Monday, March 5, 2012

ലീഗ് മന്ത്രിമാരുടെ വകുപ്പുകള്‍ തമ്മില്‍ 'സ്‌നേഹസ്പര്‍ശ'ത്തിന് പിടിവലി

ലീഗ് മന്ത്രിമാരുടെ വകുപ്പുകള്‍ തമ്മില്‍ 'സ്‌നേഹസ്പര്‍ശ'ത്തിന് തര്‍ക്കം. വിദ്യാഭ്യാസവകുപ്പും തദ്ദേശസ്വയംഭരണവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുമാണ് ഒരേ പേരില്‍ വ്യത്യസ്ത പദ്ധതികളുമായി എത്തിയിരിക്കുന്നത്. വിദ്യാഭ്യസമന്ത്രി പി കെ അബ്ദുറബ്ബ് പ്രത്യേകതാല്‍പര്യമെടുത്ത് കഴിഞ്ഞമാസം മുതല്‍ ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് സ്‌നേഹസ്പര്‍ശം. എന്നാല്‍ ഇതേപേരില്‍ ഗ്രാമപഞ്ചായത്തുകളും തിരുവനന്തപുരം കോര്‍പറേഷനും വ്യത്യസ്ത പദ്ധതികളുമായി എത്തിയിരിക്കുന്നതാണ് തര്‍ക്കത്തിന് കാരണമായിരിക്കുന്നത്. സ്‌നേഹസ്പര്‍ശം എന്ന പേരിലുള്ള പദ്ധതി വിദ്യാഭ്യസവകുപ്പ് നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതിയായതിനാല്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ നടത്തുന്ന പദ്ധതിയുടെ പേര്മാറ്റണമെന്ന് വിദ്യാഭ്യാസവകുപ്പ് തിരുവനന്തപുരം കോര്‍പ്പറേഷനോടും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ മന്ത്രിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

വിദ്യാഭ്യസമന്ത്രി പി കെ അബ്ദുറബ്ബും സംസ്ഥാനത്തെ സ്‌കൂളുകളിലെ രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളുമായി നിരന്തരം ബന്ധപ്പെടുന്ന പദ്ധതിയാണ് സ്‌നേഹസ്പര്‍ശം. വിദ്യാഭ്യാസവകുപ്പ് കഴിഞ്ഞമാസം ആരംഭിച്ചിരിക്കുന്ന സ്‌നേഹസ്പര്‍ശം പരിപാടി കഴിഞ്ഞമാസം മന്ത്രി പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. മന്ത്രി പി ടി എ ഭാരവാഹികള്‍ക്ക് പൊതുവായി ഓരോ മാസവും നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ടുള്ള കത്തുകള്‍ വിഷയാധിഷ്ഠിതമായി നല്‍കും. മന്ത്രിയുടെ കത്ത് സ്‌കൂള്‍ അസംബഌയില്‍ വായിക്കുകയും കത്തിന്റെ കോപ്പി പ്രധാനാധ്യാപകന്‍ പി ടി എ ഭാരവാഹികള്‍ക്ക്  കൈമാറുകയും ചെയ്യണം. രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും അയക്കുന്ന കത്തുകള്‍ പരിശോധിക്കാന്‍ വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസില്‍ പ്രത്യേകസംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനാധ്യാപകര്‍ ഉള്‍പ്പടെയുള്ള അധ്യാപകരെക്കുറിച്ചുള്ള  പി ടി എ ഭാരവാഹികള്‍ക്കുള്ള അഭിപ്രായങ്ങളും മന്ത്രിയെ അറിയിക്കാം. സ്‌കൂളിന്റെ വിദ്യാഭ്യാസ നിലവാരവും വിലയിരുത്തുന്ന ജനകീയസമിതികളായി പി ടി എ കളെ മാറ്റുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.

