പാചകവാതക വില ഇരട്ടിയാകും
ന്യൂഡല്‍ഹി: സ്വകാര്യ എണ്ണക്കമ്പനികളുടെ സമ്മര്‍ദത്തിനു വഴങ്ങി കേന്ദ്രസര്‍ക്കാര്‍ പാചകവാതക സബ്സിഡി ഒഴിവാക്കി വില കുത്തനെ കൂട്ടുന്നു. നിലവില്‍ സബ്സിഡി നിരക്കില്‍ എല്‍പിജി സിലിന്‍ഡര്‍ ലഭിക്കുന്നത് 345 രൂപയ്ക്കാണ്. സബ്സിഡി ഒഴിവാക്കുന്നതോടെ 650 രൂപയില്‍ കൂടുതലാകും. പാചകവാതക വിതരണം മൂന്നുമാസത്തില്‍ ഒരിക്കലാക്കാനും നീക്കമുണ്ട്. ഇതിനായി ധനമന്ത്രി പ്രണബ് മുഖര്‍ജി നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. പാചകവാതകത്തിന് നല്‍കുന്ന സബ്സിഡി വെട്ടിക്കുറയ്ക്കാനെന്ന പേരില്‍ സമിതി തയ്യാറാക്കിയ ശുപാര്‍ശകള്‍ വിലക്കയറ്റത്തില്‍ നട്ടംതിരിയുന്ന ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കും. ഉപയോക്താക്കള്‍ക്ക് പ്രതിവര്‍ഷം സബ്സിഡിനിരക്കില്‍ വാങ്ങാവുന്ന പാചകവാതക സിലിന്‍ഡറുകളുടെ എണ്ണം നിജപ്പെടുത്തണമെന്നാണ് പ്രധാന ശുപാര്‍ശ. ഇതില്‍ക്കൂടുതല്‍ ആവശ്യമുള്ളവര്‍ വിപണിവിലയ്ക്ക് വാങ്ങേണ്ടിവരും. പെട്രോള്‍വില തോന്നുംപോലെ വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയ യുപിഎ സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് പുതിയ നീക്കം.
എല്‍പിജി സബ്സിഡിക്കായി സര്‍ക്കാര്‍ ചെലവിടുന്ന തുക നാലിലൊന്നായി വെട്ടിക്കുറയ്ക്കാനും ക്രമേണ പൂര്‍ണമായി ഒഴിവാക്കാനുമാണ് ലക്ഷ്യമിടുന്നത്. സബ്സിഡി നിയന്ത്രിക്കാന്‍ ഏകമാര്‍ഗം സിലിന്‍ഡറുകളുടെ എണ്ണം പരിമിതപ്പെടുത്തുകയാണെന്ന നിഗമനത്തിലാണ് ഐടി വിദഗ്ധന്‍ നന്ദന്‍ നിലേകനിയുടെ നേതൃത്വത്തിലുള്ള സമിതി. സിലിന്‍ഡറുകളുടെ എണ്ണം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല. ഉപയോക്താക്കളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിലാകും ഇതെന്നാണ് റിപ്പോര്‍ട്ട്. മണ്ണെണ്ണയ്ക്കും എല്‍പിജിക്കുമുള്ള സബ്സിഡി ഉപയോക്താക്കള്‍ക്ക് നേരിട്ടുനല്‍കുന്നതിനുള്ള മാര്‍ഗങ്ങളും സമിതി പരിശോധിക്കുകയാണ്്. പരീക്ഷണ അടിസ്ഥാനത്തില്‍ ഈ രീതി നടപ്പാക്കാന്‍ എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ എണ്ണക്കമ്പനികളുടെ സമ്മര്‍ദത്തിനു വഴങ്ങിയുള്ള നീക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ് തല്‍ക്കാലം മാറ്റിവച്ചിരിക്കയാണ്. വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ തീരുമാനം പ്രാബല്യത്തിലാകുമെന്ന് പെട്രോളിയം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പെട്രോളിന്റെ പ്രതിമാസ വിലവര്‍ധന തല്‍ക്കാലം ഇത്തവണ ഒഴിവാക്കാനും എണ്ണക്കമ്പനികളോട് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. വിലവര്‍ധനയ്ക്ക് ഇപ്പോള്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെങ്കിലും ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വിലനിയന്ത്രണം നീക്കാമെന്ന് ഉറപ്പുനല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശം എണ്ണക്കമ്പനികള്‍ അംഗീകരിക്കുകയായിരുന്നു.
