Saturday, April 2, 2011

കോണ്‍ഗ്രസ് എന്ന അഴിമതിക്കൂടാരം

വിധി നിര്‍ണയിക്കുമ്പോള്‍: രണ്ട് മുന്നണികള്‍, രണ്ട് നയങ്ങള്‍ നാലാം ഭാഗം

ഒന്നാം ഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം

രാജ്യത്തിന്റെ ഓരോ തരി മണ്ണും കാത്തുസൂക്ഷിക്കുവാനും ഇന്ത്യയുടെ ഭൂപടം മാറ്റിവരയ്ക്കപ്പെടാതിരിക്കുവാനും പൊരുതിമരിച്ച ആയിരക്കണക്കിന് ധീരദേശാഭിമാനികളായ സൈനികരുടെ മണ്ണാണ് ഇന്ത്യ. കാര്‍ഗില്‍ പോരാട്ടത്തില്‍ വീരമൃത്യുവരിച്ച ധീരസൈനികരുടെ ആശ്രിതര്‍ക്കായി മുംബൈയില്‍ നിര്‍മിച്ച ആദര്‍ശ് ഫഌറ്റ് സമുച്ചയത്തിലും അഴിമതിയുടെ കളങ്കം ചാര്‍ത്തുകയായിരുന്നൂ കോണ്‍ഗ്രസ് ചെയ്തത്. മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ ആദര്‍ശ് ഫഌറ്റ് കുംഭകോണത്തിന്റെ പേരില്‍ രാജിവെയ്ക്കാന്‍ നിര്‍ബന്ധിതനായെങ്കിലും അദ്ദേഹത്തോടൊപ്പം ആക്ഷേപവിധേയനായ വിലാസ്‌റാവു ദേശ്മുഖും സുശീല്‍കുമാര്‍ ഷിന്‍ഡേയേയും മന്‍മോഹന്‍സിംഗ് മന്ത്രിസഭയില്‍ പഞ്ചായത്ത് രാജ്, ഊര്‍ജവകുപ്പ് മന്ത്രിമാരായി വിലസുന്നു.

ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്ന അഴിമതികള്‍ക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ഭരണസംവിധാനമാണ് പാവപ്പെട്ടവന് അരി നല്‍കാന്‍ ഖജനാവില്‍ പണമില്ലെന്ന് പറയുന്നത്. ദേശീയ കോണ്‍ഗ്രസ് നേതൃത്വത്തോടൊപ്പമാണ് കേരളത്തിലേയും കോണ്‍ഗ്രസും അവര്‍ നയിക്കുന്ന യു ഡി എഫുമെന്ന് വ്യക്തമായിക്കൊണ്ടിരിക്കുന്നു.

പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേയ്ക്ക് മോചനയാത്ര നയിച്ചു. ആരുടെ മോചനമാണ് യു ഡി എഫ് നേതൃത്വത്തിലുള്ള മോചനയാത്രയുടെ ലക്ഷ്യമെന്ന് അന്ന് ആര്‍ക്കും വ്യക്തമായിരുന്നില്ലെങ്കിലും പിന്നീട് അത് ബോധ്യപ്പെട്ടു. യു ഡി എഫ് നേതാവ് ജയിലാവുകയും മറ്റ് പലരും ജയിലിലേയ്ക്ക് പോകാന്‍ വരിവരിയായി കാത്തുനില്‍ക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. ഐക്യജനാധിപത്യമുന്നണിയിലെ പ്രമുഖ നേതാവാണ് ആര്‍ ബാലകൃഷ്ണപിള്ള. അദ്ദേഹം ഇപ്പോള്‍ വസിക്കുന്നത് പൂജപ്പുരയിലെ സെന്‍ട്രല്‍ ജയിലിലാണ്. ഖജനാവിലെ കോടാനുകോടി രൂപ കവര്‍ന്നെടുത്തതിന്റെ പേരില്‍ സുപ്രിംകോടതിയാണ് ഒരു കൊല്ലത്തെ കഠിന തടവിനും പതിനായിരം രൂപ പിഴയ്ക്കുമായും ബാലകൃഷ്ണപിള്ളയ്ക്ക് ശിക്ഷ വിധിച്ചത്. ബാലകൃഷ്ണപിള്ളയുടെ ജയിലില്‍ നിന്നുള്ള കുറിപ്പുകളിലൂടെ കേരളീയ സമൂഹം അറിയുന്നത്, ഇടമലയാര്‍ കരാറില്‍ ആദ്യം ഒപ്പുചാര്‍ത്തിയ കെ എം മാണിയെയും തനിയ്‌ക്കൊപ്പം കൂട്ടുകാരനായി ജയിലിലേയ്ക്ക് അയയ്ക്കണമെന്നാണ്. മുസ്ലീംലീഗിന്റെ നേതാവായിരുന്ന പി സീതിഹാജി അധ്യക്ഷനും ഇന്നത്തെ യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അംഗവുമായിട്ടുള്ള നിയമസഭാ സമിതിയാണ് ഇടമലയാര്‍ പദ്ധതിയില്‍ ഗുതുതരമായ ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയത്. ജസ്റ്റിസ് കെ സുകുമാരന്‍ നയിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനും ഖജനാവിലെ പണം നഷ്ടമായെന്നും ആസൂത്രിതമായ ഗൂഢാലോചന നടന്നെന്നും ബാലകൃഷ്ണപിള്ള കുറ്റക്കാരനാണെന്നും കണ്ടെത്തി. അതിനെ തുടര്‍ന്ന് ഇടമലയാര്‍ പ്രത്യേക കോടതി ബാലകൃഷ്ണപിള്ളയെ അഞ്ച് വര്‍ഷത്തേയ്ക്ക് ശിക്ഷിച്ചു. ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് തടവുശിക്ഷ ബാലകൃഷ്ണപിള്ള റദ്ദ് ചെയ്തു. സ്വാഭാവികമായും സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കേണ്ടതായിരുന്നു. പക്ഷേ അക്കാലത്ത് കേരളം ഭരിച്ചിരുന്നത് യു ഡി എഫ് സര്‍ക്കാരാണ്. അതുകൊണ്ട് തന്നെ അപ്പീല്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായില്ല. അത്തരമൊരു ഘട്ടത്തിലാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ സുപ്രിംകോടതിയെ സമീപിച്ചത്. ആ ഹര്‍ജി പരിഗണിച്ച സുപ്രിംകോടതി വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ബാലകൃഷ്ണപിള്ളയ്ക്ക് ഒരു കൊല്ലത്തെ കഠിതടവ് ശിക്ഷ വിധിച്ചത്.

പാമോയില്‍ കുംഭകോണത്തില്‍ ഉമ്മന്‍ചാണ്ടിയും പ്രതിപട്ടികയില്‍ ചേര്‍ക്കപ്പെടുമെന്ന അവസ്ഥയുണ്ടായിട്ടുണ്ട്. പാമോയില്‍ അഴിമതിക്കേസില്‍ ഒന്നാം പ്രതിയായിരുന്നത് അന്തരിച്ച കെ കരുണാകരനായിരുന്നു. അതിനെ തുടര്‍ന്ന് രണ്ടാം പ്രതിയായ ടി എച്ച് മുസ്തഫ, അന്നത്തെ ഭക്ഷ്യമന്ത്രി ഒന്നാം പ്രതിയായി. ആ വേളയില്‍ മുസ്തഫ പത്രസമ്മേളനം വിളിച്ച് പ്രസ്താവിച്ചത് പാമോയില്‍ കേസില്‍ ആരെങ്കിലും ഒന്നാം പ്രതി ആകണമെങ്കില്‍ അത് അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് എന്നാണ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ടി എച്ച് മുസ്തഫ നല്‍കിയ ഹര്‍ജിയിലും ഈ വസ്തുത രേഖപ്പെടുത്തുകയുണ്ടായി. ഉമ്മന്‍ചാണ്ടി പ്രതിപട്ടികയില്‍ എത്തിച്ചേരുമെന്ന് ബോധ്യമാവുകയും പാമോയില്‍ കേസില്‍ പുനരന്വേഷണം വിജിലന്‍സ് കോടതി നിര്‍ദേശിക്കുകയും ചെയ്തപ്പോഴാണ് കെ പി സി സി അധ്യക്ഷനായ രമേശ് ചെന്നിത്തല സീറ്റ് തരപ്പെടുത്താന്‍ ഡല്‍ഹിയിലേയ്ക്ക് പറന്നത്. ഉമ്മന്‍ചാണ്ടി പ്രതിപട്ടികയില്‍ ആയാല്‍ മുഖ്യമന്ത്രി ആകുമല്ലോ എന്നതാണ് രമേശ് ചെന്നിത്തലയെ മതിക്കുന്ന വികാരം. പക്ഷേ രമേശഷ് ചെന്നിത്തലയും ആക്ഷേപവിധേയനാണ്. കണിച്ചുകുളങ്ങരയില്‍ ദേശീയ പാതയോരത്ത് മൂന്ന് മനുഷ്യജീവനെ നിര്‍ദ്ദയം കൊന്നുതള്ളിയ ഹിമാലയ ചിട്ടി കമ്പനിക്കാരുടെ കൈയില്‍ നിന്ന് കോടികള്‍ കൈപ്പറ്റിയെന്ന ആക്ഷേപം ചെന്നിത്തലയുടെ പേരില്‍ നിലനില്‍ക്കുന്നുണ്ട്.

