Tuesday, March 15, 2011

ഓര്‍മ്മയുണ്ടോ ജീവനക്കാരുടെ പോക്കറ്റടിച്ച യുഡിഎഫ് ഭരണകാലം?

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ മേഖലയില്‍ അധികമാരും അറിയാതെ ഒരു പണിമുടക്ക് പ്രഖ്യാപനവും പിന്‍വലിക്കലും നടന്നു. ലക്ഷ്യമില്ലാതെ അപ്പൂപ്പന്‍താടി പോലെ എങ്ങുനിന്നോ പറന്നു വന്ന് എന്തിനെന്ന് അത് പ്രഖ്യാപിച്ചവര്‍ക്കുപോലും ഉത്തരമില്ലാതെ പോയ് മറഞ്ഞ ഒരു പണിമുടക്ക്. മാര്‍ച്ച് 8ന് പണിമുടക്കുന്നു എന്ന് എവിടെനിന്നോ പൊട്ടി വീണ ചില പരസ്യ പോസ്റ്ററുകള്‍ക്കും ബോര്‍ഡുകള്‍ക്കും അപ്പുറം പൊതുസമൂഹമോ ജീവനക്കാരോ ശ്രദ്ധിക്കുകപോലും (ആ സംഘടനയുടെ പ്രവര്‍ത്തകര്‍പോലും പുച്ഛത്തോടെയാകും ആ പരസ്യ കടലാസുകളെ കണ്ടിരിക്കുക) ചെയ്തിരുന്നില്ല. ഒടുവില്‍തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വകാര്യമായി വിളിച്ച് പണിമുടക്ക് മാറ്റിവെയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചു എന്ന് പ്രസ്താവിച്ചുകൊണ്ട് രായ്ക്കുരാമാനം ഒളിച്ചോടുകയാണുണ്ടായത്.

    ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഈ സംഘടനയുടെ (സര്‍ക്കാര്‍ ജീവനക്കാരുടെ മേഖലയിലെ കോണ്‍ഗ്രസ് പോഷകന്മാരുടെ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാറില്‍ പങ്കെടുത്ത ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ രണ്ട് സുപ്രധാന പ്രഖ്യാപനങ്ങളെ സമ്മേളന പ്രതിനിധികള്‍ നിറഞ്ഞ സംതൃപ്തിയോടെ, ആഹ്ളാദാരവങ്ങളോടെ കൈയടിച്ചംഗീകരിച്ചത്. ഒന്ന്, ജീവനക്കാരുടെ ശമ്പളപരിഷ്കരണം 2011 ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കും; അതിന് 2009 ജൂലൈ മുതലുള്ള മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കും. രണ്ട്, ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം വിവിധ വകുപ്പുകളിലായി 27,000 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചു. കാലാവധി അവശേഷിക്കുന്നതിനകം 3000ല്‍ അധികം തസ്തികകള്‍ കൂടി പുതുതായി ഇനിയും സൃഷ്ടിക്കും. യുഡിഎഫ് ഭരണകാലത്തെ അനുഭവം അറിയാവുന്ന സമ്മേളന പ്രതിനിധികള്‍ ഉള്ളില്‍ തട്ടിയാണ്, സ്വന്തം രാഷ്ട്രീയ നിലപാടുപോലും വിസ്മരിച്ച് കൈയടിച്ചുപോയത്.

    എന്നാല്‍ ആ സമ്മേളനത്തിന്റെ അവസാനം അംഗീകരിച്ച പ്രമേയത്തിന്റെ ഭാഷ പ്രക്ഷോഭത്തിന്റേതായിരുന്നു. (അതാരും കൈകൊട്ടി അംഗീകരിച്ചതായിരിക്കാന്‍ സാധ്യതയില്ല). കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ആഹ്വാനം ചെയ്താല്‍ പോഷക സംഘടനാ നേതാവിന് പണിമുടക്കും പ്രക്ഷോഭവും പ്രഖ്യാപിക്കാതെ തരമില്ലല്ലോ. ആഹ്വാനം ചെവിക്കൊള്ളാന്‍ പ്രസ്താവന എഴുതിയ നേതാവിനുപോലും ഉള്ളാലേ കഴിയില്ലാ എന്നതിനാല്‍ പാവം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പേര് പറഞ്ഞ് രംഗത്തുനിന്ന് നിഷ്ക്രമിക്കുകയാണുണ്ടായത്.