പന്ത്രണ്ടര കോടിയോളം കുടുംബങ്ങളാണ് ഇപ്പോള്‍ പാചകവാതകത്തെ ആശ്രയിക്കുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ പകുതിയോളം ജനങ്ങളെ ബാധിക്കുന്ന പ്രശ്നമെന്ന നിലയില്‍ എല്‍പിജിയുടെയും മണ്ണെണ്ണയുടെയും വില നിശ്ചയിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. എന്നാല്‍, പെട്രോളിനു സമാനമായി ഇവയടക്കമുള്ള എല്ലാ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വിലനിയന്ത്രണത്തില്‍നിന്ന് പിന്മാറുമെന്ന് യുപിഎ സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. പെട്രോള്‍വില അന്താരാഷ്ട്ര വിപണിക്കനുസരിച്ച് നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്ത് വിലനിയന്ത്രണത്തില്‍നിന്ന് പിന്മാറാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചത് കഴിഞ്ഞ ജൂ 25നാണ്. ഇതിനുശേഷം പെട്രോള്‍വില 22 ശതമാനത്തോളം വര്‍ധിച്ചു. ഏഴുമാസത്തിനിടെ വര്‍ധിച്ചത് ലിറ്ററിന് പതിനൊന്ന് രൂപ. വിലക്കയറ്റം കൂടുതല്‍ രൂക്ഷമാക്കിയ ഈ ദുരന്തത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാതെ മണ്ണെണ്ണയെയും പാചകവാതകത്തെയും ഇതേവഴിയിലേക്കുതന്നെ നയിക്കുകയാണ് കേന്ദ്രം.
(വിജേഷ് ചൂടല്‍)
പെന്‍ഷന്‍ ഓഹരിക്കമ്പോളത്തിലേക്ക്
ന്യൂഡല്‍ഹി: കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ ഓഹരിക്കമ്പോളത്തിലെ ചൂതാട്ടത്തിന് വിട്ടുകൊടുക്കുന്ന ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെ ബിജെപി പിന്തുണയോടെയാണ് യുപിഎ സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. ഇടതുപക്ഷം, ആര്‍ജെഡി, ബിഎസ്പി, സമാജ്വാദി പാര്‍ടി എന്നിവര്‍ക്കൊപ്പം ബിജെപി സഖ്യകക്ഷിയായ ജെഡിയുവും ബില്‍ അവതരണത്തെ എതിര്‍ത്ത് വോട്ടുചെയ്തു. ധനസഹമന്ത്രി നമോ നാരായ മീണയാണ് ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്. പെന്‍ഷന്‍ പദ്ധതിയെത്തന്നെ തകര്‍ക്കുന്ന ബില്‍ അംഗീകരിക്കാനാകില്ലെന്നും വോട്ടിനിടണമെന്നും സിപിഐ എമ്മിലെ ബസുദേവ് ആചാര്യ ആവശ്യപ്പെട്ടു. സ്പീക്കര്‍ മീരാകുമാര്‍ വോട്ട് അനുവദിച്ച ഘട്ടത്തിലാണ് കോണ്‍ഗ്രസിന് അപകടം മനസ്സിലായത്. പണസംബന്ധമായ ബില്ലായതിനാല്‍ അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ സര്‍ക്കാരിന്റെ പതനത്തിന്തന്നെ കാരണമാകും. ഇത് മനസ്സിലാക്കി പാര്‍ലമെന്ററി കാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ ബില്ലവതരണം വോട്ടിനിടുന്നതിനെ എതിര്‍ത്തത് ഇടതുപക്ഷവും കോണ്‍ഗ്രസ് അംഗങ്ങളും തമ്മില്‍ ചൂടേറിയ വാഗ്വാദത്തിനിടയാക്കി. ഇതിനിടെ കോണ്‍ഗ്രസ് മന്ത്രിമാര്‍ ബിജെപിയുടെ പിന്തുണ ഉറപ്പിച്ചു. ഒടുവില്‍ സ്പീക്കര്‍ വോട്ടിങ്ങ് അനുവദിച്ചു. 43 നെതിരെ 115 വോട്ടിനാണ് ബില്‍ അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചത്.
