Wednesday, March 14, 2012

കുതിരക്കച്ചവടത്തെക്കുറിച്ച് അറിയില്ല,ദേശീയപ്രശ്‌നങ്ങള്‍ പറയില്ല: ആന്റണി

പിറവം മണ്ഡലത്തില്‍ പര്യടനത്തിനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണിക്ക് ദേശീയ രാഷ്ട്രീയം പരാമര്‍ശിക്കാന്‍ മടി. പിറവത്തെ കര്‍ഷകരും സാധാരണക്കാരും തൊഴിലാളികളും അന്തര്‍ദേശീയ കാര്യങ്ങള്‍ കേള്‍ക്കുമെന്നല്ലാതെ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പോകുന്നില്ലെന്നാണ് ആന്റണി അഭിപ്രായപ്പെട്ടത്. ''ഉമ്മന്‍ചാണ്ടി കൊള്ളാം, ധാരാളം കഷ്ടപ്പെടുന്നുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ദുര്‍ബലമാക്കാന്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്ന്'' ആന്റണി പറഞ്ഞു. ഗവണ്‍മെന്റ് മൊത്തത്തില്‍ കൊള്ളാമെന്ന അഭിപ്രായമില്ലായെന്നാണോ എന്ന ചോദ്യം ഉയര്‍ന്നപ്പോഴും വ്യക്തമായ മറുപടി പറയാന്‍ ആന്റണി തയ്യാറായില്ല.

കെ കരുണാകരന്റേയും തന്റേയും മന്ത്രിസഭയില്‍ അംഗമായിരുന്ന ടി എം ജേക്കബ് കഴിഞ്ഞ തവണ മന്ത്രിയായപ്പോഴാണ് എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചതെന്ന രീതിയിലും ആന്റണി പരാമര്‍ശം നടത്തി. കോണ്‍ഗ്രസില്‍ ഇപ്പോള്‍ എല്ലാം ഭദ്രമാണെന്ന് പറഞ്ഞ ആന്റണി കഴിഞ്ഞ തവണ വിമത പ്രവര്‍ത്തനം നടത്തിയ പൗലോസിനോട് കുഴപ്പമൊന്നുമില്ലല്ലോ എന്ന് പരസ്യമായി ചോദിക്കുകയും ചെയ്തു.

യു ഡി എഫിന്റെ കുതിരക്കച്ചവടം സംബന്ധിച്ചും വ്യക്തമായ ഉത്തരങ്ങള്‍ ആന്റണി നല്‍കിയില്ല. സെല്‍വരാജിനെ യു ഡി എഫിലെടുക്കുമോ എന്നത് താന്‍ ഇവിടുത്തെ നേതാക്കളുമായി സംസാരിച്ചിട്ടില്ലെന്ന് ആന്റണി പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തില്‍ നിന്നുള്ള നിവേദക സംഘങ്ങള്‍ക്ക് ആവശ്യമായതെല്ലാം ചെയ്‌തെങ്കിലും ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ഇക്കാര്യത്തില്‍ കേന്ദ്ര നിലപാട് വന്നിട്ടില്ലെന്നും ആന്റണി പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പി ചിദംബരം എടുത്ത നിലപാട് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ കൈകൊണ്ടോയെന്ന ചോദ്യത്തിനും കൃത്യമായ മറുപടി പറയാന്‍ ആന്റണി തയ്യാറായില്ല.

ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന് സംഭവിച്ചത് തിരിച്ചടിയല്ലെന്നായിരുന്നു ആന്റണിയുടെ പ്രതികരണം. തോല്‍വികള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്ന് തിരിച്ചുവന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. ഉപതിരഞ്ഞെടുപ്പുകളിലടക്കം കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകള്‍ പലപ്പോഴും തെറ്റിയിട്ടുണ്ടെന്നും ആന്റണി സമ്മതിച്ചു. കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയതു സംബന്ധിച്ചായിരുന്നു ഈ കുറ്റസമ്മതം.

