Friday, March 25, 2011

60 മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ കലാപം


നിയമസഭാതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രികാ സമര്‍പ്പണം പുരോഗമിക്കവെ 60 ലേറെ മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെച്ചൊല്ലി മുന്നണിക്കകത്തും പാര്‍ടികള്‍ക്കുള്ളിലും കലാപം. ഈ സ്ഥാനാര്‍ഥികള്‍ക്കെതിരെ അതത് മണ്ഡലങ്ങളില്‍ പ്രാദേശികമായ നീക്കങ്ങള്‍ സജീവമായി. ഇരുപതോളം മണ്ഡലങ്ങളില്‍ ഇതിനകം റിബലുകള്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലെ ലീഗ് സ്ഥാനാര്‍ഥികള്‍ക്കെതിരെ ലീഗ് ജില്ലാനേതൃത്വത്തില്‍നിന്നാണ് എതിര്‍പ്പുയര്‍ന്നത്. ഉദുമയില്‍ കോണ്‍ഗ്രസുകാര്‍ സ്ഥാനാര്‍ഥിയുടെ കോലം കത്തിച്ചാണ് പ്രതിഷേധം തുടങ്ങിയത്.

കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് നേരിയ മുന്‍തൂക്കം പ്രതീക്ഷിക്കുന്ന മൂന്ന് മണ്ഡലത്തിലും സ്ഥാനാര്‍ഥികള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ്. ഇരിക്കൂര്‍ കെ സി ജോസഫ് കുത്തകയാക്കി വച്ചതിനെതിരെയാണ് പ്രതിഷേധം. കണ്ണൂരില്‍ അബ്ദുള്ളക്കുട്ടിക്കെതിരെ ഡിസിഡി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരസ്യമായി പ്രതികരിച്ചു. സിഎംപിയില്‍നിന്ന് പിടിച്ചെടുത്ത അഴീക്കോട് മണ്ഡലത്തില്‍ മത്സരിക്കുന്ന യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റിനെ തോല്‍പ്പിക്കാന്‍ ലീഗ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

കോഴിക്കോട് ജില്ലയില്‍ നോര്‍ത്ത്, സൌത്ത്, കൊയിലാണ്ടി, ബേപ്പൂര്‍, കൊടുവള്ളി, വടകര മണ്ഡലങ്ങളില്‍ പ്രതിഷേധം ശക്തമാണ്. നോര്‍ത്ത് സീറ്റ് പേമെന്റ് സീറ്റ് ആക്കിയെന്നാണ് ആക്ഷേപം. കോഴിക്കോട് സൌത്തില്‍ എം കെ മുനീറിനെതിരെ മുന്‍ ലീഗ് എംഎല്‍എ യുടെ മകന്‍ റിബലായി മത്സരിക്കുന്നു. ഇവിടെ വനിതാലീഗ് നേതാവ് നൂര്‍ബീന റഷീദിന് സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. വടകരയില്‍ സോഷ്യലിസ്റ് ജനതയുടെ സ്ഥാനാര്‍ഥിക്കെതിരെ അതേ പാര്‍ടിയില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നു.

മലപ്പുറം ജില്ലയില്‍ കുഞ്ഞാലിക്കുട്ടിയുടെ മേധാശക്തിക്കുമുന്നില്‍ പലരും പരസ്യമായി പ്രതികരിക്കാന്‍ മടിക്കുന്നു. മുന്‍ എംപി അബ്ദുള്‍വഹാബ് ആണ് പ്രതിഷേധക്കാരില്‍ മുമ്പന്‍. നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിനെതിരെ കോണ്‍ഗ്രസിലും ലീഗിലും കലാപമാണ്. പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ സീറ്റിനെ ചൊല്ലി അടി തുടരുന്നതിന് പുറമെ പാലക്കാട്, പട്ടാമ്പി, ഷൊര്‍ണൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലും കുഴപ്പം മൂര്‍ച്ഛിച്ചു.

