Wednesday, September 30, 2020

കലാപകാരികളെ തുറന്നുകാട്ടി; ആംനെസ്‌റ്റി ഇന്റർനാഷണൽ സംഘപരിവാറിന്റെ കണ്ണിലെ കരടായി

 ആംനെസ്‌റ്റി ഇന്റർനാഷണൽ ഇന്ത്യയെ കേന്ദ്രസർക്കാരിന്റെയും സംഘപരിവാറിന്റെയും കണ്ണിലെ കരടാക്കിയത്‌ ജമ്മു -കശ്‌മീർ വിഷയത്തിൽ സംഘടന തയ്യാറാക്കിയ റിപ്പോർട്ടുകൾ. അതിര്‍ത്തിജനതയുടെ നിസ്സഹായത അക്കമിട്ട് നിരത്തുന്നതായിരുന്നു 2016ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. വിദേശഫണ്ട്‌ വാങ്ങി ‌ ഇന്ത്യവിരുദ്ധപ്രചാരണം നടത്തിയെന്ന് ആക്ഷേപിച്ച് ആദ്യം രം​ഗത്തുവന്നത് എബിവിപി. അക്രമം ഭയന്ന്‌ ഡൽഹി, ബംഗളൂരു ഓഫീസുകൾ ദിവസങ്ങളോളം അടച്ചിട്ടു. രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു.

ഇഡി ഉദ്യോഗസ്ഥർ 2018 ഒക്ടോബറില്‍  സംഘടനയുടെ ആസ്ഥാനം പൂട്ടിയിട്ട്‌ 10 മണിക്കൂർ പരിശോധിച്ചു. ആവശ്യപ്പെട്ട രേഖകൾ പൊതുമണ്ഡലത്തിൽ ലഭ്യമായിരുന്നു. ഇതിനുശേഷം ചില മാധ്യമങ്ങൾ വഴി സംഘടനയ്‌‌ക്കെതിരെ അപവാദപ്രചാരണം തുടങ്ങി.

സംഘടനയ്‌ക്ക്‌ സംഭാവന നൽകുന്ന 30 പേർക്ക്‌ 2019 തുടക്കത്തിൽ ആദായനികുതി വകുപ്പ്‌ നോട്ടീസ്‌ അയച്ചു. ക്രമവിരുദ്ധമായതൊന്നും  അന്വേഷണത്തിൽ കണ്ടെത്താനായില്ല.  370–-ാം വകുപ്പ്‌ റദ്ദാക്കിയശേഷമുള്ള  ജമ്മു-കശ്‌മീരിലെ സാഹചര്യത്തെക്കുറിച്ച്‌ തയ്യാറാക്കിയ റിപ്പോർട്ട്‌ പ്രസിദ്ധീകരിക്കാൻ 2019 ജൂണിൽ ശ്രീനഗറിൽ നടത്താനിരുന്ന വാർത്താസമ്മേളനത്തിന്‌ അനുമതി നിഷേധിച്ചു. അക്കൊല്ലം ഒക്ടോബർ 22ന്‌ അമേരിക്കൻ കോൺഗ്രസിന്റെ പ്രതിനിധിസംഘത്തിനു മുമ്പാകെ ആംനെസ്‌റ്റി ഇന്റർനാഷണൽ ജമ്മു കശ്‌മീർ സാഹചര്യം വിശദീകരിച്ചു. നവംബർ 15ന്‌ ആംനെസ്‌റ്റിയുടെ ആസ്ഥാനവും ഡയറക്ടറുടെ വസതിയും സിബിഐ റെയ്‌ഡ്‌ ചെയ്‌തു. ഇക്കൊല്ലം ഏപ്രിലിൽ ഉത്തർപ്രദേശ്‌ പൊലീസ്‌ സംഘടനയ്‌ക്കെതിരെ  നടപടി തുടങ്ങി. ആഗസ്‌തിൽ ജമ്മു കശ്‌മീർ, ഡൽഹി  സ്ഥിതിഗതികളെക്കുറിച്ച്‌ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചതിനു പിന്നാലെ  ബാങ്ക്‌ അക്കൗണ്ടുകൾ മരവിപ്പിച്ചു. സംഘടന ഇന്ത്യ വിടുന്നതോടെ  150 ജീവനക്കാർക്ക്‌ തൊഴിൽ നഷ്ടപ്പെടും.

ആംനെസ്‌റ്റിയെ തള്ളി കേന്ദ്രം

ആംനെസ്‌റ്റി ഇന്റർനാഷണലിന്റെ വാദങ്ങൾ അതിശയോക്തിപരവും സത്യത്തിൽനിന്ന്‌ അകലെയുമാണെന്ന്‌ ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചു. വിദേശസംഭാവന സ്വീകരിക്കാൻ സംഘടനയ്‌ക്ക്‌ നിയമപരമായി അവകാശമില്ല.  ഇന്ത്യയിലെ ആഭ്യന്തര രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടാൻ ആംനെസ്‌റ്റിക്ക്‌ അവകാശമില്ലെന്നും‌ ആഭ്യന്തരമന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.

പോരാട്ടം അവസാനിപ്പിക്കില്ല

കേന്ദ്ര സർക്കാരിന്റെ അങ്ങേയറ്റം ന്യായരഹിതവും ലജ്ജാകരവുമായ നടപടിമൂലമാണ് ‌ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിൽ മനുഷ്യാവകാശ പ്രവർത്തനം നിർത്തിവയ്‌ക്കുന്നതെന്ന്‌ സംഘടനയുടെ സെക്രട്ടറി ജനറൽ ജൂലി വെർഹാർ പറഞ്ഞു. എന്നാൽ, ഇതുകൊണ്ട്‌ ഇന്ത്യയിലെ മനുഷ്യാവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല. പ്രവർത്തനം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന്‌ ആലോചിച്ച്‌ തീരുമാനിക്കും.

ജമ്മു -കശ്‌മീർ, ഡൽഹി വിഷയങ്ങളിൽ ഇന്ത്യയിലെ സഹപ്രവർത്തകർ നടത്തിയ പ്രവർത്തനം അഭിമാനകരമാണ്‌. വിമതശബ്ദം അടിച്ചമർത്താനും ഭയം വളർത്താനുമാണ്‌ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്‌. ഈ സാഹചര്യത്തിൽ ഇരകൾക്കൊപ്പം നിൽക്കുകയെന്നത്‌ പ്രധാനമാണ്‌–- പ്രസ്‌താവനയിൽ പറഞ്ഞു.

റിലയന്‍സിനായി തിരക്കിട്ട് നയം മാറ്റി ; റഫേൽ കരാറില്‍ സിഎജി വെളിപ്പെടുത്തല്‍

 റഫേൽ കരാർ ഒപ്പിടാൻ പാകത്തിൽ പ്രതിരോധ സംഭരണ നയത്തിൽ മോഡി സർക്കാർ 2016 ഏപ്രിലിൽ മാറ്റംവരുത്തിയെന്ന്‌ കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറലി (സിഎജി)ന്റെ വെളിപ്പെടുത്തല്‍. അനിൽ അംബാനിക്കുവേണ്ടിയാണ് തിരക്കിട്ട് വ്യവസ്ഥ മാറ്റിയത്.

300 ‌കോടിക്കു മുകളിലുള്ള ആയുധ ഇടപാടില്‍ മൊത്തം കരാർത്തുകയുടെ 30 ശതമാനമെങ്കിലും വിദേശകമ്പനി ഇന്ത്യയില്‍ നിക്ഷേപിക്കണമെന്നും ഇതിനായി ആഭ്യന്തരപങ്കാളിയെ കരാർ ഒപ്പിടവെ പ്രഖ്യാപിക്കണമെന്നുമാണ് ‌2013ലെ‌ വ്യവസ്ഥ‌. ആഭ്യന്തരപങ്കാളിയെ കരാർ നടപ്പാക്കുന്നതിന്‌ ഒരു വർഷംമുമ്പ്‌ അറിയിച്ചാൽ മതി എന്ന് 2016 ഏപ്രിൽ ഒന്നിന് ഭേദ​ഗതി കൊണ്ടുവന്നു. ഇതേത്തുടർന്നാണ്‌ ഫ്രഞ്ച്‌ കമ്പനി ദസോൾട്ടിന്‌ അനിൽ അംബാനിയുടെ റിലയൻസ്‌ എയ്‌റോസ്‌ട്രക്‌ചറുമായി സംയുക്ത സംരംഭമുണ്ടാക്കാന്‍ സാവകാശം ലഭിച്ചത്‌.

ഇന്ത്യ റഫേൽ വിമാനം വാങ്ങുമെന്ന്‌ പ്രധാനമന്ത്രി പാരീസിൽവച്ച് പ്രഖ്യാപിച്ചത്‌ 2015 ഏപ്രിൽ 10ന്. ഇതിനുശേഷമാണ്‌ എയ്‌റോസ്‌ട്രക്‌ചര്‍ എന്ന സ്ഥാപനം തട്ടിക്കൂട്ടുന്നത്. കമ്പനിക്ക് സര്‍ക്കാര്‍ അം​ഗീകാരം കിട്ടുന്നത് അക്കൊല്ലം നവംബറിൽ. എന്നാല്‍, അതിനുംമുമ്പേ  സംയുക്തസംരംഭത്തിന്റെ പേരിൽ ഭൂമി ആവശ്യപ്പെട്ട്‌ മഹാരാഷ്ട്ര സർക്കാരിനു മുന്നില്‍ അപേക്ഷ എത്തി.

ഇന്ത്യയും ഫ്രാൻസും തമ്മിൽ റഫേല്‍ കരാർ ഒപ്പിട്ടത്‌ 2016 സെപ്‌തംബർ 23ന്‌. 36 വിമാനം 66,427 കോടി‌ക്ക്‌ വാങ്ങാനും അതിന്റെ 50 ശതമാനം ഇന്ത്യയിൽ നിക്ഷേപിക്കാനും കരാറായി. പുനർനിക്ഷേപ കരാർ നയത്തിൽ തിരക്കിട്ടാണ്‌ മാറ്റിയതെന്ന് രേഖകള്‍ വെളിപ്പെടുത്തുന്നുവെന്ന് പാർലമെന്റിൽ വച്ച സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

ബംഗാളിൽ ബിജെപി പാർട്ടി ഓഫീസുകൾ തകർത്ത്‌ പ്രവർത്തകർ; അമിത് ഷാ പറഞ്ഞിട്ടും രക്ഷയില്ല

 കൊല്‍ക്കത്ത > നേതൃത്വത്തിലെ അഴിച്ചുപണിയെ തുടര്‍ന്ന് പശ്ചിമബം​ഗാള്‍ ബിജെപിയിലെ ഗ്രൂപ്പുപോര് കൈയാങ്കളിയിലെത്തി. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലും, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വപൻ ദാസ്‌ഗുപ്‌ത,  കേന്ദ്ര സഹമന്ത്രി ബാബുല്‍ സുപ്രിയോ, മുൻ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ സിൻഹ തുടങ്ങിയവരുടെ ഗ്രൂപ്പുകളുമാണ് തമ്മിലടിക്കുന്നത്. പരസ്യമായ തമ്മിലടി ഓഫീസ് തകര്‍ക്കല്‍വരെയെത്തി. അമിത് ഷാ ഇടപെട്ടിട്ടും പ്രശ്നങ്ങള്‍ പരിഹരിക്കാനായില്ല.

തൃണമൂലില്‍നിന്ന് കുടിയേറിയ മുകൾ റോയ്, അനുപം ഹസറ എന്നിവരെ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം മാനിക്കാതെ ​ദേശീയനേതാക്കളായി വാഴിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്. ബിജെപിയുടെ സംസ്ഥാനത്തെ മുഖമായ  രാഹുൽ സിൻഹയെ ഒഴിവാക്കി ഹസറയെ ജനറല്‍ സെക്രട്ടറിയാക്കി. ബിജെപി വിടുമെന്ന സൂചന നല്‍കി സിന്‍ഹ ട്വിറ്ററിലൂടെ പരസ്യപ്രതികരണം നടത്തി. പിന്നാലെ ബരയ്‌പുർ, ബസിർഹട്ട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഓഫീസ് തകര്‍ത്തു.  ബരയ്‌പുരിൽ അനുപം ഹസറയുടെ സാന്നിധ്യത്തിലാണ് കൈയാങ്കളി നടന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ദിലീപ് ഘോഷിനെ സംസ്ഥാന അധ്യക്ഷപദവിയില്‍നിന്ന്‌ തെറിപ്പിക്കാന്‍ കച്ചകെട്ടി മറുപക്ഷം രം​ഗത്തുണ്ട്. മുൻ സംസ്ഥാനഅധ്യക്ഷനും ത്രിപുര മുന്‍ ഗവർണറുമായ തഥാഗദ് റോയിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നു. എന്നാല്‍, അം​ഗത്വം വീണ്ടും സജീവമാക്കാനുള്ള തഥാഗദ് റോയിയുടെ അപേക്ഷ പരി​ഗണിക്കാതെ നീട്ടുകയാണ് ദിലീപ് വിഭാഗം.ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ എംഎല്‍എമാരും പഞ്ചായത്ത് മുനിസിപ്പല്‍ അംഗങ്ങളില്‍ പലരും തിരിച്ചുപോക്കിന് ശ്രമിക്കുന്നതും ബിജെപിയെ ആശങ്കയിലാക്കുന്നു.

ഗോപി

നിരന്തര അവഗണന : ആർഎസ്‌എസിന്‌ കടുത്ത അമർഷം ; തദ്ദേശഭരണ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽനിന്നും വിട്ടുനിന്നേക്കും

ബിജെപി ദേശീയ നേതൃത്വത്തിൽനിന്നും നേരിടുന്ന നിരന്തര അവഗണനയിൽ കേരളത്തിലെ ആർഎസ്‌എസിൽ‌ ‌കടുത്ത അമർഷം. കുമ്മനം രാജശേഖരനെ ദേശീയ ഭാരവാഹിപട്ടികയിൽ ഉൾപ്പെടുത്താത്തതാണ്‌‌ ഒടുവിൽ നേരിട്ട അവഗണന. നിരന്തരം നേരിടുന്ന അവഗണനയിൽ പ്രതിഷേധിച്ച്‌  തദ്ദേശഭരണ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽനിന്നും മാറി നിൽക്കാനും ആർഎസ്‌എസ്‌ ആലോചിക്കുന്നുണ്ട്‌.

നേതാക്കൾക്കിടയിലെ ഭിന്നത മുതലെടുത്താണ്‌ വി മുരളീധരപക്ഷം കേരളത്തിലെ ആർഎസ്‌എസിനെതിരെ കഴിഞ്ഞ കുറെകാലമായി മേൽക്കൈ നേടുന്നത്‌. ആർഎസ്‌എസ്‌ കേന്ദ്രീയ കാര്യകാരി എസ്‌ സേതുമാധവൻ മറ്റ്‌ കേന്ദ്ര നേതാക്കളായ ജെ നന്ദകുമാർ, എ ഗോപാലകൃഷ്‌ണൻ എന്നിവർ ഒരു വശത്തും സംസ്ഥാന  പ്രാന്തകാര്യവാഹക്‌ പി ഗോപാലൻകുട്ടി, പ്രാന്തപ്രചാരക്‌ പി ആർ ശശിധരൻ, മുൻ പ്രാന്തപ്രചാരക്‌ എം രാധാകൃഷ്‌ണൻ മറുവശത്തുമായുള്ള പോരാണ്‌ ആർഎഎസ്‌എസിൽ വർഷങ്ങളായി നടക്കുന്നത്‌. ഇതിൽ സേതുമാധവൻ വിഭാഗത്തെയും സംഘടനാ സെക്രട്ടറി ബി എൽ സന്തോഷിനെയും ഉപയോഗിച്ചാണ്‌ വി മുരളീധരൻ കരുക്കൾ നീക്കുന്നത്‌.  ഭിന്നത വിശ്വഹിന്ദുപരിഷത്ത്‌  ഉൾപ്പെടെയുള്ള സംഘ്‌പരിവാറിലെ മറ്റ്‌ സംഘടനകളിലേക്കും പടർന്നിട്ടുണ്ട്‌.

നേതൃത്വത്തിന്റെ അവഗണന‌  കേരള ആർഎസ്‌എസ്-‌ ബിജെപി കേന്ദ്രനേതൃത്വത്തെ നിരവധി തവണ അറിയിച്ചിട്ടും പ്രയോജനമൊന്നുമുണ്ടായില്ല. എ പി  അബ്ദുള്ളക്കുട്ടിയുടെ ദേശീയ ഭാരവാഹിയാകാനുള്ള യോഗ്യത സംബന്ധിച്ച്‌ ദേശീയ പ്രസിഡന്റിനേ അറിയുകയുള്ളൂവെന്ന കുമ്മനത്തിന്റെ പ്രതികരണം ഈ പ്രതിഷേധത്തിന്റെ ഭാഗമാണ്‌.

വി മുരളീധരൻ സംസ്ഥാന പ്രസിഡന്റായ സമയത്താണ്‌ ആർഎസ്‌എസ്‌–-ബിജെപി ഭിന്നത ശക്തമായത്‌. എന്നാൽ, കൃഷ്‌‌ണദാസ്‌പക്ഷത്തെ കൂട്ടുപിടിച്ച്‌ മുരളീധരനോട് നിസ്സഹകരണം പ്രകടിപ്പിക്കുകയാണ്‌ ആർഎസ്‌എസ്‌ അന്ന്‌ ചെയ്‌തത്‌‌.  മുരളീധരൻ ഒഴിഞ്ഞ്‌ കുമ്മനം പ്രസിഡന്റായതോടെ ബിജെപിയുടെ സമ്പൂർണ നിയന്ത്രണം ആർഎസ്‌എസ്‌ കൈപ്പിടിയിലൊതുക്കി. എന്നാൽ, മുരളീധരൻ ഇടപെട്ട്‌ കുമ്മനത്തെ മിസോറാം ഗവർണറാക്കി വിട്ടതോടെ   ആർഎസ്‌എസിന്റെ പിടി അയഞ്ഞു. തുടർന്ന്‌ ഓരോ ഘട്ടത്തിൽ എടുക്കുന്ന തീരുമാനവും ആർഎസ്‌എസിന്‌ എതിരായി.

ശ്രീധരൻപിള്ള ഗവർണറായി പോയപ്പോൾ എം ടി രമേശ്‌, ശോഭ സുരേന്ദ്രൻ എന്നിവർക്കു വേണ്ടി ആർഎസ്‌എസ്‌ കടുത്ത സമ്മർദം ചെലുത്തെിയെങ്കിലും നടന്നില്ല. കുമ്മനത്തെ കേന്ദ്രമന്ത്രിയാക്കണമെന്ന ആവശ്യം നിരാകരിച്ച കേന്ദ്രം ഭാരവാഹിപട്ടികയിൽനിന്നുകൂടി അദ്ദേഹത്തെ തഴഞ്ഞു.

ഇ എസ്‌ സുഭാഷ് 

സിബിഐ കേസ് രാഷ്ട്രീയപ്രേരിതം; ലൈഫ് മിഷൻ ഹൈക്കോടതിയെ സമീപിച്ചു

 കൊച്ചി > സിബിഐ കേസ് രാഷ്ട്രീയ പ്രേരിതമാണന്ന് ചൂണ്ടിക്കാട്ടി ലൈഫ് മിഷൻ ഹൈക്കോടതിയെ സമീപിച്ചു. സിബിഐ കോടതിയിൽ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ലൈഫ്മിഷൻ ചീഫ് എക്‌സിക്യുട്ടിവ് ഓഫിസർ യു വി ജോസ് ഹർജി നൽകിയത്.

ഭവനരഹിതരായവർക്ക് പാർപ്പിടം നൽകാനുള്ള ലൈഫ് പദ്ധതിയുടെ നടത്തിപ്പിന് യുണി ടാക് സാൻ വെഞ്ചേഴ്‌സ് എന്നീ കമ്പനികൾ യുഎഇയിലെ റെഡ്ക്രസൻറിൽ നിന്നും പണം കൈപ്പറ്റിയതിൽ അപാകതയില്ല. വിദേശ ഫണ്ട് വാങ്ങുന്നതിന് നിയമപ്രകാരം വിലക്കള്ളവയുടെ പട്ടികയിൽ വരുന്നതല്ല രണ്ട് കമ്പനികളും. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിലും ഇത്തരം കമ്പനികൾക്ക് വിലക്കില്ല. വിദേശ ഫണ്ട് വാങ്ങുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളവരിൽ സർക്കാരോ സർക്കാർ ഏജൻസികളോ പെടില്ല.

അനിൽ അക്കര എംഎൽഎയുടെ പരാതിയിൽ കേസെടുത്ത സിബിഐയുടെ നടപടി നിയമാനുസൃതമല്ല. പരാതിയിലെ ആരോപണങ്ങൾ പൂർണ്ണമായി ശരിവച്ചാൽത്തന്നെ അത് കുറ്റകൃത്യമാവുന്നില്ല. പല കേസുകളും അന്വേഷിക്കാൻ വിസമ്മതം പ്രകടിപ്പിക്കുന്ന സിബിഐ ഈ കേസ് അന്വേഷണത്തിന് തിടുക്കം കാട്ടുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ട്. നിയമാനുസൃതമുള്ള പ്രാഥമിക അന്വേഷണം നടത്താതെയാണ് സിബിഐ കേസെടുത്തതെന്നും ഹർജിയിൽ പറയുന്നു. ഹർജി കോടതി വ്യാഴാഴ്ച പരിഗണിക്കും.

പേര് പറയാതെ ലൈഫ് മിഷനിലെ ഉദ്യോഗസ്ഥരെ എതിർ കക്ഷികളാക്കി  സിബിഐ കൊച്ചി യൂണിറ്റ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഫയൽചെയ്ത പ്രഥമവിവര റിപ്പോർട്ടിനെതിരെ സാധ്യമായ നിയമനടപടികൾ സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ലൈഫ് മിഷൻ സി.ഇ.ഒ എന്നിവരെ ഇന്ന്‌ ചേർന്ന മന്ത്രിസഭായോഗം  ചുമതലപ്പെടുത്തിയിട്ടുണ്ട്‌.

പരിഹാസ്യമായ നീതി; ബാബ്‌റി മസ്ജിദ് തനിയെ തകർന്നതാണോ? യെച്ചൂരി

 ന്യൂഡൽഹി > ബാബ്‌റി മസ്ജിദ് തകർക്കൽ ഗൂഢാലോചനാക്കേസിൽ ഉൾപ്പെട്ട എല്ലാവരെയും കുറ്റമുക്തരാക്കിയ സിബിഐ കോടതി വിധി പരിഹാസ്യമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗൂഢാലോചനയിൽ കുറ്റാരോപിതരെല്ലാം നിരപരാധികളായി! പിന്നെ മസ്ജിദ് തകർന്നടിഞ്ഞതാണോ? -യെച്ചൂരി ചോദിച്ചു.

അന്നത്തെ ചീഫ് ജസ്റ്റിസിന്റെ കീഴിലുള്ള ഭരണഘടന ബെഞ്ച് പള്ളിപൊളിക്കലിനെ 'അസാമാന്യമായ' നിയമലംഘനം എന്നായിരുന്നു വിശേഷിപ്പിച്ചത്. എന്നിട്ടാണ് ഇപ്പോൾ ഈ വിധി! അപമാനകരമാണിതെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.

