Wednesday, March 14, 2012

പിറവം വിധിയെഴുതും

പതിറ്റാണ്ടുകള്‍ക്കുമുമ്പ് പടിയിറക്കിവിട്ട രാഷ്ട്രീയ കുതിരക്കച്ചവടം തിരിച്ചുകൊണ്ടുവന്നു എന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നേട്ടമെന്ന് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് അഭിപ്രായപ്പെട്ടു. ഇതിനെതിരെ പിറവത്തെ ജനങ്ങള്‍ വിധിയെഴുതും. ഇത് കേരളരാഷ്ട്രീയത്തിന്റെ സംശുദ്ധിയും ധാര്‍മികതയും സംരക്ഷിക്കുന്നതിനുള്ള ദൗത്യമായി ജനങ്ങള്‍ കരുതണമെന്നും മാത്യു ടി തോമസ് അഭ്യര്‍ഥിച്ചു. ഉപതെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മാത്യു ടി തോമസ് ആഴ്ചകളായി പിറവത്താണ്. അതിന്റെ അനുഭവം അദ്ദേഹം "ദേശാഭിമാനി"യുമായി പങ്കുവച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമം വെറും പ്രചാരണവും പ്രഹസനവുമാണ്. യഥാര്‍ഥത്തില്‍ ജനവിരുദ്ധതയാണ് സര്‍ക്കാരിന്റെ പൊതുധാര. "കരുതലും വികസനവു"മല്ല നടക്കുന്നത്. കുരുതിയും പ്രഹസനവുമാണ്. ഇതിനുപുറമെയാണ് രാഷ്ട്രീയ അധമ സംസ്കാരത്തെ തിരിച്ചുവിളിക്കുന്ന സംഭവം. എല്‍ഡിഎഫ് ഭരണകാലത്തുണ്ടായ നേട്ടങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ തകര്‍ക്കുകയാണ്. കര്‍ഷക ആത്മഹത്യക്ക് വിരാമമിട്ടതാണ് എല്‍ഡിഎഫ് ഭരണം. യുഡിഎഫ് വന്നതിനുശേഷം ഇതിനകം 47 കര്‍ഷകര്‍ ആത്മഹത്യചെയ്തു. തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പമുണ്ടായിരുന്നുവെന്ന ബോധ്യം കര്‍ഷകര്‍ക്കുണ്ടായിരുന്നു. ആ ആത്മവിശ്വാസം ഇപ്പോള്‍ നഷ്ടപ്പെട്ടു. വളത്തിന്റെ വിലനിര്‍ണയ അവകാശം അതതു കമ്പനികള്‍ക്ക് വിട്ടുകൊടുത്തതോടെ രാസവളത്തിന്റെ വില 15 ഇരട്ടിവരെയായി. കേന്ദ്രം സബ്സിഡി എടുത്തുകളയുകയാണ്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വിലയിടിയുന്നു. റബര്‍ ഇറക്കുമതിത്തീരുവ 20ല്‍നിന്ന് ഏഴു ശതമാനമാക്കിയതിനുശേഷം 45,000 ടണ്‍ ഇറക്കുമതി ഉണ്ടായി. കര്‍ഷകവിരുദ്ധമായ ഈ നയത്തെ എതിര്‍ക്കാന്‍ യുഡിഎഫിനു കഴിയുന്നില്ല.

