി നിയമിച്ച അദ്ദേഹത്തിന് പകരം കോഴിക്കോട് കസ്റ്റംസിലെ അസി. കമീഷണര്‍ ഡി ആര്‍ രാജിക്കാണ് പുതിയ ചുമതല.

അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തലസ്ഥാനത്തെ ഏതാനും ബി ജെ പി നേതാക്കളെ കൂടി ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുന്നതിനിടെയാണ് ദേവിന്റെ സ്ഥാനചലനം. അനില്‍ നമ്പ്യാരെ കൊച്ചിയില്‍ നിരീക്ഷണ തടവിലാക്കിയതും  ദേവിന്റെ സ്ഥാനമാറ്റത്തിന് കാരണമായതായാണ് വിവരം. അനില്‍ നമ്പ്യാര്‍ക്കെതിരായ തെളിവ് ശേഖരണത്തിന് അദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലും റെയ്ഡും ആലോചിച്ചിരുന്നു.

സ്വര്‍ണക്കടത്തില്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതിനു പിന്നാലെ കേസന്വേഷണ സംഘത്തെ പൊളിക്കാന്‍ നീക്കം നടക്കുന്നതായി സൂചനകളുണ്ടായിരുന്നു. കസ്റ്റംസ് കമ്മീഷണറുടെതായി കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തലവന്  സര്‍ക്കുലര്‍ ലഭിച്ചിരുന്നു. അന്വേഷണ സംഘത്തിന്റെ പെരുമാറ്റം എങ്ങനെയായിരിക്കണമെന്നും മറ്റുമുള്ള കാര്യങ്ങള്‍ക്കൊപ്പം ചില മാറ്റങ്ങള്‍ വേണ്ടി വരുമെന്നായിരുന്നു സൂചന.

സ്വര്‍ണക്കടത്തു കേസ് അന്വേഷണമാരംഭിച്ച ശേഷം മൂന്നാം തവണയാണ് ഉദ്യോഗസ്ഥരെ മാറ്റുന്നത്. ബി ജെ പി നേതൃത്വവുമായി ബന്ധമുള്ള സന്ദീപ് നായര്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോഴായിരുന്നു ആദ്യ അഴിച്ചു പണി. അന്വേഷണ സംഘത്തിലെ രണ്ട് സൂപ്രണ്ടുമാരെ ഉള്‍പ്പെടെ കൊച്ചി പ്രിവന്റീവ് വിഭാഗത്തിലെ എട്ടുപേരെയാണ് നീക്കിയത്. പിന്നീട് ജോയിന്റ് കമീഷണര്‍ അനീഷ് പി രാജനെ നാഗ്പൂരിലേക്ക് മാറ്റി. പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്തിയുടെ ഓഫീസ് ഇടപെടിട്ടില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞതിന്റെ പേരിലായിരുന്നു അത്.

ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം ഖേദകരം: പിഎസ് സി

 തിരുവനന്തപുരം> തിരുവനന്തപുരത്ത് സിവില്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന അനു.എസ് എന്ന ഉദ്യോഗാര്‍ത്ഥി തൊഴില്‍ ലഭിക്കാത്തതിനാല്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവം ഖേദകരമെന്ന് പിഎസ് സി. സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തിക 2016 ലെ ഉത്തരവുപ്രകാരം ട്രെയിനി തസ്തികയായി മാറ്റിയിട്ടുണ്ട്. ആയതുപ്രകാരം ഈ  റാങ്ക്‌ലിസ്റ്റിന്റെ കാലാവധി 1 വര്‍ഷമാണ്.

8/4/2019 ല്‍ നിലവില്‍ വന്ന റാങ്ക്‌ലിസ്റ്റ് 07/04/2020 ന് അവസാനിക്കേണ്ടതായിരുന്നെങ്കിലും കോവിഡ് 19 വ്യാപനം മൂലം നീട്ടിയ റാങ്ക്‌ലിസ്റ്റുകളില്‍ ഇതും ഉള്‍പ്പെട്ടിരുന്നു. 2020 ജൂണ്‍ 19 നാണ്ഇതിന്റെ  കാലാവധി പൂര്‍ത്തിയായത്. ഈ റാങ്ക്‌ലിസ്റ്റ് റദ്ദുചെയ്തതാണ് എന്ന് തെറ്റായ വാര്‍ത്തയും പ്രചരിക്കുന്നുണ്ട്.

ഈ കാലയളവില്‍  72 പേര്‍ക്ക് നിയമനശിപാര്‍ശ നല്‍കി. 77 ആം റാങ്ക്ആയതുകൊണ്ട് അനു. എസ്. ഈ നിയമന ശിപാര്‍ശയില്‍  ഉള്‍പ്പെട്ടിരുന്നില്ല. ഈ തസ്തികയില്‍ ശരാശരി 50 പേര്‍ക്കാണ്  വര്‍ഷംതോറും നിയമന ശിപാര്‍ശ നല്‍കുന്നതെന്നും പിഎസ് സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

ഉദ്യോഗാര്‍ഥികളെ വിലക്കാനോ ശിക്ഷാ നടപടി സ്വീകരിക്കാനോ തീരുമാനിച്ചിട്ടില്ല: പിഎസ് സി

തിരുവനന്തപുരം> കാസര്‍കോട് ജില്ലയിലെ സ്റ്റാഫ്‌നഴ്‌സ്, ആരോഗ്യവകുപ്പിലെ ജനറല്‍ ഫിസിയോതെറാപ്പിസ്റ്റ്, ആയുര്‍വേദ കോളേജിലെ ഫിസിയോതെറാപ്പിസ്റ്റ് എന്നീ തസ്തികകളുടെ തെരഞ്ഞെടുപ്പില്‍ കമ്മീഷന്‍യോഗം ചേര്‍ന്ന്‌ നിലവിലുള്ള ചട്ടപ്രകാരം വിജിലന്‍സ് അന്വേഷണം നടത്താനും അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗാര്‍ഥികളുടെ വാദം കേള്‍ക്കാനുമാണ് തീരുമാനിച്ചിട്ടുള്ളതെന്ന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു

ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുപ്പ്‌ നടപടികളില്‍ നിന്ന് വിലക്കാനോ ശിക്ഷാ നടപടി സ്വീകരിക്കാനോ  തീരുമാനിച്ചിട്ടില്ലെന്നും പിഎസ് സി അറിയിച്ചു

നൂറ് ദിവസത്തില്‍ 100 പദ്ധതികള്‍ നാടിന് സമര്‍പ്പിക്കും; ഭക്ഷ്യകിറ്റ് അടുത്ത നാല് മാസം കൂടി

 നൂറ് ദിവസത്തില്‍ 100 പദ്ധതികള്‍ നാടിന് സമര്‍പ്പിക്കും; ഭക്ഷ്യകിറ്റ് അടുത്ത നാല് മാസം കൂടി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 100 രൂപ വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം>  നൂറുദിവസത്തിനുള്ളില്‍ നൂറ് പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കര്‍ക്കിടകം പഞ്ഞമാസമാണെന്നാണല്ലോ. ആ പഞ്ഞമാസത്തെ നമ്മള്‍ മറികടക്കുന്നത് അതിനപ്പുറത്ത് ഒരു പൊന്‍ചിങ്ങവും അതിന്റെ ഭാഗമായി തിരുവോണവുമുണ്ട് എന്ന പ്രത്യാശകൊണ്ടാണ്. ഇന്നത്തെ ദുഃഖപൂര്‍ണ്ണമായ കോവിഡ് കാലത്തെ നമ്മള്‍ മറികടക്കുന്നതും ഇതിനപ്പുറത്ത് സൗഖ്യപൂര്‍ണ്ണമായ ഒരു നല്ല കാലമുണ്ട് എന്ന പ്രത്യാശ കൊണ്ടാണെന്നും അദ്ദേഹം  പറഞ്ഞു

ആ പ്രത്യാശ തന്നെയാണ് കോവിഡ് മഹാമാരിയെ മുറിച്ചുകടക്കാന്‍ ഉപയുക്തമാകുന്ന 100 ദിന കര്‍മ്മപരിപാടികളുടെ ആവിഷ്‌കാരത്തിനു പിന്നിലുള്ളത്. ഈ മഹാമാരിക്കിടയിലും സന്തോഷകരമായ ഓണം മലയാളികള്‍ക്ക് ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. കോവിഡിനെ പ്രതിരോധിച്ചുകൊണ്ടുതന്നെ ജീവിതത്തെയും മുന്നോട്ടുകൊണ്ടുപോകുകയാണ് നമ്മള്‍.

പകര്‍ച്ചവ്യാധി നമ്മുടെ സമൂഹത്തിലും സമ്പദ്ഘടനയിലും ഗൗരവമായ തകര്‍ച്ച സൃഷ്ടിച്ചു. ഒരു നവകേരളം സൃഷ്ടിക്കുന്നതിനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായി മുന്നേറുമ്പോഴാണ് ഈ മഹാവ്യാധി നേരിടേണ്ടിവന്നത്. അതിനുമുമ്പ് പ്രകൃതിദുരന്തങ്ങളും നാം നേരിട്ടു. അതുമൂലം വേഗം കുറഞ്ഞ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിതോത്സാഹത്തോടെ മുന്നോട്ടുകൊണ്ടുപോയേ മതിയാകൂ. ഇത് സര്‍ക്കാരിന്റെ അഞ്ചാം വര്‍ഷമാണ്. നാലാം വാര്‍ഷികാഘോഷങ്ങള്‍ കോവിഡ് സാഹചര്യത്തില്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍, വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കുന്നില്ല.

സാധാരണക്കാര്‍ക്കു സംരക്ഷണം

ഇനിയുള്ള ദിവസങ്ങളിലും കോവിഡ് 19 ശക്തമായി തുടരുമെന്നതിനാല്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് നേരിട്ടുതന്നെ പരമാവധി സമാശ്വാസ സഹായങ്ങള്‍ എത്തിക്കും. ഒരാളും പട്ടിണികിടക്കാന്‍ പാടില്ല. പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വളരെയേറെ പ്രശംസ നേടിയ ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലുമാസം തുടരും. റേഷന്‍ കടകള്‍ വഴി ഇപ്പോള്‍ ചെയ്യുന്നതുപോലെയായിരിക്കും കിറ്റ് വിതരണം.

ഈ സര്‍ക്കാരിന്റെ ഏറ്റവും നല്ല പ്രവൃത്തി ഏതെന്നു ചോദിച്ചാല്‍ ആദ്യം പറയാവുന്നത് സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ എന്നാണ്. യു.ഡി.എഫ് ഭരണം ഒഴിയുമ്പോള്‍ 35 ലക്ഷം പേര്‍ക്ക് 600 രൂപ നിരക്കില്‍ ആയിരുന്നു പെന്‍ഷന്‍. അത് പോലും കൃത്യമായി വിതരണം ചെയ്യാന്‍ സാധിച്ചിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് മുന്നില്‍ വച്ച പ്രധാന വാഗ്ദാനമായിരുന്നു സാമൂഹ്യക്ഷേമ പെന്‍ഷനുകളിലെ വര്‍ധന. അത് അക്ഷരംപ്രതി പാലിക്കുവാന്‍ കഴിഞ്ഞു എന്നതില്‍ അത്യധികം അഭിമാനമുണ്ട്. പെന്‍ഷന്‍ തുക 600 രൂപയില്‍ നിന്ന് 1000 രൂപയായും തുടര്‍ന്ന് 1200 രൂപയായും 1300 രൂപയായും വര്‍ധിപ്പിച്ചു.

35 ലക്ഷം ഗുണഭോക്താക്കള്‍ എന്നത് 58 ലക്ഷമാക്കി ഈ സര്‍ക്കാരിന്റെ കാലത്ത് വര്‍ധിച്ചു. അര്‍ഹരായ 23 ലക്ഷം പേരെ പുതുതായി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചു എന്നത് ചെറിയ കാര്യമല്ല. കുടിശികയില്ലാതെ പെന്‍ഷന്‍ വിതരണം ചെയ്യാനും കഴിയുന്നുണ്ട്. ഇപ്പോള്‍ ആ രംഗത്ത് രണ്ട് സുപ്രധാന തീരുമാനങള്‍ എടുക്കുകയാണ്.

ഒന്ന്: സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വീതം വര്‍ദ്ധിപ്പിക്കുന്നു.

രണ്ട്: ഇനി പെന്‍ഷന്‍ മാസംതോറും വിതരണം ചെയ്യും.

ആരോഗ്യ സംരക്ഷണം

കോവിഡിനെതിരെ പൊതു ആരോഗ്യ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. സര്‍ക്കാര്‍ ആശുപത്രികളുടെ പശ്ചാത്തലസൗകര്യ വികസനം, മനുഷ്യവിഭവശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവയില്‍ വലിയ കുതിപ്പാണ് സര്‍ക്കാര്‍ കൈവരിച്ചിട്ടുള്ളത്. പകര്‍ച്ചവ്യാധി തുടങ്ങിയതിനുശേഷം നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി 9,768 ആരോഗ്യപ്രവര്‍ത്തകരെ നിയമിച്ചു. ഇതിനു പുറമെ 1200 ഹൗസ് സര്‍ന്മാരെയും 1152 അഡ്ഹോക്ക് ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.

ഇനിയും ആവശ്യം വന്നാല്‍ അടുത്ത 100 ദിവസത്തിനുള്ളില്‍ വേണ്ട ജീവനക്കാരെക്കൂടി ആരോഗ്യസംവിധാനത്തിന്റെ ഭാഗമാക്കി മാറ്റും.  ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം അരലക്ഷം ആയി ഉയര്‍ത്തും.

സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആശുപത്രിയുടെ സമ്പൂര്‍ണ്ണ സൗകര്യമുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ഇതുവരെ 386 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചു. വരുന്ന നൂറുദിവസങ്ങളില്‍ 153 കുടുംബാംരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇവിടങ്ങളില്‍ രാവിലെയും വൈകുന്നേരവും ഒപി ഉണ്ടാകും. മെഡിക്കല്‍ കോളേജ്/ ജില്ലാ/ ജനറല്‍ / താലൂക്ക് ആശുപത്രികളുടെ ഭാഗമായ 24 പുതിയ കെട്ടിടങ്ങള്‍ പൂര്‍ത്തീകരിക്കും. 10 പുതിയ ഡയാലിസിസ് കേന്ദ്രങ്ങള്‍, 9 സ്‌കാനിംഗ് കേന്ദ്രങ്ങള്‍, 3 പുതിയ കാത്ത് ലാബുകള്‍, 2 ആധുനിക ക്യാന്‍സര്‍ ചികിത്സാ സംവിധാനങ്ങള്‍ എന്നിവ പൂര്‍ത്തീകരിക്കും.

പൊതു വിദ്യാലയങ്ങള്‍

2021 ജനുവരിയില്‍ വിദ്യാലയങ്ങള്‍ സാധാരണഗതിയില്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഏതാണ്ട് ഒരു വര്‍ഷക്കാലം വിദ്യാലയ അന്തരീക്ഷത്തില്‍ നിന്ന് അകന്നു നിന്നതിനുശേഷം സ്‌കൂള്‍ അങ്കണത്തിലേക്ക് വരുന്ന കുഞ്ഞുങ്ങളെ പുതിയൊരു പഠനാന്തരീക്ഷവും പശ്ചാത്തല സൗകര്യവും ഒരുക്കി വരവേല്‍ക്കും.

500 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും കിഫ്ബി ധനസഹായത്തോടെ കെട്ടിട നിര്‍മാണം നടക്കുന്നുണ്ട്. ഓരോ സ്‌കൂളിനും 5 കോടി രൂപ വീതം മുടക്കി നിര്‍മിക്കുന്ന 35 സ്‌കൂള്‍ കെട്ടിടങ്ങളും 3 കോടി രൂപ ചെലവില്‍ പണി തീര്‍ക്കുന്ന 14 സ്‌കൂള്‍ കെട്ടിടങ്ങളും 100 ദിവസത്തിനകം ഉദ്ഘാടനം ചെയ്യും. മറ്റ് 27 സ്‌കൂള്‍ കെട്ടിടങ്ങളുടെയും പണി പൂര്‍ത്തിയാകും. 250 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ പണി ആരംഭിക്കും.

45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി മാറ്റിയിട്ടുണ്ട്. എല്ലാ എല്‍പി സ്‌കൂളുകളും ഹൈടെക്കാക്കി മാറ്റാനുള്ള പരിപാടി കിഫ്ബി സഹായത്തോടെ പുരോഗമിക്കുകയാണ്. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ 11,400 സ്‌കൂളുകളില്‍ ഹൈടെക് കമ്പ്യൂട്ടര്‍ ലാബുകള്‍ സജ്ജീകരിക്കും.

ഫസ്റ്റ്ബെല്‍ ഓണ്‍ലൈന്‍ അധ്യയന പരിപാടി കേരളത്തിന് നവീനമായ അനുഭവങ്ങളാണ് നല്‍കിയത്. കെഎസ്എഫ്ഇയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ അഞ്ചുലക്ഷം കുട്ടികള്‍ക്ക് ലാപ്ടോപ്പുകള്‍ എത്തിക്കുന്നതിനുള്ള വിദ്യാശ്രീ പദ്ധതി 100 ദിവസത്തിനുള്ളില്‍ വിതരണം ആരംഭിക്കും.

18 കോടി രൂപയുടെ ചെങ്ങന്നൂര്‍ ഐടിഐ അടക്കം നവീകരിച്ച 10 ഐടിഐകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ 150 പുതിയ കോഴ്സുകള്‍ അനുവദിക്കും. ആദ്യത്തെ 100 കോഴ്സുകള്‍ സെപ്തംബര്‍ 15നകം പ്രഖ്യാപിക്കും. എ പി ജെ അബ്ദുള്‍കലാം സര്‍വ്വകലാശാല, മലയാളം സര്‍വ്വകലാശാല എന്നിവയ്ക്ക് സ്ഥിരം കാമ്പസിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി ശിലാസ്ഥാപനം നടത്തും. 126 കോടി രൂപ മുതല്‍മുടക്കില്‍ 32 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ പൂര്‍ത്തീകരിക്കും.