വിധി മതേതര -ജനാധിപത്യ രാജ്യമെന്ന ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തും;സിബിഐ ഉടൻ അപ്പീൽ നൽകണം: പി.ബി

ബാബറി മസ്ജിദ് തകർത്ത കേസിലെ 32 പ്രതികളെയും കുറ്റവിമുക്തരാക്കിയ ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതി വിധി നീതിയുടെ പ്രഹസനമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. ഈ വിധി പുറപ്പെടുവിക്കാൻ നീണ്ട 28 വർഷങ്ങളെടുത്തു, എന്നിട്ടും നീതി നടപ്പാക്കപ്പെട്ടില്ല. കുറ്റകൃത്യത്തിന് നേതൃത്വം നൽകാൻ സംഭവസ്ഥലത്തുണ്ടായിരുന്ന, പള്ളി പൊളിക്കാനുള്ള ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട എല്ലാ ബിജെപി- വിഎച്ച്പി- ആർ‌എസ്‌എസ് ഉന്നതനേതാക്കളും നിരപരാധികളാണെന്ന കണ്ടെത്തലാണ് ഉണ്ടായത്.

കഴിഞ്ഞ വർഷം നവംബർ 8ന് പുറപ്പെടുവിച്ച അയോദ്ധ്യ വിധിന്യായത്തിൽ പള്ളി പൊളിച്ചതിനെ കടുത്ത നിയമലംഘനമെന്ന് സുപ്രീംകോടതി വിശേഷിപ്പിച്ചിരുന്നു. ഇപ്പോൾ ലഖ്‌നൗ കോടതി ഈ കുറ്റകൃത്യത്തിലെ പ്രധാന കുറ്റവാളികൾ മുഴുവൻ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയിരിക്കുന്നു. ഈ വിധി, ഭരണഘടനയാൽ നയിക്കപ്പെടുന്ന മതേതര-ജനാധിപത്യ രാജ്യമെന്നുള്ള, ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തും. ഈ വിധിക്കെതിരെ സിബിഐ ഉടൻ തന്നെ അപ്പീൽ നൽകണം - പ്രസ്‌താവനയിൽ പറഞ്ഞു.

ജനാധിപത്യ സമൂഹത്തെ ഭയപ്പെടുത്തുന്ന വിധി; രാഷ്ട്രീയ ആവശ്യത്തിന് ബിജെപി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നതിന്‌ തെളിവ്‌: കോടിയേരി

തിരുവനന്തപുരം > ബാബറി മസ്‌ജിദ് തകർത്ത കേസിൽ സി ബി ഐ കോടതിയുടെ വിധി, മതനിരപേക്ഷ ജനാധിപത്യ സമൂഹത്തെ ഭയപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കോൺഗ്രസ് ഇന്ത്യ ഭരിക്കുന്ന കാലത്താണ് മസ്‌ജിദ് തകർത്തത്. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ഭീകരപ്രവർത്തനമായിരുന്നു മസ്‌ജിദ് തകർക്കൽ. ടെലിവിഷൻ ചാനലുകളിലൂടെ ലോകം മുഴുവനുള്ളവർ മസ്‌ജിദ് പൊളിച്ചവരാരാണ് എന്നത് വ്യക്തമായി കണ്ടു. എന്നിട്ടും ഒന്നിനും തെളിവില്ലെന്ന വിചിത്രമായ നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.

ഒരു തെളിവും കണ്ടെത്താനോ, ഹാജരാക്കാനോ സി ബി ഐ തയ്യാറായില്ല. ബിജെപി രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി അന്വേഷണ ഏജൻസികളെ എങ്ങിനെയാണ് ഉപയോഗപ്പെടുത്തുന്നത് എന്നതിൻ്റെ പ്രത്യക്ഷമായ തെളിവാണ് ഈ കോടതി വിധിയിലൂടെ വ്യക്തമായിരിക്കുന്നത്.

ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസം നിലനിർത്താനുള്ള തുടർനടപടികളാണ് ഇനി ഉണ്ടാവേണ്ടത്. മത ന്യൂനപക്ഷങ്ങൾക്ക്, അവരുടെ ജീവനും സ്വത്തിനും ആരാധനാലയങ്ങൾക്കും ബി ജെ പി ഭരണത്തിൽ സുരക്ഷിതത്വമില്ലെന്ന സന്ദേശമാണ് ഉണ്ടായിരിക്കുന്നത്. ഈ കോടതിവിധി ആർ എസ് എസുകാർക്ക് നിയമം കൈയ്യിലെടുക്കാൻ ഉത്തേജനം നൽകുന്നതാണ്. മത ന്യൂനപക്ഷങ്ങളുടെ പല ആരാധനാലയങ്ങൾക്കുമെതിരെ ആർ എസ് എസുകാർ ഭീഷണിയും അവകാശവാദവും ഉയർത്തുന്ന സന്ദർഭത്തിൽ വളരെയേറെ ആശങ്ക ഉണ്ടാക്കുന്നതാണ് സി ബി ഐ കോടതി വിധി - കോടിയേരി പറഞ്ഞു.

പള്ളി തകർത്തത് ആൾക്കൂട്ടമെന്ന് സിബിഐ കോടതി, ഗൂഢാലോചനയില്ല; മുഴുവൻ പ്രതികളെയും വെറുതെവിട്ടു

 ലഖ്‌നൗ > ബാബ്‌റി മസ്ജിദ് തകർത്തതിനു പിന്നിലെ ഗൂഢാലോചനക്കേസിൽ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി ഉൾപ്പെടെ 32 പ്രതികളെയും കോടതി വെറുതെവിട്ടു.

മസ്‌ജിദ് തകർത്തത് മുൻകൂട്ടി ആസൂത്രണം ചെയ്‌തിട്ടല്ലെന്നും ഗൂഢാലോചനയ്‌ക്കു തെളിവില്ലെന്നും സിബിഐ പ്രത്യേക കോടതി ജഡ്‌ജി എസ്‌കെ യാദവ് വിധിച്ചു. കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. മസ്ജിദ് തകർത്തത് സമൂഹ വിരുദ്ധരാണ്. ഇവരെ തടയാനാണ് ബിജെപി നേതാക്കൾ ശ്രമിച്ചതെന്നും കോടതി പറഞ്ഞു.

പള്ളി തകർത്തത് പെട്ടെന്നുണ്ടായ വികാരത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ ആസത്രിതമല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. പള്ളി തകർത്തതിന്റെ ദൃശ്യങ്ങളുടെ ആധികാരികത തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു.

എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിങ് തുടങ്ങിയ ബിജെപി നേതാക്കളായിരുന്നു പ്രതികൾ. 32ൽ 26 പേരും കോടതിയിൽ ഹാജരായിരുന്നു. മുരളി മനോഹർ ജോഷി, എൽ കെ അദ്വാനി, ഉമാഭാരതി, കല്യാൺസിങ്, മഹന്ത് നിത് ഗോപാൽ ദാസ് തുടങ്ങി അഞ്ച് പേർ അനാരോഗ്യം മൂലം എത്താൻ കഴിയില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. മൊത്തം 48 പ്രതികളിൽ 16 പേർ വിചാരണക്കാലയളവിൽ മരിച്ചു.

11മണിക്കാണ് വിധി പ്രസ്താവം ആരംഭിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കേസിലെ കക്ഷികളെയും അവരുടെ അഭിഭാഷകരെയും ഒഴികെ മറ്റാരെയും കോടതിയിൽ പ്രവേശിപ്പിച്ചിരുന്നില്ല. കോടതിയുടെ പരിസരത്തും അയോധ്യയിലും സുരക്ഷ ശക്തമാക്കി. അയോധ്യയിൽ രാമജന്മഭൂമി പരിസരത്തും കൂടുതൽ പൊലീസിനെയും അർധസൈനികരെയും വിന്യസിച്ചിട്ടുണ്ട്.

ഗൂഢാലോചന, മതസ്പർധ വളർത്തൽ, ദേശീയോദ്ഗ്രഥനത്തിന് എതിരായ പ്രസ്താവനകൾ നടത്തൽ തുടങ്ങിയ കുറ്റങ്ങളാണ് സംഘപരിവാർ നേതാക്കൾക്ക്‌മേൽ ചുമത്തിയിരുന്നത്‌. അദ്വാനി ഉൾപ്പെടെയുള്ളവർക്ക് എതിരായ ഗൂഢാലോചനക്കുറ്റം നിലനിൽക്കുമെന്ന് 2017ൽ സുപ്രീംകോടതി ഉത്തരവുണ്ട്. വർഷങ്ങളായി തുടരുന്ന കേസിൽ  2 വർഷം കൊണ്ടു വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി 2017 ഏപ്രിൽ 19ന് ഉത്തരവിട്ടിരുന്നു. പിന്നീട് ആദ്യം ഈ വർഷം ഓഗസ്റ്റ് 31 വരെയും തുടർന്ന് സെപ്തംബർ 30വരെയും തീയതി നീട്ടിക്കൊടുത്തു. 32 പ്രതികളിൽ 25 പേർക്കും വേണ്ടി ഹാജരായത് കെ കെ മിശ്രയാണ്. ലളിത് സിങ്ങാണ് സിബിഐ അഭിഭാഷകൻ. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകൾ പരിശോധിച്ചു.

ഉടഞ്ഞ മതനിരപേക്ഷത

1992 ഡിസംബർ ആറിനാണ് ഉത്തർപ്രദേശിലെ സരയൂനദിക്കരയിൽ സ്ഥിതിചെയ്യുന്ന അയോധ്യയിൽ ബാബ്റി മസ്ജിദ് എന്ന മുസ്ലിം ദേവാലയം ഹിന്ദുത്വ തീവ്രവാദികളായ കർസേവകർ തകർത്തത്. അക്രമികളെ  നയിച്ചത് എൽ കെ അദ്വാനി ഉൾപ്പെട്ട സംഘപരിവാർ നേതാക്കൾ ആയിരുന്നു.

1528ൽ മുഗൾ രാജവംശത്തിന്റെ സ്ഥാപകനായ ബാബറിന്റെ ജനറലായ മീർഭാക്കി അയോധ്യയിൽ സ്ഥാപിച്ചതാണ് ബാബ്റി മസ്ജിദ്. അത് രാമക്ഷേത്രം തകർത്തിട്ടാണ് പണിതത് എന്നാണ് ഹിന്ദുത്വവാദികളുടെ ആരോപണം. ഹിന്ദുമഹാസഭയും ജനസംഘവും ആർഎസ്എസും വിശ്വഹിന്ദുപരിഷത്തും ബജ്‌റംഗ്ദളും ശിവസേനയും ബിജെപിയും ഈ വാദമുയർത്തുന്നു. 1984ൽ വിശ്വഹിന്ദുപരിഷത്തും അദ്വാനിയും ഇതിനായുള്ള സംയുക്തസംരംഭം തുടങ്ങി. സാംസ്‌കാരിക ദേശീയതയുടെ പേരിൽ വർഗീയത ആളിക്കത്തിക്കാൻ ശ്രമിച്ചു. ഇതിനെ പ്രതിരോധിക്കാനായി ഭരണകക്ഷിയായ കോൺഗ്രസും പ്രധാനമന്ത്രിയായിരുന്ന രാജിവ് ഗാന്ധിയും ഹിന്ദുക്കൾക്ക് ബാബ്റി മസ്ജിദ് -- രാമജന്മഭൂമിയിൽ പ്രാർഥനയ്ക്കുള്ള അനുവാദം കൊടുത്തു.

1989ൽ രാജീവ് ഗാന്ധി പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് രാമക്ഷേത്രശിലാന്യാസം നടത്താൻ വിശ്വഹിന്ദു പരിഷത്തിന് അനുവാദം നൽകി. പക്ഷേ, തെരഞ്ഞെടുപ്പ് ജയിച്ചില്ല. പിന്നീട് അധികാരത്തിൽ വന്ന ഗവൺമെന്റിന് ബിജെപി പുറത്തുനിന്ന് പിന്തുണ നൽകി. പ്രധാനമന്ത്രി വി പി സിങ്ങിന്റെ മണ്ഡൽ പരിഷ്‌കരണത്തിന് മറുപടിയായി അദ്വാനി അയോധ്യ രഥയാത്ര പ്രഖ്യാപിച്ചു. 1989ൽ രാമക്ഷേത്രനിർമാണം ഒരു പരിപാടിയായി ബിജെപിയുടെ പാലംപുർ സമ്മേളനം അംഗീകരിച്ചിരുന്നു. പക്ഷേ, അദ്വാനിയുടെ ഒന്നാം രഥയാത്ര വിജയിച്ചില്ല. അതോടെ വി പി സിങ് ഗവൺമെന്റ് വീണു. 1992ൽ രണ്ടാം രഥയാത്ര ബാബ്റി മസ്ജിദിന്റെ തകർച്ചയിൽ കലാശിച്ചു.

ബാബ്റി മസ്ജിദ് തകർത്തതിനെക്കുറിച്ച് അന്വേഷിക്കാൻ നിയമിച്ച എം എസ് ലിബർഹാൻ കമീഷൻ കണ്ടെത്തിയത് പള്ളി തകർക്കൽ യാദൃച്ഛികമോ മുൻകൂട്ടി ആസൂത്രണം ചെയ്യാത്തതോ ആയ ഒരു സംഭവം അല്ലെന്നാണ്. പ്രസ്തുത കേസിൽ സുപ്രീംകോടതിയും മസ്ജിദ് ഭേദനത്തെ നിന്ദ്യമായ നിയമലംഘനമെന്ന് വിശേഷിപ്പിക്കുകയുണ്ടായി. മസ്ജിദ് തകർക്കലിനെത്തുടർന്ന് ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലെ ഗവൺമെന്റുകളെ (ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്) പ്രസിഡന്റ് പിരിച്ചുവിട്ടു.

കേസിന്റെ നാൾവഴി

കേസിന്റെ ആദ്യത്തെ എഫ്‌ഐആറിൽ (നമ്പർ 197) പള്ളി പൊളിച്ചതിന് അറിയപ്പെടാത്ത കർസേവകരെയാണ് കുറ്റവാളികളായി പഴിചാരിയിരിക്കുന്നത്. രണ്ടാമത്തെ എഫ്‌ഐആറിൽ (നമ്പർ 198) അദ്വാനി, അശോക് സിംഘാൾ, ഗിരിരാജ് കിഷോർ, മുരളി മനോഹർ ജോഷി, ഉമാഭാരതി, വിഷ്ണു ?ദാൽമിയ, സാധ്വി റിതംബര തുടങ്ങിയവർക്കെതിരെ പ്രകോപനപരവും വെറുപ്പും വിദ്വേഷവും കലർന്നതുമായ പ്രസംഗം നടത്തിയതിന്റെ പേരിലുമാണ് കുറ്റം ചുമത്തിയത്. അദ്വാനിയും മറ്റും ചെയ്ത തെറ്റ് പ്രകോപനപരമായ പ്രസംഗം നടത്തിയതാണ്. ആദ്യത്തെ കേസ് സിബിഐക്കും രണ്ടാമത്തെ കേസ് സംസ്ഥാന സിഐഡിക്കും നൽകാനായിരുന്നു തീരുമാനം. പക്ഷേ, 1993ൽ എല്ലാ കേസുകളും 47 വേറെ എഫ്‌ഐആറും ഉള്ളതുകൊണ്ട് (വസ്തു നശീകരണം തുടങ്ങി) സിബിഐ 1996ൽ അദ്വാനിക്കും മറ്റും എതിരെ ഗൂഢാലോചന കേസ് (120 ബി)ചുമത്തി. എന്നാൽ, പിന്നീട് കോടതി ഇത് വേണ്ടെന്ന് വച്ചു. ഹൈക്കോടതിയും ഇത് അംഗീകരിച്ചു.

പള്ളി തകർത്തതിന്റെ പിന്നിൽ ഒരു 'ഗൂഢാലോചന'യും ഇല്ലെന്ന വാദം അലഹബാദ് ഹൈക്കോടതി 2010 മെയ് 20ന് ശരിവച്ചതോടെ കേസ് തീർത്തും ശുഷ്‌കമാകുകയായിരുന്നു. എന്നാൽ, 2017ൽ സുപ്രീംകോടതി ഒരു പരാതിയിന്മേൽ ഗൂഢാലോചനക്കുറ്റം അദ്വാനിയിലും മറ്റും ചുമത്തി വിചാരണ തുടരാൻ വിധി പറഞ്ഞു. അദ്വാനി ഉൾപ്പെടെ പ്രതികളെല്ലാം ഗൂഢാലോചനക്കുറ്റം നിരസിച്ചു. പള്ളി തകർത്തവരെ തടയാനാണ് തങ്ങൾ ശ്രമിച്ചതെന്ന് അവർ വാദിച്ചു. ഉമാഭാരതി അവർ കുറ്റവാളിയല്ലെന്ന് പറഞ്ഞു.

2019 നവംബർ ഒമ്പതിന് അയോധ്യ ഭൂമിതർക്കക്കേസിൽ സുപ്രീംകോടതി വിധി പറഞ്ഞു. ബാബ്‌റി മസ്ജിദ്-രാമജന്മഭൂമി തർക്കം നിലനിന്ന 2.77 ഏക്കർ ഭൂമിയിൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിൽ ട്രസ്റ്റ് രൂപീകരിച്ച് രാമക്ഷേത്രം പണിയണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. പള്ളി നിർമിക്കാൻ അയോധ്യയിൽ അഞ്ച് ഏക്കർ സ്ഥലം സുന്നി വഖഫ് ബോർഡിന് നൽകണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. തർക്കത്തിലുള്ള ഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതിയുടെ 2010 സെപ്തംബർ 30ലെ വിധി അസാധുവാക്കിയാണ് രാമക്ഷേത്രം പണിയാൻ സുപ്രീംകോടതി അനുമതി നൽകിയത്. തുടർന്ന് കഴിഞ്ഞ ആഗസ്ത് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടെത്തി രാമക്ഷേത്ര നിർമാണത്തിന് ശിലയിട്ടു. ഉമാഭാരതി ഉൾപ്പെടെയുള്ള സംഘപരിവാർ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഭൂമീപൂജയ്‌ക്ക് പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാക്കളും എത്തി.

മേൽജാതിക്കാർ ക്രൂരമായി പീഡിപ്പിച്ച ദളിത്‌ പെണ്‍കുട്ടിക്ക്‌ ദാരുണാന്ത്യം ; യുപി സംഭവത്തിൽ നടുങ്ങി രാജ്യം

 യുപിയില്‍ മേൽജാതിക്കാർ നിഷ്‌ഠുരമായി മര്‍ദിച്ച് കൂട്ടബലാത്സംഗം ചെയ്ത ദളിത്‌ പെൺകുട്ടി (19) ജീവന്‍ നിലനിര്‍ത്താനുള്ള രണ്ടാഴ്ചത്തെ പോരാട്ടത്തിനൊടുവില്‍ മരണത്തിന് കീഴടങ്ങി. നട്ടെല്ലിനും സുഷുമ്‌നയ്ക്കും ക്ഷതമേറ്റ്  കൈകാലുകൾ പൂർണമായും തളർന്ന്, നാവ് രണ്ടായി മുറിഞ്ഞ്, ശ്വസിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു. ഡൽഹി സഫ്ദർജങ്‌ ആശുപത്രിയിൽ ചൊവ്വാഴ്‌ച രാവിലെയായിരുന്നു അന്ത്യം.

ഹാഥ്‌രസ് ജില്ലയിലെ ഉള്‍​ഗ്രാമത്തില്‍ കഴിഞ്ഞ 14നാണ് പുല്ലുവെട്ടാൻ പോയ പെണ്‍കുട്ടിയെ നാലുപേര്‍ കൊല്ലാക്കൊല ചെയ്തത്. ക്രൂര പീഡനത്തിന്‌ ഇരയാക്കിയശേഷം തുണി കഴുത്തില്‍‌ മുറുക്കി. നാവ്‌ മുറിഞ്ഞ്‌ ചോരയിൽക്കുളിച്ച്‌ കിടന്ന പെണ്‍കുട്ടിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. തിങ്കളാഴ്‌ച നില വഷളായതോടെ ഡല്‍ഹിയിലേക്ക് മാറ്റി.

കേസുമായി ബന്ധപ്പെട്ട്‌ ഗ്രാമവാസികളായ സന്ദീപ്‌, രാമു, രവി, ലവ്‌കുശ്‌ എന്നിവരെ അറസ്‌റ്റ്‌ ചെയ്‌തു. ഗ്രാമത്തിലെ ഭൂരിപക്ഷ സവർണ വിഭാഗമായ താക്കൂർ ജാതിയിൽപ്പെട്ടവരാണ്‌ പ്രതികൾ. അറസ്റ്റിലായ സന്ദീപ്‌ സ്ഥിരമായി ദളിതരെ അവഹേളിക്കാറുണ്ട്. പെണ്‍കുട്ടിയുടെ മുത്തച്ഛനെ മര്‍ദിച്ചതിന് സന്ദീപിന്റെ മുത്തച്ഛന്‍ രണ്ട്‌ പതിറ്റാണ്ടുമുമ്പ്‌ ജയിലില്‍ കിടന്നിട്ടുണ്ട്.

നിഷ്‌പക്ഷ അന്വേഷണം നടക്കുമെന്ന പ്രതീക്ഷ ഇല്ലെന്ന്‌ പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും ദേശീയമാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ നാവ്‌ അക്രമികൾ മുറിച്ചതല്ലെന്നും ശ്വാസം മുട്ടിച്ചപ്പോൾ സ്വയം കടിച്ചുമുറിച്ചതാകാമെന്നും‌ ജില്ലാ മജിസ്‌ട്രേട്ട്‌ പ്രവീൺ ലഷ്‌കർ പറഞ്ഞു. 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. യോഗി ആദിത്യനാഥ്‌ സർക്കാരിനു കീഴിൽ ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും നേരിടേണ്ടിവരുന്ന കൊടിയ അതിക്രമങ്ങളുടെ തുടർച്ചയാണ്‌ ഇതും.

‘ലക്ഷ്യം’ നേടി സമരം നിർത്തി

 കേരളത്തിന്റെ ആരോഗ്യരംഗം ഇന്ത്യക്ക്‌ അപമാനമാണെന്ന്‌ കുറ്റപ്പെടുത്തുന്ന കെപിസിസി പ്രസിഡന്റും പ്രതിരോധം പാളിയെന്ന്‌ ആഹ്ലാദിക്കുന്ന പ്രതിപക്ഷനേതാവും സ്വന്തം അനുയായികൾ  കോവിഡ്‌ പ്രതിരോധപ്രവർത്തനത്തെ എത്രമാത്രം ദുർബലപ്പെടുത്തിയെന്ന ചോദ്യത്തെ അഭിമുഖീകരിക്കുന്നേയില്ല

പ്രതിപക്ഷം സമരാഭാസത്തിൽനിന്ന്‌ പിന്മാറുമ്പോൾ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടിയിട്ടില്ല. എന്നാൽ, സംസ്ഥാനത്ത്‌ കോവിഡ്‌ വ്യാപനം രൂക്ഷമാക്കുകയെന്ന അപ്രഖ്യാപിത ഗൂഢലക്ഷ്യം അവർ നേടി. യുഡിഎഫും ബിജെപിയും അക്രമസമരം ആരംഭിച്ചശേഷമാണ്‌ സംസ്ഥാനത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നത്‌. കോവിഡ്‌ പ്രോട്ടോകോൾ പാലിക്കാത്ത സമരാഭാസത്തിനെതിരെ ജനരോഷം വ്യാപകമായതോടെ പരിപാടി അവസാനിപ്പിക്കുമ്പോൾ രോഗവ്യാപനം ഉച്ചസ്ഥായിയിലായി.