തൃശൂരില്‍ ചാലക്കുടിയില്‍ രാഹുലിന്റെ ചാറ്റിങ് സ്ഥാനാര്‍ഥിക്കെതിരെ ശക്തമായ പ്രതിഷേധമാണ്. ഗുരുവായൂരില്‍ ലീഗ് സ്ഥാനാര്‍ഥിയെ പ്രവര്‍ത്തകര്‍ അടുപ്പിക്കുന്നില്ല. കുന്ദംകുളം, നാട്ടിക മണ്ഡലങ്ങള്‍ സിഎംപിക്ക് വിട്ടുകൊടുത്താല്‍ തോല്‍പ്പിക്കുമെന്ന് അതത് മണ്ഡലം കമ്മിറ്റികള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. എറണാകുളത്ത് തൃപ്പൂണിത്തുറ, ആലുവ, കൊച്ചി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്നു. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് മത്സരിക്കുന്ന രണ്ട് മണ്ഡലത്തിലും കോണ്‍ഗ്രസുകാര്‍ വിഘടിച്ചുനില്‍ക്കുകയാണ്. കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിലും പൂഞ്ഞാറിലും കേരളകോണ്‍ഗ്രസിനകത്താണ് കലാപം. മറ്റ് മണ്ഡലങ്ങളില്‍ രണ്ട് പാര്‍ടികള്‍ തമ്മിലും കുഴപ്പമാണ്. പത്തനംതിട്ട ജില്ലയില്‍ തിരുവല്ലയിലും കോന്നിയിലും റിബലുകള്‍ വരും. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോലയിലും പീരുമേട്ടും സ്ഥാനാര്‍ഥികള്‍ക്കെതിരെ കലാപം പടരുകയാണ്.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ ശോഭന ജോര്‍ജ് റിബലായി പത്രിക നല്‍കി. ചേര്‍ത്തലയില്‍ ഗൌരിയമ്മയുമായി കോണ്‍ഗ്രസ് ഉടക്കിനില്‍ക്കുകയാണ്. ഹരിപ്പാട്ട് ചെന്നിത്തലയ്ക്കെതിരെ റിബല്‍ രംഗത്തിറങ്ങി. കൊല്ലം ചടയമംഗലത്ത് ഷാഹിദാകമാലിനെതിരെ കലാപം രൂക്ഷമാണ്. കൊട്ടാരക്കരയിലെ സ്ഥാനാര്‍ഥിക്കെതിരെ ബാലകൃഷ്ണപിള്ളയുടെ പാര്‍ടിയില്‍ത്തന്നെ എതിര്‍പ്പ് ശക്തമായി തുടരുന്നു. ഈ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാത്തതില്‍ കോണ്‍ഗ്രസിലും പ്രതിഷേധം തുടരുന്നു. തിരുവനന്തപുരം ജില്ലയില്‍ പാറശാലയില്‍ റിബല്‍ വന്നു. കാട്ടാക്കടയിലും പ്രതിഷേധം ശക്തമാണ്.


പത്തിലേറെ സീറ്റില്‍ യുഡിഎഫ് തോല്‍വി ഉറപ്പിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രികാ സമര്‍പ്പണം പൂര്‍ത്തിയാകുന്നതിനുമുമ്പേ പത്തിലേറെ മണ്ഡലങ്ങളില്‍ യുഡിഎഫ് തോല്‍വി സമ്മതിച്ചു. കണ്ണൂര്‍ ജില്ലയിലെ ധര്‍മടം, മട്ടന്നൂര്‍, കോഴിക്കോട് ജില്ലയിലെ എലത്തൂര്‍, പേരാമ്പ്ര പാലക്കാട് ജില്ലയിലെ മലമ്പുഴ, ഷൊര്‍ണ്ണൂര്‍, നെന്‍മാറ തൃശൂര്‍ ജില്ലയിലെ നാട്ടിക, കുന്ദംകുളം, കയ്പമംഗലം തുടങ്ങിയ മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍തന്നെ യുഡിഎഫ് തോല്‍വി പ്രഖ്യാപിച്ചത്. തോല്‍ക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് ഘടകക്ഷികളുടെ തലയില്‍ വച്ചുകെട്ടി. ജയപ്രതീക്ഷയില്ലാതെ ഈ മണ്ഡലങ്ങളില്‍ മനസ്സില്ലാ മനസോടെ തെരഞ്ഞെടുപ്പിനിറങ്ങുകയാണ് ഘടകക്ഷികള്‍.