തൊഴില്‍

ഈ സര്‍ക്കാര്‍ നാലുവര്‍ഷം കൊണ്ട് 1,41,615 പേര്‍ക്ക് തൊഴില്‍ നല്‍കി. ഇതില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്ക് ഉള്‍പ്പെടുത്തിയിട്ടില്ല.

പിഎസ്സിക്ക് നിയമനം വിട്ടുകൊടുത്ത 11 സ്ഥാപനങ്ങളില്‍ സ്പെഷ്യല്‍ റൂള്‍സ് ഉണ്ടാക്കുന്നതിനുള്ള പ്രത്യേക ടാസ്‌ക്ഫോഴ്സിനെ നിയമ-ധന-പൊതുഭരണ വകുപ്പുകളുടെ നേതൃത്വത്തില്‍ സൃഷ്ടിക്കും.

നിയമനം പിഎസ്സിയെ ഏല്‍പ്പിച്ചാലും  സ്പെഷ്യല്‍ റൂള്‍സിന്റെ അപാകം മൂലം ഉദ്ദേശ്യം പൂര്‍ത്തീകരിക്കാനാവാത്ത സ്ഥിതിയാണ് ഇപ്പേഴുള്ളത്. ഈ പ്രശ്നം പരിഹരിക്കു എന്നത് ഉദ്യോഗാര്‍ത്ഥികളുടെ ഏറെനാളായുള്ള ആവശ്യമാണ്. ഈ സ്ഥാപനങ്ങളുടെ സ്പെഷ്യല്‍ റൂള്‍സിന് അവസാനരൂപം നല്‍കും. ടാസ്‌ക്ക് ഫോഴ്സ് സമയബന്ധിതമായി ഈ വിഷയത്തിന് പരിഹാരം കാണും.

100 ദിവസത്തിനുള്ളില്‍ കോളേജ്, ഹയര്‍ സെക്കണ്ടറി മേഖലകളിലായി 1000 തസ്തികകള്‍ സൃഷ്ടിക്കും.

100 ദിവസത്തിനുള്ളില്‍ 15,000 നവസംരംഭങ്ങളിലൂടെ 50,000 പേര്‍ക്ക് കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ നല്‍കും. പ്രാദേശിക സഹകരണ ബാങ്കുകള്‍, കുടുംബശ്രീ, കെഎഫ്സി , ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയായിരിക്കും മുഖ്യ ഏജന്‍സികള്‍. ഒരു പ്രത്യേക പോര്‍ട്ടലിലൂടെ ഓരോ ഏജന്‍സികളും അധികമായി സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ പ്രസിദ്ധീകരിക്കും.

ഗതാഗതം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും 961 കോടി രൂപ മുടക്കി 5,000 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും റീബില്‍ഡ് കേരളയുമായി ഭാഗമായി 392.09 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുള്ള ഗ്രാമീണ റോഡുകള്‍ക്കും തുടക്കം കുറിക്കും.

1,451 കോടി രൂപയുടെ 189 പൊതുമരാമത്ത്-കിഫ്ബി റോഡുകള്‍ ഗതാഗതത്തിന് തുറന്നുകൊടുക്കും. 901 കോടി രൂപയുടെ 158 കിലോമീറ്റര്‍ കെഎസ്ടിപി റോഡുകള്‍, കുണ്ടന്നൂര്‍, വെറ്റില ഫ്ളൈഓവറുകളടക്കം 21 പാലങ്ങള്‍ എന്നിവയും ഉദ്ഘാടനം ചെയ്യും.

671.26 കോടി രൂപയ്ക്ക് ടെണ്ടര്‍ നല്‍കിയ  41 കിഫ്ബി പദ്ധതികള്‍ നവംബറിനകം ഉദ്ഘാടനം ചെയ്യും. പുനലൂര്‍ നഗരറോഡ് നവീകരണം, ചങ്ങനാശ്ശേരി കവിയൂര്‍, ശിവഗിരി റിംഗ് റോഡ്, ചെറുന്നിയൂര്‍-കിളിമാനൂര്‍ റോഡ്, ഇലഞ്ഞിമേല്‍ ഹരിപ്പാട്, നന്ദാരപ്പടവ് ചേവാര്‍ ഹില്‍ ഹൈവേ റീച്ച് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. സ്റ്റേഡിയങ്ങള്‍, മോഡല്‍ റെസിഡന്റ്ഷ്യല്‍ സ്‌കൂളുകള്‍, പ്രീ-മെട്രിക് ഹോസ്റ്റലുകള്‍ തുടങ്ങിയവയും ഇതില്‍പ്പെടുന്നുണ്ട്.

കോവളം ബേക്കല്‍ ജലപാതയുടെ 590 കിലോമീറ്ററില്‍ 453 കിലോമീറ്റര്‍ ഗതാഗതയോഗ്യമാക്കും. ചമ്പക്കുളം, പറശ്ശിനിക്കടവ്, പഴയങ്ങാടി എന്നിവിടങ്ങളിലെ ബോട്ട് ജെട്ടികളും കല്ലായി പറമാംമ്പില്‍ പാലങ്ങളും പൂര്‍ത്തീകരിക്കും.

കൊച്ചി മെട്രോ പൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, സെയ്ഫ് കേരള കണ്‍ട്രോള്‍ റൂം എന്നിവ ഉദ്ഘാടനം ചെയ്യും. ആദ്യത്തെ ഇലക്ട്രിക് ഹൈബ്രിഡ് ക്രൂയിസ് വെസല്‍, രണ്ട് കാറ്റമറന്‍ ബോട്ടുകള്‍, രണ്ട് വാട്ടര്‍ ടാക്സികള്‍ എന്നിവ നീരണിയും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ പോര്‍ട്ട് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യും.

വയനാട് തുരങ്കം റൂട്ടിന് കൊങ്കണ്‍ റെയില്‍ കേര്‍പ്പറേഷന്‍ അന്തിമ രൂപം നല്‍കിയിട്ടുണ്ട്. ഇന്‍വെസ്റ്റിഗേഷനും ടെണ്ടറിങ്ങും അടക്കമുള്ള നിര്‍വ്വഹണച്ചുമതല കൊങ്കണ്‍ റെയില്‍വേയ്ക്കാണ്. തുരങപാത യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നിര്‍ണ്ണായക മുന്നേറ്റം നൂറു ദിവസത്തിനകം നടത്താനാകും.

കൃഷി

സുഭിക്ഷ കേരളം പദ്ധതി പച്ചക്കറി ഉല്‍പ്പാദനത്തില്‍ കുതിച്ചുചാട്ടം സൃഷ്ടിച്ചിരിക്കുകയാണ്. വിപണനം പ്രധാനം പ്രശ്നമായി ഉയര്‍ന്നു വന്നിരിക്കുന്നു. അടുത്ത കേരളപ്പിറവി ദിനത്തില്‍ 14 ഇനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിക്കും. രാജ്യത്ത് ആദ്യമാണ് ഒരു സംസ്ഥാനം പച്ചക്കറിക്ക് തറവില ഏര്‍പ്പെടുത്തുന്നത്. പച്ചക്കറി ന്യായവിലയ്ക്ക് ഉപഭോക്താവിന് ഉറപ്പുവരുത്തുന്നതിനും കൃഷിക്കാരില്‍ നിന്നും സംഭരിക്കുന്നതിനും പ്രാദേശിക സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ കടകളുടെ ശൃംഖല ആരംഭിക്കും.

കൃഷിക്കാര്‍ക്ക് തത്സമയം തന്നെ അക്കൗണ്ടിലേയ്ക്ക് പണം നല്‍കും. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ മിച്ച പഞ്ചായത്തുകളില്‍ നിന്നും കമ്മിയുള്ള പഞ്ചായത്തുകളിലേക്ക് പച്ചക്കറി നീക്കുന്നതിനുള്ള ചുമതലയെടുക്കും. തറവില നടപ്പാക്കുമ്പോള്‍ വ്യാപാര നഷ്ടം ഉണ്ടായാല്‍ നികത്തുന്നതിന് വയബിലിറ്റി ഗ്യാപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും നല്‍കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കും. കരട് രൂപരേഖ ചര്‍ച്ചയ്ക്കുവേണ്ടി സെപ്തംബര്‍ രണ്ടാംവാരത്തില്‍ പ്രസിദ്ധീകരിക്കും.

രണ്ടാം കുട്ടനാട് വികസന പാക്കേജിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി പുതുക്കിയ കാര്‍ഷിക കലണ്ടര്‍ പ്രകാശിപ്പിക്കും. 13 വാട്ടര്‍ഷെഡ്ഡ് പദ്ധതികള്‍ പൂര്‍ത്തീകരിക്കും.

500 ടെക്നീഷ്യന്‍മാരുടെ പരിശീലനം പൂര്‍ത്തിയാക്കി 500 കേന്ദ്രങ്ങളില്‍ക്കൂടി ആടുകളുടെ ബീജദാന പദ്ധതി നടപ്പിലാക്കും.

കേരള ചിക്കന്‍ 50 ഔട്ട്ലറ്റുകള്‍കൂടി തുടങ്ങും.

മണ്‍റോതുരുത്തിലും കുട്ടനാട്ടിലും കാലാവസ്ഥ അനുരൂപ കൃഷിരീതി ഉദ്ഘാടനം ചെയ്യും.

250 തദ്ദേശഭരണ സ്ഥാപനങ്ങള്‍ സമ്പൂര്‍ണ്ണ ഖരമാലിന്യ സംസ്‌കരണ പദവി കൈവരിക്കും.

പരമ്പരാഗത വ്യവസായങ്ങള്‍

അടുത്ത 100 ദിവസത്തിനുള്ളില്‍ കയര്‍ ഉല്‍പ്പാദനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം വര്‍ദ്ധന നേടും. ഓരോ ദിവസവും ഒരു യന്ത്രവല്‍കൃത ഫാക്ടറി ഉദ്ഘാടനം ചെയ്യും. തൊഴിലാളികളുടെ കൂലി പരമ്പരാഗത മേഖലയില്‍ 350 രൂപയായിരിക്കുന്നത് ഈ യന്ത്രവല്‍കൃത മേഖലയില്‍ ശരാശരി 500 രൂപയായി ഉയരും. കശുവണ്ടി മേഖലയില്‍ 3000 തൊഴിലാളികളെക്കൂടി കശുവണ്ടി കോര്‍പ്പറേഷന്‍, കാപ്പക്സ് എന്നിവിടങ്ങളില്‍ തൊഴില്‍ നല്‍കും. പനമ്പ്, കയര്‍ കോമ്പോസിറ്റ് ബോര്‍ഡുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ആരംഭിക്കും.

ഓഫ്ഷോര്‍ ബ്രേക്ക് വാട്ടര്‍ സംരക്ഷണ ഭിത്തികളുടെ നിര്‍മാണം ആരംഭിക്കും. 35 കിലോമീറ്റര്‍ തീരദേശ കടല്‍ഭിത്തി നിര്‍മാണം നടക്കുന്നുണ്ട്. ചെല്ലാനം തീരസംരക്ഷണ പദ്ധതി പൂര്‍ത്തീകരിക്കും. 192 കോടി രൂപയുടെ 140 ഗ്രോയിനുകളുടെ നിര്‍മാണം ആരംഭിക്കും. പുനര്‍ഗേഹം പദ്ധതിയില്‍ 5000 പേര്‍ക്ക് ധനസഹായം നല്‍കും. മത്സ്യഫെഡ്ഡില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കും. ചെത്തി ഹാര്‍ബറിനും തീരദേശ പാര്‍ക്കിനും തറക്കല്ലിടും. തീരദേശത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെയും 60 മത്സ്യ മാര്‍ക്കറ്റുകളുടെയും പുനര്‍നിര്‍മ്മാണം ആരംഭിക്കും. 69 തീരദേശ റോഡുകള്‍ ഉദ്ഘാടനം ചെയ്യും.

അതിഥിത്തൊഴിലാളികള്‍ക്ക് വാടകയ്ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തുന്ന ഗസ്റ്റ് വര്‍ക്കര്‍ ഫ്രണ്ട്ലി റസിഡന്റ്സ് ഇന്‍ കേരള ഉദ്ഘാടനം ചെയ്യും.

കുടിവെള്ളം

ജലജീവന്‍ മിഷന്‍ പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിക്കും. 490 കോടി രൂപയുടെ 39 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. കടമക്കുടി കുടിവെള്ള പദ്ധതി, കാസര്‍കോട് നഗരസഭാ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം, കുണ്ടറ കുടിവെള്ള പദ്ധതി നവീകരണം, രാമനാട്ടുകര കുടിവെള്ള പദ്ധതി നവീകരണം, താനൂര്‍ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം, തിരുവാലി വണ്ടൂര്‍ കുടിവെള്ള പദ്ധതിയുടെ ആദ്യ രണ്ടു ഘട്ടങ്ങള്‍, പൊന്നാനി കുടിവെള്ള പദ്ധതി, തച്ചനാട്ടുകാര ആലനല്ലൂര്‍ കുടിവെള്ള പദ്ധതി, മലമ്പുഴ കുടിവെള്ള പദ്ധതി എന്നീ കിഫ്ബി പദ്ധതികള്‍ 100 ദിവസത്തിനകം ഉദ്ഘാടനം ചെയ്യും. 1.5 ലക്ഷം ആളുകള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കും.

വൈദ്യുതി

കോതമംഗലം, ചാലക്കുടി, കലൂര്‍ എന്നീ സബ്സ്റ്റേഷനുകള്‍ നവംബറിനുള്ളില്‍ ഉദ്ഘാടനം ചെയ്യും. പുഗലൂര്‍-മാടക്കത്തറ ഹൈവോള്‍ട്ടേജ് ഡിസി ലൈന്‍ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനവും ഈ കാലയളവില്‍ നടക്കും.

വ്യവസായവും ടൂറിസവും

ഒറ്റപ്പാലം പ്രതിരോധ പാര്‍ക്ക്, പാലക്കാട്ടെയും ചേര്‍ത്തലയിലെയും മെഗാഫുഡ് പാര്‍ക്കുകള്‍ എന്നിവ തുറക്കും. കേരള സെറാമിക്സിന്റെ നവീകരിച്ച പ്ലാന്റുകള്‍, ആലപ്പുഴ സ്പിന്നിംഗ് മില്ലിന്റെ വൈവിധ്യവല്‍ക്കരണം എന്നിവയും ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം മെഡിക്കല്‍ ഡിവൈസ് പാര്‍ക്ക്, പാലക്കാട് സംയോജിത റൈസ് ടെക്നോളജി പാര്‍ക്ക്, കുണ്ടറ സിറാമിക്സില്‍ മള്‍ട്ടി പര്‍പ്പസ് പാര്‍ക്ക്, നാടുകാണി ടെക്സ്റ്റയില്‍ പ്രോസസിംഗ് സെന്റര്‍ എന്നിവയുടെ നിര്‍മാണം ആരംഭിക്കും.

വിവിധ ജില്ലകളിലായി 66 ടൂറിസം പദ്ധതികള്‍ 100 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങും. ഇതില്‍ വേളി മിനിയേച്ചര്‍ റെയില്‍വേ, വെള്ളാളര്‍ ക്രാഫ്റ്റ് വില്ലേജ്, ആലപ്പുഴ മെഗാ ടൂറിസം ഹൗസ്ബോട്ട് ടെര്‍മിനല്‍, ചമ്രവട്ടം പുഴയോര സ്നേഹപാത, കോഴിക്കോട് ബീച്ച് കള്‍ച്ചറല്‍ ഹബ്ബ്, തലശ്ശേരി ടൂറിസം പദ്ധതി ഒന്നാംഘട്ടം എന്നിവ ഉള്‍പ്പെടുന്നു.

സ്പോര്‍ട്സും സംസ്‌കാരവും

കൂത്തുപറമ്പ്, ചാലക്കുടി മുനിസിപ്പല്‍ സ്റ്റേഡിയങ്ങളടക്കം 10 സ്പോര്‍ട്സ് സ്റ്റേഡിയങ്ങള്‍ ഉദ്ഘാടനം ചെയ്യും. നവീകരിച്ച ആലപ്പുഴയിലെ രാജാകേശവദാസ് സ്വിമ്മിംഗ്പൂള്‍ തുറന്നുകൊടുക്കും.

കനകക്കുന്നിലെ ശ്രീനാരായണഗുരു പ്രതിമയും, ചെറായിയിലെ പണ്ഡിറ്റ് കറുപ്പന്‍ സ്മാരകവും, ആറ് വിവിധ ഗ്യാലറികളും ഉദ്ഘാടനം ചെയ്യും. ആലപ്പുഴയിലെ മ്യൂസിയം പരമ്പരയില്‍ ആദ്യത്തേതായി കയര്‍ യാണ്‍ മ്യൂസിയം പൂര്‍ത്തിയാകും. എറണാകുളം ടി കെ പത്മിനി ആര്‍ട്ട് ഗാലറിയുടെ നിര്‍മാണം ആരംഭിക്കും.

ശബരിമലയില്‍ 28 കോടി രൂപയുടെ മൂന്നു പദ്ധതികള്‍ പൂര്‍ത്തീകരിക്കും. നിലയ്ക്കലെ വാട്ടര്‍ ടാങ്ക് നിര്‍മാണം ആരംഭിക്കും.

