1986ല്‍ ആരംഭിച്ച ടോള്‍പിരിവ് കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും നീതീകരണമില്ലാതെ ഇന്നും തുടരുന്നതിനെതിരെയാണ് ചേറ്റുവയിലെ സമരം. പാലംനിര്‍മാണ ചെലവിന്റെ ഇരട്ടി ലാഭം കിട്ടിയിട്ടും ടോള്‍പിരിവ് അവസാനിപ്പിക്കുന്നില്ല. ടോള്‍പിരിവ് കോട്ടപ്പുറത്ത് തുടങ്ങിയതും 1986ലാണ്. അഞ്ചുവര്‍ഷം ടോള്‍പിരിക്കാനായിരുന്നു നിര്‍ദേശം. എല്‍ഡിഎഫ് സര്‍ക്കാര്‍ പൊന്നാനി, ചേറ്റുവ, കോട്ടപ്പുറം പാലങ്ങളുടെ ടോള്‍പിരിവ് നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. പൊന്നാനി പാലത്തിന്റെ ടോള്‍പിരിവ് നിര്‍ത്തി. ഇതിനിടെ കേന്ദ്രസര്‍ക്കാരിന്റെ ബിഒടി വ്യവസ്ഥ നിലവില്‍ വന്നതോടെ സംസ്ഥാന സര്‍ക്കാരിന് ടോള്‍പിരിവ് നിര്‍ത്താനുള്ള അധികാരം നഷ്ടമായി.
ചേറ്റുവയില്‍ കഴിഞ്ഞ മൂന്നിനും കോട്ടപ്പുറത്ത് ശനിയാഴ്ചയും സിപിഐ എം നടത്തിയ മാര്‍ച്ചില്‍ വന്‍ജനരോഷമാണ് ഉയര്‍ന്നത്. സര്‍വീസ് റോഡും സൗകര്യങ്ങളും ഒരുക്കാതെ കഴിഞ്ഞ ഡിസംബര്‍ നാലിന് പാലിയേക്കരയിലെ ടോള്‍ പിരിവ് ആരംഭിച്ചപ്പോള്‍ ശക്തമായ പ്രതിരോധം തീര്‍ത്താണ് സിപിഐ എം നിര്‍ത്തിവയ്പിച്ചത്. തുടര്‍ന്ന് നടന്ന ചര്‍ച്ചകളിലെല്ലാം ഭജനകീയ താല്‍പ്പര്യം കണക്കിലെടുത്ത് മാത്രമേ ടോള്‍പിരിവ് ആരംഭിക്കൂയെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെങ്കിലും ഫെബ്രുവരി ഒമ്പതു മുതല്‍ മുന്നറിയിപ്പില്ലാതെ പൊലീസിനെ വിന്യസിപ്പിച്ച് സ്വകാര്യകമ്പനിക്ക് ടോള്‍കൊള്ളചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു. സമരത്തിന്റെ അടുത്ത ഘട്ടമായി മുഴുവന്‍ ജനവിഭാഗങ്ങളേയും പ്രക്ഷോഭത്തില്‍ അണിനിരത്തുന്നതിന്റെ സന്ദേശവുമായി പ്രചാരണ ജാഥ പര്യടനം തുടരുകയാണ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ വര്‍ഗ ബഹുജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ടോള്‍ പ്ലാസയിലേക്ക് മാര്‍ച്ചും ഉപരോധസമരവും സംഘടിപ്പിക്കും.
സിപിഐ എം ജാഥക്ക് ഉജ്വല വരവേല്‍പ്പ്
തൃശൂര്‍ : പാല്യേക്കരയിലെ ടോള്‍ക്കൊള്ള പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നടത്തുന്ന പ്രക്ഷോഭത്തിന്റെ സന്ദേശം പ്രചരിപ്പിച്ച് പര്യടനം നടത്തുന്ന സമരജാഥക്ക് ഉജ്വല വരവേല്‍പ്പ്. അന്യായവും അശാസ്ത്രീയവുമായ ടോള്‍പിരിവിന് പിന്നിലെ കള്ളക്കളി തുറന്നുകാണിച്ച് ജനങ്ങളെ സമരസജ്ജമാക്കിയാണ് ജാഥ മുന്നേറുന്നത്. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാക്യാപ്റ്റന്‍ ബി ഡി ദേവസി എംഎല്‍എ, വൈസ് ക്യാപ്റ്റന്‍ സി രവീന്ദ്രനാഥ് എംഎല്‍എ ജാഥാ അംഗങ്ങളായ പി തങ്കം, കെ ജെ ഡിക്സണ്‍ , ഇ സി സുരേഷ്, കെ എം വാസുദേവന്‍ , ഹൈമാവതി ശിവന്‍ , ജില്ലാ കമ്മിറ്റി യഅംഗങ്ങളായ വര്‍ഗീസ് കണ്ടംകുളത്തി, കെ വി ജോസ് എന്നിവര്‍ സംസാരിച്ചു.