ഇടതുമുന്നണിക്കെതിരെ മത്സരിക്കാന്‍ അഞ്ചുമണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ പോലുമായിട്ടില്ല. വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ് ജനതയ്ക്ക് നല്‍കാനിരുന്ന ഏഴുമണ്ഡലങ്ങളില്‍ ഉള്‍പ്പെട്ടതാണ് മട്ടന്നുരും നെന്‍മാറയും. ജയിക്കില്ലെന്ന് ഉറപ്പായ രണ്ടു മണ്ഡലങ്ങളും വേണ്ടെന്ന് വീരേന്ദ്രകുമാര്‍ അറിയിച്ചു. പകരം സീറ്റ് കിട്ടിയില്ലെങ്കിലും കുഴപ്പമില്ലെന്നാണ് വീരന്റെ ഇപ്പോഴത്തെ നിലപാട്. (സ്റ്റോപ്പ് പ്രസ്: നെന്മാറയില്‍ എം.വി.രാഘവന്‍ മത്സരിക്കുന്നതായി വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.)

കോഴിക്കോട് ജില്ലയില്‍ കിട്ടിയ മറ്റൊരു സീറ്റാണ് എലത്തൂര്‍. തോല്‍വി ഭയന്ന് ഈ സീറ്റും വേണ്ടെന്ന് വീരേന്ദ്രകുമാര്‍ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. ഇത്രയും സീറ്റ് ഉപേക്ഷിച്ചാല്‍ എല്‍ഡിഎഫ് ജനതാദളിന് നല്‍കിയതിനെക്കാള്‍ കുറഞ്ഞ സീറ്റിലേ മത്സരിക്കാനാകൂ എന്നതുകൊണ്ടുമാത്രം അവസാന നിമിഷം എലത്തൂര്‍ സ്വീകരിച്ചു. തോല്‍വി ഉറപ്പാക്കിയ പേരാമ്പ്രക്കുപകരം കാഞ്ഞങ്ങാട് സീറ്റ് വേണമെന്ന് മാണി അവസാന നിമിഷംവരെ വാദിച്ചെങ്കിലും ലഭിച്ചില്ല.

നാട്ടിക, കുന്ദംകുളം, ധര്‍മടം മണ്ഡലങ്ങളാണ് സിഎംപിയ്ക്ക് നീക്കിവച്ചത്. മൂന്നിടത്തും മത്സരിക്കാനില്ലെന്ന് എം വി രാഘവന്‍ പ്രഖ്യാപിച്ചു. കയ്പമംഗലം സീറ്റില്‍ മത്സരിച്ചാല്‍ നിലംതൊടില്ല എന്ന് ആദ്യം പറഞ്ഞത് ജെഎസ്എസ് നേതാവ് ഗൌരിയമ്മയാണ്. സ്ഥാനാര്‍ഥിത്വത്തിനു വേണ്ടിയുള്ള കലാപം തെരുവിലെത്തിയ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മത്സരിക്കുന്ന മലമ്പുഴ സീറ്റ് ആര്‍ക്കും വേണ്ട. തോറ്റാലും നല്ല പ്രചാരണം കിട്ടുമെന്ന് പ്രലോഭിപ്പിച്ച് ഒടുവില്‍ ലതികാ സുഭാഷിനെ സ്ഥാനാര്‍ഥിയാക്കി. അങ്കമാലിയും പിറവവും വേണ്ട എന്നായിരിന്നു ടി എം ജേക്കബിന്റെ നിലപാട്. അത് രണ്ടുമല്ലാതെ മൂവാറ്റുപ്പുഴ കിട്ടണമെന്ന് ജേക്കബ് വാശിപിടിച്ചതും തോല്‍വി ഭയം കൊണ്ടുതന്നെ.

deshabhimani 250311

2 comments:

  1. നിയമസഭാതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രികാ സമര്‍പ്പണം പുരോഗമിക്കവെ 60 ലേറെ മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെച്ചൊല്ലി മുന്നണിക്കകത്തും പാര്‍ടികള്‍ക്കുള്ളിലും കലാപം. ഈ സ്ഥാനാര്‍ഥികള്‍ക്കെതിരെ അതത് മണ്ഡലങ്ങളില്‍ പ്രാദേശികമായ നീക്കങ്ങള്‍ സജീവമായി. ഇരുപതോളം മണ്ഡലങ്ങളില്‍ ഇതിനകം റിബലുകള്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലെ ലീഗ് സ്ഥാനാര്‍ഥികള്‍ക്കെതിരെ ലീഗ് ജില്ലാനേതൃത്വത്തില്‍നിന്നാണ് എതിര്‍പ്പുയര്‍ന്നത്. ഉദുമയില്‍ കോണ്‍ഗ്രസുകാര്‍ സ്ഥാനാര്‍ഥിയുടെ കോലം കത്തിച്ചാണ് പ്രതിഷേധം തുടങ്ങിയത്.

    ReplyDelete