പട്ടികജാതി-പട്ടികവര്‍ഗം

പട്ടികജാതി മേഖലയില്‍ 6000 പഠനമുറികള്‍, 1000 സ്പില്‍ ഓവര്‍ വീടുകള്‍, 3000 പേര്‍ക്ക് ഭൂമി വാങ്ങാന്‍ ധനസഹായം, 700 പേര്‍ക്ക് പുനരധിവാസ സഹായം, 7000 പേര്‍ക്ക് വിവാഹധനസഹായം എന്നിവയാണ് ലക്ഷ്യമിടുന്നത്. 5 ഹോസ്റ്റലുകള്‍, 4 ഐടിഐകള്‍, 2 മോഡല്‍ റെസിഡന്റ്ഷ്യല്‍ സ്‌കൂളുകള്‍ എന്നിവയുടെ നവീകരണം പൂര്‍ത്തിയാക്കും. എല്ലാവിധ സ്‌കോളര്‍ഷിപ്പുകളും കുടിശികയില്ലാതെ നല്‍കും.

പട്ടികവര്‍ഗ വികസന വകുപ്പിന്റെ നാല് മെട്രിക് ഹോസ്റ്റലുകള്‍ പൂര്‍ത്തിയാക്കി തുറക്കും. 23 പട്ടികവര്‍ഗ കോളനികളില്‍ അംബേദ്ക്കര്‍ സെറ്റില്‍മെന്റ് വികസന പരിപാടി നടപ്പിലാക്കും.

ഭിന്നശേഷിക്കാര്‍

7027 ഭിന്നശേഷിക്കാര്‍ക്ക് കൈവല്യ പദ്ധതിക്കു കീഴില്‍ സഹായം നല്‍കും. സ്പെഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള ഈ വര്‍ഷത്തെ ഗ്രാന്റ് നവംബര്‍ മാസം നല്‍കും.

പാര്‍പ്പിടം

ലൈഫ് മിഷന്‍ പദ്ധതിയുടെ കീഴില്‍ ഇതിനകം 2,25,750 വീടുകള്‍ പൂര്‍ത്തിക്കിയിട്ടുണ്ട്. അടുത്ത 100 ദിവസത്തിനുള്ളില്‍ 25,000 വീടുകള്‍ പൂര്‍ത്തിയാക്കും. 30 ഭവനസമുച്ചയങ്ങളുടെ നിര്‍മാണം ആരംഭിക്കും.

കുടുംബശ്രീ

1000 ജനകീയ ഹോട്ടലുകള്‍ പദ്ധതി പൂര്‍ത്തീകരിക്കും. 300 കോടി രൂപ പലിശ സബ്സിഡി വിതരണം ചെയ്യും. ഹരിത കര്‍മ്മസേനകളോട് യോജിച്ച് 1000 ഹരിത സംരംഭങ്ങള്‍ പൂര്‍ത്തീകരിക്കും.

തദ്ദേശഭരണം

തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന ബൃഹത്തായിട്ടുള്ള പദ്ധതികള്‍ ബന്ധപ്പെട്ട മേഖലകളില്‍ സൂചിപ്പിച്ചുകഴിഞ്ഞു. വിവിധ ഇനങ്ങളിലുള്ള ഗ്രാന്റുകളുടെ വിതരണത്തില്‍ ഒരു പരാതിയും ഉണ്ടായിട്ടില്ല. മൂന്നാംഗഡു വികസന ഫണ്ട് പൂര്‍ണ്ണമായും അനുവദിക്കും. ചെലവഴിച്ചു തീരുന്ന തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അടുത്ത ഗഡു ലഭിക്കുന്നതിനു തടസ്സമുണ്ടാവില്ല. കോവിഡ് പ്രതിരോധത്തിനായി ചെലവഴിക്കുന്ന പണം പ്ലാന്‍ ഫണ്ടില്‍ അധികമായി ലഭ്യമാക്കും. അപേക്ഷകളുടെ തീര്‍പ്പാക്കലിനും പരാതി പരിഹാരത്തിനുമായി ഏകീകൃത സോഫ്റ്റ്വെയര്‍ സംവിധാനം 100 ദിവസത്തിനുള്ളില്‍ 150 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ആദ്യഘട്ടമായി നടപ്പാക്കും.

റെഗുലേറ്ററി വകുപ്പുകള്‍

15 പൊലീസ് സ്റ്റേഷനുകളും 15 സൈബര്‍ പൊലീസ് സ്റ്റേഷനുകളും 6 എക്സൈസ് റെയ്ഞ്ച് ഓഫീസുകളും ഉദ്ഘാടനം ചെയ്യും. 10,000 ക്രയ സര്‍ട്ടിഫിക്കറ്റുകളും 20,000 പട്ടയങ്ങളും വിതരണം ചെയ്യും. 19 സ്മാര്‍ട്ട് വില്ലേജുകള്‍ ഉദ്ഘാടനം ചെയ്യപ്പെടും. റവന്യു രേഖകളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരിക്കും. ട്രഷറിയുടെ ഫംഗ്ഷന്‍ ഓഡിറ്റ് പൂര്‍ത്തീകരിച്ച് സോഫ്ട്വെയര്‍ കുറ്റമറ്റതാക്കും.

മറ്റു പരിപാടികള്‍

വന്‍കിട പശ്ചാത്തല സൗകര്യ പദ്ധതികളുടെ ഭാഗമായ ഗെയില്‍ പൈപ്പ്ലൈന്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. പ്രളയാഘാതശേഷി താങ്ങുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി സെമി എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. ശംഖുമുഖം തീരദേശ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ഈ കാലയളവില്‍ നടത്തും. 2021 ഫെബ്രുവരിക്കു മുമ്പായി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

നമ്മുടെ സംസ്ഥാനത്തെ യുവാക്കള്‍ക്ക് വിവിധ മേഖലങ്ങളില്‍ നേതൃപാടവം കൈവരിക്കാന്‍ ആവശ്യമായ പരിശീലനം നല്‍കാന്‍ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് കോഴ്സുകള്‍ നടത്താന്‍ കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി ആരംഭിക്കും. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഭരണഘടന, നിയമം, പാര്‍ലമെന്ററി പരിചയം, ദുരന്തനിവാരണം എന്നിങ്ങനെയുള്ള മേഖലകളില്‍ പ്രാവീണ്യമുള്ളവരെ പരിശീലകരായി ക്ഷണിക്കും.

100 ദിവസങ്ങള്‍കൊണ്ടുള്ള 100 പദ്ധതികളുടെ വിശദാംശങ്ങള്‍ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. കൊറോണക്കാലത്ത് കേരള സമൂഹവും സമ്പദ്ഘടനയും സ്തംഭിച്ചു നിന്നുകൂടാ. കൊറോണയെ പ്രതിരോധിക്കുന്നതിനൊപ്പം നമ്മുടെ വികസന നേട്ടങ്ങളെ സ്ഥായിയാക്കുകയും മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യേണ്ടതുണ്ട്. ഇതിനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്.

2016ല്‍ തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്കു മുന്നില്‍വെച്ച പ്രകടനപത്രികയിലെ ഓരോ കാര്യങ്ങളും അക്കമിട്ട് നടപ്പാക്കുക മാത്രമല്ല, പുതിയകാലത്ത് ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ തരണം ചെയ്യാനുള്ള പദ്ധതികള്‍ കൂടി ഏറ്റെടുക്കുകയാണ് സര്‍ക്കാര്‍. ഇന്ന് ഇവിടെ പ്രഖ്യാപിച്ച നൂറിന-നൂറുദിന പരിപാടിയുടെ പ്രവര്‍ത്തനം എല്ലാ തലത്തിലും വരും ദിവസങ്ങളില്‍അവലോകനം ചെയ്യും. ഈ സര്‍ക്കാരിന് ജനങ്ങള്‍ക്കു നല്‍കാനുള്ള ഓണ സമ്മാനവും സന്ദേശവും പദ്ധതികളുടെ പ്രഖ്യാപനം മാത്രമല്ല, അവ സമയബന്ധിമായി പൂര്‍ത്തിയാക്കും എന്ന ഉറപ്പുമാണ്.

മൊറട്ടോറിയം

റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ലോണ്‍ തിരിച്ചടവിന്റെ മൊറട്ടോറിയം കാലാവധി ഓഗസ്റ്റ് 31 നു അവസാനിക്കുകയാണ്. കോവിഡ് കാലയളവിലെ സാമ്പത്തിക പ്രതിസന്ധി മുന്‍നിര്‍ത്തി മൊറട്ടോറിയം കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് കത്തയച്ചു.

സൂക്ഷ്മചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളും (എം എസ് എം ഇ ) ചെറുകിട വ്യാപാരികളും കടുത്ത പണ ഞെരുക്കം അനുഭവിക്കുന്ന സമയത്ത് മൊറട്ടോറിയം തുടരേണ്ടത് അനിവാര്യമാണ്. മൊറട്ടോറിയം കാലയളവില്‍ വന്നു ചേര്‍ന്ന ഭീമമായ പലിശയും ഇത്തരക്കാര്‍ക്ക് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മൊറട്ടോറിയം പരിധി 2020 ഡിസംബര്‍ 31 വരെ നീട്ടി നല്കാന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടണമെന്നും, പലിശയുടെ കാര്യത്തില്‍ ഇളവുകള്‍ നല്‍കികൊണ്ടുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും മന്ത്രിയോട് കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

എല്ലാവര്‍ക്കും തിരുവോണാശംസകള്‍

കോവിഡ് കാലത്ത് വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും സന്നദ്ധസേനാ പ്രവര്‍ത്തകര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് പ്രതിരോധ രംഗത്തുള്ള മറ്റെല്ലാവര്‍ക്കും ഹൃദയംഗമായ ആശംസകള്‍ ഒരിക്കല്‍ക്കൂടി നേരുന്നു.

കാലാവധി കഴിഞ്ഞ എക്‌സൈസ്‌ റാങ്ക്‌ ലിസ്‌റ്റിൽ നിന്ന്‌ നിയമനം നടന്നില്ലെന്ന പ്രചാരണം തെറ്റ്

 കാലാവധി കഴിഞ്ഞ എക്‌സൈസ്‌ റാങ്ക്‌ ലിസ്‌റ്റിൽ നിന്ന്‌ നിയമനം നടന്നില്ലെന്ന പ്രചാരണം തെറ്റ്‌; പൊള്ളത്തരം തുറന്നുകാട്ടി സോഷ്യൽമീഡിയ

തിരുവനന്തപുരം > കാലാവധി കഴിഞ്ഞ സിവിൽ എക്‌സൈസ്‌ ഓഫീസർ റാങ്ക്‌ ലിസ്‌റ്റിൽനിന്ന്‌ നിയമനം നടത്തിയില്ലെന്നത്‌ വ്യാജപ്രചാരണം. തിരുവനന്തപുരത്ത്‌ അനു എന്ന യുവാവ്‌ ആത്മഹത്യ ചെയ്‌തത്‌ റാങ്ക്‌ ലിസ്‌റ്റ്‌ റദ്ദാക്കിയതിനെ തുടർന്നാണ്‌ എന്നാണ്‌ സമൂഹമാധ്യമങ്ങളിലും ചാനലുകളിലും വ്യാജപ്രചാരണം. പ്രചാരണത്തിലെ പൊള്ളത്തരം തുറന്നുകാട്ടി സമൂഹമാധ്യമങ്ങളിലടക്കം നിരവധി പേരാണ്‌ വിശദീകരണം നൽകുന്നത്‌.


സിവിൽ എക്‌സൈസ്‌ ഓഫീസർ (തിരുവനന്തപുരം) റാങ്ക് ലിസ്റ്റിൻ്റെ കാലാവധി 1 വർഷമായിരുന്നു. അദ്ദേഹത്തിൻ്റെ റാങ്ക് 77 ആയിരുന്നു. 8/4/2019 ൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റ് 07/04/2020 ന് അവസാനിക്കേണ്ടതായിരുന്നു. കൊറോണക്കാലത്ത് നീട്ടിയ റാങ്ക് ലിസ്റ്റുകളിൽ ഇതും ഉൾപ്പെട്ടിരുന്നു. 2020 June 19 വരെ കാലാവധി ലഭിച്ചിരുന്നു. ഇതിൽനിന്ന്‌ ഒരു വർഷവും 2 മാസവും 12 ദിവസം കൊണ്ട് 72 പേർക്ക് നിയമന ശുപാർശ നൽകിയിട്ടുണ്ട്.

https://keralapsc.gov.in/civil-excise-officer-excise-thiruvananthapuram


03/08/2015 ൽ നിലവിൽ വന്ന സിവിൽ എക്‌സൈസ്‌ ഓഫീസർ (തിരുവനന്തപുരം) റാങ്ക് ലിസ്റ്റിൻ്റെ കാലാവധി 02/08/2018 ൽ അവസാനിച്ചപ്പോൾ ( 3 വർഷ കാലാവധി) 148 പേരെയാണ് മൊത്തം നിയമന ശുപാർശ നൽകിയത്. വർഷം തോറും ശരാശരി 50 എണ്ണം ആണ് നിയമന ശുപാർശ. 72 പേർക്ക്‌ നിയമന ശിപാർശ നൽകിയപ്പോൾ ഓപ്പൺ 68 വരെയുള്ളവർക്ക് നിയമനം ലഭിച്ചിട്ടുണ്ട്. മരണപ്പെട്ട അനു ജനറൽ കാറ്റഗറിയിൽ പെടുന്നയാളാണ്.

https://www.keralapsc.gov.in/civil-excise-officer-trainee-excise-department-20.


രാംദാസിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

ആത്മഹത്യകള്‍ക്ക് PSC ഉത്തരം പറയേണ്ടതുണ്ടോ ?

ഇന്ന് തിരുവനന്തപുരം സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തികയില്‍ ഉള്‍പെട്ട് ജോലി ലഭിക്കാത്ത ഒരു യുവാവ് ആത്മഹത്യ ചെയ്തതായി വാര്‍ത്തകളില്‍ കണ്ടു. റാങ്ക് ലിസ്റ്റ് റദ്ദായതിലുള്ള മനോവിഷമം ആണ് ജീവിതമൊടുക്കാന്‍ കാരണമെന്ന് ദ്യോതിപ്പിക്കുന്ന രീതിയില്‍ ജോലിയില്ലാത്തതാണ് കാരണമെന്ന ആത്മഹത്യക്കുറിപ്പും കണ്ടു. ഇതു സംബന്ധിച്ച വൈകാരിക രോഷങ്ങള്‍ക്കപ്പുറത്ത് കുറച്ചു വസ്തുതകള്‍, ഡാറ്റ സഹിതം പരിശോധിക്കാന്‍ ശ്രമിക്കുകയാണ്.

ആദ്യം തന്നെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരു വര്‍ഷത്തേക്ക് ചുരുക്കിയതിനെകുറിച്ച് പറയാം. ഫോഴ്സുകളില്‍ അപേക്ഷിക്കുന്നതിനുള്ള പ്രായം 27 ആയിരിക്കെ മുന്‍കാലങ്ങളില്‍ റാങ്ക് ലിസ്റ്റ് 7 കൊല്ലം വരെ നീളുന്ന സാഹചര്യത്തില്‍ അവസാനം നിയമനം കിട്ടുന്നവരുടെ പ്രായം 37 വരെ ആയി നീളാന്‍ സാധ്യതയുണ്ടായിരുന്നു. ഫോഴ്സിന്റെ എന്‍ട്രി പ്രായം കുറക്കുന്നതിന്റെ ലക്ഷ്യത്തിനെ തന്നെ ഇല്ലാതാക്കുന്നതായിരുന്നു ഈ പ്രവണത. മാത്രമല്ല UPSC ഒക്കെ മിക്കവാറും എല്ലാ റാങ്ക് ലിസ്റ്റും ഒരു കൊല്ലത്തെ കാലാവധി ആണ് നല്‍കാറുള്ളത് എന്നതും പ്രത്യേകം പ്രസ്താവ്യമാണ്. ഏറ്റവും മികച്ചവര്‍ക്ക് ജോലി ഉറപ്പാക്കാനും ഉദ്യോഗാര്‍ത്ഥികളില്‍ മിടുക്കരായവര്‍ക്ക് അവസരങ്ങള്‍ കൂടുതല്‍ ലഭിക്കാനും ഈ രീതി തന്നെയാണ് ഏറ്റവും ഫലപ്രദവും. അതൊക്കെ പരിഗണിച്ചു കൂടിയായിരിക്കണം സര്‍ക്കാരും PSC യും പോലീസ്, ​​എക്സൈസ് തുടങ്ങിയ ഫോഴ്സുകളിലെ കായിക ശേഷി ആവശ്യമുള്ള യൂണിഫോം തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരു വര്‍ഷമാക്കി പുനര്‍നിര്‍ണയിച്ചത്.

ഇനി ഇപ്പോള്‍ സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തികയിലേക്ക് വരാം. തിരുവനന്തപുരം ജില്ലയിലെ കണക്കുകളാണ് എടുത്തിട്ടുള്ളത്. കാരണം ദൗര്‍ഭാഗ്യകരമായ ആത്മഹത്യ നടന്നത് ആ ജില്ലയിലെ ലിസ്റ്റിനെ ആരോപണത്തിലാക്കിയാണല്ലോ. അതിന്റെ കഴിഞ്ഞ 10-12 കൊല്ലത്തെ നിയമന സ്റ്റാറ്റിസ്റ്റിക്സ് ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. അത് പ്രകാരം 2008 ല്‍ വന്ന ലിസ്റ്റില്‍ നിന്ന് 6-7 കൊല്ലം കൊണ്ട് 258 പേര്‍ക്കാണ് നിയമന ശുപാര്‍ശ ലഭിച്ചതെന്ന് കാണാം. 2014 ല്‍ വന്ന ലിസ്റ്റില്‍ 5 കൊല്ലം കൊണ്ട് 148 പേര്‍ക്കാണ് നിയമനശുപാര്‍ശ ലഭിച്ചത്. ഇനി ഏറ്റവും അവസാനത്തെ ലിസ്റ്റ്. ഒരു വര്‍ഷം കൊണ്ട് 72 പേര്‍ക്കാണ് നിയമന ശുപാര്‍ശ നല്‍കിയത്. പ്രതിവര്‍ഷ ശരാശരി നോക്കിയാല്‍ 2008 ലെ ലിസ്റ്റില്‍ നിന്ന് പ്രതിവര്‍ഷം 43 പേര്‍ക്കും 2014 ലെ ലിസ്റ്റില്‍ നിന്നും പ്രതി വര്‍ഷം 30 പേര്‍ക്കും മാത്രം നിയമനശുപാര്‍ശ നല്‍കിയിരിക്കെ 2019 ലെ ലിസ്റ്റില്‍ നിന്ന് ഒരു വര്‍ഷം 72 നിയമനശുപാര്‍ശയാണ് ഈ സര്‍ക്കാര്‍ നല്‍കിയത്.

