കെപിസിസി അംഗത്തിന്റെ വീട് ആക്രമിച്ചതിൽ അറസ്റ്റിലായത് മകൻ; സിപിഐ എമ്മിനെ കുടുക്കാൻ ചെയ്തതെന്ന് മൊഴി; കോൺഗ്രസ് നാടകം പൊളിഞ്ഞു
ലീനയുടെ വീട്ടിൽ ഉമ്മൻചാണ്ടി എത്തിയപ്പോൾ(ഇടത്), അറസ്റ്റിലായ ലീനയുടെ മകന്‍ നിഖിൽ (വലത്)
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു പിന്നാലെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി തന്റെ വീടും ആക്രമിച്ചു എന്നാണ് കെപിസിസി അംഗമായ ലീന പറഞ്ഞിരുന്നത്. സംഭവത്തിൽ ഇവർ പൊലീസിനു പരാതി നൽകിയിരുന്നു. മാധ്യമങ്ങളിലൂടെയും ഇവർ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാക്കൾ ലീനയുടെ വീട് സന്ദർശിക്കുകയും ചെയ്തിരുന്നു.
എന്നാൽ, സംഭവത്തിൽ ആദ്യം മുതൽക്കേ പരിസരവാസികൾക്കും പൊലീസിനും ദുരൂഹത തോന്നിയിരുന്നു. വീട്ടുകാരുടെ പ്രതികരണവും സംശയം ജനിപ്പിക്കുന്നതായിരുന്നു. അന്വേഷണത്തിൽ നിഖിൽ കൃഷ്ണയെ സംശയം തോന്നിയ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൂന്തുറ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വീട് ആക്രമണത്തിൽ കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിലായ സംഭവം: കോൺഗ്രസ് നേതാക്കൾ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് കടകംപള്ളി
തിരുവനന്തപുരം > കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന അക്രമങ്ങൾ സിപിഐഎമ്മിന്റെ തലയിൽ വെച്ചുകെട്ടി അതിക്രൂരമായ കൊലപാതകത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കെപിസിസി അംഗമായ ജി ലീനയുടെ വീട് സിപിഐഎം പ്രവർത്തകർ അടിച്ചു തകർത്തെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ള നേതാക്കൾ തന്നെ ആ വീട് സന്ദർശിച്ചു ആരോപണം ഉന്നയിച്ചിരുന്നു. പൊലീസ് അന്വേഷിച്ച് തെളിവ് സഹിതം പ്രതികളെ പിടികൂടിയപ്പോൾ ലീനയുടെ മകനും കോൺഗ്രസ് പ്രവർത്തകനുമായ നിഖിൽ കൃഷ്ണയെയും സുഹൃത്തിനെയുമാണ് പിടികൂടിയത്. ഹഖിന്റെയും മിഥിലാജിന്റെയും കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പോലെ ഈ സംഭവത്തിന് പിന്നിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമായി കഴിഞ്ഞുവെന്നും കടകംപള്ളി പറഞ്ഞു.
കേരളത്തിന്റെ പൊതു സമൂഹത്തോട് മാപ്പ് പറയാനും സിപിഐഎമ്മിനെതിരെ ഉയർത്തിയ ദുരാരോപണം പിൻവലിക്കാനും കോൺഗ്രസ് നേതാക്കൾ തയ്യാറാവണമെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
വീടാക്രമണ നാടകം: കോൺഗ്രസ് നേതാക്കൾ വെട്ടിൽ
കെപിസിസി അംഗം ജി ലീനയുടെ വീട് ആക്രമിച്ചത് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മകനാണെന്ന് വ്യക്തമായതോടെ കോൺഗ്രസ് നേതാക്കൾ വെട്ടിൽ. സംഭവം നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്തെന്ന കാര്യമാണ് വ്യക്തമാകുന്നത്. സിപിഐ എം പ്രവർത്തകരാണ് വീട് അടിച്ചു തകർത്തതെന്ന് ചാനലുകളോട് വിളിച്ച് പറയുകയും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുകയും ചെയ്ത നേതാക്കൾക്ക് യഥാർഥ അക്രമി പിടിയിലായതോടെ ഉത്തരം മുട്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഉൾപ്പെടെയുള്ള നേതാക്കൾ നേരം പുലരുമ്പോൾ തന്നെ വീട് സന്ദർശിക്കാനെത്തിയത് സംശയം വർധിപ്പിച്ചു. വി എസ് ശിവകുമാർ എംഎൽഎയുടെ അറിവോടെയാണ് നാടകം കളിച്ചതെന്ന ആരോപണം ഉയരുന്നുണ്ട്.
സംഭവത്തിന് പിന്നിലെ ആസൂത്രണം ഉൾപ്പെടെ അന്വേഷിക്കാനാണ് പൊലീസ് നീക്കം. അങ്ങനെ വന്നാൽ മുതിർന്ന നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണമുണ്ടാകും. വെഞ്ഞാറമൂടിലെ ഇരട്ടക്കൊലയ്‌ക്കു ശേഷവും വിവിധ പ്രദേശങ്ങളിൽ കോൺഗ്രസ് ആക്രമണം തുടരുകയാണ്. കോൺഗ്രസ് പ്രവർത്തകർ സ്വയം നടത്തുന്ന ആക്രമണങ്ങൾ സിപിഐ എമ്മിന്റെ തലയിൽ വച്ചുകെട്ടി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കമാണ് വീടാക്രമണ നാടകത്തോടെ വെളിവായത്. അതിക്രൂരമായ കൊലപാതകത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് പലയിടങ്ങളിലും ആക്രമണം നടത്തുന്നതിലൂടെ കോൺഗ്രസ് ശ്രമിക്കുന്നത്.
No comments:
Post a Comment