കേരളത്തോടൊപ്പം തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം, പോണ്ടിച്ചേരി എന്നിവിടങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സംസ്ഥാനങ്ങളില്‍ മാത്രമല്ല, ദേശീയതലത്തിലും ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. അഴിമതിയിലും കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള ജനവിരുദ്ധനയങ്ങളിലും മുങ്ങിയ മന്‍മോഹന്‍സിങ് സര്‍ക്കാരിനെ ഇന്ത്യയിലെ ജനങ്ങള്‍ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമായിരിക്കും ജനവിധി.
പാചകവാതകവില കുത്തനെ ഉയര്‍ത്താന്‍ പോകുന്നുവെന്ന ഒടുവിലത്തെ വാര്‍ത്ത സാധാരണക്കാരുടെ മനസ്സില്‍ ഇടത്തീ പോലെയാണ് പതിച്ചത്. ഒരു സിലിണ്ടര്‍ പാചകവാതകത്തിന്റെ ഇപ്പോഴത്തെ വില 345 രൂപ. പാചകവാതകത്തിനു നല്‍കുന്ന സബ്സിഡി പിന്‍വലിക്കണമെന്നാണ് ധനമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി ആവശ്യപ്പെട്ടത്. ശുപാര്‍ശ നടപ്പാക്കിയാല്‍ ഒരു സിലിണ്ടര്‍ പാചകവാതകത്തിന്റെ വില 650 രൂപയായി ഉയരും. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വില വര്‍ധിപ്പിച്ചുള്ള പ്രഖ്യാപനമുണ്ടാകും.
ഇനി ഒന്നാം യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്തുണ്ടായ ചില നടപടികള്‍ ഓര്‍ക്കുക. ഒരുതവണ പെട്രോളിന്റെ വില കൂട്ടി. വില കുറച്ചേ തീരൂ എന്ന് ഇടതുപക്ഷം ശക്തമായി ആവശ്യപ്പെട്ടു. അന്ന് ഇടതുപക്ഷത്തിന്റെ പിന്തുണയോടെയായിരുന്നു കേന്ദ്രഭരണം. ഗത്യന്തരമില്ലാതെ മന്‍മോഹന്‍സിങ് വിലകുറച്ചു. കൂടുതല്‍ സീറ്റുകളോടെ മന്‍മോഹന്‍സിങ് അധികാരത്തില്‍ വന്നപ്പോള്‍ എന്താണ് സംഭവിച്ചത്? ഒരുവര്‍ഷത്തിനുള്ളില്‍തന്നെ ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയില്‍ പത്തു രൂപയിലധികം വര്‍ധനയല്ലേ വരുത്തിയത്? പാവങ്ങളുടെ വെളിച്ചമായ മണ്ണെണ്ണയുടെ വിലയും ഇവര്‍ വര്‍ധിപ്പിച്ചില്ലേ?
കുറച്ചുകാലം മുമ്പുവരെ പെട്രോളിന്റെ വില നിശ്ചയിച്ചിരുന്നത് കേന്ദ്രസര്‍ക്കാരായിരുന്നു. ഇപ്പോഴോ? റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ കുത്തക കമ്പനികള്‍. അമേരിക്ക ഉള്‍പ്പെടെയുള്ള വികസിതരാജ്യങ്ങളിലും ശ്രീലങ്കയും പാകിസ്ഥാനും ബംഗ്ളാദേശും ഉള്‍പ്പെടെയുള്ള അവികസിത രാജ്യങ്ങളിലും എണ്ണയ്ക്ക് ഇന്ത്യയിലേതിനേക്കാള്‍ കുറഞ്ഞ വിലയാണ്. എന്നിട്ടും എണ്ണവില ഉയരുന്നത് എന്തോ വലിയ നേട്ടമാണെന്ന ഭാവമാണ് മന്‍മോഹന്‍സിങ്ങിനും ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെല്ലാം.