ഇനി സര്‍ക്കാരുകള്‍ തമ്മിലുള്ള താരതമ്യം നോക്കാം. 2008 ലെ ലിസ്റ്റില്‍ നിന്നും അന്നത്തെ വി എസ്‌ സര്‍ക്കാര്‍ ആദ്യത്തെ 3 വര്‍ഷം കൊണ്ട് 146 പേര്‍ക്ക് അഡ്വൈസ് നല്‍കിയപ്പോള്‍ തുടര്‍ന്നുള്ള മൂന്ന് വര്‍ഷം ആ ലിസ്റ്റില്‍ നിന്നും പിന്നീട് വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേവലം 112 പേര്‍ക്ക് മാത്രമാണ് നിയമനശുപാര്‍ശ നല്‍കിയത്. വി എസിന്റെ കാലത്ത് ആ ലിസ്റ്റില്‍ നിന്നും പ്രതിവര്‍ഷം ഏകദേശം 50 പേര്‍ക്ക് അഡ്വൈസ് നല്‍കിയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ കാലമായപ്പോള്‍ അത് ഏകദേശം 30 നടുത്തേക്ക് കുറയുകയാണുണ്ടായത്. തുടര്‍ന്ന് വന്ന ലിസ്റ്റില്‍ നിന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന വര്‍ഷം കേവലം 33 പേര്‍ക്കാണ് അഡ്വൈസ് നല്കിയത്. എന്നാല്‍ തുടര്‍ന്നു വന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ 115 പേര്‍ക്ക് ഈ ലിസ്റ്റില്‍ നിന്നും അഡ്വൈസ് നല്‍കുകയുണ്ടായി. തുടര്‍ന്ന് ഇപ്പോഴത്തെ ലിസ്റ്റില്‍ റെക്കോഡ് അഡ്വൈസ് ആണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തിയത്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍. ഒറ്റവര്‍ഷം കൊണ്ട് 72 പേര്‍ക്ക്.

ഇനി സര്‍ക്കാരുകളെ താരതമ്യം ചെയ്താല്‍ പോലും കഴിഞ്ഞ UDF സര്‍ക്കാര്‍ ആകെ 5 കൊല്ലം കൊണ്ട് നടത്തിയത് 145 നിയമന ശുപാര്‍ശ ആണെന്നിരിക്കെ വെറും 3 കൊല്ലം കൊണ്ട് മാത്രം അതിനു മുമ്പത്തെ LDF സര്‍ക്കാര്‍ 146 നിയമന ശുപാര്‍ശ നല്‍കിയിരുന്നു. ഇനി ഇപ്പോഴത്തെ LDF സര്‍ക്കാര്‍ 4 വര്‍ഷം കൊണ്ട് തന്നെ ഇതിനെയൊക്കെ ബഹുകാതം മറികടന്നു കഴിഞ്ഞു. ഇതുവരെ 187 നിയമന ശുപാര്‍ശകളാണ് നല്‍കിയത്. ഇനിയും ഒരു കൊല്ലം ബാക്കിയുണ്ടെന്നതും ഓര്‍ക്കണം.

സിവില്‍ എക്സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റുകളുടെ യാഥാര്‍ത്യം ഏറെക്കുറെ മനസിലായിക്കാണുമെന്ന് കരുതുന്നു. ഇനി റാങ്ക് ലിസ്റ്റിന്റെ കാലാവധി ചുരുക്കിയത് കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കുകയല്ലേ ചെയ്യുക. ഈ ലിസ്റ്റില്‍ പെട്ട മിടുക്കന്മാര്‍ക്കും അടുത്ത പരീക്ഷയും എഴുതാമല്ലോ. റാങ്ക് ഹോള്‍ഡേഴ്സ് എപ്പോഴും പറയുന്ന ഞങ്ങള്‍ പഠിച്ച് മിടുക്കരായി റാങ്ക് നേടിയവരാണെന്നാണല്ലോ. ആ മിടുക്കില്‍ ആത്മവിശ്വാസം ഉണ്ടെങ്കില്‍ പിന്നെ അടുത്ത പരീക്ഷ എഴുതാന്‍ എന്താണ് തടസം. പിന്നെ പറയുക പ്രായപരിധി ആണ്. പരമാവധി പ്രായം 27 ആയി നിജപ്പെടുത്തിയ ഒരു പരീക്ഷയുടെ ദൈര്‍ഘ്യം 6-7 കൊല്ലം ആയാല്‍ എത്ര പേരുടെ അവസരമാണ് നഷ്ടപ്പെടുക. മാത്രമല്ല ദൗര്‍ഭാഗ്യം കൊണ്ട് ഒരു മാര്‍ക്കിന്റെ മൂന്നിലൊന്നിന് റാങ്ക് ലിസ്റ്റില്‍ കയറാന്‍ കഴിയാതെ പോയതുകൊണ്ട് അവരുടെ അവസരം എന്നെന്നേക്കുമായി അവസാനിക്കുകയും ചെയ്യും. മത്സരം കൂടുതല്‍ ഉണ്ടാവുന്നത് മിടുക്കരില്‍ മിടുക്കരെ തെരഞ്ഞെടുക്കുന്നതിനും ഏറ്റവും അര്‍ഹതയുള്ളവര്‍ക്ക് ജോലി ലഭിക്കുന്നതിനും സഹായിക്കും എന്നതാണ് സത്യം. മാത്രമല്ല, റാങ്ക് ലിസ്റ്റിലുള്ളതിനേക്കാള്‍ എത്രയോ മടങ്ങ് പുറത്തുള്ളവര്‍ക്ക് ഒന്നുകൂടി ശ്രമിക്കുന്നതിന് അവസരം ലഭിക്കുകയും ചെയ്യും.

ഇനി ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തിലേക്ക് വരാം. ഈ ഉദ്യോഗാര്‍ത്ഥിക്ക് കേവലം 27 വയസ് മാത്രമാണ് പ്രായം. സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍ മാത്രമാണ് ജീവിക്കാന്‍ കഴിയൂ എന്ന് ചിന്തിച്ചാല്‍ പോലും ഇനിയും എത്രയോ പരീക്ഷകള്‍ എഴുതാനുള്ള പ്രായമുണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവരില്‍ ഒരു പരീക്ഷയില്‍ നിന്ന് ജോലി ലഭിച്ചവര്‍ അത്യപൂര്‍വ്വമായിരിക്കും. പല തവണ എഴുതി പല റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പെട്ട് തന്നെയാണ് മിക്കവാറും പേര്‍ക്ക് ജോലി ലഭിക്കുന്നതും. 27 വയസില്‍ തന്നെ PSC വഴി ജോലി ലഭിച്ചില്ല എന്ന് പറഞ്ഞ് ആത്മഹത്യ ചെയ്തെങ്കില്‍ അത് സര്‍ക്കാരിന്റെ പിഴവാണെന്ന് പ്രചരിപ്പിക്കുന്നതില്‍ ആ ഉദ്യോഗാര്‍ത്ഥിയോടുള്ള അനുഭാവമല്ല മറിച്ച് വേറെ എന്തോ ലക്ഷ്യമാണ് എന്ന് തന്നെ കരുതേണ്ടതുണ്ട് എന്നതാണ് ഇതു സംബന്ധിച്ച വസ്തുതകള്‍ വിശദമാക്കുന്നത്. ഒന്നുകൂടി പറയട്ടെ സര്‍ക്കാര്‍ ജോലി ലഭിച്ചില്ല എങ്കില്‍ ആത്മഹത്യയാണ് ഏക പ്രതിവിധി എന്ന് ഒരാള്‍ തീരുമാനിച്ചാല്‍ അതിന് സമൂഹം ഒരു തരത്തിലും ഉത്തരവാദിയല്ല. ഒരു ജോലിയും ചെയ്യാനാവാത്ത വിധം ഇനി ഒരവസരം നിഷേധിച്ചുകൊണ്ട് അയാളെ ഒറ്റപ്പെടുത്താത്തിടത്തോളം. അയാളെ അകറ്റി നിര്‍ത്താത്തിടത്തോളം. അയാളെ ബഹിഷ്കരിക്കാത്തിടത്തോളം. അയാള്‍ക്ക് വിലക്ക് കല്‍പിക്കാത്തിടത്തോളം. അയാള്‍ക്ക് അയിത്തം കല്‍പിക്കാത്തിടത്തോളം.

കൂട്ടിച്ചേര്‍ത്തത് - ഇതിനിടെ രോഹിത് വെമൂലയെ ഒക്കെ ഇതിലേക്ക് വലിച്ചിടുന്നവരെയും കണ്ടു. അവര്‍ക്ക് വേണ്ടിയാണ് അവസാന വരികള്‍ എഴുതിയിരിക്കുന്നത് എന്ന് മാത്രം പറയുന്നു.

ചരക്ക്‌ ഇടനാഴിയും സ്വകാര്യ മേഖലയ്‌ക്ക്‌

 ന്യൂഡൽഹി ചരക്കുകടത്തിലും സ്വകാര്യവൽക്കരണത്തിന്‌ റെയിൽവേ നീക്കം. 81,459 കോടി രൂപ ചെലവിട്ട്‌ നിർമിക്കുന്ന പൂർവ, പശ്ചിമ ചരക്ക്‌ ഇടനാഴികളിൽ(ഡിഎഫ്‌സി) സ്വകാര്യപങ്കാളിത്തം അനുവദിക്കാനാണ്‌ പദ്ധതി.  ഈ ഇടനാഴികളുടെ നിർമാണത്തിൽ കാലതാമസം നേരിടുന്നതിനിടെയാണ്‌‌ സ്വകാര്യവൽക്കരണം.

വരുമാനം പങ്കിടൽ സംവിധാനത്തിൽ  ഡിഎഫ്‌സിയിൽ സ്വകാര്യപങ്കാളികളെ  നിയോഗിക്കാനാണ്‌ ഉദ്ദേശ്യം‌. കമ്പോളനിരക്കിലാണ്‌ വരുമാനം നിശ്ചയിക്കുക. എന്നാൽ 3,000ൽപ്പരം  കിലോമീറ്ററുള്ള ഡിഎഫ്‌സിയിൽ 500 കിലോമീറ്റർ മാത്രമാണ്‌ പൂർത്തീകരിച്ചത്‌. 2022 ജൂണിൽ രണ്ട്‌ ഇടനാഴിയും പൂർത്തീകരിക്കാനായിരുന്നു പദ്ധതി. പഞ്ചാബിലെ ലുധിയാനയിൽനിന്നാരംഭിച്ച്‌ ഹരിയാന, ഉത്തർപ്രദേശ്‌, ബിഹാർ, ജാർഖണ്ഡ്‌ വഴി പശ്ചിമബംഗാളിലെ ദാങ്കുനിയിൽ എത്തുന്നതാണ്‌ പൂർവ ഇടനാഴി(1856 കിലോമീറ്റർ). ഉത്തർപ്രദേശിലെ ദാദ്രിയിൽനിന്ന്‌ തുടങ്ങി മുബൈയിലെ ജെഎൻപിടി തുറമുഖത്ത്‌ എത്തുന്നതാണ്‌ പശ്ചിമ ഇടനാഴി(1504 കിലോമീറ്റർ). ഇത്‌ ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്‌ വഴിയാണ്‌ മഹാരാഷ്ട്രയിൽ എത്തുക.

സ്ഥലം ഏറ്റെടുക്കുന്നതിലുള്ള ബുദ്ധിമുട്ടാണ്‌ നിർമാണം വൈകാൻ ഇടയാക്കുന്നത്‌.   ഉത്തർപ്രദേശ്‌, ബിഹാർ, ഗുജറാത്ത്‌ സംസ്ഥാനങ്ങളിൽ  റെയിൽവേ മേൽപ്പാലങ്ങൾ നിർമിക്കാൻ വൻതോതിൽ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്‌. ബിഹാറിൽ 29, ഗുജറാത്തിൽ ഏഴ്‌ വീതം മേൽപ്പാലങ്ങളുടെ പണി വൈകുന്നു. 

കോവിഡ്‌ അടച്ചുപൂട്ടൽ നിർമാണജോലികൾ  തടസ്സപ്പെടാൻ ഇടയാക്കി.

മാഹി ബൈപാസ് പാലം: ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന് അതൊന്നും അറിയാത്തതാണോ?

 മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്


നിര്‍മാണത്തിലിരിക്കെ തകര്‍ന്ന മാഹി ബൈപാസ് പാലം പഞ്ചവടിപ്പാലം പോലെയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതായി കണ്ടു. പഞ്ചവടി പാലത്തിന്‍റെ കാര്യം ഇടയ്ക്കു ഓര്‍മിക്കുന്നത് നല്ലതാണ്. അതിനെ വേണമെങ്കില്‍ പാലാരിവട്ടം പാലം എന്നും വിളിക്കാം. ഇവിടെ  അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതില്‍ ഉത്തരവാദിത്തമുണ്ട്; നേട്ടത്തില്‍ അഭിമാനിക്കുന്നവര്‍ പരാജയവും ഏറ്റെടുക്കണം എന്ന്. അത് ഒറ്റപ്പെട്ട ഒരു തോന്നലല്ല. ആ ബൈപാസ് നിര്‍മാണം ഉദ്ഘാടനം ചെയ്തതു മുഖ്യമന്ത്രിയാണെന്നുള്ള പ്രചാരണം മറ്റൊരു വഴിക്കു നടക്കുന്നുണ്ട്.


കേരളത്തില്‍ നടക്കേണ്ട അഭിമാനപദ്ധതി തന്നെയാണ് എന്‍എച്ച് 66ന്‍റെ നാലുവരിപ്പാത വികസനം. അതിനു കേന്ദ്രത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തി യാഥാര്‍ത്ഥ്യമാക്കുകയെന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതും ചെയ്യുന്നതും. ഭൂമിയെടുപ്പിനുള്ള പണം നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണെങ്കിലും, അതിനു ജില്ലാ കലക്ടര്‍മാര്‍ വഴി സംസ്ഥാനം സഹായം നല്‍കണം. ആ സഹായം യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തു ചെയ്യാത്തതു കൊണ്ടാണ് കേരളത്തില്‍ എന്‍എച്ച്  66 വികസനം നടക്കാതെ പോയത്. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദവുമായി ചര്‍ച്ച നടത്തി, ഭൂമിയുടെ വിലയുടെ 25 ശതമാനം സംസ്ഥാനം നല്‍കണമെന്ന വ്യവസ്ഥ അംഗീകരിച്ചതു കൊണ്ടാണ് ഇത് യാഥാര്‍ത്ഥ്യമായത്. യുഡിഎഫ് കാലത്ത് നടക്കാതിരുന്നത് ഇപ്പോള്‍ നടപ്പാക്കി. അതുകൊണ്ടാണ് ഈ വികസനം സംസ്ഥാനത്തിന്‍റെ അഭിമാന പദ്ധതിയാകുന്നത്.


അതിനര്‍ത്ഥം പദ്ധതി നടത്തിപ്പ് സംസ്ഥാനമാണെന്നല്ല. സംസ്ഥാനത്തിന്  പ്രവൃത്തി നടത്താനുള്ള ചുമതലയുമില്ല. ഭൂമിയെടുപ്പില്‍  സംസ്ഥാനം സഹകരിച്ചില്ലെങ്കില്‍ ആ പദ്ധതി നടക്കില്ലായിരുന്നു. ഭൂമി ഏറ്റെടുക്കല്‍ എന്ന ഒറ്റ പ്രശ്നത്തില്‍ കുരുങ്ങി അനിശ്ചിത്വത്തിലായ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിച്ചത്.


ഇതിലെ ഓരോ പ്രവൃത്തിയുടേയും ഡിപിആര്‍  (എസ്റ്റിമേറ്റ്) തയ്യാറാക്കുന്നതും ടെണ്ടര്‍ ചെയ്യുന്നതും കരാറുകാരെ നിശ്ചയിച്ചു കരാര്‍ വെക്കുന്നതും പ്രവൃത്തിയുടെ നിര്‍വ്വഹണം നടത്തുന്നതും മേല്‍നോട്ടം വഹിക്കുന്നതും ഗുണനിലവാരം പരിശോധിക്കുന്നതും അളവെടുക്കുന്നതും കരാറുകാരനു പണം നല്‍കുന്നതും കേന്ദ്ര സര്‍ക്കാരിന്‍റെ ദേശീയപാതാ അതോറിറ്റിയാണ്. സംസ്ഥാന സര്‍ക്കാര്‍ എഞ്ചിനീയര്‍മാര്‍ക്കോ സര്‍ക്കാരിനോ ഒരു ചുമതലയും ഇല്ല. ഇതിന്‍റെ നിര്‍മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചത് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയാണ്. അധ്യക്ഷന്‍ മുഖ്യമന്ത്രിയും. കേന്ദ്ര സഹമന്ത്രി വി മുരളീധരനും പങ്കെടുത്തിരുന്നു.