കേരളത്തിന്റെ മണ്ണിനും ജീവനും അരക്ഷിതാവസ്ഥയുണ്ടാക്കുന്നതാണ് മുല്ലെപ്പെരിയാര്‍പ്രശ്നം. കേന്ദ്രസര്‍ക്കാര്‍ നിലനില്‍ക്കണമെന്ന രാഷ്ട്രീയ ആവശ്യത്തിനാണ് കേന്ദ്രം ഇതിനെക്കാള്‍ പരിഗണന നല്‍കുന്നത്. ഒരുമാസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് പ്രധാനമന്ത്രി കേരളത്തില്‍നിന്നുള്ള സര്‍വകക്ഷിസംഘത്തിന് ഉറപ്പുകൊടുത്തത് കഴിഞ്ഞ ഡിസംബര്‍ 14നാണ്. രണ്ടു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെയും വിളിച്ചൊന്നു സംസാരിക്കാന്‍പോലും ഈ മൂന്നുമാസത്തിനിടയില്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. ഉന്നതാധികാരസമിതിയുടെ തീരുമാനം തമിഴ്നാടിന് അനുകൂലമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം പ്രഖ്യാപിച്ചതിനോട് പ്രതികരിക്കാന്‍ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്കു സാധിച്ചില്ല. കുറ്റകരമായ നിസ്സംഗതയാണിത്. ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവന്റെ പ്രശ്നമാണിത്. അതിനെക്കാള്‍ പരിഗണന കേന്ദ്രസര്‍ക്കാരിനെ നിലനിര്‍ത്തുക എന്നതാണ്. കേരളവിരുദ്ധമായ ഈ സമീപനം പിറവത്തെ ജനങ്ങള്‍ അംഗീകരിച്ചുകൊടുക്കില്ല. പടിഞ്ഞാട്ടൊഴുകുന്ന പമ്പ, അച്ചന്‍കോവില്‍ നദികളെ കിഴക്കോട്ടൊഴുക്കി വൈപ്പാറില്‍ യോജിപ്പിച്ചാല്‍ കേരളത്തിലെ അഞ്ചു ജില്ലകള്‍ മരുഭൂമിയാകും. ഇതുസംബന്ധിച്ച സുപ്രീംകോടതിവിധി വന്നിട്ട് പ്രശ്നത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇടപെടുന്നില്ല.

ഒരുമന്ത്രിസഭയിലെ മൂന്നിലൊന്നു മന്ത്രിമാര്‍ വിജിലന്‍സ് കേസില്‍ പ്രതികളാണ് എന്ന റെക്കോഡ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്കുണ്ട്. സുപ്രീംകോടതി അഴിമതിക്കുറ്റത്തിനു ശിക്ഷിച്ച പ്രതിയെ ശിക്ഷയില്‍നിന്നൊഴിവാക്കാന്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ച കുറുക്കുവഴികള്‍ നിയമവാഴ്ചയുടെ തകര്‍ച്ചയുടെ തെളിവാണ്. ആ പ്രതിക്ക് മാരക രോഗമുണ്ടെന്നു പറഞ്ഞ് പഞ്ചനക്ഷത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ , പ്രതിയെ സര്‍ക്കാര്‍ വിട്ടയച്ചശേഷം രോഗമൊന്നും ഇല്ലെന്നു വ്യക്തമായി എന്നുമാത്രമല്ല, മന്ത്രിയായ മകന്റെ ജീവനക്കാരനെ കായികമായി കൈകാര്യംചെയ്യാനുള്ള ആരോഗ്യമുണ്ടെന്നും വ്യക്തമായി. പ്രഖ്യാപനം ഒരുവഴി നടക്കുമ്പോള്‍ മറുവഴിയില്‍ ബാറുകള്‍ നല്‍കുന്നു. ഇതാണ് സര്‍ക്കാരിന്റെ മദ്യനയം.

എല്‍ഡിഎഫ് കൈവരിച്ച നേട്ടങ്ങള്‍ ഇല്ലായ്മചെയ്യുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വീണ്ടും നഷ്ടത്തിലേക്കു പോകുന്നു. ഇവ സ്വകാര്യവല്‍ക്കരിക്കാനാണു നീക്കം. പിറവത്ത് കെഎസ്ആര്‍ടിസി ഡിപ്പോയുടെ പുനരുജ്ജീവനമായിരുന്നു എല്‍ഡിഎഫ് ഭരണകാലം. ഇപ്പോഴത്തെ നയപ്രഖ്യാപനത്തില്‍ കെഎസ്ആര്‍ടിസി എന്ന വാക്കുപോലുമില്ല. റവന്യുവകുപ്പ് ഇത്ര അരാജകത്വത്തിലായ കാലമുണ്ടായിട്ടില്ല. ഭൂമികൈയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ സര്‍ക്കാര്‍ - അദ്ദേഹം ചൂണ്ടിക്കാട്ടി.

