Sunday, March 11, 2012

കോട്ടിട്ടവരേ, കാണുക; മഹാകവിയുടെ കോടതിയലക്ഷ്യം


മഹാകവി കുമാരനാശാന്‍ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ ആ അനശ്വര കാവ്യങ്ങളുടെ പേരില്‍ കേസിന് വകുപ്പുണ്ടോയെന്ന് പരിശോധിക്കണം. നീതിപീഠങ്ങളുടെ അനീതിക്കെതിരെ മലയാളത്തിന്റെ സ്നേഹ ഗായകന്റെ പരാമര്‍ശങ്ങള്‍ കണ്ടാല്‍ "നീതിബോധം" സടകുടഞ്ഞ് എഴുന്നേല്‍ക്കാം. കല്‍ത്തുറുങ്കില്‍ കുറഞ്ഞ ശിക്ഷയ്ക്കും തരമില്ല. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് അനുബന്ധമായ ചരിത്ര പ്രദര്‍ശനത്തിലെ കേരള പവലിയനിലാണ് കറുത്ത നീതിക്കെതിരെ മഹാകവി കുമാരനാശാന്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ പുനരാവിഷ്കരിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യം അവകാശമായ രാജ്യത്ത് അവയുടെ പേരില്‍ കോടതിയലക്ഷ്യക്കേസുകള്‍ വര്‍ധിക്കുമ്പോള്‍ ആശാന്റെ കോടതിയലക്ഷ്യത്തിന്റെ പുനര്‍വായന കാലം ആവശ്യപ്പെടുന്നതുമാണ്.

1907ല്‍ കോഴിക്കോട് മജിസ്ട്രേട്ട് കോടതിയില്‍ വന്ന ജാതിക്കേസാണ് സംഭവം. ഹീന ജാതിക്കാരനായ ഗോവിന്ദന്‍ , നായര്‍ക്ക് വഴിമാറിക്കൊടുത്തില്ലെന്നും അപമാനിച്ചുവെന്നുമാണ് കേസ്. നാട്ടില്‍ നായര്‍ക്ക് വഴിമാറിക്കൊടുക്കുക പതിവില്ലാത്തതിനാലാണ് മാറാതിരുന്നതെന്ന് പ്രതി കോടതിയില്‍ പറഞ്ഞു. ഇതുകേട്ട് സവര്‍ണനായ ഗോപാലകൃഷ്ണയ്യര്‍ മജിസ്ട്രേട്ടിന് ഹാലിളകി. വഴിമാറിക്കൊടുക്കാത്ത പ്രതിയുടെ അസ്ഥി നുറുക്കിക്കളയണമെന്ന്് തുറന്ന കോടതിയില്‍ അദ്ദേഹം പരാമര്‍ശിച്ചു. കൊല്ലവര്‍ഷം 1082 ചിങ്ങത്തിലെ വിവേകോദയം മാസികയുടെ എഡിറ്റോറിയലില്‍ ആശാന്‍ ഇങ്ങനെ എഴുതി: "ആ മജിസ്ട്രേട്ടിന്റെത് നിലവിട്ട അധിക പ്രസംഗമാണ്. എതിര്‍കക്ഷിയായ ഗോവിന്ദനെ കൊന്നുകളയാഞ്ഞത് ഭാഗ്യം". പക്ഷേ ജാതീയതയുടെ വേലിക്കെട്ടുകളെ സ്നേഹകാവ്യങ്ങള്‍കൊണ്ട് തകര്‍ത്ത മഹാകവിക്കെതിരെ അന്ന് കോടതിയലക്ഷ്യമുണ്ടായില്ല.

സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച നാട്ടിലെ ജാതി നീചത്വങ്ങള്‍ക്കെതിരെ നടന്ന ചരിത്ര പോരാട്ടങ്ങളെല്ലാം പ്രദര്‍ശനനഗരിയിലുണ്ട്. ജാതിമേല്‍ക്കോയ്മകള്‍ക്കെതിരെ കേരളം നടത്തിയ പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ഏടുകള്‍ ഇവിടെ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു. 1931 നവംബര്‍ ഒന്നിന് ആരംഭിച്ച ചരിത്രപ്രസിദ്ധ ഗുരുവായൂര്‍ സത്യഗ്രഹം. ഒക്ടോബര്‍ 21ന് കണ്ണൂരില്‍നിന്ന് സുബ്രഹ്മണ്യന്‍ തിരുമുമ്പിന്റെ നേതൃത്വത്തില്‍ പുറപ്പെട്ട വളണ്ടിയര്‍ സംഘം. കെ കേളപ്പന്‍ സത്യഗ്രഹം നയിച്ചതും വളണ്ടിയര്‍ ക്യാപ്റ്റനായ എ കെ ജി ക്രൂരമായി ആക്രമിക്കപ്പെടുന്നതും ക്ഷേത്രമണിയടിച്ച പി കൃഷണപ്പിള്ളയുടെ "ഉശിരുള്ള നായര്‍" പ്രയോഗവുമെല്ലാം കാണുമ്പോള്‍ പ്രോജ്വല ചരിത്രം പുനര്‍ജനിക്കുന്നുവെന്ന് തോന്നും.

മടിക്കൈ കല്ലുമാല സമരം, ക്ഷേത്ര നരബലിക്കെതിരെ പാലക്കാട് ചളവറയില്‍ കീരോറ്റി എന്ന സ്ത്രീയുടെ നേതൃത്വത്തില്‍ നടത്തിയ സമരം. പാലിയം ക്ഷേത്രവഴിയിലൂടെ അവര്‍ണര്‍ക്കും നടക്കാനുള്ള അവകാശത്തിന് നടത്തിയ ജനകീയ സമരം. അതില്‍ നാടുവാഴി കുടുംബങ്ങളിലെ പ്രിയദത്ത, ആര്യ പള്ളം, മനോരമ തമ്പുരാട്ടി, ടി ആര്‍ പ്രബല, ലീല, ജ്യോതി, ഇ എസ് സരസ്വതി എന്നിവര്‍ അണിനിരന്നതിന്റെ ചരിത്ര പ്രാധാന്യം എന്നിവയെല്ലാം വിശദമാക്കുന്നുണ്ട്. വെള്ളിയാഴ്ചയും വന്‍ ജനസഞ്ചയമാണ് പ്രദര്‍ശനം വീക്ഷിക്കാനെത്തിയത്.

deshabhimani 110312

1 comment:

  1. മഹാകവി കുമാരനാശാന്‍ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ ആ അനശ്വര കാവ്യങ്ങളുടെ പേരില്‍ കേസിന് വകുപ്പുണ്ടോയെന്ന് പരിശോധിക്കണം. നീതിപീഠങ്ങളുടെ അനീതിക്കെതിരെ മലയാളത്തിന്റെ സ്നേഹ ഗായകന്റെ പരാമര്‍ശങ്ങള്‍ കണ്ടാല്‍ "നീതിബോധം" സടകുടഞ്ഞ് എഴുന്നേല്‍ക്കാം. കല്‍ത്തുറുങ്കില്‍ കുറഞ്ഞ ശിക്ഷയ്ക്കും തരമില്ല. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് അനുബന്ധമായ ചരിത്ര പ്രദര്‍ശനത്തിലെ കേരള പവലിയനിലാണ് കറുത്ത നീതിക്കെതിരെ മഹാകവി കുമാരനാശാന്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ പുനരാവിഷ്കരിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യം അവകാശമായ രാജ്യത്ത് അവയുടെ പേരില്‍ കോടതിയലക്ഷ്യക്കേസുകള്‍ വര്‍ധിക്കുമ്പോള്‍ ആശാന്റെ കോടതിയലക്ഷ്യത്തിന്റെ പുനര്‍വായന കാലം ആവശ്യപ്പെടുന്നതുമാണ്.

    ReplyDelete