സംസ്ഥാനത്തു ഒന്നിലേറെ തവണ മന്ത്രിയായിരുന്ന ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന് അതൊന്നും അറിയാത്തതാണോ? എന്തേ കേന്ദ്ര ബിജെപി സര്‍ക്കാരിനെതിരെ പറയാന്‍ മുട്ടുവിറയ്ക്കുന്നു? ഇല്ലാത്ത ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനു മേല്‍ ചാര്‍ത്തുന്നു? ബിജെപിയോട് മൃദുസമീപനം സ്വീകരിക്കുന്നത് ആരൊക്കെ എന്നതാണല്ലോ കോണ്‍ഗ്രസില്‍ ഇപ്പോള്‍ ദേശീയ തലത്തില്‍ നടക്കുന്ന ചര്‍ച്ച. അതില്‍ രമേശ് ചെന്നിത്തലയുടെ പക്ഷം ഏതാണ് എന്ന് ഉറപ്പിക്കുന്നതല്ലേ ഈ സമീപനം?

കേരളത്തിന് സ്വന്തമായി ഇടപെട്ടു തീര്‍ക്കാന്‍ കഴിയുമായിരുന്നുവെങ്കില്‍ കുതിരാന്‍ തുരങ്കം എപ്പോഴേ യാഥാര്‍ഥ്യമാകുമായിരുന്നു എന്നത് കൂടി ഓര്‍ക്കണം. ആലപ്പുഴ ബൈപാസ് ഉദ്ഘാടനം ചെയ്യാന്‍ തടസ്സം ഒരു റെയില്‍വേ മേല്‍പ്പാലമായിരുന്നു എന്നത് ആ ജില്ലക്കാരനായ പ്രതിപക്ഷ നേതാവിന് അറിഞ്ഞുകൂടേ? കൊല്ലം ബൈപാസ് ഉദ്ഘാടനം നടത്തിയ കഥ മറന്നുപോയോ? നിങ്ങള്‍ക്ക് ബിജെപിയെ പേടിയുണ്ടാകാം. അതിനു എല്‍ഡിഎഫ് സര്‍ക്കാരിന് മേല്‍ കുതിര കയറരുത്. ദേശീയപാത എന്താണെന്നുള്ള സാമാന്യ ജ്ഞാനം എങ്കിലും ആര്‍ജിക്കാന്‍ ശ്രമിക്കണം. ആവര്‍ത്തിച്ചു പറയട്ടെ സ്വന്തം ശീലം വെച്ച് മറ്റുള്ളവരെ അളക്കരുത്.


പിണറായി വിജയൻ 

മുഖ്യമന്ത്രി

പങ്കാളിത്ത പെൻഷൻ: വിജ്ഞാപനം നിയമപരമായ ബാധ്യത നിറവേറ്റാൻ

 തിരുവനന്തപുരം> പങ്കാളിത്ത പെൻഷനുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചത്‌ കേസ്‌ കോടതിയിലുള്ള സാഹചര്യത്തിൽ.  പദ്ധതി നടപ്പാക്കിയവർ കാട്ടിയ വീഴ്‌ചയിൽ, സർക്കാർ പ്രതിക്കൂട്ടിലാകുന്നത്‌ തടയാനായാണ്‌ നടപടി. പെൻഷൻ നിധിയിലേക്ക്‌ പണം നിക്ഷേപിക്കുന്നത്‌ സംബന്ധിച്ച്‌ സർക്കാർ വിജ്ഞാപനം ചെയ്‌തിട്ടില്ലെന്നുകാട്ടി കോടതിയിൽ പരാതിവന്നു. തുടർന്ന്‌, നിയമപരമായ ബാധ്യത നിറവേറ്റാനാണ്‌ വിജ്ഞാപനം പുറപ്പെടുവിച്ചത്‌. ഇത്‌ 2013ൽ യുഡിഎഫ്‌ സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയപ്പോൾ പുറപ്പെടുവിക്കേണ്ടതായിരുന്നു.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്‌ പദ്ധതി നടപ്പാക്കിയത്‌. ഇതിന്‌ ഉത്തരവായപ്പോൾ കേന്ദ്ര പെൻഷൻ ഫണ്ട് പങ്കാളിത്ത പെൻഷൻകാർക്ക് ബാധകമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നില്ല. അത് ചൂണ്ടിക്കാട്ടിയാണ്‌ കേസുകൾ വന്നത്‌. ഇതോടെ വിജ്ഞാപനം പുറപ്പെടുവിക്കൽ സർക്കാരിന്റെ നിയമപരമായ ഉത്തരവാദിത്തമായി.

2013 ഏപ്രിൽ ഒന്നുമുതൽ നിയമിതരായ ജീവനക്കാർ വിഹിതം പെൻഷൻ നിധിയിൽ അടയ്ക്കുന്നുണ്ട്‌. സർക്കാരും വിഹിതം അടയ്ക്കുന്നു. പെൻഷൻ ഫണ്ട്‌ റെഗുലേറ്ററി ആൻഡ്‌ ഡെവലപ്‌മെന്റ്‌ ഫണ്ട്‌ (പിഎഫ്‌ആർഡിഎ) നിശ്ചയിച്ച നിധികളിലാണ്  പണം നിക്ഷേപിക്കുന്നത്. പദ്ധതി ഇതേ നിലയിൽ തുടർന്നാൽ,  ജീവനക്കാർ വിരമിക്കുമ്പോൾ ആനുകൂല്യം ലഭിക്കേണ്ടത് നിധിയിൽനിന്നാണ്.  2200 കോടിയിൽപ്പരം രൂപ  കേരളത്തിന്റെ നിക്ഷേപം നിധിയിലുണ്ട്‌.

ഈ ജീവനക്കാർക്ക് പിഎഫ്‌ആർഡിഎ ബാധകമാക്കി വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത് 2013 ഏപ്രിൽ ഒന്നിനുമുമ്പായിരുന്നു. ഈ സാങ്കേതിക നടപടിയാണ് ഇപ്പോൾ പൂർത്തിയാക്കിയത്‌.

വീണ്ടും നുണപ്രചാരണം

പങ്കാളിത്ത പെൻഷൻ പദ്ധതി വിജ്ഞാപനത്തിന്റെ പേരിലും നട്ടാൽ കുരുക്കാത്ത നുണകളുമായി മനോരമ പത്രം. പുനഃപരിശോധനാ സമിതിയെ നിയോഗിച്ചശേഷം പങ്കാളിത്ത പെൻഷൻ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നുവെന്നാണ്‌ പ്രചാരണം.

വിജ്ഞാപനത്തിന്‌ നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം നേടാൻ നടപടികൾ ആരംഭിച്ചുവെന്നാണ്‌ ആരോപിക്കുന്നത്‌. വിജ്ഞാപനം ജൂണിൽ സർക്കാർ ഗസറ്റിൽ വന്നു. 24ലെ നിയമസഭാ സമ്മേളനത്തിനുമുന്നേയാണ്‌ നിയമസഭയ്‌ക്ക്‌ നൽകിയത്‌. വിജ്ഞാപനത്തിന്റെ കാലതാമസ പ്രസ്‌താവന ആവശ്യപ്പെട്ട സബ്‌ജക്ട്‌ കമ്മിറ്റിയിൽനിന്ന്‌ ധനവകുപ്പിന്‌ ലഭിച്ചത്‌.  വിജ്ഞാപനം സംബന്ധിച്ച വിഷയം പരിഗണനാ വിഷയത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന്‌ മനോരമ ആരോപിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ടു പ്രസക്തമെന്നുതോന്നുന്നതെന്തും പരിശോധിക്കാമെന്നത്‌ പരിഗണനാ വിഷയത്തില്‍ പ്രത്യേകം പറയുന്നുണ്ട്. വിജ്ഞാപന വിഷയം പ്രത്യേകം പരിഗണിക്കുന്നതിനായി സമിതിയോട് ആവശ്യപ്പെടുന്ന ഫയലും ഉത്തരവായി.

ഓരോ ജീവനക്കാരനും പെൻഷൻ അക്കൗണ്ടിൽ അടച്ച തുകയ്‌ക്ക് അനുസരിച്ചേ പ്രതിമാസ പെൻഷൻ ലഭിക്കൂ. അത് ഓരോരുത്തർക്കും ബാങ്ക് അക്കൗണ്ടിലാണ്‌ വരിക. എത്ര പെൻഷൻ കിട്ടുമെന്ന്‌ സർക്കാരിന് കൃത്യം കണക്ക് പറയാനാകില്ല.  വിരമിക്കുന്ന അവസരത്തിൽ, അവർ തെരഞ്ഞെടുക്കുന്ന പദ്ധതിക്കനുസരിച്ചുള്ള തുകയാണ്‌ പെൻഷനായി ലഭിക്കുന്നത്‌.

ജ്വല്ലറി തട്ടിപ്പ്‌; ലീഗ്‌ എംഎൽഎ ഖമറുദ്ദീൻ തട്ടിയത്‌ 132 കോടി

 തൃക്കരിപ്പൂർ > ഫാഷൻ ഗോൾഡ്‌ ജ്വല്ലറിയുടെ ഓഹരിയെടുത്തവരെ  മുസ്ലിംലീഗ്‌ നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം സി ഖമറുദ്ദീൻ കബളിപ്പിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കമ്പനി നിയമവും ചട്ടങ്ങളും  കാറ്റിൽപ്പറത്തിയാണ്‌ സാധാരണക്കാർ മുതൽ വൻകിടക്കാരെവരെ നിക്ഷേപകരാക്കിയത്‌‌.  800 പേരിൽനിന്നായി 132 കോടി രൂപ നിയമവിരുദ്ധമായി സമാഹരിച്ചു‌. 2017ൽ  കച്ചവടം നിലച്ചിട്ടും 2019  ജൂൺവരെ ‌ ജ്വല്ലറിയുടെ പേരിൽ പണം കൈപ്പറ്റി.  മത സംഘടനയിലും ലീഗിലും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരാണ്‌ ജ്വല്ലറിയുടെ തലപ്പത്ത്‌ എന്നതിനാലാണ്‌  പലരും ലക്ഷങ്ങൾ നൽകിയത്.

2003ലാണ് ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന പേരിൽ ചെറുവത്തൂരിൽ  എം സി ഖമറുദ്ദീൻ ചെയർമാനും ടി കെ പൂക്കോയ തങ്ങൾ എംഡിയുമായി ജ്വല്ലറി തുടങ്ങിയത്. ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗമാണ്‌ പൂക്കോയ തങ്ങൾ. പിന്നീട്  ഫാഷൻ ഗോൾഡ് ഇന്റർ നാഷണൽ,  ഖമർ ഫാഷൻ ഗോൾഡ്, ഫാഷൻ ഗോൾഡ് ഓർണമെന്റ്‌, നുജൂം ഗോൾഡ് എന്നീ കമ്പനികളായി രജിസ്റ്റാർ ഓഫ് കമ്പനീസ് (ആർഒസി)) മുമ്പാകെ രജിസ്റ്റർ ചെയ്‌തു. ഓരോ വർഷവും ജ്വല്ലറിയിലെ വിറ്റുവരവും ആസ്‌തിയുടെ വിവരങ്ങളും മറ്റും ആർഒസിയിൽ സമർപ്പിക്കണം. എന്നാൽ  2017 മുതൽ ഒരു വിവരവും  ഫയൽ ചെയ്‌തിട്ടില്ല. പണം നൽകിയ ചിലർക്ക് കമ്പനികളുടെ പേരിലും സ്വന്തം പേരിലും കരാർ പത്രവും ചെക്കും നൽകിയിട്ടുണ്ട്.  നിക്ഷേപം സ്വീകരിക്കുമ്പോൾ ആർഒസിയുടെ അനുമതി വാങ്ങണമെന്ന നിബന്ധനയും പാലിച്ചില്ല.

ആവശ്യപ്പെട്ടാൽ തിരിച്ചുനൽകാമെന്ന്‌ വിശ്വസിപ്പിച്ച്‌ 50 രൂപയുടെ മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ടുനൽകിയാണ്‌ മിക്കവരിൽനിന്നും പണം വാങ്ങിയത്. 132 കോടി രൂപ  പൂർണമായും കമ്പനിയുടെ അക്കൗണ്ടിൽ വരവുവച്ചിട്ടില്ല. തലശേരിയിലെ മറ്റൊരു ജ്വല്ലറിയിൽ നിക്ഷേപിച്ച്‌ ലക്ഷങ്ങൾ ലാഭവിഹിതം വാങ്ങിയിട്ടുമുണ്ട്‌. കമ്പനി പ്രവർത്തനം നിലക്കുന്നതിന്‌ മുമ്പ്‌  കാസർകോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും ബംഗളൂരുവിലെ ആസ്‌തിയും വിറ്റു.

ജ്വല്ലറിയിൽ പണം നിക്ഷേപിച്ച കാടങ്കോട് സ്വദേശി അബ്ദുൾ ഷുക്കൂർ, വലിയപറമ്പിലെ ഇ കെ  ആരിഫ, എം ടി പി സുഹറ എന്നിവർ നൽകിയ പരാതിയിൽ ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ തട്ടിപ്പിൽ കുടുങ്ങിയ നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്‌.വൻതട്ടിപ്പ്‌ പുറത്തുവന്നിട്ടും ലീഗ്‌ നേതൃത്വം കുറ്റവാളികളെ  സംരക്ഷിക്കുകയാണ്‌‌. തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ ഇസ്ലാമിയ അഗതി മന്ദിരത്തിന്റെ  ഭൂമി ഇതേ സംഘം തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു. വഖഫ്‌ ഭൂമി രജിസ്‌റ്റർ ചെയ്‌തു സ്വന്തമാക്കിയത്‌ വിവാദമായപ്പോൾ ‌ തിരിച്ചുനൽകി. ഇത്‌ സംബന്ധിച്ചും  അന്വേഷണം നടക്കുന്നുണ്ട്. ഈ ഭൂമി കാണിച്ച്‌ ഇവരുടെ നേതൃത്വത്തിലുള്ള സ്വകാര്യ കോളേജിന്‌ കണ്ണൂർ സർവകലാശാലയിൽനിന്ന്‌ അഫിലിയേഷൻ വാങ്ങാനും ശ്രമമുണ്ടായി.

ജ്വല്ലറി തട്ടിപ്പ്: മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനെതിരെ കേസ്

തൃക്കരിപ്പൂർ> ജ്വല്ലറിയുടെ പേരിൽ  നിക്ഷേപമായി സ്വീകരിച്ച പണം തിരിച്ചു  നൽകാത്തതിന്‌  മുസ്ലിംലീഗ്‌ നേതാവും മഞ്ചേശ്വരം എംഎൽഎയുമായ  എം സി ഖമറുദ്ദീനെതിരെ  ചന്തേര പൊലീസ് കേസ് രജിസ്റ്റർചെയ്തു. ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ച  ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച കാടങ്കോട്ടെ അബ്ദുൾ ഷുക്കൂർ (30 ലക്ഷം), എം ടി പി സുഹറ (15 പവനും ഒരു ലക്ഷവും),  വലിയപറമ്പിലെ ഇ കെ ആരിഫ (മൂന്ന് ലക്ഷം) എന്നിവരുടെ പരാതിയിലാണ്‌  കേസ്‌.

ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാൻ  എം സി ഖമറുദ്ദീൻ എംഎൽഎ, മാനേജിങ് ഡയറക്ടർ  ടി കെ പൂക്കോയ തങ്ങൾ എന്നിവർക്കെതിരെയാണ് കമ്പനിയുടെ മറവിൽ സ്വകാര്യനിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തത്. ഫാഷൻ ഗോൾഡിന്റെ  ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട്  ബ്രാഞ്ചുകൾ കഴിഞ്ഞ ജനുവരിയിൽ പൂട്ടിയിരുന്നു.   അവയുടെ പേരിലുണ്ടായിരുന്ന സ്വത്തുകളും കൈമാറി. കഴിഞ്ഞ വർഷം ആഗസ്ത് മുതൽ നിക്ഷേപകർക്ക് ലാഭവിഹിതം നൽകിയില്ല.

പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ്‌ നിക്ഷേപകർ പരാതി നൽകിയത്. 150 കോടിയുടെ നിക്ഷേപമാണ് മൂന്ന് ജ്വല്ലറിയുടെ പേരിൽ  തട്ടിയതെന്നാണ്‌ ആരോപണം.  800 ഓളം നിക്ഷേപകരുണ്ടായിരുന്ന ഫാഷൻ ഗേൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച മദ്രസ അധ്യാപകനുൾപ്പെടെയുള്ള ഏഴ് പേർ നേരത്തെ  ജില്ലാ പൊലീസ് മേധാവിക്ക്‌ പരാതി നൽകിയിരുന്നു.കാഞ്ഞങ്ങാട്ടെ സി ഖാലിദ് (78 ലക്ഷം), മദ്രസ അധ്യാപകൻ പെരിയാട്ടടുക്കത്തെ ജമാലുദ്ദീൻ (35 ലക്ഷം), തളിപ്പറമ്പിലെ എം ടി പി അബ്ദുൾ ബാഷിർ (അഞ്ച് ലക്ഷം), പടന്ന വടക്കെപ്പുറം വാടക വീട്ടിൽ താമസിക്കുന്ന തളിപ്പറമ്പിലെ എൻ പി  നസീമ (എട്ട് ലക്ഷം), ആയിറ്റിയിലെ കെ കെ സൈനുദ്ദീൻ (15 ലക്ഷം) എന്നിവരാണ്‌   പരാതി നൽകിയത്‌. ജ്വല്ലറി പ്രവർത്തിച്ചിരുന്ന കാസർകോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും ബംഗളൂരുവിലെ ആസ്തിയും ചെയർമാനും സംഘവും നേരത്തെ വിൽപ്പന നടത്തിയിരുന്നു.

