Sunday, March 11, 2012

താങ്ങുവില പ്രഖ്യാപിച്ച് 2 മാസമായിട്ടും കൊപ്രസംഭരണം തുടങ്ങിയില്ല

താങ്ങുവില പ്രഖ്യാപനം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞിട്ടും കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ തര്‍ക്കംമൂലം സംസ്ഥാനത്തുനിന്ന് ഒരുകിലോ കൊപ്ര പോലും സംഭരിക്കാനായില്ല. താങ്ങുവിലയിലും താഴെ വില പോയിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രശ്നത്തില്‍ ഇടപെടുന്നുമില്ല. ഇതുമൂലം കേരളത്തിലെ 30 ലക്ഷത്തിലേറെ കേരകര്‍ഷകര്‍ പ്രതിസന്ധിയിലാണ്. കൈകാര്യച്ചെലവിനെയും കമീഷനെയുംചൊല്ലി സംഭരണ ഏജന്‍സിയായ നാഫെഡും നോഡല്‍ ഏജന്‍സികളായ മാര്‍ക്കറ്റ്ഫെഡും കേരഫെഡും തമ്മിലുള്ള തര്‍ക്കമാണ് തടസ്സം. ഒരു ക്വിന്റല്‍ കൊപ്രയുടെ സംഭരണവിലയായ 5100 രൂപയുടെ രണ്ടു ശതമാനം കമീഷനായി നല്‍കുമെന്നാണ് നാഫെഡിന്റെ നിലപാട്. ഇതില്‍ 25 ശതമാനം 2012ലെ ഓഡിറ്റ് പൂര്‍ത്തിയാക്കിയശേഷമേ നല്‍കൂ. എന്നാല്‍ 2.5 ശതമാനം കമീഷന്‍ നോഡല്‍ ഏജന്‍സികള്‍ ആവശ്യപ്പെടുന്നു. 25 ശതമാനം തുക പിന്നീടു നല്‍കാമെന്ന തീരുമാനവും സ്വീകാര്യമല്ല.

നഷ്ടംവരാതെ കൊപ്ര സംഭരിക്കണമെങ്കില്‍ കുറഞ്ഞത് 2.5 ശതമാനം തുക ലഭിക്കണമെന്ന് മാര്‍ക്കറ്റ്ഫെഡ് ചെയര്‍മാന്‍ വി സത്യശീലന്‍ പറഞ്ഞു. അല്ലാതെ സംഭരണം ആരംഭിക്കുന്ന പ്രശ്നമില്ല. കൂലി നല്‍കാനാണ് ഈ തുക ആവശ്യപ്പെടുന്നത്. ഇതില്‍ 70 ശതമാനവും പ്രാഥമിക സംഭരണ സൊസൈറ്റികള്‍ക്കു നല്‍കാനുള്ളതാണ്. കമീഷന്‍ തുകയുടെ 25 ശതമാനം ഓഡിറ്റ് കഴിഞ്ഞശേഷം നല്‍കാമെന്നു പറയുന്നതും അംഗീകരിക്കാനാവില്ല. മുമ്പില്ലാത്ത നിര്‍ദേശമാണിത്. 2009 വര്‍ഷംവരെയുള്ള ഓഡിറ്റേ ഇതുവരെ പൂര്‍ത്തിയായിട്ടുള്ളു. 2012ലെ ഓഡിറ്റ് പൂര്‍ത്തിയാകാന്‍ 2015 എങ്കിലും ആകും. തുകയ്ക്ക് അതുവരെ കാത്തുനില്‍ക്കാനാവില്ലെന്നും സത്യശീലന്‍ ദേശാഭിമാനിയോടു പറഞ്ഞു.

എന്നാല്‍ , സംഭരണത്തില്‍ തങ്ങള്‍ക്കു ചെയ്യാനുള്ളതെല്ലാം ചെയ്തുവെന്നാണ് നാഫെഡിന്റെ വാദം. സംഭരിക്കേണ്ട ഉത്തരവാദിത്തം നോഡല്‍ ഏജന്‍സികള്‍ക്കാണ്. കമീഷന്‍ വര്‍ധന അംഗീകരിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഏജന്‍സികളുടെ തര്‍ക്കത്തില്‍ കേരകര്‍ഷകരുടെ പ്രതീക്ഷയാണു നശിക്കുന്നത്. സംഭരണം ഉറപ്പുവരുത്തേണ്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാകട്ടെ ഉത്തരവാദിത്തം ഏജന്‍സികളുടെ ചുമലിലിട്ട് ഒഴിഞ്ഞുമാറുകയാണ്. 4500 രൂപ മാത്രമാണ് ഇപ്പോള്‍ കിട്ടുന്ന ശരാശരി വില. വിപണി വില 5100 രൂപയില്‍നിന്ന് ഒരുരൂപ കുറഞ്ഞാല്‍പ്പോലും താങ്ങുവില നല്‍കി സംഭരിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്.

ജനുവരി നാലിനാണ് പുതിയ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ , ഇതുവരെയായിട്ടും സംഭരണംമാത്രം നടന്നില്ല. ഇതിന്റെ ഫലമായി കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വില നാള്‍ക്കുനാള്‍ ഇടിയുകയാണ്. പ്രഖ്യാപിച്ച താങ്ങുവില ലഭിച്ചാല്‍ ഒരു ക്വിന്റല്‍ വെളിച്ചെണ്ണയ്ക്ക് കുറഞ്ഞത് 7400 രൂപയെങ്കിലും ലഭിക്കണമെന്ന് കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് തലത്ത് മുഹമ്മദ് പറഞ്ഞു.
(ഷഫീഖ് അമരാവതി)

deshabhimani 110312

1 comment:

  1. താങ്ങുവില പ്രഖ്യാപനം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞിട്ടും കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ തര്‍ക്കംമൂലം സംസ്ഥാനത്തുനിന്ന് ഒരുകിലോ കൊപ്ര പോലും സംഭരിക്കാനായില്ല. താങ്ങുവിലയിലും താഴെ വില പോയിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രശ്നത്തില്‍ ഇടപെടുന്നുമില്ല. ഇതുമൂലം കേരളത്തിലെ 30 ലക്ഷത്തിലേറെ കേരകര്‍ഷകര്‍ പ്രതിസന്ധിയിലാണ്. കൈകാര്യച്ചെലവിനെയും കമീഷനെയുംചൊല്ലി സംഭരണ ഏജന്‍സിയായ നാഫെഡും നോഡല്‍ ഏജന്‍സികളായ മാര്‍ക്കറ്റ്ഫെഡും കേരഫെഡും തമ്മിലുള്ള തര്‍ക്കമാണ് തടസ്സം. ഒരു ക്വിന്റല്‍ കൊപ്രയുടെ സംഭരണവിലയായ 5100 രൂപയുടെ രണ്ടു ശതമാനം കമീഷനായി നല്‍കുമെന്നാണ് നാഫെഡിന്റെ നിലപാട്. ഇതില്‍ 25 ശതമാനം 2012ലെ ഓഡിറ്റ് പൂര്‍ത്തിയാക്കിയശേഷമേ നല്‍കൂ. എന്നാല്‍ 2.5 ശതമാനം കമീഷന്‍ നോഡല്‍ ഏജന്‍സികള്‍ ആവശ്യപ്പെടുന്നു. 25 ശതമാനം തുക പിന്നീടു നല്‍കാമെന്ന തീരുമാനവും സ്വീകാര്യമല്ല.

    ReplyDelete