പങ്കാളിത്ത പെന്‍ഷന്‍ ബില്‍ (പിഎഫ്ആര്‍ഡിഎ) പാര്‍ലമെന്റ്അംഗീകരിച്ചിട്ടില്ലെങ്കിലും 2003 ഡിസംബര്‍ 22ന് സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ പദ്ധതി നിലവില്‍ വന്നു. തുടര്‍ന്ന് കോണ്‍ഗ്രസ്, ബിജെപി ഭരണമുള്ള 12 സംസ്ഥാനങ്ങളില്‍ നടപ്പാക്കി. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബില്‍ അവതരിപ്പിക്കുകയും ധനമന്ത്രാലയ സ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടുകയും ചെയ്തിരുന്നു. സ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടു സമര്‍പ്പിച്ചെങ്കിലും ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ബില്‍ പാസ്സാക്കാന്‍ കഴിഞ്ഞില്ല. പതിനാലാം ലോക്സഭയുടെ കാലാവധി കഴിഞ്ഞതിനാല്‍ ബില്‍ ലാപ്സായി. അതിനാലാണ് പെന്‍ഷന്‍ റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിക്ക് നിയമപരമായ സാധുത നല്‍കുന്നതിന് പുതിയ ബില്‍ അവതരിപ്പിച്ചത്. 2004നുശേഷം സര്‍വീസില്‍ പ്രവേശിക്കുന്ന കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി നിര്‍ബന്ധമായിരിക്കും. ഓരോ ജീവനക്കാരനും അടിസ്ഥാന ശമ്പളവും ഡിഎയും ചേര്‍ന്ന തുകയുടെ പത്തുശതമാനം പെന്‍ഷന്‍ അക്കൌണ്ടിലേക്ക് അടയ്ക്കണം. തുല്യമായ വിഹിതം തൊഴിലുടമയും(കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍) അടയ്ക്കണം. ഈ തുക രാജ്യത്തെ സ്വകാര്യ-വിദേശ കമ്പനികളുടെ പെന്‍ഷന്‍ ഫണ്ടുകളില്‍ നിക്ഷേപിക്കും. ഒരു ഭാഗം ഓഹരിക്കമ്പോളത്തിലും നിക്ഷേപിക്കും. റിട്ടയര്‍ ചെയ്യുമ്പോള്‍ ജീവനക്കാരുടെ 60 ശതമാനം വിഹിതം മാത്രം തിരിച്ചുകൊടുക്കും. ബാക്കി തുക ഏതെങ്കിലും ഇന്‍ഷുറന്‍സ് ആന്വിറ്റിയില്‍ നിക്ഷേപിക്കും. അവരായിരിക്കും പെന്‍ഷന്‍ നല്‍കുക. ഇതോടെ ജീവനക്കാര്‍ക്ക് ജിപിഎഫ് ഉണ്ടാകില്ല. മാത്രമല്ല പെന്‍ഷന് സര്‍ക്കാര്‍ ഗ്യാരണ്ടിയും ഉണ്ടായിരിക്കില്ല.
(വി ബി പരമേശ്വരന്‍)
കോണ്‍ഗ്രസും ബിജെപിയും അന്വേഷണം ഭയക്കുന്നു
ന്യൂഡല്‍ഹി: വിക്കിലീക്സ് വെളിപ്പെടുത്തലിനെക്കുറിച്ച് സമഗ്രമായ അന്വേഷണത്തെ കോണ്‍ഗ്രസും ബിജെപിയും ഭയക്കുന്നതായി സിപിഐ എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. വോട്ട് കോഴയില്‍ മാത്രമാണ് ഇരുപക്ഷവും ഊന്നുന്നത്. എന്നാല്‍, വിദേശനയത്തെ അമേരിക്കന്‍ താല്‍പ്പര്യത്തിന് അനുരൂപമാക്കിയതിനെക്കുറിച്ച് ഇവര്‍ മൌനം പാലിക്കുകയാണ്. കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ അമേരിക്കന്‍ വിധേയരാണ്. വിക്കിലീക്സിനെക്കുറിച്ച് പൊലീസ് അന്വേഷണം മതിയെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ല. സമഗ്രമായ അന്വേഷണംതന്നെ വേണമെന്ന് പാര്‍ലമെന്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി ആവശ്യപ്പെട്ടു.