വിവാദമായ തൃക്കരിപ്പൂരിലെ വഖഫ് ഭൂമി ഇടപാടിലും എംഎൽഎ  ആരോപിതനായിരുന്നു.  ജാമിഅ സഅദിയ ഇസ്ലാമിയ അഗതി മന്ദിരത്തിന്റെ  ഭൂമി എംഎൽഎയുടെ നേതൃത്വത്തിലുള്ള സ്വകാര്യ കോളേജ്‌ ട്രസ്‌റ്റ്‌  രഹസ്യമായി രജിസ്‌റ്റർ ചെയ്‌തു സ്വന്തമാക്കുകയായിരുന്നു. വിവാദമായപ്പോൾ ആ ഭൂമി തിരിച്ചു നൽകി.   വഖഫ് ബോർഡ് അന്വേഷണം നടത്തുന്നുണ്ട്.

courtesy: deshabhimani

ബിജെപിക്ക് നേരെ ചോദ്യങ്ങള്‍; കസ്റ്റംസിനെ വിലക്കി കേന്ദ്രം

 തിരുവനന്തപുരം> സ്വർണക്കടത്ത്‌ കേസിൽ  ദുബായിലുള്ള യുഎഇ കോൺസുൽ ജനറൽ, അറ്റാഷെ എന്നിവർക്ക്‌ ചോദ്യാവലി അയച്ചുകൊടുത്ത്‌ വിശദീകരണം തേടാനുള്ള കസ്‌റ്റംസിന്റെ ശ്രമം കേന്ദ്രം വിലക്കി. കസ്‌റ്റംസ്‌ തയ്യാറാക്കിയ ചോദ്യാവലി  വിദേശമന്ത്രാലയത്തിന്‌ അയച്ചുകൊടുത്തെങ്കിലും അനുമതി  നിഷേധിച്ചു. ചോദ്യംചെയ്യല്‍  നയതന്ത്രബന്ധങ്ങൾക്ക്‌ വിഘാതമാകുമെന്നാണ് കേന്ദ്ര നിലപാട്. കേന്ദ്രമന്ത്രി വി മുരളീധരൻ അടക്കമുള്ള ഉന്നത ബിജെപി നേതാക്കളിലേക്ക്‌ അന്വേഷണം നീണ്ടതോടെയാണ് വിദേശമന്ത്രാലയത്തിന്റെ ഇടപെടൽ.

പിടിച്ചത്‌‌ നയതന്ത്ര ബാഗേജ്‌ അല്ലെന്ന്‌ കത്ത്‌ നൽകാൻ ജനം ടിവി കോ ഓർഡിനേറ്റിങ്‌ എഡിറ്റർ അനിൽ നമ്പ്യാർ ഉപദേശം നൽകിയോ, ബിജെപിയെ സഹായിക്കണമെന്ന്‌ അനിൽ ആവശ്യപ്പെട്ടോ എന്നതടക്കമുള്ള ചോദ്യങ്ങളാണ്‌ കസ്‌റ്റംസ്‌ തയ്യാറാക്കിയത്‌.  ചോദ്യാവലി അതേപടി അയക്കുകയും കോൺസുൽ ജനറൽ, അറ്റാഷെ എന്നിവർ ഇതിന്‌   മറുപടി നൽകുകയും ചെയ്‌താൽ ബിജെപി പൂർണമായും വെട്ടിലാകും.  സ്വർണമടങ്ങിയ ബാഗേജ്‌ നയതന്ത്ര ബാഗേജല്ലെന്ന്‌ ആവർത്തിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തിയതോടെയാണ് സ്വർണക്കടത്തില്‍ ബിജെപി നേതാക്കളിലേക്ക് സംശയം നീണ്ടത്.

അറ്റാഷെയുടെ പേരിൽ വന്ന നയതന്ത്ര ബാഗേജിലാണ്‌ സ്വർണം പിടിച്ചത്‌. ഇദ്ദേഹം നൽകിയ രേഖകൾ ഉപയോഗിച്ച്‌ സരിത്തും സ്വപ്‌നയും ബാഗേജുകൾ പലതവണ ഏറ്റുവാങ്ങി‌. അറ്റാഷെക്ക്‌ കമീഷൻ നൽകിയിരുന്നതായി സ്വപ്‌ന വെളിപ്പെടുത്തി. സരിത്തിനെയും സ്വപ്‌നയെയും കോൺസുലേറ്റിൽനിന്ന്‌ നീക്കിയശേഷം കോൺസുൽ‌ ജനറൽ ബാഗേജ്‌ ഏറ്റുവാങ്ങുന്നതിനടക്കം ഇവരുടെ സേവനം പ്രയോജനപ്പെടുത്തിയെന്നും കസ്‌റ്റംസ്‌ അന്വേഷണത്തിൽ വ്യക്തമായി. സ്വർണക്കടത്ത്‌ കേസ്‌ അന്വേഷണം സമഗ്രമാകാൻ കോൺസുൽ ജനറലിന്റേയും അറ്റാഷെയുടേയും മറുപടി അനിവാര്യമാണ്.  ഇതിനാണ്‌ ആദ്യപടിയായി ചോദ്യാവലിയിലൂടെ  വിവരങ്ങൾ ശേഖരിക്കാൻ കസ്‌റ്റംസ്‌  കേന്ദ്രസർക്കാരിനെ സമീപിച്ചത്‌.

നയതന്ത്രത്തെ ബാധിക്കുമെന്ന്‌ വ്യാഖ്യാനം

നയതന്ത്ര ബന്ധത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ്‌ ചോദ്യാവലി മടക്കിയതിന്‌ കേന്ദ്രത്തിന്റെ ന്യായം. ചില ചോദ്യങ്ങൾ ഒഴിവാക്കിയാൽ അനുമതി നൽകുന്നത്‌ ആലോചിക്കാമെന്നും അറിയിച്ചിട്ടുണ്ട്‌. സ്വർണക്കടത്ത്‌ കേസിൽ ബിജെപി ബന്ധം പുറത്തുവരാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഒഴിവാക്കാനാണ്‌ നിർദേശം. എന്നാൽ, ഇതൊഴിവാക്കി വിവരങ്ങൾ ശേഖരിക്കുന്നതിൽ  കാര്യമില്ലെന്നാണ്‌ അന്വേഷക സംഘം പറയുന്നത്‌.

ജെയ‌്സൻ ഫ്രാൻസിസ‌്

അനിൽ നമ്പ്യാർ പ്രതിയായാൽ ബിജെപിക്ക്‌ കുരുക്ക്‌ മുറുകും

തിരുവനന്തപുരം> സ്വർണക്കടത്ത്‌ കേസിൽ, ആർഎസ്‌എസ്‌ ചാനൽ തലവൻ അനിൽ നമ്പ്യാർ പ്രതി ചേർക്കപ്പെട്ടാൽ കേന്ദ്ര മന്ത്രി വി മുരളീധരനടക്കമുള്ള ബിജെപി നേതാക്കൾക്ക്‌ കുരുക്ക്‌ മുറുകും. ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട സ്വർണക്കടത്തിനെക്കുറിച്ച്‌ കൃത്യമായ വിവരമുണ്ടായിരുന്നിട്ടും അനിൽ നമ്പ്യാർ മറച്ചുവച്ചത് രാജ്യദ്രോഹ കുറ്റമെന്നാണ്‌ അന്വേഷണ ഏജൻസികൾ പറയുന്നത്‌. കുറ്റവാളികൾക്ക്‌ രക്ഷപ്പെടാനുള്ള ഉപദേശം നൽകിയത്‌ ഇന്ത്യൻ ശിക്ഷാ നിയമം 118 പ്രകാരം കുറ്റകരമാണ്‌.

നയതന്ത്ര ബഗേജ്‌ അല്ല എന്ന്‌ കോൺസുലേറ്റിനെക്കൊണ്ട്‌ പറയിപ്പിക്കാൻ ശ്രമിച്ചത്‌ കുറ്റകൃത്യം മറച്ചുവയ്‌ക്കാൻ കൂട്ടുനിൽക്കലാണ്‌. കുറ്റം മറച്ചുവച്ചതിന്‌ പുറമെ മറ്റൊരു കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്‌തു. 

സ്വർണക്കടത്ത്‌ ഗൂഢാലോചനയിൽ അനിൽ നമ്പ്യാർക്ക്‌ പങ്കുള്ളതായി അന്വേഷണ സംഘത്തിന്‌ വ്യക്തമായ സൂചന കിട്ടിയതായാണ്‌ വിവരം. ഒരു സംസ്ഥാന മന്ത്രിക്കെതിരെ വർഷങ്ങൾക്കുമുമ്പ്‌ വ്യാജ രേഖ ചമച്ച കേസിൽ പ്രതിയായിരുന്ന അനിൽ നമ്പ്യാരുടെ ക്രിമിനൽ പശ്ചാത്തലവും അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നു‌.

കസ്‌റ്റംസ്‌, കോൺസുലേറ്റ്‌ എന്നിവയുമായി നേരിട്ട്‌ ഇടപെടാനുള്ള കഴിവ്‌ അനിലിന്‌ ഇല്ലെന്നാണ്‌ എൻഐഎ വിലയിരുത്തൽ. ബിജെപി നേതാക്കളിൽനിന്ന്‌ നിർദേശവും ഉറപ്പും കിട്ടിയിരിക്കാമെന്നും കരുതുന്നു.

നയതന്ത്ര ഭാഷയിൽ കത്തെഴുതാൻ തയ്യാറായതിൽ ദുരൂഹത

നയതന്ത്ര ബാഗേജ്‌ അല്ല വന്നത്‌ എന്ന്‌ വരുത്താൻ കോൺസൽ ജനറലിനു‌വേണ്ടി കത്ത്‌ തയ്യാറാക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്തതും ഗൂഢാലോചനയിലെ പങ്കിന്‌ തെളിവാണ്‌.

നയതന്ത്ര പ്രതിനിധികളുടെ ഭാഷയിൽ കത്ത്‌ തയ്യാറാക്കാനുള്ള പ്രാപ്‌തിയില്ലാത്ത ഒരാൾ അത്‌ ഏറ്റെടുത്തതിലാണ്‌ ദുരൂഹത. വിദേശ കാര്യവകുപ്പുമായി ബന്ധമുള്ള ആരെങ്കിലും സംഘത്തിൽ ഉൾപ്പെട്ടിരിക്കാമെന്നതിലേക്കാണ്‌ ഇത്‌ വിരൽ ചൂണ്ടുന്നത്‌. ഇക്കാര്യം ബോധ്യമുള്ളതു‌കൊണ്ടായിരിക്കണം, സ്വപ്‌ന കത്ത്‌ തയ്യാറാക്കാൻ അനിലിനെ ചുമതലപ്പെടുത്തിയത്‌. കത്ത്‌ തയ്യാറാക്കുന്ന കാര്യം അനിലിനെ ഏൽപ്പിക്കാൻ കോൺസുൽ ജനറൽ നിർദേശിച്ചതും ഇത്‌ ബലപ്പെടുത്തുന്നു.

സ്വപ്‌നയെ വിളിച്ചത്‌ നയതന്ത്ര ബാഗേജിനെക്കുറിച്ച്‌ അന്വേഷിക്കാനെന്ന അനിൽ നമ്പ്യാരുടെ വാദം കസ്‌റ്റംസ്‌ തള്ളി.

വിവരം തിരക്കാൻ വിളിച്ച ആൾ എങ്ങനെ കേസിൽനിന്ന്‌ തലയൂരാൻ ഉപദേശം നൽകിയെന്നത്‌ അന്വേഷണസംഘത്തെ ആശ്ചര്യപ്പെടുത്തി. വിദേശ നയതന്ത്ര പ്രതിനിധിയെ സ്വകാര്യ ചടങ്ങിന്‌ ക്ഷണിച്ചതും ഉപഹാരം നൽകിയതും നിയമവിരുദ്ധമാണ്‌. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പിന്തുണ ഉണ്ടെന്ന്‌ അറിയാവുന്നതിനാലാണ്‌ നയതന്ത്ര പ്രതിനിധി ചടങ്ങിൽ പങ്കെടുത്തതെന്നാണ്‌ നിഗമനം.

അന്വേഷണ സംഘത്തെ പൊളിക്കാൻ നീക്കം: കസ്‌റ്റംസിൽ വീണ്ടും സ്ഥലം മാറ്റ ഭീഷണി

തിരുവനന്തപുരം> സ്വർണക്കടത്ത് കേസ്‌ അന്വേഷണം ബിജെപി നേതൃത്വത്തിലേക്ക്‌ എത്തിയതിനു പിന്നാലെ കേസ്‌ അന്വേഷിക്കുന്ന കസ്‌റ്റംസ്‌ സംഘത്തിലെ ചിലരെക്കൂടി സ്ഥലം മാറ്റാൻ നീക്കം. അന്വേഷണത്തിന് നേതൃത്വം നൽകുന്ന പ്രിവന്റീവ് വിഭാഗം കമീഷണർ ഉൾപ്പെടെയുള്ളവർക്കാണ് സ്ഥലംമാറ്റ ഭീഷണി.

ആദ്യഘട്ടത്തിൽ അന്വേഷണത്തിന് നേതൃത്വം നൽകിയ ജോയിന്റ് കമീഷണർ അനീഷ് പി രാജനെ നാഗ്പുരിലേക്ക് മാറ്റി. എട്ടുപേരെയും അതോടൊപ്പം മാറ്റി.

പ്രിവന്റീവ് കമീഷണർ സുമിത് കുമാറിനും സൂപ്രണ്ട് വി വിവേകിനുമാണ്‌ ഇപ്പോൾ സ്ഥലംമാറ്റ ഭീഷണി. തുടക്കംമുതൽ ഇരുവരും ബിജെപി നേതൃത്വത്തിന്റെ നോട്ടപ്പുള്ളികളാണ്. അസാമാന്യ ധൈര്യത്തോടെ സുമിത് കുമാർ കൈക്കൊണ്ട തീരുമാനങ്ങളാണ് നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത് കേസിനെ ഇതുവരെ എത്തിച്ചത്.

ആർഎസ്‌എസ്‌ ചാനൽ ജനം ടിവി മേധാവി അനിൽ നമ്പ്യാരെ ചൊദ്യം ചെയ്യുകയും ഒരു പക്ഷേ അറസ്റ്റിലായേക്കുമെന്ന സൂചനയും വന്നതോടെയാണ്‌ ഇപ്പോഴത്തെ സ്ഥലംമാറ്റ നീക്കം.അനീഷ്‌ പി രാജന്‌ പിന്നാലെ പ്രധാന ഉദ്യോഗസ്ഥരും സ്ഥലംമാറ്റ ഭീഷണിയിലായതോടെ അന്വേഷണസംഘം അങ്ങേയറ്റം നിരാശയിലാണെന്ന് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. അറസ്റ്റിലായ പ്രതികൾ കസ്റ്റംസ് നിയമത്തിലെ 108–-ാം വകുപ്പുപ്രകാരം നൽകിയ മൊഴിയിൽ പരാമർശിക്കുന്ന എല്ലാവരെയും ചോദ്യം ചെയ്യുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടുണ്ട്.

ഗൂഢാലോചനയിൽ അനിൽ നമ്പ്യാരുടെ പങ്ക് സ്വപ്നയുടെ മൊഴിയിൽ വ്യക്തമായിരുന്നു. എന്നിട്ടും ചൊദ്യം ചെയ്യാൻ വിളിപ്പിക്കാതിരിക്കാൻ കടുത്ത സമ്മർദമുണ്ടായി. എങ്കിലും സുമിത് കുമാർ വഴങ്ങാത്തതിനാലാണ്‌ വൈകിയെങ്കിലും ചോദ്യം ചെയ്‌തത്‌.

സ്വര്‍ണക്കള്ളക്കടത്ത് കേസ്: രാമനിലയത്തിൽ കേന്ദ്രമന്ത്രിയുടെ ദുരൂഹ ചർച്ച

തൃശൂർ> സ്വർണക്കള്ളക്കടത്ത് കേസ്  വഴിത്തിരിവിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാമനിലയത്തിൽ തങ്ങി ചർച്ച നടത്തിയതായി സൂചന. വ്യാഴാഴ്ച പകൽ 3.30നും  ശനിയാഴ്ച പകൽ രണ്ടിനുമാണ് കേന്ദ്രമന്ത്രി മുരളീധരൻ രാമനിലയത്തിലെത്തി കേന്ദ്ര ഉദ്യോഗസ്ഥരെയടക്കം ചിലരെ വിളിച്ചുവരുത്തി സംസാരിച്ചതായി പറയുന്നത്‌. അടച്ചിട്ട മുറിയിലായിരുന്നു ചർച്ച.തിരുവനന്തപുരത്തുനിന്നുള്ള പാസ്പോർട്ട് വിഭാഗം ഉദ്യോഗസ്ഥർ ഉൾപ്പെടെ ചിലരുമായാണ് സംസാരിച്ചത്‌. തിരുവനന്തപുരവും കൊച്ചിയും ഒഴിവാക്കി  തൃശൂർ രാമനിലയത്തിലേക്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി സംസാരിച്ചതിൽ‌ ദുരൂഹതയുണ്ട്‌.  കഴിഞ്ഞദിവസം ജനം ടിവി കോ–- ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ അന്വേഷണം ചില ബിജെപി നേതാക്കളിലേക്കും നീങ്ങുന്നതായാണ് പുറത്തുവരുന്ന വിവരം.

