തലശേരി: സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനെ ’99ലെ തിരുവോണ നാളിലാണ് വീട്ടിനുള്ളിലിട്ട‌് വെട്ടിനുറുക്കിയത‌്. ഭാര്യ യമുനയുടെ ഇടപെടലിൽ അതിവേഗം ആശുപത്രയിലെത്തിച്ചതുകൊണ്ടുമാത്രം ഇന്നും ജീവിച്ചിരിക്കുന്നു.
ആർഎസ‌്എസ് ക്രിമിനൽസംഘം വെട്ടിപ്പരിക്കേൽപ്പിച്ച പി ജയരാജൻ എറണാകുളം സ്പെഷ്യലിസ്‌റ്റ് ആശുപത്രിയിൽ (ഫയൽ ചിത്രം)
എൽഡിഎഫ‌് വടകര ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറിയായിരുന്നു ജയരാജൻ. തെരഞ്ഞെടുപ്പു തിരക്കിനിടയിൽ വീട്ടുകാരോടൊപ്പം ഓണസദ്യ കഴിക്കാൻ കിഴക്കെ കതിരൂരിലെ വീട്ടിലെത്തിയതായിരുന്നു. ഭക്ഷണം കഴിച്ച‌് വിശ്രമിക്കുമ്പോഴാണ‌് ബോംബും വാളും മഴുവുമായി അക്രമികളെത്തിയത‌്. ബോംബെറിഞ്ഞ‌് ഭീകരാന്തരീക്ഷം സൃഷ്ടിച്ച‌് വീട്ടിലേക്ക‌് ഇരച്ചുകയറിയ സംഘം ജയരാജന്റെ ശരീരം കൊത്തിനുറുക്കി. കൈകൾ വെട്ടിമാറ്റി. മരിച്ചെന്നുകരുതി ശരീരം ഉപേക്ഷിച്ച് മടങ്ങി.
ആ തിരുവോണ നാൾ യമുനയുടെ മനസ്സിൽ ഇന്നുമൊരു നടുക്കമായുണ്ട‌്. ‘‘ ഓടിയെത്തുമ്പോഴേക്കും ചോരയിൽ കുളിച്ച നിലയിലായിരുന്നു സഖാവ‌്. ബെഡ‌്ഷീറ്റ‌് വാരിയെടുത്ത‌് വയറ്റിൽ കെട്ടി. എവിടെയൊക്കെയാണ‌് മുറിവെന്ന‌് വ്യക്തമല്ല. പിറ്റേദിവസം മുറിയിൽനിന്നാണ‌് പെരുവിരൽ കിട്ടിയത‌്’’ യമുന ഓർത്തെടുത്തു.
പി ദിനേശൻ
തിരുവോണ നാളിലെ ‘ചോരക്കൊതി’
തിരുവോണനാളിൽ രാഷ്ട്രീയഎതിരാളികൾ വടിവാളുകൊണ്ട് ചോരപ്പൂക്കളം തീർത്തത് ആറ് സിപിഐ എം പ്രവർത്തകരുടെ ജീവനെടുത്ത്. ഏറ്റവുമൊടുവിൽ വെഞ്ഞാറമൂട്ടിലെ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വകവരുത്താനും കോൺഗ്രസ് കൊലയാളികൾ തിരുവോണത്തലേന്ന് തന്നെ തെരഞ്ഞെടുത്തു. 1984 സെപ്തംബർ ഏഴിന് തിരുവോണനാളിലാണ് എസ്‌എഫ്‌ഐ നേതാവായ എം എസ് പ്രസാദിനെ പത്തനംതിട്ട ചിറ്റാർ ഫോറസ്റ്റ് ഡിപ്പോയ്ക്ക് സമീപത്ത് വച്ച് കോൺഗ്രസുകാർ കൊലപ്പെടുത്തിയത്.
എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യൂണിയൻ ചെയർമാൻ എന്നീ ചുമതലയിലിരിക്കെയാണ് പ്രസാദിനെ കൊലപ്പെടുത്തിയത്. 1982 ഡിസംബർ 17ന് കലാലയമുറ്റത്തുവച്ച് സി വി ജോസിനെ കോൺഗ്രസുകാർ കൊപ്പെടുത്തിയ കേസിൽ ഒന്നാം സാക്ഷിയായിരുന്നു പ്രസാദ്. അന്നും പ്രസാദ് ക്രൂരമായ അക്രമത്തിന് ഇരയായിരുന്നു.