കേരളത്തിന്റെ ആരോഗ്യരംഗം ഇന്ത്യക്ക്‌ അപമാനമാണെന്ന്‌ കുറ്റപ്പെടുത്തുന്ന കെപിസിസി പ്രസിഡന്റും പ്രതിരോധം പാളിയെന്ന്‌ ആഹ്ലാദിക്കുന്ന പ്രതിപക്ഷനേതാവും സ്വന്തം അനുയായികൾ സംസ്ഥാനത്തിന്റെ കോവിഡ്‌ പ്രതിരോധപ്രവർത്തനത്തെ എത്രമാത്രം ദുർബലപ്പെടുത്തിയെന്ന ചോദ്യത്തെ അഭിമുഖീകരിക്കുന്നേയില്ല. സമരങ്ങളിൽ പങ്കെടുത്ത കെപിസിസി വർക്കിങ്‌ പ്രസിഡന്റ്‌ കെ സുധാകരനും ജനറൽ സെക്രട്ടറി തമ്പാനൂർ രവിയുംമുതൽ കെഎസ്‌യു പ്രസിഡന്റ്‌ അഭിജിത്തുവരെയുള്ള നേതാക്കൾ കോവിഡ്‌ ബാധിതരായി. പ്രതിപക്ഷനേതാവിന്റെ സ്റ്റാഫിനും രോഗം.

തൃശൂരിൽ സമരത്തിനുപോയി കോവിഡ്‌ ബാധിച്ച കോൺഗ്രസ്‌ നേതാവിൽനിന്ന്‌ രോഗം പകർന്ന അച്ഛൻ മരിച്ചു. കൊല്ലത്ത്‌ ഐഎൻടിയുസി നേതാവ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. സമരത്തിനിറങ്ങിയ നേതാക്കൾ പലരും രഹസ്യമായി സ്വയം നിരീക്ഷണത്തിലാണ്‌. കെഎസ്‌യു പ്രസിഡന്റ്‌ കള്ളപ്പേരിൽ രഹസ്യമായി കോവിഡ്‌ ടെസ്റ്റിന്‌ പോയി കേസിലുമായി. ജില്ലാതലത്തിലുള്ള മറ്റ്‌ പല നേതാക്കളും രഹസ്യപരിശോധന നടത്തിയതായാണ്‌ വിവരം.

യുഡിഎഫ്‌, ബിജെപി പ്രവർത്തകരുടെ കുടുംബാംഗങ്ങളിൽ പലർക്കും രോഗം ബാധിച്ചതോടെ അണികളിൽനിന്നുതന്നെ സമരത്തിനെതിരെ എതിർപ്പുയർന്നിരുന്നു. അക്രമാസക്തമായ സമരത്തെ നേരിട്ട നിരവധി പൊലീസുകാർക്കും രോഗം ബാധിച്ചു. ഇനിയും സമരം തുടർന്നാൽ പൂർണമായും ഒറ്റപ്പെടുമെന്ന തിരിച്ചറിവിലാണ്‌ സ്വിച്ചിട്ടപോലെ പരിപാടി അവസാനിപ്പിച്ചത്‌.

ഇത്തരം ആൾക്കൂട്ട സമരരീതി ഈ ഘട്ടത്തിൽ ആപത്താണെന്ന്‌ ആരോഗ്യരംഗത്തെ വിദഗ്‌ധരടക്കം നിരന്തരം മുന്നറിയിപ്പ്‌ നൽകിയിട്ടും കണ്ടില്ലെന്നു നടിച്ച പ്രതിപക്ഷത്തിന്‌ ‘ലക്ഷ്യം’ പൂർത്തീകരിച്ചശേഷമാണ്‌ പൊടുന്നനെ തിരിച്ചറിവുണ്ടായത്‌.

കണക്കുകൾ പറയും; 6.56ൽനിന്ന്‌ 13.66ൽ

സ്പ്രിങ്ക്‌ളർ, സ്വർണക്കടത്ത്‌, സെക്രട്ടറിയറ്റ്‌ തീപിടിത്തം തുടങ്ങിയ കാരണം പറഞ്ഞ്‌ മാസങ്ങളായി യുഡിഎഫും ബിജെപിയും സംസ്ഥാനത്താകെ സംഘർഷം സൃഷ്ടിക്കുന്നു. തിരുവോണം കഴിഞ്ഞ്‌  ആൾക്കൂട്ടസമരം ആരംഭിച്ച സെപ്‌തംബർ 12 വരെ രോഗവ്യാപനനിരക്ക്‌ പിടിച്ചുനിർത്താൻ കഴിഞ്ഞു എന്ന്‌ കണക്കുകളിൽ വ്യക്തം‌. 

അഴിഞ്ഞാട്ടസമരം തുടങ്ങിയതുമുതൽ രോഗവ്യാപനം വൻതോതിൽ വർധിച്ചു.  മാസ്ക്‌ വലിച്ചെറിഞ്ഞും ആൾക്കൂട്ട അതിക്രമം സൃഷ്ടിച്ചുമുള്ള സമരങ്ങൾ എല്ലാം മാറ്റിമറിച്ചു. സമരം തുടങ്ങുമ്പോൾ  രോഗസ്ഥിരീകരണനിരക്ക്‌ 6.56 ആയിരുന്നു. കോവിഡ്‌ വ്യാപനമെന്ന ഗൂഢലക്ഷ്യം നടപ്പാക്കി മരണത്തിന്റെ വ്യാപാരികൾ സമരം അവസാനിപ്പിക്കുമ്പോൾ അത്‌ 13.66 ആയി.

സമരം തുടരുമെന്ന്‌ ബിജെപി

സംസ്ഥാന സർക്കാരിനെതിരെ സമരം തുടരുമെന്ന്‌ ബിജെപി പ്രസിഡന്റ്‌ കെ സുരേന്ദ്രൻ പറഞ്ഞു.   സമരം വികേന്ദ്രീകൃതമാക്കും. സമരത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിനും യുഡിഎഫിനും ഇരട്ടത്താപ്പാണെന്നും സുരേന്ദ്രൻ പറഞ്ഞു.

 8 മാസം; ഇതാണ്‌ പോരാട്ടം

എട്ട്‌ മാസത്തിലധികമായി കോവിഡിനെതിരെ രാപ്പകൽ പോരാട്ടത്തിലാണ്‌ ആരോഗ്യപ്രവർത്തകർ. ജോലി സമയം നോക്കാതെ, വ്യക്തിപരമായ ബുദ്ധിമുട്ടുകൾ മാറ്റിവച്ച്‌ നാടിന്റെ സുരക്ഷയ്‌ക്കായി പൊരുതുകയാണ്‌ ഇവർ. ആഴ്ചകളോളം കുഞ്ഞുങ്ങളെ പിരിഞ്ഞും സ്വന്തം വിവാഹം മാറ്റിവച്ചും പ്രവർത്തിക്കുന്നവരുണ്ട്‌. രാജ്യത്ത്‌ നാനൂറോളം ആരോഗ്യപ്രവർത്തകർ കോവിഡിന്‌ ഇരയായപ്പോഴും സംസ്ഥാന സർക്കാർ പാലിച്ച ജാഗ്രതയുടെ ഫലമായി  ഇവിടെ ഒരു ഡോക്ടറുടെ  ജീവൻ മാത്രമാണ്‌ നഷ്ടമായത്‌.  

ആദ്യഘട്ടംമുതൽ ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്‌ക്ക്‌ സർക്കാർ വലിയ പ്രാധാന്യമാണ്‌ നൽകിയത്‌.  സുരക്ഷാ കവചം ഉൾപ്പെടെയുള്ളവ ഉറപ്പാക്കി. ആശുപത്രികളിൽ ജീവനക്കാരെ മൂന്ന്‌ പാളിയായി തിരിച്ച്‌  വൈറസ്‌ വ്യാപനം ചെറുത്തു. കോവിഡ്‌ ഡ്യൂട്ടിക്കുശേഷം നിരീക്ഷണവും പരിശോധനയും ഉറപ്പാക്കി. 

മാനസിക പിന്തുണ നൽകാൻ വിദഗ്‌ധസംഘത്തെ നിയോഗിച്ചു. ഇതുവരെ കോവിഡ്‌ ബാധിതരായത്‌  4685 ആരോഗ്യപ്രവർത്തകർ. കോവിഡ്‌ ഇതര ചികിത്സയ്‌ക്കെത്തുന്നവരിൽനിന്നാണ്‌ കൂടുതലും രോഗബാധ.  സമരങ്ങൾ രൂക്ഷമായ സെപ്‌തംബറിൽ 1469 ആരോഗ്യപ്രവർത്തകർക്ക്‌ കോവിഡ്‌ പിടിപെട്ടു.

പൊതുപരിപാടി നിർത്തിവയ്‌ക്കും: എൽഡിഎഫ്

കോവിഡ്‌ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ പൊതുപരിപാടികളും നിർത്തിവയ്‌ക്കാൻ എൽഡിഎഫ്‌ തീരുമാനിച്ചു. അതിവ്യാപനം സംഭവിക്കാതിരിക്കാനുള്ള സർക്കാരിന്റെ പ്രവർത്തനത്തെ പിന്തുണയ്‌ക്കും. ജാഥ, പൊതുയോഗം എന്നിവയെല്ലാം മാറ്റിവയ്‌ക്കാൻ തീരുമാനിച്ചതായി കൺവീനർ എ വിജയരാഘവൻ പറഞ്ഞു.

സംസ്ഥാന സർക്കാർ നടത്തിയ വികസനപ്രവർത്തനങ്ങളുടെ പൂർത്തീകരണമാണ്‌ അടുത്ത ആറുമാസത്തിനുള്ളിൽ നടത്തുക‌. നൂറുദിന നൂറ്‌ കർമപദ്ധതികളും പൂർത്തീകരിക്കും. പ്രതിപക്ഷവും ബിജെപിയും സംയുക്തമായി കേന്ദ്ര ഏജൻസികളെ കേരളത്തിലെത്തിച്ച്‌ വികസനപ്രവർത്തനങ്ങൾക്ക്‌ തടയിടാൻ ശ്രമിക്കുന്നു‌‌.

പ്രതിപക്ഷ സമരങ്ങളെ സഹായിക്കാനുള്ള ഉപകരണമായി കേന്ദ്ര ഏജൻസികളെ ദുർവിനിയോഗിക്കുന്നു. കേന്ദ്ര ഏജൻസികളുടെ തെറ്റായ ഇടപെടലുകളിൽ ഇടതുപക്ഷം ശക്തമായ പ്രതിഷേധവും കോവിഡ്‌ മാനദണ്ഡപ്രകാരം  ജനകീയപ്രതിരോധവും സംഘടിപ്പിക്കുമെന്നും എ വിജയരാഘവൻ അറിയിച്ചു.

വീണ്ടും ആറായിരം കടന്നു ; പാനൂരിൽ 6 ലീഗുകാർക്കും, തൃശൂരിൽ സമരത്തിനിറങ്ങിയ നേതാവിനും രോഗം

തുടർച്ചയായ രണ്ടാം ദിനവും സംസ്ഥാനത്ത്‌ ആറായിരത്തിലധികം കോവിഡ്‌ ബാധിതർ. വെള്ളിയാഴ്ച 6477 പേർക്ക് രോഗം. 6131 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌. 713 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 3481 പേർക്ക്‌ ഭേദമായി.

പുതിയ രോഗികളിൽ 80 ആരോഗ്യ പ്രവർത്തകരുമുണ്ട്‌. 58 പേർ വിദേശത്തുനിന്നും 198 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്നതാണ്. 22 മരണംകൂടി കോവിഡ്‌ പട്ടികയിൽ ഉൾപ്പെടുത്തി. തിരുവനന്തപുരം അഞ്ച്‌, ആലപ്പുഴ‌, കോട്ടയം നാലുവീതം‌, കൊല്ലം‌, തൃശൂർ മൂന്നുവീതം, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ഒന്നുവീതം. ആകെ മരണം 635. 24 മണിക്കൂറിനിടെ  56,057 സാമ്പിൾ പരിശോധിച്ചു.

പാനൂരിൽ 6 ലീഗുകാർക്കും

പാലത്തായി പീഡനക്കേസിന്റെപേരിൽ മുസ്ലിംലീഗ്‌ പെരിങ്ങത്തൂരിൽ  നടത്തിയ ആൾക്കൂട്ട സമരത്തിൽ പങ്കെടുത്ത ആറുപേർക്ക്‌ കോവിഡ്‌. സമരം മൂന്നുദിവസമുണ്ടായിരുന്നു. ലീഗ് പാനൂർ നഗരസഭാ ജനറൽ സെക്രട്ടറിക്കും മറ്റ്‌ അഞ്ചു‌പേർക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌.

ഇവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 25 പേർക്കും പെരിങ്ങത്തൂരിലും പരിസര പ്രദേശങ്ങളിലുമായി വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുവയസ്സുള്ള കുഞ്ഞും 60 വയസ്‌ കഴിഞ്ഞവരുമുണ്ട്. സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത, കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച യൂത്ത് ലീഗ്‌  നേതാവ് സമരത്തിലുടനീളം പങ്കെടുത്തതാണ് രോഗവ്യാപനത്തിന് കാരണമെന്ന്‌ നാട്ടുകാർ പറഞ്ഞു.

തൃശൂരിൽ സമരത്തിനിറങ്ങിയ നേതാവിനും രോഗം

മന്ത്രി കെ ടി ജലീലിനെതിരെ അക്രമസമരങ്ങൾക്ക്‌ നേതൃത്വം നൽകിയ കെഎസ്‌യു തൃശൂർ ജില്ലാ സെക്രട്ടറി വി എസ് ഡേവിഡിനും കോവിഡ്.  കഴിഞ്ഞയാഴ്‌ച ഉമ്മൻചാണ്ടി രാമനിലയത്തിൽ വന്നപ്പോൾ ഡേവിഡ്‌ സ്വീകരിച്ചിരുന്നു. മറ്റു നിരവധി സമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്‌.

തൃശൂർ കിഴക്കേകോട്ട വഴി മന്ത്രി കടന്നുപോവുമ്പോൾ ഡേവിഡുൾപ്പെടെ പ്രവർത്തകർ കാറിനുമുന്നിലേക്ക് ചാടാൻ  ശ്രമിച്ചിരുന്നു. പൊലീസ് സംഘം തടഞ്ഞതിനെത്തുടർന്ന്‌ മാസ്ക്പോലും ധരിക്കാതെ പൊലീസുമായി ഏറ്റുമുട്ടി. ഇവരെ ബലംപ്രയോഗിച്ചാണ്‌ അറസ്‌റ്റ്‌ ചെയ്‌തു നീക്കിയത്‌.  തിരുവനന്തപുരത്തും സമരത്തിന്‌ ഡേവിഡ്‌ എത്തിയിരുന്നു.

കഴിഞ്ഞ ദിവസം കെപിസിസി സെക്രട്ടറി ജോൺ ഡാനിയേലിനും കോവിഡ് സ്ഥിരീകരിച്ചു. ഒല്ലൂർ മണ്ഡലത്തിൽ കോൺഗ്രസ് സമരങ്ങളിലും യോഗങ്ങളിലും പങ്കെടുത്തവർക്കും കുടുംബാംഗങ്ങൾക്കുമുൾപ്പെടെ പത്തുപേർക്ക്  നേരത്തേ കോവിഡ് വന്നിരുന്നു. എംപി വിൻസെന്റ് ഡിസിസി പ്രസിഡന്റായി സ്ഥാനമേൽക്കുന്ന ചടങ്ങിൽ പങ്കെടുത്തവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഭയപ്പെടേണ്ട; താഴേക്കുവരും ; ഈ ആഴ്‌ച കഴിയുന്നതോടെ രോഗികളുടെ ഗ്രാഫ്‌ താഴും : ഡോ. ടി ജേക്കബ്‌ ജോൺ

 കേരളത്തിൽ കോവിഡ്‌ വ്യാപന നിരക്ക്‌ ഇനി കുറയുകയേയുള്ളൂവെന്ന്‌ ഐസിഎംആർ ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മുൻ മേധാവി ഡോ. ടി ജേക്കബ്‌ ജോൺ. "കേരളത്തിൽ ഭയപ്പെടേണ്ട സാഹചര്യമില്ല. ഈ ആഴ്‌ച കഴിയുന്നതോടെ രോഗികളുടെ ഗ്രാഫ്‌ താഴേക്ക്‌ വരും. രോഗം പ്രതിരോധിക്കുന്നതിൽ കേരളത്തിനുള്ള ഖ്യാതി ഇല്ലാതാക്കാനും തെറ്റിദ്ധാരണ പരത്താനും ശ്രമം നടക്കുന്നതായി സംശയിക്കണം’, തമിഴ്‌നാട്ടിലെ വെല്ലൂരിലെ വസതിയിൽനിന്ന്‌ ദേശാഭിമാനിയോട്‌ ടെലിഫോണിൽ സംസാരിക്കുകയായിരുന്നു ഡോ. ടി ജേക്കബ്‌ ജോൺ.

മൊത്തം ജനസംഖ്യയുടെ 30 ശതമാനംപേർ അണുബാധിതരായാൽ രോഗവ്യാപനം മൂർദ്ധന്യത്തിലെത്തിയതായി കണക്കാക്കാം. കേരളത്തിൽ തിങ്കളാഴ്‌ചവരെ 1,79,982 ലക്ഷം പേരാണ്‌ അണുബാധിതർ‌. ഐസിഎംആറിന്റെ സീറോ സർവേ പ്രകാരം പോസിറ്റീവായ ഒരു കേസിലൂടെ‌ ചുരുങ്ങിയത്‌ 80 പേരിലെങ്കിലും വൈറസ്‌ വ്യാപനമുണ്ടാകും. 80ന്‌ പകരം 60 പേരിൽ വ്യാപനമുണ്ടായതായി കണക്കാക്കിയാൽ ഒരു കോടി എട്ട്‌ ലക്ഷം പേരിൽ വൈറസ്‌ ബാധിച്ചു. കേരളത്തിന്റെ ജനസംഖ്യ 3.6 കോടിയായി എടുത്താൽ ഇതിന്റെ 30 ശതമാനം ഒരു കോടി എട്ട്‌ ലക്ഷംവരും. തമിഴ്‌നാട്ടിൽ പത്ത്‌ ലക്ഷം പേരിൽ 7615 പേർ അണുബാധിതരാണ്‌. കർണാടകത്തിൽ ഇത്‌ 8693 ആണ്‌. ആന്ധ്രയിൽ 12,614 ഉം. അതേസമയം, കേരളത്തിൽ 4997 ആണ്‌.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കോവിഡ്‌ മരണനിരക്കിലും കേരളം പിന്നിലാണ്‌. തമിഴ്‌നാട്ടിൽ 1.77 ശതമാനം, കർണാടകം–-1.87. ആന്ധ്ര 0.93. കേരളത്തിൽ 0.57 ശതമാനംമാത്രമാണ്‌. കേരളം ഇപ്പോഴും സുരക്ഷിതമാണെന്നുതന്നെയാണ്‌ എന്റെ വിശ്വാസം. വല്ലാതെ പേടിക്കേണ്ട കാര്യമില്ല. എന്നാൽ, ജാഗ്രത ഒട്ടും കുറയരുത്‌.  സമ്പൂർണ ലോക്‌ ഡൗണിലേക്ക്‌ പോകേണ്ട സാഹചര്യമില്ല. സ്‌കൂൾ തുറക്കുന്നത്‌ നീട്ടിവയ്‌ക്കണം. രോഗവ്യാപനം കുറയുന്ന മുറയ്‌ക്ക്‌ ജില്ലാതലത്തിൽ വിലയിരുത്തിമാത്രമേ സ്‌കൂൾ തുറക്കാവൂ. വാക്‌സിൻ വരാൻ മാർച്ചുവരെ കാത്തിരിക്കേണ്ടി വരും. വാക്‌സിൻ വിതരണം സംബന്ധിച്ച്‌ തയ്യാറെടുപ്പ്‌ ഇപ്പോഴേ തുടങ്ങാം–- ഡോ. ജേക്കബ്‌ ജോൺ പറഞ്ഞു.

ആംനെസ്‌റ്റിയെ പുറത്താക്കി മോഡി ; രാജ്യാന്തരതലത്തിൽ ഇന്ത്യക്ക്‌ നാണക്കേട്

 നൂറ്റമ്പതിലേറെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന  അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനയായ ആംനെസ്‌റ്റി ഇന്റർനാഷണലിനെ ഇന്ത്യയില്‍നിന്ന്‌ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കി. എല്ലാ ബാങ്ക്‌ അക്കൗണ്ടും മരവിപ്പിച്ചതോടെ സംഘടന ഇന്ത്യയിലെ  പ്രവർത്തനം നിർത്തി. സമാധാന നൊബേൽ നേടിയ സംഘടനയ്ക്കെതിരായ നീക്കം രാജ്യാന്തരതലത്തിൽ ഇന്ത്യക്ക്‌ നാണക്കേടായി.

സിബിഐ, എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌(ഇഡി), ആദായനികുതി വകുപ്പ്‌ എന്നിവയെ ഉപയോ​ഗിച്ചാണ് ആംനെസ്‌റ്റി ഇന്ത്യയെ  ശ്വാസംമുട്ടിച്ചത്. വിദേശസംഭാവന നിയന്ത്രണനിയമം ലംഘിച്ചെന്ന്‌ ആരോപിച്ച് സിബിഐയും കള്ളപ്പണം വെളുപ്പിച്ചെന്ന പേരില്‍ ഇഡിയും കേസെടുത്തു.

ജമ്മു കശ്‌മീർ, ഡൽഹി കലാപം എന്നിവയില്‍ മോഡിസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ആഗസ്‌തിൽ ആംനെസ്റ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. സെപ്‌തംബറിൽ സംഘടനയുടെ  ബാങ്ക്‌ അക്കൗണ്ടുകൾ മരവിപ്പിച്ചു.  "ലക്ഷത്തോളം ഇന്ത്യക്കാരിൽനിന്ന്‌ നിയമപരമായി സംഭാവന സ്വീകരിച്ചാണ്‌  പ്രവർത്തിക്കുന്നത്. മനുഷ്യാവകാശ സംഘടനകളെ ക്രിമിനൽ സംഘങ്ങളായി കേന്ദ്രം കാണുന്നു. രണ്ട്‌ വർഷമായി വേട്ടയാടുന്നു.

രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം  സൃഷ്ടിക്കുകയാണ്'‌–-ആംനെസ്‌റ്റി  ഇന്ത്യ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ അവിനാഷ്‌ കുമാർ പറഞ്ഞു.  ഇന്ത്യയിൽ അഞ്ച്‌ പ്രാവശ്യം ആംനെസ്‌റ്റിക്ക്‌ പ്രവർത്തനസ്വാതന്ത്ര്യം നിഷേധിച്ചിട്ടുണ്ട്. 50 വർഷം മുമ്പായിരുന്നു ഇതിൽ ആദ്യത്തേതെന്നും മുൻ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ ആകാർ പട്ടേൽ പറഞ്ഞു.