ഇതിനിടെയാണ് മറ്റു പരിപാടികളൊന്നും കാര്യമായി ഇല്ലാതിരിക്കെ കേന്ദ്രമന്ത്രി രണ്ടുദിവസം തൃശൂർ രാമനിലയത്തിൽ എത്തി ചിലരുമായി ചർച്ച നടത്തിയത്. ഗവൺമെന്റ് ഓഫ് ഇന്ത്യ ബോർഡുള്ള  വാഹനങ്ങളിൽ വന്നവരുമായാണ് കേന്ദ്രമന്ത്രി ചർച്ച നടത്തിയത്. ചർച്ചകൾക്കുശേഷം, മന്ത്രിയുൾപ്പെടെയുള്ളവർ വിവിധ വാഹനങ്ങളിൽ കയറി സ്ഥലംവിട്ടു.

courtesy: deshabhimani

Saturday, August 29, 2020

സംസ്ഥാനങ്ങൾക്ക്‌ ജിഎസ്‌ടി നികുതി വിഹിതം നൽകാനാവില്ലെന്ന കേന്ദ്ര തീരുമാനം തിരുത്തണം; ശക്തമായ പ്രതിഷേധം: സിപിഐ എം

 തിരുവനന്തപുരം > ജിഎസ്‌ടി നികുതി വിഹിതമായി സംസ്ഥാനങ്ങള്‍ക്ക്‌ കേന്ദ്രം നല്‍കേണ്ട 2.35 ലക്ഷം കോടി രൂപ നല്‍കാനാവില്ലെന്ന കേന്ദ്രഗവണ്‍മെന്റ്‌ ജിഎസ്‌ടി കൗണ്‍സിൽ തീരുമാനം സർക്കാരുകൾക്ക്‌ കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി കേരളത്തിനും ആയിരക്കണക്കിന്‌ കോടി രൂപ കിട്ടാതെവരും. ഏപ്രില്‍ മുതല്‍ ജൂലൈ 31 വരെയുള്ള നാല്‌ മാസക്കാലത്തേയ്‌ക്ക്‌ 7100 കോടി രൂപയോളം ലഭിക്കാനുണ്ട്‌. ആഗസ്റ്റ്‌ മുതല്‍ ഡിസംബര്‍ വരെയുള്ള പ്രതീക്ഷിത വിഹിതം ചേര്‍ക്കുമ്പോള്‍ 9000 കോടി രൂപ കൂടി ലഭിക്കേണ്ടതുണ്ട്‌. കേന്ദ്രം നല്‍കാനുള്ള തുക നിഷേധിച്ചാല്‍ 2020-ലെ കുടിശ്ശിഖ മാത്രം 16000 കോടി രൂപയിലധികമാകും.

സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി തകര്‍ക്കുകയും ശമ്പളമുള്‍പ്പെടെയുള്ള നിത്യ ചെലവുകള്‍ നല്‍കാന്‍ പണമില്ലാതെ വരുകയും ചെയ്യുന്ന സ്ഥിതി ഇതുവഴി സംജാതമാകും. ജിഎസ്‌ടി സമ്പ്രദായം നടപ്പിലാക്കുന്നതിന്‌ മുമ്പ്‌ സംസ്ഥാനങ്ങള്‍ക്ക്‌ സ്വന്തമായി നികുതി നിശ്ചയിക്കാനും പിരിക്കാനുമുണ്ടായിരുന്ന അവകാശം ഇല്ലാതാക്കി മുഴുവന്‍ നികുതി പിരിവും കേന്ദ്രം ഏറ്റെടുക്കുകയാണുണ്ടായത്‌. ഈ കേന്ദ്രനിയമം വഴി സംസ്ഥാനങ്ങള്‍ക്കുണ്ടായ നഷ്‌ടം നികത്താനുള്ള നിയമത്തിലെ വ്യവസ്ഥ അംഗീകരിക്കില്ല എന്നാണ്‌ കേന്ദ്രഗവണ്‍മെന്റ്‌ നിലപാട്‌.

കേന്ദ്രഗവണ്‍മെന്റ്‌ നല്‍കേണ്ട വിഹിതം നല്‍കുന്നതിന്‌ പകരം സംസ്ഥാനം കടമെടുത്ത്‌ ചെലവ്‌ നടത്തണം എന്നാണ്‌ ഇപ്പോള്‍ കേന്ദ്രഗവണ്‍മെന്റ്‌ നിര്‍ദ്ദേശിക്കുന്നത്‌. പ്രളയം, പ്രകൃതിക്ഷോഭങ്ങള്‍ തുടങ്ങി ഇപ്പോള്‍ കോവിഡ്‌ മഹാമാരി കൂടി നേരിടേണ്ടി വന്ന സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്‌. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങളെ സഹായിക്കേണ്ട കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കാനുള്ള അര്‍ഹതപ്പെട്ട നികുതി വിഹിതം നല്‍കിയില്ലെങ്കില്‍ കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനവും, ശമ്പളവും പെന്‍ഷനുമുള്‍പ്പെടെയുള്ള അടിസ്ഥാന ചെലവുകളും പ്രതിസന്ധിയിലാകും. കേന്ദ്രഗവണ്‍മെന്റ്‌ തീരുമാനത്തിനെതിരെ വിവിധ സംസ്ഥാന ഗവണ്‍മെന്റുകള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു.

ഈ നിലപാട്‌ തിരുത്താന്‍ കേന്ദ്രഗവണ്‍മെന്റ്‌ തയ്യാറാകണമെന്നും സംസ്ഥാനങ്ങളെ ദുരിതത്തിലാക്കുന്ന നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിന്‌ എല്ലാവരും ഒറ്റക്കെട്ടായി രംഗത്ത്‌ വരണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ്‌ ആഹ്വാനം ചെയ്‌തു.

മാഹി ബൈപ്പാസ്‌; സംസ്ഥാനത്തിന് പ്രവൃത്തി നടത്താനുള്ള യാതൊരു ചുമതലയുമില്ല; പ്രതിപക്ഷ നേതാവിന്‌ അത്‌ അറിയാഞ്ഞിട്ടല്ല: മുഖ്യമന്ത്രി

 തിരുവനന്തപുരം > മാഹി ബൈപ്പാസിലെ പാലം തകർന്നതിൽ സർക്കാരിന് പങ്കുണ്ടെന്ന പ്രതിപക്ഷനേതാവിൻ്റെ പ്രസ്‌താവന നേരത്തെ പറഞ്ഞ അദ്ദേഹത്തിൻ്റെ പ്രത്യേകത കൊണ്ട് പറയുന്നതാണെന്ന്‌ മുഖ്യമന്ത്രി. പഞ്ചവടിപ്പാലത്തിൻ്റെ കാര്യം അദ്ദേഹം പരാമർശിച്ചതായി കണ്ടു. അതൊക്കെ ഓർക്കുന്നത് നല്ലതാണ്. ആ ബൈപ്പാസിൻ്റെ നിർമ്മാണപ്രവർത്തനം ഉദ്ഘാടനം ചെയ്‌തത് മുഖ്യമന്ത്രിയാണെന്ന പ്രചാരണം ഒരു വഴിക്ക് നടക്കുന്നുണ്ട്.


കേരളത്തിലെ ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായാണ് മാഹി ബൈപ്പാസ് നിർമ്മിക്കുന്നത്. അതിനായി കേരളത്തിൽ ആവശ്യമായ ഇടപെടൽ നടത്തി യഥാർത്ഥ്യമാക്കുക എന്നത് സംസ്ഥാന സർക്കാരിൻ്റെ പ്രാഥമികമായ ഉത്തരവാദിത്തമാണ്, അതിനാണ് സർക്കാർ ശ്രമിച്ചത്. അപ്പോഴാണ് ഭൂമിയേറ്റെടുക്കാനുള്ള പണത്തിൻ്റെ ഒരു ഭാഗം സംസ്ഥാനം വഹിക്കണം എന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. അതിനു നാം തയ്യാറായി. ഒരു ഭാഗം നമ്മൾ കൊടുത്തു എന്നു വച്ചാൽ പദ്ധതിയാകെ നാം നടത്തുന്നുവെന്നല്ല.

ആ ഭൂമി കലക്‌ടർമാർ വഴി ഏറ്റെടുക്കുക എന്നതാണ് സംസ്ഥാനത്തിൻ്റെ ചുമതല. ആ ജോലി യുഡിഎഫ് സർക്കാർ ചെയ്യാത്തത് കൊണ്ടാണ് കേരളത്തിൽ ദേശീയപാതാവികസനം തീരെ നടക്കാതെ പോയത്. എന്നാൽ എൽഡിഎഫ് സർക്കാർ വന്നപ്പോൾ കേന്ദ്രവുമായി നിരന്തരം ചർച്ചനടത്തുകയും കേന്ദ്രമന്ത്രിയെ കാണുകയും ചെയ്‌തു. ഭൂമിവില വളരെ കൂടുതാലണെന്നും അതിനാൽ പകുതി തരണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അതിൻമേൽ ചർച്ച നടത്തിയാണ്. 21 ശതമാനം ചിലവ് കേരളം ഏറ്റെടുക്കാം എന്ന് സമ്മതിച്ചത്. യുഡിഎഫ് ഒന്നും ചെയ്യാതിരുന്ന ഒരു കാര്യം സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുകയാണ്. അതു സംസ്ഥാനത്തിൻ്റെ അഭിമാനപദ്ധതിയാണ്.

എന്നാൽ പദ്ധതിയുടെ നടത്തിപ്പ് സംസ്ഥാനത്തിനാണ് എന്ന് അർത്ഥമില്ല. സംസ്ഥാനത്തിന് പ്രവൃത്തി നടത്താനുള്ള യാതൊരു ചുമതലയുമില്ല. ഭൂമിയെടുപ്പിൽ സംസ്ഥാനം സഹകരിച്ചില്ലെങ്കിൽ ആ പദ്ധതി നടക്കില്ലായിരുന്നു. ഭൂമിയേറ്റെടുക്കല്ലിൽ കുടുങ്ങിയ പദ്ധതിയാണ് സംസ്ഥാനം ഇടപെട്ട് യഥാർത്ഥ്യമാക്കിയത്. ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കിയതും ഡിപിആർ ഒരുക്കിയതും മേൽനോട്ടം വഹിക്കുന്നതും അളവെടുക്കുന്നതും കരാറുകാരന് പണം നൽകുന്നതും എല്ലാം കേന്ദ്രത്തിന്‍റെ ദേശീയപാതാ അതോറിറ്റിയാണ്. സംസ്ഥാന സർക്കാരിനോ പൊതുമാരമത്ത് വകുപ്പിനോ അവിടെ റോളില്ല.

നിര്‍മ്മാണോദ്ഘാടനം നിർവഹിച്ചത് കേന്ദ്രമന്ത്രിയാണ്. മുഖ്യമന്ത്രിയും കേന്ദ്രസഹമന്ത്രിയും ആ ചടങ്ങിൽ പങ്കെടുത്തു. ഇതൊന്നും അറിയാത്ത ആളല്ല പ്രതിപക്ഷനേതാവ്. അദ്ദേഹം ഒന്നിലേറെ തവണ മന്ത്രിയായിരുന്നു. എന്തോ ഒരു വിഭ്രാന്തിയിൽ അദ്ദേഹം എന്തൊക്കെയോ പറയുകയാണ്. എന്നാൽ ആളുകൾ ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. കേന്ദ്രത്തെയോ ബിജെപിയേയോ പറയേണ്ടി വരുമ്പോൾ അദ്ദേഹം മൃദുവായി സംസാരിക്കുന്നുണ്ട്. പലതും വിഴുങ്ങുന്നുണ്ട്.

കോണഗ്രസിൽ ഇപ്പോൾ നടക്കുന്ന പ്രധാന ചർച്ച ബിജെപിയോട് ആര് മൃദു സമീപനം സ്വീകരിക്കുന്നു എന്ന കാര്യത്തിലാണ്. നാം കാണേണ്ട ഒരു കാര്യമുണ്ട്. ഇത്തരം കാര്യങ്ങള്‍ സംസ്ഥാനത്തിന് ഇടപെട്ട് തീർക്കാൻ സാധിക്കുമായിരുന്നുവെങ്കിൽ കുതിരാൻ തുരങ്കവും ആലപ്പുഴ ബൈപ്പാസും എന്നോ തീർത്ത് ഉദ്ഘാടനം ചെയ്തേനെ. കൊല്ലം ബൈപ്പാസ് ഉദ്ഘാടനം നടത്തിയ കഥ മറന്നു പോയോ. ദേശീയപാത എന്താണെന്ന സാമാന്യ ധാരണ ഇല്ലാഞ്ഞിട്ടല്ല ഇങ്ങനെ പറയുന്നത്. ഒന്നേ പറയുന്നുള്ളു, പലവട്ടം പറഞ്ഞതാണ് സ്വന്തം ശീലം വച്ച് മറ്റുള്ളവരെ അളക്കരുത് - മുഖ്യമന്ത്രി പറഞ്ഞു.

ജിഎസ്‌ടി നഷ്‌ടപരിഹാരം പൂർണമായും കിട്ടിയേ തീരൂ; വേർതിരിവ് അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം > ജിഎസ്‍ടി കോംപൻസേഷനിൽ നമ്മുടെ സംസ്ഥാനം നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും നഷ്‌ടപരിഹാരം പൂർണമായും കിട്ടിയേ തീരൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്‌ വായ്‌പ എടുക്കാനുള്ള ചുമതല സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുത്. അതിന് മൂന്ന് കാരണം ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനങ്ങൾക്ക് എടുക്കുന്ന വായ്‌പ‌യ്ക്ക് കേന്ദ്രസർക്കാരിനേക്കാൾ 1.5-2 ശതമാനം പലിശ നൽകേണ്ടി വരും. രണ്ടാമത്തെ കാരണം കേന്ദ്രസർക്കാർ വായ്‌പാ പരിധി എത്ര ഉയർത്തും എന്നത് അനിശ്ചിതമാണ്. ഓരോ സംസ്ഥാനത്തിനുമുള്ള നഷ്‌ട‌പരിഹാരത്തിൽ വലിയ ഏറ്റക്കുറച്ചിലുണ്ട്. ഓരോ സംസ്ഥാനത്തിനും അനുവദിക്കുന്ന ധനക്കമ്മി പരിധിയിലെ ഇളവ് വ്യത്യസ്‌തമാണ്.

2020-21 റവന്യൂകമ്മി 3 ലക്ഷം കോടിയായിരിക്കും എന്നാണ് കണക്ക്. എന്നാൽ ജിഎസ്‌ടി സെസിൽ നിന്നും 70000 കോടി മാത്രമേ പിരിഞ്ഞു കിട്ടു. ബാക്കി തുക എവിടെ നിന്നും കിട്ടും. ബാക്കിയുള്ള 2.30 ലക്ഷം കോടി ജിഎസ്‌ടി ഇടിവിലെ നഷ്‌ട‌മാണ്. ജിഎസ്‌ടി നഷ്‌ടം വഹിക്കുന്നതിലെ വേർതിരിവ് അംഗീകരിക്കാനാവില്ല. ഈ നഷ്‌ടം കേന്ദ്രം വായ്‌പ എടുത്ത് നികത്തണം. ജിഎസ്‌ടി കൗണ്‍സിലില്‍ ഈ നിലപാട് സ്വീകരിച്ച സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരുടെ യോഗം കേരളം മുൻകയ്യെടുത്ത് നടത്തുന്നുണ്ട് - മുഖ്യമന്ത്രി.

ബിജെപി ഇത്ര പെട്ടെന്ന്‌ ജനം ടിവിയെ തള്ളിപ്പറഞ്ഞത് കടന്നകൈയായി പോയി: മുഖ്യമന്ത്രി

തിരുവനന്തപുരം > സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷുമായി ജനം ടിവിയിലെ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് ബന്ധമുണ്ടെന്ന് വെളിപ്പെട്ടതോടെ ബിജെപി നേതാക്കള്‍ ചാനലിനെ തള്ളിക്കളഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

അന്വേഷണം അതിന്റേതായ വഴിയ്ക്ക് നീങ്ങട്ടെയെന്നും ശരിയായ ദിശയിലാണ് അന്വേഷണം പുരോഗമിക്കുന്നത് എന്ന് നേരത്തെ തന്നെ പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘അതിന്റെ ഭാഗമായി മറ്റൊരു ചിത്രം വരച്ചുകാട്ടാന്‍ ശ്രമിച്ചപ്പോഴാണ് അന്വേഷണം കൂടുതലായി നടക്കട്ടെ, അപ്പോള്‍ ആരുടേ നെഞ്ചിടിപ്പ് കൂടുമെന്ന് നോക്കാമെന്ന് പറഞ്ഞത്’

അന്വേഷണം നടക്കട്ടെ. പക്ഷെ അപ്പോഴേക്ക് തന്നെ ജനം ടി.വിയെ പോലൊരു ചാനലിനെ തന്നെ തള്ളിപ്പറയുന്ന നില എന്തുകാണ്ടാണ് സ്വീകരിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘അതൊരു കടന്നകൈയായി പോയി. നാടിന്റെ മുന്നില്‍ അങ്ങനെ സംസാരിച്ചവര്‍ പരിഹാസ്യരാകുന്ന നിലയാണല്ലോ ഉണ്ടാകുന്നത്. എല്ലാവര്‍ക്കും അറിയാല്ലോ വസ്‌തുത’, മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ ജനം ടിവിയുമായി ബിജെപിയ്ക്ക് ബന്ധമില്ലെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നത്. മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നതായി സ്വപ്‌ന സുരേഷ് മൊഴി നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

വ്യാഴാഴ്‌ച സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്‌തിരുന്നു. കേസില്‍ പ്രതിയായ സ്വപ്ന സുരേഷുമായുള്ള ബന്ധം വെളിപ്പെട്ടതിന് പിന്നാലെ ജനം ടി.വിയില്‍ നിന്ന് മാറിനില്‍ക്കുകയാണെന്ന് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ അറിയിച്ചിരുന്നു.

നോട്ടുകളുടെ എണ്ണം പെരുകുന്നു; കറന്‍സി മാനേജ്മെന്‍റ് പാളുന്നുവോ?

