Sunday, March 11, 2012

സെല്‍വരാജ് എന്ന ബൂമറാങ്

നെയ്യാറ്റിന്‍കരയില്‍ വെള്ളിയാഴ്ച പൊട്ടിയത്, പി സി ജോര്‍ജ് പറഞ്ഞതുപോലെ വലിയൊരു രാഷ്ട്രീയബോംബല്ല, ഭൂകമ്പംതന്നെയായിരുന്നു. ഞെട്ടിപ്പോയെന്ന് സിപിഐ എം നേതാക്കള്‍തന്നെ പറഞ്ഞു. തുടര്‍ചലനങ്ങളുടെ പരമ്പര പിറവത്ത് പ്രതീക്ഷിച്ചാണ് ഉമ്മന്‍ചാണ്ടിയും മറ്റ് യുഡിഎഫ് നേതാക്കളും ഉറങ്ങാന്‍കിടന്നത്. പക്ഷേ, ശനിയാഴ്ച കേരളത്തിനൊപ്പം പിറവം ഉണര്‍ന്നെഴുന്നേറ്റത് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നെറികേടിനെതിരായ പ്രതിഷേധത്തിലേക്കാണ്. എല്‍ഡിഎഫിനെ അടിക്കാന്‍ അധികാരത്തിന്റെ ഉപശാലകളില്‍ ചെത്തിയൊരുക്കിയ ആര്‍ സെല്‍വരാജിന്റെ രാജി അക്ഷരാര്‍ഥത്തില്‍ യുഡിഎഫിനുനേരെ പാഞ്ഞുചെല്ലുന്ന കാഴ്ചയാണ് പിറവത്തെ തെരഞ്ഞെടുപ്പുരംഗത്ത്.

യോഗങ്ങളിലും ആളുകൂടുന്നിടത്തൊക്കെയും ഇതുതന്നെ ചര്‍ച്ച. യുഡിഎഫിലേക്കു പോകുന്നതില്‍ ഭേദം ആത്മഹത്യയാണെന്നാണ് സെല്‍വരാജ് പറഞ്ഞത്.എന്നാല്‍ , നേരം ഇരുണ്ടുവെളുത്തപ്പോള്‍ താന്‍ യുഡിഎഫിലേക്കു പോകുമെന്ന് അദ്ദേഹംതന്നെ വ്യക്തമാക്കി. ആത്മഹത്യാമുനമ്പ് പെട്ടെന്ന് അഭയകേന്ദ്രമായ മറിമായം. കിട്ടിയ വടികൊണ്ട് ഓങ്ങാന്‍ തുടങ്ങുംമുമ്പ് തിരിച്ചടി കിട്ടിയ അവസ്ഥയിലായി യുഡിഎഫ്.

