Thursday, February 10, 2011

സംസ്ഥാന വാര്‍ത്തകള്‍ 9

റോഡരികില്‍ പൊതുപരിപാടി: ബില്‍ ഈ സഭയില്‍

ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയോ സിറ്റി പൊലീസ് കമീഷണര്‍മാരുടെയോ അനുവാദത്തോടെ റോഡരികില്‍ പൊതുയോഗവും പൊതുതാല്‍പ്പര്യമുള്ള മറ്റു പരിപാടികളും നടത്താന്‍ അവസരം നല്‍കുന്ന ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. റോഡരികിലെ പൊതുയോഗം നിരോധിച്ച ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് പ്രത്യേക നിയമനിര്‍മാണം നടത്തുന്നതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബില്‍ ഈ നിയമസഭാസമ്മേളനത്തില്‍ത്തന്നെ പാസാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതുയോഗമോ ആറ്റുകാല്‍ പൊങ്കാല അടക്കമുള്ള മറ്റു പരിപാടികളോ നടത്തുന്നതില്‍ ഹൈക്കോടതി ഉത്തരവ് തടസ്സമാകുന്നത് ഒഴിവാക്കുകയും സുഗമമായ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തുകയുമാണ് കേരള പൊതുനിരത്തുകള്‍ (പൊതുയോഗങ്ങളും ഘോഷയാത്രകളും നിയന്ത്രിക്കല്‍) ബില്ലിന്റെ ലക്ഷ്യം. റോഡ് ഗതാഗതം തടസ്സപ്പെടാത്ത നിലയിലും നടപ്പാതകളിലൂടെ സഞ്ചരിക്കാനുള്ള അവസരം പൂര്‍ണമായും നിലനിര്‍ത്തിയും അവശേഷിക്കുന്ന സ്ഥലത്ത് പൊതുപരിപാടികള്‍ നടത്താന്‍ അവസരമുണ്ടാകും. കച്ചവടം, സമ്മേളനം, കൂട്ടംചേരല്‍, ജാഥ തുടങ്ങിയവ നടത്തി പൊതുനിരത്ത് തടസ്സപ്പെടുത്തരുതെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. റോഡുകളും ഗതാഗതവും പൂര്‍ണമായും തടഞ്ഞ് പ്രകടനം നടത്താന്‍ പാടില്ല. അതേസമയം, പൊതുനിരത്തുകളിലെ യാത്രയ്ക്ക് ജില്ലാ പൊലീസ് മേധാവിക്ക് 24 മണിക്കൂറില്‍ കൂടാത്ത നിയന്ത്രണം ഏര്‍പ്പെടുത്താം. പരമ്പരാഗത ഉത്സവങ്ങള്‍, സുരക്ഷാക്രമീകരണങ്ങള്‍, പൊതുസമ്മേളനങ്ങള്‍, പൊതുപ്രകടനങ്ങള്‍, ജാഥകള്‍ എന്നിവ നടക്കുന്ന സന്ദര്‍ഭത്തിലാണ് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താവുന്നത്. പൊതുനിരത്തിന്റെ ഭാഗം പരിപാടികള്‍ക്ക് ആവശ്യമുള്ളവര്‍ ഏഴ് ദിവസം മുമ്പ്് അപേക്ഷിക്കണം. നിയമലംഘനത്തിന് ഒരു വര്‍ഷം വരെ തടവോ പിഴയോ നല്‍കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

യുഡിഎഫ് ഇന്നത്തെ നിലയില്‍ തുടരില്ല: കോടിയേരി

യുഡിഎഫ് ഇന്നത്തെ നിലയില്‍ തുടരാന്‍ പോകുന്നില്ലെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. പാര്‍ലമെന്റ്, പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരില്‍ അവര്‍ ജനങ്ങളെ പീഡിപ്പിക്കയാണ്. എല്‍ഡിഎഫിന് ജനങ്ങളില്‍ വിശ്വാസമാണ്. വികസന സംസ്ഥാനം എന്ന നിലയില്‍ കേരളത്തെ എത്തിച്ചു. അതിന്റെ തുടര്‍ച്ചയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളുടെ ഫലമായാണ് സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ ഇല്ലാതായത്. ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യ തുടരുകയാണ്. ക്രമസമാധാന നിലയില്‍ ഉള്‍പ്പെടെ പല മേഖലകളിലും കേരളം മുന്‍പന്തിയിലാണ്. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേരള പൊലീസിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു.