ലോക്സഭയില്‍ പങ്കാളിത്ത പെന്‍ഷന്‍ ബില്‍ അവതരണത്തില്‍ കോണ്‍ഗ്രസിനൊപ്പം ബിജെപി വോട്ടുചെയ്തത് സാമ്പത്തിക ഉദാരവല്‍ക്കരണനയത്തില്‍ ഇരുപാര്‍ടികള്‍ക്കും ഒരേ നയമാണെന്ന് വ്യക്തമാക്കുന്നു. ഹിന്ദുത്വവാദത്തിലേക്ക് പോകരുതെന്ന് കഴിഞ്ഞ ദിവസം ലോക്സഭയില്‍ ഇടതുപക്ഷത്തെ 'ഉപദേശിച്ച' കോണ്‍ഗ്രസ് 24 മണിക്കൂറിനകം ബിജെപിയുമായി ഒന്നിച്ച് ലോക്സഭയില്‍ വോട്ടു ചെയ്തിരിക്കയാണ്. യഥാര്‍ഥത്തില്‍ ആരാണ് ബിജെപി പാളയത്തിലേക്ക് പോകുന്നതെന്ന് ഈ വോട്ടു തെളിയിക്കുന്നതായും യെച്ചൂരി പറഞ്ഞു.
പിഎസിയെ പിന്തിരിപ്പിക്കാന്‍ നീക്കം; സ്പീക്കറെ കാണുമെന്ന് ചാക്കോ
ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ 2ജി സ്പെക്ട്രം അഴിമതി പരിശോധിക്കുന്നതില്‍നിന്ന് പാര്‍ലമെന്റിന്റെ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിയെ പിന്തിരിപ്പിക്കാന്‍ സമ്മര്‍ദം. ഒരേ വിഷയം രണ്ട് സമിതികള്‍ പരിശോധിക്കുന്നതില്‍ അനൌചിത്യമുണ്ടെന്നും ഈ വിഷയം സ്പീക്കറുമായി സംസാരിക്കുമെന്നും സംയുക്ത പാര്‍ലമെന്ററിസമിതിയുടെ പ്രഥമ യോഗത്തിന് ശേഷം അധ്യക്ഷന്‍ പി സി ചാക്കോ അറിയിച്ചു. രത്തന്‍ ടാറ്റ, നിര റാഡിയ, ബര്‍ക്ക ദത്ത് തുടങ്ങിയ കോര്‍പറേറ്റ് തലവന്മാര്‍, ഇടനിലക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെ പിഎസി വിളിപ്പിക്കാനിരിക്കെയാണ് പുതിയ ഇടപെടല്‍. സ്പെക്ട്രം വിഷയത്തില്‍ സര്‍ക്കാരിന്റെ നയപരമായ നിലപാട് ഉള്‍പ്പെടുന്നുണ്ടെന്നും ഇക്കാര്യം പരിശോധിക്കാന്‍ പിഎസിക്ക് അധികാരമില്ലെന്നും ചാക്കോ പറഞ്ഞു. നയപരമായ കാര്യങ്ങള്‍ ജെപിസിക്ക് മാത്രമേ പരിശോധിക്കാനാകൂ. നയം നടപ്പാക്കുമ്പോള്‍ അധികചെലവോ ദുര്‍വ്യയമോ സംഭവിച്ചിട്ടുണ്ടോയെന്ന് മാത്രമേ പിഎസിക്ക് പരിശോധിക്കാനാകൂ. ഈ വിഷയം സ്പീക്കറുമായി ചര്‍ച്ചചെയ്യാന്‍ ജെപിസി അംഗങ്ങള്‍ അധ്യക്ഷനെന്ന നിലയില്‍ തന്നോട് ആവശ്യപ്പെട്ടിരിക്കയാണെന്നും ചാക്കോ അവകാശപ്പെട്ടു. അടുത്ത ദിവസംതന്നെ സ്പീക്കറെ കാണാന്‍ ശ്രമിക്കും. പിഎസി അധ്യക്ഷന്‍ മുരളി മനോഹര്‍ ജോഷിയോടൊപ്പമാകും കൂടിക്കാഴ്ചയെന്നും ചാക്കോ പറഞ്ഞു. എന്നാല്‍, സ്പെക്ട്രം ഇടപാടുകളുടെ പരിശോധനയുമായി മുന്നോട്ടുപോകുമെന്നും അടുത്ത മാസം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പിഎസി അധ്യക്ഷന്‍ മുരളി മനോഹര്‍ജോഷി അറിയിച്ചു.