സെല്‍വരാജ് മാത്രമല്ല മാറ്റിപ്പറഞ്ഞത്. സെല്‍വരാജിനൊപ്പം മുഖ്യമന്ത്രിയെ കണ്ടില്ല എന്നുപറഞ്ഞ പി സി ജോര്‍ജും പിന്നീട് തകിടംമറിഞ്ഞു. അഞ്ചുദിവസംകൊണ്ട് 25 കോടി രൂപ സെല്‍വരാജിന്റെ മണ്ഡലത്തില്‍ അനുവദിച്ച മുഖ്യമന്ത്രിയുടെ യഥാര്‍ഥ "വികസനമുഖവും" ജനങ്ങള്‍ തിരിച്ചറിഞ്ഞു. നെയ്യാറ്റിന്‍കരയില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ സെല്‍വരാജിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ വിരോധമില്ലെന്നുകൂടി ശനിയാഴ്ച പിറവത്ത് മുഖ്യമന്ത്രി സൂചിപ്പിച്ചതോടെ ചിത്രം വ്യക്തമായി.
പിറവം ഉപതെരഞ്ഞെടുപ്പു വിജയത്തിന് കേരള രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും ഹീനമായ രാഷ്ട്രീയ കുതിരക്കച്ചവടമാണ് ഉമ്മന്‍ചാണ്ടി നടത്തിയതെന്നും അത് വലിയ രാഷ്ട്രീയചര്‍ച്ചയ്ക്കും പ്രത്യാഘാതത്തിനും ഇടവയ്ക്കും എന്ന വിലയിരുത്തലിനുതന്നെയാണ് തെരഞ്ഞെടുപ്പുരംഗത്ത് മുന്‍തൂക്കം. യുഡിഎഫിലെതന്നെ പക്വമതികളില്‍ ഈ അഭിപായം ഉയര്‍ന്നുകഴിഞ്ഞു. അവരില്‍ ചിലര്‍ ശനിയാഴ്ച പിറവത്തെത്തിയ ഉമ്മന്‍ചാണ്ടിയെ നേരിട്ട് ഇക്കാര്യം അറിയിച്ചെന്ന് വിവരമുണ്ട്. ഞായറാഴ്ചമുതല്‍ നാലുദിവസം എല്‍ഡിഎഫിന്റെ മുഴുവന്‍ നേതാക്കളും പിറവത്ത് കേന്ദ്രീകരിക്കുകയാണ്. ഈ കുതിരക്കച്ചവടത്തിന്റെ പിന്നാമ്പുറമാകെ അനാവരണംചെയ്യപ്പെടും. ശക്തമായ രാഷ്ട്രീയവിചാരണയാകും നടക്കുക. തെളിവുകളുടെ കെട്ടുകള്‍തന്നെ എല്‍ഡിഎഫിന്റെ കൈവശമുണ്ട്. രാജിയുടെ തിരക്കഥ തയ്യാറാക്കുമ്പോള്‍ ഇങ്ങനെയായിരുന്നില്ല യുഡിഎഫ് വിഭാവനംചെയ്തത്. പിറവത്ത് മുന്നേറുന്ന എല്‍ഡിഎഫിനെ തളയ്ക്കാനും ഒരുപക്ഷേ, മറികടക്കാനും ഈ യൂദാസ്രാഷ്ട്രീയംകൊണ്ടു കഴിയുമെന്ന് അവര്‍ മനഃക്കോട്ടകെട്ടി. പക്ഷേ, സത്യം കനല്‍പോലെ തെളിഞ്ഞുവന്നു. പിറവത്തുകാരുടെ വിധിതീര്‍പ്പില്‍ ഇനി ഈ തെറ്റിനുള്ള ശിക്ഷകൂടിയുണ്ടാകും.
(പി ജയനാഥ്)