ശനിയാഴ്ച രാവിലെ പത്തിന് മണ്ണുത്തിയിലാണ് ജാഥ പര്യടനമാരംഭിച്ചത്. കുട്ടനെല്ലൂര്‍ , പുത്തൂര്‍ , നായരങ്ങാടി, തലോര്‍ , പാലിയേക്കര, ആമ്പല്ലൂര്‍ , മണ്ണംപേട്ട എന്നിവിടങ്ങളിലെ ആവേശകരമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വരന്തരപ്പിള്ളിയില്‍ സമാപിച്ചു. വരന്തരപ്പിള്ളിയില്‍ ചേര്‍ന്ന പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ രാമചന്ദ്രന്‍ , ടി എ രാമകൃഷ്ണന്‍ , ഹെന്‍ട്രി ജോര്‍ജ്, അലി കുണ്ടുവായില്‍ , പി ജി വാസുദേവന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. ജാഥ ഞായറാഴ്ച 11ന് പുതുക്കാട്, തുടര്‍ന്ന് നന്തിക്കര, കൊടകര, കോടാലി, ചൗക്ക, പോട്ട സെന്റര്‍ , ചാലക്കുടി, മേലൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി വൈകിട്ട് കൊരട്ടിയില്‍ സമാപിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വര്‍ഗ ബഹുജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ടോള്‍ പ്ലാസയിലേക്ക് മാര്‍ച്ചും ഉപരോധസമരവും സംഘടിപ്പിക്കും.
കോട്ടപ്പുറം പാലത്തിലേക്ക് സിപിഐ എം മാര്‍ച്ച്
കൊടുങ്ങല്ലൂര്‍ : കാല്‍നൂറ്റാണ്ടിലേറെയായി തുടരുന്ന കോട്ടപ്പുറം പാലത്തിലെ അന്യായ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം കൊടുങ്ങല്ലൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടപ്പുറം ടോളിലേക്ക് ഉജ്വല മാര്‍ച്ച് നടത്തി. മുന്‍ മേത്തല പഞ്ചായത്ത് പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്തു. വന്‍ പൊലീസ് സന്നാഹം ടോള്‍ ഗേറ്റിനരികെ മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് ധര്‍ണ നടത്തി. ജില്ലാ സെക്രട്ടറിയറ്റംഗം അമ്പാടി വേണു ഉദ്ഘാടനം ചെയ്തു.
എറണാകുളം- തൃശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന കോട്ടപ്പുറം പാലത്തിലെ ടോള്‍കൊള്ള ഉടന്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് അമ്പാടി വേണു പറഞ്ഞു. ഈ മാസം 31നകം ടോള്‍ പിരിവ് അവസാനിപ്പിക്കണം. അല്ലാത്തപക്ഷം ടോള്‍ പിരിക്കാന്‍ കഴിയാത്തവിധം ശക്തമായ പ്രക്ഷോഭത്തിന് സിപിഐ എം നേതൃത്വം നല്‍കും.എത്ര വലിയ പൊലീസ് സന്നാഹമൊരുക്കി സമരത്തെ നേരിട്ടാലും ടോള്‍പിരിവ് അവസാനിപ്പിക്കുംവരെ പോരാടുമെന്നും അമ്പാടി വേണു പറഞ്ഞു.സിപിഐ എം ഏരിയ സെക്രട്ടറി പി കെ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. ഒ എ സുകുമാരന്‍ , കെ എസ് കൈസാബ്, ടി കെ രമേഷ്ബാബു എന്നിവര്‍ സംസാരിച്ചു.