പിഎസിയ്ക്കെതിരെ ജെപിസി അധ്യക്ഷന്‍ രംഗത്തുവന്നതോടെ സ്പീക്കര്‍ മീരാകുമാറിന് നിര്‍ണായക തീരുമാനമെടുക്കേണ്ടിവരും. പിഎസി പിന്മാറണമെന്നത് ജെപിസിയുടെ പൊതുവായ നിലപാടാണെന്ന മട്ടിലാണ് ചാക്കോ അവതരിപ്പിച്ചത്. എന്നാല്‍, പിഎസിയെ അവരുടെ ഉത്തരവാദിത്തം നിറവേറ്റാന്‍ അനുവദിക്കണമെന്നും സമിതിയില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പിഎസിയെ പിന്തിരിപ്പിക്കാന്‍ കോര്‍പറേറ്റ് സമര്‍ദമുള്ളതിനാല്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ നിലപാടിലെത്തുമെന്നാണ് സൂചന. 1998 മുതലുള്ള ടെലികോം നയം ജെപിസി പരിശോധിക്കുന്നതിനാല്‍ ഇക്കാലയളവില്‍ കേന്ദ്രമന്ത്രി, സഹമന്ത്രി സ്ഥാനം വഹിച്ചവര്‍ എന്നിവര്‍ സമിതിയില്‍ പാടില്ലെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ടെന്ന് ചാക്കോ അറിയിച്ചു. ഈ വിഷയവും സ്പീക്കറുടെ തീരുമാനത്തിന് വിടും. ഈ കാലയളവില്‍ മന്ത്രിസ്ഥാനം വഹിച്ച ഏഴോളം പേര്‍ ജെപിസിയിലുണ്ട്. നാല് സംസ്ഥാനങ്ങളില്‍ നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അടുത്ത ജെപിസി യോഗം മെയ് 18 നേ ചേരൂ. പിന്നീട് തുടര്‍ച്ചയായി യോഗമുണ്ടാകും. വര്‍ഷകാലസമ്മേളനം അവസാനിക്കുന്നതിനുമുമ്പ് റിപ്പോര്‍ട്ട് നല്‍കണം. പ്രധാനമന്ത്രിയെ വിളിക്കുന്ന കാര്യം സമിതി ചര്‍ച്ചചെയ്തിട്ടില്ല- ചാക്കോ പറഞ്ഞു.
(എം പ്രശാന്ത്)
കണ്ണന്താനം ബിജെപിയില്‍
ന്യൂഡല്‍ഹി: ദരിദ്രര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ശിഷ്ടജീവിതം ഉഴിഞ്ഞുവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ച അല്‍ഫോസ് കണ്ണന്താനം ഒടുവില്‍ ബിജെപിയിലെത്തി. കേരളത്തില്‍ ദരിദ്രര്‍ കുറവാണെന്നും അതുകൊണ്ട് ദേശീയതലത്തില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പ്പര്യമെന്നും പറഞ്ഞ കണ്ണന്താനം, വ്യാഴാഴ്ച ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയില്‍നിന്ന് പാര്‍ടി അംഗത്വം ഏറ്റുവാങ്ങി. സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനും ഒപ്പമുണ്ടായിരുന്നു. കണ്ണന്താനത്തെ ദേശീയ നിര്‍വാഹകസമിതി അംഗമായി തെരഞ്ഞെടുത്തെന്ന് ഗഡ്കരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എംഎല്‍എസ്ഥാനം രാജിവച്ചതായി കണ്ണന്താനം പറഞ്ഞു.
അയോധ്യപ്രശ്നവും ക്രൈസ്തവവേട്ടയും അടക്കമുള്ള വിഷയങ്ങളില്‍ ബിജെപി നിലപാട് അംഗീകരിക്കുന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കണ്ണന്താനത്തിന് ഉത്തരംമുട്ടി. സംഗതി പന്തിയല്ലെന്നു മനസ്സിലാക്കിയ നിതിന്‍ ഗഡ്കരി ഉടന്‍തന്നെ വാര്‍ത്താസമ്മേളനം അവസാനിച്ചതായി പ്രഖ്യാപിച്ചു. കേരളത്തില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് കണ്ണന്താനത്തോടുമാത്രമായി ചിലത് ചോദിക്കാനുണ്ടെന്നു പറഞ്ഞിട്ടും ഗഡ്കരി വഴങ്ങിയില്ല.