മാധ്യമപ്രവര്‍ത്തകയായ ഷാഹിനയ്ക്കെതിരെ കര്‍ണാടക പൊലീസ് കേസ് രജിസ്റര്‍ചെയ്തതില്‍ സംസ്ഥാനത്തിന്റെ നിലപാട് അറിയിക്കും. മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ ഷാഹിനയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് ഇടപെടും. നിയമസഭയുടെ തീരുമാനമായി ഇക്കാര്യം അറിയിക്കും. കര്‍ണാടക പൊലീസിന് ഈ കേസില്‍ പ്രത്യേക സമീപനമാണെന്ന് കോടിയേരി പറഞ്ഞു.

കേന്ദ്രം പുനരധിവാസ പാക്കേജ് അനുവദിച്ചില്ലെങ്കില്‍ ബദല്‍ തേടും

ദേശീയപാത വികസനം മുടങ്ങാതിരിക്കാന്‍ 2000 കോടി രൂപയുടെ പുനരധിവാസ പാക്കേജ് കേന്ദ്രാനുമതിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് മന്ത്രി എം വിജയകുമാര്‍ നിയമസഭയില്‍ അറിയിച്ചു. പാക്കേജ് കേന്ദ്രം അനുവദിക്കുന്നില്ലെങ്കില്‍ ബദല്‍ നടപടികള്‍ ആലോചിക്കും. കെഎസ്ടിപി രണ്ടാംഘട്ടത്തില്‍ 1031 കോടി രൂപയുടെ വായ്പയാണ് കേന്ദ്രമന്ത്രാലയം ലോകബാങ്കിന് ശുപാര്‍ശചെയ്തത്. പദ്ധതിയുടെ പ്രധാന ഘടകമായ റോഡ് പുനരുദ്ധാരണത്തിനു ഉള്‍പ്പെടുത്തേണ്ട സംസ്ഥാന പാതകള്‍ ഏതെന്നു തീരുമാനിച്ചിട്ടുണ്ട്. അവയുടെ സ്ഥലമെടുപ്പ് 98 ശതമാനം പൂര്‍ത്തിയായി. രണ്ടാംഘട്ട പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 2009 ഏപ്രില്‍ പത്തിന് 1356 കോടി രൂപ വായ്പ എടുക്കാന്‍ അനുമതി നല്‍കി. പ്രാഥമിക രൂപരേഖ ഉണ്ടാക്കി കേന്ദ്രത്തിനു സമര്‍പ്പിച്ചു. 2011 ജനുവരി ഏഴിനു ധനസഹായം നല്‍കാന്‍ ലോകബാങ്കിനോട് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശചെയ്തു. രണ്ടാംഘട്ട പദ്ധതിയില്‍ എട്ടു റോഡാണ് വികസിപ്പിക്കുന്നതെന്നും ജി കാര്‍ത്തികേയന്‍, ഷുക്കൂര്‍, കെ ബാബു, എ പി അബ്ദുള്ളക്കുട്ടി എന്നിവരെ മന്ത്രി അറിയിച്ചു. കെഎസ്ടിപി റോഡുകള്‍ക്ക് അടക്കം അഞ്ച് വര്‍ഷത്തേക്കുള്ള ഗുണനിലവാര ഉറപ്പ് കരാറുകാര്‍ നല്‍കണമെന്ന് വ്യവസ്ഥചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ റോഡുപണി എന്നതാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു.

വല്ലാര്‍പാടം പുനരധിവാസം ഉദാരവ്യവസ്ഥകളോടെ: മന്ത്രി കെ പി രാജേന്ദ്രന്‍

വല്ലാര്‍പാടം പദ്ധതിക്കായി കുടിയൊഴിപ്പിക്കുന്നവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ ഏറ്റവും ഉദാരമായ വ്യവസ്ഥകളോടെയുള്ള പുനരധിവാസ പാക്കേജ് നടപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ പി രാജേന്ദ്രന്‍ അറിയിച്ചു. ഡൊമനിക് പ്രസന്റേഷന്റെ സബ്മിഷന് മറുപടിയിലാണ് മന്ത്രി ഇതറിയിച്ചത്. കേന്ദ്രസര്‍ക്കാര്‍ പുനരധിവാസ പാക്കേജിനെക്കുറിച്ച് ആലോചിക്കുന്നതേയുള്ളൂ. സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കുന്ന എല്ലായിടങ്ങളിലും ഈ രീതിയില്‍ പുനരധിവാസമൊരുക്കും. രാജ്യത്തിനാകെ മാതൃകയാണ് ഈ പുനരധിവാസപദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

പുനരധിവാസവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം ചിലര്‍ സംഘടിപ്പിക്കുകയാണ്. പാക്കേജിന് അര്‍ഹരായ 297 കുടുംബത്തിനും പാക്കേജിന്റെയും കോടതിവിധികളുടെയും അടിസ്ഥാനത്തില്‍ ഈ ഇനത്തില്‍ 297 കുടുംബത്തിനായി 6.5 കോടി രൂപ സര്‍ക്കാരിന് ചെലവു വന്നു. മൂലമ്പള്ളിയിലുള്ള 11 കുടുംബത്തിനുമാത്രമായി 74.1 ലക്ഷം രൂപ ചെലവ് വന്നു. ഇതില്‍ ഒരു കുടുംബത്തിന് ഉദ്ദേശം 6.73 ലക്ഷം രൂപ വരും. ഇതിനു പുറമെ സ്പെഷ്യല്‍ റീഹാബിലിറ്റേഷന്‍ പാക്കേജ് ഇനത്തില്‍ 3.86 കോടി രൂപ അര്‍ഹത അനുസരിച്ചും നല്‍കി. പദ്ധതിക്കായി ഒരു കുടുംബത്തിന് ഏകദേശം 13.75 ലക്ഷം രൂപ സര്‍ക്കാരിന് ബാധ്യതയുണ്ട്. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടു വയ്ക്കാന്‍ സര്‍ക്കാര്‍ സ്ഥലം നല്‍കുകയും പണി പൂര്‍ത്തിയാകുന്നതുവരെ താമിസക്കാന്‍ 5000 രൂപ വാടകയും 10,000 രൂപ വീടുമാറ്റത്തിനുള്ള ചെലവുകള്‍ക്കായി നല്‍കിയെന്നും മന്ത്രി അറിയിച്ചു.

വിജിലന്‍സ് കേസില്‍ മുനീറിന് കുറ്റപത്രം

തൃശൂര്‍: യുഡിഎഫ് ഭരണകാലത്തെ പൊതുമരാമത്ത് അഴിമതി കേസില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രിയും മുസ്ളിംലീഗ് നേതാവുമായ എം കെ മുനീറിനെ ഒന്നാംപ്രതിയാക്കി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മുനീറടക്കം 11പേര്‍ക്കെതിരെയാണ് കോഴിക്കോട് വിജിലന്‍സ് ഡിവൈഎസ്പി പി പി ഉണ്ണിക്കൃഷ്ണന്റെ കുറ്റപത്രം സമര്‍പ്പിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ മഞ്ചേരി ഡിവിഷന്റെ കീഴില്‍ മൊറയൂരില്‍നിന്ന് വളാഞ്ചേരി-അരിമ്പ്ര - നെടിയിരുപ്പ് വഴി ഹരിജന്‍ കോളനിയിലേക്കുള്ള റോഡിന്റെ നിര്‍മാണത്തിന് ടെന്‍ഡര്‍ വിളിക്കാതെ പണി നല്‍കി 27ലക്ഷം രൂപ നഷ്ടം വരുത്തിയെന്നാണ് കേസ്. ഇവര്‍ക്കെതിരെ ഗൂഢാലോചന, പൊതുമരാമത്ത് നിയമാവലിയുടെ ലംഘനം, ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി. രണ്ടുമുതല്‍ ഏഴുവരെയുള്ള പ്രതികളായ മലപ്പുറം കൊളപ്പാടന്‍ അലിയാര്‍, ടി പി അബ്ദുള്ള, പി കെ മുഹമ്മദ് അഷ്റഫ്, പി അബ്ദുള്‍ മജീദ്, മേല്‍മുറിയിലെ അബ്ദുള്‍ റഫീക്, കെ എം അക്ബര്‍ എന്നിവര്‍ കരാറുകാരാണ്. പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനിയറുടെ പേഴ്സണല്‍ അസിസ്റ്റന്റ് ബി എം പോള്‍സ, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ പി മുഹമ്മദ്, സുപ്രണ്ടിങ് എന്‍ജിനിയര്‍മാരായ കെ പി പ്രഭാകരന്‍, പി എം മുഹമ്മദ് എന്നിവരാണ് മറ്റുപ്രതികള്‍.

