Tuesday, March 8, 2011

പുനലൂര്‍, ചടയമംഗലം, അടൂര്‍, കടുത്തുരുത്തി

പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് പുനലൂര്‍

തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് 1951ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പുനലൂര്‍ ഉള്‍പ്പെടുന്ന പ്രദേശം പത്തനാപുരം മണ്ഡലത്തിലായിരുന്നു. ചരിത്രം സൃഷ്ടിച്ച ആ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം സ്വതന്ത്രന്മാരായിട്ടാണ് മത്സരിച്ചത്. പത്തനാപുരത്ത് രാജഗോപാലന്‍ നായര്‍ക്കായിരുന്നു വിജയം. 2850 വോട്ടിന്റെ ഭൂരിപക്ഷം അദ്ദേഹത്തിന് കിട്ടി. അദ്ദേഹത്തിന് 13471 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ ബാവാസാഹിബിന് 10621 വോട്ടും ലഭിച്ചു.

1954 പുനലൂര്‍ മണ്ഡലം ഉദയം ചെയ്തപ്പോള്‍ കോണ്‍ഗ്രസിലെ എന്‍ പത്മനാഭപിള്ളയെ 3417 വോട്ടിന് സ്വതന്ത്രനായ പി ഗോപാലന്‍ തോല്‍പ്പിച്ചു. ഗോപാലന്‍ തോല്‍പ്പിച്ചു. ഗോപാലന്‍ 15574 വോട്ടും പത്മനാഭപിള്ളയ്ക്ക് 12157 വോട്ടുമാണ് ലഭിച്ചത്.

1956ല്‍ പി ഗോപാലന്‍ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിച്ച് ജയിച്ചത്. ഭൂരിപക്ഷം 4089 വോട്ട്. പി ഗോപാലന് 20455 വോട്ടും. എതിര്‍സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ കെ കുഞ്ഞുരാമനാശാന് 16366 വോട്ടും ലഭിച്ചു.

വിമോചനസമരത്തെ തുടര്‍ന്ന് 1960 നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐയിലെ കെ കൃഷ്ണപിള്ളയ്ക്കായിരുന്നു വിജയം. അദ്ദേഹത്തിന് 26415 വോട്ടും കോണ്‍ഗ്രസിലെ സതീഭായിക്ക് 23062 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 3353 വോട്ട്.

1965ല്‍ കോണ്‍ഗ്രസിലെ സിഎം സ്റ്റീഫന്‍ 812 വോട്ടിന് വിജയിച്ചു. സിപിഐയിലെ കെ കൃഷ്ണപിള്ളയ്ക്ക് 13787 വോട്ടും സ്റ്റീഫന്‍ 14599 വോട്ടുമാണ് ലഭിച്ചത്.
1967ല്‍ പുനലൂരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് എംഎന്‍ ഗോവിന്ദന്‍നായര്‍ വിജയിച്ചു. അദ്ദേഹത്തിന് 23931 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ പി സി ബേബിക്ക് 18794 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 5137 വോട്ട്.

1970ല്‍ സിപിഐയിലെ കെ കൃഷ്ണപിള്ള വീണ്ടും മത്സരരംഗത്തെത്തി. ഇത്തവണ സിപിഎമ്മിലെ വക്കം ഭരതനായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. കെ കൃഷ്ണപിള്ളയ്ക്ക് 25407 വോട്ടും വി ഭരതന് 21981 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 3426 വോട്ട്.  1977ല്‍ സിപിഐയിലെ പി കെ ശ്രീനിവാസനായിരുന്നു വിജയം. അദ്ദേഹത്തിന് 33870 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ വി ഭരതന് 30668 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 3202 വോട്ട്. 1980ലും സിപിഐയിലെ പി കെ ശ്രീനിവാസനായിരുന്നു വിജയം. ഭൂരിപക്ഷം 2213 വോട്ട്. പി കെ ശ്രീനിവാസന് 36133 വോട്ടും, കേരളാ കോണ്‍ഗ്രസ്-ജെയിലെ സാം ഉമ്മന്‍ 33920 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 2213 വോട്ട്.