സബ്സിഡി നല്‍കാന്‍ പണമില്ലാത്തതു കൊണ്ടാണത്രേ എണ്ണവില ഉയരുന്നത്. എന്താണ് യാഥാര്‍ഥ്യം? 2010-2011ലെ കേന്ദ്ര ബജറ്റെടുക്കാം. കുത്തകകളെ സഹായിക്കുന്നതിനായി കോര്‍പറേറ്റ് നികുതിയിനത്തില്‍ 88,263 കോടി രൂപയുടെ ഇളവു നല്‍കി. കുത്തക കമ്പനികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി എക്സൈസ് തീരുവയിനത്തില്‍ 1,98,291 കോടി രൂപയുടെയും കസ്റംസ് തീരുവയിനത്തില്‍ 1,74,418 കോടി രൂപയുടെയും ഇളവാണ് നല്‍കിയത്. എല്ലാമടക്കം 4,60,972 കോടി രൂപയുടെ ഇളവുകള്‍ കഴിഞ്ഞ ബജറ്റിലൂടെ മാത്രം മന്‍മോഹന്‍ സര്‍ക്കാര്‍ വന്‍കിടക്കാര്‍ക്ക് നല്‍കി. ഇനി 2005 മുതല്‍ 2011 വരെയുള്ള കണക്കെടുക്കാം. ഇക്കാലയളവില്‍ വിവിധ നടപടിയിലൂടെ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഇന്ത്യയിലെ കുത്തകകള്‍ക്ക് നല്‍കിയത് 21,25,023 കോടി രൂപയുടെ ഇളവും ആനുകൂല്യങ്ങളുമാണ്. ശതകോടീശ്വരന്മാര്‍ക്ക് നല്‍കുന്നതിനു പകരം ഈ തുക ഇന്ത്യയിലെ പാവങ്ങള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും എന്നെന്നേക്കുമായി തുടച്ചുനീക്കാന്‍ കഴിയുമായിരുന്നു. കോടീശ്വരന്മാര്‍ക്കു വേണ്ടി നയരൂപീകരണം നടത്തുന്ന സര്‍ക്കാരാണ് ഇപ്പോള്‍ എണ്ണയ്ക്ക് സബ്സിഡി നല്‍കാന്‍ പണമില്ലെന്നു പറയുന്നത്.
ഇടതുപക്ഷത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് ഒന്നാം യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയിരുന്ന പദ്ധതികളായിരുന്നു ദേശീയ തൊഴിലുറപ്പു പദ്ധതിയും ആദിവാസി വനാവകാശനിയമവും. കേരളം, പശ്ചിമബംഗാള്‍, ത്രിപുര തുടങ്ങിയ ചുരുക്കം ചില സംസ്ഥാനത്തു മാത്രമാണ് പദ്ധതി നന്നായി നടക്കുന്നത്. എന്നാല്‍, ഈ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഇപ്പോള്‍ തെല്ലും താല്‍പ്പര്യമില്ല. പട്ടിണി മാറ്റാന്‍ കേന്ദ്രം കൊണ്ടുവരുമെന്നു പറയുന്ന ഭക്ഷ്യസുരക്ഷാപദ്ധതി ഇപ്പോഴും ജലരേഖയാണ്. കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനാകില്ലെന്നതു തന്നെ കാരണം.
അഴിമതിയുടെ കാര്യത്തില്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ സര്‍വകാല റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നു. അഴിമതി നടന്നിട്ടില്ലെന്ന വാദം മന്‍മോഹന്‍സിങ്ങിനു പോലുമില്ല. സഖ്യകക്ഷി രാഷ്ട്രീയത്തിന്റെ കാലത്ത് ഇങ്ങനെ പലതും നടക്കുമെന്നാണ് മന്‍മോഹന്‍സിങ്ങിന്റെ വിശദീകരണം. സ്പെക്ട്രം ഇടപാടിലൂടെ രാജ്യത്തിന് 1,76,645 കോടി രൂപയുടെ നഷ്ടമുണ്ടായെന്നു പറഞ്ഞത് ഇടതുപക്ഷമല്ല. മന്‍മോഹന്‍സിങ് തന്നെ നിയോഗിച്ച കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലാണ്. സബ്സിഡികള്‍ക്കായി 1,11,276 കോടി രൂപ നീക്കിവയ്ക്കുന്ന സര്‍ക്കാര്‍ അഴിമതി നടത്തുന്നതിനും കുത്തകകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുമായി നഷ്ടപ്പെടുത്തിയത് 1,76,645 കോടി രൂപയാണ്.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ഇപ്പോള്‍ തിഹാര്‍ ജയിലിലുള്ള മുന്‍ ടെലികോം മന്ത്രി എ രാജയും പങ്കെടുത്ത 2003 ഒക്ടോബര്‍ 31ലെ കേന്ദ്ര മന്ത്രിസഭായോഗമായിരുന്നു സ്പെക്ട്രം ഇടപാടു സംബന്ധിച്ച് നിര്‍ണായക തീരുമാനമെടുത്തത്. അതുകൊണ്ടുതന്നെ സ്പെക്ട്രം അഴിമതിയുടെ ഉത്തരവാദിത്തം പ്രധാനമന്ത്രിക്കു തന്നെയാണ്. രാജ്യത്തിനു രണ്ടുലക്ഷം കോടി രൂപ നഷ്ടമുണ്ടാകുമായിരുന്ന എസ് ബാന്‍ഡ് ഇടപാടു നടന്നത് പ്രധാനമന്ത്രിയുടെ കീഴിലുള്ള ബഹിരാകാശമന്ത്രാലയത്തിലാണ്. ഇടപാട് മാധ്യമങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്നതു കൊണ്ടുമാത്രമാണ് സ്പെക്ട്രത്തെ കടത്തിവെട്ടുന്ന ഈ കുംഭകോണം നടക്കാതെ പോയത്.