2003 -2006 കാലഘട്ടത്തില്‍ എസ്റ്റിമേറ്റ് തുകയേക്കാള്‍ പത്ത് ശതമാനം അധിക തുകയ്ക്ക് റോഡ് നിര്‍മാണകരാര്‍ നല്‍കി 27,83,451 രൂപ സര്‍ക്കാരിന് നഷ്ടം വരുത്തിയെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2005 ഡിസംബര്‍ 12നാണ് എം കെ മുനീര്‍ റോഡ് നിര്‍മാണത്തിന് അനുമതി നല്‍കിയത്. ഏഴു കോടി 35 ലക്ഷം രൂപയ്ക്കായിരുന്നു കരാര്‍. പിന്നീട് ഈ പ്രവൃത്തിക്ക് എസ്റ്റിമേറ്റ് തുകയേക്കാള്‍ പത്ത് ശതമാനം തുക വര്‍ധിപ്പിച്ചു നല്‍കി. ഇത് ധനവകുപ്പിന്റെ അനുമതിയോടെയായിരുന്നില്ല. യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കേണ്ട ജോലി എന്ന കാരണമാണ് ഇതിന് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, 2008ല്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചപ്പോഴും ഈ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായില്ല. മഞ്ചേരി ഡിവിഷന്റെ കീഴില്‍ ഇതേ കാലയളവില്‍ മറ്റു റോഡുകളുടെ നിര്‍മാണവും നടന്നിരുന്നു. ടെന്‍ഡര്‍ വിളിച്ചുനല്‍കിയ സമാന റോഡുകളുടെ നിര്‍മാണത്തിന് ഇത്രയും തുക ചെലവായിട്ടില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഒന്നാം പ്രതി മുനീര്‍ നേരത്തേ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു.

വികസനവിരോധികളെന്ന് ആക്ഷേപിച്ചവര്‍ നാടിന്റെ മുന്നേറ്റം കാണണം: മന്ത്രി കെ പി രാജേന്ദ്രന്‍

കൊല്ലം: എല്‍ഡിഎഫിനെ വികസനവിരോധികളെന്ന് ആക്ഷേപിച്ചവര്‍ നാട്ടിലുണ്ടായ വികസനമുന്നേറ്റം കണ്ണുതുറന്ന് കാണണമെന്ന് റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു. കേരളത്തിന്റെ വികസനം രാജ്യത്തിന് മഹനീയ മാതൃകയാണെന്ന് ചാലിയം കടപ്പുറത്ത് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി പ്രഖ്യാപിച്ചത് ജനത്തിന് എല്‍ഡിഎഫ് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയതിന്റെ തെളിവാണെന്നും കെ പി രാജേന്ദ്രന്‍ പറഞ്ഞു. കൊല്ലം താലൂക്ക് ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

രാജ്യശ്രദ്ധ നേടിയ ഒട്ടേറെ പദ്ധതികളാണ് ഇക്കാലയളവില്‍ ഉണ്ടായത്. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതി 11ന് പ്രധാനമന്ത്രി നാടിനു സമര്‍പ്പിക്കും. മലപ്പുറത്ത് ചമ്രവട്ടം പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും. കൊടുങ്ങല്ലൂരില്‍ ഒരു പാലത്തിനുവേണ്ടി മാത്രം 92 കോടിയാണ് അനുവദിച്ചത്. നാദാപുരത്ത് ബിഎസ്എഫ് കേന്ദ്രം വരുന്നു. വിഴിഞ്ഞംപദ്ധതി നിര്‍മാണം ഫെബ്രുവരി അവസാനം തുടങ്ങും. ലോകശ്രദ്ധ ആകര്‍ഷിച്ച അലിഗഢ് സര്‍വകലാശാലയുടെ ഓഫ് ക്യാമ്പസ് ഉള്‍പ്പെടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയമാറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്. ഐടി പാര്‍ക്കുകള്‍ ഓരോ ജില്ലയിലും ആരംഭിക്കുന്നു. വടക്കന്‍ മലബാറില്‍ ഐടി പാര്‍ക്കിനുവേണ്ടി റവന്യൂ വകുപ്പ് 100 ഏക്കര്‍ കൈമാറി. പദ്ധതി ആരംഭിക്കുമ്പോള്‍ 20000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. കേന്ദ്ര പ്രതിരോധ വകുപ്പും സംസ്ഥാന വ്യവസായവകുപ്പും ചേര്‍ന്ന് ചാലിയം കടപ്പുറത്തെ 42 ഏക്കറില്‍ വന്‍കിട പദ്ധതിക്കാണ് തുടക്കം കുറിച്ചത്. കൊല്ലം താലൂക്ക് ഓഫീസില്‍ ജില്ലാ ഭരണകൂടത്തിന്റെയും താലൂക്ക്-വില്ലേജ് ജീവനക്കാരുടെയും നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന ഭരണപരിഷ്കരണ നടപടികള്‍ മറ്റ് ഓഫീസുകള്‍ക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