    യഥാര്‍ത്ഥത്തില്‍ പണിമുടക്ക് പ്രഖ്യാപനം നടത്താന്‍ പോയിട്ട് പ്രതിഷേധ പ്രകടനത്തിനോ പ്രസ്താവനയ്ക്കോ പോലും അവസരം എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്‍ജിഒ അസോസിയേഷന്‍ (കോണ്‍ഗ്രസ് പോഷകര്‍) സമ്മേളനത്തില്‍ ഏപ്രില്‍ 1 മുതല്‍ പുതുക്കിയ ശമ്പളം നല്‍കുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചതെങ്കില്‍ ഫെബ്രുവരി 1 മുതല്‍ പുതുക്കിയ ശമ്പളം അനുവദിച്ചുകൊണ്ട് (2009 ജൂലൈ മുതല്‍ പ്രാബല്യം) ഉത്തരവിറക്കി. 27000 തസ്തികകള്‍ക്കുപുറമെ 3000 തസ്തികകള്‍ കൂടി (അങ്ങനെ 30,000)പുതുതായി അനുവദിക്കുമെന്ന് പ്രസ്താവിച്ച സ്ഥാനത്ത് ആറായിരത്തോളം തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത് (മൊത്തം 33865 തസ്തികകള്‍). അപ്പോള്‍ പിന്നെ എന്തിനീ പണിമുടക്ക് പ്രഖ്യാപന പ്രഹസനം?

    2007 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളപരിഷ്കരണം നടത്തണമെന്നത്രെ ചാണ്ടി - ചെന്നിത്തലാദികളുടെ ശിഷ്യഗണങ്ങളുടെ ആവശ്യം. എന്താണീ 2007ന്റെ പ്രത്യേകത? 1997 മാര്‍ച്ച് 1 മുതല്‍ പ്രാബല്യത്തോടെ ഇ കെ നായനാരുടെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചിരുന്നു. അതുപ്രകാരം, നിലവിലുണ്ടായിരുന്ന കീഴ്വഴക്കമനുസരിച്ച്, 2002 മാര്‍ച്ച് മാസം മുതല്‍ അടുത്ത ശമ്പളപരിഷ്കരണം നടപ്പാക്കണമായിരുന്നു. അത് നടന്നിരുന്നുവെങ്കില്‍ 2007 മാര്‍ച്ച് മാസത്തില്‍ അടുത്ത ശമ്പളപരിഷ്കരണം നടത്തണമായിരുന്നു. എന്നാല്‍ ജീവനക്കാര്‍ നിരന്തരം നടത്തിയ പ്രക്ഷോഭത്തെത്തുടര്‍ന്ന് 2006 മാര്‍ച്ച് മാസത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേകാനുമതി വാങ്ങി യുഡിഎഫ് പുറത്തിറക്കിയ അപൂര്‍ണവും അപാകതകള്‍ നിറഞ്ഞതുമായ ഉത്തരവ് 2004 ജൂലൈ മുതല്‍ ആണ് ശമ്പളപരിഷ്കരണത്തിന് പ്രാബല്യം നല്‍കിയത്. (അന്ന് അത് നടപ്പാക്കാന്‍ ബജറ്റില്‍ തുകയും വകയിരുത്തിയിരുന്നില്ല). അങ്ങനെ ഓരോ 5 വര്‍ഷം കൂടുമ്പോഴും ശമ്പളപരിഷ്കരണമെന്ന തത്വം അട്ടിമറിച്ച ആന്റണി - ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഹല്ലേലുയ പാടുകയും ഇനിയും ആ 'സുവര്‍ണ്ണകാലം' തിരിച്ചുകൊണ്ടുവരാന്‍ പാടുപെടുകയും ചെയ്യുന്ന പോഷക നേതൃത്വമാണ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ സമരാഹ്വാനം പുറപ്പെടുവിച്ചത്. ശമ്പളപരിഷ്കരണത്തിന്റെ 5 വര്‍ഷതത്വം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ശ്രമിച്ചതും ഇതാദ്യമായിരുന്നില്ല. 1983ലെ ശമ്പളപരിഷ്കരണം നിഷേധിക്കാന്‍ നോക്കിയതും 1985വരെ നീട്ടിക്കൊണ്ടുപോയതും ഓര്‍മ്മിക്കുന്ന ജീവനക്കാര്‍ കുറെയെങ്കിലും സര്‍വീസില്‍ ഇപ്പോഴും ഉണ്ടാകുമല്ലോ? 1993ല്‍ നടപ്പാക്കേണ്ട ശമ്പളപരിഷ്കരണം 'കേന്ദ്ര പാരിറ്റി' എന്ന പാര പ്രയോഗിച്ച് അട്ടിമറിച്ചതും (നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ പലതും അന്ന് നിഷേധിച്ചു, വെട്ടിക്കുറച്ചു) ജീവനക്കാര്‍ക്ക് മറക്കാനാവുമോ?

    ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മല്‍സരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മുതലക്കണ്ണീരൊഴുക്കുകയും തങ്ങളെ അധികാരത്തിലെത്തിച്ചാല്‍ 'തേനും പാലും ഒഴുക്കു'മെന്നും 'കണ്ണല്ലാത്തതെല്ലാം പൊന്നാക്കു'മെന്നും പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ ജീവനക്കാര്‍ക്ക് പഴയതു പലതും ഓര്‍ക്കാനുണ്ടാവുമല്ലോ. 2000 ഡിസംബര്‍ മാസത്തില്‍ അന്നത്തെ പ്രതിപക്ഷ നേതാവ് ആന്റണി നടത്തിയ 'കേരള മോചന യാത്ര'യിലും സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും "ദുര്യോഗങ്ങളെ''ക്കുറിച്ച് ഓര്‍ത്ത് മുതലക്കണ്ണീരൊഴുക്കിയതും താന്‍ അധികാരത്തിലെത്തിയാല്‍ എല്ലാം 'ശരിപ്പെടുത്താം' എന്ന് വാഗ്ദാനപ്പെരുവെള്ളം ഒഴുക്കിയതും ഓര്‍മ്മയുള്ള ജീവനക്കാര്‍ ഒരുപാട് ഇന്നും സര്‍വീസിലുണ്ടാവും.

    കുറ്റം പറയരുതല്ലോ ആദര്‍ശ ധീരന്റെ ആ 'ആദര്‍ശ ഭരണ'ത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും അക്ഷരാര്‍ത്ഥത്തില്‍ 'ശരിപ്പെടുത്തി'യതിന്റെയും അന്ന് യുഡിഎഫ് കണ്‍വീനറായിരുന്ന പുതുപ്പള്ളി കുഞ്ഞൂഞ്ഞ് അതിന് പക്കമേളം പിടിച്ചതിന്റെയും കഥ പോഷക സംഘടനക്കാര്‍ക്കുപോലും മറക്കാന്‍ പറ്റില്ലല്ലോ. വമ്പന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി മൂന്നാംപക്കം സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റിനും പ്രോവിഡന്റ് ഫണ്ട് വായ്പ എടുക്കുന്നതിനും വിലക്കേര്‍പ്പെടുത്തിക്കൊണ്ടാണല്ലോ 'ശരിപ്പെടുത്തല്‍' തുടങ്ങിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ 2001 ജൂണ്‍ മാസം മുതല്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന രണ്ട് ഗഡു ക്ഷാമബത്ത നിഷേധിക്കുകയും (ബജറ്റില്‍ അതിനുവേണ്ട തുക വകയിരുത്തുകയും ചെയ്തിരുന്നു) ജീവനക്കാര്‍ക്കെതിരെ കടുത്ത പ്രചരണ യുദ്ധം ആരംഭിക്കുകയും ചെയ്ത ആന്റണിയെ ആര്‍ക്കെങ്കിലും മറക്കാനാവുമോ? "കേരളത്തില്‍ ജീവനക്കാര്‍ അധികമാണെ''ന്നും "പണിയെടുക്കാതെ ശമ്പളം പറ്റുകയും അനര്‍ഹമായ ആനുകൂല്യങ്ങള്‍ പറ്റുകയും ചെയ്യുന്നവരാണ് ജീവനക്കാര്‍'' എന്നും ജീവനക്കാര്‍ "മുണ്ടുമുറുക്കി ഉടുക്ക''ണമെന്നും "കയ്പ് കഷായം'' കുടിക്കണമെന്നും പറഞ്ഞ് "ലാസ്റ്റ് ബസി''ല്‍ കടന്നുകൂടാന്‍ തിക്കിത്തിരക്കുണ്ടാക്കി ജീവനക്കാരെ പോക്കറ്റടിച്ച കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിക്ക് മാപ്പു കൊടുക്കാന്‍ അവകാശബോധവും ആത്മാഭിമാനവുമുള്ള ഏതെങ്കിലും ഒരു ജീവനക്കാരനാകുമോ?