സ്നേഹപ്രവാഹമായ് തിരുവാങ്കുളം

ഒരു നാടിന്റെ സ്നേഹം മുഴുവന്‍ ഒരു എളിയ മനുഷ്യനിലേക്കു പ്രവഹിക്കുക. അതിനു സാക്ഷിയാകുന്നത് വല്ലാത്തൊരു അനുഭവമാണ്. എം ജെ ജേക്കബ് എന്ന പിറവത്തുകാരുടെ ജേക്കബ്ബേട്ടനെ ശനിയാഴ്ച തിരുവാങ്കുളം വരവേറ്റത് മറക്കാനാവില്ല. മുരിങ്ങേലിപ്പറമ്പില്‍ കണ്ട ഒന്നരവയസ്സുകാരന്‍ സൂര്യകിരണ്‍മുതല്‍ ചക്കുപറമ്പില്‍ എം ജെയെ മനസ്സുതൊട്ട് ആശീര്‍വദിച്ച എഴുപതുകാരി മീനാക്ഷിവരെ ജേക്കബിനോടുള്ള സ്നേഹം മറയില്ലാതെ പ്രകടിപ്പിച്ചവരാണ്. മുരിങ്ങേലിപറമ്പില്‍ എം ജെയുടെ പര്യടനവാഹനം കടന്നുപോയപ്പോള്‍ അമ്മയുടെ ഒക്കത്തിരുന്ന് വിരല്‍ചൂണ്ടി വിളിച്ചാണ് ഒന്നരവയസ്സുകാരന്‍ സൂര്യകിരണ്‍ എം ജെയുടെ ശ്രദ്ധ ആകര്‍ഷിച്ചത്. വണ്ടിയില്‍നിന്നിറങ്ങിയ എം ജെ കുട്ടിയെ എടുത്ത് കുറച്ചുനേരം ഓമനിച്ചു.
കാതടിപ്പിക്കുന്ന കതിനവെടികളും ഹരംപകരുന്ന ചെണ്ടമേളവും എം ജെയെ കാണാന്‍ കാത്തുനിന്ന ജനക്കൂട്ടവും സ്വീകരണകേന്ദ്രങ്ങളെ ഉത്സവപറമ്പുകളാക്കി. കതിനവെടികള്‍ പൊട്ടിയപ്പോള്‍ വിതുമ്പിക്കരഞ്ഞ കുട്ടികളെ വാരിയെടുത്ത് ആശ്വസിപ്പിക്കാനും ജേക്കബ്ബേട്ടന്‍ തെല്ലിട സമയം കണ്ടെത്തി. എം ജെ എത്തുന്നിടത്തെല്ലാം ജനക്കൂട്ടമായിരുന്നു. റോഡില്‍ , മതിലില്‍ , പറമ്പില്‍ , ഗെയിറ്റിനു മുന്നില്‍ ... നാട്ടുകാരും വീട്ടുകാരുമെല്ലാം സ്ഥാനാര്‍ഥിയെ, അല്ല, തങ്ങളുടെ ജേക്കബ്ബേട്ടനെ കാത്തുനിന്നു. റോസാപ്പൂവും കൊന്നപ്പൂവും ആന്തൂറിയവും മൊസാണ്ടയും ബോഗണ്‍വില്ലയും എന്നുവേണ്ട, തൊടിയിലും മുറ്റത്തും മട്ടുപ്പാവിലുംവരെ വിരിഞ്ഞുവിടര്‍ന്നുനിന്ന തങ്ങളുടെ സന്തോഷം അവര്‍ പകര്‍ന്നുനല്‍കി. കവലീശ്വരത്ത് കാത്തുനിന്ന നാട്ടുകാര്‍ സ്നേഹസമ്മാനമായി നല്‍കിയത് സ്വര്‍ണനിറമുള്ള പഴക്കുലയായിരുന്നു.
ബൈക്കുകളും കാറുകളും ഓട്ടോറിക്ഷകളും ജേക്കബിന്റെ പര്യടനവാഹനത്തെ അനുഗമിച്ചു. ഓരോ കേന്ദ്രത്തിലും നല്ല ജനപ്രവാഹം. കുടുംബം മുഴുവന്‍ അദ്ദേഹത്തെ കാണാനായി പുറത്തിറങ്ങിനിന്നു. പൂച്ചെണ്ടുകളും രക്തഹാരങ്ങളും ചിലയിടത്ത് പച്ചക്കറികളും അവര്‍ അദ്ദേഹത്തിനു സമ്മാനിച്ചു. പര്യടനം തുടങ്ങി അരമണിക്കൂറിനുള്ളില്‍ ജേക്കബിന്റെ പര്യടനവാഹനം സ്നേഹസമ്മാനങ്ങള്‍കൊണ്ടു നിറഞ്ഞു. സ്ഥാനാര്‍ഥിയുടെ കൂടെയുണ്ടായിരുന്ന എം ജെ ടോമി "ഓ... ഇനിയിതൊക്കെ എവിടെയാ വയ്ക്കുക...?" എന്നു സംശയിച്ചു. "എം ജെ മാത്രം" എന്ന പ്ലക്കാര്‍ഡ് കൈയിലേന്തി അരിവാള്‍ ചുറ്റിക നക്ഷത്രം പ്രിന്റ്ചെയ്ത ബനിയന്‍ അണിഞ്ഞ് സ്ഥാനാര്‍ഥിയെ വരവേറ്റ ചെറുപ്പക്കാരും കൗതുകമായി.