1982ല്‍ വിജയം സാം ഉമ്മനായിരുന്നു. സാം ഉമ്മന് 36091 വോട്ടും സിപിഐയിലെ പി കെ ശ്രീനിവാസന് 34684 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 1407. 1987ല്‍ സിപിഐയിലെ ജെ ചിത്തരഞ്ജന്‍ 11076 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കേരളാ കോണ്‍ഗ്രസ് ജെയിലെ വി സുരേന്ദ്രന്‍പിള്ളയെ തോല്‍പ്പിച്ചു. ചിത്തരഞ്ജന് 47745 വോട്ടും സുരേന്ദ്രന്‍പിള്ളയ്ക്ക് 36669 വോട്ടും ലഭിച്ചു. 91ല്‍ കോണ്‍ഗ്രസിലെ പുനലൂര്‍ മധു 1312 വോട്ടിന് സിപഐയിലെ മുല്ലക്കര രത്‌നാകരനെ തോല്‍പ്പിച്ചു. പുനലൂര്‍ മധുവിന് 53050 വോട്ടും മുല്ലക്കര രത്‌നാകരന്‍ 51738 വോട്ടുമാണ് ലഭിച്ചത്.

96ല്‍ സിപിഐയിലെ പി കെ ശ്രീനിവാസന്‍ കോണ്‍ഗ്രസിലെ പുനലൂര്‍ മധുവിനെ 6698 വോട്ടിന് തോല്‍പ്പിച്ചു. പി കെ ശ്രീനിവാസന് 55382 വോട്ടും പുനലൂര്‍ മധുവിന് 48684 വോട്ടുമാണ് ലഭിച്ചത്. പി കെ ശ്രീനിവാസന്റെ മരണത്തെ തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ സിപിഐയിലെ പിഎസ് സുപാല്‍ വിജയിച്ചു.  2001ല്‍ സിപിഐയിലെ പിഎസ് സുപാലിന് തന്നെയായിരുന്നു വിജയം. സുപാലിന് 57065 വോട്ടും, കോണ്‍ഗ്രസിലെ ഹിദുര്‍മുഹമ്മദിന് 55222 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 1543 വോട്ട്.  2006ല്‍ സിപിഐയിലെ കെ രാജു 7925 വോട്ടിനാണ് സിഎംപിയിലെ എം വി രാഘവനെ തോല്‍പ്പിച്ചത്. രാജുവിന് 58895 വോട്ടും എംവിആറിന് 50970 വോട്ടുമാണ് കിട്ടിയത്.

മണ്ഡലം പുനര്‍നിര്‍ണയത്തിന് മുമ്പ് പുനലൂര്‍ നഗരസഭയിലെ 32 വാര്‍ഡുകളും, കുളത്തൂപ്പുഴ, ഏരൂര്‍, അഞ്ചല്‍, ഇടമുളയ്ക്കല്‍, കരവാളൂര്‍, അലയമണ്‍ പഞ്ചായത്തുകളും ഉള്‍പ്പെട്ടിരുന്നു. ഇപ്പോള്‍ പുനലൂര്‍ നഗരസഭയിലെ 32 വാര്‍ഡുകളും, അഞ്ചല്‍, ഇടമുളയ്ക്കല്‍, കരവാളൂര്‍, കുളത്തൂപ്പുഴ, ഏരൂര്‍, പത്തനാപുരം മണ്ഡലത്തിലായിരുന്ന ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളും ഉല്‍പ്പെടുന്നതാണ് പുനലൂര്‍ മണ്ഡലം.

ഇടതുമനസ്സുള്ള ചടയമംഗലം

ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് ചടയമംഗലം. 1951ല്‍ തിരുകൊച്ചി ലജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചടയമംഗലം ദ്വയാംഗ മണ്ഡലമായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ആര്‍ കേശവപിള്ള 1703 വോട്ടിനും സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ കൊച്ചുകുഞ്ഞ് 642 വോട്ടിനും വിജയിച്ചു. സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ ദാമോദരന്‍പോറ്റിയും കോണ്‍ഗ്രസിലെ കൊച്ചുരാമനും പരാജയപ്പെട്ടു.

ആര്‍ കേശവപിള്ളയ്ക്ക് 19033 വോട്ടം കൊച്ചുഞ്ഞിന് 14859 വോട്ടും ദാമോദരന്‍ പോറ്റിക്ക് 17330 വോട്ടും പരമേശ്വരന്‍പിള്ള(സ്വതന്ത്രന്‍) 14217 വോട്ടും കൊച്ചുരാമന്‍ 14302 വോട്ടും നേടി.