8000 കോടി രൂപയുടെ നഷ്ടമുണ്ടായ കോമൺവെല്‍ത്ത് അഴിമതി, കാര്‍ഗില്‍ വീരന്മാരുടെ പേരില്‍ നടന്ന ആദര്‍ശ് ഫ്ളാറ്റ് അഴിമതി എന്നിങ്ങനെയുള്ള വന്‍ അഴിമതികള്‍ക്ക് പിറകിലെല്ലാം പ്രമുഖരായ കോൺഗ്രസ് നേതാക്കളാണ്. അഴിമതിക്കേസ് പ്രതിയെ സെന്‍ട്രല്‍ വിജിലന്‍സ് കമീഷണറായി നിയമിച്ച സര്‍ക്കാരാണ് ഇത്. സിവിസിയെ നീക്കംചെയ്യാന്‍ അവസാനം സുപ്രീംകോടതിക്ക് ഇടപെടേണ്ടിവന്നു. 1992ല്‍ ഹര്‍ഷദ് മേത്ത നടത്തിയ ഓഹരി കുംഭകോണത്തിലൂടെ രാജ്യത്തുണ്ടായ നഷ്ടം 5000 കോടി. ഏറ്റവും ഒടുവിലത്തെ സ്പെക്ട്രം അഴിമതിയിലൂടെ ഉണ്ടായ നഷ്ടം 1,76,645 കോടി രൂപ. 1992 മുതല്‍ 2010 വരെയുള്ള കാലയളവില്‍ നടന്ന വിവിധ അഴിമതിയിലൂടെ രാജ്യത്തിനുണ്ടായ നഷ്ടം 7,34,581 കോടി രൂപ. ഈ തുക ഇന്ത്യയുടെ ദേശീയ ഉല്‍പ്പാദനത്തിന്റെ പത്തിരട്ടിയിലുമധികമാണ്. ഈ തുക താഴെത്തട്ടിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചിരുന്നെങ്കില്‍ നമ്മള്‍ എവിടെ എത്തുമായിരുന്നു?
ഇവിടെയാണ് ഇടതുപക്ഷ ബദല്‍ നയങ്ങളുടെ പ്രസക്തി. ക്രമസമാധാനപാലനം, പൊതുവിതരണസമ്പ്രദായം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ഊര്‍ജം, അധികാരവികേന്ദ്രീകരണം, പൊതുമേഖലാ വ്യവസായ വികസനം തുടങ്ങിയ മേഖലയിലെല്ലാം കേരളത്തെ മാതൃകയാക്കണമെന്നാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പറയുന്നത്. മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പുരസ്കാരങ്ങളിലെ ഭൂരിഭാഗവും ഏറ്റുവാങ്ങിയത് വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരായിരുന്നു. എന്തിനേറെ, സോണിയഗാന്ധിയെ നേരില്‍ക്കണ്ട് കേരളത്തിന് ഇനിയും അവാര്‍ഡുകള്‍ നല്‍കിയാല്‍ സംസ്ഥാനത്ത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാകുമെന്ന് കേരളത്തില്‍നിന്നുള്ള കോൺഗ്രസ് എംപിമാര്‍ ആവശ്യപ്പെട്ടതില്‍ വരെ എത്തി കാര്യങ്ങള്‍.
ഒരേസമയം കേന്ദ്രനയങ്ങള്‍ക്കെതിരെ നിലകൊള്ളുകയും ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ ബദല്‍നയങ്ങള്‍ നടപ്പാക്കി വന്‍വിജയം കൈവരിക്കുകയും ചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിന് അനുകൂലമായുമായിരിക്കണം ഈ തെരഞ്ഞെടുപ്പിലെ ജനവിധി.
പ്രഭാവർമ്മ ദേശാഭിമാനി 310311