 ഇടപാടുകള്‍ക്ക് ഡിജിറ്റല്‍ സൗകര്യങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്‍റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെയും ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് കറന്‍സി ഇന്‍ സര്‍ക്കുലേഷനില്‍ രേഖപ്പെടുത്തുന്ന അഭൂതപൂര്‍വ്വമായ വര്‍ദ്ധനവ്. ആഗസ്റ്റ്മാസം 21-ാം തീയതി നമ്മുടെ കറന്‍സി സംവിധാനത്തിലെ കറന്‍സി ഇന്‍ സര്‍ക്കുലേഷന്‍ 26.92 ട്രില്ല്യണ്‍ കോടി രൂപയാണെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കറന്‍സി കണക്കുകള്‍ വ്യക്തമാക്കുന്നത്. നോട്ടുനിരോധനം മൂലം കറന്‍സി സംവിധാനത്തിലെ കള്ളനോട്ടുകള്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടേയില്ലെന്ന് വ്യക്തമാക്കി പുതിയ നോട്ടുകളുടെ കള്ളനോട്ടുകളും പെരുകുന്നു.അഡ്വ ടി കെ തങ്കച്ചന്‍ എഴുതുന്നു.


റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആഗസ്റ്റ് 25ന് പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2020 മാര്‍ച്ച് 31ന് പ്രചാരത്തിലുള്ള ബാങ്ക് നോട്ടുകളുടെ മൂല്യം 24.21 ട്രില്ല്യണ്‍ കോടി രൂപയാണ്. മുന്‍വര്‍ഷത്തേതിനേക്കാള്‍ 14.7ശതമാനം വര്‍ദ്ധനവ്. ബാങ്ക് നോട്ടുകളുടെ എണ്ണം 10876 കോടിയില്‍ നിന്നും 11598 കോടിയായും വര്‍ദ്ധിച്ചു. 722 കോടി ബാങ്ക് നോട്ടുകള്‍ കൂടി. 2020 മാര്‍ച്ച് 31ന് പ്രചാരത്തിലുള്ള നാണയങ്ങളുടെ മൂല്യം 21305 കോടി രൂപയാണ് മാര്‍ച്ച് 31 ന് കറന്‍സി ഇന്‍ സര്‍ക്കുലേഷന്‍ 24.47 ട്രില്ല്യണ്‍ കോടി രൂപ.

നോട്ടുനിരോധന ദിവസം പ്രചാരത്തിലുണ്ടായിരുന്ന ബാങ്ക് നോട്ടുകളുടെ എണ്ണം 9027 കോടി ആയിരുന്നു. 2016 നവംബര്‍ 8ന് ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും 2402 കോടി നോട്ടുകള്‍ നിരോധിച്ചു. ഇപ്പോള്‍ പ്രചാരത്തിലുള്ള ബാങ്ക് നോട്ടുകള്‍ 2, 5, 10, 20, 50, 100, 200, 500, 2000  രൂപ എന്നീ മൂല്യശ്രേണികളിലാണ്. നാണയങ്ങള്‍ 50 പൈസ, 1 രൂപ, 2 രൂപ, 5 രൂപ, 10 രൂപ എന്നീ മൂല്യശ്രേണികളിലാണ്.

1934ലെ റിസര്‍വ് ബാങ്ക് ഓഫ് ആക്ടിന്‍റെ 53-ാം വകുപ്പ് പ്രകാരം പ്രസിദ്ധീകരിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നത് ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണ്. കോവിഡ് 19 മഹാമാരിയുടെ സര്‍വസ്പര്‍ശിയായ കെടുതികള്‍ 2020 മാര്‍ച്ച് 31 ന് നമ്മുടെ സമ്പദ്ഘടനയെ ഗണ്യമായി ബാധിച്ചിരുന്നില്ല. എന്നാല്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ റിസര്‍വ് ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത് കോവിഡ് 19 മഹാമാരി സൃഷ്ടിച്ച കറന്‍സിയുടെ വര്‍ദ്ധിത ആവശ്യം നേരിടുന്നതിന് വിവിധനടപടികള്‍ സ്വീകരിച്ചത് കൂടാതെ അച്ചടിശാലകള്‍, പേപ്പര്‍ മില്ലുകള്‍, ബാങ്ക് എന്നിവയ്ക്ക് ഏത് അനിശ്ചിതസാഹചര്യവും നേരിടുന്നതിനാവശ്യമായ പദ്ധതികള്‍ സജ്ജമാക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു എന്നാണ്. റിപ്പോര്‍ട്ടിലെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് 2020 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ മാത്രമാണ്. അതിനാല്‍ മാര്‍ച്ച് 31 ന് ശേഷം കറന്‍സിയുടെ വര്‍ദ്ധിത ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് റിസര്‍വ് ബാങ്ക് നടത്തിയിട്ടുള്ള നടപടികളുടെ ഫലപ്രാപ്തി പരിശോധിക്കുന്നതിന് ഈ വാര്‍ഷിക റിപ്പോര്‍ട്ട് പര്യാപ്തമല്ല.

കറന്‍സി മാനേജ്മെന്‍റിന്‍റെ പ്രധാനനേട്ടങ്ങളായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത് കറന്‍സി വേരിഫിക്കേഷന്‍ ആന്‍റ് പ്രൊസ്സസിംഗ് സിസ്റ്റത്തിന്‍റെ (ICCOMS) ആധുനികവത്ക്കരണം, ഇന്‍റഗ്രേറ്റഡ് കമ്പ്യൂട്ടറൈസ്ഡ് കറന്‍സി ഓപ്പറേഷന്‍ മാനേജ്മെന്‍റ് സിസ്റ്റം(CVPS)-e-Kuber  സംയോജനം, വൃത്തിയുള്ള നോട്ടുകളും നാണയങ്ങളും തൃപ്തികരമായ അളവില്‍ ലഭ്യമാക്കുന്നത് ഉറപ്പുവരുത്തി, കാഴ്ചപരിമിതര്‍ക്ക് സഹായകരമായ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രാബല്യത്തില്‍ വരുത്തി എന്നിവയാണ്.

1970ല്‍ 250 കോടി ആയിരുന്ന ബാങ്ക് നോട്ടുകളുടെ എണ്ണം 1988ല്‍ 1600 കോടിയായി ഉയര്‍ന്നപ്പോള്‍ കറന്‍സി മാനേജ്മെന്‍റിന് നിലവില്‍ ഉണ്ടായിരുന്ന എല്ലാ സംവിധാനങ്ങളും നടപടിക്രമങ്ങളും സാങ്കേതികവിദ്യയും പരിശോധിച്ച് അവയെല്ലാം പരിഷ്കരിക്കുന്നതിന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടര്‍ ഗവര്‍ണര്‍ പി.ആര്‍. നായിക് അദ്ധ്യക്ഷനായ ഒരു കമ്മിറ്റിയെ റിസര്‍വ് ബാങ്ക് നിയമിച്ചു. നായിക് കമ്മിറ്റി ബാങ്ക് നോട്ടുകളുടെ എണ്ണം ഉയരാതെ നിയന്ത്രിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ശുപാര്‍ശ സ്വീകരിച്ച്, അന്ന് പ്രചാരത്തിലുണ്ടായിരുന്ന ബാങ്ക് നോട്ടുകളുടെ എണ്ണത്തിന്‍റെ 57ശതമാനം ആയിരുന്ന ഒരു രൂപ, രണ്ടു രൂപ, അഞ്ച് രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തലാക്കി പകരം നാണയങ്ങള്‍ പുറത്തിറക്കി. 1987ല്‍ അഞ്ഞൂറ് രൂപ നോട്ടുകളും 2000ത്തില്‍ ആയിരം രൂപ നോട്ടുകളും പുറത്തിറക്കി റിസര്‍വ് ബാങ്ക് ബാങ്ക്നോട്ടുകളുടെ വര്‍ദ്ധനവ് നിയന്ത്രിച്ചു. . എന്നിട്ടും 2016ല്‍ ബാങ്ക് നോട്ടുകളുടെ എണ്ണം 9027 കോടി ആയി വര്‍ദ്ധിച്ചു. 2016ല്‍ നോട്ടുനിരോധനത്തില്‍ 2402 കോടി നോട്ടുകള്‍ റദ്ദുചെയ്തു. ഒപ്പം 2000 രൂപ നോട്ടുകള്‍ പുറത്തിറക്കി. എന്നിട്ടും 2020 മാര്‍ച്ച് 31 ന് പ്രചാരത്തിലുണ്ടായിരുന്ന ബാങ്ക് നോട്ടുകളുടെ എണ്ണം 11598 കോടി ആയി ഉയര്‍ന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട,് 1934 അനുസരിച്ചാണ് നമ്മുടെ രാജ്യത്ത് കറന്‍സി മാനേജ്മെന്‍റ് റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായിരിക്കുന്നത്. രാജ്യത്ത് ആവശ്യമായ അളവില്‍ ബാങ്ക് നോട്ടുകള്‍ പുറത്തിറക്കേണ്ടത് റിസര്‍വ് ബാങ്കാണ്. ഇടപാടുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്തതും മുഷിഞ്ഞതുമായ ബാങ്ക് നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിച്ച് നശിപ്പിക്കേണ്ടതും റിസര്‍വ് ബാങ്കാണ്. നാണയങ്ങള്‍ മാറ്റി പകരം നോട്ടുകളും നോട്ടുകള്‍ മാറ്റി പകരം നാണയങ്ങളും നിയമം അനുവദിക്കുന്ന അളവില്‍ ജനങ്ങള്‍ക്ക് നല്‍കേണ്ട ഉത്തരവാദിത്വത്തവും റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമാണ്. കറന്‍സി മാനേജ്മെന്‍റ് ഉത്തരവാദിത്വത്തങ്ങള്‍ റിസര്‍വ് ബാങ്ക് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത് രാജ്യത്ത് ആകെയുളള 19 ഇഷ്യൂ ഓഫീസുകള്‍, കൊച്ചിയിലെ കറന്‍സി ചെസ്റ്റ്, രാജ്യത്തെ വിവിധ ബാങ്കുകളില്‍ ഉള്ള 3367 കറന്‍സി ചെസ്റ്റുകള്‍, 2782 സ്മോള്‍ കോയിന്‍ ഡിപ്പോകള്‍ എന്നിവയില്‍ കൂടിയാണ്. ഇവയില്‍ 3162 കറന്‍സി ചെസ്റ്റുകളും 2614 സ്മോള്‍ കോയിന്‍ ഡിപ്പോകളും പൊതുമേഖല ബാങ്കുകളിലാണ്. പുതിയ ബാങ്ക് നോട്ടുകള്‍ പ്രചാരത്തിലിറക്കുന്നതും പ്രചാരയോഗ്യമല്ലാത്തവ പിന്‍വലിക്കുന്നതും ഇഷ്യു ഓഫീസുകളില്‍കൂടിയും ബാങ്ക് ശാഖകളില്‍കൂടിയുമാണ്. 

സമ്പദ്ഘടനയുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് വാങ്ങല്‍ ശേഷിയിലെ ഇടിവ്, പണപ്പെരുപ്പം, പ്രചാരയോഗ്യമല്ലാതായി നശിപ്പിക്കുന്ന നോട്ടുകളുടെ എണ്ണം തുടങ്ങിയ വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് റിസര്‍വ് ബാങ്ക് ഓരോ വര്‍ഷവും ആവശ്യം വരുന്ന ബാങ്ക് നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള വാര്‍ഷിക ഇന്‍ഡന്‍റ് ബാങ്ക് നോട്ട് അച്ചടിശാലകള്‍ക്ക് നല്‍കുന്നത്. ഈ വര്‍ഷത്തേക്ക് മുന്‍കൂട്ടി തയാറാക്കിയ കരുതല്‍ ശേഖരം കോവിഡ് 19 തകിടം മറിച്ചു.

296695 കള്ളനോട്ടുകളാണ് 2019-20 ല്‍ കണ്ടുപിടിക്കപ്പെട്ടത്. അതില്‍ 17020 കള്ളനോട്ടുകള്‍ രണ്ടായിരം രൂപയുടെതും 30054 കള്ള നോട്ടുകള്‍ അഞ്ഞൂറ് രൂപയുടെയും 31969 കള്ളനോട്ടുകള്‍ ഇരുനൂറ് രൂപയുടെയും 168739 കള്ളനോട്ടുകള്‍ നൂറുരൂപയുടേതുമാണ്. ഇവയൊക്കെ 2016 ലെ നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയിട്ടുള്ള ബാങ്ക് നോട്ടുകളാണ്

2019-20 ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അച്ചടിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നത് 2510 കോടി ബാങ്ക് നോട്ടുകളായിരുന്നു. ലഭിച്ചത് 2230 കോടി ബാങ്ക് നോട്ടുകള്‍. രണ്ടായിരം രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നതിന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നില്ല. ഇപ്പോള്‍ പ്രചാരത്തിലുള്ളത് രണ്ടായിരം രൂപയുടെ 274 കോടി നോട്ടുകളാണ്. 2016ല്‍ പ്രചാരത്തിലുണ്ടായിരുന്നത് 2000 രൂപയുടെ 336.32 കോടി രൂപയുടെ നോട്ടുകളായിരുന്നു. 2018 മുതല്‍ 2020 വരെ പരിശോധിച്ച് നശിപ്പിച്ചത് 17.75 കോടി 2000 രൂപ നോട്ടുകളാണ്. 2016 ലെയും 2020 ലെയും 2000 രൂപ നോട്ടുകളുടെ വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്കുകള്‍ പൊരുത്തപ്പെടുന്നില്ല.  45കോടി 2000 രൂപ നോട്ടുകളുടെ വ്യത്യാസം കാണുന്നു. 2016 മുതല്‍ 2000 രൂപയുടെ നോട്ടുകള്‍ മാറ്റമില്ലാതെ നമ്മുടെ കറന്‍സി സംവിധാനത്തില്‍ നിലനില്‍ക്കുന്നു. ബാങ്ക് നോട്ടുകളുടെ പ്രചാരദൈര്‍ഘ്യം ഒരുവര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയെന്നാണ് നായിക് കമ്മിറ്റി കണ്ടെത്തിയിട്ടുള്ളത്. രണ്ട് വര്‍ഷംകൊണ്ട് പ്രചാരത്തിലുള്ളവ പിന്‍വലിച്ച് പുതിയ നോട്ടുകള്‍ പ്രചാരത്തിലിറക്കുന്നതിന് ഇന്നത്തെ നിലയില്‍ 5800 കോടി നോട്ടുകള്‍ (പ്രചാരത്തിലുള്ള ബാങ്ക് നോട്ടുകളുടെ പകുതി) എല്ലാ വര്‍ഷവും പ്രചാരത്തിലിറക്കുകയും അത്രയും നോട്ടുകള്‍ പിന്‍വലിച്ച് പരിശോധിച്ച് നശിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. എങ്കില്‍ മാത്രമേ  റിസര്‍വ്വ് ബാങ്കിന്‍റെ ക്ലീന്‍നോട്ട് നയം പുലര്‍ത്തുന്ന വൃത്തിയുള്ള ബാങ്ക് നോട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയുള്ളു. 2019-20 ല്‍ പ്രചാരത്തിലിറക്കിയത് 2239 കോടി നോട്ടുകള്‍ പിന്‍വലിച്ചത് 1465 കോടി നോട്ടുകള്‍ ആണ് എന്ന് വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  

296695 കള്ളനോട്ടുകളാണ് 2019-20 ല്‍ കണ്ടുപിടിക്കപ്പെട്ടത്. അതില്‍ 17020 കള്ളനോട്ടുകള്‍ രണ്ടായിരം രൂപയുടെതും 30054 കള്ള നോട്ടുകള്‍ അഞ്ഞൂറ് രൂപയുടെയും 31969 കള്ളനോട്ടുകള്‍ ഇരുനൂറ് രൂപയുടെയും 168739 കള്ളനോട്ടുകള്‍ നൂറുരൂപയുടേതുമാണ്. ഇവയൊക്കെ 2016 ലെ നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയിട്ടുള്ള ബാങ്ക് നോട്ടുകളാണ്. നോട്ടുനിരോധനം കറന്‍സി സംവിധാനത്തിലെ കള്ളനോട്ടുകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്ത പരിപാടിയായിരുന്നില്ല എന്ന് ഇപ്പോള്‍ നിസംശയം പറയാം.  

ഇടപാടുകള്‍ക്ക് ഡിജിറ്റല്‍ സൗകര്യങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്‍റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെയും ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് കറന്‍സി ഇന്‍ സര്‍ക്കുലേഷനില്‍ രേഖപ്പെടുത്തുന്ന അഭൂതപൂര്‍വ്വമായ വര്‍ദ്ധനവ്. ആഗസ്റ്റ്മാസം 21-ാം തീയതി നമ്മുടെ കറന്‍സി സംവിധാനത്തിലെ കറന്‍സി ഇന്‍ സര്‍ക്കുലേഷന്‍ 26.92 ട്രില്ല്യണ്‍ കോടി രൂപയാണെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കറന്‍സി കണക്കുകള്‍ വ്യക്തമാക്കുന്നത്. വാര്‍ഷിക റിപ്പോര്‍ട്ടില്‍ കാണുന്ന കറന്‍സി മാനേജ്മെന്‍റ് അജണ്ട എല്ലാ വിഭാഗം ജീവനക്കാരുടെയും തൊഴില്‍ സുരക്ഷിതത്വത്തെയും സ്ഥാപനത്തിന്‍റെ നിലനില്‍പ്പിനെയും സാരമായി ബാധിക്കുന്നവയാണ്.

*

അഡ്വ ടി കെ തങ്കച്ചൻ

(ആള്‍ ഇന്ത്യാ റിസര്‍വ്വ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ അഡ്വൈസറാണ് ലേഖകന്‍)