കാലിത്തീറ്റക്ഷാമത്തിന് ശാശ്വതപരിഹാരവുമായി കരുനാഗപ്പള്ളി ഹൈടെക് ഫാക്ടറി
കരുനാഗപ്പള്ളി: സംസ്ഥാനത്തെ കാലിത്തീറ്റ ക്ഷാമത്തിന് ശാശ്വതപരിഹാരവുമായി കരുനാഗപ്പള്ളി ഹൈടെക് കാലിത്തീറ്റ ഫാക്ടറി പ്രവര്‍ത്തനക്ഷമമാകുന്നു. 52 കോടിയില്‍പരം അടങ്കല്‍ തുകയില്‍ കല്ലേലിഭാഗത്ത് നിര്‍മാണം പൂര്‍ത്തിയായ കേരള ഫീഡ്സ് ഹൈടെക് കാലിത്തീറ്റ ഫാക്ടറി 15ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നാടിനു സമര്‍പ്പിക്കും. കാലിത്തീറ്റ ഉല്‍പ്പാദന-വിപണനരംഗത്ത് സമഗ്ര മാറ്റത്തിന് നേതൃത്വം നല്‍കിയ കേരള ഫീഡ്സ് ആരംഭിക്കുന്ന ഈ ഫാക്ടറിയില്‍ പ്രതിദിനം 300 മെട്രിക്ടണ്‍ കാലിത്തീറ്റ ഉല്‍പാദിപ്പിക്കും. 500 മെട്രിക് ടണ്‍ ഉല്‍പ്പാദനശേഷിയുള്ള ഫാക്ടറിയാണിത്. ഫാക്ടറി പ്രവര്‍ത്തിപ്പിക്കുന്നതോടെ പാല്‍ ഉല്‍പ്പാദനത്തില്‍ മെച്ചപ്പെട്ട നിലകൈവരിക്കാനും കാര്‍ഷികമേഖലയില്‍ വന്‍മാറ്റത്തിനും ഇടയാക്കും. 200 മുതല്‍ 250 വരെ തൊഴിലാളികള്‍ക്ക് നേരിട്ടും ആയിരത്തില്‍പ്പരം പേര്‍ക്ക് പരോക്ഷമായും ഇവിടെ തൊഴില്‍ ലഭിക്കും.

കസ്ബ ജയില്‍ ചരിത്രസ്മാരകമായി സംരക്ഷിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

കൊല്ലം: കസ്ബ ജയില്‍ ചരിത്രസ്മാരകമായി സംരക്ഷിക്കുമെന്ന് റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു. നിലവില്‍ താലൂക്ക് ഓഫീസ് സമുച്ചയം പ്രവര്‍ത്തിക്കുന്ന ചരിത്രശേഷിപ്പായ കസ്ബ ജയില്‍ പുരാവസ്തു സ്മാരകമായി സംരക്ഷിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം'ദേശാഭിമാനി' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള 100 വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങള്‍ ചരിത്രസ്മാരകമായി സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍, ആലത്തൂര്‍, തലശേരി, ചാവക്കാട് തുടങ്ങിയ താലൂക്കുകളില്‍ പദ്ധതി ആരംഭിച്ചു. കൊല്ലം താലൂക്കിനെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കുന്ന മുറയ്ക്ക് കസ്ബ ജയിലിന്റെ സംരക്ഷണത്തിനായി തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കൊല്ലം താലൂക്ക് ഓഫീസ് സമുച്ചയത്തിനായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കസ്ബ ജയില്‍ പുരാവസ്തുസ്മാരകമായി സംരക്ഷിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷനായി സംസാരിച്ച തൊഴില്‍ മന്ത്രി പി കെ ഗുരുദാസന്‍ അഭ്യര്‍ഥിച്ചു.