ഇറ്റലിയില്‍ നിന്നുള്ള നാവികരെ വിട്ടുകിട്ടുന്നതിന് ഇറ്റലിയില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദത്തെ അതിജീവിച്ചാണ് കേരളത്തിന്റെ നിലപാടുകള്‍ക്കൊപ്പം നിന്നതെന്ന് ആന്റണി പറഞ്ഞു.

deshabhimani 140312

3 comments:

  1. പിറവം മണ്ഡലത്തില്‍ പര്യടനത്തിനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണിക്ക് ദേശീയ രാഷ്ട്രീയം പരാമര്‍ശിക്കാന്‍ മടി. പിറവത്തെ കര്‍ഷകരും സാധാരണക്കാരും തൊഴിലാളികളും അന്തര്‍ദേശീയ കാര്യങ്ങള്‍ കേള്‍ക്കുമെന്നല്ലാതെ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പോകുന്നില്ലെന്നാണ് ആന്റണി അഭിപ്രായപ്പെട്ടത്. ''ഉമ്മന്‍ചാണ്ടി കൊള്ളാം, ധാരാളം കഷ്ടപ്പെടുന്നുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ദുര്‍ബലമാക്കാന്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്ന്'' ആന്റണി പറഞ്ഞു. ഗവണ്‍മെന്റ് മൊത്തത്തില്‍ കൊള്ളാമെന്ന അഭിപ്രായമില്ലായെന്നാണോ എന്ന ചോദ്യം ഉയര്‍ന്നപ്പോഴും വ്യക്തമായ മറുപടി പറയാന്‍ ആന്റണി തയ്യാറായില്ല.

    ReplyDelete
  2. റെയില്‍വേ ബജറ്റില്‍ കേരളത്തോടുള്ള അവഗണന തിരുത്തിക്കാനും നിരക്ക് വര്‍ധന പുനഃപരിശോധിപ്പിക്കാനും കഴിഞ്ഞില്ലെങ്കില്‍ മന്ത്രിസ്ഥാനം ഉപേക്ഷിക്കാനുള്ള ആര്‍ജവം ആന്റണിയും കൂട്ടരും കാണിക്കുമോയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ . റെയില്‍വേ ബജറ്റില്‍ കേരളത്തോട് കൊടുംക്രൂരതയാണ് കാട്ടിയതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഞ്ചിക്കോട് കോച്ച്ഫാക്ടറി, ചേര്‍ത്തലയിലെ വാഗണ്‍ ഫാക്ടറി എന്നിവയ്ക്ക് ബജറ്റില്‍ പണം നീക്കിവച്ചിട്ടില്ല. ചരക്കുകൂലിയില്‍ 25 ശതമാനവും യാത്രക്കൂലിയില്‍ 30 ശതമാനവും വര്‍ധനയാണ് വരുത്തിയത്. പ്രതിപക്ഷവുമായി സഹകരിച്ച് ഇക്കാര്യത്തില്‍ പ്രക്ഷോഭത്തിന് ആന്റണി തയ്യാറാകുമോ. ഡല്‍ഹിയില്‍ ഔദ്യോഗിക ബംഗ്ലാവും പദവിയുമായി കഴിയുന്ന ആറ് കേന്ദമന്ത്രിമാര്‍ക്കും കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസിന്റെ ഐക്യത്തെയും അച്ചടക്കത്തെയും കുറിച്ചാണ് ആന്റണി പറയുന്നത്. കേവലഭൂരിപക്ഷമില്ലാത്ത ഒരു മന്ത്രിസഭയില്‍ അംഗമാണ് ആന്റണി. യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചപ്പോള്‍ പണംകൊടുത്ത് എംപിമാരെ വിലയ്ക്കു വാങ്ങിയ മന്ത്രിസഭയിലും അംഗമായിരുന്നു ആന്റണി. അങ്ങനെയുള്ള ആന്റണിയാണ് ഇവിടെ വന്ന് ആദര്‍ശം പറയുന്നത്. പണംകൊടുത്ത് അംഗങ്ങളെ വിലയ്ക്ക് വാങ്ങിയ കേന്ദ്രത്തിന്റ നയംതന്നെയാണ് ഇവിടെ ഉമ്മന്‍ചാണ്ടിയും നടപ്പാക്കിയിരിക്കുന്നത്. ആന്റണിയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് കേരളത്തിലെ ജനങ്ങളെ ഒറ്റുകൊടുത്തിരിക്കുകയാണെന്നും വി എസ് പറഞ്ഞു.

