Thursday, March 24, 2011

ശമ്പളമല്ല, ജയില്‍: ഭരണം നിലച്ച 32 ദിവസങ്ങള്‍

കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളെല്ലാം അന്ന് ഒഴിഞ്ഞുകിടക്കുകയായിരുന്നു. വനിതകളടക്കമുള്ള ജീവനക്കാരും അധ്യാപകരും ജയിലുകളിലും ലോക്കപ്പുകളിലും തെരുവോരങ്ങളിലെ സമരമുഖങ്ങളിലും. കേരളത്തിലെ ഭരണ സംവിധാനം അക്ഷരാര്‍ഥത്തില്‍ നിശ്ചലമായിരുന്നു. രാത്രി വീടുവളഞ്ഞും യാത്രാവേളയില്‍ ബസ് തടഞ്ഞുനിര്‍ത്തിയും മറ്റും കേരളത്തിലങ്ങോളമിങ്ങോളം എസ്മ പ്രകാരം അറസ്റുചെയ്യപ്പെട്ടത് 533 പേര്‍. ഇവരില്‍ 36 പേര്‍ വനിതകള്‍. 2002 ഫെബ്രുവരി ആറുമുതല്‍ മാര്‍ച്ച് ഒമ്പതുവരെയുള്ള 32 ദിവസങ്ങള്‍ കേരളത്തിലെ ജീവനക്കാരുടെയും അധ്യാപകരുടെയും സമരചരിത്രത്തിലെ അടിച്ചമര്‍ത്തലുകളുടെയും ചെറുത്തുനില്‍പ്പിന്റെയും ഐതിഹാസിക നാളുകളായിരുന്നു. ജീവനക്കാരുടെ ഓര്‍മയില്‍ ഇന്നും ഭീതിയുണര്‍ത്തുന്ന കാലം. ശമ്പളം വെട്ടിക്കുറയ്ക്കാനും ആനുകൂല്യങ്ങള്‍ നിഷേധിക്കാനുമുള്ള എ കെ ആന്റണി സര്‍ക്കാരിന്റെ നീക്കത്തിനെതിരെയാണ് അന്ന് ജീവനക്കാരും അധ്യാപകരും അനിശ്ചിതകാല പണിമുടക്ക് നടത്തിയത്. ചര്‍ച്ചയ്ക്കുപകരം പൊലീസിനെയും ഗുണ്ടകളെയും ഇറക്കി പ്രക്ഷോഭം അടിച്ചമര്‍ത്താനാണ് ആദര്‍ശവാനായ ആന്റണിയും യുഡിഎഫും തുനിഞ്ഞത്. അമ്മ മരിച്ച് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് മലപ്പുറം ജില്ലയിലെ ചങ്ങരംകുളം ട്രഷറി ജീവനക്കാരന്‍ ലക്ഷമണനെ പൊലീസ് പിടികൂടിയത്. ജയിലിലായ ലക്ഷ്മണന് അമ്മയുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ കോടതി 10 മണിക്കൂര്‍ അനുവദിച്ചു. അടുത്ത ദിവസം ലക്ഷ്മണന്റെ സഹോദരനും മരിച്ചു. എന്നാല്‍, സഹോദരന്റെ ശവശരീരം കാണാന്‍പോലും അദ്ദേഹത്തെ സര്‍ക്കാര്‍ അനുവദിച്ചില്ല. റിമാന്‍ഡുചെയ്ത ജീവനക്കാരെ ക്രിമിനല്‍ തടവുകാര്‍ക്കൊപ്പമാണ് സെല്ലുകളിലടച്ചത്. വനിതാജീവനക്കാരെയടക്കം ക്രിമിനല്‍ തടവുകാര്‍ക്കൊപ്പം പാര്‍പ്പിച്ചതിനെ മനുഷ്യാവകാശ കമീഷനടക്കം വിമര്‍ശിച്ചെങ്കിലും സര്‍ക്കാര്‍ കുലുങ്ങിയില്ല.