കുര്യാര്‍കുറ്റി-കാരപ്പാറ ജലവൈദ്യുത പദ്ധതിയിലെ അഴിമതിയുടെ പേരില്‍ കോടതി വിചാരണ നേരിടുന്ന യു ഡി എഫ് നേതാവാണ് ടി എം ജേക്കബ്. ഐസ്‌ക്രീം പെണ്‍വാണിഭത്തിന്റെയും കോതമംഗലം പെണ്‍വാണിഭത്തിന്റെയും കാര്യത്തില്‍ സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന വ്യക്തിയാണ് പി കെ കുഞ്ഞാലിക്കുട്ടി. ജയിലില്‍ അകപ്പെട്ടവരുടെയും ജയിലിലേയ്ക്ക് പോകാന്‍ കാത്തുനില്‍ക്കുന്നവരുടെയും സംഘമാണ് ഐക്യജനാധിപത്യമുന്നണിയുടേത്. നന്‍മയുടെയും സത്യത്തിന്റെയും ആദര്‍ശഭരിതമായ ജീവിതത്തിന്റേയും പക്ഷമാണ്് ഇടതുപക്ഷത്തിന്റേത്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് അനുകൂലമായി ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്ന കാര്യത്തില്‍ കേരളീയര്‍ക്ക് ശങ്കയുണ്ടാകുകയില്ല.

വി പി ഉണ്ണികൃഷ്ണന്‍ ജനയുഗം

1 comment:

  1. രാജ്യത്തിന്റെ ഓരോ തരി മണ്ണും കാത്തുസൂക്ഷിക്കുവാനും ഇന്ത്യയുടെ ഭൂപടം മാറ്റിവരയ്ക്കപ്പെടാതിരിക്കുവാനും പൊരുതിമരിച്ച ആയിരക്കണക്കിന് ധീരദേശാഭിമാനികളായ സൈനികരുടെ മണ്ണാണ് ഇന്ത്യ. കാര്‍ഗില്‍ പോരാട്ടത്തില്‍ വീരമൃത്യുവരിച്ച ധീരസൈനികരുടെ ആശ്രിതര്‍ക്കായി മുംബൈയില്‍ നിര്‍മിച്ച ആദര്‍ശ് ഫഌറ്റ് സമുച്ചയത്തിലും അഴിമതിയുടെ കളങ്കം ചാര്‍ത്തുകയായിരുന്നൂ കോണ്‍ഗ്രസ് ചെയ്തത്. മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ ആദര്‍ശ് ഫഌറ്റ് കുംഭകോണത്തിന്റെ പേരില്‍ രാജിവെയ്ക്കാന്‍ നിര്‍ബന്ധിതനായെങ്കിലും അദ്ദേഹത്തോടൊപ്പം ആക്ഷേപവിധേയനായ വിലാസ്‌റാവു ദേശ്മുഖും സുശീല്‍കുമാര്‍ ഷിന്‍ഡേയേയും മന്‍മോഹന്‍സിംഗ് മന്ത്രിസഭയില്‍ പഞ്ചായത്ത് രാജ്, ഊര്‍ജവകുപ്പ് മന്ത്രിമാരായി വിലസുന്നു.

    ReplyDelete