പാല്യേക്കരയില്‍ അടച്ച "യു ടേണ്‍" സിപിഐ എം പുനഃസ്ഥാപിച്ചു
ആമ്പല്ലൂര്‍ : ദേശീയപാത 47ല്‍ പാല്യേക്കര ടോള്‍ പ്ലാസക്ക് സമീപം സര്‍വീസ് റോഡിലേക്കുള്ള "യു ടേണ്‍" ടോള്‍ കമ്പനിക്കാര്‍ അടച്ചതിനെത്തുടര്‍ന്ന് ജനങ്ങളുടെ പ്രതിഷേധം. സിപിഐ എം നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി എത്തിയ ജനങ്ങള്‍ തടസം നീക്കി "യു ടേണ്‍" പുനഃസ്ഥാപിച്ചു. ശനിയാഴ്ച വൈകിട്ടാണ്് ടോള്‍ ഒഴിവാക്കി സര്‍വീസ് റോഡില്‍ പ്രവേശിക്കാനുള്ള "യു ടേണ്‍" അടച്ചത്. കോണ്‍ക്രീറ്റ് ഇഷ്ടികകള്‍ ഉപയോഗിച്ച് സ്വകാര്യ ടോള്‍ കമ്പനിയുടെ ജീവനക്കാരാണ് യു ടേണ്‍ അടച്ചത്.
സംഭവമറിഞ്ഞ് പ്രകടനമായെത്തിയ ജനം കട്ടകള്‍ എടുത്തുമാറ്റി "യു ടേണ്‍" പുനഃസ്ഥാപിക്കയായിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ രാമചന്ദ്രന്‍ , ഒല്ലൂര്‍ ഏരിയ സെക്രട്ടറി വര്‍ഗീസ് കണ്ടംകുളത്തി, പാല്യേക്കര ലോക്കല്‍ സെക്രട്ടറി എന്‍ എന്‍ ദിവാകരന്‍ , നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ എം വാസുദേവന്‍ , മഹിള അസോസിയേഷന്‍ ഏരിയ സെക്രട്ടറി ഓമന കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്.
deshabhimani 110312


പിറന്നമണ്ണില്‍ സഞ്ചാരത്തിന് കപ്പം കൊടുക്കണമെന്ന തിട്ടൂരത്തിനെതിരെ സമരങ്ങളുടെ പോര്‍മുഖം തുറന്ന് സിപിഐ എം. ദേശീയ പാത 47ലെ പാല്യേക്കര, ദേശീയ പാത 17ലെ ചേറ്റുവ, കോട്ടപ്പുറം എന്നിവിടങ്ങളിലെ അന്യായ ടോള്‍ പിരിവിനെതിരയുളള സമരങ്ങളില്‍ ആയിരങ്ങളാണ് അണിചേരുന്നത്. മുമ്പ് പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും നിരത്തുകളിലും പ്രവേശിക്കുന്നതിന് വര്‍ണ വ്യവസ്ഥയാണ് തടസ്സമായതെങ്കില്‍ പണമാണ് എല്ലാം നിശ്ചയിക്കുന്നതെന്ന പുതിയ കമ്പോള വ്യവസ്ഥയാണ് ഇന്ന്. സാധാരണക്കാരന്റെ സഞ്ചാര സ്വാതന്ത്ര്യത്തിനാണ് ഇത് വിലങ്ങുതടിയാകുന്നത്. സേവനങ്ങള്‍ക്ക് വിലയീടാക്കലാണ് വളര്‍ച്ചയുടെ തന്ത്രമെന്ന കേന്ദ്രഭരണനയം സാമൂഹ്യ ജീവിതമണ്ഡലങ്ങളില്‍ തീര്‍ക്കുന്ന വിവേചനത്തിന്റെ രാഷ്ട്രീയം തുറന്നുകാട്ടുകയാണ് ടോള്‍ കൊള്ളക്കെതിരെയുള്ള സിപിഐ എം സമരം. മൂലധന ചൂഷണത്തിലേക്ക് പാവങ്ങളെ എറിഞ്ഞുകൊടുക്കുന്ന വലതു മുതലാളിത്ത രാഷ്ട്രീയത്തെ സമരം വിചാരണ ചെയ്യുന്നു. പൊതുനിരത്തുകളെ സ്വകാര്യ കമ്പനിയുടെ കൊള്ളയ്ക്ക് വിട്ടുകൊടുത്ത കോണ്‍ഗ്രസിന് കവചം തീര്‍ത്ത് ചൂഷണത്തിനെതിരെ സമരം ചെയ്യുന്ന സിപിഐ എമ്മിനെ ആക്രമിക്കുന്ന വ്യാജ ഇടതുപക്ഷങ്ങളുടെ വലതുകൂറും സമരം തുറന്നു കാട്ടുന്നു.
ReplyDelete