    ആന്റണി എഡിബി സായിപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ "വൈറ്റ് പേപ്പര്‍'' പറഞ്ഞത് ഓര്‍മ്മയില്ലേ - "കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനെടുക്കുന്ന ഓരോ തീരുമാനവും വിവിധ ജനവിഭാഗങ്ങളില്‍നിന്ന് വ്യത്യസ്ത അളവില്‍ 'ത്യാഗം' ആവശ്യപ്പെടും''. ഇങ്ങനെ 'ആവശ്യപ്പെട്ട' 'ത്യാഗ'ത്തിന്റെ ഭാഗമായാണല്ലോ സംസ്ഥാന ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ അന്ന് കവര്‍ന്നെടുത്തത്. ജീവനക്കാരന്റെ ക്ഷാമബത്ത മരവിപ്പിക്കണമെന്നും ശമ്പളത്തില്‍ കുറവ് വരുത്തണമെന്നുമുള്ള ചര്‍ച്ചകള്‍ക്ക് അന്ന് 'മുഖ്യധാര,' (വലതുപക്ഷ) മാധ്യമങ്ങള്‍ ഏറെ സ്ഥലം അനുവദിച്ചിരുന്നു. എല്‍ഡിഎഫ് അനുവദിച്ച ക്ഷാമബത്തപോലും നിഷേധിച്ചതും ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്തതും ശമ്പളപരിഷ്കരണം നടത്താതിരുന്നതും ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നല്ലോ.

    'ധവളപത്ര'ത്തെ തുടര്‍ന്ന് വന്ന സംസ്ഥാന പ്ളാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്റെ വക റിപ്പോര്‍ട്ടില്‍ കേരളത്തില്‍ ഒരു ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ അധികമാണെന്നും അതില്‍ 80,000 പേരെയെങ്കിലും ഒഴിവാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം. അന്ന് ആന്റണി പറഞ്ഞതെന്താ? - "ഇവറ്റകളെ തീറ്റിപ്പോറ്റാന്‍ മാത്രം ഖജനാവ് തുറന്നുവെയ്ക്കുന്നതെന്തിന്?'' എന്നായിരുന്നല്ലോ പഴയ 'ആദര്‍ശ ധീരന്റെ' പ്രസ്താവന.

    അധികാരത്തില്‍ വന്ന ആദ്യ മാസങ്ങളില്‍ തന്നെ (6 മാസത്തിനകം) ബസ് ചാര്‍ജ്ജും കറന്റ് ചാര്‍ജ്ജും കുത്തനെ കൂട്ടിയ, സ്കൂള്‍, കോളേജ് ഫീസുകള്‍ ക്രമാതീതമായി ഉയര്‍ത്തിയ യുഡിഎഫ് സര്‍ക്കാര്‍ ചികില്‍സാ ചെലവും റേഷന്‍ അരിയുടെ വിലയും കൂടി വര്‍ദ്ധിപ്പിച്ച് തങ്ങളുടെ 'ആം ആദ്മി' പ്രതിബദ്ധത പ്രകടിപ്പിച്ചിരുന്നു. ഇത്രയും കടുത്ത നടപടികളെത്തുടര്‍ന്ന് ഇനിയും 'മുണ്ടുമുറുക്കാന്‍' ഇല്ലെന്ന് പറഞ്ഞ് ശമ്പളപരിഷ്കരണം ചോദിച്ച ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അന്ന് യുഡിഎഫ് കൊടുത്തത് കുപ്രസിദ്ധമായ "കോവളം പ്രഖ്യാപനം'' ആയിരുന്നു. ഒപ്പം പത്ത് വര്‍ഷം മുമ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമപുസ്തകത്തില്‍നിന്ന് നീക്കം ചെയ്ത "ഡൈസ്നോണ്‍'' എന്ന കരിംഭൂതത്തെ വീണ്ടും തുറന്നുവിടുകയും ചെയ്തു.

    ഉമ്മന്‍ചാണ്ടിയുടെ കാര്‍മികത്വത്തില്‍ കോവളത്തുകൂടി യുഡിഎഫ് തീരുമാനിച്ചത്, 2002 ജനുവരി 16ന്റെ കറുത്ത ഉത്തരവിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയത് എന്തെല്ലാമെന്നോ?

        * സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനിമേല്‍ ഒന്നാം തീയതി ശമ്പളം കൊടുക്കേണ്ട. 15-ാം തീയതി കൊടുത്താല്‍ മതി.

        * 80,000 ജീവനക്കാര്‍ അധികമാണെന്ന പ്ളാനിങ് ബോര്‍ഡ് ശുപാര്‍ശ നടപ്പിലാക്കാന്‍ ആ തസ്തികകള്‍ കണ്ടെത്തി 1.4.2002നകം റിപ്പോര്‍ട്ട് നല്‍കാന്‍ ധനകാര്യ ചെലവ് ചുരുക്കല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം.

        * അതനുസരിച്ച് 'സ്വയം പിരിഞ്ഞുപോകാന്‍' ജീവനക്കാര്‍ക്ക് 'അവസരം'.

        * സര്‍ക്കാര്‍ ജീവനക്കാര്‍ ഇനിമേല്‍ അവധി വിറ്റ് കാശ് വാങ്ങേണ്ട എന്ന് തീരുമാനം (ലീവ് സറണ്ടര്‍ നിര്‍ത്തലാക്കി). 1967ല്‍ ഇ എം എസ് മന്ത്രിസഭ ജീവനക്കാര്‍ക്ക് നല്‍കിയ ഈ ആനുകൂല്യം ഇല്ലാതാക്കാന്‍ കരുണാകരനും ഉമ്മന്‍ചാണ്ടിയും 1982ലും 1992ലും തന്നെ നോക്കിയതാണ്. ഒടുവില്‍ 2002ല്‍ സാക്ഷാല്‍ക്കരിച്ചു.

        * പെന്‍ഷന്‍ കമ്യൂട്ടേഷന്‍ വെട്ടിക്കുറച്ചു.

        * 'ആദായകരമല്ലാത്ത' പള്ളിക്കൂടങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം. ദരിദ്രവാസികളുടെ മക്കള്‍ എന്തിനു പഠിക്കണം? അവര്‍ 'ബാലവേല'യ്ക്കു പോകട്ടെ.

        * പ്രൊട്ടക്ഷനിലുള്ള അധ്യാപകര്‍ വീട്ടിലിരുന്നാല്‍ മതി. കൂലിക്ക് പണിവേറെ നോക്കണം.

        * പുതുതായി സര്‍വീസില്‍ കയറുന്നവര്‍ക്ക് പെന്‍ഷന്‍ ഇല്ല. രണ്ടുവര്‍ഷക്കാലം അവര്‍ക്ക് ക്ഷാമബത്തയും മറ്റ് അലവന്‍സുകളും ഇല്ലാത്ത 'പരിശീലന കാലം'.

        * ഭവന നിര്‍മ്മാണ വായ്പ, വാഹന വായ്പ, കമ്പ്യൂട്ടര്‍ വായ്പ എന്നിവ എല്ലാം നിര്‍ത്തലാക്കി.

    ഇങ്ങനെ വെട്ടിക്കുറച്ചതൊന്നും തല്‍ക്കാലത്തേയ്ക്കുള്ള "കയ്പന്‍ കഷായം'' മാത്രമല്ലെന്നും കുറച്ചത് പുനഃസ്ഥാപിക്കില്ലെന്നും ആന്റണി ആവര്‍ത്തിച്ച് ഉറപ്പിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ആന്റണിയെ (യുഡിഎഫിനെ) അധികാരത്തിലേറ്റാന്‍ ഒട്ടേറെ വിയര്‍പ്പൊഴുക്കിയ അന്നത്തെ ഭരണവിലാസം നേതാക്കള്‍ ഇത് താല്‍ക്കാലിക നടപടിയാണെന്ന് ആന്റണിയെക്കൊണ്ട് പറയിക്കാനും അതിന്റെ പിന്‍ബലത്തില്‍ പണിമുടക്കില്‍നിന്ന് ഊരിപ്പോരാനും പഠിച്ച പണി പതിനെട്ടും പയറ്റി. ഒടുവില്‍ കാല് പിടിച്ച് കരഞ്ഞിട്ടുപോലും അന്ന് ആന്റണി കനിഞ്ഞില്ല എന്നത് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

    ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്തതിലും കഠോരമായിരുന്നു ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും മറ്റും പുലഭ്യം പറച്ചില്‍. "സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രം അങ്ങനെ സുഖിക്കണ്ട'' എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ തിരുമൊഴി. "സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു മാസം പുട്ടിക്കിടന്നാലും ഒരു ചുക്കും സംഭവിക്കില്ലെ''ന്നും "150 ദിവസം വിദ്യാലയത്തില്‍ എത്തുന്ന അധ്യാപകര്‍ 365 ദിവസത്തെ ശമ്പളം പറ്റുന്നു'' എന്നുമായിരുന്നു ആന്റണിയുടെ വെളിപാടുകള്‍. "ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തില്ലെങ്കില്‍ തൂക്കിക്കൊല്ലുമോ?'' എന്നായിരുന്നു ധനമന്ത്രി ശങ്കരനാരായണന്റെ ചോദ്യം. ഐസ്ക്രീം കുട്ടിയും റബര്‍ മാണിയും രാഘവനും ജേക്കബും ബാബു ദിവാകരനും ഉള്‍പ്പെടെ സര്‍വ ഞാഞ്ഞൂലുകളും പത്തിവിടര്‍ത്തി ആടിയ നാളുകളായിരുന്നല്ലോ അത്. പണിമുടക്കിയ ജീവനക്കാരെ തെരുവില്‍ നേരിടാന്‍ ഗുണ്ടാസംഘങ്ങളെയും ജാതിമത പ്രമാണിമാരെയും കയറൂരി വിട്ടതും ആന്റണി - ചാണ്ടി - ചെന്നിത്തല കോണ്‍ഗ്രസാണല്ലോ. ഈ ഓര്‍മകളെല്ലാം ഇന്നും സൂക്ഷിക്കുന്ന ജീവനക്കാര്‍ക്ക് ആര്‍ക്കെങ്കിലും യുഡിഎഫിന് അനുകൂലമായി ഒരക്ഷരം ഉരിയാടാനാകുമോ?

    എന്നാല്‍ ഇന്നോ? യുഡിഎഫ് ഭരണകാലത്ത് 17,000ല്‍ അധികം തസ്തിക വെട്ടിക്കുറയ്ക്കുന്നതിന്റെ മുന്നോടിയായി (അധികമെന്ന് പ്രഖ്യാപിച്ച 80,000 തസ്തികയിലെ ഒന്നാം ഗഡു) 11658 തസ്തിക വെട്ടിക്കുറച്ചപ്പോള്‍, എല്‍ഡിഎഫ് അധികാരമേറ്റതിനെ തുടര്‍ന്ന് 33865 തസ്തിക പുതുതായി സൃഷ്ടിച്ചു. നിയമന നിരോധനം ഉപേക്ഷിക്കുകയും രണ്ട് ലക്ഷത്തോളം പേരെ പിഎസ്സി വഴി നിയമിക്കുകയും ചെയ്തു. യുഡിഎഫ് കുടിശ്ശിക ഇട്ടിട്ട് പോയ 3 ഗഡു ഉള്‍പ്പെടെ ക്ഷാമബത്ത പൂര്‍ണമായും (89%) അനുവദിച്ചു. യുഡിഎഫ് നിര്‍ത്തലാക്കിയ ഭവനനിര്‍മ്മാണ വായ്പാ പദ്ധതി പുനഃസ്ഥാപിച്ചു. ക്ളാസ് ഫോര്‍ ജീവനക്കാരുടെ പ്രൊമോഷന്‍ ക്വാട്ട 10 ശതമാനമാക്കി ഉയര്‍ത്തി. ജീവനക്കാര്‍ക്ക് ഏറ്റവും അധികം ആനുകൂല്യങ്ങള്‍ ഉറപ്പാക്കി, പ്രക്ഷോഭമൊന്നും കൂടാതെ ശമ്പളപരിഷ്കരണം നടപ്പിലാക്കി. യഥാര്‍ത്ഥത്തില്‍ ഈ അഞ്ച് വര്‍ഷത്തിനിടയില്‍ രണ്ട് ശമ്പളപരിഷ്കരണമാണ് എല്‍ഡിഎഫ് നടപ്പിലാക്കിയത്. 2004 മുതലുള്ള ശമ്പളപരിഷ്കരണത്തില്‍ പരിഗണിക്കാതിരുന്ന പാര്‍ട്ട്ടൈം, കാഷ്വല്‍ ജീവനക്കാര്‍ക്ക് എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ഉടന്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചു. 2002നുശേഷം സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഇല്ല എന്ന യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവ് റദ്ദ് ചെയ്തു. ഇങ്ങനെ എണ്ണി എണ്ണിപ്പറയാന്‍ നേട്ടങ്ങളുടെ നീണ്ട പട്ടിക തന്നെ ഉണ്ട്. ജീവനക്കാര്‍ക്കു മാത്രമല്ല, പെന്‍ഷന്‍കാരെ സംബന്ധിച്ചിടത്തോളവും എല്‍ഡിഎഫ് ഭരണകാലം 'സുവര്‍ണ കാലം' എന്ന് നിസ്സംശയം പറയാനാകും. അപ്പോള്‍ ഈ ഭരണം തന്നെ തുടരണമെന്നല്ലാതെ മറിച്ചു ചിന്തിക്കാന്‍ ജീവനക്കാര്‍ക്കോ പെന്‍ഷന്‍കാര്‍ക്കോ പറ്റുമോ?