1977നു ശേഷം കേരളം കണ്ട ജീവനക്കരുടെ ഏറ്റവും ദീര്‍ഘമായ പണിമുടക്ക് ഏതെങ്കിലും പുതിയ ആനുകൂല്യത്തിനോ ശമ്പളവര്‍ധനവിനോ ആയിരുന്നില്ല. കിട്ടിക്കൊണ്ടിരുന്ന ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കുന്നതിനെതിരെയായിരുന്നു. 2001 ജുണ്‍ 16ന് ആന്റണി സര്‍ക്കാര്‍ പുറപ്പെടുവിച്ച ധവളപത്രത്തില്‍ സാമ്പത്തികപ്രതിസന്ധി മുറിച്ചു കടക്കുന്നതിന് മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ വൈദ്യുതിനിരക്ക്, ബസ് ചാര്‍ജ് വര്‍ധനകളോടൊപ്പം ജീവനക്കാരുടെ ശമ്പളം 10 ശതമാനം എമ്പൌണ്ട് ചെയ്യുന്നതിനും ഗ്രാറ്റുവിറ്റിയും പെന്‍ഷന്‍ കമ്യൂട്ടേഷനും തടഞ്ഞുവയ്ക്കുന്നതിനും പ്രൊവിഡന്റ് ഫണ്ട് വായ്പയക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും അധ്യാപകരുടെ പ്രൊട്ടക്ഷന്‍ അവസാനിപ്പിക്കുന്നതിനുമുള്ള നിര്‍ദേശങ്ങളാണ് ഉണ്ടായിരുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ 60,000 തസ്തിക അധികപ്പറ്റാണെന്ന് സംസ്ഥാന ആസൂത്രണ കമീഷനും 'കണ്ടെത്തി'യിരുന്നു. എല്ലാ സാമൂഹ്യസുരക്ഷാമേഖലയില്‍നിന്നും സര്‍ക്കാര്‍ പിന്മാറുകയെന്ന കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു യുഡിഎഫ് സര്‍ക്കാറിന്റെ നടപടി.

2002 ജനുവരി എട്ടിന് ചേര്‍ന്ന യുഡിഎഫ് നേതൃയോഗം ജീവനക്കാരുടെ വേതനം വെട്ടിച്ചുരുക്കുന്നതിനും തസ്തിക വെട്ടിക്കുറയ്ക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ മന്ത്രിസഭയ്ക്ക് നിര്‍ദേശം നല്‍കി. നിരവധി തവണ ജീവനക്കാര്‍ പ്രതിഷേധം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് ജീവനക്കാരുടെ സംഘടനകള്‍ ചേര്‍ന്ന് ഐക്യവേദി രൂപീകരിച്ച് പണിമുടക്കിനിറങ്ങിയത്. 2002 ജനുവരി 23ന് ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 1997ല്‍ നായനാര്‍ സര്‍ക്കാര്‍ കുഴിച്ചുമൂടിയ കരി നിയമത്തിന് വീണ്ടും ജീവന്‍ കൊടുക്കുകയായിരുന്നു എ കെ ആന്റണി.

എന്നാല്‍, ഈ കരിനിയമങ്ങളെയും മാര്‍ഗരേഖയെയും തള്ളിക്കളഞ്ഞാണ് കേരളത്തിലെ ജീവനക്കാര്‍ സമരത്തിനിറങ്ങിയത്. പണിമുടക്കില്‍ നിന്ന് പിന്മാറാന്‍ സെറ്റോ നേതാക്കള്‍ക്ക് കെപിസിസി നിര്‍ദേശം നല്‍കിയെങ്കിലും അവര്‍ നിര്‍ദേശം തള്ളി. അഞ്ചുലക്ഷത്തിലധികം ജീവനക്കാര്‍ പങ്കെടുത്ത പണിമുടക്ക് 2002 ഫെബ്രുവരി ആറിന് ആരംഭിച്ച് മാര്‍ച്ച് ഒമ്പതിനാണ് അവസാനിച്ചത്. എന്നാല്‍, ഇത് ആന്റണി സര്‍ക്കാരിന്റെ കാലത്തെ മാത്രം അനുഭവമായിരുന്നില്ല. പണിമുടക്കും പ്രക്ഷോഭവുമില്ലാതെ ശമ്പളപരിഷ്കരണമോ ക്ഷാമബത്തയോ ഒരു യുഡിഎഫ് ഭരണകാലത്തും ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല.