1954ല്‍ കമ്മ്യൂണിസ്റ്റ് പിന്തുണയോടെ മത്സരിച്ച വി ഗംഗാധരന് 17291 വോട്ടും കോണ്‍ഗ്രസിലെ കെഎ മുഹമ്മദിന് 7657 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 9634 വോട്ട്.
1957ല്‍ സിപിഐയിലെ വെളിയം ഭാര്‍ഗവന്‍ 10232 വോട്ടിന് വിജയിച്ചു. വെളിയം ഭാര്‍ഗവന് 19375 വോട്ടും പിഎസ്പിയിലെ എം അബ്ദുല്‍ മജീദിന് 9143 വോട്ടും ആണ് ലഭിച്ചത്.

1960ലും വെളിയം ഭാര്‍ഗവനായിരുന്നു വിജയം. ഭൂരിപക്ഷം 122. വെളിയത്തിന് 25412 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി പിഎസ്പിയിലെ എം അബ്ദുല്‍ മജീദിന് 25290 വോട്ടും ലഭിച്ചു.

1965ല്‍ എസ്എസ്പിയിലെ ഡി ദാമോദരന്‍ പോറ്റിക്കായിരുന്നു വിജയം. കോണ്‍ഗ്രസിലെ എന്‍ ഭാസ്‌കരന്‍പിള്ളയ്ക്ക് 16269 വോട്ടും സിപിഐയിലെ വി ഗംഗാധരന് 14207 വോട്ടും ലഭിച്ചു.

1967ല്‍ എസ്എസ്പിയിലെ ഡി ദാമോദരന്‍ പോറ്റിക്കായിരുന്നു വിജയം. ഭൂരിപക്ഷം 11558 വോട്ട്. അദ്ദേഹത്തിന് 29980 വോട്ടും കോണ്‍ഗ്രസിലെ ഭാസ്‌കരന്‍പിള്ളയ്ക്ക് 18122 വോട്ടും ലഭിച്ചു.

1970ല്‍ സിപിഐ നേതാവ് എംഎന്‍ ഗോവിന്ദന്‍നായര്‍ 11427 വോട്ടിന് വിജയിച്ചു. അദ്ദേഹത്തിന് 31372 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി എസ്എസ്പിയിലെ പിആര്‍ ഭാസ്‌കരന്‍നായര്‍ക്ക് 19945 വോട്ടും ലഭിച്ചു.

1977ല്‍ സിപിഐയിലെ ഇ ചന്ദ്രശേഖരന്‍ നായര്‍ക്കായിരുന്നു വിജയം. ഭൂരിപക്ഷം 11687 വോട്ട്. അദ്ദേഹത്തിന് 31906 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ എന്‍ സുന്ദരേശന് 20219 വോട്ടും നേടി.

1980ലും സിപിഐയിലെ ഇ ചന്ദ്രശേഖരന്‍നായര്‍ക്കായിരുന്നു. വിജയം. ഭൂരിപക്ഷം 10884 വോട്ട്. അദ്ദേഹത്തിന് 33991 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി മുസ്ലംലീഗിലെ വലിയവീടന്‍ മുഹമ്മദ്കുഞ്ഞിന് 23107 വോട്ടും ലഭിച്ചു.

1982ല്‍ സിപിഐയിലെ കെആര്‍ ചന്ദ്രമോഹനന്‍ 7831 വോട്ടിന് എന്‍ഡിപിയിലെ ജി ചന്ദ്രശേഖരന്‍ഉണ്ണിത്താനെ തോല്‍പ്പിച്ചു. ചന്ദ്രമോഹനന് 30225 വോട്ടും ചന്ദ്രശേഖരന്‍ ഉണ്ണിത്താന്‍ 25229 വോട്ടും ലഭിച്ചു.

87ലും കെആര്‍ ചന്ദ്രമോഹനന് തന്നെയായിരുന്നു വിജയം. ഭൂരിപക്ഷം 11269 വോട്ട്. ചന്ദ്രമോഹനന് 41524 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി എന്‍ഡിപിയിലെ ആര്‍ രാധാകൃഷ്ണപിള്ളയ്ക്ക് 30255 വോട്ടുമാണ് ലഭിച്ചത്.

