അഴിമതിയോട് നിസ്സംഗ സമീപനം പുലര്‍ത്തുന്ന കേന്ദ്ര സര്‍ക്കാരിനും കോണ്‍ഗ്രസിനുമുള്ള കനത്ത പ്രഹരമാണ്, പാമോയില്‍ കേസില്‍ വിചാരണ നേരിടുന്ന പി ജെ തോമസിനെ കേന്ദ്ര വിജിലന്‍സ് കമ്മിഷണറായി നിയമിച്ച നടപടി അസാധുവാക്കിക്കൊണ്ടുള്ള സുപ്രിം കോടതി വിധി. പി ജെ തോമസിനെ നിയമിച്ചതില്‍ ഒരു തെറ്റുമില്ലെന്നും നിയമനം പരിശോധിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നുമൊക്കെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിരന്തരമായി പറഞ്ഞുകൊണ്ടിരുന്നത്. ഇതു തള്ളിയ സുപ്രിം കോടതി പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള നിയമന സമിതിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. സത്യസന്ധതാ സ്ഥാപനം എന്ന നിലയില്‍ പരിഗണിക്കപ്പെടേണ്ട കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ അന്തസ് പാലിക്കുന്നതില്‍ ഈ സമിതിക്കു വീഴ്ചപറ്റിയെന്നാണ് കോടതി വിലയിരുത്തിയത്. ഈ വീഴ്ചയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പ്രധാനമന്ത്രിക്കാവില്ല.
അഴിമതിവിരുദ്ധമായ പൊതുഭരണം എന്ന ലക്ഷ്യമാണ്, വിജിലന്‍സ് കമ്മിഷനെപ്പോലെയുള്ള സംവിധാനങ്ങളുടെ സ്ഥാപനത്തിനു പിന്നിലുള്ളത്. ഇത്തരമൊരു സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്നയാള്‍ അഴിമതി കേസില്‍ വിചാരണ നേരിടുന്നയാളാവുന്നതില്‍ ഒറ്റനോട്ടത്തില്‍ തന്നെ ഒരു നീതികേടുണ്ട്. കേരളത്തില്‍ ഭക്ഷ്യസെക്രട്ടറിയായിരിക്കെ നടന്ന പാമോയില്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട കേസിലാണ് തോമസ് അന്വേഷണം നേരിടുന്നത്. 1991ലാണ് ഇത്. അടുത്തിടെ അന്തരിച്ച അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനും ഈ കേസില്‍ പ്രതിയായിരുന്നു. സ്റ്റേറ്റ് ട്രേഡിംഗ് കോര്‍പ്പറേഷന്റെ ചട്ടങ്ങളെല്ലാം ലംഘിച്ച് പാമോയില്‍ ഇറക്കുമതി ചെയ്തതിലൂടെ രണ്ടര കോടിയോളം രൂപ സംസ്ഥാന ഖജനാവിനു നഷ്ടം വന്നിട്ടുണ്ടെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലാണ് കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് കേസില്‍ വിജിലന്‍സ് അന്വേഷണം നടന്നു. ഇതിന്റെ വിചാരണയാണ് നടന്നുകൊണ്ടിരിക്കുന്നത്. തോമസിനെതിരെ കേസുള്ള കാര്യം വിജിലന്‍സ് കമ്മിഷണര്‍ നിയമനം ചര്‍ച്ചയ്ക്കു വന്നപ്പോള്‍, സമിതിയില്‍ അംഗമായ ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതു തള്ളിയാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരവും അംഗങ്ങളായ സമിതി നിയമനം നടത്തിയത്. തോമസിനെതിരെ അച്ചടക്ക നടപടി ശുപാര്‍ശ ചെയ്തുകൊണ്ട് കേന്ദ്ര പഴ്‌സനല്‍ വകുപ്പ് പല വട്ടം സര്‍ക്കാരിനു കത്തു നല്‍കിയിട്ടുണ്ട്. ഇതും നിയമന വേളയില്‍ സമിതി കണ്ടില്ലെന്നുവച്ചു.
വിജിലന്‍സ് കമ്മിഷണറായി നിയോഗിക്കപ്പെടുന്നതിനു മുമ്പ് കേന്ദ്ര ടെലികോം സെക്രട്ടറിയായിരുന്നു തോമസ്. തോമസ് സെക്രട്ടറിയായിരിക്കെയാണ് വിവാദമായ സ്‌പെക്ട്രം ഇടപാടു നടന്നത്. വിജിലന്‍സ് കമ്മിഷനാണെങ്കില്‍ ഇപ്പോള്‍ ഇതു പരിശോധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. താന്‍ തന്നെ നടത്തിയ ഒരിടപാട് വിജിലന്‍സ് കമ്മിഷണര്‍ എന്ന നിലയില്‍ തോമസ് എങ്ങനെ പരിശോധിക്കും എന്ന് വിചാരണ വേളയില്‍ സുപ്രിം കോടതി ആരാഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് സ്‌പെക്ട്രം കേസിന്റെ മേല്‍നോട്ടം ഒഴിയുകയായിരുന്നു തോമസ്. സ്‌പെക്ട്രം കേസ് ഒതുക്കാനാണ് തോമസിനെ സി വി സിയായി നിയമിച്ചതെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന ഒരു സര്‍ക്കാരിന് അഴിമതി നിര്‍മാര്‍ജനം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള സ്ഥാപനങ്ങളോട് ബഹുമാനമുണ്ടാവാനിടയില്ല. അവയുടെ അന്തസ്സ് നിലനിര്‍ത്തണമെന്ന് ഇത്തരമൊരു സര്‍ക്കാര്‍ അഭിലഷിക്കില്ല. സി വി സി നിയമനത്തില്‍ സംഭവിച്ചത് അതാണ്. സകല കോണില്‍നിന്നും എതിര്‍പ്പുയര്‍ന്നിട്ടും കോടതി പലവട്ടം ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടും ധിക്കാരപൂര്‍വം തോമസിന്റെ നിയമനത്തെ ന്യായീകരിക്കുകയായിരുന്നു യു പി എ സര്‍ക്കാരും കോണ്‍ഗ്രസും. ഇപ്പോള്‍ തോമസ് വിജിലന്‍സ് കമ്മിഷനില്‍നിന്നും ഇറങ്ങിപ്പോവുമ്പോള്‍ കുനിയുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ശിരസ്സാണ്. കോണ്‍ഗ്രസിന് അത് അനുഭവപ്പെടുന്നില്ലെങ്കില്‍ അതിനു കാരണം നാണമില്ലായ്മ മാത്രമാണ്.
ജനയുഗം മുഖപ്രസംഗം 040311

ReplyDelete