ജി വിജയകുമാര്‍ chintha weekly 180311

1 comment:

  1. ഉമ്മന്‍ചാണ്ടിയുടെ കാര്‍മികത്വത്തില്‍ കോവളത്തുകൂടി യുഡിഎഫ് തീരുമാനിച്ചത്, 2002 ജനുവരി 16ന്റെ കറുത്ത ഉത്തരവിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയത് എന്തെല്ലാമെന്നോ?

    * സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനിമേല്‍ ഒന്നാം തീയതി ശമ്പളം കൊടുക്കേണ്ട. 15-ാം തീയതി കൊടുത്താല്‍ മതി.

    * 80,000 ജീവനക്കാര്‍ അധികമാണെന്ന പ്ളാനിങ് ബോര്‍ഡ് ശുപാര്‍ശ നടപ്പിലാക്കാന്‍ ആ തസ്തികകള്‍ കണ്ടെത്തി 1.4.2002നകം റിപ്പോര്‍ട്ട് നല്‍കാന്‍ ധനകാര്യ ചെലവ് ചുരുക്കല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം.

    * അതനുസരിച്ച് 'സ്വയം പിരിഞ്ഞുപോകാന്‍' ജീവനക്കാര്‍ക്ക് 'അവസരം'.

    * സര്‍ക്കാര്‍ ജീവനക്കാര്‍ ഇനിമേല്‍ അവധി വിറ്റ് കാശ് വാങ്ങേണ്ട എന്ന് തീരുമാനം (ലീവ് സറണ്ടര്‍ നിര്‍ത്തലാക്കി). 1967ല്‍ ഇ എം എസ് മന്ത്രിസഭ ജീവനക്കാര്‍ക്ക് നല്‍കിയ ഈ ആനുകൂല്യം ഇല്ലാതാക്കാന്‍ കരുണാകരനും ഉമ്മന്‍ചാണ്ടിയും 1982ലും 1992ലും തന്നെ നോക്കിയതാണ്. ഒടുവില്‍ 2002ല്‍ സാക്ഷാല്‍ക്കരിച്ചു.

    * പെന്‍ഷന്‍ കമ്യൂട്ടേഷന്‍ വെട്ടിക്കുറച്ചു.

    * 'ആദായകരമല്ലാത്ത' പള്ളിക്കൂടങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം. ദരിദ്രവാസികളുടെ മക്കള്‍ എന്തിനു പഠിക്കണം? അവര്‍ 'ബാലവേല'യ്ക്കു പോകട്ടെ.

    * പ്രൊട്ടക്ഷനിലുള്ള അധ്യാപകര്‍ വീട്ടിലിരുന്നാല്‍ മതി. കൂലിക്ക് പണിവേറെ നോക്കണം.

    * പുതുതായി സര്‍വീസില്‍ കയറുന്നവര്‍ക്ക് പെന്‍ഷന്‍ ഇല്ല. രണ്ടുവര്‍ഷക്കാലം അവര്‍ക്ക് ക്ഷാമബത്തയും മറ്റ് അലവന്‍സുകളും ഇല്ലാത്ത 'പരിശീലന കാലം'.

    * ഭവന നിര്‍മ്മാണ വായ്പ, വാഹന വായ്പ, കമ്പ്യൂട്ടര്‍ വായ്പ എന്നിവ എല്ലാം നിര്‍ത്തലാക്കി.

    ReplyDelete