91ല്‍ സിപിഐ സ്ഥാനാര്‍ത്ഥി ഇ രാജേന്ദ്രനായിരുന്നു. 5035 വോട്ടിന് ഇ രാജേന്ദ്രന്‍ വിജയിച്ചു. രാജേന്ദ്രന് 46025 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ എ ഹിദ്ദര്‍മുഹമ്മദിന് 40986 വോട്ടും ലഭിച്ചു.

96ല്‍ സിപിഐയുടെ ആര്‍ ലതാദേവി 2746 വോട്ടിന് കോണ്‍ഗ്രസിലെ പ്രയാര്‍ ഗോപാലകൃഷ്ണനെ തോല്‍പ്പിച്ചു. ലതാദേവിക്ക് 42550 വോട്ടും പ്രയാര്‍ ഗോപാലകൃഷ്ണന് 39805 വോട്ടുമാണ് കിട്ടിയത്. 2001ല്‍ കോണ്‍ഗ്രസിലെ പ്രയാര്‍ ഗോപാലകൃഷ്ണന്‍ 1919 വോട്ടിന് വിജയിച്ചു. പ്രയാര്‍ ഗോപാലകൃഷ്ണന്‍ 49683 വോട്ടും സിപിഐയിലെ ആര്‍ ലതാദേവിക്ക് 47764 വോട്ടും ലഭിച്ചു.

2006ല്‍ സിപിഐയിലെ മുല്ലക്കര രത്‌നാകരന്‍ 4653 വോട്ടിന് വിജയിച്ചു. മുല്ലക്കരയ്ക്ക് 42631 വോട്ടും, പ്രയാര്‍ ഗോപാലകൃഷ്ണന്‍ 42631 വോട്ടുമാണ് ലഭിച്ചത്.
മണ്ഡലം പുനര്‍നിര്‍ണയത്തിന് മുമ്പ് ഇളമാട്, ഇട്ടിവ, ചടയമംഗലം, ചിതറ, കടയ്ക്കല്‍, നിലമേല്‍ പഞ്ചായത്തുകളാണ് ഉണ്ടായിരുന്നത്. പുനര്‍നിര്‍ണയത്തിനുശേഷം ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, കടയ്ക്കല്‍, നിലമേല്‍ പഞ്ചായത്തുകളും ഇല്ലാതായ നെടുവത്തൂര്‍ മണ്ഡലത്തിലെ വെളിനല്ലൂരും പുനലൂര്‍ മണ്ഡലത്തിലെ അലയമണ്‍പഞ്ചായത്തുമാണ് ഉള്ളത്

ഇടത് അടിത്തറയുള്ള അടൂര്‍

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ അടിത്തറയും സംഘടനാ ശേഷിയുമുളള മണ്ഡലമാണ് അടൂര്‍ . പഴയ അടൂരിന്റെ ഒരു പഞ്ചായത്ത് ഒഴിവാക്കിയും പഴയ പന്തളത്തിന്റെ മൂന്നു പഞ്ചായത്തുകളും കോന്നിയില്‍ നിന്ന് ഒരെണ്ണവും കൂട്ടിച്ചേര്‍ത്തും രൂപീകരിച്ച മണ്ഡലമാണ് അടൂര്‍.അടൂര്‍ നഗരസഭയും പന്തളം, തുമ്പമണ്‍, കടമ്പനാട്, കൊടുമണ്‍, ഏറത്ത്, ഏഴംകുളം, പള്ളിക്കല്‍, പന്തളം തെക്കേക്കര പഞ്ചായത്തുകളും അടങ്ങുന്നതാണ് അടൂര്‍ നിയമസഭാ മണ്ഡലം. അടൂര്‍ നഗരസഭയിലും പന്തളം, തുമ്പമണ്‍, കടമ്പനാട് ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് അധികാരത്തിലുളളത്. കൊടുമണ്ണില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായതിനാലും ഏറത്ത് പ്രസിഡന്റു സ്ഥാനത്ത് സംവരണം നിലനില്‍ക്കുന്നതിനാലും ഭരണം യുഡിഎഫിന് ലഭിച്ചു. ഏഴംകുളം, പള്ളിക്കല്‍, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തുകളില്‍ എല്‍ ഡി എഫാണ് ഭരിക്കുന്നത്. രാഷ്ട്രീയ കക്ഷികളെ മാറി തുണച്ച മണ്ഡലമാണ് അടൂര്‍.