കണ്ണൂർ മുഴപ്പിലങ്ങാട് പാച്ചാക്കരയിലെ സിപിഐ എമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും പ്രവർത്തകനായിരുന്ന കാര്യത്ത് രമേശനെ 1989 സെപ്‌തംബർ 12ന് ലീഗുകാർ അരിഞ്ഞു തള്ളിയതും ഒരു തിരുവോണനാളിൽ. കൂട്ടുകാരുമൊന്നിച്ച് നടക്കാനിറങ്ങി വീട്ടിലേക്ക് മടങ്ങുന്ന വഴിയിലായിരുന്നു ഇരുട്ടിന്റെ മറവിൽ പതിയിരുന്ന് വെട്ടിക്കൊന്നത്.
കാസർകോട് മാങ്ങാട്ടെ സിപിഐ എം പ്രവർത്തകൻ എം ബി ബാലകൃഷ്‌ണനെ 2013 സെപ്‌തമ്പർ 16ന് തിരുവോണ ദിവസം കോൺഗ്രസുകാർ കുത്തിക്കൊല്ലുകയായിരുന്നു. സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ റോഡിൽ തടഞ്ഞുനിർത്തി നെഞ്ചിൽ മൂർച്ചയുള്ള ആയുധം കുത്തിയിറക്കി കൊന്നു. രാഷ്ട്രീയവിരോധം തീർക്കാൻ കോൺഗ്രസ് നേതൃത്വം ആസൂത്രണം ചെയ്‌ത് നടപ്പാക്കിയതായിരുന്നു കൊലപാതകം.
ഡിസിസി പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് കൊല നടത്തിയതെന്ന് കേസിലെ പ്രതി പിന്നീട് വാർത്താസമ്മേളനത്തിൽതന്നെ പറഞ്ഞു. ഉമ്മൻചാണ്ടി ഭരണത്തിൽ പ്രതികൾ മുഴുവൻ കോടതിയിൽ തെളിവില്ലാതെ കുറ്റവിമുക്തരായി. ഡിസിസി പ്രസിഡന്റിനെതിരെ വെളിപ്പെടുത്തൽ നടത്തിയ പ്രതിക്ക് ജോലി നൽകി ഒതുക്കി. കേസ് അപ്പീലിലാണ്.
ഓണനാളിൽ കുടുംബാംഗങ്ങളോടൊപ്പം ഭക്ഷണം കഴിക്കവെ കാസർകോട് കാലിച്ചാനടുക്കം കായക്കുന്നിലെ സി നാരായണനെ 2015 ആഗസ്‌ത് രണ്ടിനാണ് ആർഎസ്‌എസ്–-ബിജെപി ക്രിമിനലുകൾ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. സഹോദരൻ അരവിന്ദനെ മരിച്ചെന്നു കരുതി ഉപേക്ഷിച്ചുപോകുകയായിരുന്നു. അരവിന്ദന് ഇപ്പോഴും പൂർണ ആരോഗ്യം വീണ്ടെടുക്കാനായിട്ടില്ല.
ഗൂഢാലോചന ഫാം ഹൗസിൽ
കൊലപാതകത്തിന് കോൺഗ്രസുകാരായ പ്രതികൾ ഗൂഢാലോചന നടത്തിയത് വേങ്കമലയിലെ ഉൾപ്രദേശത്തെ ഫാം ഹൗസിൽ. കൊലപാതകം നടന്ന തേമ്പാംമൂട്ടിൽനിന്ന് രണ്ടരക്കിലോമീറ്റർ അകലെയാണ് ഫാം ഹൗസ്. ചില പ്രമുഖ കോൺഗ്രസ് നേതാക്കളും ഗൂഢാലോചനയിൽ പങ്കാളിയായതായി സൂചനയുണ്ട്. ഇത് പൊലീസ് അന്വേഷിക്കുന്നു. പൊലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഫാം ഹൗസിലെ ഗൂഢാലോചന എടുത്തുപറയുന്നത്. സംഭവത്തിനു പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമാണെന്നും പ്രതികൾ കോൺഗ്രസുകാരാണെന്നും എഫ്‌ഐആറിൽ പറയുന്നു.
ഡിവൈഎഫ്‌ഐ പ്രവർത്തകനായ ഫൈസലിന് പെരുനാൾ തലേന്ന് വെട്ടേറ്റിരുന്നു. അതിനു പിന്നിലും ഇപ്പോൾ അറസ്റ്റിലായവരാണ്. ഇവർ ജാമ്യത്തിൽ ഇറങ്ങിയശേഷമാണ് മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊലപ്പെടുത്തിയത്. .
എം വി പ്രദീപ്
No comments:
Post a Comment