എന്നാല്‍ തിരുവനന്തപുരം കോര്‍പറേഷനും ഗ്രാമപഞ്ചായത്തുകളും ആരംഭിച്ചിരിക്കുന്ന പദ്ധതി പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയുള്ളതാണ്. ജീവിതശൈലി രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമായാണ് കോര്‍പറേഷന്റെ സ്‌നേഹസ്പര്‍ശം പദ്ധതി. എന്‍ ആര്‍ എച്ച് എം പ്രവര്‍ത്തകരെയും ആശാപ്രവര്‍ത്തകരെയുമെല്ലാം പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന പദ്ധതി നഗരസഭയില്‍ പൂര്‍ണമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ തനത്ഫണ്ടില്‍ നിന്ന് പദ്ധതിനിര്‍വഹണത്തിനുള്ള പണം കണ്ടെത്തുന്നതെന്നും ഇതിനായി പ്രത്യേക മെഡിക്കല്‍ വിഭാഗത്തെ നിയോഗിക്കുമെന്നും മേയര്‍ കെ ചന്ദ്രികപറഞ്ഞു. പ്രമേഹം,കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നീ രോഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് പദ്ധതിനടപ്പിലാക്കുന്നത്. ഇതേ മാതൃകയിലുള്ള പദ്ധതി ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കുന്നുണ്ട്. പദ്ധതി വ്യത്യസ്തമാണെങ്കിലും പേര് ഒന്നായതാണ് വകുപ്പുകളെ കുഴയ്ക്കുന്നത്.

വിദ്യാഭ്യാസവകുപ്പിന്റെ സ്‌നേഹസ്പര്‍ശം മന്ത്രി മുന്‍കൈയെടുത്ത് വന്‍ പ്രചാരണം നടത്തിമുന്നോട്ട് കൊണ്ടുപോകുമ്പോള്‍ വിദ്യാഭ്യാസമന്ത്രിയുടെ പാര്‍ട്ടിനേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിക്ക് കീഴിലുള്ള  നഗരസഭ വകുപ്പും എം കെ മുനീറിന്റെ കീഴിലുള്ള ഗ്രാമപഞ്ചായത്ത് വകുപ്പ് അതേപേരില്‍ പദ്ധതി നടപ്പാക്കുന്നത് ലീഗിലെ മന്ത്രിമാര്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ പോരായ്മയായിട്ടാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടുന്നത്.

janayugom 050312

1 comment:

  1. ലീഗ് മന്ത്രിമാരുടെ വകുപ്പുകള്‍ തമ്മില്‍ 'സ്‌നേഹസ്പര്‍ശ'ത്തിന് തര്‍ക്കം. വിദ്യാഭ്യാസവകുപ്പും തദ്ദേശസ്വയംഭരണവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുമാണ് ഒരേ പേരില്‍ വ്യത്യസ്ത പദ്ധതികളുമായി എത്തിയിരിക്കുന്നത്. വിദ്യാഭ്യസമന്ത്രി പി കെ അബ്ദുറബ്ബ് പ്രത്യേകതാല്‍പര്യമെടുത്ത് കഴിഞ്ഞമാസം മുതല്‍ ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് സ്‌നേഹസ്പര്‍ശം. എന്നാല്‍ ഇതേപേരില്‍ ഗ്രാമപഞ്ചായത്തുകളും തിരുവനന്തപുരം കോര്‍പറേഷനും വ്യത്യസ്ത പദ്ധതികളുമായി എത്തിയിരിക്കുന്നതാണ് തര്‍ക്കത്തിന് കാരണമായിരിക്കുന്നത്. സ്‌നേഹസ്പര്‍ശം എന്ന പേരിലുള്ള പദ്ധതി വിദ്യാഭ്യസവകുപ്പ് നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതിയായതിനാല്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ നടത്തുന്ന പദ്ധതിയുടെ പേര്മാറ്റണമെന്ന് വിദ്യാഭ്യാസവകുപ്പ് തിരുവനന്തപുരം കോര്‍പ്പറേഷനോടും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ മന്ത്രിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

    ReplyDelete