എം ജെ ജേക്കബ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരിക്കെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ പാലം പണിയാന്‍ തീരുമാനമായി. ജില്ലാ പഞ്ചായത്ത്വഴി നബാര്‍ഡില്‍നിന്ന് പണം കണ്ടെത്താന്‍ ശ്രമം നടന്നെങ്കിലും കിട്ടാവുന്നതു മുഴുവന്‍ അതിനുമുമ്പേ വാങ്ങിയതിനാല്‍ പദ്ധതി നടന്നില്ല. ആ ഘട്ടത്തിലാണ് 2006ല്‍ എം ജെ എംഎല്‍എ ആകുന്നത്. ഇതോടെ സ്വപ്നത്തിന് ചിറകുമുളച്ചു. 5.5 മീറ്റര്‍ വീതിയില്‍ പാലം പണിയാന്‍ തീരുമാനമായി. ഇതിനിടെ വന്ന സാമ്പത്തികമാന്ദ്യം പാലം വീണ്ടും ത്രിശങ്കുവിലാക്കി. പക്ഷേ എം ജെയുടെ സമ്മര്‍ദഫലമായി ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ മാന്ദ്യവിരുദ്ധ പാക്കേജില്‍ കളമ്പൂര്‍ പാലവും ഇടംനേടി. 5.5 മീറ്ററെന്ന പഴയ വീതി ഉപേക്ഷിച്ച് നാളെയെ മുന്നില്‍ക്കണ്ട് 7.5 മീറ്റര്‍ വീതിയും ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതമുള്ള നടപ്പാതകളുമായി പാലം പണിതുടങ്ങി. പദ്ധതി തുകയായി ഒമ്പതുകോടി രൂപയും 2010ലെ ബജറ്റില്‍ വകയിരുത്തി. ആ തുക ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന പാലം ചൂണ്ടിക്കാട്ടി "ഇതും ഞങ്ങളുടെ സംഭാവനയാണെന്ന്" കളമ്പൂര്‍ക്കാരെ വിശ്വസിപ്പിക്കാന്‍ യുഡിഎഫുകാര്‍ ശ്രമിച്ചു. ആ ശ്രമം വിലപ്പോകാതെ വന്നതോടെ ആവശ്യത്തിന് മണല്‍ നല്‍കാതെ പണി പരമാവധി വൈകിപ്പിക്കുകവരെ ചെയ്തു.
വികസനനേട്ടങ്ങളുടെ പട്ടിക നിരത്താന്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുമ്പ് ഒന്നരക്കിലോമീറ്റര്‍ അകലെ കളമ്പൂക്കാവില്‍ തൂക്കുപാലത്തിന് തറക്കല്ലിടാനും യുഡിഎഫ് നേതൃത്വം മറന്നില്ല. നിര്‍മാണത്തിനായി ചില്ലിത്തുക നീക്കിവയ്ക്കാതെയാണ് തൂക്കുപാലത്തിന് കല്ലിട്ടത്. കല്ലില്‍ പുല്ലുവളര്‍ന്നാലും പാലം വരില്ലെന്ന് നാട്ടുകാര്‍ക്കറിയാം. പിറവം-മണീട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് അഞ്ചുകോടി രൂപ മുടക്കി നിര്‍മിച്ച നെച്ചൂര്‍കടവ് പാലത്തിന്റെ കഥയും ഏറെക്കുറെ സമാനമാണ്. എം ജെ എംഎല്‍എ ആയിരുന്ന കാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ പാലത്തില്‍ യുഡിഎഫ് സര്‍ക്കാരിന് ജോലി അപ്രോച്ച് റോഡിന്റെ ടാറിങ് മാത്രമായിരുന്നു. മൂന്നുവര്‍ഷം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ തീര്‍ത്ത പാലത്തിനെ സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി ഉദ്ഘാടന മാമാങ്കം നടത്തി. ആശംസയര്‍പ്പിക്കാന്‍പോലും എം ജെയെ വിളിക്കാതെ തങ്ങളുടെ രാഷ്ട്രീയമര്യാദ യുഡിഎഫ് തെളിയിച്ചു.
deshabhimani 090312
No comments:
Post a Comment