1957 ല്‍ ദ്വയാങ്ക മണ്ഡലമായിരുന്ന അടൂരില്‍ പട്ടിക ജാതി,ജനറല്‍ മണ്ഡലങ്ങളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ജനറല്‍ വിഭാഗഗത്തില്‍ സി പി ഐ യിലെ പന്തളം പി ആര്‍ (പി ആര്‍ മാധവന്‍ പിളള) കോണ്‍ഗ്രസിലെ കളത്തില്‍ വേലായുധനെ 12180 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. പട്ടികാജാതി വിഭാഗത്തില്‍ സി പി ഐയിലെ ആര്‍ ഗോവിന്ദന്‍ പി അച്യുതനെ 1500 ല്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 1960 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പി ആറിനെ പരാജയപ്പെടുത്തി കളത്തില്‍ വേലായുധന്‍ വിജയം കൈവരിച്ചു. 1965 ല്‍ കേരളാ കോണ്‍ഗ്രസിലെ കെ കെ ഗോപാലന്‍ സി പി ഐയിലെ പി രാമ—ലിംഗത്തെ പരാജയപ്പെടുത്തി.1967 ല്‍ സി രാമലിംഗം സ്വതന്ത്ര സ്ഥാനാര്‍ഥി രി രാഘവനെ പരാജയപ്പെടുത്തി.1970 ല്‍ സി പി ഐയും സി പി എമ്മും തമ്മില്‍ മത്സരിച്ചപ്പോള്‍ സി പി ഐയിലെ തെങ്ങമം ബാലകൃഷ്ണന്‍ 3000ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചു. 1977 ല്‍ തെന്നല ബാലകൃഷ്ണപിളള   മാത്യു മുതലാളിയെ പരാജയപെടുത്തി.

1980 ല്‍ തെന്നലയെ സി പി എം സ്ഥാനാര്‍ഥി സി പി കരുണാകരപിളള 3313 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.1982 ല്‍ തെന്നല മണ്ഡലം തിരിച്ച് പിടിച്ചു.1987 ല്‍ സി പി എമ്മിലെ ആര്‍ ഉണ്ണികൃഷ്ണ പിളള തെന്നലയെ പാരജയപ്പെടുത്തി. 1991ല്‍ ഉണ്ണികൃഷ്ണപിളളയെ പരാജയപ്പെടുത്തി  കോണ്‍ഗ്രസിലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടൂരിനെ യു ഡി എഫിനൊപ്പം നിര്‍ത്തി. 1996, 2001 ,2006 ലും വര്‍ഷങ്ങളിലും കോണ്‍ഗ്രസിന് വേണ്ടി തിരുവഞ്ചൂര്‍ അടൂരിനെ കോണ്‍ഗ്രസിനൊപ്പം നില നിര്‍ത്തി. പളളിക്കല്‍ പ്രസന്ന കുമാര്‍, ഡി കെ ജോണ്‍ എന്നിവരെയാണ് തിരുവഞ്ചൂര്‍ പരാജയപ്പെടുത്തിയത്.കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും കശുവണ്ടി തൊഴിലാളികള്‍ക്കും  വ്യക്തമായ മുന്‍തൂക്കമുള്ള മണ്ഡലമാണ് അടൂര്‍. രാഷ്ട്രീയമായി ഇരുമുന്നണികളും കണക്കുകള്‍ നിരത്തി അനുകൂലമായ സാഹചര്യം വിലയിരുത്തുന്നു.  സംവരണ മണ്ഡലം എന്ന നിലയിലുള്ള ആദ്യ തെരഞ്ഞെടുപ്പ് നിര്‍ണായകമാകും. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളും, മാറിയ രാ ഷ്ട്രീയ കാലാവസ്ഥയും മണ്ഡലത്തിന്റെ പുതിയ രൂപഘടനയും എല്‍ ഡി എഫിന് അനുകൂലമാകുമെ ന്നാണ് വിലയിരുത്തപ്പെടുന്നത്.  ആകെ വോട്ടര്‍മാര്‍- 1,90,927. പുരുഷന്മാര്‍- 88,309. സ്ത്രീകള്‍- 1,02,618.