ദേശാഭിമാനി 240311

ഇതും വായിക്കാം.

ഓര്‍മ്മയുണ്ടോ ജീവനക്കാരുടെ പോക്കറ്റടിച്ച യുഡിഎഫ് ഭരണകാലം?

1 comment:

  1. കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളെല്ലാം അന്ന് ഒഴിഞ്ഞുകിടക്കുകയായിരുന്നു. വനിതകളടക്കമുള്ള ജീവനക്കാരും അധ്യാപകരും ജയിലുകളിലും ലോക്കപ്പുകളിലും തെരുവോരങ്ങളിലെ സമരമുഖങ്ങളിലും. കേരളത്തിലെ ഭരണ സംവിധാനം അക്ഷരാര്‍ഥത്തില്‍ നിശ്ചലമായിരുന്നു. രാത്രി വീടുവളഞ്ഞും യാത്രാവേളയില്‍ ബസ് തടഞ്ഞുനിര്‍ത്തിയും മറ്റും കേരളത്തിലങ്ങോളമിങ്ങോളം എസ്മ പ്രകാരം അറസ്റുചെയ്യപ്പെട്ടത് 533 പേര്‍. ഇവരില്‍ 36 പേര്‍ വനിതകള്‍. 2002 ഫെബ്രുവരി ആറുമുതല്‍ മാര്‍ച്ച് ഒമ്പതുവരെയുള്ള 32 ദിവസങ്ങള്‍ കേരളത്തിലെ ജീവനക്കാരുടെയും അധ്യാപകരുടെയും സമരചരിത്രത്തിലെ അടിച്ചമര്‍ത്തലുകളുടെയും ചെറുത്തുനില്‍പ്പിന്റെയും ഐതിഹാസിക നാളുകളായിരുന്നു. ജീവനക്കാരുടെ ഓര്‍മയില്‍ ഇന്നും ഭീതിയുണര്‍ത്തുന്ന കാലം. ശമ്പളം വെട്ടിക്കുറയ്ക്കാനും ആനുകൂല്യങ്ങള്‍ നിഷേധിക്കാനുമുള്ള എ കെ ആന്റണി സര്‍ക്കാരിന്റെ നീക്കത്തിനെതിരെയാണ് അന്ന് ജീവനക്കാരും അധ്യാപകരും അനിശ്ചിതകാല പണിമുടക്ക് നടത്തിയത്. ചര്‍ച്ചയ്ക്കുപകരം പൊലീസിനെയും ഗുണ്ടകളെയും ഇറക്കി പ്രക്ഷോഭം അടിച്ചമര്‍ത്താനാണ് ആദര്‍ശവാനായ ആന്റണിയും യുഡിഎഫും തുനിഞ്ഞത്. അമ്മ മരിച്ച് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് മലപ്പുറം ജില്ലയിലെ ചങ്ങരംകുളം ട്രഷറി ജീവനക്കാരന്‍ ലക്ഷമണനെ പൊലീസ് പിടികൂടിയത്. ജയിലിലായ ലക്ഷ്മണന് അമ്മയുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ കോടതി 10 മണിക്കൂര്‍ അനുവദിച്ചു. അടുത്ത ദിവസം ലക്ഷ്മണന്റെ സഹോദരനും മരിച്ചു. എന്നാല്‍, സഹോദരന്റെ ശവശരീരം കാണാന്‍പോലും അദ്ദേഹത്തെ സര്‍ക്കാര്‍ അനുവദിച്ചില്ല. റിമാന്‍ഡുചെയ്ത ജീവനക്കാരെ ക്രിമിനല്‍ തടവുകാര്‍ക്കൊപ്പമാണ് സെല്ലുകളിലടച്ചത്. വനിതാജീവനക്കാരെയടക്കം ക്രിമിനല്‍ തടവുകാര്‍ക്കൊപ്പം പാര്‍പ്പിച്ചതിനെ മനുഷ്യാവകാശ കമീഷനടക്കം വിമര്‍ശിച്ചെങ്കിലും സര്‍ക്കാര്‍ കുലുങ്ങിയില്ല.

    ReplyDelete