രാവിലെ കമ്പിവേലിക്കകത്ത് പി രാജീവ് എംപിയാണ് പര്യടനം ഉദ്ഘാടനംചെയ്തത്. ഹൈസ്കൂള്‍ മൈതാനം, കടമേത്ത് കവല, കവലീശ്വരം, വയലില്‍ റോഡ് ജങ്ഷന്‍ , കുഴിക്കാട്ടുമ്യാല്‍ , പള്ളിമല, ലക്ഷംവീട് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം മുന്നോട്ടു നീങ്ങിയപ്പോള്‍ അകത്തുപാടത്ത് ക്രിക്കറ്റ് കളി പാതിയില്‍ നിര്‍ത്തി ചില കുട്ടികള്‍ റോഡിലേക്കിറങ്ങിനിന്നു. "ഒന്നിറങ്ങിയിട്ടു പോണം" എന്ന അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി എം ജെ അവിടെയും ഇറങ്ങി. കൊല്ലംപടിയില്‍ വെള്ളച്ചിറകുകള്‍ വീശി, കൈയില്‍ മാന്ത്രികവടി ഏന്തിയ "കുട്ടിമാലാഖമാര്‍" അദ്ദേഹത്തെ സ്വീകരിച്ചു. എല്‍കെജിയില്‍ പഠിക്കുന്ന മീനാക്ഷി മാലാഖമാര്‍ക്കിടയില്‍ മണവാട്ടിയെപ്പോലെ ചമഞ്ഞുനില്‍ക്കുന്നതു കണ്ടപ്പോള്‍ എം ജെ കൊച്ചുസുന്ദരിയെ കോരിയെടുത്തു.
ആറരക്കോടി ചെലവിട്ട് എം ജെ പുതിയമുഖം നല്‍കിയ ഹില്‍പാലസ് പരിസരത്ത് ഉജ്വല സ്വീകരണമാണ് അദ്ദേഹത്തിനു ലഭിച്ചത്. ചങ്ങംപുതയിലെത്തിയപ്പോള്‍ പി രാജീവ് എംപിയും എം ജെയോടൊപ്പം ചേര്‍ന്നു. റെയില്‍പ്പാളം മുറിച്ചുകടന്ന് നാലുസെന്റ് കോളനിയിലേക്ക്. സ്നേഹത്തിന്റെ മുഖങ്ങള്‍തന്നെയാണ് അവിടെയും കണ്ടത്. ചക്കുപറമ്പില്‍ തണല്‍മരച്ചോട്ടില്‍ നൂറോളം പേരാണ് എം ജെയെ കാത്തുനിന്നത്. എ എന്‍ ഷംസീറും ടി വി അനിതയും ഹെന്നി ബേബിയും പി കെ പ്രേംനാഥും വി പി റെജീനയും തീപ്പൊരിപ്രസംഗങ്ങള്‍കൊണ്ട് കൈയടി നേടി. ടി കെ മോഹനന്‍ , വി സലീം, വി എ സക്കീര്‍ ഹുസൈന്‍ , എം പി സാജു, സിപിഐ നേതാക്കളായ പി കെ വിശ്വംഭരന്‍ , കെ എന്‍ ഗോപി, പി വി പൊന്നപ്പന്‍ , എം പി നിക്സണ്‍ , ടി എന്‍ ദാസന്‍ , കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം നേതാക്കളായ ജോഷി അടിമാലി, ജോര്‍ജ് പുറത്തിക്കാട്ടില്‍ എന്നിവരും വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. തിരുവാങ്കുളം ജങ്ഷനിലാണ് പര്യടനം സമാപിച്ചത്.
(എം അഖില്‍ )

deshabhimani 110312

1 comment:

  1. നെയ്യാറ്റിന്‍കരയില്‍ വെള്ളിയാഴ്ച പൊട്ടിയത്, പി സി ജോര്‍ജ് പറഞ്ഞതുപോലെ വലിയൊരു രാഷ്ട്രീയബോംബല്ല, ഭൂകമ്പംതന്നെയായിരുന്നു. ഞെട്ടിപ്പോയെന്ന് സിപിഐ എം നേതാക്കള്‍തന്നെ പറഞ്ഞു. തുടര്‍ചലനങ്ങളുടെ പരമ്പര പിറവത്ത് പ്രതീക്ഷിച്ചാണ് ഉമ്മന്‍ചാണ്ടിയും മറ്റ് യുഡിഎഫ് നേതാക്കളും ഉറങ്ങാന്‍കിടന്നത്. പക്ഷേ, ശനിയാഴ്ച കേരളത്തിനൊപ്പം പിറവം ഉണര്‍ന്നെഴുന്നേറ്റത് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നെറികേടിനെതിരായ പ്രതിഷേധത്തിലേക്കാണ്. എല്‍ഡിഎഫിനെ അടിക്കാന്‍ അധികാരത്തിന്റെ ഉപശാലകളില്‍ ചെത്തിയൊരുക്കിയ ആര്‍ സെല്‍വരാജിന്റെ രാജി അക്ഷരാര്‍ഥത്തില്‍ യുഡിഎഫിനുനേരെ പാഞ്ഞുചെല്ലുന്ന കാഴ്ചയാണ് പിറവത്തെ തെരഞ്ഞെടുപ്പുരംഗത്ത്.

    ReplyDelete