കടുത്തുരുത്തിയുടെ മനസ് ഇടതിനൊപ്പം

ചരിത്രപാരമ്പര്യമുള്ള കമ്പേരിയെന്ന കടുത്തുരുത്തി കേരള രാഷ്ട്രീയത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വര്‍ഷങ്ങളാണ് കടന്നുപോയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കേരളത്തില്‍ സൃഷ്ടിച്ച വികസന വിസ്മയങ്ങളില്‍ കടുത്തുരുത്തി നിയോജക മണ്ഡലത്തിന് വലിയ പ്രാതിനിധ്യം ലഭിച്ചു എന്നതാണ് കടുത്തുരുത്തിയെ വീണ്ടും ഇടത്തോട്ട് അടുപ്പിക്കുന്നത്.

ചരിത്രത്തില്‍ ആദ്യമായി ഏറ്റവും അധികം വികസനപ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റെ സഹായത്തോടെ നടന്നപ്പോള്‍ കടുത്തുരുത്തി എന്ന ഗ്രാമീണ കാര്‍ഷിക മേഖലയും പുതിയ വികസന സംസ്‌ക്കാരത്തില്‍ ഭാഗഭാക്കായി. കടുത്തുരുത്തിയില്‍ സ്ഥാപിച്ച പോളിടെക്‌നിക്കിന് സ്ഥലമെടുത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള പദ്ധതി, ഞീഴൂര്‍ ഐ എച്ച് ആര്‍ ഡി കോളജിന് സ്വന്തമായി സ്ഥലമെടുത്ത് കോളജ് പണിയാരംഭിച്ചത്, മുളക്കുളത്തെ പുതിയ ഐ ടി ഐ, കടുത്തുരുത്തി-കുറവിലങ്ങാട് സിവില്‍ സ്റ്റേഷനുകള്‍ എന്നിവ കൂടാതെ മികച്ച ഗതാഗത സൗകര്യങ്ങള്‍ എന്നിവ കടുത്തുരുത്തിയുടെ ചരിത്രത്തിലെ തന്നെ മികച്ച നേട്ടങ്ങളാണ്.

കര്‍ഷകര്‍ക്കും, കര്‍ഷകതൊഴിലാളികള്‍ക്കും ഭൂരിപക്ഷമുള്ള കടുത്തുരുത്തിയില്‍ ഇന്ന് ഇടത്തരക്കാരന്റെ അടിത്തറ ഭദ്രമാണ്. സാധാരണക്കാര്‍ക്കായുള്ള ഭവന നിര്‍മ്മാണ പദ്ധതികള്‍, വവിധ ക്ഷേമപെന്‍ഷനുകളുടെ തുക വര്‍ദ്ധിപ്പിച്ചത്, രണ്ട് രൂപയ്ക്ക് ലഭ്യമാകുന്ന അരി ഇവയൊക്കെ ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളിലെ പൊന്‍തൂവലുകളാണ്. കടുത്തുരുത്തി മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ മാത്രം ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞാല്‍ തന്നെ ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പാക്കാം.

ഇടതുമുന്നണിയുടെ ഭാഗമായി നിന്ന് കടുത്തുരുത്തിയില്‍ നിന്ന് ജയിക്കുകയും മന്ത്രിയാവുകയും ചെയ്ത സ്ഥലം എം എല്‍ എയുടെ അവസരവാദ രാഷ്ട്രീയവും ഇരട്ടത്താപ്പു നയവും കടുത്തുരുത്തിയിലെ വോട്ടര്‍മാര്‍ പരിഹാസത്തോടെയാണ് നോക്കിക്കാണുന്നത്. വര്‍ഷങ്ങളായി ഇടതുപക്ഷത്തോടൊപ്പം മണഅഡലത്തില്‍ പ്രവര്‍ത്തിക്കുകയും നേട്ടങ്ങളുണ്ടാക്കിയശേഷം മുന്നണഇയെ മറക്കുകയും ചെയ്ത എം എല്‍ എ ഇനി മത്സരരംഗത്തെത്തിയാല്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ ജാഗ്രതയോടെ കാത്തിരിക്കുകയാണ് കടുത്തുരുത്തിയിലെ വോട്ടര്‍മാര്‍.

