Wednesday, March 14, 2012

ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി പദ്ധതി: അപേക്ഷകരുടെ എണ്ണം നിയന്ത്രിക്കാന്‍ നിര്‍ദേശം

ഭൂമിയില്ലാത്ത എല്ലാവര്‍ക്കും ഭൂമി പദ്ധതിക്ക് വില്ലേജ് ഓഫീസുകള്‍വഴി വിതരണം ചെയ്യുന്ന അപേക്ഷാഫോറത്തിന് പരിധി ഏര്‍പ്പെടുത്തിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നു. ഒരു വില്ലേജ് ഓഫീസില്‍നിന്ന് 200 അപേക്ഷ മാത്രം നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അര്‍ഹരായ നിരവധിപേര്‍ക്ക് ഭൂമി ഇല്ലാതാക്കുന്ന നിര്‍ദേശം പാവപ്പെട്ടവരുടെ കയറിക്കിടക്കാന്‍ ഒരുപിടി മണ്ണ് എന്ന സ്വപ്നം തകര്‍ക്കുന്നതായി. റെവന്യൂ അധികൃതരുടെ നിഷേധത്തിനെതിരെ വില്ലേജ്ഓഫീസുകള്‍ പ്രതിഷേധകേന്ദ്രങ്ങളായി മാറുന്നു.

വാര്‍ഡുകളിലും കോര്‍പറേഷന്‍ ഡിവിഷനുകളിലും അങ്കണവാടി- കുടുംബശ്രീ പ്രവര്‍ത്തകര്‍ സര്‍വേ നടത്തി വിവിധ പരിശോധനാഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ച് തരംതിരിച്ച ലിസ്റ്റുകള്‍ നിലവിലുണ്ട്. ആ ലിസ്റ്റില്‍പ്പെട്ടവരെ ഒഴിവാക്കി പുതിയ പദ്ധതിക്കായി ഭൂമി വിതരണം നടപ്പാക്കാനാണ് റെവന്യൂ ഉദ്യോഗസ്ഥരുടെ മാത്രം ചുമതലയില്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി ഇതുസംബന്ധിച്ച് കൂടിയാലോചന നടത്തിയിട്ടുമില്ല. പദ്ധതി നടപ്പാക്കുന്നതിന്റെ പേരില്‍ ഭൂരഹിതരായ ആളുകളുടെ അപേക്ഷയോടൊപ്പം റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍കാര്‍ഡ് എന്നീ രേഖകളുടെ പകര്‍പ്പുകള്‍ നല്‍കുന്ന മുറയ്ക്കാണ് വില്ലേജ് ഓഫീസില്‍നിന്ന് അപേക്ഷ നല്‍കുന്നത്. ഓരോ വില്ലേജ് ഓഫീസുകളിലും താലൂക്കുകളില്‍നിന്നും 200 അപേക്ഷകള്‍ മാത്രമാണ് വിതരണം ചെയ്തിട്ടുള്ളത്. മതിയായ ഫോറം ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ അപേക്ഷാഫോറത്തിന്റെ ഫോട്ടോകോപ്പി സ്വീകരിക്കാറുണ്ട്. ഈ പദ്ധതിയില്‍ ഫോട്ടോസ്റ്റാറ്റ് കോപ്പി ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ജനത്തെ വെട്ടിലാക്കുന്നു. ലഭിക്കാത്തവര്‍ക്ക് ഫോറം എന്നുമുതല്‍ നല്‍കാന്‍ കഴിയുമെന്ന് പറയാന്‍പോലും വില്ലേജ് ഓഫീസര്‍മാര്‍ക്ക് കഴിയുന്നില്ല. കലക്ടറേറ്റില്‍നിന്നു ലഭിക്കുന്ന മുറയ്ക്ക് ലഭ്യമാക്കാം എന്ന ഉറപ്പാണ് പലര്‍ക്കും ലഭിക്കുന്നത്.

ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി പദ്ധതിയുടെ അപേക്ഷാഫോറം വിതരണം ചെയ്യുമ്പോള്‍ വില്ലേജ് ഓഫീസര്‍ ഒപ്പിട്ട് മാത്രം അപേക്ഷ നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ നിര്‍ദേശം വില്ലേജ് ഓഫീസുകളുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. പല വില്ലേജ് ഓഫീസുകളിലും മതിയായ ജീവനക്കാരില്ലാത്തതും പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ജൂണ്‍ 16 വരെ അപേക്ഷ നല്‍കുകയും സ്വീകരിക്കുകയും ചെയ്യുമെന്നല്ലാതെ പദ്ധതി നടത്തിപ്പിനെക്കുറിച്ച് വില്ലേജ് ഓഫീസര്‍മാര്‍ക്ക് അറിയില്ല.
(ഉമയനല്ലൂര്‍ മോഹനന്‍)

deshabhimani 140312

1 comment:

  1. ഭൂമിയില്ലാത്ത എല്ലാവര്‍ക്കും ഭൂമി പദ്ധതിക്ക് വില്ലേജ് ഓഫീസുകള്‍വഴി വിതരണം ചെയ്യുന്ന അപേക്ഷാഫോറത്തിന് പരിധി ഏര്‍പ്പെടുത്തിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നു. ഒരു വില്ലേജ് ഓഫീസില്‍നിന്ന് 200 അപേക്ഷ മാത്രം നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അര്‍ഹരായ നിരവധിപേര്‍ക്ക് ഭൂമി ഇല്ലാതാക്കുന്ന നിര്‍ദേശം പാവപ്പെട്ടവരുടെ കയറിക്കിടക്കാന്‍ ഒരുപിടി മണ്ണ് എന്ന സ്വപ്നം തകര്‍ക്കുന്നതായി. റെവന്യൂ അധികൃതരുടെ നിഷേധത്തിനെതിരെ വില്ലേജ്ഓഫീസുകള്‍ പ്രതിഷേധകേന്ദ്രങ്ങളായി മാറുന്നു.

    ReplyDelete