മനുഷ്യാവകാശത്തിന്റെ ശബ്ദം

രാജ്യാന്തരതലത്തില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന മനുഷ്യാവകാശസംഘടന. ലണ്ടൻ ആസ്ഥാനം. 150ലേറെ രാജ്യത്ത് സാന്നിധ്യം. 80ലക്ഷത്തോളം അം​ഗങ്ങള്‍.  തടവറകളിലെ പീഡനം, സർക്കാരുകളുടെയും ബഹുരാഷ്ട്ര കോർപറേഷനുകളുടെയും മനുഷ്യാവകാശലംഘനം തുടങ്ങിയവ വെളിച്ചത്തുകൊണ്ടുവരുന്നു. 1977ല്‍ സമാധാന നൊബേല്‍.

Tuesday, September 29, 2020

കോവിഡ് വ്യാപനം തടയുന്നതിന് ഒറ്റക്കെട്ടായി നീങ്ങും; സര്‍വ്വകക്ഷി യോഗം

 തിരുവനന്തപുരം> സംസ്ഥാനം അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് ഇപ്പോള്‍ നേരിടുന്നതെന്നും ആദ്യഘട്ടത്തില്‍ ഈ മഹാമാരിയെ ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി. മെയ് പകുതിയാകുമ്പോള്‍ പ്രതിദിനം രോഗബാധിതരുടെ എണ്ണം 16 ആയി കുറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഫലപ്രദമായ ഏകോപനത്തിലൂടെ പ്രവര്‍ത്തിക്കുകയും ജനങ്ങളില്‍നിന്ന് നല്ല സഹകരണം നേടുകയും ചെയ്തു. സ്വകാര്യ ആശുപത്രികളെ കൂടി കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളാക്കിയാണ് സര്‍ക്കാര്‍ നീങ്ങുന്നത്. സ്വകാര്യ മേഖലയില്‍ കോവിഡ് ചികിത്സക്ക് നിരക്ക് നിശ്ചയിച്ച ആദ്യ സംസ്ഥാനമാണ് കേരളം.

എല്ലാ അര്‍ത്ഥത്തിലും രോഗവ്യാപനം പിടിച്ചു നിര്‍ത്താനായി എന്നത് നമ്മുടെ അഭിമാനകരമായ നേട്ടമാണ്. എന്നാല്‍ സെപ്തംബറില്‍ രോഗികളുടെ എണ്ണത്തില്‍ ഭീതിജനകമായ വളര്‍ച്ചയാണുണ്ടായത്. പ്രതിദിന കേസുകള്‍ ഏഴായിരമായി വര്‍ധിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് തൊണ്ണൂറ്റിയാറ് ശതമാനം പേര്‍ക്കും രോഗം ബാധിക്കുന്നതു എന്നത് അതിവ ഗൗരവമുള്ള കാര്യമാണ്. ഈ നില തുടര്‍ന്നാല്‍ വലിയ അപകടത്തിലേക്കാണ് നാം ചെന്ന് പതിക്കുക. അതുകൊണ്ട് എന്ത് വിലകൊടുത്തും രോഗവ്യാപനംപിടിച്ചു കെട്ടണം; സര്‍വ്വകക്ഷി യോഗത്തെ സംബന്ധിച്ച് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചു

നിലവിലെ നമ്മുടെ അവസ്ഥയും ചികിത്സാ സൗകര്യങ്ങളും നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നത് കൊണ്ട് ആവര്‍ത്തിക്കുന്നില്ല.എല്ലാവര്‍ക്കും അറിയുന്നതുപോലെ കോവിഡ് വ്യാപനം തടയുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അതിന്റേതായ അര്‍ത്ഥത്തില്‍ പാലിക്കപ്പെടാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്ക് പ്രധാന കാരണം. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതിന് വേണ്ടി സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കും. അതോടൊപ്പം പ്രാദേശിക തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നല്ല ഇടപെടല്‍ ഉണ്ടാകണം.

പ്രതിഷേധ സമരങ്ങള്‍ ആരോഗ്യ പരിപാലന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായിരിക്കണം. പ്രതിഷേധ സമരങ്ങള്‍ നമ്മുടെ ജനാധിപത്യ അവകാശമാണ്. അതിനെ എതിര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ ഇന്ന് നാം നേരിടുന്ന സാഹചര്യത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് സമരങ്ങളുടെ കാര്യത്തിലും നിയന്ത്രണങ്ങള്‍ ആവശ്യമാണ്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിയേ പറ്റൂ. ഇക്കാര്യത്തില്‍ സഹകരിക്കണമെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളോടും അഭ്യര്‍ത്ഥിച്ചു. ലോക്ക് ഡൗണിനു ശേഷം രാജ്യത്താകെ വിവിധ മേഖലകള്‍ തുറന്നു പ്രവര്‍ത്തിക്കുകയാണ്. അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നതിനു ഇത് ആവശ്യമാണ്.

കമ്പോളങ്ങളിലും റീട്ടെയില്‍ വ്യാപാരസ്ഥാപനങ്ങളിലും ആദ്യഘട്ടത്തിലുണ്ടായിരുന്ന ജാഗ്രതക്ക് നല്ല കുറവുണ്ടായതായി കാണുന്നു. ഇതിന്റെ ദൂഷ്യഫലം പ്രത്യക്ഷത്തില്‍ കാണുന്നുമുണ്ട്. ഇവിടെ ഫലപ്രദമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിലവിലെ സംവിധാനത്തോടൊപ്പം പ്രാദേശികതലത്തിലെ രാഷ്ട്രീയകക്ഷിനേതാക്കള്‍ നല്ല ഇടപെടല്‍ നടത്തേണ്ടതുണ്ട്.

നാളിതുവരെയുള്ള കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പൊതുവേ നല്ല പിന്തുണയാണ് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ളത്. ചില ഘട്ടങ്ങളില്‍ സങ്കുചിത താല്‍പര്യങ്ങള്‍ നാം പൊതുവായി നേരിടുന്ന ഭീഷണിയെ അവഗണിച്ചുകൊണ്ട് പൊന്തിവന്നിട്ടുണ്ട്. രോഗവ്യാപനം വലിയൊരു ഭീഷണിയായി പത്തിവിടര്‍ത്തുമ്പോള്‍ ഇത്തരം പ്രവണതകള്‍ ഇനിയൊരിക്കലും ഉണ്ടാകാതിരിക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പ്രതിജ്ഞാബദ്ധരാകണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്ഥിതി അതിസങ്കീര്‍ണ്ണമാകാന്‍ സാധ്യതയുണ്ട്. ഇത് നാം തടഞ്ഞേ തീരൂ.

ഈ പ്രതിസന്ധി തരണം ചെയ്യാന്‍ എല്ലാവരുടെയും അകമഴിഞ്ഞ സഹകരണവും പിന്തുണയുമാണ് സര്‍വ്വകക്ഷി യോഗത്തില്‍ അഭ്യര്‍ത്ഥിച്ചത്.നാടിനെയും ജനങ്ങളേയും മുന്‍നിര്‍ത്തിയുള്ള ഉത്തരവാദിത്തപൂര്‍ണ്ണമായ രാഷ്ട്രീയ പ്രവര്‍ത്തനമേ ഏതു ഭാഗത്തു നിന്നുമുണ്ടാകൂ എന്ന് ഉറപ്പുവരുത്താന്‍ ഒരുമിച്ചു നീങ്ങണം എന്ന അഭ്യര്‍ത്ഥന എല്ലാ ഭാഗത്തു നിന്നും സ്വീകരിക്കപ്പെട്ടു.

കോവിഡ് വ്യാപനം തടയുന്നതിന് ഒറ്റക്കെട്ടായി നീങ്ങാന്‍ സര്‍വ്വകക്ഷി യോഗം ഏകകണ്ഠമായി തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  എകീകൃതമായ രീതിയില്‍ കോവിഡിനെ പ്രതിരോധിക്കണമെന്ന കാര്യത്തിലും അതിന് കോവിഡ് മാനദണ്ഡം പാലിക്കണമെന്നും എല്ലാവരും അംഗീകരിച്ചു.വിവിധ പരിപാടികള്‍ നടക്കുമ്പോള്‍ നിശ്ചിത എണ്ണത്തില്‍ ഒതുങ്ങണം.  ആള്‍ക്കാര്‍ കൂടുന്ന ഏത് പരിപാടി ആയാലും ഒപ്പം മുന്‍കരുതലുകള്‍ എടുക്കുകയും വേണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി

സിബിഐയെ തടയാൻ നിയമനിർമാണം നടത്തിയത് കോൺഗ്രസ് സർക്കാരുകൾ; കേരളത്തിൽ അത്തരം ആലോചനയില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം > സിബിഐയെ പോലുള്ള ഏജൻസികളെ തടയാൻ വിവിധ സംസ്ഥാനങ്ങളിൽ നിയമനിർമാണം നടത്തിയത് കോൺഗ്രസ് സർക്കാരുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ അത്തരം ഒരു ആലോചന ഇതേവരെ നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ''കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചിലത് ഇങ്ങനെ ഒരു നിലപാട് എടുത്തിട്ടുണ്ടെന്നത് ശരിയാണ്. അങ്ങനെ ഒരു സമീപനം കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം കൊടുത്തുകൊണ്ടുതന്നെ അവിടെ എടുത്തിട്ടുണ്ട്. ഞങ്ങള്‍ ഇതുവരെ അത്തരമൊരു കാര്യവും ആലോചിച്ചിട്ടില്ല''-മുഖ്യമന്ത്രി പറഞ്ഞു.  സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം ആലോചിക്കുന്നുവെന്ന് പറഞ്ഞിരുന്നു.അതേ തനിക്കറിയുകയുള്ളൂ എന്നും  ചോദ്യത്തിനു  മറുപടിയായി അദ്ദേഹം പറഞ്ഞു.

സിബിഐയെ തടയാൻ സർക്കാർ ഓഡിനൻസ് ഇറക്കാൻ പോകുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ട്വിസ്റ്റ്; ഒരുമാസം മുൻപേ 'നീതു'വിനെ കളത്തിലിറക്കിയതും അനിൽ അക്കര തന്നെ, 'കഞ്ഞിക്കുഴിത്തര'മെന്ന്‌ സോഷ്യൽ മീഡിയ

 കൊച്ചി > ലൈഫ് മിഷൻ വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ഫ്‌ളാറ്റിന്റെ നിർമാണം മുടക്കി 140 കുടുംബങ്ങളുടെ വീടെന്ന സ്വപ്‌‌നത്തിന് കരിനിഴൽ വീഴ്‌ത്തിയതോടെ പ്രതിരോധത്തിലായിരിക്കുകയാണ് അനിൽ അക്കര എംഎൽഎയും യുഡിഎഫും. ജനരോഷം വഴിതിരിച്ചുവിടാൻ ചില മാധ്യമങ്ങളെക്കൂട്ടി പുകമറ സൃഷ്‌ടിച്ച് രക്ഷപെടാനാണ് വടക്കാഞ്ചേരി എംഎൽഎ ഇപ്പോൾ ശ്രമിക്കുന്നത്.

ഫ്‌ളാറ്റ് പദ്ധതി തകർക്കരുതെന്ന് ആവശ്യപ്പെട്ട് ഗുണഭോക്താവായ നീതു ജോൺസൺ എന്ന വിദ്യാർഥിനിയുടെ പേരിൽ കത്ത് പ്രചരിക്കുന്നുവെന്നും, എന്നാൽ അന്വേഷിച്ചപ്പോൾ അങ്ങനെയൊരു പെൺകുട്ടി ഇല്ലെന്ന് കണ്ടെത്തിയെന്നുമാണ് അനിൽ അക്കരയുടെയും യുഡിഎഫ് സൈബർ സംഘത്തിന്റെയും പ്രചരണം. താൻ മൂലം ഫ്‌ളാറ്റ് നിർമാണം തടസപ്പെട്ടത്തിൽ ആർക്കും പരാതിയില്ലെന്നാണ് മാധ്യമ സഹായത്തോടെ അനിൽ അക്കര പറഞ്ഞുവെക്കുന്നത്.

എന്നാൽ ഏതെങ്കിലും മാധ്യമങ്ങളിൽ വരുന്നതിന് മുൻപേ തന്നെ 'നീതു ജോൺസൺ'ന്റേത്  എന്ന പേരിൽ പ്രചരിക്കുന്ന കത്ത് അനിൽ അക്കര തന്റെ ഫെയ്‌‌സ്‌‌ബുക്ക് പോസ്റ്റിലിട്ടിരുന്നു. കഴിഞ്ഞ ആഗസ്‌ത് 23നാണ് അനിൽ അക്കര ഈ കത്ത് പോസ്റ്റ് ചെയ്‌തത്.

ഇതോടെയാണ് ഇപ്പോൾ പൊടുന്നനെ കത്തുമായി ഇറങ്ങുന്നതിൽ സംശയമുന്നയിച്ച് നിരവധിപേർ രംഗത്തെത്തിയിരിക്കുന്നത്. നീതുവിന്റെ കത്തിന്റെ സൃഷ്ടാവ് അനിൽ അക്കര തന്നെയാണോ എന്ന് സോഷ്യൽ മീഡിയയിലൂടെ പലരും ചോദിക്കുന്നു.

Ahalya Vaidehi

·നീതു ജോണ്‍സന്റെ ഉറവിടം തിരയുമ്പോള്‍ ചില സംശയങ്ങള്‍... 

അനിൽ അക്കരക്കുള്ള പ്ലസ്‌ ടു വിദ്യാർത്ഥിനിയുടെ കത്ത്‌ വൈറൽ ആകുന്നു എന്ന പോസ്റ്റ് എം എല്‍ എ പോസ്റ്റ് ചെയ്യുന്നത് ആഗസ്ത് ഇരുപത്തിമൂന്നിന്. എന്നാല്‍ അതിന് ശേഷമാണ് ആ കത്ത് വൈറലാവുന്നതും ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതുമെന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ മനസ്സിലാക്കാനാവും. എം എല്‍ എയുടെ പോസ്റ്റിന് ശെഷമാണ് ആ കത്ത് വ്യാപകമായി ഇടത് വലത് പേജുകളിലും പ്രൊഫൈലുകളിലും ഷെയര്‍ ചെയ്യപ്പെടുന്നത്. ഇപ്പോള്‍ ആക്ഷേപം അത് പ്രചരിപ്പിച്ചത് ഇടതുപക്ഷമാണെന്നാണ്. വ്യാജമായി ഉണ്ടാക്കി അനില്‍ അക്കരയെ ആക്ഷേപിക്കാന്‍ ഉണ്ടാക്കിയ കത്താണതെന്നാണ്. ഒരുപക്ഷേ ആയിരിക്കാം. എന്നാല്‍ ചില ലോജിക്കുകള്‍ അതിനെ തുരങ്കം വയ്ക്കുന്നുണ്ടോ എന്നാണ്. ഒന്ന്, പ്രത്യക്ഷത്തില്‍ എം എല്‍ എ യോട് വീടെന്ന സ്വപ്നം തകര്‍ക്കരുതെന്ന് അപേക്ഷിച്ച ഷംസാദ് ബീഗത്തെപ്പോലുള്ളവര്‍ മുഖത്തോട് കൂടി തന്നെ പൊതു ഇടങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. അപ്പോള്‍ പിന്നെ ഒരു സാങ്കല്പിക കഥാപാത്രത്തെ സൃഷ്ടിക്കേണ്ടതുണ്ടോ എന്നൊരു സംശയം വരുന്നു. മറ്റൊന്ന്, ഇടതുപക്ഷത്തിന്റെ കഥാപാത്രസൃഷ്ടിയില്‍ എളുപ്പം പൊളിഞ്ഞുപോയേക്കാവുന്ന സൈറാബാനുത്ത അഥവാ സൈറാബാനു മുസ്തഫ എന്ന മങ്കരയിലെ കോണ്‍ഗ്രസ് കൗണ്‍സലര്‍ എങ്ങനെയായിരിക്കും കടന്ന് വരുന്നത്. എളുപ്പത്തില്‍ പൊളിയാവുന്ന ഒരു നുണയാവില്ലല്ലോ പ്ലാന്‍ ചെയ്ത് എക്സിക്യൂട്ട് ചെയ്യുന്നത്.അതിനൊരുറപ്പ് കിട്ടാന്‍ ഒരു ഇടതുപക്ഷ കൗണ്‍സലറെ ഉപയോഗിക്കുന്നതല്ലെ കൂടുതല്‍ നല്ലത്. ഈ രണ്ട് ചോദ്യങ്ങളിലാണ് ലോജിക്ക് കുഴക്കുന്നത്!! 

ഇതേ ലോജിക്കില്‍ വീണ്ടും ആ കത്തൊന്ന് വായിച്ചു നോക്കാം. (പോസ്റ്റ് ലിങ്ക്)

Anil Sethumadhavan

 ആഗസ്റ്റ് 23ന് ഈ കത്ത് ആദ്യം പോസ്റ്റ് ചെയ്ത് കാണുന്നത് അനിൽ അക്കര തന്നെയാണ്. പൂർവകാല ഉടായിപ്പുകൾ സ്വന്തം പേരിൽ ഉള്ളത് കൊണ്ട് തങ്ങളുടെ വിശ്വാസ്യത തെളിയിക്കേണ്ടത് കോൺഗ്രസസിന്റെ, വിശിഷ്യാ അനിൽ സെറിന്റെ ഉത്തരവാദിത്തമാണെന്നു ഞാൻ പറഞ്ഞാൽ അംഗീകരിക്കുമോ ഇല്ലയോ. 😌

ഒന്നും തോന്നരുത്. ലീന ചേച്ചിയുടെയും മോന്റെയും പാർട്ടിയാണ് നിങ്ങളുടേത്. വിശ്വസിക്കാൻ ഇച്ചിരി ബുദ്ധിമുട്ടുണ്ട്. 

(പോസ്റ്റ് ലിങ്ക്)

'നീതു' എന്ന അദൃശ്യ വ്യക്തിയെ പിൻപറ്റി ന്യായീകരണം കണ്ടെത്തുന്ന അനിൽ അക്കരയോ യുഡിഎഫോ തങ്ങളുടെ ജീവിത സ്വപ്‌നം മുടക്കരുതെന്ന് അപേക്ഷിച്ച് നിരവധി കുടുംബങ്ങൾ നേരത്തേ തന്നെ രംഗത്തെത്തിയത് കണ്ടില്ലെന്ന് നടിക്കുന്നതും സംശയമുളവാക്കുന്നു.

കുറച്ചുദിവസങ്ങൾക്ക് മുൻപാണ് സിപിഐ എമ്മുമാർ വീട് ആക്രമിച്ചുവെന്ന് പ്രചരിപ്പിച്ച കോൺഗ്രസ് വനിതാ നേതാവ് രംഗത്തെത്തിയത്. എന്നാൽ അന്വേഷണത്തിൽ നേതാവിന്റെ മകൻ തന്നെയാണ് വീട് ആക്രമിച്ചതെന്നും സിപിഐ എമ്മുമാകെര കുടുക്കാൻ ചെയ്തതാണെന്നും കണ്ടെത്തിയിരുന്നു. പ്രതിപക്ഷ സമരങ്ങളിൽ പൊലീസ് അക്രമിച്ചെന്ന് വരുത്തിത്തീർക്കാൻ കോൺഗ്രസുകാർ ചുവന്ന മഷിക്കുപ്പി ഉപയോഗിച്ചതും വിവാദമായിരുന്നു. ഇത്തരത്തിലുള്ള 'അടവ്' തന്നെയാണോ ഇപ്പോൾ അനിൽ അക്കര പയറ്റുന്നതെന്നാണ് ഉയരുന്ന ചോദ്യം.

ഭരണഘടനയുടെ വിധിദിവസം

 1992 ഡിസംബർ ആറിന്‌ ഞായറാഴ്ച ഉത്തർപ്രദേശിലെ സരയൂനദിക്കരയിൽ സ്ഥിതിചെയ്യുന്ന അയോധ്യയിൽ ബാബ്‌റി മസ്ജിദ് എന്ന മുസ്ലിം ദേവാലയം ഹിന്ദുത്വ തീവ്രവാദികളായ ഒരു സംഘം കർസേവകർ തകർത്തു. അവരെ നയിച്ചത് എൽ കെ അദ്വാനി ഉൾപ്പെട്ട സംഘപരിവാർ നേതാക്കന്മാർ ആയിരുന്നു. ഈ സംഭവത്തിന് അനേകം ദേശീയ വിദേശീയ മാധ്യമപ്രവർത്തകരെപ്പോലെ ഞാനും ദൃക്‌സാക്ഷി ആയിരുന്നു. ആധുനിക ഭാരതത്തിന്റെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമായിരുന്നു ബാബ്‌റി മസ്ജിദ് ഭേദനം.

28 വർഷത്തിനുശേഷം ഈ കേസിന്റെ വിധി ലഖ്‌നൗവിലെ സിബിഐ പ്രത്യേക കോടതി സെപ്തംബ‍ർ 30ന്‌ പറയുകയാണ്. ഇത് വളരെ പ്രധാനപ്പെട്ട ഒരു വിധിപ്രഖ്യാപനമാണ്. 2019 നവംബ‍ർ ഒമ്പതിന് അയോധ്യ ഭൂമിത‍ർക്കക്കേസിൽ വിധി ഹിന്ദുത്വകക്ഷികൾക്ക് അനുകൂലമായി ഏകപക്ഷീയമായി വന്നതിനുശേഷം വരുന്ന ഒന്നായതുകൊണ്ട് ഇത് വളരെ ​ഗൗരവപൂ‍‍ർവം ശ്രദ്ധിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ ഇന്ത്യയുടെ മതനിരപേക്ഷ ഭരണഘടനയുടെ വിധിദിവസമായും കണക്കാക്കാം.

ഈ കേസിന്റെ ആദ്യത്തെ എഫ്ഐആറിൽ (നമ്പ‍‍ർ 197) പള്ളി പൊളിച്ചതിന് അറിയപ്പെടാത്ത കർസേവകരെയാണ് കുറ്റവാളികളായി പഴിചാരിയിരിക്കുന്നത്. രണ്ടാമത്തെ എഫ്ഐആറിൽ (നമ്പ‍‍ർ 198) അദ്വാനി, അശോക് സിംഘാൾ, ​ഗിരിരാജ് കിഷോ‍ർ, മുരളി മനോഹ‍ർ ജോഷി, ഉമാഭാരതി, വിഷ്ണു ​ദാൽമിയ, സാധ്വി റിതംബര തുടങ്ങിയവർക്കെതിരെ പ്രകോപനപരവും വെറുപ്പും വിദ്വേഷവും കലർന്നതുമായ പ്രസം​ഗം നടത്തിയതിന്റെ പേരിലുമാണ് കുറ്റം ചുമത്തിയത്. അപ്പോൾ പള്ളി തക‍ർത്തത് അറിയപ്പെടാത്ത കർസേവകർ ആണ്. അദ്വാനിയും മറ്റും ചെയ്ത തെറ്റ് പ്രകോപനപരമായ പ്രസം​ഗം നടത്തിയതാണ്‌. സംഭവം നിസ്സാരം. ആദ്യത്തെ കേസ് സിബിഐക്കും രണ്ടാമത്തെ കേസ് സംസ്ഥാന സിഐഡിക്കും നൽകാനായിരുന്നു തീരുമാനം. പക്ഷേ, 1993ൽ എല്ലാ കേസുകളും 47 വേറെ എഫ്ഐആറും ഉള്ളതുകൊണ്ട് (വസ്തു നശീകരണം തുടങ്ങി) സിബിഐ 1996ൽ അ​ദ്വാനിക്കും മറ്റും എതിരെ ​ഗൂഢാലോചന കേസ് (120 ബി)ചുമത്തി. എന്നാൽ, പിന്നീട് കോടതി ഇത് വേണ്ടെന്ന് വച്ചു. ഹൈക്കോടതിയും ഇത് അംഗീകരിച്ചു.