മുഖ്യമന്ത്രി ചെയര്‍മാനായി ഗവേണിങ് കൌണ്‍സില്‍; ഗോള്‍ഫ് കോഴ്സ് ഇനി സര്‍ക്കാര്‍ നിയന്ത്രണത്തില്‍

തിരു: തിരുവനന്തപുരം ഗോള്‍ഫ് കോഴ്സ് നടത്തിപ്പിന് മുഖ്യമന്ത്രി ചെയര്‍മാനായി ഗവേണിങ് കൌണ്‍സിലും ചീഫ് സെക്രട്ടറി അധ്യക്ഷനായി എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. റവന്യൂ, യുവജനക്ഷേമം, കായികം, വിനോദസഞ്ചാരം, സാംസ്കാരികം, ഭക്ഷ്യം എന്നീ വകുപ്പുമന്ത്രിമാര്‍ അടങ്ങിയതാണ് ഗവേണിങ് കൌണ്‍സില്‍. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി, കായിക യുവജനക്ഷേമസെക്രട്ടറി, കായിക യുവജനക്ഷേമ ഡയറക്ടര്‍, സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് എന്നിവരും ഉള്‍പ്പെടും. ദേശീയനിലവാരമുള്ള രണ്ട് ഗോള്‍ഫ് കളിക്കാരെ സര്‍ക്കാര്‍ നാമനിര്‍ദേശംചെയ്യും. ഗോള്‍ഫ് കോഴ്സ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കിയ കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുദീര്‍ഘമായ നിയമയുദ്ധത്തിനൊടുവിലാണ് ഗോള്‍ഫ് കോഴ്സ് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കീഴിലാകുന്നത്. ക്ളബ്ബിന്റെയും സ്ഥലത്തിന്റെയും ഉടമസ്ഥാവകാശവും സംരക്ഷണച്ചുമതലയും റവന്യൂവകുപ്പിനാണ്. ഗോള്‍ഫ് നടത്തിപ്പ് സ്പോര്‍ട്സ് കൌണ്‍സിലിനെ ഏല്‍പ്പിക്കും. പൈതൃകപരിവേഷമുളള കെട്ടിടത്തിലെ ചരിത്രമ്യൂസിയത്തിന്റെ ചുമതല സാംസ്കാരികവകുപ്പിനാണ്. ആംഫി തിയറ്ററില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കും. ഇവിടെ ലൈറ്റ് ആന്‍ഡ് സൌണ്ട് ഷോ നടത്താം. ഗോള്‍ഫ്ക്ളബ്ബില്‍ ഇപ്പോഴുള്ള സര്‍ക്കാര്‍ പ്രതിനിധികളെ പിന്‍വലിക്കും. സാധാരണക്കാര്‍ക്കും അംഗത്വമെടുക്കാവുന്ന രീതിയില്‍ ഫീസ് പുനഃക്രമീകരിക്കും.

തിരുവനന്തപുരത്തെ മുന്‍സിഫ് കോടതിമുതല്‍ സുപ്രീംകോടതിവരെ നീണ്ട നിയമപോരാട്ടത്തിനു ശേഷമാണ് ഗോള്‍ഫ് ക്ളബ് സര്‍ക്കാര്‍ ഏറ്റെടുത്തത്. തലസ്ഥാനനഗരത്തിലെ 25.37 ഏക്കര്‍ സ്ഥലമാണ് ഇതോടെ തിരികെ ലഭിച്ചത്. ഗോള്‍ഫ്കോഴ്സ് ക്ളബ് സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഗോള്‍ഫ് ക്ളബ് ഏറ്റെടുക്കാന്‍ നിയമസഭാ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതിനായി നടപടി സ്വീകരിച്ചത് 1996ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയശേഷം ഭൂമി ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ചു. സത്യസന്ധരായ ഉദ്യോഗസ്ഥരെ നടപടികള്‍ക്ക് നിയോഗിച്ചു. ഒടുവില്‍ സുപ്രീം കോടതിതന്നെ ഗോള്‍ഫ് ക്ളബ് സര്‍ക്കാരിന് ഏറ്റെടുക്കാമെന്നു വിധിച്ചു.

