Friday, March 25, 2011

ആപ്പീസ് പൂട്ടി!


ഉടുമ്പന്‍ചോലയില്‍ കൂട്ടരാജി

നെടുങ്കണ്ടം: ഉടുമ്പന്‍ചോലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസി സെബാസ്റ്റ്യനെതിരെ മണ്ഡലത്തിലെങ്ങും കടുത്ത പ്രതിഷേധം. സ്ഥാനാര്‍ഥിയെ ഇറക്കുമതി ചെയ്തതില്‍ പ്രതിഷേധിച്ച് മണ്ഡലത്തിലെ രണ്ട് കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റുമാരും പത്ത്മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. വ്യാഴാഴ്ച രാവിലെ മണ്ഡലത്തിലെ പ്രധാന കേന്ദ്രമായ നെടുങ്കണ്ടത്തെത്തിയ ജോസി സെബാസ്റ്റ്യന് കോണ്‍ഗ്രസ് ഓഫീസില്‍ കയറാന്‍ കഴിഞ്ഞില്ല. ഓഫീസ് പൂട്ടി നേതാക്കള്‍ സ്ഥലം വിട്ടതോടെ കേരള കോണ്‍ഗ്രസ് ഓഫീസിലാണ് സ്ഥാനാര്‍ഥി അഭയം തേടി. തുടര്‍ന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ ടി മൈക്കിളിന്റെ ഓഫീസില്‍ ചുരുക്കം ചില പ്രവര്‍ത്തകരുമായി സംസാരിച്ച് പിരിയുകയായിരുന്നു.

ഉടുമ്പന്‍ചോല ബ്ളോക്ക് പ്രസിഡന്റ് അഡ്വ. സേനാപതി വേണു, നെടുങ്കണ്ടം ബ്ളോക്ക് പ്രസിഡന്റ് ജി മുരളി, രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തന്‍പാറ, ഉടുമ്പന്‍ചോല, നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവരാണ് കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷനേതാവിനും രാജിക്കത്ത് നല്‍കിയത്. ഇരട്ടയാര്‍, വണ്ടന്‍മേട് മണ്ഡലം പ്രസിഡന്റുമാര്‍ തങ്ങളുടെ നിലപാടിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ബ്ളോക്ക് പ്രസിഡന്റുമാര്‍ പറഞ്ഞു. എ ഗ്രൂപ്പിന് മേധാവിത്വമുള്ളതാണ് ഈ ബ്ളോക്ക് കമ്മിറ്റികള്‍. ഐ ഗ്രൂപ്പുകാരനാണ് സ്ഥാനാര്‍ഥി.

ചങ്ങനാശ്ശേരിയില്‍ നിന്ന് ഇറക്കുമതിചെയ്ത സ്ഥാനാര്‍ഥിയെക്കുറിച്ച് തങ്ങളുടെ നിലപാട് നേതൃത്വത്തെ അറിയിച്ചെന്നും തീരുമാനമെടുക്കേണ്ടത് അവരാണെന്നും ഉടുമ്പന്‍ചാല ബ്ളോക്ക് പ്രസിഡന്റ് അഡ്വ. സേനാപതി വേണു പറഞ്ഞു. വേണുവിനെ അനുകൂലിച്ച് മണ്ഡലത്തിന്റെ ചില ഭാഗങ്ങളില്‍ ബോര്‍ഡുകള്‍ ഇറങ്ങിയിട്ടുണ്ട്. ഇതിനിടെ, കോണ്‍ഗ്രസില്‍നിന്ന് രാജി നല്‍കിയവരും ബോര്‍ഡ് വച്ചവരും എല്‍ഡിഎഫിനെ സഹായിക്കുന്നവരാണെന്ന് ഉടുമ്പന്‍ചോലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസി സെബാസ്റ്റ്യന്‍ പറഞ്ഞു. താന്‍ നെടുങ്കണ്ടത്ത് എത്തിയപ്പോള്‍ കോണ്‍ഗ്രസ് ഓഫീസ് പൂട്ടി നേതാക്കള്‍ പോയതുസംബന്ധിച്ച് രാജാക്കാട്ടില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ജോസി. എഐസിസിയും കെപിസിസിയും തീരുമാനിച്ചാണ് താന്‍ ഉടുമ്പന്‍ചോലയില്‍ സ്ഥാനാര്‍ഥിയായതെന്നും ജോസി അവകാശപ്പെട്ടു.

ദേശാഭിമാനി 250311

1 comment:

  1. ഉടുമ്പന്‍ചോലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസി സെബാസ്റ്റ്യനെതിരെ മണ്ഡലത്തിലെങ്ങും കടുത്ത പ്രതിഷേധം. സ്ഥാനാര്‍ഥിയെ ഇറക്കുമതി ചെയ്തതില്‍ പ്രതിഷേധിച്ച് മണ്ഡലത്തിലെ രണ്ട് കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റുമാരും പത്ത്മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. വ്യാഴാഴ്ച രാവിലെ മണ്ഡലത്തിലെ പ്രധാന കേന്ദ്രമായ നെടുങ്കണ്ടത്തെത്തിയ ജോസി സെബാസ്റ്റ്യന് കോണ്‍ഗ്രസ് ഓഫീസില്‍ കയറാന്‍ കഴിഞ്ഞില്ല. ഓഫീസ് പൂട്ടി നേതാക്കള്‍ സ്ഥലം വിട്ടതോടെ കേരള കോണ്‍ഗ്രസ് ഓഫീസിലാണ് സ്ഥാനാര്‍ഥി അഭയം തേടി. തുടര്‍ന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ ടി മൈക്കിളിന്റെ ഓഫീസില്‍ ചുരുക്കം ചില പ്രവര്‍ത്തകരുമായി സംസാരിച്ച് പിരിയുകയായിരുന്നു.

    ReplyDelete