    ReplyDelete
  3. "2ജി സ്പെക്ട്രം കേസില്‍ രാജയും കൂട്ടരും കട്ടതിന്റെ ചെറിയൊരു അംശം മതിയായിരുന്നു ഞങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍"- രാജ്യസുരക്ഷയ്ക്കായി ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറായി ജോലിനോക്കിയ സൈനികരോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണനയോട് രോഷത്തോടെ പ്രതികരിക്കുകയായിരുന്നു നാഷണല്‍ എക്സ് സര്‍വീസ്മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആമ്പല്ലൂര്‍ പഞ്ചായത്ത് യൂണിറ്റ് സെക്രട്ടറി പി ജി ചന്ദ്രശേഖരന്‍നായര്‍ . എക്സ് സര്‍വീസുകാരുടെ മൂന്നു പതിറ്റാണ്ടായുള്ള ആവശ്യമാണ് "വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍" പദ്ധതി. എ, ബി, സി, ഡി എന്നിങ്ങനെ നാലു കാറ്റഗറികളില്‍ സമാനമായി ജോലിചെയ്യുന്ന സൈനികര്‍ക്ക് വിരമിച്ചശേഷം ഒരേനിരക്കില്‍ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണിത്. "പ്രതിരോധമന്ത്രി എ കെ ആന്റണി കഴിഞ്ഞദിവസം പിറവത്ത് ഏഴിടത്ത് പ്രസംഗിച്ചുവെന്നാണ് പത്രങ്ങളില്‍ കണ്ടത്. ആന്റണിയോട് ഞങ്ങളുടെ ആവശ്യം പലതവണ ഉന്നയിച്ചു. പരിഗണിക്കാമെന്നു പറയാന്‍പോലും ആന്റണി കൂട്ടാക്കിയില്ല. പിറവം മണ്ഡലത്തില്‍ 4281 എക്സ് സര്‍വീസുകാരും അവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമുണ്ട് എന്ന് ആന്റണി മറക്കേണ്ടെന്നും ചന്ദ്രശേഖരന്‍നായര്‍ പറഞ്ഞു. വര്‍ഷങ്ങളായുള്ള ഈ ആവശ്യം നടപ്പാക്കാന്‍ കൂട്ടാക്കാത്ത പ്രതിരോധമന്ത്രി എ കെ ആന്റണിക്കുള്ള മുന്നറിയിപ്പുകൂടിയായിരുന്നു ചന്ദ്രശേഖരന്‍നായരുടെ പ്രതികരണം. 1980ല്‍ ഉയര്‍ന്നുവന്ന ആവശ്യമാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി. പല സര്‍ക്കാരുകളും ഇതു പരിഗണിക്കാമെന്ന് പറഞ്ഞെങ്കിലും നടന്നില്ല. ഇടതുപക്ഷ പിന്തുണയുണ്ടായിരുന്ന ആദ്യ യുപിഎ സര്‍ക്കാര്‍ പദ്ധതിക്കായി 2200 കോടി രൂപ നീക്കിവയ്ക്കാന്‍ തീരുമാനമെടുത്തിരുന്നു. രാജ്യത്തിപ്പോള്‍ ഒമ്പതു ലക്ഷത്തിനടുത്ത് എക്സ് സര്‍വീസുകാരുണ്ട്. ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന പെന്‍ഷനില്‍നിന്ന് 450 രൂപയോളംവരെ മാത്രമേ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ വര്‍ധന ഉണ്ടാവുകയുള്ളൂവെന്നും ചന്ദ്രശേഖരന്‍നായര്‍ ചൂണ്ടിക്കാട്ടി

    ReplyDelete