ആന്റണിയുടെ പ്രസംഗത്തിലും കൊച്ചി മെട്രോയില്ല

വികസനം പ്രധാന അജന്‍ഡയായ പിറവം ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രി എ കെ ആന്റണി അംഗീകാരം കാത്തുകിടക്കുന്ന കൊച്ചി മെട്രോ റെയില്‍ പദ്ധതിയെക്കുറിച്ച് മൗനംപാലിച്ചു. ചൊവ്വാഴ്ച പകലന്തിയോളം വിവിധ യോഗങ്ങളില്‍ പ്രസംഗിച്ച അദ്ദേഹം പറഞ്ഞതുമുഴുവന്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെയുള്ള പുലഭ്യമാണ്.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തില്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ അംഗീകാരത്തെപ്പറ്റിയോ അതിനു നല്‍കാവുന്ന സഹായത്തെപ്പറ്റിയോ പരാമര്‍ശമില്ല. ആറുവര്‍ഷമായി ഇതിന്റെ അംഗീകാരത്തിനായി കേരളം കാത്തിരിക്കുകയാണ്. ഇപ്പോള്‍ അയ്യായിരത്തില്‍പ്പരം കോടി രൂപ ചെലവു കണക്കാക്കുന്ന ഈ പദ്ധതി കഴിഞ്ഞ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിെന്‍റ പ്രധാന വാഗ്ദാനമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു സമയത്തും എറണാകുളം മേഖലയില്‍ മെട്രോ വാഗ്ദാനം ശക്തമായി പ്രചരിപ്പിച്ചിരുന്നു. വികസനത്തിനു വോട്ട് എന്ന് യുഡിഎഫ് നേതാക്കള്‍ പ്രചരിപ്പിക്കുമ്പോള്‍ കൊച്ചി മെട്രോ പദ്ധതി സ്വാഭാവികമായും പരാമര്‍ശിക്കപ്പെടേണ്ടതാണ്. പ്രത്യേകിച്ചും കേന്ദ്രമന്ത്രിമാരുടെ പ്രചാരണത്തില്‍ .

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിലും എ കെ ആന്റണിയുടെ പ്രചാരണ ഉന്നം വി എസിനെ അധിക്ഷേപിക്കല്‍ കേന്ദ്രീകരിച്ചായിരുന്നു. പിറവത്തും അതേ അസ്ത്രം തൊടുക്കുകയാണ്. പിറവം ജനതയെക്കൂടി ഗുരുതരമായി ബാധിക്കുന്ന മുല്ലപ്പെരിയാര്‍പ്രശ്നവും എ കെ ആന്റണി വിഴുങ്ങി. ഒരുമാസത്തിനുള്ളില്‍ തമിഴ്നാട്-കേരള മുഖ്യമന്ത്രിമാരെ ഒരുമിച്ചിരുത്തി പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കേരളത്തില്‍നിന്നുള്ള സര്‍വകക്ഷിസംഘത്തിന് ഉറപ്പുനല്‍കിയതാണ്. ബുധനാഴ്ച മൂന്നുമാസം പിന്നിടുന്നു. കേരളത്തിനു നല്‍കിയ വാക്കിന് ഒരുവിലയും കല്‍പ്പിച്ചിട്ടില്ല. എ കെ ആന്റണിയും മറ്റും ഈ അവഗണന വെറുതെ നോക്കിയിരിക്കയാണ്. അതേസമയം, തമിഴ്നാട്ടില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിയും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ ചിദംബരം കേരളത്തിനെതിരെ രംഗത്തുവരികയുണ്ടായി. ഇടുക്കി തമിഴ്നാട്ടില്‍ ചേര്‍ക്കണമെന്ന് തമിഴ്നാട്ടില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ ആവശ്യപ്പെട്ടു. ഇതിനെതിരെയും ആന്റണി മിണ്ടിയില്ല. പ്രധാനമന്ത്രി കേരളത്തിനു നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കോണ്‍ഗ്രസില്‍ വലിയ സ്വാധീനമുണ്ടായിട്ടും ആന്റണി ചെറുവിരല്‍ അനക്കിയില്ല.

deshabhimani 140312