Friday, September 18, 2020

സൂം ചെയ്തപ്പോൾ സത്യം മനസിലായി'; വ്യാജപ്രചരണത്തിന് ഏഷ്യാനെറ്റ് അവതാരകന്റെ ശ്രമം, കയ്യോടെ പിടിച്ചപ്പോൾ ക്ഷമാപണം

 കൊച്ചി > സ്വർണക്കടത്ത് കേസിന്റെ പേരിലും മതഗ്രന്ഥം എത്തിയതിന്റെ പേരിലും സംസ്ഥാന സർക്കാരിനെതിരെ നിരന്തരം വ്യാജവാർത്താ നിർമാണമാണ് ചില മാധ്യമങ്ങൾ നടത്തുന്നത്. സ്വാഭാവിക നടപടി ക്രമങ്ങളെപ്പോലും ഊതിവീർപ്പിച്ച് കഥകൾ മെനയുന്ന വാർത്താരീതിക്കെതിരെ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്. മതഗ്രനഥം എത്തിയതുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിൽ നിന്ന് എൻഐഎ മൊഴിരേഖപ്പെടുത്തിയതിലും വലിയ നുണക്കഥകൾ മാധ്യമങ്ങൾ മെനഞ്ഞു.

എന്നാൽ ജലീലിനെ വിളിപ്പിച്ചത് സാക്ഷിമൊഴി രേഖപ്പെടുത്താനെന്ന് വ്യക്തമാക്കുന്ന എൻഐഎയുടെ കുറിപ്പ് പുറത്തുവന്നിട്ടും വ്യാജപ്രചരണത്തിനാണ് ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോൺ ശ്രമിച്ചത്. 17ന് ഹാജരായ ജലീലിന് എൻഐഎ നൽകിയ നോട്ടീസിൽ ഒപ്പിട്ടിരിക്കുന്നത് 18-ാം തീയതി ആണെന്നായിരുന്നു വിനുവിന്റെ നുണ. എൻഐഎയുടെ നോട്ടീസ് വ്യാജണെന്ന് വരെ വിനു 'കണ്ടെത്തി' ട്വീറ്റ് ചെയ്‌തു.

പക്ഷേ, ഏഷ്യാനെറ്റ് അവതാരകന്റെ കുപ്രചരണത്തിന് അധികനേരം ആയുസുണ്ടായില്ല. നോട്ടീസിലെ തീയതി 18 അല്ല 12 ആണെന്ന് വ്യക്തമാക്കി നിരവധി പേർ വിനുവിന്റെ നുണക്കഥ തുറന്നുകാട്ടി. അത്രനേരം കെട്ടിച്ചമച്ച നുണവാർത്തകൾ പൊളിഞ്ഞപ്പോൾ പിടിച്ചു നിൽക്കാൻ പുതിയ നുണയുമായി വിനു എത്തിയിരിക്കുന്നുവെന്ന് പലരും ചൂണ്ടിക്കാട്ടി. ഇതോടെ ഗത്യന്തരമില്ലാതെ തനിക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞ് വിനു തന്നെ രംഗത്തെത്തി. സൂം ചെയ്ത് നോക്കിയപ്പോഴാണ് 12-ാം തീയതിയാണ് നോട്ടീസ് നൽകിയതെന്ന് തനിക്ക് മനസിലായതെന്നായിരുന്നു വിനുവിന്റെ ന്യായീകരണം.

ഒരു നോട്ടീസ് സൂം ചെയ്‌ത് പോലും നോക്കാതെയാണോ മുതിർന്ന മാധ്യമപ്രവർത്തകൻ അഭിപ്രായം പറയുന്നതെന്ന് സോഷ്യൽ മീഡിയയിലൂടെ അനവധിപേർ ചോദിച്ചു.  നുണപ്രചരണശ്രമം പൊളിഞ്ഞതോടെ തെറ്റ് ചൂണ്ടിക്കാട്ടിയവരെ അപമാനിക്കാനാണ് വിനു വി ജോൺ ശ്രമിച്ചത്.

No comments:

Post a Comment