ഇതിന്റെ അർഥം ബാബ്‌റി മസ്ജിദ് തകർത്ത കേസ്‌ വളരെ ലഘുവായി മാറുകയായിരുന്നുവെന്നാണ്. തകർത്തത് അറിയപ്പെടാത്ത കർസേവകർ. അദ്വാനിയും മറ്റും കുറ്റം പ്രകോപനപരമായ പ്രസംഗം നടത്തിയതുമാത്രം. പള്ളി തകർത്തതിന്റെ പിന്നിൽ ഒരു ‘ഗൂഢാലോചന’യും ഇല്ല. അലഹബാദ് ഹൈക്കോടതി ഇത് 2010 മെയ് 20ന് ശരിവച്ചതോടെ കേസ് തീർത്തും ശുഷ്കമാകുകയായിരുന്നു. അതിന്റെ രാഷ്ട്രീയ–-മത–-ചരിത്ര പശ്ചാത്തലം തേച്ചുമായ്ക്കപ്പെടുകയായിരുന്നു. എന്നാൽ, 2017ൽ സുപ്രീംകോടതി ഒരു പരാതിയിന്മേൽ ഗൂഢാലോചനക്കുറ്റം അദ്വാനിയിലും മറ്റും ചുമത്തി വിചാരണ തുടരാൻ വിധി പറഞ്ഞു.

അദ്വാനി ഉൾപ്പെടെ പ്രതികളെല്ലാം ഗൂഢാലോചനക്കുറ്റം നിരസിച്ചു. പള്ളി തകർത്തവരെ തടയാനാണ് തങ്ങൾ ശ്രമിച്ചതെന്ന് അവർ വാദിച്ചു. ഉമാഭാരതി അവർ കുറ്റവാളിയല്ലെന്ന് പറഞ്ഞു. പള്ളി പൊളിച്ചതിന്റെ പിന്നിൽ ഒരു ഗൂഢാലോചനയും ഇല്ലെന്ന് അവർ സമർഥിച്ചു. അയോധ്യ ഒരു തുറന്ന മുന്നേറ്റമായിരുന്നു, അടിയന്തരാവസ്ഥ വിരുദ്ധസമരംപോലെ ഭാരതി വാദിച്ചു. പക്ഷേ, ഗൂഢാലോചന കേസ് വീണ്ടും ചുമത്തിയപ്പോൾ ഇന്ത്യൻ ഭരണഘടനയുടെ മതനിരപേക്ഷതയെ ഉലച്ച ഒരു നടപടിയായിരുന്നു പള്ളി തകർക്കലെന്ന് സുപ്രീംകോടതി രേഖപ്പെടുത്തി.

ബാബ്‌റി മസ്ജിദ് ഭേദനത്തിന്റെ മതവും രാഷ്ട്രീയവും എല്ലാവർക്കും സുവ്യക്തമാണ്. 1528ൽ മുഗൾ രാജവംശത്തിന്റെ സ്ഥാപകനായ ബാബറിന്റെ ജനറലായ മീർഭാക്കി അയോധ്യയിൽ സ്ഥാപിച്ചതാണത്രെ ബാബ്‌റി മസ്ജിദ്. അത് രാമക്ഷേത്രം തകർത്തിട്ടാണ് പണിതത്‌ എന്നാണ് ഹിന്ദുത്വവാദികളുടെ ആരോപണം. ഹിന്ദുമഹാസഭയും ജനസംഘവും ആർഎസ്എസും വിശ്വഹിന്ദുപരിഷത്തും ബജ്റംഗ്‌ദളും ശിവസേനയും ബിജെപിയും ഇത് വിശ്വസിക്കുന്നു. ബാബ്‌റി മസ്ജിദ് തകർത്ത്‌ അവിടെ രാമക്ഷേത്രം നിർമിക്കുക എന്നതായിരുന്നു അവരുടെ രാഷ്ട്രീയ അജൻഡ. രാമക്ഷേത്രം മുദ്രാവാക്യത്തിലൂടെ ഹൈന്ദവ വോട്ടുകളുടെ ധ്രുവീകരണവും തദ്വാര അധികാര കൈയാളലും ബിജെപി ഉന്നം വച്ചു. 1984ൽ വിശ്വഹിന്ദുപരിഷത്തും അദ്വാനിയും ഇതിനായുള്ള സംയുക്തസംരംഭം തുടങ്ങി. അവർ സാംസ്കാരിക ദേശീയതയുടെ പേരിൽ വർഗീയത ആളിക്കത്തിക്കാൻ ശ്രമിച്ചു. ഇതിനെ പ്രതിരോധിക്കാനായി ഭരണകക്ഷിയായ കോൺഗ്രസും പ്രധാനമന്ത്രിയായിരുന്ന രാജിവ് ഗാന്ധിയും ഹിന്ദുക്കൾക്ക്‌ ബാബ്‌റി മസ്ജിദ് -- രാമജന്മഭൂമിയിൽ പ്രാർഥനയ്ക്കുള്ള അനുവാദം കൊടുത്തു. 

1989ൽ രാജീവ് ഗാന്ധി പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് രാമക്ഷേത്രശിലാന്യാസം നടത്താൻ വിശ്വഹിന്ദു പരിഷത്തിന് അനുവാദം നൽകി. പക്ഷേ, തെരഞ്ഞെടുപ്പ് ജയിച്ചില്ല. പിന്നീട് അധികാരത്തിൽ വന്ന ഗവൺമെന്റിന് ബിജെപി പുറത്തുനിന്ന്‌ പിന്തുണ നൽകി. പ്രധാനമന്ത്രി വി പി സിങ്ങിന്റെ മണ്ഡൽ പരിഷ്കരണത്തിന് മറുപടിയായി അദ്വാനി അയോധ്യ രഥയാത്ര പ്രഖ്യാപിച്ചു. 1989ൽ രാമക്ഷേത്രനിർമാണം ഒരു പരിപാടിയായി ബിജെപിയുടെ പാലംപുർ സമ്മേളനം അംഗീകരിച്ചിരുന്നു. പക്ഷേ, അദ്വാനിയുടെ ഒന്നാം രഥയാത്ര വിജയിച്ചില്ല. അതോടെ വി പി സിങ് ഗവൺമെന്റ് വീണു. 1992ൽ രണ്ടാം രഥയാത്ര ബാബ്‌റി മസ്ജിദിന്റെ തകർച്ചയിൽ കലാശിച്ചു. ഇത് ഒരു ആകസ്മിക സംഭവമായിട്ടാണ് രഥയാത്രികനും സംഘവും കൊട്ടിഘോഷിക്കുന്നത്. ബാബ്‌റി മസ്ജിദ് ഒരു നയനപ്രകോപനകാരിയാണെന്ന് പറഞ്ഞ (ഒക്കുലർ പ്രൊവൊക്കേഷൻ) അദ്വാനിതന്നെയാണ് ബാബ്‌റി മസ്ജിദ് തകർത്ത ദിവസമാണ് തന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ദിവസമെന്ന് പറഞ്ഞത്; എന്ത് വിരോധാഭാസം!

ബാബ്‌റി മസ്ജിദ് തകർത്തതിനെക്കുറിച്ച് അന്വേഷിക്കാൻ നിയമിച്ച എം എസ് ലിബർഹാൻ കമീഷൻ കണ്ടെത്തിയത് പള്ളി തകർക്കൽ യാദൃച്ഛികമോ മുൻകൂട്ടി ആസൂത്രണം ചെയ്യാത്തതോ ആയ ഒരു സംഭവം അല്ലെന്നാണ്. പ്രസ്തുത കേസിൽ സുപ്രീംകോടതിയും മസ്ജിദ് ഭേദനത്തെ നിന്ദ്യമായ നിയമലംഘനമെന്ന് വിശേഷിപ്പിക്കുകയുണ്ടായി. മസ്ജിദ് തകർക്കലിനെത്തുടർന്ന് ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലെ ഗവൺമെന്റുകളെ (ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്) പ്രസിഡന്റ് പിരിച്ചുവിടുകയുണ്ടായി. ആർഎസ്എസിനെ നിരോധിച്ചു. മസ്ജിദ് തകർത്തതിന്റെ പിറകിലുള്ള രാഷ്ട്രീയനേതൃത്വം ശിക്ഷിക്കപ്പെടുമോ? അതിന്റെ പിറകിലുള്ള വിഭാഗീയതയുടെ മതവിദ്വേഷത്തിന്റെ തത്വശാസ്ത്രം തുറന്നുകാട്ടപ്പെടുമോ?ഇന്ത്യയുടെ മതനിരപേക്ഷ ഘടനയ്ക്ക് ഏറ്റ കളങ്കം കഴുകിക്കളയുമോ സെപ്തംബർ 30ലെ കോടതിയുടെ വിധിന്യായം.

പി വി തോമസ്

ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റ്

 തിരുവനന്തപുരം> 2020-21 അദ്ധ്യയന വര്‍ഷം സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവന്‍സായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 27 ലക്ഷത്തില്‍പ്പരം കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 100 കോടി രൂപയാണ്. കേന്ദ്ര ധനസഹായവും ഇതിന് ലഭ്യമായിട്ടുണ്ട്. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ അവധി ദിനങ്ങള്‍ ഒഴിവാക്കിയുള്ള 62 ദിവസങ്ങള്‍ക്ക് കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യവും പാചകചെലവിനത്തില്‍ വരുന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജന­ങ്ങളുമാണ് ഭക്ഷ്യകിറ്റില്‍ ഉള്‍പ്പെടുന്നത്.

ചെറുപയര്‍, കടല, തുവര പരിപ്പ്, ഉഴുന്ന്, ഭക്ഷ്യ എണ്ണ, 3 ഇനം കറി പൗഡറുകള്‍ തുടങ്ങി എട്ട് ഇനങ്ങളാണ് പലവ്യഞ്ജനങ്ങളായി ഉള്‍പ്പെടുത്തുന്നത്.പ്രീ-പ്രൈമറി കുട്ടികള്‍ക്ക് 2 കിലോഗ്രാം അരിയും 308 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് ലഭിക്കുക. 7 കിലോഗ്രാം അരിയും 308 രൂപയുടെ പലവ്യഞ്ജനങ്ങളുമാണ് പ്രൈമറി വിഭാഗത്തിന് നല്‍കുന്ന കിറ്റിലുള്ളത്.

അപ്പര്‍ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് 10 കിലോഗ്രാം അരിയും 462 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് നല്‍കുക. സപ്ലൈക്കോ മുഖേന സ്‌കൂളുകളില്‍ ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകള്‍ സ്‌കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റി, പി.ടി.എ, എസ്.എം.സി എന്നിവയുടെ മേല്‍നോട്ടത്തില്‍ കൃത്യമായ സാമൂഹ്യ അകലം പാലിച്ച് വിതരണം ചെയ്യും. വിതരണം സംബന്ധിച്ച അറിയിപ്പ് സ്‌കൂള്‍ മുഖേന രക്ഷിതാക്കള്‍ക്ക് നല്‍കും.

ലൈഫിൽ ഉൾപ്പെടാത്ത പതിനായിരം പട്ടികജാതി കുടുംബങ്ങൾക്ക് വീടൊരുക്കാൻ 1.50 ലക്ഷം രൂപ വരെ സർക്കാർ ധനസഹായം

 തിരുവനന്തപുരം > ലൈഫ് പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ഉൾപ്പെടാതിരിക്കുകയും മുൻകാല ഭവനപദ്ധതികളിൽ സഹായം ലഭിച്ചെങ്കിലും നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാതിരുന്നതുമായ പട്ടികജാതിക്കാരുടെ ഭവനങ്ങൾ വാസയോഗ്യമാക്കുന്നതിന് ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചു.

പൂർത്തീകരണം മുടങ്ങിപ്പോയ വീടുകൾ പൂർത്തീകരിക്കുന്നതായിരുന്നു ലൈഫ് മിഷൻറെ ഒന്നാംഘട്ടം. മുൻ ഭവന പദ്ധതികളിൽ മുഴുവൻ ധനസഹായവും കൈപ്പറ്റാത്ത കുടുംബങ്ങളെയാണ് ലൈഫ് മിഷൻറെ ഒന്നാം ഘട്ടത്തിൽ പരിഗണിച്ചത്.  എന്നാൽ, അവസാനഗഡു കൈപ്പറ്റിയിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകാരണം പ്രവൃത്തി പൂർത്തിയാക്കാൻ  കഴിയാതെ പോയതും കാലപ്പഴക്കം കൊണ്ട് വാസയോഗ്യമല്ലാതായതുമായ നിരവധി വീടുകൾ ഉണ്ടെന്ന് പട്ടികജാതി വികസന വകുപ്പ് കണ്ടെത്തിയതായി മന്ത്രി എ കെ ബാലൻ അറിയിച്ചു.

അതിന്റെ അടിസ്ഥാനത്തിൽ 10000 പട്ടികജാതി കുടുംബങ്ങൾക്ക് അവരുടെ വാസയോഗ്യമല്ലാത്ത വീടുകൾ വാസയോഗ്യമാക്കുന്നതിന് റഫ് കോസ്റ്റ് എസ്റ്റിമേറ്റിൻറെ അടിസ്ഥാനത്തിൽ 1.50 ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കുന്നതാണ് പുതിയ പദ്ധതി. കുറഞ്ഞ തുക ചെലവഴിച്ചാൽ വാസയോഗ്യമാക്കാവുന്ന വീടുകൾക്കാണ് മുൻഗണന. 135 കോടി രൂപയുടെ ഭരണാനുമതിയാണ് ഈ പദ്ധതിക്ക് നൽകിയിട്ടുള്ളത്.

അണികളെ പറഞ്ഞ് പറ്റിച്ചു, സ്വത്ത് പരമാവധി ഊറ്റിയെടുത്തു; ജ്വല്ലറി തട്ടിപ്പിൽ ലീഗ് നടത്തിയത് പച്ചയായ കൊള്ള

 തൃക്കരിപ്പൂർ > ജ്വല്ലറിയുടെ മറവിൽ മുസ്ലിംലീഗ്‌ നേതാക്കൾ നടത്തിയത്‌ പാർടി അനുഭാവികളെ മാനസികമായി ബന്ദിയാക്കിയുള്ള കൊള്ള. സ്വന്തം താൽപര്യങ്ങൾക്ക്‌ വേണ്ടി അണികളെ പറഞ്ഞു വിശ്വസിപ്പിച്ചു അവരുടെ സമ്പത്ത്‌ പരമാവധി ഊറ്റിയെടുത്തു. ലീഗിന്റെ സമുന്നതരായ നേതാക്കളെന്ന നിലയിലാണ്‌  വാരിക്കോരികകൊടുത്തത്‌. മതവും രാഷ്‌ട്രിയവും ഇടകലർത്തി പാവങ്ങളെ വിശ്വസിപ്പിച്ചു ചൂഷണം ചെയ്യുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ലീഗ്‌ പ്രമുഖരുടെ തട്ടിപ്പ്‌. 

നിക്ഷേപം വാങ്ങുമ്പോൾ വിറ്റൊഴിക്കലും

800 ഓളം നിക്ഷേപകരെ പെരുവഴിയിലാക്കി 150 കോടി ആവിയാക്കി  മൂന്ന് ബ്രാഞ്ചും അടച്ച് പൂട്ടിയതിന് ശേഷവും 20 കോടിയോളം രൂപ പിരിച്ചെടുത്തു. അതിനിടയിൽ ജ്വല്ലറിയുടെ പേരിലുള്ള എല്ലാ സ്വത്തുകളും മറുവശത്തൂടെ കെയൊഴിഞ്ഞു. കാസർകോട്ടെയും പയ്യന്നൂരിലേയും ഭൂമിയും കെട്ടിടവും വിൽപന നടത്തി.കാഞ്ഞങ്ങാട് ആരംഭിക്കാനിരുന്ന പുതിയ ഷോറൂം ബിനാമികൾ മുഖേനെ കൈമാറി. ബംഗളുരുവിലെ ഗസ്റ്റ് ഹൗസ് ഒരു ഡയറക്ടർക്കും കൈമാറി. പയ്യന്നൂരിൽ പ്രവർത്തിച്ചിരുന്ന ഷോറൂം കെട്ടിടമാണ് ഒടുവിൽ വിറ്റത്‌. പ്രശ്‌നം കത്തി നിൽക്കുമ്പോൾ  ജൂലൈ 13 ന് പയ്യന്നൂർ സബ് രജിസ്ട്രാർ ഓഫീസിൽ വച്ചാണ്‌  എട്ട് പേർക്ക്  കൈമാറിയത്. 

ഈ ഭൂമിയാവട്ടെ കവ്വായി സ്വദേശി പയ്യന്നൂർ കോടതിയിലും കള്ളാർ സ്വദേശികളായ രണ്ട്‌ പേർ പയ്യന്നൂർ, ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിലും സിവിൽ കേസിൽ ബന്ധിപ്പിച്ചതാണ്‌. അനുരഞ്ജന ചർച്ചയിൽ പയ്യന്നൂരിലെ കേസ് പിൻവലിച്ചെങ്കിലും ഹൊസ്ദുർഗിൽ നിലനിൽക്കുന്നു. ‌ കാസർകോട് താലൂക്കിൽ ചെയർമാൻ  ഖമറുദ്ദീൻ, ഡയറക്ടർ ടി കെ പൂക്കോയ തങ്ങൾ എന്നിവരുടെ പേരിൽ 2016ൽ  3419 നമ്പർ പ്രകാരം റജിസ്റ്റർ ചെയ്ത17.7 ഹെക്ടർ ഭൂമിയാണ് 15  കോടിയിലേറെ രൂപക്ക് വിൽപന നടത്തിയത്. സെന്റിന് 30 ലക്ഷം രൂപ മാർക്കറ്റ് വിലയുള്ള ഭൂമി ജനുവരി 25നാണ്‌   കൈമാറ്റം ചെയ്തതത്. ഈ തുക  മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ചെലവിന്റെ ബാധ്യത തീർക്കാൻ ഉപയോഗിച്ചുവെന്നാണ്‌ എംഎൽഎയുമായി അടുപ്പമുള്ളവർ പറയുന്നത്‌.  

കാഞ്ഞങ്ങാട്ടെ ഭൂമിയും മൂന്ന്‌ നില കെട്ടിടവും  മാർച്ച് അഞ്ചി-നാണ്‌  അതീവ രഹസ്യമായി കൈമാറിയത്. കാഞ്ഞങ്ങാട്ട് അജാനൂർ വില്ലേജിൽ തെക്കേപ്പുറം മുസ്ലിം ജമാഅത്ത് പള്ളിക്ക്  തെക്ക്  കാഞ്ഞങ്ങാട്‐-- കാസർകോട് കെഎസ്ടിപി റോഡിന് പടിഞ്ഞാറു ഭാഗത്തുള്ള ഏഴരസെന്റ് ഭൂമി  എംഎൽഎയടക്കം മൂന്ന്‌ പേരുടെ കൈയിലായിരുന്നു.  ജ്വല്ലറി പൂട്ടിതുടങ്ങിയപ്പോൾ  അവരിൽ ഒരാളുടെ ഭാര്യ സഹോദരന്റെ പേരിലേക്ക്‌ ഏഴ്‌മാസം മുമ്പ്‌ മാറ്റി.  2019 നവംബർ 22-നായിരുന്നു ആദ്യകൈമാറ്റം.   അവരുടെ കൈയിൽ നിന്നാണ്‌ ഇപ്പോൾ പ്രശ്‌സതമായ ജ്വല്ലറി ഏറ്റെടുത്തത്‌.  ഏഴര സെന്റ് ഭൂമിക്ക് 64 ലക്ഷം രൂപയാണ് കാണിച്ചിട്ടുള്ളത‌്.  വ്യാപാരം ഉറപ്പിച്ചതാകട്ടെ  3.28 കോടി രൂപയ‌്ക്കും. 

ജ്വല്ലറിയിൽനിന്ന്‌ സ്വർണവും പണവും വാരി

ഇതിനിടയിൽ കഴിയുന്നവരൊക്കെ ജ്വല്ലറിയിൽനിന്ന്‌ സ്വർണവും പണവും വാരി. ഫാഷൻ ഗോൾഡ്‌ എംഡിയുടെ മകനും  പിലിക്കോട്‌ പഞ്ചായത്തംഗമായ ഒരു യൂത്ത്‌ ലീഗ്‌ നേതാവും ചേർന്ന്‌ നടത്തുന്ന സ്വർണ മൊത്ത വ്യാപാര സ്ഥാപനം ഫാഷൻ ഗോൾഡിന്റെ 20 കോടിയിലേറെ രൂപ മുക്കിയതായാണ്‌ പുറത്തുവന്ന വിവരം. പയ്യന്നൂരിലെ ജ്വല്ലറിയിൽ നിന്ന്‌ രണ്ട്‌ ഡയരക്ടർമാർ അഞ്ചരകിലോ സ്വർണം കടത്തികൊണ്ടുപോയി. കാസർകോട്‌ നിന്ന്‌ കുടകിലേക്ക്‌ ചെയർമാന്റെ അനുചരൻ അഞ്ചരകിലോ  കൊണ്ടുപോയി. ചുരുക്കി പറഞ്ഞാൽ  ‌ ലീഗ്‌ നേതാക്കളും അവരുമായി ബന്ധമുള്ളവരും ചേർന്നു ജ്വല്ലറിയിൽ  നടത്തിയത്‌ കാട്ടുകൊള്ളയായിരുന്നു. ലീഗിലെ പല നേതാക്കളുടെ കൈയിലും ഫാഷൻ ഗോൾഡിലെ പണവും സ്വർണവും എത്തി. അതിനാലാണ്‌ ഖമറുദ്ദീനിനെ കൈയൊഴിയാൻ നേതൃത്വത്തിന്‌ മടി.

പി മഷൂദ് 

കേന്ദ്രസർക്കാരിന്റെ നിരന്തര വേട്ടയാടൽ: ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ വിടുന്നു

 ന്യൂഡൽഹി > അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു. കേന്ദ്ര സർക്കാരിന്റെ നിരന്തരമായ വേട്ടയാടൽ മൂലമാണ് തീരുമാനം. രണ്ടു വർഷമായി അടിച്ചമർത്തൽ നേരിടുകയാണ്. സംഘടനയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ തുടർന്ന് ജീവനക്കാരെ തിരിച്ചയക്കേണ്ടി വന്നു. കേന്ദ്രസർക്കാരിന്റെ ഉപദ്രവം സഹിക്കാനാകുന്നില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വേട്ടയാടുകയാണെന്നും ആംനസ്റ്റി ഇന്ത്യ ഘടകം എക്സിക്യൂട്ടീവ് ഡയറക്ടർ അവിനാശ് കുമാർ പ്രസ്താവനയിൽ പറഞ്ഞു.  

കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന കലാപത്തിലും, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ നടന്ന അവകാശ ലംഘനങ്ങളെപ്പറ്റിയും ആംനസ്റ്റി ഇന്റർനാഷണൽ തയ്യാറാക്കിയ റിപ്പോർട്ടിൽ കേന്ദ്രസർക്കാരിനെതിരെ ചോദ്യങ്ങളും വിമർശനങ്ങളും ഉന്നയിച്ചിരുന്നു. ഇതിനുശേഷം കേന്ദ്രം സംഘടനക്കെതിരെ പ്രതികാരനടപടികൾ ശക്തമാക്കി.

സംഘടന വിദേശത്തുനിന്നും അനധികൃതമായി ഫണ്ട് സ്വീകരിക്കുന്നുവെന്നും, ഫോറിൻ കോൺട്രിബ്യൂഷൻ രജിസ്ട്രേഷൻ ആക്ടിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ സംഘടനയ്ക്കെതിരെ നടപടി സ്വീകരിച്ചത്. നിലവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആംനസ്റ്റി ഇന്ത്യക്കെതിരെ നടക്കുന്നുണ്ട്. 2017ൽ ആംനസ്റ്റി ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകൾ ഇഡി. മരവിപ്പിച്ചിരുന്നു. എന്നാൽ കോടതിയിൽ നിന്ന് ആംനസ്റ്റി ഇന്ത്യക്ക് അനുകൂല വിധി ലഭിച്ചു. യുകെയിൽന്ന് വിദേശനിക്ഷേപം സ്വീകരിച്ചു എന്നതുമായി ബന്ധപ്പെട്ട പരാതിയിൽ സിബിഐയും ആംനസ്റ്റി ഇന്ത്യക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രതിരോധ മന്ത്രാലയം നല്‍കിയ ആയുധങ്ങള്‍ നിലവാരം കുറഞ്ഞത്; ജീവന്‍ നഷ്ടപ്പെട്ടത് നിരവധി പേര്‍ക്ക്; ഗുരുതര ആരോപണവുമായി സൈന്യം

 ന്യൂഡല്‍ഹി> പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ആയുധ നിര്‍മാണ ഫാക്ടറി ബോര്‍ഡ് നല്‍കിയ തോക്ക് അടക്കമുള്ള സാമഗ്രികളിലെ നിലവാരക്കുറവും പ്രശ്നങ്ങളും തുറന്നുകാട്ടി ഇന്ത്യന്‍ സൈന്യം. 2014-2020 വരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആയുധനിര്‍മാണ ഫാക്ടറി ബോര്‍ഡ് (ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ്-ഒ.എഫ്.ബി) നല്‍കിയ നിലവാരം കുറഞ്ഞ ആയുധങ്ങള്‍ക്കായി ചെലവാക്കിയ തുകയുടെ നഷ്ടം കണക്കാക്കിയാല്‍ 960 കോടി രൂപ വരുമെന്നും ഈ തുക ഉപയോഗിച്ച് നൂറ് 155-എംഎം മീഡിയം ആര്‍ട്ടിലറി തോക്കുകള്‍ വാങ്ങാനാകുമായിരുന്നെന്നും സൈന്യത്തിന്റെ  റിപ്പോര്‍ട്ടില്‍ പറയുന്നു. 'ഇന്ത്യ ടുഡേ' ആണ് ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയത്.

സൈന്യത്തിന്റെ പണമുപയോഗിച്ച് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്നും വാങ്ങിയ ഉപകരണങ്ങള്‍ക്ക് ഗുരുതരമായ പ്രശ്നങ്ങളുണ്ട്‌; സൈന്യത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ആയുധങ്ങള്‍ നിരവധി അപകടങ്ങള്‍ക്കും പട്ടാളക്കാരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനും ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചു

പ്രതിരോധ മന്ത്രാലയത്തിന് അയച്ച ആഭ്യന്തര റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് പറയുന്നു. 2014-2020 വരെയുള്ള വര്‍ഷങ്ങളില്‍ ഒ.എഫ്.ബിക്ക് കീഴിലുള്ള ഫാക്ടറികളില്‍ നിന്നും നിര്‍മ്മിച്ചു നല്‍കിയ 23-എംഎം എയര്‍ ഡിഫന്‍സ് ഷെല്‍സ്, ആര്‍ട്ടിലറി ഷെല്‍സ്, 125-എംഎം ടാങ്ക് റൗണ്ട്സ് തുടങ്ങിയ നിരവധി ആയുധങ്ങള്‍ക്കാണ് ഗുരുതരപ്രശ്നങ്ങളുണ്ടെന്ന് ആര്‍മി വെളിപ്പെടുത്തിയത്

'ഒ.എഫ്.ബി ആയുധങ്ങള്‍ മൂലമുണ്ടായ അപകടങ്ങള്‍' , എന്ന ഭാഗത്തില്‍ അപകടങ്ങളുടെ കൃത്യമായ കണക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയുധങ്ങളിലെ പ്രശ്നങ്ങള്‍ മൂലം 2014 മുതല്‍ ഇതുവരെ 403 അപകടങ്ങളാണ് നടന്നത്. ഈ അപകടങ്ങളില്‍ 27 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. 159 പേര്‍ക്ക് ശരീരഭാഗങ്ങള്‍ നഷ്ടപ്പെട്ടതടക്കമുള്ള ഗുരുതര അപകടങ്ങളുണ്ടായി'.

സൈന്യം തന്നെ പ്രതിരോധം മന്ത്രാലയത്തിനെതിരെ  ആരോപണം ഉയര്‍ത്തിയതോടെ കേന്ദ്രം പ്രതിസന്ധിയിലായിരിക്കുകയാണ്‌

നീതി ലഭിക്കുമോ? മുൻ സൈനികന്റെ നിയമയുദ്ധത്തിന്‌ നാല്‌ പതിറ്റാണ്ട്‌

അകാരണമായി സൈന്യത്തിൽനിന്ന്‌ പിരിച്ചുവിട്ടതിനെതിരെ നാല്‌ പതിറ്റാണ്ടിലേറെയായി നിയമയുദ്ധത്തിന്റെ വഴിയിലാണ്‌ കാപ്പാട് മാതൃഭൂമി സ്റ്റോപ്പിലെ രമാ നിവാസിൽ പി പി കുമാരൻ. ദാരിദ്ര്യം പിടിമുറുക്കിയപ്പോഴാണ്‌ 1963ൽ തലശേരിയിൽ നടന്ന റിക്രൂട്ട്മെന്റിൽ പങ്കെടുക്കുന്നതും തുടർന്ന്‌ സൈന്യത്തിൽ ജോലി ലഭിക്കുന്നതും. ഇന്ത്യൻ കരസേനയിൽ ജബൽപൂരിലെ സിഗ്നൽ വിഭാഗത്തിലായിരുന്നു ആദ്യ നിയമനം.

ഒമ്പതംഗ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അന്ന്‌ കുമാരൻ.  എന്നാൽ പെട്ടെന്ന് ഒരു ദിവസമാണ് ആ അറിയിപ്പ് കുമാരന്‌ ലഭിക്കുന്നത്. ‘താങ്കളുടെ സേവനം ഇനി പട്ടാളത്തിന് ആവശ്യമില്ല'. കാരണം വ്യക്തമാക്കാതെയുള്ള പിരിച്ചുവിടൽ. സൈന്യത്തിൽ ഒരുവർഷം പോലും തികയും മുമ്പേയുള്ള പിരിച്ചുവിടൽ അന്ന്‌ ഇരുപത്തിരണ്ടുകാരനായ കുമാരനെ തളർത്തി.  ‘കമ്യൂണിസ്റ്റ് വെരിഫിക്കേഷൻ ' എന്ന നിഗൂഢ തന്ത്രത്തിന്റെ ഭാഗമായിരുന്നു അതെന്ന് പിന്നീടാണ് മനസ്സിലാക്കിയത്. കുമാരൻ അന്ന്‌ കമ്യൂണിസ്റ്റ് പാർടിയുടെ സജീവ പ്രവർത്തകനായിരുന്നില്ല.  അനുഭാവി മാത്രമായിരുന്നു. അക്കാലത്ത്‌ ഇത്തരത്തിൽ ഉത്തര മലബാറിൽ  ആയിരത്തോളം പേരെ പിരിച്ചുവിട്ടിരുന്നു. 

അന്യായമായ  പിരിച്ചുവിടലിനെതിരെ നിയമയുദ്ധത്തിന്റെ പാതയിലായി പിന്നീട് കുമാരൻ.  ജീവിതം കരുപ്പിടിപ്പിക്കാൻ  ബീഡിത്തൊഴിലാളിയായും നെയ്തുകാരനായും പത്ര വിതരണക്കാരനായും  വേഷമിട്ടു.  ഗുജറാത്ത് കേന്ദ്രമാക്കി ഇക്കാലത്ത്‌ തുണി വ്യവസായവും തുടങ്ങി. ഇന്ത്യയിലങ്ങോളമിങ്ങോളം സഞ്ചരിച്ചു.  സൈനിക ഓഫീസിൽ കത്തിടപാട്‌ നടത്താനായി മാത്രം ഹിന്ദി വിശാരദ് പഠിച്ചു.

നീതിക്കായി പോരാടാൻ സംഘടനയും രൂപീകരിച്ചു. പ്രായാധിക്യം മാനിച്ച് എക്സ് സർവീസ്‌ മെൻ സ്റ്റാറ്റസ് അനുവദിക്കണമെന്ന് 2017ൽ ഹൈക്കോടതി  ഉത്തരവിട്ടു. എന്നാൽ, ആനുകൂല്യം ഒന്നും നൽകാൻ അധികൃതർ തയ്യാറായില്ല. കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ നടന്ന പരാതി പരിഹാര അദാലത്തിൽ  സൈനിക ക്ഷേമ ഓഫീസറോട് കലക്ടർ വിശദീകരണം തേടിയിട്ടുണ്ട്.  സഹകരണ സ്ഥാപനത്തിൽനിന്നും വിരമിച്ച രമയാണ് ഭാര്യ. 

ബി കെ ഉല്ലാസ് 

2290 കോടിയുടെ പ്രതിരോധ സംഭരണത്തിന്‌ അനുമതി

ഇന്ത്യ–- ചൈന അതിർത്തിസംഘർഷം തുടരവെ 2290 കോടി രൂപയുടെ ആയുധസംഭരണത്തിന്‌ പ്രതിരോധ ഏറ്റെടുക്കൽ കൗൺസിൽ (ഡിഎസി) അനുമതി നൽകി. അതിർത്തി സൈനികർക്കായി 780 കോടി രൂപ മുതൽമുടക്കി അമേരിക്കയിൽനിന്ന്‌ 72,000 സിഗ്‌ സോർ അസോൾട്ട്‌ റൈഫിളുകൾ  വാങ്ങും. തദ്ദേശീയമായ സംഭരണവിഭാഗത്തിൽ ഉൾപ്പെടുത്തി സ്റ്റാറ്റിക്‌ ഹൈഫ്രീക്വൻസി ടാൻസ്‌ റിസീവർ സെറ്റുകളും സ്‌മാർട്ട്‌ ആന്റിഎയർഫീൽഡ്‌ ആയുധങ്ങളും വാങ്ങും. നാവികസേനയ്‌ക്കും വ്യോമസേനയ്‌ക്കുമായി‌ 970 കോടി രൂപ മുതൽമുടക്കി സ്‌മാർട്ട്‌ ആന്റിഎയർഫീൽഡ്‌ ആയുധങ്ങളും വാങ്ങും‌.  540 കോടി രൂപ മുതൽമുടക്കിൽ വാർത്താവിനിമയത്തിനായി റേഡിയോസെറ്റുകൾ വാങ്ങുന്നത്‌ കരസേനയുടെയും വ്യോമസേനയുടെയും ആവശ്യത്തിനായാണ്‌.

പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഎസി യോഗത്തിൽ മൂന്ന്‌ സേനാമേധാവികളും ചീഫ്‌ ഓഫ്‌ ഡിഫൻസ്‌ സ്റ്റാഫ്‌ ജനറൽ ബിപിൻ റാവത്തും പങ്കെടുത്തു. 2290 കോടിയുടെ ആയുധങ്ങൾ വാങ്ങുന്നതിനു പുറമെ പുതിയ പ്രതിരോധ ഏറ്റെടുക്കൽ പ്രക്രിയക്കും (ഡിഎപി 2020) സമിതി അംഗീകാരം നൽകി.

വിവാദമായ റഫേൽ ഇടപാടുമായി ബന്ധപ്പെട്ടുള്ള ‘ഓഫ്സെറ്റ്‌’ മാനദണ്ഡം പുതുക്കിയ സംഭരണപ്രക്രിയയിൽ ഒഴിവാക്കി. 300 കോടി രൂപയ്‌ക്കു മേലെയുള്ള പ്രതിരോധ സംഭരണമുണ്ടാകുമ്പോൾ പങ്കാളിയാകുന്ന വിദേശകമ്പനി ആകെ കരാർത്തുകയുടെ 30 ശതമാനം ഇന്ത്യയിൽ നിക്ഷേപിക്കണമെന്നതാണ്‌ ‘ഓഫ്‌സെറ്റ്‌’ നയം. പുതുക്കിയ ഏറ്റെടുക്കൽ പ്രക്രിയ പ്രകാരം സർക്കാരുകൾ തമ്മിലുള്ള പ്രതിരോധകരാറുകളിൽ ‘ഓഫ്‌സെറ്റ്‌’ വ്യവസ്ഥ വേണ്ടെന്ന നിലപാടാണെടുത്തിരിക്കുന്നത്‌.

ആസിയാൻ കരാർ ഇന്ത്യക്ക്‌ കടുത്ത ബാധ്യതയാകുന്നു ; ഇന്ത്യയുടെ ആവശ്യത്തെ എതിർത്ത്‌ അംഗരാജ്യങ്ങൾ

 ഉൽപ്പന്നമേഖല ആസിയാൻ സ്വതന്ത്രവ്യാപാര കരാർ പുനഃപരിശോധിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ എതിർത്ത്‌ അംഗരാജ്യങ്ങൾ.  ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക്‌ കരാർ തിരിച്ചടിയായ സാഹചര്യത്തിലാണ്‌ പുനഃപരിശോധന ആവശ്യപ്പെട്ടത്‌. എന്നാൽ, ആർസിഇപി (മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത) കരാറിൽ ഇന്ത്യ ഭാഗമാകുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കാണ്‌ മുൻഗണന നൽകേണ്ടതെന്ന നിലപാടിലാണ്‌ ആസിയാൻ രാജ്യങ്ങൾ. കഴിഞ്ഞ മാസം ഓൺലൈനിൽ ചേർന്ന മന്ത്രിതലയോഗത്തിനുശേഷം ആസിയാൻ സെക്രട്ടറിയറ്റ്‌ ഇറക്കിയ പ്രസ്‌താവനയിൽ ഇക്കാര്യം വ്യക്തമാക്കി. ആസിയാൻ കരാറിനേക്കാൾ ഇന്ത്യക്ക്‌ ദോഷകരമാകുന്നതാണ്‌ ആർസിഇപി കരാർ.

നിതി ആയോഗും ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച്‌ ഓൺ ഇന്റർനാഷണൽ ഇക്കണോമിക്‌ റിലേഷൻസും രണ്ടു വർഷമായി ആസിയാൻ കരാറിന്റെ തിക്തഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ ആസിയാൻ രാജ്യങ്ങളുമായി ഇന്ത്യയുടെ വ്യാപാരകമ്മി 2400 കോടി ഡോളറാണ്‌. കരാർ പുനഃപരിശോധിക്കണമെന്ന ആവശ്യം ഇന്ത്യ–- ആസിയാൻ മന്ത്രിതല യോഗത്തിൽ ഇന്ത്യ ആവർത്തിച്ചു. തുടർന്ന്‌ വാണിജ്യ സെക്രട്ടറി അനൂപ്‌ വധ്‌വാൻ സെപ്‌തംബർ 14ന്‌ ആസിയാൻ സെക്രട്ടറി ജനറൽ ലിം ജോക്‌ ഹോയിക്ക്‌ കത്തയച്ചു. ഇക്കൊല്ലം നവംബറിൽ നടക്കുന്ന ഇന്ത്യ–- ആസിയാൻ ഉച്ചകോടിയിൽ അന്തിമതീരുമാനം എടുക്കാൻ കഴിയുന്ന വിധത്തിൽ പുനഃപരിശോധന ഉടൻ ആരംഭിക്കണമെന്നാണ്‌ ആവശ്യം.      യുപിഎ ഭരണകാലത്ത്‌ 2009ൽ ഒപ്പിട്ട്‌‌ അടുത്തവർഷം നിലവിൽവന്നതാണ്‌ ഇന്ത്യ–- ആസിയാൻ കരാർ. ഇതിനെ തുടക്കംമുതൽ ഇടതുപക്ഷം ശക്തമായി എതിർത്തു.  21 ഇനം ഉൽപ്പന്നങ്ങളുടെ മേഖലയിൽ 13ലും ആസിയാൻ കരാർ ഇന്ത്യക്ക്‌ പ്രതികൂലമാണെന്ന്‌ വാണിജ്യമന്ത്രാലയം ഉദ്യോഗസ്ഥർ പറയുന്നു.

ആർസിഇപിയിൽ ഇന്ത്യക്ക്‌ ചാഞ്ചാട്ടം

പത്ത്‌ ആസിയാൻ രാജ്യവും ഓസ്‌ട്രേലിയ, ചൈന, ന്യൂസിലൻഡ്‌, ജപ്പാൻ, ദക്ഷിണകൊറിയ എന്നിവയും ഉൾപ്പെട്ട ആർസിഇപി കരാറിൽ ഒപ്പിടുന്നതിന്റെ വക്കിൽവരെ കഴിഞ്ഞവർഷം ഇന്ത്യ എത്തിയതാണ്‌. രാജ്യത്തെ കർഷകരുടെയും വ്യവസായികളുടെയും സംഘടനകളും വിവിധ സംസ്ഥാനങ്ങളും ഉയർത്തിയ ശക്തമായ പ്രതിഷേധത്തെതുടർന്നാണ്‌ കേന്ദ്രസർക്കാർ പിന്തിരിഞ്ഞത്‌.  കേന്ദ്രസർക്കാർ ആർസിഇപിയെ പൂർണമായി നിരാകരിച്ചിട്ടില്ല.

ഒന്നും ഏശിയില്ല; കോവിഡ്‌ മാത്രം ഏറ്റു ; ആരോപണങ്ങൾ ഒന്നൊന്നായി പൊളിഞ്ഞു, മനക്കോട്ടകൾ കൺമുന്നിൽ തകർന്നു

 ആരോപണങ്ങൾ ഒന്നൊന്നായി പൊളിഞ്ഞു. കെട്ടിപ്പൊക്കിയ മനക്കോട്ടകൾ കൺമുന്നിൽ തകർന്നു. ജനങ്ങളും മുഖംതിരിച്ചതോടെ സമരം പിൻവലിച്ച്‌ തടിയൂരുകയാണ്‌ യുഡിഎഫ്‌. കേരളത്തിൽ ഇത്രമേൽ പരിഹാസ്യമായ സർക്കാർ വിരുദ്ധ സമരം അത്യപൂർവം.

കോവിഡ്‌കാലത്ത്‌ ആദ്യം സ്‌പ്രിങ്ക്‌ളർ കരാറിനെതിരായാണ്‌ സമരം ആരംഭിച്ചത്‌. പിന്നീട്‌, സ്വർണക്കടത്തിന്റെ പേരിൽ ഇല്ലാക്കഥകൾ പറഞ്ഞ്‌ സമരം. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സമരത്തിലൂടെ ഓരോ ദിവസവും രോഗികൾ വർധിച്ചു. ആരോഗ്യപ്രവർത്തകരും പൊലീസുകാരുമുൾപ്പെടെ രോഗബാധിതരായി.


ഷോർട്ട്‌‌ സർക്യൂട്ട്‌ കാരണം സെക്രട്ടറിയറ്റിൽ തീപിടിത്തമുണ്ടായപ്പോൾ അക്രമസമരത്തിലേക്ക്‌ യുഡിഎഫ്‌ കടന്നു. കൂട്ടിന്‌ ബിജെപിയും. ഇത്‌ പൊളിഞ്ഞതോടെ ഖുർആന്റെ പേരിലായി സമരം. എന്നാൽ, വിശുദ്ധ ഗ്രന്ഥത്തെ രാഷ്‌ട്രീയലാഭത്തിനായി ഉപയോഗിക്കുന്നതിനെതിരെ മുസ്ലിം സംഘടനകൾ രംഗത്തുവന്നതോടെ അത്‌ വിട്ടു. പിന്നീട്‌, സ്വർണക്കടത്തിലേക്ക്‌ യുടേൺ അടിച്ചു.

ഇങ്ങനെയിരിക്കെയാണ് ജനങ്ങൾ തങ്ങൾക്കെതിരെ തിരിയുന്നുവെന്ന്‌ യുഡിഎഫ്‌ മനസ്സിലാക്കിയത്‌. അതോടെ അപ്രതീക്ഷിതമായി സമരം നിർത്തി തടിയൂരി. കെഎസ്‌യു പ്രസിഡന്റിന്‌ കോവിഡ്‌ സ്ഥിരീകരിച്ചതും അദ്ദേഹം വ്യാജ പേരിൽ പരിശോധന നടത്തിയ സംഭവവും യുഡിഎഫിന്‌ നാണക്കേടായി.  

തൃശൂരിൽ സമരത്തിനിറങ്ങിയ നേതാവിന്റെ അച്ഛൻ കോവിഡ്‌ ബാധിച്ച്‌ മരിച്ചതും കടുത്ത വിമർശനമുയർത്തി. കേരളത്തിൽ കോവിഡ്‌കാലത്ത്‌ എൽഡിഎഫും സിപിഎ എമ്മും കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ സമരം നടത്തിയിട്ടുണ്ട്‌. കേന്ദ്ര സർക്കാരിനെതിരെ സിപിഐ എം വീടുകൾ കേന്ദ്രീകരിച്ച്‌ നടത്തിയ സമരത്തിൽ അണിചേർന്നത്‌ 25 ലക്ഷം പേരാണ്‌.

പിടിവിട്ടു; യുഡിഎഫ്‌ സ്ഥലം വിട്ടു

കോവിഡ്‌ മാനദണ്ഡം ലംഘിച്ച്‌ അക്രമ ആൾക്കൂട്ടസമരം നടത്തിയ യുഡിഎഫ് ‌എല്ലാം അവസാനിപ്പിച്ച്‌ തടിയൂരി. അനുയായികൾക്കും നേതാക്കൾക്കും കോവിഡ്‌ സ്ഥിരീകരിച്ചതോടെയാണ് പിന്മാറ്റം‌. ആൾക്കൂട്ട സമരത്തിൽനിന്ന്‌ യുഡിഎഫ്‌ പിൻമാറിയെന്ന്‌‌ പ്രതിപക്ഷനേതാവ്‌ രമേശ് ചെന്നിത്തലയും ലീഗ്‌ നേതാവ്‌ കുഞ്ഞാലിക്കുട്ടിയും പ്രഖ്യാപിച്ചു.  യുഡിഎഫ്‌ നേതാക്കളുമായി ആലോചിച്ചാണ്‌ പ്രത്യക്ഷസമരം വേണ്ടെന്ന്‌ തീരുമാനിച്ചതെന്ന്‌  ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുമായി രാവിലെ  സംസാരിച്ചു. കോവിഡ്‌ വ്യാപനത്തിന്റെ ഗുരുതര സാഹചര്യം ബോധ്യപ്പെട്ടു.  ചൊവ്വാഴ്‌ചത്തെ സർവകക്ഷി യോഗത്തിൽ പങ്കെടുക്കും. കോവിഡ്‌ പ്രതിരോധത്തിൽ  സർക്കാരുമായി യോജിച്ച്‌ പോകും.  അഞ്ചിന്‌ നിയോജകമണ്ഡലം അടിസ്ഥാനത്തിൽ യുഡിഎഫ്‌ നടത്താൻ തീരുമാനിച്ച  സമരം ഒഴിവാക്കിയതായും ചെന്നിത്തല പറഞ്ഞു.