കരുണാനിധിക്ക് 41 കോടിയുടെ സ്വത്ത്; ജയക്ക് 51 കോടി
ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ജയലളിതയ്ക്ക് 51 കോടിയുടെ ആസ്തി. മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കരുണാനിധിക്ക് 41 കോടിയുടെ സ്വത്ത്. വ്യാഴാഴ്ച ഇരുവരും നാമനിര്‍ദേശപത്രികയ്ക്കൊപ്പം വെളിപ്പെടുത്തിയ രേഖകളിലാണ് സ്വത്തുവിവരം വെളിപ്പെടുത്തിയത്. ശ്രീരംഗം മണ്ഡലത്തില്‍നിന്നാണ് ജയലളിത മത്സരിക്കുന്നത്. 13.03 കോടി രൂപയുടെ ജംഗമവസ്തുക്കളും 38.37 കോടി രൂപയുടെ സ്ഥാവരവസ്തുക്കളുമാണ് തനിക്കുള്ളതെന്ന് ജയ വെളിപ്പെടുത്തി. ആന്ധ്രപ്രദേശില്‍ 14 കോടിയുടെ മുന്തിരിത്തോട്ടവും നീലഗരി ജില്ലയില്‍ കോടനാട്ട് ഒരുകോടി വിലമതിക്കുന്ന തേയിലത്തോട്ടവുമുണ്ട്. അഞ്ചു കാറുള്ളതായും സ്വത്തുവിവരത്തില്‍ പറയുന്നു.
ഡിഎംകെ പ്രസിഡന്റും മുഖ്യമന്ത്രിയുമായ എം കരുണാനിധിക്ക് സ്ഥാവരവസ്തുക്കളോ സ്വന്തമായി കാറോ ഇല്ല. എന്നാല്‍, രണ്ടു ഭാര്യമാരുടെ പേരില്‍ 41.13 കോടിയുടെ ജംഗമവസ്തുക്കളുണ്ട്. നാലുകോടി രൂപയുടെ ബാങ്ക് അക്കൌണ്ടുണ്ട്. ഭാര്യമാരായ ദയാലു അമ്മാളിന്റെ പേരില്‍ 15.34 കോടിയുടെയും രാജാത്തി അമ്മാളിന്റെ പേരില്‍ 20.83 കോടിയുടെയും സ്വത്തുണ്ട്. കരുണാനിധിയുടെ പേരില്‍ കാറോ കൃഷിയിടമോ വീടോ ഇല്ല.
ദേശാഭിമാനി 250311
ന്യൂഡല്‍ഹി: സ്വകാര്യ എണ്ണക്കമ്പനികളുടെ സമ്മര്‍ദത്തിനു വഴങ്ങി കേന്ദ്രസര്‍ക്കാര്‍ പാചകവാതക സബ്സിഡി ഒഴിവാക്കി വില കുത്തനെ കൂട്ടുന്നു. നിലവില്‍ സബ്സിഡി നിരക്കില്‍ എല്‍പിജി സിലിന്‍ഡര്‍ ലഭിക്കുന്നത് 345 രൂപയ്ക്കാണ്. സബ്സിഡി ഒഴിവാക്കുന്നതോടെ 650 രൂപയില്‍ കൂടുതലാകും. പാചകവാതക വിതരണം മൂന്നുമാസത്തില്‍ ഒരിക്കലാക്കാനും നീക്കമുണ്ട്. ഇതിനായി ധനമന്ത്രി പ്രണബ് മുഖര്‍ജി നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. പാചകവാതകത്തിന് നല്‍കുന്ന സബ്സിഡി വെട്ടിക്കുറയ്ക്കാനെന്ന പേരില്‍ സമിതി തയ്യാറാക്കിയ ശുപാര്‍ശകള്‍ വിലക്കയറ്റത്തില്‍ നട്ടംതിരിയുന്ന ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കും. ഉപയോക്താക്കള്‍ക്ക് പ്രതിവര്‍ഷം സബ്സിഡിനിരക്കില്‍ വാങ്ങാവുന്ന പാചകവാതക സിലിന്‍ഡറുകളുടെ എണ്ണം നിജപ്പെടുത്തണമെന്നാണ് പ്രധാന ശുപാര്‍ശ. ഇതില്‍ക്കൂടുതല്‍ ആവശ്യമുള്ളവര്‍ വിപണിവിലയ്ക്ക് വാങ്ങേണ്ടിവരും. പെട്രോള്‍വില തോന്നുംപോലെ വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയ യുപിഎ സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് പുതിയ നീക്കം.
ReplyDelete