ദേശാഭിമാനി 100211

4 comments:

  1. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയോ സിറ്റി പൊലീസ് കമീഷണര്‍മാരുടെയോ അനുവാദത്തോടെ റോഡരികില്‍ പൊതുയോഗവും പൊതുതാല്‍പ്പര്യമുള്ള മറ്റു പരിപാടികളും നടത്താന്‍ അവസരം നല്‍കുന്ന ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. റോഡരികിലെ പൊതുയോഗം നിരോധിച്ച ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് പ്രത്യേക നിയമനിര്‍മാണം നടത്തുന്നതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബില്‍ ഈ നിയമസഭാസമ്മേളനത്തില്‍ത്തന്നെ പാസാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    ReplyDelete
  2. എംജി സര്‍വകലാശാലയില്‍ ചൊവ്വാഴ്ച നടന്ന ഉപരോധത്തില്‍ വിദേശികളെ തടഞ്ഞുവച്ചെന്ന മനോരമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് എസ്എഫ്ഐ സര്‍വകലാശാല കാമ്പസ് യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു. എസ്എഫ്ഐ കോട്ടയം ജില്ലാകമ്മിറ്റിയംഗമായിരുന്ന സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് വിദ്യാര്‍ഥി വിനയന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വാഹനം ചോദിച്ചപ്പോള്‍ രജിസ്ട്രാര്‍ വാഹനം നല്‍കാതെ വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറി. രജിസ്ട്രാറുടെ ഈ നടപടിയില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ സമരത്തില്‍ പങ്കെടുക്കാനാണ് സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ എംഎ വിദ്യാര്‍ഥികളായ വിദേശികള്‍ എത്തിയത്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

    ReplyDelete
  3. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത വിധവകള്‍ക്കും അവിവാഹിതര്‍ക്കും തൊഴില്‍ ആരംഭിക്കാനായി കൊണ്ടുവന്ന ശരണ്യ പദ്ധതിയില്‍ 34 അപേക്ഷകളില്‍ ധനസഹായവിതരണത്തിന് നടപടി സ്വീകരിച്ചുവരുന്നതായി മന്ത്രി പി കെ ഗുരുദാസന്‍ പി വിശ്വനെ അറിയിച്ചു. ഇതുവരെ 187 പേര്‍ക്ക് 77.02 ലക്ഷം രൂപ സഹായം നല്‍കി. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി 62,230 പേര്‍ക്ക് ജോലി നല്‍കിയതായി മന്ത്രി പി കെ ഗുരുദാസന്‍ എം ചന്ദ്രനെ അറിയിച്ചു. 2001 മെയ് മുതല്‍ 2006 മെയ്വരെ 55133 പേര്‍ക്കാണ് തൊഴില്‍ ലഭ്യമായത്. 3,12,450 പേര്‍ക്ക് തൊഴില്‍ രഹിതവേതനം നല്‍കിവരുന്നു.

    ReplyDelete
  4. എംസി റോഡ് സമാന്തര പാത ഏറ്റുമാനൂര്‍ വരെ നിര്‍മിക്കും: മന്ത്രി

    കോട്ടയം: എംസി റോഡിന് ചെങ്ങന്നൂര്‍ മുതല്‍ ഏറ്റുമാനൂര്‍ വരെ സമാന്തരപാത നിര്‍മ്മിക്കുമെന്ന് മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. ഇതിനായി ബജറ്റില്‍ പണം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി നഗരങ്ങളെ ബൈപാസ് റോഡ് വഴി ബന്ധിപ്പിക്കും. ചങ്ങനാശ്ശേരിയില്‍ പുതുതായി നിര്‍മ്മിച്ച ളാപ്പാലവും ചങ്ങനാശ്ശേരി ബൈപ്പാസും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തില്‍ 40 ബൈപ്പാസുകളാണ് പണിയുന്നത്. 23 എണ്ണം തുടങ്ങി. മലയോരതീരദേശ ഹൈവേകള്‍ പണിയുമെന്നും എംസി റോഡ് വികസനത്തിന്റെ രണ്ടാംഘട്ടത്തിന് കെഎസ്ടിപി പദ്ധതിയില്‍ 1,311 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു

    ReplyDelete