കോവിഡ് വ്യാപനം ആശങ്കയുണർത്തുംവിധം വർധിക്കുന്നതിനിടെയാണ്‌ ‌സർക്കാരിനെതിരെ യുഡിഎഫും ബിജെപിയും ആൾക്കൂട്ടസമരം ആരംഭിച്ചത്‌. സെക്രട്ടറിയറ്റ്‌ പരിസരം‌ സമരകേന്ദ്രമായി‌. മാസ്‌ക്‌ ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയുമായിരുന്നു സമരം. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌‌ ഉൾപ്പെടെ നിരവധി പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. സമരം നിയന്ത്രിച്ച നൂറിലേറെ പൊലീസ്‌ ഉദ്യോഗസ്ഥരും രോഗബാധിതരായി.

2ജി സ്‌പെക്‌ട്രം സിബിഐക്ക്‌ ഓർമയുണ്ടോ ? പ്രതിപ്പട്ടികയിലെ ഒരാൾക്കുപോലും ശിക്ഷ വാങ്ങിക്കൊടുക്കാനാകാതെ സിബിഐ

 എട്ട്‌ വർഷം, നൂറുകണക്കിന്‌ സാക്ഷികൾ, ആയിരക്കണക്കിന്‌ പേജുകളുള്ള രേഖകൾ –- എല്ലാം ഉണ്ടായിട്ടും 2ജി സ്‌പെക്‌ട്രം കേസിൽ പ്രതിപ്പട്ടികയിലെ ഒരാൾക്കുപോലും ശിക്ഷ വാങ്ങിക്കൊടുക്കാനാകാതെ സിബിഐ. 2017 ഡിസംബറിൽ 2ജി കേസിൽ വിധി പുറപ്പെടുവിച്ച സിബിഐ പ്രത്യേക കോടതി ജഡ്‌ജി ഒ പി സെയ്‌നി  ‌‘ഏഴ്‌ വർഷം തെളിവിനായി കാത്തിരുന്നത്‌ വെറുതെയായി‌’ എന്നാണ്‌ പറഞ്ഞത്‌. എല്ലാ പ്രവൃത്തിദിവസവും പകൽ 10 മുതൽ വൈകിട്ട്‌ അഞ്ച്‌ വരെ ഞാൻ ഇവിടെ ഉണ്ടായിരുന്നു. നിയമപ്രകാരം സ്വീകരിക്കാൻ കഴിയുന്ന എന്തെങ്കിലും തെളിവ്‌ ആരെങ്കിലും കൊണ്ടുവരുമെന്ന്‌ പ്രതീക്ഷിച്ചു. എന്നാൽ, ഒന്നും സംഭവിച്ചില്ല–-  1,552 പേജുള്ള വിധിന്യായത്തിൽ ജഡ്‌ജി പറഞ്ഞു.

2ജി ഇടപാടിൽ 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടാകാം എന്നായിരുന്നു സിഎജി അനുമാനം. 30,984 കോടിയാണ്‌ നഷ്ടമെന്ന്‌ സിബിഐ അവകാശപ്പെട്ടു. 2001ലെ സ്‌പെക്‌ട്രം ലേലത്തുകയും 2007ൽ സ്‌പെക്ട്രം വിറ്റ തുകയും താരതമ്യപ്പെടുത്തിയാണ്‌ ഈ കണക്കിൽ എത്തിയതെന്നും സിബിഐ വാദിച്ചു.  ഈ തുക എവിടെ പോയെന്ന്‌‌ വിശദീകരിക്കാൻ സിബിഐക്ക്‌ കഴിഞ്ഞിട്ടില്ല. സിബിഐയുടെ വിശ്വാസ്യതയിൽ വീണ കരിനിഴലാണ്‌ 2ജി കേസിലെ വിധിയെന്നാണ്‌‌ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത്‌ദവേ അന്ന്‌ പറഞ്ഞത്‌. 

2ജി ഇടപാടുമായി ബന്ധപ്പെട്ട  കമ്പനികളുടെ പേരുകൾ അടുത്തിടെ പുറത്തുവന്ന ഫിൻസെൻ ഫയലുകളിൽ ഉണ്ടായി.  അമേരിക്കയിലെ സാമ്പത്തിക കുറ്റകൃത്യ നിയമനിർവഹണ ശൃംഖലയുടെ പരിഗണനയിലുള്ള സംശയാസ്‌പദമായ രാജ്യാന്തര സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ്‌ ഫിൻസെൻ ഫയലുകളിലുള്ളത്‌. ഇതോടെ, 2ജി കേസിലെ പണമൊഴുക്ക്‌ സംബന്ധിച്ച്‌ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം വീണ്ടുമുയരുകയാണ്‌‌.

യുഡിഎഫ്‌ നുണ പരത്തി; വടക്കാഞ്ചേരിയിൽ പണി നിർത്തി ; 140 കുടുംബങ്ങളുടെ പ്രതീക്ഷക്കുമേൽ കരിനിഴൽ

 പ്രതിപക്ഷത്തിന്റെ തുടർച്ചയായ നുണ പ്രചാരണങ്ങൾക്കൊടുവിൽ ലൈഫ് മിഷൻ പദ്ധതി വഴി ഭവന–-- ഭൂരഹിതർക്കായി  വടക്കാഞ്ചേരി ചരൽപറമ്പിൽ പണിയുന്ന ഫ്ളാറ്റ് നിർമാണം നിർത്തിവച്ചു. ഫ്ളാറ്റ് നിർമാണ കരാർ ഏജൻസിയായ യൂണിടാക്‌  ഇമെയിൽ വഴി ലൈഫ്‌ മിഷനെ ഇക്കാര്യം അറിയിച്ചു. തിങ്കളാഴ്ച ഫ്ളാറ്റിന്റെ നിർമാണ പ്രവർത്തനം ഒന്നും തന്നെ നടന്നിട്ടില്ല. രാവിലെ പണിക്കെത്തിയ തൊഴിലാളികൾ കൂട്ടത്തോടെ നിരാശരായി മടങ്ങി.

വീടും ഭൂമിയുമില്ലാതെ കാലങ്ങളായി  ഷെഡുകളിലും കൂരകളിലും കഴിയുന്നവർക്കായാണ് സർക്കാർ ഇടപെട്ട് യുഎഇ കോൺസുലേറ്റിന്റെ സഹായത്തോടെ വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് ഒരുക്കുന്നത്.  നിർമാണം പുരോഗമിക്കുന്നതിനിടെ, സ്ഥലം എംഎൽഎ അനിൽ അക്കര സർക്കാരിനെതിരെയും നിർമാണ കമ്പനിക്കെതിരെയും തുടർച്ചയായി അപവാദ പ്രചാരണം നടത്തിയിരുന്നു. പ്രതിപക്ഷത്തിന്റെയും അനിൽ അക്കരയുടെയും കള്ളപ്രചാരണങ്ങളിൽ മനംമടുത്താണ്  കരാറുകാർ പണി നിർത്തിവച്ചത്.ഡിസംബറിൽ  ഫ്ളാറ്റ് ഭവനരഹിതർക്ക്‌ കൈമാറാനിരിക്കുകയായിരുന്നു.ഫ്ളാറ്റിനായി കാത്തിരുന്ന 140 കുടുംബങ്ങളുടെ പ്രതീക്ഷക്കുമേലും കരിനിഴൽ വീണു. കോവിഡ് പ്രതിസന്ധികാലത്ത് തൊഴിലെടുത്തിരുന്ന 350 ഓളം പേരുടെ തൊഴിലും നഷ്ടപ്പെട്ടു.

തെരുവാധാരമാവുന്നത് 140 കുടുംബങ്ങൾ

യുഡിഎഫ്‌ വ്യാജ പ്രചാരണങ്ങൾക്കൊടുവിൽ, സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ളവർക്ക് സർക്കാർ ഒരുക്കി നൽകുന്ന വടക്കാഞ്ചേരി ഫ്ളാറ്റ് നിർമാണം നിർത്തിവച്ചു. സ്ഥലം എംഎൽഎ അനിൽ അക്കര തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന അപവാദപ്രചാരണങ്ങൾക്കൊടുവിലാണ് കരാർ ഏജൻസിയായ യൂണിടാക് കമ്പനി നിർമാണം നിർത്തിവച്ചതായുള്ള സന്ദേശം ഇ–-മെയിലിലൂടെ ലൈഫ് മിഷൻ അധികാരികളെ അറിയിച്ചത്.

ചോർന്നൊലിക്കുന്ന കൂരകളിലും ഷെഡുകളിലും കഴിയുന്ന പാവപ്പെട്ടവർക്കായാണ് സർക്കാർ ലൈഫ്മിഷൻ പദ്ധതിവഴി വടക്കാഞ്ചേരി ചരൽപറമ്പിൽ ഫ്ളാറ്റ് നിർമിക്കാൻ നടപടിയായത്. യുഎഇ കോൺസുലേറ്റ്‌ സഹായത്തോടെ, യൂണിടാക് കമ്പനി കരാർ ഏറ്റെടുത്ത് നിർമാണം നല്ലനിലയിൽ പുരോഗമിക്കുകയും ചെയ്തു.

ആധുനികസൗകര്യങ്ങളോടെ ഫ്ളാറ്റ് നിർമാണം വിജയകരമായി പൂർത്തീകരിക്കും എന്ന് ഉറപ്പായതോടെയാണ്, അനിൽ അക്കര ഗൂഢനീക്കവുമായി രംഗത്തുവരുന്നത്. 

സ്വർണക്കടത്തുമായി കൂട്ടിക്കെട്ടിയായിരുന്നു ആദ്യം ആരോപണം. പിന്നീട് ഫ്ളാറ്റ് ഇടപാടിൽ അഴിമതിയുണ്ടെന്ന ആരോപണം ഉയർത്തി. എന്നാൽ, അഴിമതി അന്വേഷണ ആവശ്യത്തിൽനിന്ന് മാറി, സർക്കാരിനെയും മന്ത്രി എ സി മൊയ്തീനെയും സിപിഐ എം നേതാക്കളെയും ആക്ഷേപിക്കലായി പണി. നിർമാണത്തിൽ സർക്കാരിന് നേരിട്ട് ഒരു ഇടപാടുമില്ലെന്നറിഞ്ഞിട്ടും, ചില ചാനലുകാരെ കൂട്ടുപിടിച്ച് വ്യാജപ്രചാരണം തുടർന്നു. മന്ത്രി എ സി മൊയ്തീൻ രണ്ടു കോടി വാങ്ങിയെന്നും ചാനലിലൂടെ തട്ടിവിട്ടു. ഇതിനെതിരെ മന്ത്രി നിയമനടപടി ആരംഭിച്ചിട്ടുണ്ട്.

സ്വന്തം പാർടിയുടെപോലും പിന്തുണയില്ലാതെ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം, ഒന്നൊന്നായി പൊളിഞ്ഞതോടെ, ഏതു വിധേനയും പദ്ധതിയെ തകർക്കുക എന്നതായി അനിൽ അക്കരയുടെ ലക്ഷ്യം. ഇതിനായി നിരവധി രേഖകൾ കൈവശമുണ്ടെന്ന് പറഞ്ഞുനടന്നെങ്കിലും, ഒന്നും  പുറത്തുവന്നില്ല.

നുണപ്രചാരണങ്ങളുമായുള്ള എംഎൽഎയുടെ നടപടികളെത്തുടർന്ന് ഫ്ളാറ്റ് നിർമാണം നിലച്ചതോടെ, തെരുവാധാരമാവുന്നത് 140 കുടുംബങ്ങളാണ്. ഒപ്പം ആധുനികസൗകര്യത്തോടെ, നാട്ടുകാർക്കെല്ലാം സഹായകമാകേണ്ട ആശുപത്രിയും 

ഇല്ലാതായി. ജനങ്ങളെ സഹായിക്കേണ്ട ജനപ്രതിനിധിതന്നെ കള്ളപ്രചാരണങ്ങളിലൂടെ ജനവിരുദ്ധനടപടി തുടരുന്നതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. ഫ്ളാറ്റ് നിർമാണം ഇല്ലാതാക്കി എന്നു മാത്രമല്ല, വടക്കാഞ്ചേരിയെ അവഹേളിക്കുകയും, സർക്കാരിന്റെ ജനപക്ഷവികസന പ്രവർത്തങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്‌തു. 

ജനങ്ങളെ കബളിപ്പിക്കാൻ സ്വന്തംപേരിൽ മണ്ഡലത്തിൽ കൊണ്ടുവന്ന പദ്ധതികളെല്ലാം പൊളിയുകയും ചെയ്തു. ഈ ജനവിരുദ്ധതക്കെതിരെ രാഷ്ട്രീയഭേദമെന്യേ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങിയിരിക്കയാണ്.

വടക്കാഞ്ചേരി നഗരസഭാ പ്രവർത്തനം സുതാര്യം: -ചെയർ പേഴ്‌സൺ

ലൈഫ്‌മിഷൻ ഫ്‌ളാറ്റ് സമുച്ചയ നിർമാണം സംബന്ധിച്ച നഗരസഭയുടെ പ്രവർത്തനം സുതാര്യമാണെന്ന്‌ വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൺ  ശിവപ്രിയ സന്തോഷും  പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം ആർ  അനൂപ് കിഷോറും പറഞ്ഞു. വടക്കാഞ്ചേരി നഗരസഭയിൽ  സിബിഐ രേഖകൾ പരിശോധിക്കാൻ വന്നിരുന്നു. അവർക്ക് ആവശ്യമായ രേഖകൾ  നൽകി. നാലുദിവസം മുമ്പ് വിജിലൻസ് ഉദ്യോഗസ്ഥർ സന്ദർശിച്ചപ്പോഴും ആവശ്യമുള്ള രേഖകൾ  നൽകിയിരുന്നു. 

വടക്കാഞ്ചേരി എംഎൽഎ ആവശ്യപ്പെട്ട രേഖകളെല്ലാം അദ്ദേഹത്തിനും കൈമാറിയിരുന്നു. വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടവർക്കെല്ലാം ഇതുവരെയുള്ള  എല്ലാ രേഖകളും നൽകിയിട്ടുണ്ട്.  റവന്യൂ വകുപ്പിൽനിന്നുള്ള രേഖകളും ലൈഫ് മിഷനിൽനിന്നുള്ള രേഖകളും കണക്ഷൻസംബന്ധിച്ച്  കെഎസ്ഇബിയിൽനിന്നുള്ള ഫയലും മാത്രമാണ് നഗരസഭയിൽ ആകെയുള്ളത്. 

ലൈഫ് പദ്ധതിയിൽ  സമഗ്രമായാണ് ഓരോഘട്ടത്തിലും കാര്യങ്ങൾ കൈകാര്യം ചെയ്തത്. നഗരസഭയിൽ ഭവനമില്ലാത്തവർ ആരും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതിയിൽ വീടുകൾ പൂർത്തിയാക്കാൻ പറ്റാത്ത ആളുകളുടെ വീടുകൾ ആദ്യം പൂർത്തിയാക്കി. അതിനുശേഷം, ഭൂമി ഉണ്ടായിട്ടും വീട് പൂർത്തിയാക്കാൻ പറ്റാതിരുന്ന 1808 പേർക്കും പദ്ധതി പൂർത്തിയാക്കി. പിന്നീട് ചേരിയിലും പുറമ്പോക്കിലും  താമസിക്കുന്നവർക്കുവേണ്ടിയാണ് ഫ്ലാറ്റിന്‌  സാധ്യത നഗരസഭ പ്രയോജനപ്പെടുത്താൻ തീരുമാനിച്ചത്. ഫ്ലാറ്റിന്റെ  നിർമാണം നിർത്തിവച്ചതുമൂലം എല്ലാവർക്കും വീടെന്ന നഗരസഭയുടെ സ്വപ്നമാണ് അനിൽ അക്കര എംഎൽ എ തകർത്തതെന്നും അവർ പറഞ്ഞു.

പിഎം കെയേഴ്‌സ്‌ ഫണ്ട് : പൊതുമേഖലാ ബാങ്ക്‌ ജീവനക്കാരിൽ നിന്ന്‌ പിടിച്ചത്‌ 205 കോടി

 കോവിഡ്‌ പ്രതിരോധത്തിനെന്ന പേരിൽ മോഡി സർക്കാർ  പ്രത്യേകമായി രൂപീകരിച്ച പിഎം കെയേഴ്‌സ്‌ ഫണ്ടിലേക്ക്‌ രാജ്യത്തെ പൊതുമേഖല ധനകാര്യസ്ഥാപനങ്ങളിലെ‌ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന്‌ സമാഹരിച്ചത്‌ 204.75 കോടി രൂപ. ആർബിഐ, എസ്‌ബിഐ, എൽഐസി തുടങ്ങി ഒരുഡസൻ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നാണ്‌ ഈ തുക ലഭിച്ചത്‌.

എൽഐസി അടക്കം വിവിധ സ്ഥാപനങ്ങളുടെ കോർപറേറ്റ്‌ സാമൂഹ്യ പ്രതിബദ്ധത (സിഎസ്‌ആർ) ഫണ്ടിൽനിന്ന്‌‌ 144.5 കോടി രൂപയും ലഭിച്ചു. സന്നദ്ധ സംഭാവന എന്ന പേരിലാണ്‌ പണം സമാഹരിച്ചത്‌. തയ്യാറല്ലാത്തവർ വിസമ്മതം രേഖാമൂലം എഴുതി നൽകണമെന്ന്‌ സർക്കാർ നിഷ്‌കർഷിച്ചിരുന്നു.  ദി ഇന്ത്യൻ എക്‌സ്‌പ്രസിന്‌ വിവരാവകാശ നിയമപ്രകാരം 15 സ്ഥാപനം നൽകിയ മറുപടിയനുസരിച്ച്‌ 349.25 കോടി രൂപ പിഎം കെയേഴ്‌സിൽ എത്തി.

വിവിധ രീതിയിൽ 113.63 കോടിരൂപ സംഭാവന ചെയ്‌ത എൽഐസിയാണ്‌ ഈ പട്ടികയിൽ ഒന്നാമത്‌. ജീവനക്കാരുടെ ശമ്പളത്തിൽനിന്ന്‌ 8.63 കോടി രൂപയും കോർപറേറ്റ്‌ സംഭാവന എന്ന നിലയിൽ 100 കോടിയും നൽകി. എൽഐസിയുടെ ഗോൾഡൻ ജൂബിലി ഫൗണ്ടേഷന്റെ വിഹിതമായി അഞ്ച്‌ കോടിയും നൽകി. 107.95 കോടി രൂപ എസ്‌ബിഐ‌ ജീവനക്കാരുടെയും 7.34 കോടി രൂപ ആർബിഐ ജീവനക്കാരുടെയും ശമ്പളത്തിൽനിന്ന്‌ പിടിച്ചു. പിഎം കെയേഴ്‌സ്‌ ഫണ്ട്‌ സിഎജി ഓഡിറ്റിനുപോലും വിധേയമല്ല.

Monday, September 28, 2020

സ്ത്രീകള്‍ക്കെതിരായ അധിക്ഷേപം: വിഷയം സര്‍ക്കാര്‍ ഗൗരവത്തോടെ തന്നെ കാണുന്നു: മുഖ്യമന്ത്രി

 തിരുവനന്തപുരം> നവ മാധ്യമ സങ്കേതങ്ങള്‍ ഉപയോഗിച്ച് സ്ത്രീകള്‍ക്കെതിരെ ഹീനമായ ആക്രമണം നടത്തുന്ന സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് തമ്പാനൂര്‍, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത ആള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 364 A (1), 509, കേരളാ പോലീസ് ആക്റ്റ് 120 (O) എന്നീ വകുപ്പുകളാണ് ചുമത്തിയത്. വിവാദമായ വീഡിയോ നീക്കം ചെയ്യണമെന്ന് യൂട്യൂബ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു വ്യക്തിക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷാനിയമം 364 A (1) (iv), 506, 509, കേരളാ പോലീസ് ആക്റ്റ് 120 (O) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഐ.റ്റി ആക്റ്റിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി രണ്ട് കേസുകളിലും ഉള്‍പ്പെടുത്താന്‍ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. അനുവാദം ലഭിച്ചാല്‍ ഉടന്‍തന്നെ ആ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയശേഷം കേസിന്റെ അന്വേഷണം തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് സ്റ്റേഷന് കൈമാറും.

ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ആക്രമിച്ചെന്നും കാണിച്ച് ഭാഗ്യലക്ഷ്മിയും വിജയ്.പി.നായരും പ്രത്യേകം പ്രത്യേകം നല്‍കിയ പരാതികളില്‍ തമ്പാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി

സ്‌ത്രീകൾക്കെതിരായ കടന്നാക്രമണം; നിലവിലുള്ള നിയമങ്ങൾ പര്യാപ്‌തമല്ലെങ്കിൽ നിയമ നിർമ്മാണം ആലോചിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം > സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളും അവഹേളനങ്ങളും അപകീർത്തി പ്രചാരണവും അക്ഷന്തവ്യമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സഭ്യതയുടെയും മര്യാദയുടെയും മാനവികതയുടെ തന്നെയും പരിധി വിട്ട് സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ച സംഭവങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

ലഭ്യമായ മാധ്യമ സൗകര്യങ്ങൾ ദുരുപയോഗം ചെയ്ത് സ്ത്രീത്വത്തിനുനേരെ കടന്നാക്രമണം നടത്തുന്നവർക്കെതിരെ കർക്കശമായ നിയമ നടപടി കൈക്കൊള്ളും. നിലവിലുള്ള നിയമ സാധ്യതകൾ അതിന് പര്യാപ്തമല്ല എങ്കിൽ തക്കതായ നിയമ നിർമ്മാണം ആലോചിക്കും. നിലവിൽ ഉയർന്ന പരാതിയിൽ സമഗ്രമായ അന്വേഷണത്തിനും നടപടിക്കും നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നിയമം കയ്യിലെടുക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

അവഹേളിക്കപ്പെട്ട വനിതകൾക്കൊപ്പമാണ് ഈ നാടിന്റെ വികാരം. ഇരകൾക്ക് നീതി ലഭിക്കാനും മനോരോഗം പോലെ സ്ത്രീകൾക്കെതിരെ ഹീനമായ അധിക്ഷേപം ചൊരിഞ്ഞതിന് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സർക്കാർ ഇടപെടും - മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശബരിമല തീർത്ഥാടനം: പരിമിതമായ തീർത്ഥാടകർ മാത്രം; പ്രധാന നിർദേശങ്ങൾ ഇങ്ങനെ

 കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം പരിമിതമായ എണ്ണം തീർത്ഥാടകരെ അനുവദിച്ചുകൊണ്ട് നടത്തും. മകര വിളക്കിനനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര പൂർണ്ണമായും കോവിഡ് പ്രോട്ടോക്കാൾ പാലിച്ചു നടത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായി നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം.