മാണി-ജോസഫ് ലയനം കടുത്തുരുത്തിയെ സംബന്ധിച്ചിടത്തോളം പ്രാവര്‍ത്തികമായില്ല. പരമ്പരാഗത മാണിഗ്രൂപ്പുകാര്‍ക്ക് സ്ഥലം എം എല്‍ എ ഇപ്പോഴും അനഭിമതന്‍ തന്നെയാണ്. മോന്‍സും മാണിഗ്രൂപ്പിലെ സ്റ്റീഫന്‌ജോര്‍ജ്ജും തമ്മിലുള്ള ചക്കളത്തിപ്പോരാട്ടം കണ്ട് മനം മടുത്തവരാണിപ്പോള്‍ കടുത്തുരുത്തിക്കാര്‍. ഇതിനിടയില്‍ കേരളകോണ്‍ഗ്രസുകാരുടെ അപ്രമാദിത്യം അംഗീകരിക്കാന്‍ കോണ്‍ഗ്രസുകാരും തയ്യാറാവുന്നില്ല. ഇതോടെ കടുത്തുരുത്തിയില്‍ യു ഡി എഫ് എന്ന മുന്നണി സംവിധാനം തന്നെ ഇല്ലാതായിരിക്കുകയാണ്.

1982ലും 1987ലും ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച പി സി തോമസിനും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി  കഴിഞ്ഞ തവണ മോന്‍സിനും ഇവിടെ നിന്ന് ജയിക്കാന്‍ കഴിഞ്ഞു എന്നതുതന്നെ കടുത്തുരുത്തിയുടെ ഇടതുപക്ഷ ചായ്‌വ് ചൂണ്ടിക്കാട്ടുന്നുണ്ട്. പുതിയ രാഷ്ട്രീയമാറ്റങ്ങളില്‍ വി എസ് സര്‍ക്കാരിന്റെ ഗുണഫലങ്ങളനുഭവിച്ചറിഞ്ഞ കടുത്തുരുത്തിക്കാര്‍ ഇടതുമുന്നണിക്കുവേണ്ടി വീറും വാശിയോടെ രംഗത്തിറങ്ങും.

എം എല്‍ എയുടെ അവസരവാദ രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാന്‍ കടുത്തുരുത്തിയുടെ മനസ്സ് തയ്യാറാവുന്നത് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നയിച്ച വികസന മുന്നേറ്റ യാത്രയില്‍ പ്രതിഫലിച്ചിരുന്നു.  സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ പ്രായോഗികമായി ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞതും ഇടതുമുന്നണിക്ക് ഊര്‍ജ്ജം പകരുന്നു.

നിയോജക മണ്ഡലത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടെന്ന പ്രചരണം വസ്തുതാപരമല്ല. ഇതരവിഭാഗങ്ങള്‍ക്കും കടുത്തുരുത്തിയില്‍ സാധ്യതയുണ്ട് എന്ന അര്‍ത്ഥസങ്കല്‍പ്പത്തിലേക്ക് കടുത്തുരുത്തിയുടെ മനസ്സ് വികസിച്ചിട്ടുണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. എന്തായാലും സംസ്ഥാന രാഷ്ട്രീയത്തിലെ ജീര്‍ണ്ണതകള്‍ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നോക്കിക്കണ്ട കടുത്തുരുത്തിയിലെ മത്സരം വരും തെരഞ്ഞെടുപ്പില്‍ കേരളം ശ്രദ്ധയോടെ നോക്കിക്കാണും എന്ന് തീര്‍ച്ച.
(സുനില്‍ കടുത്തുരുത്തി)

ജനയുഗം

1 comment:

  1. തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് 1951ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പുനലൂര്‍ ഉള്‍പ്പെടുന്ന പ്രദേശം പത്തനാപുരം മണ്ഡലത്തിലായിരുന്നു. ചരിത്രം സൃഷ്ടിച്ച ആ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം സ്വതന്ത്രന്മാരായിട്ടാണ് മത്സരിച്ചത്. പത്തനാപുരത്ത് രാജഗോപാലന്‍ നായര്‍ക്കായിരുന്നു വിജയം. 2850 വോട്ടിന്റെ ഭൂരിപക്ഷം അദ്ദേഹത്തിന് കിട്ടി. അദ്ദേഹത്തിന് 13471 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ ബാവാസാഹിബിന് 10621 വോട്ടും ലഭിച്ചു.

    ReplyDelete