1. ശബരിമല സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമായതിനാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനം പ്രതീകാത്മകമായി ചുരുക്കാതെ പരിമിതമായ എണ്ണം തീർത്ഥാടകരെ അനുവദിച്ചുകൊണ്ട് നടത്തുന്നതിന് തീരുമാനിച്ചു.

2. ഓരോ സംസ്ഥാനത്ത് നിന്നും ദിനം പ്രതി എത്ര തീർത്ഥാടകരെ വരെ പ്രവേശിപ്പിക്കാം എന്നത് ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരടങ്ങിയ സമിതി പരിശോധിച്ച് റിപ്പോർട്ട് നൽകേണ്ടതാണ്. കൂടുതൽ വകുപ്പ് സെക്രട്ടറിമാരെ സമിതിയിൽ ഉൾപ്പെടുത്തുന്ന കാര്യം ചീഫ് സെക്രട്ടറി തീരുമാനിക്കുന്നതാണ്. മറ്റു സംസ്ഥാനങ്ങളിൽ ആവശ്യമെങ്കിൽ പ്രചരണാർത്ഥം ഉദ്യോഗസ്ഥരെ അയച്ച് ചർച്ചകൾ നടത്തേണ്ടതാണ്.

3. ശബരിമല തീർത്ഥാടനത്തിന് പൂർണ്ണമായും വെർച്വൽ ക്യൂ സംവിധാനത്തിലൂടെ രജിസ്റ്റർ ചെയ്യുന്ന പരിമിത എണ്ണം തീർത്ഥാടകർക്ക് മാത്രമായിരിക്കും ഈ വർഷത്തെ പ്രവേശനം. ഓരോ തീർത്ഥാടകനും എത്തിച്ചേരേണ്ട സമയക്രമം നിശ്ചയിച്ചു നൽകുന്നതാണ്.

4. ആന്ധ്ര, തെലങ്കാന, കർണ്ണാടക, തമിഴ് നാട്, പോണ്ടിച്ചേരി തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി ദേവസ്വം മന്ത്രിതലത്തിൽ കത്ത് ഇടപാടോ വെർച്വൽ യോഗങ്ങളോ നടത്തുന്നതാണ്.

5. കോവിഡ് -19 രോഗ ബാധിതർ തീർത്ഥാടനത്തിന് എത്താത്ത സാഹചര്യം ഉറപ്പ് ഉറപ്പു വരുത്തും. ഇതിനായി വിവിധ കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ആന്റിജൻ ടെസ്റ്റ് നടത്തും.

6. തീർഥാടകർക്ക് ശബരിമലയിൽ എത്തി ദർശനം നടത്തി ഉടനെ തിരികെ മല ഇറങ്ങാനുള്ള രീതിയിൽ തീർത്ഥാടനം ക്രമീകരിക്കും. പമ്പയിലും സന്നിധാനത്തും തീർത്ഥാടകരെ വിരിവയ്ക്കാനോ തങ്ങാനോ അനുവദിക്കുന്നതല്ല. നിലയ്ക്കലിൽ പരിമിതമായ രീതിയിൽ വിരിവയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.

7. കുടിവെള്ള വിതരണത്തിന് 100 രൂപ അടച്ച് സ്റ്റീൽ പാത്രത്തിൽവെള്ളം വാങ്ങാവുന്നതും മടങ്ങി വന്ന് പാത്രം ഏൽപ്പിക്കുമ്പോൾ തുക തിരികെ നൽകുന്നതുമാണ്.

8. തീർത്ഥാടകർക്ക് നേരത്തെ ഉള്ളത് പോലെ വലിയ തോതിലുള്ള അന്നദാനം നടത്തേണ്ടതില്ല. നിശ്ചിത സമയത്ത് വരുന്നവർക്ക് മാത്രം പേപ്പർ പ്‌ളേറ്റിൽ അന്നദാനം നൽകും.

9. സാനിറ്റേഷൻ സൊസൈറ്റി വഴി തമിഴ് നാട്ടിലെ തൊഴിലാളികളെ വിന്യസിച്ചായിരുന്നു മുൻ വർഷങ്ങളിൽ ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ശുചീകരണ പ്രവർത്തികൾ നടത്തിയിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി തീർത്ഥാടകരുടെ എണ്ണം നിശ്ചയിക്കുന്നതിന് അനുസരിച്ച് തമിഴ്‌നാട്ടിൽ നിന്നും എത്ര തൊഴിലാളികളെ ലഭ്യമാക്കണം എന്ന കാര്യം തീരുമാനിക്കുന്നതാണ്.

9. അവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്ക് കടകളുടെ ലേലം ചെയ്ത് പോകാനുള്ള സാധ്യത കുറഞ്ഞതിനാൽ കൺസ്യൂമർഫെഡ്, സപ്ലൈകോ തുടങ്ങിയവയുടെ സേവനം ലഭ്യമാക്കും.

10. കെ.എസ്.ആർ.ടിസി ബസിൽ തീർത്ഥാടകർക്ക് സാമൂഹ്യ അകലം പാലിക്കുന്ന തരത്തിൽ കൂടുതൽ എണ്ണം ബസുകൾ വിന്യസിക്കും.

11. ഭക്തർ മല കയറുമ്പോൾ മാസ്‌ക്ക് നിർബന്ധമാക്കുന്നതിന്റെ ആരോഗ്യ വശം ആരോഗ്യവകുപ്പ് പരിശോധിക്കും.

12. നെയ്യഭിഷേകത്തിനുള്ള നെയ്യ് പമ്പയിലോ സന്നിധാനത്തോ ശേഖരിച്ച് പകരം അഭിഷേകം നടത്തിയ നെയ്യ് ലഭ്യമാക്കാൻ പ്രത്യേക ക്രമീകരണം നടത്തുന്ന കാര്യം പരിശോധിക്കുന്നതാണ്.

13. മകര വിളക്കിനനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര പൂർണ്ണമായും കോവിഡ് പ്രോട്ടോക്കാൾ പാലിച്ചുമാത്രം നടത്തുന്നതാണ്.

14. പമ്പ എരുമേലി എന്നിവിടങ്ങളിൽ സ്‌നാനഘട്ടങ്ങളിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ സ്പ്രിംഗ്‌ളർ/ഷവർ സംവിധാനം ഏർപ്പെടുത്തും.

15. തീർത്ഥാടനത്തിന് മുമ്പ് പമ്പയിലേയ്ക്കുള്ള വിള്ളൽ വീണ റോഡ് അടിയന്തിരമായി പുതുക്കിപ്പണിയും.

16. ശബരിമല തന്ത്രിയുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് ഉചിതമായ ക്രമീകരണങ്ങൾ നടത്തുന്നതാണ്.

17. 10 വയസ്സിന് താഴെയും 65 വയസ്സിനും മുകളിലുമുള്ളവർക്ക് ദർശനം അനുവദിക്കില്ല.

ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ, ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, വെദ്യുത വകുപ്പ് മന്ത്രി എം.എം. മണി, ഇറിഗേഷൻ വകുപ്പ് മന്ത്രി എ.കെ. കൃഷ്ണൻ കുട്ടി, എം.എൽ.എമാരായ പി.സി.ജോർജ്, രാജു എബ്രഹാം, ഇ.എസ് ബിജിമോൾ, ജിനേഷ് കുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, റവന്യു(ദേവസ്വം) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, പത്തനംതിട്ട ജില്ലാകളക്ടർ നൂഹ് ബാവ, ശ്രീ.ജയദേവ്. ജി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി, ജന പ്രതിനിധികൾ, തിരുവിതാംകൂർ ദേവസ്വം ബോർഡിലെയും വിവിധ വകുപ്പുകളിലെയും ഉന്നതോദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

"നിങ്ങളുടെ നെറികെട്ട രീതികൾ നിങ്ങൾക്ക് തുടരാം; ആ രീതി മാതൃകയാക്കാൻ ഞങ്ങളില്ല': മുഹമ്മദ്‌ റിയാസ്‌

 രാഷ്‌ട്രീയം പറയുമ്പോൾ അസംബന്ധം പറയുന്നവരോട് ഒന്നേ ഞങ്ങൾക്ക് പറയാനുള്ളൂ.. നിങ്ങളുടെ രീതിയല്ല ഞങ്ങളുടെ രീതി. നിങ്ങളുടെ നെറികെട്ട രീതികൾ നിങ്ങൾക്ക് തുടരാം. ആ രീതി മാതൃകയാക്കാൻ ഞങ്ങളില്ല. നിങ്ങളുടെ അതേ രീതി നിങ്ങൾക്ക് നേരെ ആരെങ്കിലും പ്രയോഗിച്ചാൽ അത് പ്രോത്സാഹിപ്പിക്കില്ലെന്ന് മാത്രമല്ല, അത് തടയുന്നവരും ഞങ്ങളായിരിക്കും. ആരുടെ രീതിയാണ് ശരിയെന്ന് സമൂഹം തീരുമാനിക്കട്ടെ.. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ പി എ മുഹമ്മദ്‌ റിയാസിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

സെപ്‌തംബർ 28... 113 വർഷം മുമ്പ് ഈ ദിനത്തിലാണ് അനശ്വരനായ സ്വാന്തന്ത്ര്യസമര പോരാളി സഖാവ് ഭഗത് സിങ്ങ് ജനിച്ചത്.

1931 മാർച്ച് 23ന്, തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ബ്രിട്ടീഷ് ഭരണാധികാരികൾ ആ ചെറുപ്പക്കാരനെ തൂക്കിലേറ്റുകയായിരുന്നു.

23 വർഷങ്ങൾ മാത്രം ഭൂമിയിൽ ജീവിച്ച ആ മനുഷ്യനെ, അദ്ദേഹം ആകെ ജീവിച്ചതിനേക്കാൾ നാലിരട്ടി വർഷങ്ങൾ കടന്നു പോയിട്ടും സമൂഹം ഓർക്കുന്നു. ഇന്നലെ, പൊരുതി മരിച്ച്‌ വീണതു പോലെ...

ഭഗത് സിംഗ് ഒരു ഭരണാധികാരി പോയിട്ട് ഒരു പഞ്ചായത്ത് അംഗം പോലുമായിരുന്നില്ല. എങ്കിലും മൺമറഞ്ഞുപോയ പല മുൻ പ്രധാനമന്ത്രിമാരെയും ഓർക്കുന്നതിനേക്കാൾ ഇന്ത്യൻ ജനത ഈ ചെറുപ്പക്കാരനെ ഇന്നുമോർക്കുന്നു. പോരാളികൾ അങ്ങനെയാണ്.

മാനവരാശി ഉള്ളകാലത്തോളം മായ്ക്കാനാകുന്നവരല്ല.

എത്രകാലം ജീവിക്കുന്നു എന്നത് നോക്കിയല്ല, ജീവിച്ച കാലമത്രയും എങ്ങനെ ജീവിച്ചുവെന്നത് വിലയിരുത്തിയാണ് ഒരു മനുഷ്യനെ നാം ഇത്രയേറെ ബഹുമാനിക്കുന്നത്.

മാനസികമായും കായികമായും തകർക്കാൻ എല്ലാ നെറികെട്ട ശ്രമങ്ങളും പ്രയോഗിച്ചാലും നിശ്ചയദാർഢ്യമുള്ള സാമൂഹികപ്രവർത്തകർ ഇപ്രകാരം നിലപാടിലുറച്ച് പൊരുതുക തന്നെ ചെയ്യും.തന്റെ നിലപാടാണ് ശരിയെന്ന ബോധ്യമാണ് അത്തരം സാമൂഹിക പ്രവർത്തകരുടെ നിശ്ചയദാർഢ്യത്തിന്റെ ഇന്ധനം. ഭഗത് സിംഗ് നിശ്ചയദാർഢ്യമുള്ളവനായിരുന്നു. മരണമെന്ന ഭീഷണിക്ക് മുന്നിൽ പോലും തന്റെ നിലപാടിൽ അയവു വരുത്താൻ തയ്യാറാകാതിരുന്ന പോരാളി.

ഡൽഹി ബോംബ് കേസ് വിചാരണയിലുടനീളം, കോടതിയിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ഭഗത്‌സിങ്ങും ബട്‌കേശ്വർ ദത്തും

"ഇൻക്വിലാബ് സിന്ദാബാദ്’ എന്ന് മുദ്രാവാക്യം മുഴക്കിയിരുന്നു.

മജിസ്ട്രേറ്റ്, ആ മുദ്രാവാക്യത്തിന്റെ അര്‍ത്ഥം അന്വേഷിച്ചപ്പോൾ, എഴുതിത്തയ്യാറാക്കിയ മറുപടിയാണ് അവർ നൽകിയത്.

അതിങ്ങനെയായിരുന്നു:

‘ആ ചോദ്യത്തിന് ഉത്തരമായി ഞാൻ പറയട്ടെ, വിപ്ലവം എന്നത് രക്തച്ചൊരിച്ചിലുണ്ടാക്കുന്ന ഒരു പോരാട്ടമാകണം എന്നില്ല.

വ്യക്തിപരമായ കുടിപ്പകയ്‌ക്ക് അതിൽ സ്ഥാനമില്ല. വിപ്ലവംകൊണ്ട് അർഥമാക്കുന്നത് പ്രകടമായ അനീതിയിൽ അധിഷ്ഠിതമായ നിലവിലുള്ള വ്യവസ്ഥ മാറണം എന്നാണ്.

സമുദായത്തിന് ഏറ്റവും അവശ്യമായ ഘടകങ്ങളാണെങ്കിലും, ഉൽപ്പാദകരുടെയും തൊഴിലാളികളുടെയും അധ്വാനത്തിന്റെ ഫലങ്ങൾ ചൂഷകർ കവർന്നെടുക്കുകയും അവരുടെ പ്രാഥമികഅവകാശങ്ങൾതന്നെ നിഷേധിക്കുകയും ചെയ്യുകയാണ്. കാര്യങ്ങൾ ഇങ്ങനെ തുടരാനാകില്ല. നമ്മുടെ സമുദായത്തിന്റെ ഇന്നത്തെ സ്ഥിതി അഗ്നിപർവതത്തിനുമേലുള്ള നൃത്തംചവിട്ടലാണ്. നമ്മുടെ നാഗരികതയുടെ മഹാസൗധം വേണ്ട സമയത്ത് സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ ഇടിഞ്ഞുതകരുക തന്നെ ചെയ്യും.

അതുകൊണ്ടുതന്നെ സമൂലമായ ഒരു മാറ്റം അത്യാവശ്യമാണ്. ഇത് ബോധ്യപ്പെടുന്നവരുടെ കടമയാണ്, സമൂഹത്തെ സോഷ്യലിസ്റ്റ് അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കുക എന്നതാണ് വിപ്ലവം എന്നതുകൊണ്ട് ഞങ്ങൾ അർഥമാക്കുന്നത്. അത്തരം തകർച്ചയിലേക്ക് നയിക്കാത്ത ഒരു സാമൂഹ്യക്രമം നിലവിൽവരുത്തുക എന്നതാണ്. തൊഴിലാളികളുടെ പരമാധികാരം അംഗീകരിക്കുന്ന അത്തരമൊരു വ്യവസ്ഥയിൽ ലോക ഫെഡറേഷൻ മനുഷ്യവംശത്തെ മുതലാളിത്തത്തിന്റെ കെട്ടുപാടിൽനിന്നും സാമ്രാജ്യത്വയുദ്ധങ്ങളുടെ കെടുതിയിൽനിന്നും രക്ഷിക്കും. ഇതാണ് ഞങ്ങളുടെ ആദർശം.

വിപ്ലവമെന്നത് മനുഷ്യവംശത്തിന്റെ അന്യാധീനപ്പെടുത്താനാകാത്ത അവകാശമാണ്. സ്വാതന്ത്ര്യമെന്നത്, എല്ലാവരുടെയും അനിഷേധ്യമായ ജന്മാവകാശമാണ്. തൊഴിലാളിയാണ് സമൂഹത്തെ നിലനിർത്തുന്നത്. ജനങ്ങളുടെ പരമാധികാരമെന്നത് തൊഴിലാളികളുടെ അവസാന ഭാഗധേയമാണ്. വിപ്ലവത്തിന്റെ ഈ അൾത്താരയ്‌ക്കായി ഞങ്ങൾ ഞങ്ങളുടെ യുവത്വത്തെ സുഗന്ധദ്രവ്യമായി പുകയ്ക്കുകയാണ്. കാരണം, ഇത്തരമൊരു മഹത്തായ ലക്ഷ്യത്തിനായി സമർപ്പിക്കുന്ന ഒരു ത്യാഗവും അധികമാകില്ല. ഞങ്ങൾ സംതൃപ്തരാണ്. ഞങ്ങൾ വിപ്ലവത്തിന്റെ ആഗമനത്തിനായി കാത്തിരിക്കുകയാണ്. വിപ്ലവം വിജയിക്കട്ടെ."

ഇതാണ് ഭഗത് സിംഗ്. തൂക്കുമരത്തിലേറുമ്പോഴും ഇങ്ക്വിലാബ് വിളിച്ച ധീരൻ. ഇവരെയൊക്കെയാണ് ഞങ്ങൾ പിൻപറ്റുന്നത്. അതുകൊണ്ട് തന്നെ ഞങ്ങളുടെ രാഷ്ട്രീയ നിലപാട് ഞങ്ങൾ പറയുക തന്നെ ചെയ്യും. ഞങ്ങളുടെ രാഷ്ട്രീയ നിലപാടിനോട് നിങ്ങൾക്ക് രാഷ്ട്രീയമായി മറുപടി നൽകാം.അതിനു സാധിക്കില്ലെന്ന് കണ്ടാൽ വ്യക്തിപരമായി അധിക്ഷേപിക്കാം. ഇതിൽ ഏതു രീതി തെരെഞ്ഞെടുക്കണമെന്നത് നിങ്ങളുടെ അവകാശമാണ്.

രാഷ്ടീയം പറയുമ്പോൾ അസംബന്ധം പറയുന്നവരോട് ഒന്നേ ഞങ്ങൾക്ക് പറയാനുള്ളൂ.. നിങ്ങളുടെ രീതിയല്ല ഞങ്ങളുടെ രീതി. നിങ്ങളുടെ നെറികെട്ട രീതികൾ നിങ്ങൾക്ക് തുടരാം. ആ രീതി മാതൃകയാക്കാൻ ഞങ്ങളില്ല. നിങ്ങളുടെ അതേ രീതി നിങ്ങൾക്ക് നേരെ ആരെങ്കിലും പ്രയോഗിച്ചാൽ അത് പ്രോത്സാഹിപ്പിക്കില്ലെന്ന് മാത്രമല്ല, അത് തടയുന്നവരും ഞങ്ങളായിരിക്കും. ആരുടെ രീതിയാണ് ശരിയെന്ന് സമൂഹം തീരുമാനിക്കട്ടെ..

ശരിയെന്ന് ഉറച്ച ബോധ്യമുള്ള ഞങ്ങളുടെ നിലപാടുകൾ തലപോയാലും ഞങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കും. കാരണം ഞങ്ങൾ ഭഗത് സിംഗിന്റെ പിന്മുറക്കാരാണ്. ഇങ്ക്വിലാബ് സിന്ദാബാദ്.

മതനിരപേക്ഷ ഐക്യം കുറ്റകരമാകുന്ന സ്ഥിതി: ബൃന്ദ കാരാട്ട്‌

 ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ ഐക്യപ്പെടുന്നത്‌‌ കുറ്റമാണെന്ന സന്ദേശമാണ്‌ ഡൽഹി കലാപക്കേസ്‌ അന്വേഷണത്തിലൂടെ കേന്ദ്രസർക്കാർ നൽകുന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌.  മതനിരപേക്ഷ ശക്തികൾ ഐക്യപ്പെടുന്നത്‌ കുറ്റകരമായി മാറുന്നു. എവിടെയെങ്കിലും സംഘർഷമുണ്ടായാൽ അത്‌ സർക്കാരിനെതിരായ ഗൂഢാലോചനയായി മുദ്രകുത്തി വേട്ടയാടുന്ന സ്ഥിതിയെന്നും ന്യൂസ്‌ക്ലിക്കിനു നൽകിയ അഭിമുഖത്തിൽ ബൃന്ദ പറഞ്ഞു.

പൗരത്വനിയമത്തിനെതിരായ പ്രതിഷേധങ്ങളാണ് കലാപത്തിലേക്ക്‌ നയിച്ചതെന്ന ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ പാർലമെന്റിലെ പ്രസ്‌താവനയ്‌ക്ക്‌ അനുസൃതമാണ്‌ പൊലീസ്‌ അന്വേഷണം‌. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾ സംരക്ഷിക്കപ്പെട്ടു.

ഡൽഹി ഹൈക്കോടതി ജഡ്‌ജി മുരളീധരൻ ഡൽഹി പൊലീസിനോട്‌ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളിൽ 24 മണിക്കൂറിൽ കേസെടുക്കാൻ ആവശ്യപ്പെട്ടു. ഇതോടെ, അദ്ദേഹത്തെ സ്ഥലംമാറ്റി. കേസുകൾ തീർപ്പാകാതെ കോടതിയുടെ പരിഗണനയിലാണെന്നും ബൃന്ദ ചൂണ്ടിക്കാട്ടി.

ബൃന്ദയ്‌ക്കെതിരായ നീക്കം അപലപനീയം: മഹിളാ അസോസിയേഷൻ

ന്യൂഡൽഹി > വടക്കുകിഴക്കൻ ഡൽഹി കലാപക്കേസിന്റെ കുറ്റപത്രത്തിൽ ആഭ്യന്തരമന്ത്രാലയത്തിന്റെ ഇംഗിതപ്രകാരം ബൃന്ദ കാരാട്ടിന്റെ പേര്‌ ഉൾപ്പെടുത്തിയതിനെ ശക്തിയായി അപലപിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ. വർഗീയകലാപത്തിന്‌ ബൃന്ദയെ ഉത്തരവാദിയായി ചിത്രീകരിക്കാനുള്ള ആസൂത്രിതനീക്കമാണിത്. ക്രിമിനൽനിയമ നടപടിക്രമത്തിലെ 160–-ാം വകുപ്പുപ്രകാരമുള്ള പ്രസ്‌താവനകൾ തെളിവായി പരിഗണിക്കാനാകില്ല.

പൗരത്വനിയമഭേദഗതി, എൻആർസി, എൻപിആർ എന്നിവയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെയും അക്കാദമിക്‌ വിദഗ്‌ധരെയും സാമൂഹ്യപ്രവർത്തകരെയും കേസില്‍ കുടുക്കുന്നു. പരസ്യമായി വിദ്വേഷപ്രസംഗം നടത്തിയ കപിൽ മിശ്രയെപ്പോലുള്ള ബിജെപിക്കാരുടെ പേരില്‍ നടപടിയില്ല. മുസ്ലിങ്ങൾ വൻതോതിൽ ആക്രമണങ്ങൾക്ക്‌ ഇരയായ കലാപത്തെക്കുറിച്ച്‌ റിട്ട. ജഡ്‌ജി അന്വേഷിക്കണം. കള്ളക്കേസുകളിൽ ജയിലിൽ അടച്ചവരെ ഉടൻ വിട്ടയക്കണമെന്നും മഹിളാ അസോസിഷേയൻ പ്രസിഡന്റ്‌ മാലിനി ഭട്ടാചാര്യ, ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ, നിയമോപദേഷ്ടാവ്‌ അഡ്വ. കീർത്തി സിങ്‌ എന്നിവർ ആവശ്യപ്പെട്ടു.